പ്രകാശവാഹകർ എന്നനിലയിൽ നമ്മുടെ മാതൃകാപുരുഷനെ അനുഗമിക്കൽ
യേശു തന്നെപ്പറ്റിത്തന്നെ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു.” അവന്റെ മാതൃക പിൻപറ്റിയതിനാൽ, യേശുവിന്റെ ശിഷ്യന്മാരും “ലോകത്തിന്റെ പ്രകാശ”മായിരുന്നു. (മത്താ. 5:14, NW) തന്നെ പിൻപറ്റുന്ന സകലർക്കും “ജീവന്റെ പ്രകാശം” ഉണ്ടായിരിക്കുമെന്ന് “ലോകത്തിന്റെ പ്രകാശം” എന്നനിലയിൽ യേശുവിനു പറയാൻ സാധിച്ചു. (യോഹ. 8:12, NW) അതു നമ്മെ, ആ പ്രകാശത്തെ ഒളിച്ചുവയ്ക്കാനോ മറയ്ക്കാനോ യാതൊന്നിനെയും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ആത്മീയ പ്രകാശവാഹകരാക്കുന്നു.
2 ഫലപ്രദരായ പ്രകാശവാഹകരാകേണ്ടത് എങ്ങനെയെന്നു കാണിച്ചുതരാൻ യഹോവയുടെ സ്ഥാപനം നമുക്കു പരിശീലനം തരുന്നു. നമുക്കു ലഭിക്കുന്ന ബുദ്ധ്യുപദേശവും മാർഗനിർദേശവും നാം അടുത്തു പിൻപറ്റുന്നെങ്കിൽ, രാജ്യസത്യം സംബന്ധിച്ച് എല്ലാത്തരം ആളുകളെയും പ്രബുദ്ധരാക്കാൻ നാം പ്രാപ്തരായിത്തീരും. (1 തിമൊ. 4:6) ഏത് അവസരത്തിലും സത്യം സംസാരിക്കുന്നതു മാത്രമല്ല, ക്രിസ്ത്യാനികൾ എന്നനിലയിൽ ഉത്തമ നടത്ത നിലനിർത്തുന്നതും പ്രകാശവാഹകരായി സേവിക്കുന്നതിൽ ഉൾപ്പെടുന്നു. ആരോപണാതീതമായിരുന്നു നമ്മുടെ മാതൃകാപുരുഷന്റെ നടത്ത. അവന്റെ അനുഗാമികൾ എന്നനിലയിൽ, നമ്മുടെ അനുദിന ജീവിതരീതിയാണു ക്രിസ്ത്യാനിത്വമെന്നു നാം പ്രകടമാക്കണം. (എഫെ. 5:9; തീത്തൊ. 2:7, 8, 10) മറ്റുളളവർക്കു കാണാൻ കഴിയുന്ന നല്ല വേലകൾ നാം ഉളവാക്കണം. അങ്ങനെയാവുമ്പോൾ ദൈവത്തെ മഹത്ത്വപ്പെടുത്താൻ അത് അവരെ പ്രേരിപ്പിക്കും.—മത്താ. 5:16.
3 വീടുതോറും പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു സാക്ഷിക്ക് ഒരു അസാധാരണ അഭ്യർഥനയെ അഭിമുഖീകരിക്കേണ്ടിവന്നു. വീട്ടുകാരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും എന്തോ കാര്യമായ അസുഖം. അവർക്കു കുറച്ചു പണം ബാങ്കിൽ നിക്ഷേപിക്കണമായിരുന്നു. അതു ചെയ്തുതരാമോ എന്ന് അവർ സാക്ഷിയോടു ചോദിച്ചു. അതു സമ്മതിച്ച അദ്ദേഹത്തിന് അവർ ബാങ്കിലിടാനായി 2,000 ഡോളർ കൊടുത്തു! തിരിച്ചുവന്നപ്പോൾ അദ്ദേഹം ചോദിച്ചു: “പരിചയംപോലുമില്ലാത്ത എന്നെ നിങ്ങൾക്കെങ്ങനെ വിശ്വസിക്കാൻ കഴിഞ്ഞു?” ഇതായിരുന്നു ഉത്തരം: “വിശ്വസിക്കാൻ കൊളളാവുന്നതു യഹോവയുടെ സാക്ഷികളെ മാത്രമാണെന്നു ഞങ്ങൾക്കറിയാം, അതു സകലർക്കും അറിയാം.” ബൈബിളിന്റെ ധാർമിക തത്ത്വങ്ങളോടു നാം അടുത്തു പറ്റിനിൽക്കുന്നതു ദൈവമഹത്ത്വം കൈവരുത്തുന്ന അത്തരം സൽപ്പേര് ഉളവാക്കുന്നതിൽ നമുക്ക് എത്ര നന്ദിയുളളവരായിരിക്കാൻ കഴിയും!
