ഉയരത്തിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു പതിപ്പിച്ചു നിർത്തുക
1 നമ്മുടെ ചുറ്റുമുള്ള തലമുറയെയും ഭാവി സംബന്ധിച്ച അതിന്റെ വീക്ഷണത്തെയും പരാമർശിച്ചുകൊണ്ട് 1994 ഡിസംബർ 31-ലെ ദ ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം ഇപ്രകാരം പ്രസ്താവിച്ചു: “അവർ ഭാവിയെ ഭയപ്പെടുന്നു. ജോലി സംബന്ധമായും രോഗസംബന്ധമായും പണസംബന്ധമായും ലോകാവസ്ഥകളോടുള്ള ബന്ധത്തിലും അവർ അതിനെ ഭയപ്പെടുന്നു.” എവിടെ നോക്കിയാലും ജീവിതത്തെക്കുറിച്ച് അനിശ്ചിതത്വത്തിന്റെ ഒരു വികാരമാണുള്ളത്. യഹോവയുടെ സാക്ഷികളെന്ന നിലയിലുള്ള നമ്മുടെ ശുശ്രൂഷ ഇപ്രകാരം ചിന്തിക്കുന്ന ആളുകളുമായി അനുദിനം നമ്മെ ബന്ധപ്പെടുത്തുന്നു. അവർക്കുള്ള അതേ പ്രശ്നങ്ങൾ തന്നെ നാം അഭിമുഖീകരിക്കുമ്പോൾ ജീവിതത്തെയും മനുഷ്യവർഗത്തിന്റെ ഭാവിയെയും കുറിച്ചു തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ ദൈവവചനത്തിലെ ഉറച്ച വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസവും ഉറപ്പും നമ്മെ സഹായിക്കുന്നു.—യെശ. 65:13, 14, 17.
2 നമ്മുടെ ശുഭാപ്തി വിശ്വാസവും ഉറച്ച പ്രത്യാശയോടെയുള്ള വീക്ഷണവും നിമിത്തം ആത്മാർഥഹൃദയരായ പലരും നാം കൊണ്ടുചെല്ലുന്ന ദൂതു ശ്രദ്ധിക്കുന്നു. വിഷാദമഗ്നരും അടിച്ചമർത്തപ്പെട്ടിരിക്കുന്നവരുമായ അനേകരും നമ്മളുമായി സംസാരിക്കുന്നതിൽ ആശ്വാസം കണ്ടെത്തുന്നു. കാരണം തങ്ങൾ കേൾക്കുന്ന കാര്യങ്ങൾ അവർ ഇഷ്ടപ്പെടുന്നു, ചിലർ നമ്മോടൊത്തു ബൈബിൾ പഠിക്കാൻ തയ്യാറാകുന്നു. എന്നിരുന്നാലും ചിലപ്പോൾ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ച് ആദ്യം സംസാരിക്കാൻ ആളുകൾ ആഗ്രഹിച്ചേക്കാം. മറ്റുള്ളവരുടെ വ്യക്തിപരമായ ഉത്കണ്ഠകളെക്കുറിച്ചു ശ്രദ്ധിക്കുന്നതിന് അല്പസമയം ചെലവഴിക്കാമെങ്കിലും, ദൈവവചനത്തിലെ ക്രിയാത്മകമായ സത്യം ആളുകളെ പഠിപ്പിക്കുക എന്ന നമ്മുടെ പ്രധാന ലക്ഷ്യം മറന്നുകളയരുത്.
3 ഞെരുക്കപ്പെടുന്നവരോടു സഹാനുഭൂതിയുള്ളവരായിരിക്കാൻ നാം ആഗ്രഹിക്കുന്നു. മത്തായി 11:28-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ” എന്നു പറഞ്ഞ് യേശു മാതൃകവെച്ചു. സമാനമായ വിധത്തിൽ ആളുകളെ പ്രോത്സാഹിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, 28-ാം വാക്യത്തിന്റെ അവസാനത്തിൽ “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“നവോൻമേഷിതരാക്കും”, NW]” എന്ന് യേശു പറഞ്ഞതു ശ്രദ്ധിക്കുക. അതായിരിക്കണം നമ്മുടെ ഉദ്ദേശ്യം. ദൈവവചനത്തിൽനിന്നു നവോൻമേഷദായകമായ വാഗ്ദാനങ്ങൾ പങ്കുവെച്ചുകൊണ്ടു നാമതു ചെയ്യുന്നു. നല്ല ഒരു ശ്രോതാവായിരിക്കുന്നതു നമ്മുടെ വ്യക്തിപരമായ താത്പര്യവും പരിഗണനയും പ്രകടമാക്കുന്നു. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിനും മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള സുനിശ്ചിതമായ ഒരേയൊരു പരിഹാരം രാജ്യമാണെന്നു തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും ഇതു മർമപ്രധാനമാണ്.—മത്താ. 24:14.
4 ആരോഗ്യ പരിപാലന വിദഗ്ധരുടേതുപോലെയുള്ള ഒരു വേലയല്ല നമ്മുടേത്. പകരം, 1 തിമോത്തി 4:6-ൽ [NW] കാണിച്ചിരിക്കുന്ന പ്രകാരം അപ്പോസ്തലനായ പൗലോസ് വിവരിച്ച “നല്ല പഠിപ്പിക്ക”ലിൽ—ദൈവവചനത്തിൽ കാണപ്പെടുന്ന പഠിപ്പിക്കലുകളിൽ—കേന്ദ്രീകരിക്കുന്ന ഒരു ശുശ്രൂഷയാണത്. വ്യക്തിപരമോ വൈകാരികമോ ആയ പ്രശ്നങ്ങളുള്ളവർ യഹോവയിലാശ്രയിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. “ഉയരത്തിലുള്ള കാര്യങ്ങളിൽ”—രാജ്യപ്രത്യാശയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ—“മനസ്സുപതിപ്പി”ച്ചു നിർത്താൻ അവരെ പഠിപ്പിക്കുക. (കൊലോ. 3:2, NW) ആളുകൾ തങ്ങളുടെ ശ്രദ്ധ ദൈവവചനത്തിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ, തങ്ങളുടെ ജീവിതത്തിൽ അതു ചെലുത്തുന്ന ശക്തമായ സ്വാധീനത്താൽ അവർ കെട്ടുപണി ചെയ്യപ്പെടും.—എബ്രാ. 4:12.
5 അതുകൊണ്ട് ‘നീതിനിഷ്ഠവും നിർമലവും പ്രിയങ്കരവും സ്തുത്യർഹവും’ ആയ കാര്യങ്ങളിൽ തങ്ങളുടെ ചിന്ത കേന്ദ്രീകരിക്കാൻ ആളുകളെ സഹായിക്കുകയാണു നമ്മുടെ ലക്ഷ്യം. (ഫിലി. 4:8, NW) രാജ്യപ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ നമ്മെപ്പോലെതന്നെ അവരും അനുഗ്രഹിക്കപ്പെടും. തന്റെ രാജ്യം മുഖാന്തരം യഹോവ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒടുവിൽ പരിഹരിക്കും എന്ന അറിവിൽ നിന്നുണ്ടാകുന്ന സന്തോഷം അവരും അനുഭവിക്കും.—സങ്കീ. 145:16.