സർദ്ദിസിലെ മെലിറ്റോ ബൈബിൾ സത്യങ്ങളുടെ കാവൽക്കാരനോ?
സത്യക്രിസ്ത്യാനികൾ എല്ലാ വർഷവും എബ്രായ കലണ്ടറിലെ നീസാൻ 14-നോട് ഒത്തുവരുന്ന തീയതിയിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നു. അതിലൂടെ, “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന യേശുവിന്റെ കൽപ്പന അവർ അനുസരിക്കുന്നു. പൊതുയുഗം (പൊ.യു.) 33-ലെ പ്രസ്തുത ദിവസത്തിലായിരുന്നു യേശു പെസഹ ആചരിച്ചതും തുടർന്നു തന്റെ ബലിമരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയതും. ആ ദിവസംതന്നെ അവൻ മരിക്കുകയും ചെയ്തു.—ലൂക്കൊസ് 22:19, 20; 1 കൊരിന്ത്യർ 11:23-28.
പൊ.യു. രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും സ്മാരകാചരണത്തിന്റെ സമയത്തിനും അത് ആചരിക്കുന്ന വിധത്തിനും ചിലർ മാറ്റംവരുത്താൻ തുടങ്ങി. ഏഷ്യാമൈനറിൽ യേശുവിന്റെ മരണദിവസംതന്നെയാണ് തുടർന്നും സ്മാരകം ആചരിക്കപ്പെട്ടത്. എന്നാൽ, യേശുവിന്റെ മരണത്തെ “തുടർന്നുവരുന്ന ഞായറാഴ്ച അവന്റെ പുനരുത്ഥാനം ആചരിക്കുക എന്നതായിരുന്നു റോമിലെയും അലക്സാൻഡ്രിയയിലെയും രീതി” എന്ന് ഒരു പരാമർശകൃതി ചൂണ്ടിക്കാട്ടുന്നു. പുനരുത്ഥാന പെസഹ എന്നായിരുന്നു അതിനു നൽകപ്പെട്ട പേര്. ക്വാർട്ടോഡെസിമൻകാർ (പതിന്നാലുകാർ) എന്നറിയപ്പെട്ട ഒരു വിഭാഗം നീസാൻ 14-ൽ യേശുക്രിസ്തുവിന്റെ മരണം ആചരിക്കുന്നതിന് അനുകൂലമായി വാദിച്ചു. അതിനോടു യോജിപ്പുള്ള ഒരു വ്യക്തിയായിരുന്നു സർദ്ദിസിലെ മെലിറ്റോ. ആരായിരുന്നു മെലിറ്റോ? അദ്ദേഹം എങ്ങനെയാണ് ഇത്തരം ബൈബിൾ പഠിപ്പിക്കലുകൾക്കായി വാദിച്ചത്?
ഒരു ‘മഹാജ്യോതിസ്സ്’
രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ എഫെസൊസിലെ പോളിക്രറ്റിസ് റോമിലേക്ക് ഒരു കത്ത് അയച്ചതായി കൈസര്യയിലെ യൂസേബിയസിന്റെ സഭാചരിത്രം (ഇംഗ്ലീഷ്) എന്ന കൃതി പറയുന്നു. ആ കത്തിൽ അദ്ദേഹം, “സുവിശേഷമനുസരിച്ചുള്ള പെസഹാദിനമായ 14-ാം ദിവസത്തിന്റെ” ആചരണത്തിന് അനുകൂലമായി വാദിച്ചു. അതിൽനിന്ന് “ഒട്ടും വ്യതിചലിക്കാതെ ക്രിസ്തീയ പ്രമാണത്തിനു ചേർച്ചയിൽ ആചരണം” നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ദൃഢനിശ്ചയം. പ്രസ്തുത ആചരണം നീസാൻ 14-ന് നടത്തണമെന്നു വാദിച്ചവരിൽ ഒരുവനായിരുന്നു ലുദിയായിലുള്ള സർദ്ദിസിലെ ബിഷപ്പായ മെലിറ്റോ എന്ന് ആ കത്തു ചൂണ്ടിക്കാട്ടുന്നു. തന്റെ സമകാലികർ മെലിറ്റോയെ ‘നിദ്രകൊള്ളുന്ന മഹാജ്യോതിസ്സുകളിൽ’ ഒരുവനായി കണക്കാക്കിയിരുന്നെന്ന് കത്തിൽ പ്രസ്താവിച്ചിരുന്നു. മെലിറ്റോ അവിവാഹിതൻ ആയിരുന്നെന്നും “പരിശുദ്ധാരൂപിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു”വെച്ച അദ്ദേഹം “മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനായി സ്വർഗത്തിൽനിന്നുള്ള വിളി കാത്തുകൊണ്ട് സർദ്ദിസിൽ വിശ്രമംകൊള്ളുന്നു”വെന്നും പോളിക്രറ്റിസ് പറഞ്ഞു. ക്രിസ്തുവിന്റെ തിരിച്ചുവരവിനുമുമ്പ് പുനരുത്ഥാനം നടക്കുകയില്ലെന്നു വിശ്വസിച്ചിരുന്നവരിൽ ഒരാളായിരുന്നു മെലിറ്റോ എന്ന് ഇതിൽനിന്നു നിഗമനം ചെയ്യാവുന്നതാണ്.—വെളിപ്പാടു 20:1-6.