4 ആറു വയസ്സുളള ഒരു സാക്ഷി സകല വിശുദ്ധന്മാരുടെ ദിനവുമായി ബന്ധപ്പെട്ട ചിത്രരചനയിൽ പങ്കെടുക്കാത്തതിന്റെ കാരണം ഒന്നാം ക്ലാസ്സിലെ ഒരു അധ്യാപിക തന്റെ ക്ലാസിനോടു വിശദീകരിച്ചു. താൻ വിശ്വസിക്കുന്നതിന്റെ പേരിൽ വ്യത്യസ്തത പുലർത്താൻ ധൈര്യം കാട്ടുന്ന അവളെക്കുറിച്ചു തനിക്കു വലിയ അഭിമാനം തോന്നുന്നുവെന്ന് ആ അധ്യാപിക പറഞ്ഞു. നാം എന്തെങ്കിലും ഉറപ്പായി വിശ്വസിക്കുന്നെങ്കിൽ, അതിനുവേണ്ടി നിലകൊളളാനുളള ധൈര്യം നമുക്കുണ്ടാകണമെന്ന് അധ്യാപിക അഭിപ്രായപ്പെട്ടു. ആ രാത്രി സ്വന്തം വിശ്വാസങ്ങൾ അപഗ്രഥിച്ചുനോക്കിയ ആ അധ്യാപിക തന്റെ ബോധ്യങ്ങൾക്കുവേണ്ടി നിലകൊളളുന്നതിൽ അതേ ധൈര്യം കാട്ടിയിട്ടില്ലെന്നു സമ്മതിക്കേണ്ടിവന്നു. ഭാവിയിലുളള വിശേഷദിന ആഘോഷങ്ങളിൽ തന്റെ ക്ലാസ്സിനെ ഉൾപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അവർ പിറ്റേ ദിവസം പ്രഖ്യാപിച്ചു. അത്തരം ചില ആഘോഷങ്ങളിൽ അവർക്കുതന്നെ വിശ്വാസമില്ലായിരുന്നു!
5 തങ്ങൾ എവിടെ ആയിരുന്നാലും, തങ്ങളുടെ പ്രകാശം ശോഭിപ്പിക്കാൻ യഹോവയുടെ ജനം ഉത്സുകരാണ്. സ്കൂളിലെ യുവപ്രായക്കാരുടെ മാതൃകായോഗ്യമായ പെരുമാറ്റം ഗുണകരമാംവിധം സഹവിദ്യാർഥികളിലും അധ്യാപകരിലും മതിപ്പുളവാക്കിയിരിക്കുന്നു. അയൽവക്കത്തു നല്ല പെരുമാറ്റം കാഴ്ചവെക്കുന്ന മുതിർന്ന സാക്ഷികൾ നിമിത്തം മറ്റുളളവർ രാജ്യസന്ദേശത്തെക്കുറിച്ച് അനുകൂലമായി സംസാരിക്കാൻ ഇടവരുന്നു. അനേകം സാഹചര്യങ്ങളിൽ നടത്തുന്ന അനൗപചാരിക സാക്ഷീകരണം കൂടുതൽ പഠിക്കാൻ ആഗ്രഹമുളള ആത്മാർഥരായ ആളുകളെ ആകർഷിക്കുന്നു. ലൗകിക ജോലിസ്ഥലത്തുളള നമ്മുടെ ശുഷ്കാന്തിയും സത്യസന്ധതയുംപോലും ഒരു സാക്ഷ്യമാണ്. അതേ, നാം എവിടെ ആയാലും, അല്ലെങ്കിൽ എന്തു ചെയ്താലും സത്യത്തിൽ താത്പര്യമുണർത്താൻ നമുക്കു സാധിക്കും.
6 നമ്മുടെ ശ്രേഷ്ഠ മാതൃകാപുരുഷന്റെ കറതീർന്ന ജീവിതരീതിയിൽ നമ്മുടെ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട്, അവന്റെ ശിഷ്യൻമാർ എന്നനിലയിൽ നമുക്കു നമ്മുടെ വൈദഗ്ധ്യങ്ങൾക്കു മികവു കൂട്ടുന്നതിൽ തുടരാം. അവന്റെ മാതൃക അനുകരിക്കുന്നതു നമ്മുടെ പ്രകാശം “സകലരുടെയുംമേൽ പ്രകാശിക്കുന്നു”വെന്ന് ഉറപ്പുവരുത്തും.—മത്താ. 5:15, NW; 1 പത്രൊ. 2:21.