എല്ലാവരിലെയും നന്മ കാണാൻ ശ്രമിക്കുക
“എന്റെ ദൈവമേ, നന്മയ്ക്കായി എന്നെ അനുസ്മരിക്കണമേ.”—നെഹെമ്യാവു 13:31, ഓശാന ബൈബിൾ.
1. യഹോവ എല്ലാവരോടും നന്മ പ്രവർത്തിക്കുന്നത് എങ്ങനെ?
ദിവസങ്ങളോളം ആകാശം മൂടിക്കെട്ടി കിടന്ന ശേഷം പെട്ടെന്നു വെയിൽ ഉദിക്കുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. ആളുകൾക്ക് ഉത്സാഹവും ഉന്മേഷവും കൈവരുന്നു. അതുപോലെതന്നെ, ദീർഘനാളത്തെ പൊരിവെയിലിനും വരൾച്ചയ്ക്കും ശേഷം നല്ല ഒരു മഴ പെയ്യുമ്പോൾ അത് നവോന്മേഷവും ആശ്വാസവും കൈവരുത്തുന്നു. കാലാവസ്ഥ എന്ന ഈ അത്ഭുത ദാനം സഹിതമാണ് നമ്മുടെ സ്നേഹവാനായ സ്രഷ്ടാവായ യഹോവ ഭൗമാന്തരീക്ഷം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിൻവരുന്ന പ്രകാരം പഠിപ്പിച്ചപ്പോൾ യേശു ദൈവത്തിന്റെ ഉദാരതയിലേക്കു ശ്രദ്ധ ക്ഷണിച്ചു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രൻമാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:43-45) അതേ, യഹോവ എല്ലാവരോടും നന്മ പ്രവർത്തിക്കുന്നു. മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ട് അവനെ അനുകരിക്കാൻ അവന്റെ ദാസന്മാർ യത്നിക്കേണ്ടതുണ്ട്.
2. (എ) എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ നന്മ പ്രവർത്തിക്കുന്നത്? (ബി) നാം യഹോവയുടെ നന്മയോടു പ്രതികരിക്കുന്ന വിധം സംബന്ധിച്ച് അവൻ എന്തു ശ്രദ്ധിക്കുന്നു?
2 എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ നന്മ പ്രവർത്തിക്കുന്നത്? ആദാം പാപത്തിലേക്കു വഴുതി വീണതു മുതൽ യഹോവ എന്നും മനുഷ്യരിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. (സങ്കീർത്തനം 130:3, 4) അനുസരണമുള്ള മനുഷ്യവർഗത്തെ പറുദീസയിലെ ജീവനിലേക്കു പുനഃസ്ഥാപിക്കുക എന്നതാണ് അവന്റെ ഉദ്ദേശ്യം. (എഫെസ്യർ 1:9, 10) അവന്റെ അനർഹദയ, വാഗ്ദത്ത സന്തതി മുഖാന്തരം പാപത്തിൽനിന്നും അപൂർണതയിൽനിന്നും വിടുവിക്കപ്പെടുന്നതിനുള്ള പ്രതീക്ഷ നമുക്കു നൽകിയിരിക്കുന്നു. (ഉല്പത്തി 3:15; റോമർ 5:12, 15) മറുവിലാ ക്രമീകരണത്തിൽ വിശ്വാസം അർപ്പിക്കുന്നത് ഒടുവിൽ പൂർണത കൈവരിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. യഹോവ നമ്മെ ഓരോരുത്തരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു ഉദ്ദേശ്യം തന്റെ ഔദാര്യത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നു കാണുകയാണ്. (1 യോഹന്നാൻ 3:16) അവന്റെ നന്മയോടുള്ള വിലമതിപ്പിന്റെ പ്രകടനമെന്ന നിലയിൽ നാം ചെയ്യുന്നതെല്ലാം അവൻ ശ്രദ്ധിക്കുന്നു. “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി.—എബ്രായർ 6:10.
3. ഏതു ചോദ്യം നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
3 ആ സ്ഥിതിക്ക് മറ്റുള്ളവരിലെ നന്മ കാണുന്ന കാര്യത്തിൽ നമുക്ക് യഹോവയെ എങ്ങനെ അനുകരിക്കാൻ സാധിക്കും? ജീവിതത്തിലെ നാലു മണ്ഡലങ്ങളിൽ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കു പരിചിന്തിക്കാം: (1) ക്രിസ്തീയ ശുശ്രൂഷ, (2) കുടുംബം, (3) സഭ, (4) മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ.
പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ
4. ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ നാം മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുകയാണെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
4 ശിഷ്യന്മാർക്ക് ഗോതമ്പിന്റെയും കളയുടെയും ദൃഷ്ടാന്തത്തിന്റെ പൊരുൾ വിശദീകരിച്ചുകൊടുക്കവേ യേശു പറഞ്ഞു: “വയൽ ലോകം.” ക്രിസ്തുവിന്റെ ആധുനികകാല ശിഷ്യരെന്ന നിലയിൽ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നാം ഈ സത്യം തിരിച്ചറിയുന്നു. (മത്തായി 13:36-38; 28:19, 20) വയൽശുശ്രൂഷയിൽ നമ്മുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം ഉൾപ്പെടുന്നു. വീടുതോറുമുള്ള ശുശ്രൂഷയ്ക്കും തെരുവു സാക്ഷീകരണത്തിനും യഹോവയുടെ സാക്ഷികൾ പേരുകേട്ടവരാണ് എന്ന വസ്തുതതന്നെ, രാജ്യസന്ദേശം കേൾക്കാൻ യോഗ്യതയുള്ള എല്ലാവരെയും അന്വേഷിച്ചു കണ്ടെത്തുന്നതിൽ നാം ശുഷ്കാന്തിയുള്ളവർ ആയിരുന്നിട്ടുണ്ട് എന്നു തെളിയിക്കുന്നു. യേശു ഇങ്ങനെ കൽപ്പിച്ചു: “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ.”—മത്തായി 10:11; പ്രവൃത്തികൾ 17:17; 20:20.
5, 6. ആളുകളെ അവരുടെ വീടുകളിൽ ചെന്ന് കാണാൻ ശ്രമിക്കുന്നതിൽ നാം തുടരുന്നത് എന്തുകൊണ്ട്?
5 അപ്രതീക്ഷിതമായി നാം ആളുകളെ സന്ദർശിക്കുമ്പോൾ അവർ നമ്മുടെ സന്ദേശത്തോടു പ്രതികരിക്കുന്നത് എങ്ങനെയെന്ന് നാം നിരീക്ഷിക്കുന്നു. ചിലപ്പോൾ, വീട്ടിലെ ഒരംഗം നമ്മൾ പറയുന്നതു കേൾക്കാൻ മനസ്സു കാണിച്ചേക്കാം. എന്നാൽ അപ്പോഴേക്കും അകത്തുനിന്ന് മറ്റൊരാൾ “ഞങ്ങൾക്ക് താത്പര്യമില്ല” എന്നു വിളിച്ചുപറയുന്നു. അതോടെ സന്ദർശനം അവസാനിക്കുന്നു. ഒരു വ്യക്തിയുടെ എതിർപ്പോ താത്പര്യമില്ലായ്മയോ മറ്റൊരാളുടെ പ്രതികരണത്തെ ബാധിക്കുന്നതു കാണുമ്പോൾ നമുക്ക് എത്ര ദുഃഖം തോന്നുന്നു! അങ്ങനെയൊരു സാഹചര്യത്തിൽ എല്ലാവരിലെയും നന്മ കാണാൻ ശ്രമിക്കുന്നതിൽ തുടരാൻ നമുക്ക് എന്താണു ചെയ്യാനാകുക?
6 ആ പ്രദേശത്ത് പ്രസംഗവേല ചെയ്യുമ്പോൾ ആ വീട്ടിൽ പിന്നെയും ചെല്ലുന്നത് ഒരുപക്ഷേ മുമ്പത്തെ സന്ദർശനത്തിൽ എതിർപ്പു പ്രകടിപ്പിച്ച വ്യക്തിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരം നൽകിയേക്കാം. മുൻ സന്ദർശനത്തിൽ സംഭവിച്ചത് ഓർമിക്കുന്നത്, തയ്യാറാകാൻ നമ്മെ സഹായിക്കും. എതിർപ്പു പ്രകടിപ്പിച്ച വ്യക്തി, രാജ്യസന്ദേശം ശ്രദ്ധിക്കുന്നതിൽനിന്ന് താത്പര്യം കാണിച്ച വ്യക്തിയെ തടയേണ്ടത് തന്റെ കടമയായി കരുതിക്കൊണ്ട് നല്ല ഉദ്ദേശ്യത്തോടെ ആയിരിക്കാം പ്രവർത്തിച്ചത്. ഒരുപക്ഷേ നമ്മുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചിരിക്കാം. എന്നാൽ അതൊന്നും തെറ്റിദ്ധാരണകൾ തിരുത്താൻ നയപൂർവം ശ്രമിച്ചുകൊണ്ട് ആ ഭവനത്തിൽ രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള ശ്രമം തുടരുന്നതിൽനിന്ന് നമ്മെ തടയുന്നില്ല. ദൈവത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനത്തിൽ എത്തിച്ചേരാൻ സകലരെയും സഹായിക്കുന്നതിൽ നാം തത്പരരാണ്. അപ്പോൾ ഒരുപക്ഷേ യഹോവ ആ വ്യക്തിയെ തന്നിലേക്ക് ആകർഷിച്ചേക്കാം.—യോഹന്നാൻ 6:44; 1 തിമൊഥെയൊസ് 2:4.
