നിങ്ങൾ ഒരു ആവശ്യം കാണുന്നുവോ?
1 യഹോവ ഒരു സഹായിയും സങ്കേതവുമായി വർണിക്കപ്പെട്ടിരിക്കുന്നു. ആവശ്യമുളള സമയത്ത് നമുക്ക് അവനോട് അടുത്തു ചെല്ലാമെന്നും അവൻ നമ്മെ സഹായിക്കുമെന്നും നമുക്കറിയാം. (സങ്കീ. 18:2; 46:1) മററുളളവർക്ക് ഒരു ആവശ്യമുളളതായി നാം കാണുമ്പോൾ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നമുക്ക് ഈ സമാനുഭാവ ഗുണം അനുകരിക്കാം.
2 വഴിവിട്ടു ചെന്ന് ഒരുവനെ സഹായിക്കുന്നതിനു ശ്രമം ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതെന്താണ്? ചെയ്യാൻ പററുന്ന സ്നേഹപൂർവകമായ, മനുഷ്യപ്പററുളള സംഗതിയായി മിക്കവരും ഇത് തിരിച്ചറിയുന്നു. തീർച്ചയായും ദൈവവചനം അതു പ്രോത്സാഹിപ്പിക്കുന്നു. (റോമ. 15:1) ‘ഓരോരുത്തൻ സ്വന്തഗുണമല്ല മററുളളവന്റെ ഗുണം കൂടെ നോക്കേണം’ എന്നു പൗലോസ് നമ്മെ ഉദ്ബോധിപ്പിച്ചു.—ഫിലി. 2:4.
3 നമുക്കെല്ലാവർക്കും ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന ഒന്നാണിത്. (പ്രവൃ. 20:35) തന്റെ സഹോദരങ്ങളെ “സംബന്ധിച്ചു പരമാർത്ഥമായി കരുതു”ന്ന ഒരുവന്റെ മാതൃകയെന്ന നിലയിൽ യുവാവായ തിമോത്തിയെ പൗലോസ് വേർതിരിച്ചു കാണിച്ചു. (ഫിലി. 2:20) സമാനമായ മനോഭാവത്തോടു കൂടിയ അനേകം യുവജനങ്ങൾ ഇന്നു നമുക്കു സഭകളിൽ ഉളളതു നല്ലതാണ്. എന്നാൽ നാം ചെറുപ്പക്കാരോ പ്രായമുളളവരോ ആരായിരുന്നാലും, ഒരു ആവശ്യം കാണുന്നെങ്കിൽ നമുക്കു ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുണ്ട്.
4 ചിലർക്ക് കൂടുതൽ മെച്ചമായ ശ്രദ്ധകൊടുക്കപ്പെടേണ്ട ആവശ്യങ്ങളുണ്ട് എന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരു സഹോദരനോ സഹോദരിയോ ആശുപത്രിയിലായിരുന്നപ്പോൾ കുറച്ചുപേരെ സന്ദർശിക്കാൻ ചെന്നുളളൂ; അല്ലെങ്കിൽ ആർക്കെങ്കിലും ജോലിചെയ്യാൻ ശേഷിയില്ലാതായപ്പോൾ അവർക്കു സഹായകരമായ ഒരു സേവനം ചെയ്തു കൊടുക്കുന്നതിന് അല്ലെങ്കിൽ അവരുടെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നതിന് ആരുമില്ലായിരുന്നു. യഹോവയെ സേവിക്കുന്നവരെ പരസ്പരം ആത്മാർഥമായി കരുതുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ യേശു വീക്ഷിക്കുന്നു. (മർക്കൊ. 3:33-35) ചെമ്മരിയാടിന്റെയും കോലാടിന്റെയും ഉപമയിൽ രാജാവിന്റെ പ്രീതിയുടെ വലതുഭാഗം ആസ്വദിക്കുന്നവർ രാജാവിന്റെ സഹോദരൻമാരോടു സഹായംചെയ്തതുകൊണ്ടാണ് അത് ആസ്വദിക്കുന്നതെന്ന് അവൻ പ്രകടമാക്കി.—മത്താ. 25:40.
5 എനിക്കെങ്ങനെ സഹായിക്കാൻ കഴിയും? പ്രകടമായ ഒരു ആവശ്യം ഉളളപ്പോൾ സഹായം പ്രദാനം ചെയ്യാനായി എന്തു ചെയ്യാൻ കഴിയും? ഏതെങ്കിലും രീതിയിൽ സഹായിക്കുന്നതിനു നാം മുൻകൈയെടുക്കുമോ? സാധ്യതയനുസരിച്ച് പ്രോത്സാഹനം ആവശ്യമുളള പ്രായമേറിയവർ ഉണ്ടായിരിക്കാം, എന്നാൽ അവരെ സഹായിക്കുന്നതിന് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ല. സഹായഹസ്തം ആവശ്യമുളള യുവജനങ്ങൾ ഉണ്ടായിരുന്നേക്കാം. പുതുതായി പഠിച്ചുവരുന്ന, പല കുട്ടികളുളള ഒരു കുടുംബം തങ്ങൾക്ക് അധ്യയനം നടത്തുന്ന സഹോദരൻ ഇല്ലാത്തപ്പോൾ യോഗത്തിനു വന്നിട്ടുണ്ടായിരിക്കാം. കുട്ടികളുമായി വന്നിരിക്കുന്ന തങ്ങളെ സഹായിക്കുന്നതിന് ആരെങ്കിലും സന്നദ്ധരാകുന്നതിനെ അവർ വിലമതിച്ചേക്കാം.
6 സത്യത്തോടും യഹോവയുടെ സ്ഥാപനത്തോടുമുളള സ്നേഹത്തിൽ നാം വളരുമ്പോൾ സഭയിലെ മററുളളവരോടുളള വിലമതിപ്പിലും പരിഗണനയിലും നാം വളരുന്നു. ഈ കാര്യത്തിൽ വിശാലതയുളളവരായിരിക്കാൻ പൗലോസ് നമ്മെ പ്രോത്സാഹിപ്പിച്ചു. (2 കൊരി. 6:11-13) നാം അവന്റെ അനുഗാമികളെന്നു തെളിയിക്കുന്നതിനുളള പ്രമുഖ മാർഗം പരസ്പരം സ്നേഹം കാണിക്കുന്നതാണ് എന്ന് യേശു ഊന്നിപ്പറഞ്ഞു.—യോഹ. 13:35.
7 അതുകൊണ്ട് നാം ഒരു ആവശ്യം കാണുമ്പോൾ, നമ്മുടെ സഹോദരൻമാരോടും സഭയോടുമുളള യഥാർഥ സ്നേഹം മുൻകൈയെടുക്കുന്നതിനും സാധ്യമായ വിധങ്ങളിലെല്ലാം സഹായിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കണം. (ഗലാ. 6:9, 10) മററുളളവരോടുളള ഈ കരുതൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അടുത്ത ബന്ധത്തിൽ നമ്മെ അടുപ്പിക്കുന്നു. (1 കൊരി. 10:24) ഈ രീതിയിൽ നാമും സഭയിലെ ഒരു ആവശ്യം നിറവേററുന്നതിനുളള നമ്മുടെ പങ്കു നിർവഹിക്കുന്നു.