വയൽസേവനത്തിനുവേണ്ടിയുളള അർഥവത്തായ യോഗങ്ങൾ
1 പുതുതായി നിയമനം ലഭിച്ച 70 ശിഷ്യരുമൊത്തു യേശു ഒരു യോഗം നടത്തിയതായി നാം ലൂക്കൊസ് 10:1-11-ൽ കാണുന്നു. വയൽസേവനത്തിനുവേണ്ടി ഒരുങ്ങാൻ അവരെ സഹായിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. സംഘടിതമായിരിക്കുക, എന്തു പറയും എന്നതു സംബന്ധിച്ച് ഒരുങ്ങുക, പ്രയാസകരമായ സ്ഥിതിവിശേഷം കൈകാര്യംചെയ്യുക എന്നിങ്ങനെയുളള കാര്യങ്ങൾക്കായി അവരെ സഹായിക്കാൻ നിയതമായ നിർദേശങ്ങൾ അവൻ അവർക്കു കൊടുത്തു. ഈ വിവരണം പരിശോധിച്ചാൽ നമുക്ക് അവയെക്കുറിച്ചു പഠിക്കാനാവും.
2 യേശുവുമൊത്തുളള യോഗത്തിന് 70 ശിഷ്യൻമാരിൽ എല്ലാവരും സന്നിഹിതരായിരുന്നു എന്നതു വ്യക്തമാണ്. വൈകി എത്തുന്ന ശീലമുളള ചില വ്യക്തികളുണ്ടെങ്കിൽ സേവനയോഗങ്ങളിൽ കുറെയൊക്കെ സമയം പാഴാകും. അവർ താമസിച്ച് എത്തുന്നതിന്റെപേരിൽ കൂട്ടത്തെയും പ്രദേശത്തെയും സംബന്ധിച്ച് സാധാരണമായി ചില അഴിച്ചുപണികൾ നടത്തേണ്ടത് ആവശ്യമായിവരുന്നു. ഇതു പലപ്പോഴും മുഴുകൂട്ടത്തെയും വൈകിക്കുന്നു. കൃത്യസമയത്ത് എത്തിച്ചേർന്ന് താമസംവിനാ പ്രദേശത്തേക്കു പോകാൻ തയ്യാറായിനിന്നുകൊണ്ട് നമുക്കെല്ലാം നമ്മുടെ പങ്കു നിർവഹിക്കാനാവും.
3 “ദൈവരാജ്യം” എന്ന വ്യക്തമായ സംഭാഷണവിഷയം യേശു ആ കൂട്ടത്തിനു നൽകി. (ലൂക്കൊസ് 10:9) അതേ സന്ദേശം പ്രസംഗിക്കാൻ നിയമിച്ചയയ്ക്കപ്പെടുന്ന നാം എന്തു പറയണം എന്നതു സംബന്ധിച്ചു സഹായകരമായ ചില നിർദേശങ്ങൾ ലഭിക്കുമ്പോൾ നാം അവയെ സാധാരണമായി വിലമതിക്കുന്നു. അധ്യയനനിർവാഹകൻ ചിലപ്പോൾ ന്യായവാദം പുസ്തകത്തെ പരാമർശിച്ചേക്കാം. അതു 40-ലധികം വൈവിധ്യമാർന്ന മുഖവുരകളും ഒട്ടനവധി സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഉചിതമായ തിരുവെഴുത്തു വാക്യങ്ങളും അവതരിപ്പിക്കുന്നു. ഒന്നോ രണ്ടോ അവതരണങ്ങളെക്കുറിച്ചു ഹ്രസ്വമായി പുനരവലോകനം ചെയ്യുന്നെങ്കിൽ എന്തു പറയണം എന്ന ഒരു ധാരണ മനസ്സിലുണ്ടാകും. വീട്ടുവാതിൽക്കൽ കൂടുതൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അതു നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.