7. ആളുകളെ സമീപിക്കുമ്പോൾ ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
7 യേശു തന്റെ ശിഷ്യന്മാർക്ക് നിർദേശങ്ങൾ നൽകിയപ്പോൾ കുടുംബത്തിൽനിന്നുള്ള എതിർപ്പിനെ കുറിച്ചും പരാമർശിച്ചു. “മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്” എന്ന് അവൻ പറഞ്ഞതു നിങ്ങൾ ഓർമിക്കുന്നുണ്ടാകും. തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.” (മത്തായി 10:35, 36) എങ്കിലും, സാഹചര്യങ്ങൾക്കും മനോഭാവങ്ങൾക്കും എപ്പോൾ വേണമെങ്കിലും മാറ്റം വരാം. പെട്ടെന്നുണ്ടാകുന്ന ഒരു രോഗം, ഒരു ബന്ധുവിന്റെ മരണം, വിപത്തുകൾ, വൈകാരിക പ്രതിസന്ധികൾ എന്നിങ്ങനെ അസംഖ്യം ഘടകങ്ങൾ നമ്മുടെ സുവാർത്താപ്രസംഗത്തോടുള്ള ആളുകളുടെ പ്രതികരണത്തെ സ്വാധീനിക്കുന്നു. നമുക്ക് ഒരു നിഷേധാത്മക വീക്ഷണമാണ് ഉള്ളതെങ്കിൽ, അതായത് നാം ആരോടു പ്രസംഗിക്കുന്നുവോ അവർ ഒരിക്കലും അനുകൂലമായി പ്രതികരിക്കുകയില്ല എന്നാണ് നാം കരുതുന്നതെങ്കിൽ നാം യഥാർഥത്തിൽ അവരിലെ നന്മ കാണാൻ ശ്രമിക്കുകയായിരിക്കുമോ? മറ്റൊരു അവസരത്തിൽ സന്തോഷത്തോടുകൂടി അവരെ വീണ്ടും ചെന്നു കാണുകയല്ലേ വേണ്ടത്? ഒരുപക്ഷേ അവർ വ്യത്യസ്തമായ ഒരു വിധത്തിൽ പ്രതികരിച്ചേക്കാം. ചിലപ്പോൾ നാം എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ആളുകൾ മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതിന് ഇടയാക്കുന്നു. പ്രസംഗവേലയിൽ ഏർപ്പെടും മുമ്പ് യഹോവയോട് ഹൃദയംഗമമായി പ്രാർഥിക്കുന്നത് ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കാനും ആകർഷകമായ വിധത്തിൽ രാജ്യസന്ദേശം എല്ലാ തരത്തിലുള്ള ആളുകളെയും അറിയിക്കാനും നമ്മെ തീർച്ചയായും സഹായിക്കും.—കൊലൊസ്സ്യർ 4:6; 1 തെസ്സലൊനീക്യർ 5:17.
8. ക്രിസ്ത്യാനികൾ അവിശ്വാസികളായ തങ്ങളുടെ ബന്ധുക്കളിലെ നന്മ കാണാൻ ശ്രമിക്കുമ്പോൾ അത് എന്തു ഫലം ഉളവാക്കുന്നു?
8 ചില സഭകളിൽ ഒരേ കുടുംബത്തിലെ പല അംഗങ്ങൾ ഒരുമിച്ച് യഹോവയെ സേവിക്കുന്നു. ഇണയുമായും മറ്റു കുടുംബാംഗങ്ങളുമായും നല്ല ബന്ധങ്ങൾ നിലനിറുത്തുന്നതിലെ ഒരു മുതിർന്ന ബന്ധുവിന്റെ സ്ഥിരോത്സാഹമാണ് പലപ്പോഴും കുടുംബത്തിലെ ഇളയവരുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റുകയും അവരുടെ ഹൃദയത്തിനു മാറ്റം വരുന്നതിന് വഴിയൊരുക്കുകയും ചെയ്തത്. അപ്പൊസ്തലനായ പത്രൊസിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തത് “വചനം കൂടാതെ” തങ്ങളുടെ ഭർത്താക്കന്മാരെ നേടുന്നതിന് അനേകം ക്രിസ്തീയ ഭാര്യമാരെ സഹായിച്ചിരിക്കുന്നു.—1 പത്രൊസ് 3:1, 2.