തീർച്ചയായും, മെലിറ്റോ ധൈര്യവും നിശ്ചയദാർഢ്യവുമുള്ള ഒരു വ്യക്തിയായിരുന്നിരിക്കണം. വാസ്തവത്തിൽ, ക്രിസ്തീയ വിശ്വാസങ്ങളെ പിന്തുണച്ചുകൊണ്ട് അപ്പോളജി എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകം എഴുതുകയുണ്ടായി. പൊ.യു. 161 മുതൽ 180 വരെ വാഴ്ചനടത്തിയ റോമാ ചക്രവർത്തിയായ മാർക്കസ് ഔറേല്യുസിന് അയച്ചുകൊടുത്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഏറ്റവും ആദ്യത്തെ നിവേദനങ്ങളിൽ ഒന്നായിരുന്നു അത്. ക്രിസ്ത്യാനിത്വത്തിനായി വാദിക്കുന്നതിലും അത്യാഗ്രഹികളായ ദുഷ്ടമനുഷ്യരെ പരസ്യമായി അപലപിക്കുന്നതിലും മെലിറ്റോയ്ക്ക് തെല്ലും ഭയമില്ലായിരുന്നു. ക്രിസ്ത്യാനികളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തിൽ അവരെ പീഡിപ്പിക്കാനും അന്യായമായി കുറ്റംവിധിക്കാനും ചക്രവർത്തിയെക്കൊണ്ട് പലവിധ കൽപ്പനകൾ പുറപ്പെടുവിക്കാൻ അത്തരക്കാർ കച്ചകെട്ടിയിറങ്ങിയിരുന്നു.
ചക്രവർത്തിക്ക് മെലിറ്റോ നിർഭയം ഇങ്ങനെ എഴുതി: “ആരുടെ നിമിത്തമാണോ ഇത്തരം സംഘർഷം ഉളവായിരിക്കുന്നത് അവരെക്കുറിച്ച് [ക്രിസ്ത്യാനികളെക്കുറിച്ച്] അങ്ങുതന്നെ നേരിട്ട് അന്വേഷിക്കുകയും അവർ മരണവും ശിക്ഷയുമാണോ അതോ സംരക്ഷണവും സ്വാതന്ത്ര്യവുമാണോ അർഹിക്കുന്നതെന്നു നീതിപൂർവം വിധിക്കുകയും ചെയ്യണമെന്ന ഒരേയൊരു അപേക്ഷ മാത്രമേ ഞങ്ങൾക്കുള്ളൂ. എന്നാൽ വിജാതീയ ശത്രുക്കൾക്കെതിരെപോലും നടപ്പിലാക്കരുതാത്ത ഈ ആലോചനയും പുതിയ ഉത്തരവും വന്നിരിക്കുന്നത് അങ്ങിൽനിന്നല്ലെങ്കിൽ, പീഡകരുടെ നിയമവിരുദ്ധമായ കൊള്ളയിടലിന് ഇരയായിരിക്കുന്ന ഞങ്ങളുടെ ദുരവസ്ഥയ്ക്കെതിരെ കണ്ണടയ്ക്കരുതെന്നു ഞങ്ങൾ കേണപേക്ഷിക്കുകയാണ്.”
ക്രിസ്ത്യാനിത്വത്തിനുവേണ്ടി പ്രതിവാദം നടത്താൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു
വിശുദ്ധ തിരുവെഴുത്തുകളുടെ പഠനത്തിൽ മെലിറ്റോ ഏറെ തത്പരനായിരുന്നു. അദ്ദേഹം രചിച്ച കൃതികളുടെ ഒരു സമ്പൂർണ ലിസ്റ്റ് ഇന്നു ലഭ്യമല്ലെങ്കിലും അവയിൽ ചിലതിന്റെ പേരുകൾ ബൈബിൾ വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യം വെളിപ്പെടുത്തുന്നു. ക്രിസ്തീയ ജീവിതവും പ്രവാചകന്മാരും; മനുഷ്യന്റെ വിശ്വാസം; സൃഷ്ടി; സ്നാപനം, സത്യം, വിശ്വാസം, ക്രിസ്തുവിന്റെ ജനനം; അതിഥിപ്രിയം; താക്കോൽ; പിശാചും യോഹന്നാന്റെ അപ്പോക്കലിപ്സും എന്നിവ ചില ഉദാഹരണങ്ങളാണ്.