4 എന്തു പറയണം എന്നു മാത്രമല്ല, അത് എങ്ങനെ പറയണം എന്നുകൂടി യേശു തന്റെ ശിഷ്യൻമാരോടു പറയുകയുണ്ടായി. (ലൂക്കൊസ് 10:5, 6) ഫലപ്രദമായി നമുക്ക് എങ്ങനെ ആശയം കൈമാറാനാകും എന്നതിന് ഊന്നൽനൽകിക്കൊണ്ടുളള പ്രകടനങ്ങൾ സേവനയോഗപരിപാടിയുടെ ഭാഗമായിരിക്കും. കഴിഞ്ഞ യോഗത്തിൽ അവതരിപ്പിച്ച ആശയങ്ങൾ അധ്യയനനിർവാഹകൻ പുനരവലോകനം നടത്തുകയും ആ ദിവസത്തെ സേവനത്തിൽ അവ എങ്ങനെ ഉപയോഗിക്കാം എന്നതിനുളള ചില നിർദേശങ്ങൾ കൊടുക്കുകയും ചെയ്തേക്കാം. ലളിതമായ ഒരു തിരുവെഴുത്ത് അവതരിപ്പിക്കുന്നതിന്റെ ഒരു ഹ്രസ്വ പ്രകടനം തയ്യാറായി നടത്തുമ്പോൾ അതു നമ്മെ ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാക്കുകൾ മെനഞ്ഞെടുക്കാൻ സഹായിക്കും.
5 ശിഷ്യൻമാരുടെ വ്യക്തിപരമായ നടത്ത സംബന്ധിച്ചും യേശു നിർദേശങ്ങൾ കൊടുത്തു. (ലൂക്കൊ. 10:7, 8) അതുപോലെ, നമ്മുടെ വേലയെ അപകീർത്തിപ്പെടുത്തുന്ന എന്തും ഒഴിവാക്കാൻ അധ്യയനനിർവാഹകൻ വളച്ചുകെട്ടില്ലാത്ത നിർദേശങ്ങൾ നമുക്കു നൽകിയേക്കാം. തെരുവുകോണുകളിൽ കൂട്ടംകൂടി നിൽക്കുക, എതിരാളികളുമായി തർക്കിച്ചു സമയം പാഴാക്കുക എന്നിങ്ങനെയുളള സംഗതികൾ ഒഴിവാക്കാൻ അദ്ദേഹം പറഞ്ഞേക്കാം. വീട്ടുകാരന്റെ പേരും മേൽവിലാസവും മാത്രമല്ല, ചർച്ചചെയ്ത വിഷയവും കുറിച്ചെടുത്തുകൊണ്ട് കൃത്യമായ വീടുതോറുമുളള രേഖ സൂക്ഷിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹം ഓർമപ്പെടുത്തിയേക്കാം. കുട്ടികളുടെമേൽ ശ്രദ്ധാപൂർവകമായ മേൽനോട്ടം ഉണ്ടായിരിക്കേണ്ടതു സംബന്ധിച്ച് മാതാപിതാക്കളെ ഓർപ്പിക്കേണ്ടത് ആവശ്യമായിരുന്നേക്കാം.
6 70 ശിഷ്യൻമാരും യേശുവിന്റെ നിർദേശങ്ങളോടു സഹകരിച്ചു. ഫലമോ, പിന്നീട് അവർ “സന്തോഷത്തോടെ മടങ്ങിവന്നു.” (ലൂക്കൊ. 10:17) സേവനയോഗങ്ങളിൽ ലഭിക്കുന്ന നിർദേശങ്ങളോടു നാം പ്രതികരിക്കുന്നെങ്കിൽ രാജ്യസന്ദേശം പ്രസംഗിക്കുന്നതിൽ വർധിച്ച സന്തോഷം നമുക്കും പ്രതീക്ഷിക്കാനാവും.—പ്രവൃ. 13:48, 49, 52.