കുടുംബത്തിൽ
9, 10. യാക്കോബും യോസേഫും തങ്ങളുടെ കുടുംബാംഗങ്ങളിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടു പ്രവർത്തിച്ചത് എങ്ങനെ?
9 അംഗങ്ങൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്ന കുടുംബമാണ് മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുന്നതിനുള്ള മറ്റൊരു മണ്ഡലം. തന്റെ പുത്രന്മാരുമായുള്ള യാക്കോബിന്റെ ഇടപെടലുകളിൽനിന്നുള്ള ഒരു പാഠം പരിചിന്തിക്കുക. യാക്കോബ് യോസേഫിനെ തന്റെ മറ്റു പുത്രന്മാരെക്കാൾ അധികം സ്നേഹിച്ചിരുന്നു എന്ന് ഉല്പത്തി 37-ാം അധ്യായം 3-ഉം 4-ഉം വാക്യങ്ങൾ സൂചിപ്പിക്കുന്നു. ഇതു നിമിത്തം യോസേഫിന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി. അത് അവരെ തങ്ങളുടെ സഹോദരനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്ന ഘട്ടത്തോളം പോലും കൊണ്ടെത്തിച്ചു. ഇതൊക്കെയാണെങ്കിലും, യാക്കോബും യോസേഫും പിന്നീട് തങ്ങളുടെ ജീവിതത്തിൽ പ്രകടമാക്കിയ മനോഭാവം ശ്രദ്ധിക്കുക. രണ്ടുപേരും തങ്ങളുടെ കുടുംബാംഗങ്ങളിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടു പ്രവർത്തിച്ചു.
10 ക്ഷാമബാധിതമായ ഈജിപ്തിൽ മുഖ്യ ഭക്ഷ്യകാര്യവിചാരകനായി സേവിച്ചുവരവേ യോസേഫ് തന്റെ സഹോദരന്മാരെ സന്തോഷപൂർവം സ്വാഗതം ചെയ്തു. താൻ യഥാർഥത്തിൽ ആരാണെന്ന് അവൻ ഉടനടി വെളിപ്പെടുത്തിയില്ലെങ്കിലും അവർക്ക് നല്ല പരിചരണം ലഭിക്കുന്നുവെന്നും അവരുടെ വൃദ്ധ പിതാവിനു കൊണ്ടുപോയി കൊടുക്കാൻ ആവശ്യമായ ഭക്ഷണം കിട്ടുന്നുവെന്നും ഉറപ്പുവരുത്താൻ അവൻ ശ്രദ്ധിച്ചു. അതേ, അവരുടെ വിദ്വേഷത്തിനു പാത്രമായിരുന്നിട്ടും യോസേഫ് അവരുടെ ക്ഷേമം മുൻനിറുത്തി പ്രവർത്തിച്ചു. (ഉല്പത്തി 41:53-42:8; 45:23) സമാനമായി, യാക്കോബ് മരണക്കിടക്കയിൽ വെച്ച് തന്റെ എല്ലാ പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ട് പ്രാവചനിക വാക്കുകൾ ഉച്ചരിച്ചു. അവരുടെ തെറ്റായ പ്രവർത്തനങ്ങൾ നിമിത്തം അവർക്ക് ചില പദവികൾ നഷ്ടമായെങ്കിലും ആർക്കും ദേശത്തിന്റെ ഓഹരി അവകാശമായി ലഭിക്കാതെ പോയില്ല. (ഉല്പത്തി 49:3-28) നിലനിൽക്കുന്ന സ്നേഹത്തിന്റെ എത്ര വിസ്മയാവഹമായ പ്രകടനമാണ് യാക്കോബ് ഇവിടെ കാഴ്ചവെച്ചത്!
11, 12. (എ) ഏത് പ്രാവചനിക മാതൃക കുടുംബാംഗങ്ങളിലെ നന്മ കാണാൻ ശ്രമിക്കുന്നതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു? (ബി) യേശു പറഞ്ഞ ധൂർത്ത പുത്രന്റെ ദൃഷ്ടാന്തകഥയിലെ പിതാവിന്റെ മാതൃകയിൽനിന്ന് നാം എന്തു പാഠം പഠിക്കുന്നു?