എബ്രായ തിരുവെഴുത്തുകളിലെ പുസ്തകങ്ങളുടെ കൃത്യമായ എണ്ണം കണ്ടുപിടിക്കുന്നതിന് ഒരു ഗവേഷണം നടത്താൻ മെലിറ്റോ ബൈബിൾ നാടുകൾ സന്ദർശിച്ചു. അതു സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: “അങ്ങനെ ഞാൻ, ഇക്കാര്യങ്ങൾ പ്രസംഗിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന പൗരസ്ത്യ നാടുകളിൽ എത്തിച്ചേരുകയും പഴയ നിയമത്തിലെ പുസ്തകങ്ങൾ ഏതെല്ലാമാണെന്നു കൃത്യമായി മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തശേഷം അതു നിനക്ക് അയച്ചുതന്നു.” പ്രസ്തുത പട്ടികയിൽ നെഹെമ്യാവിന്റെയും എസ്ഥേറിന്റെയും പുസ്തകങ്ങൾ പരാമർശിക്കപ്പെടുന്നില്ലെങ്കിലും നാമധേയ ക്രിസ്ത്യാനികളുടെ രേഖകളനുസരിച്ച് എബ്രായ തിരുവെഴുത്തുകളിലെ കാനോനിക പുസ്തകങ്ങളുടെ ഏറ്റവും പഴയ പട്ടികയാണ് അത്.
ആ ഗവേഷണ കാലഘട്ടത്തിൽ മെലിറ്റോ എബ്രായ തിരുവെഴുത്തുകളിലെ, യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയ അനേകം വാക്യങ്ങൾ സമാഹരിച്ചുകൊണ്ട് ശകലങ്ങൾ (ഇംഗ്ലീഷ്) എന്ന പേരിൽ ഒരു കൃതി തയ്യാറാക്കി. യേശുക്രിസ്തുവായിരുന്നു ജനം ഏറെക്കാലം കാത്തിരുന്ന മിശിഹായെന്നും ന്യായപ്രമാണവും പ്രവാചകന്മാരും വിരൽചൂണ്ടിയത് അവനിലേക്കായിരുന്നെന്നും അതു പ്രകടമാക്കി.
മറുവിലയുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നു
ഏഷ്യാമൈനറിലെ പ്രധാന നഗരങ്ങളിലെല്ലാം യഹൂദർ തിങ്ങിപ്പാർത്തിരുന്നു. മെലിറ്റോയുടെ നാടായ സർദ്ദിസിലെ യഹൂദർ നീസാൻ 14-നാണ് പെസഹ ആചരിച്ചിരുന്നത്. ന്യായപ്രമാണപ്രകാരം പെസഹായ്ക്കുള്ള ആധികാരികത എടുത്തുകാട്ടിക്കൊണ്ടും നീസാൻ 14-ന് ക്രിസ്ത്യാനികൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനെ പിന്തുണച്ചുകൊണ്ടും പെസഹ (ഇംഗ്ലീഷ്) എന്ന പേരിൽ മെലിറ്റോ ഒരു പ്രഭാഷണം തയ്യാറാക്കി.
പുറപ്പാടു 12-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും പെസഹ ക്രിസ്തുവിന്റെ ബലിയുടെ മുൻനിഴലായിരുന്നുവെന്നു പ്രകടമാക്കുകയും ചെയ്തശേഷം, ക്രിസ്ത്യാനികൾ പെസഹ ആചരിക്കുന്നത് അർഥശൂന്യമായിരുന്നത് എന്തുകൊണ്ടെന്നു മെലിറ്റോ വിശദമാക്കി. ദൈവം ന്യായപ്രമാണം നീക്കിക്കളഞ്ഞിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. തുടർന്ന്, ക്രിസ്തുവിന്റെ ബലിമരണത്തിന്റെ ആവശ്യത്തെക്കുറിച്ചു പിൻവരുന്ന പ്രകാരം അദ്ദേഹം വ്യക്തമാക്കി: ആദ്യമനുഷ്യനായ ആദാമിന് ഒരു സന്തുഷ്ട ജീവിതം നയിക്കാൻ കഴിയേണ്ടതിന് ദൈവം അവനെ ഒരു പറുദീസയിൽ ആക്കിവെച്ചു. എന്നാൽ നന്മതിന്മകളുടെ വൃക്ഷഫലം തിന്നരുതെന്ന ദൈവകൽപ്പന അവൻ ലംഘിച്ചു. അങ്ങനെ, അപ്പോൾമുതൽ ഒരു മറുവിലയുടെ ആവശ്യം ഉയർന്നുവന്നു.
യേശുവിനെ ഭൂമിയിലേക്ക് അയച്ചതും അവൻ ഒരു സ്തംഭത്തിൽ മരിച്ചതും വിശ്വാസമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാനായിരുന്നെന്ന് മെലിറ്റോ തുടർന്നു വിശദീകരിച്ചു. യേശു മരിച്ച സ്തംഭത്തെക്കുറിച്ച് എഴുതവേ, “മരത്തടി” എന്നർഥമുള്ള സൈലോൺ എന്ന ഗ്രീക്കു പദമാണ് മെലിറ്റോ ഉപയോഗിച്ചതെന്നതു ശ്രദ്ധാർഹമാണ്.—പ്രവൃത്തികൾ 5:30; 10:39; 13:29.
ഏഷ്യാമൈനറിനു വെളിയിലും മെലിറ്റോ പ്രശസ്തനായിരുന്നു. തെർത്തുല്യൻ, അലക്സാൻഡ്രിയയിലെ ക്ലെമന്റ്, ഓറിജൻ എന്നിവർക്കെല്ലാം അദ്ദേഹത്തിന്റെ കൃതികൾ സുപരിചിതമായിരുന്നു. എന്നാൽ, “‘ഞായറാഴ്ച പെസഹ’യുടെ ആചരണം മുൻപന്തിയിലേക്കു വന്നതിനുശേഷം ക്വാർട്ടോഡെസിമൻകാരെ പാഷണ്ഡികളായി മുദ്രകുത്താൻ തുടങ്ങിയതോടെ മെലിറ്റോയുടെ പ്രശസ്തിക്കു മങ്ങലേൽക്കുകയും അദ്ദേഹത്തിന്റെ കൃതികൾ ഒന്നൊന്നായി തിരോധാനം ചെയ്യുകയും ചെയ്തു”വെന്ന് ചരിത്രകാരനായ റാന്യെറോ കാന്റാലാമെസാ പറയുന്നു. ഒടുവിൽ മെലിറ്റോയുടെ എല്ലാ കൃതികളുംതന്നെ അപ്രത്യക്ഷമായി.
വിശ്വാസത്യാഗത്തിന്റെ ബലിയാടോ?
അപ്പൊസ്തലന്മാരുടെ മരണശേഷം, മുൻകൂട്ടിപ്പറഞ്ഞിരുന്ന വിശ്വാസത്യാഗം സത്യക്രിസ്ത്യാനിത്വത്തിലേക്കു നുഴഞ്ഞുകയറിയിരുന്നു. (പ്രവൃത്തികൾ 20:29, 30) വ്യക്തമായും അതു മെലിറ്റോയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സങ്കീർണമായ രചനാശൈലി, ഗ്രീക്ക് തത്ത്വശാസ്ത്ര കൃതികളുടെയും റോമാ സംസ്കാരത്തിന്റെയും ഒരു പ്രതിഫലനമായിട്ടാണു കാണപ്പെടുന്നത്. അതുകൊണ്ടായിരിക്കാം ക്രിസ്ത്യാനിത്വത്തെ “ഞങ്ങളുടെ തത്ത്വശാസ്ത്രം” എന്ന് മെലിറ്റോ വിശേഷിപ്പിച്ചത്. റോമാസാമ്രാജ്യവുമായുള്ള ‘ക്രിസ്ത്യാനിത്വ’ത്തിന്റെ ലയനം “നന്മയിലേക്കുള്ള ഒരു നിർണായക കാൽവെപ്പ്” ആണെന്നും അദ്ദേഹം കരുതിയിരുന്നു.
വ്യക്തമായും മെലിറ്റോ, പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾ ഗൗരവമായി എടുത്തില്ല: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.” അതുകൊണ്ട്, ഒരു പരിധിവരെ മെലിറ്റോ ബൈബിൾ സത്യങ്ങൾക്ക് അനുകൂലമായി വാദിച്ചെങ്കിലും പല കാര്യങ്ങളോടുമുള്ള ബന്ധത്തിൽ അദ്ദേഹം അവ തള്ളിക്കളഞ്ഞു.—കൊലൊസ്സ്യർ 2:8.
[18-ാം പേജിലെ ചിത്രം]
യേശു നീസാൻ 14-ന് ‘കർത്താവിന്റെ സന്ധ്യാഭക്ഷണ’ത്തിന്റെ ആചരണം ഏർപ്പെടുത്തി