“ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു.”—സങ്കീർത്തനം 139:16.
ദൈവം നിങ്ങളെ മനസ്സിലാക്കുന്നുണ്ടോ?
സൃഷ്ടി പഠിപ്പിക്കുന്നത്
മനുഷ്യർക്കിടയിൽ ഏറ്റവും അടുത്ത ബന്ധം എന്നു വിശേഷിപ്പിക്കാനാകുന്ന ഒന്നാണ് സമജാത ഇരട്ടകളുടേത്. അവർക്കിടയിൽ ഒരു പ്രത്യേകതരം ഉറ്റ ബന്ധമുണ്ട്. ‘ഒരു കാര്യം എങ്ങനെ പറഞ്ഞാൽ ഒരു വിശദീകരണവും കൂടാതെ മറ്റേയാൾക്കു കാര്യം മുഴുവൻ മനസ്സിലാകും എന്നുപോലും ചില ഇരട്ടക്കുട്ടികൾക്ക് അറിയാം’ എന്ന് ഇരട്ടകളെക്കുറിച്ച് പഠിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറും ഇരട്ടകളിൽ ഒരാളും ആയ നാൻസി സേഗൽ പറയുന്നു. താനും തന്റെ സമജാത ഇരട്ടയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സ്ത്രീ ഇങ്ങനെയാണു പറഞ്ഞത്: “എനിക്ക് അവളെക്കുറിച്ചും അവൾക്ക് എന്നെക്കുറിച്ചും എല്ലാം അറിയാം.”
ഇരട്ടകൾക്ക് ഇത്ര നന്നായി അന്യോന്യം മനസ്സിലാക്കാൻ കഴിയുന്നത് എന്തുകൊണ്ടായിരിക്കും? വളർന്നുവരുന്ന ചുറ്റുപാടും മാതാപിതാക്കൾ വളർത്തിക്കൊണ്ട് വരുന്ന രീതിയും അതിനെ സ്വാധീനിക്കുമെങ്കിലും അവരുടെ സമാനമായ ജനിതകഘടനയായിരിക്കും ഇതിന് ഒരു പ്രധാനകാരണമെന്നു പഠനങ്ങൾ കാണിക്കുന്നു.
ചിന്തിക്കൂ: അതിശയം ജനിപ്പിക്കുന്ന ഈ ജനിതകവസ്തുക്കളെല്ലാം സൃഷ്ടിച്ച വ്യക്തിക്കു നമ്മളെ ഓരോരുത്തരെക്കുറിച്ചും നന്നായി അറിയാം. ഇതെക്കുറിച്ച് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “അമ്മയുടെ ഗർഭപാത്രത്തിൽ അങ്ങ് എന്നെ മറച്ചുവെച്ചു. രഹസ്യത്തിൽ എന്നെ ഉണ്ടാക്കിയപ്പോൾ . . . എന്റെ അസ്ഥികൾ അങ്ങയ്ക്കു മറഞ്ഞിരുന്നില്ല. ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു; അതിന്റെ ഭാഗങ്ങളെല്ലാം . . . അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.” (സങ്കീർത്തനം 139:13, 15, 16) നമ്മുടെ ജനിതകഘടനെയെക്കുറിച്ചും നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തിയ സകല സംഭവങ്ങളെക്കുറിച്ചും ദൈവത്തിനു മാത്രമേ പൂർണമായി അറിയൂ. ഇതു ദൈവത്തിനു നമ്മുടെ വളരെ ചെറിയ കാര്യങ്ങൾപോലും മനസ്സിലാക്കാൻ കഴിയുമെന്ന ഉറപ്പു തരുന്നു.
ദൈവം നമ്മളെ എത്രത്തോളം മനസ്സിലാക്കുന്നു—ബൈബിൾ പഠിപ്പിക്കുന്നത്
ദാവീദ് പ്രാർഥിച്ചു: “യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അങ്ങ് അറിയുന്നു. ദൂരത്തുനിന്ന് എന്റെ ചിന്തകൾ മനസ്സിലാക്കുന്നു. യഹോവേ, പറയാൻ ഞാൻ നാക്കെടുത്തില്ല, അതിനു മുമ്പേ അങ്ങ് അതു മുഴുവൻ അറിയുന്നല്ലോ.” (സങ്കീർത്തനം 139:1, 2, 4) കൂടാതെ യഹോവ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും എന്തിന് ‘എല്ലാ ചിന്തകളും ചായ്വുകളും പോലും വിവേചിച്ചറിയുന്നു.’ (1 ദിനവൃത്താന്തം 28:9; 1 ശമുവേൽ 16:6, 7) ഈ വാക്യങ്ങൾ ദൈവത്തെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?
നമ്മുടെ എല്ലാ ചിന്തകളും വികാരങ്ങളും പ്രാർഥനയിലൂടെ എപ്പോഴും പറയാൻ പറ്റിയെന്നുവരില്ല. എങ്കിലും നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കാണുക മാത്രമല്ല എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നെന്നും ദൈവത്തിന് അറിയാം. പല കുറവുകളുള്ള നമുക്ക്, ആഗ്രഹിക്കുന്നതുപോലെ എപ്പോഴും ചെയ്യാൻ കഴിയുന്നില്ലെങ്കിലും നമ്മുടെ ആഗ്രഹം യഹോവ മനസ്സിലാക്കുന്നു. സ്നേഹം എന്ന ഗുണം നമ്മുടെ ഹൃദയത്തിൽ വെച്ചിരിക്കുന്ന യഹോവ, സ്നേഹത്തോടെയുള്ള നമ്മുടെ ചിന്തകളും ഹൃദയവിചാരങ്ങളും അറിയാനും മനസ്സിലാക്കാനും ഒരുക്കമുള്ളവനാണ്, അങ്ങേയറ്റം താത്പര്യമുള്ളവനുമാണ്.—1 യോഹന്നാൻ 4:7-10.
ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാത്ത ഒന്നുമില്ല. നമ്മുടെ വിഷമങ്ങൾ മറ്റുള്ളവർ അറിയുകയോ പൂർണമായി മനസ്സിലാക്കുകയോ ചെയ്യാത്തപ്പോൾപ്പോലും ദൈവം അവ മനസ്സിലാക്കുന്നു
തിരുവെഴുത്തുകൾ ഈ ഉറപ്പ് നൽകുന്നു
“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.”—1 പത്രോസ് 3:12.
ദൈവം ഈ ഉറപ്പു തരുന്നു: “ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും. നിന്റെ മേൽ കണ്ണുനട്ട് ഞാൻ നിന്നെ ഉപദേശിക്കും.” —സങ്കീർത്തനം 32:8.
ദൈവം വളരെ അനുകമ്പയുള്ളവനാണ്
ദൈവം നമ്മുടെ സാഹചര്യം അറിയുന്നു. നമ്മുടെ വികാരങ്ങൾ മനസ്സിലാക്കുന്നു. ഈ അറിവ് വിഷമകരമായ സന്ദർഭങ്ങളിൽ ശാന്തതയോടെ മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കുമോ? നൈജീരിയയിൽ നിന്നുള്ള അന്നയുടെ അനുഭവം നോക്കാം. അന്ന പറയുന്നു: “ഞാൻ ഒരു വിധവയാണ്. എന്റെ മോൾ ഹൈഡ്രോസെഫാലസ് (തലച്ചോറിൽ നീരുകെട്ടുന്ന ഒരു രോഗം) രോഗവുമായി ആശുപത്രിയിലായിരുന്നപ്പോഴാണ് എനിക്കു സ്തനാർബുദമാണെന്നു കണ്ടെത്തിയത്. പിന്നെ ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയോതെറാപ്പിയും ഒക്കെയായി. കാര്യങ്ങൾ ഇങ്ങനെ വഷളായപ്പോൾ ഇനി ജീവിക്കണോ എന്നുപോലും ഞാൻ ചിന്തിച്ചു. മകളോടൊപ്പം എനിക്കും വയ്യാതെ ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോൾ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു.”
സഹിച്ചുനിൽക്കാൻ അന്നയെ സഹായിച്ചത് എന്താണ്? “ഫിലിപ്പിയർ 4:6, 7 പോലുള്ള വാക്യങ്ങളെക്കുറിച്ച് ഞാൻ നന്നായി ചിന്തിച്ചു. അവിടെ പറയുന്നത് ‘മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും’ എന്നാണ്. ഈ വാക്യം മനസ്സിൽ വരുമ്പോഴെല്ലാം എന്നെക്കാൾ നന്നായി ദൈവം എന്നെ മനസ്സിലാക്കുന്നുണ്ടെന്ന കാര്യം ഞാൻ ഓർക്കും. അത് ദൈവത്തോട് കൂടുതൽ അടുപ്പം തോന്നാൻ ഇടയാക്കി. സഭയിലുള്ള സഹോദരങ്ങളും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
“ഇപ്പോഴും എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും എന്റെയും മോളുടെയും അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. യഹോവ ഞങ്ങളുടെ കൂടെയുള്ളതുകൊണ്ട് പ്രശ്നങ്ങളുണ്ടാകുമ്പോൾ വിഷമിച്ചിരിക്കേണ്ട കാര്യമില്ലെന്നു ഞങ്ങൾ മനസ്സിലാക്കി. യാക്കോബ് 5:11-ൽ നമുക്ക് ഈ ഉറപ്പ് ലഭിക്കുന്നു: ‘സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി നമ്മൾ കണക്കാക്കുന്നു. ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും യഹോവ ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു. അങ്ങനെ, യഹോവ വാത്സല്യവും (അഥവാ “അനുകമ്പയും,” അടിക്കുറിപ്പ്) കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.’” യഹോവ ഇയ്യോബിന്റെ സാഹചര്യം നന്നായി മനസ്സിലാക്കി. ഇതുപോലെ, നമ്മുടെ ഏതൊരു ബുദ്ധിമുട്ടും യഹോവ മനസ്സിലാക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.