11 വിശ്വാസമില്ലാഞ്ഞ ഇസ്രായേൽ ജനതയോടുള്ള ഇടപെടലിൽ യഹോവ കാണിച്ച ദീർഘക്ഷമ ആളുകളിലെ നന്മ കാണാൻ അവൻ എങ്ങനെ ശ്രമിക്കുന്നു എന്നതു സംബന്ധിച്ച് കൂടുതലായ ഉൾക്കാഴ്ച നൽകുന്നു. ഹോശേയ പ്രവാചകന്റെ കുടുംബ പശ്ചാത്തലം ഉപയോഗിച്ച് യഹോവ തന്റെ നിലനിൽക്കുന്ന സ്നേഹം വ്യക്തമാക്കി. ഹോശേയയുടെ ഭാര്യയായ ഗോമർ പല തവണ വ്യഭിചാരത്തിൽ ഏർപ്പെട്ടിരുന്നു. എന്നിട്ടും യഹോവ ഹോശേയയോട് ഇങ്ങനെ കൽപ്പിച്ചു: “യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക.” (ഹോശേയ 3:1) എന്തുകൊണ്ടാണ് യഹോവ അപ്രകാരം ആവശ്യപ്പെട്ടത്? തന്റെ വഴികൾ വിട്ടുമാറിയിരുന്ന ജനതയിൽനിന്ന് ചില വ്യക്തികൾ തന്റെ ക്ഷമയോട് അനുകൂലമായി പ്രതികരിക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. ഹോശേയ ഇപ്രകാരം പ്രഖ്യാപിച്ചു: “പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.” (ഹോശേയ 3:5) തീർച്ചയായും ഇത് കുടുംബ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ പരിചിന്തിക്കാൻ പറ്റിയ ഒരു ഉത്തമ മാതൃകയാണ്. മറ്റു കുടുംബാംഗങ്ങളിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിലൂടെ കുറഞ്ഞപക്ഷം ക്ഷമയുടെ കാര്യത്തിൽ ഒരു ഉത്തമ മാതൃകയെങ്കിലും വെക്കാൻ നിങ്ങൾക്കു കഴിയും.
12 യേശു പറഞ്ഞ ധൂർത്ത പുത്രന്റെ ദൃഷ്ടാന്തകഥ, സ്വന്തം കുടുംബത്തിലുള്ളവരിലെ നന്മ കാണാൻ നമുക്ക് എങ്ങനെ ശ്രമിക്കാം എന്നതു സംബന്ധിച്ച് കൂടുതലായ ഗ്രാഹ്യം പ്രദാനം ചെയ്യുന്നു. ധൂർത്ത ജീവിതം ഉപേക്ഷിച്ച് ഇളയ മകൻ വീട്ടിൽ മടങ്ങിയെത്തി. പിതാവ് അവനോട് കരുണാപൂർവം ഇടപെട്ടു. ഒരിക്കലും കുടുംബത്തെ ഉപേക്ഷിച്ചുപോയിട്ടില്ലാഞ്ഞ മൂത്ത മകന്റെ പരാതികളോട് പിതാവ് എങ്ങനെയാണ് പ്രതികരിച്ചത്? മൂത്ത മകനെ സംബോധന ചെയ്തുകൊണ്ട് പിതാവ് ഇങ്ങനെ പറഞ്ഞു: “മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.” ഇത് വിരോധം കലർന്ന അധിക്ഷേപ വാക്കുകൾ ആയിരുന്നില്ല. പകരം പിതാവിന്റെ സ്നേഹം ഉറപ്പു നൽകുന്ന വാക്കുകൾ ആയിരുന്നു. ആ പിതാവ് തുടർന്ന് ഇങ്ങനെ പറഞ്ഞു: “നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു.” നമുക്കും അതുപോലെ മറ്റുള്ളവരിലെ നന്മ കാണുന്നതിന് എല്ലായ്പോഴും ശ്രമിക്കാൻ കഴിയും.—ലൂക്കൊസ് 15:11-32.
ക്രിസ്തീയ സഭയിൽ
13, 14. ക്രിസ്തീയ സഭയ്ക്കുള്ളിൽ സ്നേഹത്തിന്റെ രാജകീയ നിയമം ആചരിക്കാൻ കഴിയുന്ന ഒരു വിധം ഏത്?
13 ക്രിസ്ത്യാനികൾ എന്ന നിലയിൽ സ്നേഹത്തിന്റെ രാജകീയ നിയമം ആചരിക്കാൻ നാം ആഗ്രഹിക്കുന്നു. (യാക്കോബ് 2:1-9) സഭയിൽ നമ്മുടേതിനെക്കാൾ വ്യത്യസ്തമായ സാമ്പത്തിക ചുറ്റുപാടുള്ളവരുമായി നാം സ്വതന്ത്രമായി ഇടപെട്ടേക്കാം എന്നതു ശരിതന്നെ. എന്നാൽ വർഗീയമോ സാംസ്കാരികമോ മതപരം പോലുമോ ആയ പശ്ചാത്തലങ്ങളെ ആസ്പദമാക്കി നാം “തരംതിരിവ്” (NW) കാണിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, യാക്കോബിന്റെ ബുദ്ധിയുപദേശം നമുക്ക് എങ്ങനെയാണ് അനുസരിക്കാൻ കഴിയുന്നത്?
14 ക്രിസ്തീയ യോഗങ്ങൾക്കു വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നത് നമ്മുടെ ഹൃദയവിശാലതയുടെ തെളിവാണ്. രാജ്യഹാളിൽ വരുന്ന പുതിയവരോട് സംസാരിക്കാൻ നാം മുൻകൈ എടുക്കുമ്പോൾ അവരുടെ പരിഭ്രമവും ജാള്യവും മാറിയേക്കാം. ആദ്യമായി ക്രിസ്തീയ യോഗത്തിൽ സംബന്ധിച്ച ചിലർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “എല്ലാവരും വളരെ സൗഹാർദപൂർവം ഇടപെട്ടു. അതു കണ്ടപ്പോൾ അവർക്കെല്ലാം എന്നെ നേരത്തേ അറിയാമായിരുന്നു എന്നു തോന്നിപ്പോയി. ഒരു പുതിയ സ്ഥലത്ത് ആയിരിക്കുന്നതുപോലെ എനിക്കു തോന്നിയതേയില്ല.”
15. പ്രായമായവരിൽ താത്പര്യം പ്രകടമാക്കുന്നതിന് സഭയിലെ യുവജനങ്ങളെ എങ്ങനെ സഹായിക്കാവുന്നതാണ്?
15 ചില സഭകളിൽ യോഗശേഷം ചില യുവജനങ്ങൾ മുതിർന്നവരുമായൊന്നും സഹവസിക്കാതെ രാജ്യഹാളിന് അകത്തോ പുറത്തോ കൂട്ടം കൂടിനിന്ന് സംസാരിക്കുന്നതു കാണാം. ഈ പ്രവണതയെ തരണംചെയ്യാൻ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയും? ആദ്യ പടി, മക്കളെ യോഗങ്ങൾക്കു വേണ്ടി തയ്യാറാക്കിക്കൊണ്ട് മാതാപിതാക്കൾ വീട്ടിൽവെച്ച് അവർക്കു പരിശീലനം നൽകുന്നതാണ്. (സദൃശവാക്യങ്ങൾ 22:6) യോഗങ്ങളിൽ പരിചിന്തിക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കത്തക്കവണ്ണം അവ എടുത്തുവെക്കുന്ന ജോലി അവരെ ഏൽപ്പിക്കാൻ കഴിയും. അതുപോലെതന്നെ, രാജ്യഹാളിൽ വരുന്ന പ്രായമായവരും രോഗികളുമായ സഹോദരങ്ങളുമായി സംസാരിക്കുന്നതിന് തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനത്താണു മാതാപിതാക്കൾ. അത്തരം വ്യക്തികളോട് അർഥവത്തായ എന്തെങ്കിലും പറയാൻ ഉണ്ടായിരിക്കുന്നത് യുവജനങ്ങൾക്കു സംതൃപ്തി കൈവരുത്തിയേക്കാം.
16, 17. മുതിർന്നവർക്ക് സഭയിലുള്ള ചെറുപ്പക്കാരിലെ നന്മ കാണാൻ എങ്ങനെ കഴിയും?
16 പ്രായമായ സഹോദരീസഹോദരന്മാർ സഭയിലെ യുവജനങ്ങളിൽ താത്പര്യമെടുക്കണം. (ഫിലിപ്പിയർ 2:4) യുവജനങ്ങളോട് പ്രോത്സാഹജനകമായ വിധത്തിൽ സംസാരിക്കുന്നതിന് അവർക്ക് മുൻകൈ എടുക്കാവുന്നതാണ്. സാധാരണഗതിയിൽ പ്രത്യേകാൽ ശ്രദ്ധ ആകർഷിക്കുന്ന ചില ആശയങ്ങൾ യോഗങ്ങളിൽ അവതരിപ്പിക്കപ്പെടാറുണ്ട്. യുവജനങ്ങളോട് അവർ യോഗം ആസ്വദിച്ചോ എന്നും അവർ പ്രത്യേകാൽ വിലമതിച്ചതും പ്രായോഗികമാക്കാൻ കഴിയുന്നതുമായ ഏതെങ്കിലും ആശയങ്ങൾ കേൾക്കാനിടയായോ എന്നും ചോദിക്കാൻ കഴിയും. യുവജനങ്ങൾ സഭയുടെ അവിഭാജ്യ ഭാഗമായതിനാൽ, യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുന്നതിന്, അഭിപ്രായങ്ങൾ പറയുകയോ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുന്നതിന് ഒക്കെ അവരെ അഭിനന്ദിക്കേണ്ടതാണ്. സഭയിലെ മുതിർന്നവരുമായി യുവജനങ്ങൾ ഇടപെടുന്ന വിധവും വീട്ടിലെ ചെറിയ ചെറിയ ജോലികൾ നിർവഹിക്കുന്ന വിധവും, മുതിർന്നു കഴിയുമ്പോൾ ഏറെ വലിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാൻ അവർക്കു കഴിയുമെന്ന് സൂചിപ്പിച്ചേക്കാം.—ലൂക്കൊസ് 16:10.
17 ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നതിലൂടെ ചില യുവജനങ്ങൾ വളരെയേറെ പുരോഗമിക്കുകയും കൂടുതൽ ഭാരിച്ച നിയമനങ്ങൾ ഏറ്റെടുക്കുന്നതിന് അവരുടെ ആത്മീയ ഗുണങ്ങൾ അവരെ പ്രാപ്തരാക്കുന്ന ഘട്ടത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കുന്നത് മൗഢ്യമായ നടത്തയ്ക്കു തടയിടാനും സഹായിച്ചേക്കാം. (2 തിമൊഥെയൊസ് 2:22) അത്തരം നിയമനങ്ങൾ ശുശ്രൂഷാദാസന്മാരെന്ന നിലയിലുള്ള പദവി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന സഹോദരന്മാരുടെ യോഗ്യത ‘പരീക്ഷിച്ചേക്കാം.’ (1 തിമൊഥെയൊസ് 3:10) യോഗങ്ങളിലെ അവരുടെ സജീവമായ പങ്കുപറ്റലും ശുശ്രൂഷയിലെ തീക്ഷ്ണതയും സഭയിലെ എല്ലാവരോടും കാണിക്കുന്ന വ്യക്തിപരമായ താത്പര്യവും, കൂടുതലായ നിയമനങ്ങൾ അവർക്ക് കൊടുക്കുന്നതിനെ കുറിച്ച് പരിചിന്തിക്കുന്ന സമയത്ത് അവരുടെ യോഗ്യത നിർണയിക്കാൻ മൂപ്പന്മാരെ സഹായിക്കുന്നു.
എല്ലാവരിലെയും നന്മ കാണാൻ ശ്രമിക്കൽ
18. ന്യായത്തീർപ്പുകളുടെ കാര്യത്തിൽ ഏതു കെണി ഒഴിവാക്കേണ്ടതാണ്, എന്തുകൊണ്ട്?
18 “ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം [“പക്ഷപാതം,” NW] നന്നല്ല” എന്ന് സദൃശവാക്യങ്ങൾ 24:23 പറയുന്നു. സഭയിൽ ന്യായത്തീർപ്പു കൽപ്പിക്കുമ്പോൾ മൂപ്പന്മാർ പക്ഷപാതം ഒഴിവാക്കണമെന്ന് സ്വർഗീയ ജ്ഞാനം ആവശ്യപ്പെടുന്നു. യാക്കോബ് ഇങ്ങനെ പറഞ്ഞു: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോബ് 3:17) മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുമ്പോൾത്തന്നെ, വ്യക്തിപരമായ ബന്ധങ്ങളോ വികാരങ്ങളോ തങ്ങളുടെ ന്യായത്തീർപ്പുകളെ സ്വാധീനിക്കുന്നില്ലെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തേണ്ടതുണ്ട്. സങ്കീർത്തനക്കാരനായ ആസാഫ് എഴുതി: “ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ [അല്ലെങ്കിൽ “ദൈവത്തെപ്പോലെയുള്ളവരുടെ,” ഇത് മനുഷ്യരായ ന്യായാധിപന്മാരെ കുറിക്കുന്നു] ഇടയിൽ ന്യായം വിധിക്കുന്നു. നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും?” (സങ്കീർത്തനം 82:1, 2) ഇതിനു ചേർച്ചയിൽ, ക്രിസ്തീയ മൂപ്പന്മാർ ഒരു സുഹൃത്തോ ബന്ധുവോ ഉൾപ്പെടുന്ന സംഗതികളിൽ പക്ഷപാതത്തിന്റേതായ ഏതു ചായ്വിനെയും ഒഴിവാക്കുന്നു. അങ്ങനെ അവർ സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുകയും യഹോവയുടെ ആത്മാവിന്റെ സുഗമമായ ഒഴുക്കിന് വഴിയൊരുക്കുകയും ചെയ്യുന്നു.—1 തെസ്സലൊനീക്യർ 5:23.
19. ഏതെല്ലാം വിധങ്ങളിൽ നമുക്ക് മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കാവുന്നതാണ്?
19 നമ്മുടെ സഹോദരീ സഹോദരന്മാരിലെ നന്മ കാണാൻ ശ്രമിക്കുകവഴി തെസ്സലൊനീക്യ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് പ്രകടമാക്കിയ മനോഭാവത്തെ നാം പ്രതിഫലിപ്പിക്കുന്നു. അവൻ എഴുതി: “ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.” (2 തെസ്സലൊനീക്യർ 3:4) മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുമ്പോൾ അവരുടെ തെറ്റുകൾ അവഗണിക്കാൻ നാം കൂടുതൽ ചായ്വുള്ളവരായിരിക്കും. വിമർശന മനോഭാവം പാടേ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഹോദരങ്ങളെ അഭിനന്ദിക്കാൻ കഴിയുന്ന കാര്യങ്ങൾ നാം അന്വേഷിച്ചു കണ്ടെത്തും. “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ” എന്ന് പൗലൊസ് എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 4:2) സഭയുടെ ഗൃഹവിചാരണ വഹിക്കുന്നവരുടെ മാത്രമല്ല, നമ്മുടെ എല്ലാ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെയും വിശ്വസ്തത അവരെ നമുക്കു പ്രിയപ്പെട്ടവരാക്കുന്നു. അങ്ങനെ നാം അവരോടു കൂടുതൽ അടുക്കുകയും ക്രിസ്തീയ സുഹൃദ്ബന്ധങ്ങൾ ശക്തമായിത്തീരുകയും ചെയ്യുന്നു. തന്റെ നാളിലെ സഹോദരങ്ങളോട് പൗലൊസിന് ഉണ്ടായിരുന്ന വീക്ഷണത്തിനു സമാനമായ ഒരു വീക്ഷണം നാമും സ്വീകരിക്കുന്നു. അവർ ‘ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരും ആശ്വാസവും [“ബലപ്പെടുത്തുന്ന സഹായവും,” NW]’ ആണ്. (കൊലൊസ്സ്യർ 4:11) ഈ വിധത്തിൽ നാം യഹോവയുടെ മനോഭാവം പ്രകടമാക്കുന്നു.
20. എല്ലാവരിലെയും നന്മ കാണാൻ ശ്രമിക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം?
20 തീർച്ചയായും നെഹെമ്യാവിനെപ്പോലെതന്നെ നാമും പ്രാർഥിക്കുന്നു: “എന്റെ ദൈവമേ, നന്മയ്ക്കായി എന്നെ അനുസ്മരിക്കണമേ.” (നെഹെമ്യാവു 13:31, ഓശാന ബൈ.) യഹോവ ആളുകളിലെ നന്മ കാണാൻ ശ്രമിക്കുന്നു എന്നതിൽ നാം എത്ര സന്തുഷ്ടരാണ്! (1 രാജാക്കന്മാർ 14:13) മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നമുക്കും അതുതന്നെ ചെയ്യാം. അങ്ങനെ ചെയ്യുന്നത്, വീണ്ടെടുക്കപ്പെടുന്നതിനും വളരെ അടുത്തെത്തിയിരിക്കുന്ന പുതിയ ലോകത്തിൽ നിത്യജീവൻ ആസ്വദിക്കുന്നതിനും ഉള്ള പ്രതീക്ഷ നമുക്കു നൽകുന്നു.—സങ്കീർത്തനം 130:3-8.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ സകലരോടും നന്മ പ്രവർത്തിക്കുന്നത്?
• പിൻവരുന്ന മണ്ഡലങ്ങളിൽ നമുക്ക് മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കാവുന്നത് എങ്ങനെ?
• നമ്മുടെ ശുശ്രൂഷയിൽ
• നമ്മുടെ കുടുംബത്തിൽ
• നമ്മുടെ സഭയിൽ
• എല്ലാവരോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ
[18 -ാം പേജിലെ ചിത്രം]
തന്റെ സഹോദരന്മാർ തന്നോട് മുമ്പ് വിദ്വേഷം കാണിച്ചിട്ടും യോസേഫ് അവരിലെ നന്മ കാണാൻ ശ്രമിച്ചുകൊണ്ടു പ്രവർത്തിച്ചു
[19 -ാം പേജിലെ ചിത്രം]
എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്നതിൽനിന്ന് എതിർപ്പ് നമ്മെ തടയുന്നില്ല
[20 -ാം പേജിലെ ചിത്രം]
മുമ്പ് തിന്മ പ്രവർത്തിച്ചെങ്കിലും യാക്കോബിന്റെ പുത്രന്മാരിൽ ആർക്കും അവന്റെ അനുഗ്രഹം ലഭിക്കാതെ പോയില്ല
[21 -ാം പേജിലെ ചിത്രം]
ക്രിസ്തീയ യോഗങ്ങൾക്ക് വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുക