ക്ലോവിസിന്റെ മാമ്മോദീസാ ഫ്രാൻസിൽ—കത്തോലിക്കാ മതത്തിന്റെ 1,500-ാം വർഷം
“പാപ്പായുടെ നാമത്തിൽ, സ്ഫോടനം.” 1996 സെപ്റ്റംബറിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സന്ദർശിക്കാനിരുന്ന ഒരു ഫ്രഞ്ച് പള്ളിയിൽനിന്ന് ഒരു നാടൻ ബോംബിനോടൊപ്പം കണ്ടെടുത്ത സന്ദേശമായിരുന്നു അത്. പാപ്പായുടെ അഞ്ചാമത്തെ ഫ്രാൻസ് സന്ദർശനത്തോടു ചിലർക്ക് ഉണ്ടായിരുന്ന കടുത്ത പ്രതിഷേധത്തിന് ഒരു ഉദാഹരണമാണ് ഇത്. എന്നിരുന്നാലും, ക്ലോവിസ് എന്ന ഫ്രാങ്കിഷ് രാജാവ് കത്തോലിക്കാ മതം സ്വീകരിച്ചതിന്റെ 1,500-ാം വാർഷികം പാപ്പായോടൊപ്പം കൊണ്ടാടാൻ 2,00,000-ത്തോളം ആളുകൾ ആ വർഷം ഫ്രാൻസിലെ റിംസ് നഗരത്തിൽ കൂടിവന്നു. ഈ രാജാവിന്റെ മാമ്മോദീസാ ഫ്രാൻസിന്റെതന്നെ മാമ്മോദീസാ എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ആരായിരുന്നു ഈ രാജാവ്? അദ്ദേഹത്തിന്റെ മാമ്മോദീസായുടെ അനുസ്മരണ ആഘോഷം ഇത്ര വിവാദം സൃഷ്ടിച്ചത് എന്തുകൊണ്ടാണ്?
ക്ഷയിക്കുന്ന ഒരു സാമ്രാജ്യം
സാലിയൻ ഫ്രാങ്കുകളുടെ രാജാവ് ചിൽഡറിക്ക് ഒന്നാമന്റെ പുത്രനായ ക്ലോവിസിന്റെ ജനനം ഏകദേശം പൊ.യു. 466-ൽ ആയിരുന്നു. പൊ.യു. 358-ൽ റോമാക്കാർ ഈ ജർമാനിക് ഗോത്രക്കാരെ പിടിച്ചടക്കി. തുടർന്ന്, അതിർത്തി സംരക്ഷിക്കുകയും തങ്ങളുടെ സൈന്യത്തിനു ഭടന്മാരെ നൽകുകയും ചെയ്തുകൊള്ളണമെന്ന വ്യവസ്ഥയിൽ ഇന്ന് ബെൽജിയം എന്നറിയപ്പെടുന്ന സ്ഥലത്ത് താമസമുറപ്പിച്ചുകൊള്ളാൻ റോമാക്കാർ അവർക്ക് അനുവാദം നൽകി. പ്രാദേശിക ഗാലോ-റോമൻ ജനതയുമായി തുടർന്നുണ്ടായ അടുത്ത സമ്പർക്കം ക്രമേണ ഈ ഫ്രാങ്കുകളുടെ റോമാവത്കരണത്തിനു വഴിതെളിച്ചു. വിസിഗോഥ്, സാക്സൺ എന്നിങ്ങനെയുള്ള ജർമാനിക് ഗോത്രക്കാർക്കെതിരെയുള്ള പോരാട്ടത്തിൽ റോമാക്കാരുടെ ഒരു സഖ്യകക്ഷിയായിരുന്നു ചിൽഡറിക്ക് ഒന്നാമൻ. ഇത് അദ്ദേഹത്തിന് ഗാലോ-റോമൻ ജനതയുടെ ആദരവ് നേടിക്കൊടുത്തു.
റോമൻ പ്രവിശ്യയായ ഗോൾ വടക്കുള്ള റൈൻ നദി മുതൽ തെക്കുള്ള പിറെനീസ് വരെ നീണ്ടുകിടന്നിരുന്നു. എന്നാൽ, പൊ.യു. 454-ൽ റോമൻ ജനറലായിരുന്ന ഏയിഷസിന്റെ മരണത്തെ തുടർന്ന് ആ പ്രദേശത്തിന്മേൽ ഭരണം നടത്തുന്നതിനുള്ള സിംഹാസനം ഒഴിഞ്ഞുകിടന്നു. കൂടാതെ, പൊ.യു. 476-ൽ, റോമിന്റെ അവസാനത്തെ ചക്രവർത്തിയായിരുന്ന റോമ്യലസ് ഓഗസ്ചലസിന്റെ പതനവും റോമാ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ അന്ത്യവും ആ പ്രദേശത്തു വലിയ രാഷ്ട്രീയ അസ്ഥിരത ഉളവാക്കി. ഒരർഥത്തിൽ ഗോൾ, അതിന്റെ അതിർത്തിയിൽ താവളമടിച്ചിരുന്ന ഏതെങ്കിലുമൊരു ഗോത്രത്തിനു പറിച്ചെടുക്കാൻ പാകത്തിനു നിൽക്കുന്ന ഒരു പഴം പോലെ ആയിരുന്നു. പിതാവിന്റെ മരണശേഷം അധികാരത്തിൽ വന്ന ക്ലോവിസ് തന്റെ രാജധാനിയുടെ അതിർത്തികൾ വിപുലമാക്കാൻ ശ്രമിച്ചതിൽ അത്ഭുതപ്പെടാനില്ല. പൊ.യു. 486-ൽ അദ്ദേഹം ഗോളിലെ, റോമിന്റെ അവസാനത്തെ പ്രതിനിധിയെ സ്വാസോൻ പട്ടണത്തിനു സമീപം നടന്ന ഒരു പോരാട്ടത്തിൽ പരാജയപ്പെടുത്തി. ഈ വിജയത്തിന്റെ ഫലമായി അദ്ദേഹത്തിന്, വടക്കുള്ള സോം നദി മുതൽ മധ്യ-പശ്ചിമ ഗോളിലുള്ള ലവോർ നദി വരെയുള്ള പ്രദേശത്തിന്മേൽ നിയന്ത്രണം കിട്ടി.
രാജാവ് ആകാനിരുന്ന മനുഷ്യൻ
മറ്റു ജർമാനിക് ഗോത്രക്കാരിൽനിന്നു വ്യത്യസ്തരായി ഫ്രാങ്കുകൾ വിജാതീയരായിത്തന്നെ നിലകൊണ്ടു. എന്നാൽ, ബർഗുണ്ടിയൻ രാജകുമാരിയായ ക്ലോറ്റിൽഡയുമായുള്ള വിവാഹം ക്ലോവിസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന ക്ലോറ്റിൽഡ തന്റെ ഭർത്താവിന്റെ മതം മാറ്റാൻ പഠിച്ച പണിയെല്ലാം നോക്കി. പൊ.യു. 496-ൽ അലെമാനി ഗോത്രത്തിനെതിരെ റ്റോൽബിയക്കിൽ (ജർമനിയിലെ റ്റ്സൂയെൽപിഹ്) നടന്ന പോരാട്ടത്തിന്റെ സമയത്ത്, ക്ലോറ്റിൽഡയുടെ ദൈവം തനിക്കു വിജയം നൽകുന്നപക്ഷം തന്റെ പുറജാതീയ വിശ്വാസം ഉപേക്ഷിക്കാമെന്ന് ക്ലോവിസ് വാക്കു കൊടുത്തതായി പൊ.യു. ആറാം നൂറ്റാണ്ടിൽ, റ്റുവർസിലെ ഗ്രെഗ്റി രേഖപ്പെടുത്തിയ ചരിത്ര വിവരണം പറയുന്നു. ക്ലോവിസിന്റെ സൈന്യം തോൽക്കുമെന്ന ഘട്ടം വന്നെങ്കിലും, അലെമാനി രാജാവ് കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സൈന്യം കീഴടങ്ങുകയും ചെയ്തു. ക്ലോറ്റിൽഡയുടെ ദൈവമാണ് തനിക്കു വിജയം നൽകിയതെന്ന് ക്ലോവിസ് വിശ്വസിച്ചു. പൊ.യു. 496 ഡിസംബർ 25-ന് റിംസിലെ കത്തീഡ്രലിൽവെച്ച് “വിശുദ്ധ” റെമിജിയസ്, ക്ലോവിസിനെ മാമ്മോദീസാ മുക്കിയെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നിരുന്നാലും, ക്ലോവിസിന്റെ മാമ്മോദീസാ പൊ.യു. 498/9-ൽ ആയിരിക്കാനാണു കൂടുതൽ സാധ്യത എന്നു വിശ്വസിക്കുന്ന ചിലരുണ്ട്.
തെക്കുകിഴക്കുള്ള ബുർഗുണ്ടിയൻ രാജ്യം പിടിച്ചെടുക്കാനുള്ള ക്ലോവിസിന്റെ ശ്രമം വിജയിച്ചില്ല. എന്നാൽ വിസ്ഗോഥുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ പടനീക്കം വിജയിച്ചു. പൊ.യു. 507-ൽ പ്വാറ്റിയെയ്ക്കു സമീപമുള്ള വൂയെയിൽവെച്ചാണ് അദ്ദേഹം അവരെ തോൽപ്പിച്ചത്. ആ വിജയത്തോടെ, തെക്കുപടിഞ്ഞാറൻ ഗോളിന്റെ വലിയൊരു മേഖല അദ്ദേഹത്തിന്റെ കീഴിലായി. ഈ വിജയത്തിനുള്ള അംഗീകാരം എന്ന നിലയിൽ, പൂർവറോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ അനസ്റ്റേഷസ്, കൗൺസലർ പദവി നൽകി ക്ലോവിസിനെ ആദരിച്ചു. അങ്ങനെ ക്ലോവിസിന് മറ്റു പാശ്ചാത്യ രാജാക്കന്മാരെക്കാൾ ഉന്നതമായ ഒരു പദവി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണാധിപത്യത്തിന് ഗാലോ-റോമൻ ജനതയുടെ ദൃഷ്ടിയിൽ നിയമപരമായ അംഗീകാരവും ലഭിച്ചു.
കിഴക്കുള്ള റിനിഷ് ഫ്രാങ്കുകളുടെ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് ക്ലോവിസ് പാരീസിനെ തന്റെ തലസ്ഥാന നഗരിയാക്കി. തന്റെ അവസാന നാളുകളിൽ ‘ലെക്സ് സാലിക്ക’ എന്ന ഒരു ലിഖിത നിയമസംഹിത നൽകിക്കൊണ്ടും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ ഓർലെയാൻസിലെ സഭാസമിതി വിളിച്ചുകൂട്ടിക്കൊണ്ടും അദ്ദേഹം തന്റെ സാമ്രാജ്യത്തെ ശക്തിപ്പെടുത്തി. സാധ്യതയനുസരിച്ച് പൊ.യു. 511 നവംബർ 27-ന് മരിക്കുമ്പോൾ ഗോളിന്റെ മുക്കാൽ ഭാഗവും അദ്ദേഹത്തിന്റെ അധീനതയിൽ ആയിരുന്നു.
കത്തോലിക്കാ സഭയിലേക്കുള്ള ക്ലോവിസിന്റെ മതപരിവർത്തനത്തെ “പടിഞ്ഞാറൻ യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടം” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്നു. ഈ പുറജാതീയ രാജാവിന്റെ മതപരിവർത്തനത്തിന് ഇത്രയധികം പ്രാധാന്യമുണ്ടായിരുന്നത് എന്തുകൊണ്ടാണ്? ആരിയൂസ് വാദത്തിന് എതിരായാണ് ക്ലോവിസ് കത്തോലിക്കാമതം തിരഞ്ഞെടുത്തത് എന്നതാണ് അതിന്റെ പ്രസക്തി.
ആരിയൂസ് വിവാദം
ഏതാണ്ട് പൊ.യു. 320-ൽ, ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ജീവിച്ചിരുന്ന ആരിയൂസ് എന്ന പുരോഹിതൻ ത്രിത്വത്തെ കുറിച്ചു വിപ്ലവാത്മകമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. പുത്രൻ പിതാവിന്റെ അതേ സത്തയാണെന്ന ആശയത്തെ ആരിയൂസ് എതിർത്തു. പുത്രന് ഒരു ആരംഭം ഉണ്ടായിരുന്നതിനാൽ അവൻ ദൈവമോ പിതാവിനു തുല്യനോ അല്ലെന്ന് അദ്ദേഹം വാദിച്ചു. (കൊലൊസ്സ്യർ 1:15) പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെങ്കിലും, പിതാവിനെക്കാളും പുത്രനെക്കാളും താണ സ്ഥാനമാണ് അതിന് ഉള്ളതെന്നും ആരിയൂസ് വിശ്വസിച്ചു. പ്രചാരം സിദ്ധിച്ച ഈ പഠിപ്പിക്കൽ സഭയ്ക്കകത്തു നിന്നുള്ള രൂക്ഷമായ എതിർപ്പിന് ഇരയായി. പൊ.യു. 325-ന് കൂടിവന്ന നിഖ്യാ കൗൺസിൽ ആരിയൂസിനെ നാടുകടത്തി, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ അതു കുറ്റം വിധിക്കുകയും ചെയ്തു.a
എന്നാൽ, വിവാദത്തിന് അവിടെ തിരശ്ശീല വീണില്ല. ഉപദേശപരമായ ഈ ഭിന്നത ഏതാണ്ട് 60 വർഷം നീണ്ടുനിന്നു, അധികാരത്തിൽ വന്ന ചക്രവർത്തിമാർ ഓരോരുത്തരും ഓരോരോ പക്ഷം ചേർന്നു. പൊ.യു. 392-ൽ, ചക്രവർത്തിയായ തിയഡോഷസ് ഒന്നാമൻ ത്രിത്വോപദേശം ഉൾപ്പെടെ പരമ്പരാഗത കത്തോലിക്കാ മതത്തെ റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്ര മതമാക്കി മാറ്റി. ഇതിനിടെ ഒരു ജർമാനിക് ബിഷപ്പായിരുന്ന ഉൾഫിലാസ്, ഗോഥ വംശജരെ ആരിയൂസ് മതത്തിലേക്കു ചേർത്തിരുന്നു. മറ്റു ജർമാനിക് ഗോത്രക്കാരും ഈ പുതിയ “ക്രിസ്ത്യാനിത്വം” യാതൊരു മടിയും കൂടാതെ സ്വീകരിച്ചു.b
ക്ലോവിസിന്റെ കാലമായപ്പോഴേക്കും ഗോളിലെ കത്തോലിക്കാ സഭയുടെ നില പ്രതിസന്ധിയിലായിരുന്നു. ബിഷപ്പുമാർ മരിക്കുമ്പോൾ ആ സ്ഥാനത്തു മറ്റൊരാളെ അവരോധിക്കാൻ അനുവദിക്കാതെ ആരിയൂസ് പക്ഷക്കാരായ വിസിഗോഥുകാർ കത്തോലിക്കാ മതത്തെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. തന്നെയുമല്ല, പാപ്പായെ ചൊല്ലിയുള്ള രണ്ടു സഭാപിളർപ്പുകളുടെ കോളിളക്കത്തിലായിരുന്നു കത്തോലിക്കാ സഭ, റോമിൽ എതിർചേരികളിൽപ്പെട്ട പുരോഹിതന്മാർ പരസ്പരം കൊന്നൊടുക്കി. ഈ ആശയക്കുഴപ്പങ്ങളൊന്നും പോരാഞ്ഞിട്ടെന്നവണ്ണം, ചില കത്തോലിക്കാ എഴുത്തുകാർ പൊ.യു. 500-ൽ ലോകാവസാനം സംഭവിക്കുമെന്ന ആശയം പ്രചരിപ്പിച്ചു. അതുകൊണ്ട്, ഫ്രാങ്കിഷ് ജേതാവിന്റെ മതപരിവർത്തനം വളരെ അനുകൂലമായ ഒരു സംഭവവികാസമായി കണക്കാക്കപ്പെട്ടു. “വിശുദ്ധന്മാരുടെ പുതിയ സഹസ്രാബ്ദ”ത്തിന്റെ ആഗമനത്തെ അതു വിളിച്ചറിയിച്ചു.
എന്നാൽ ക്ലോവിസിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു? മതപരമായ ഉദ്ദേശ്യങ്ങൾ തള്ളിക്കളയാനാവില്ലെങ്കിലും, തീർച്ചയായും അദ്ദേഹത്തിന്റെ മനസ്സിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. കത്തോലിക്കാ മതം സ്വീകരിക്കുകവഴി, ക്ലോവിസ് കത്തോലിക്കരായ ഗാലോ-റോമൻ ജനതയുടെ പ്രീതിയും സ്വാധീനശക്തിയുള്ള സഭാ മേലധികാരികളുടെ പിന്തുണയും പിടിച്ചുപറ്റി. ഇത് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ എതിരാളികളുടെമേൽ അവിതർക്കിതമായ ജയം നേടിക്കൊടുത്തു. “ഗോളിന്റെ മേലുള്ള അദ്ദേഹത്തിന്റെ വിജയം വിദ്വേഷിത ആരിയൂസ് പാഷണ്ഡികളുടെ നുകത്തിൻ കീഴിൽനിന്നുള്ള വിമോചനത്തിന്റെ ഒരു യുദ്ധമായി മാറി” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
ക്ലോവിസ് എങ്ങനെയുള്ള വ്യക്തിയായിരുന്നു?
ക്ലോവിസിന്റെ മാമ്മോദീസായുടെ 1996-ലെ അനുസ്മരണ ചടങ്ങിൽ റിംസിലെ ആർച്ച്ബിഷപ്പ് ഷാരാർ ഡിഫ്വാ, ക്ലോവിസിനെ “വളരെയധികം ആലോചനയോടും വിവേകത്തോടും കൂടെ നടത്തിയ ഒരു മതപരിവർത്തനത്തിന്റെ പ്രതീകം” എന്നു വിശേഷിപ്പിച്ചു. എന്നാൽ ഫ്രഞ്ച് ചരിത്രകാരനായ എർണെസ്റ്റ് ലാവിസ് പറയുന്നത് ഇങ്ങനെയാണ്: “ക്ലോവിസിന്റെ മതപരിവർത്തനം യാതൊരു പ്രകാരത്തിലും അദ്ദേഹത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തിയില്ല; സുവിശേഷത്തിലെ ആർദ്രവും സമാധാനപൂർവകവുമായ ഗുണപാഠങ്ങളൊന്നും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചില്ല.” മറ്റൊരു ചരിത്രകാരൻ ഇങ്ങനെ പറഞ്ഞു: “[ഒരു നോഴ്സ് ദേവനായ] ഓഡിനു പകരം അദ്ദേഹം ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കാൻ തുടങ്ങിയെന്നു മാത്രം, വേറൊരു മാറ്റവും അദ്ദേഹത്തിന് ഉണ്ടായില്ല.” ‘ക്രിസ്ത്യാനിത്വത്തിലേക്കുള്ള മതംമാറ്റ’ത്തിനു ശേഷമുള്ള കോൺസ്റ്റന്റയ്ന്റെ നടപടിയെ അനുസ്മരിപ്പിക്കുമാറ്, തന്റെ സിംഹാസനത്തിനു ഭീഷണിയായിരുന്ന എല്ലാ പ്രതിയോഗികളെയും ഒന്നൊന്നായി വകവരുത്തിക്കൊണ്ട് തന്റെ ഭരണാധിപത്യം ഉറപ്പിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. “തന്റെ വിദൂര ബന്ധത്തിൽ പെട്ടവരെ പോലും” അദ്ദേഹം കൊന്നൊടുക്കി.
ക്ലോവിസിന്റെ മരണശേഷം, ക്രൂരനായ ഒരു യോദ്ധാവിന്റെ പദവിയിൽനിന്ന് അദ്ദേഹത്തെ വിശുദ്ധന്റെ സ്ഥാനത്തേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു രചിക്കപ്പെട്ട ടുവറിലെ ഗ്രിഗറിയുടെ വൃത്താന്തം, ക്ലോവിസിനെ “ക്രിസ്ത്യാനിത്വം” സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തിയായ കോൺസ്റ്റന്റയ്നുമായി താദാത്മ്യപ്പെടുത്താനുള്ള ബോധപൂർവകമായ ഒരു ശ്രമമായി കണക്കാക്കപ്പെടുന്നു. ക്ലോവിസ് മാമ്മോദീസാ മുങ്ങുമ്പോൾ അദ്ദേഹത്തിന് 30 വയസ്സായിരുന്നു എന്നു തറപ്പിച്ചു പറയുകവഴി, ഗ്രിഗറി അദ്ദേഹത്തെ ക്രിസ്തുവുമായി സാമ്യപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്നതു പോലെ കാണപ്പെടുന്നു.—ലൂക്കൊസ് 3:23.
ഒമ്പതാം നൂറ്റാണ്ടിൽ, റിംസിന്റെ ബിഷപ്പായിരുന്ന ആങ്ക്മാറും ഈ ശ്രമം തുടർന്നു. കത്തീഡ്രലുകൾ തീർഥാടകർക്കായി കിടമത്സരം നടത്തിയിരുന്ന അക്കാലത്ത്, അദ്ദേഹം തന്റെ മുൻഗാമിയായിരുന്ന “വിശുദ്ധ” റെമിജിയസിന്റെ ജീവിതകഥ എഴുതിയത് തന്റെ സഭയുടെ സത്പേരു വർധിപ്പിക്കാനും അതിനെ സമ്പന്നമാക്കാനും ആയിരുന്നിരിക്കണം. ക്ലോവിസിന്റെ മാമ്മോദീസാ സമയത്ത് ഒരു വെളുത്ത പ്രാവ് അദ്ദേഹത്തെ അഭിഷേകം ചെയ്യാനുള്ള തൈലപ്പാത്രവുമായി വന്നെത്തിയെന്ന് ആ വിവരണം പറയുന്നു. യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതുമായി ഈ സംഭവത്തെ ബന്ധപ്പെടുത്താനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം. (മത്തായി 3:16) ആങ്ക്മാർ അങ്ങനെ ക്ലോവിസും റിംസും രാജവാഴ്ചയും തമ്മിൽ ഒരു ബന്ധം സ്ഥാപിച്ചു, ക്ലോവിസ് കർത്താവിന്റെ അഭിഷിക്തനാണെന്ന ആശയത്തിന് അങ്ങനെ അടിവരയിടുകയും ചെയ്തു.c
വിവാദപരമായ ഒരു അനുസ്മരണ ചടങ്ങ്
മുൻ ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ചാൾസ് ഡിഗോൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്റെ അഭിപ്രായത്തിൽ ഫ്രാൻസിന്റെ ചരിത്രം ആരംഭിക്കുന്നത് ഫ്രാൻസിന്റെ രാജാവായി ഫ്രാങ്കുകൾ തിരഞ്ഞെടുത്ത ക്ലോവിസിൽനിന്നാണ്. അവരാണ് ഫ്രാൻസിന് തങ്ങളുടെ പേരു കൊടുത്തത്.” എന്നാൽ എല്ലാവരും ആ പക്ഷക്കാരല്ല. ക്ലോവിസിന്റെ മാമ്മോദീസായുടെ 1,500-ാം വാർഷികം വിവാദം നിറഞ്ഞതായിരുന്നു. 1905 മുതൽ സഭയെയും രാഷ്ട്രത്തെയും തമ്മിൽ ഔദ്യോഗികമായി വേർതിരിച്ചിരിക്കുന്ന ഫ്രാൻസിൽ, മതപരമായ ഒരു അനുസ്മരണ ചടങ്ങിൽ രാഷ്ട്രം ഉൾപ്പെട്ടതിനെ പലരും വിമർശിച്ചു. പാപ്പായുടെ സന്ദർശന സമയത്ത് വേദി ഒരുക്കാൻ ആവശ്യമായ പണം നൽകാൻ റിംസിലെ നഗരസമിതി തീരുമാനിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ ഒരു സംഘടന കോടതയിൽ പരാതി നൽകി. നഗരസമിതിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണ് എന്ന് കോടതി വിധി എഴുതുകയും ചെയ്തു. സഭ അതിന്റെ ധാർമിക, ലൗകിക അധികാരം ഫ്രാൻസിന്റെ മേൽ വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് എന്നു മറ്റു ചിലർക്കു തോന്നി. വലതുപക്ഷ നാഷണൽ ഫ്രണ്ടിന്റെയും മൗലികവാദ കത്തോലിക്കാ സംഘങ്ങളുടെയും പ്രതീകമായി ക്ലോവിസിനെ വാഴ്ത്തിയതും അനുസ്മരണ ചടങ്ങിനെ കൂടുതൽ സങ്കീർണമാക്കി.
മറ്റു ചിലർ അനുസ്മരണ ചടങ്ങിനെ വിമർശിച്ചത് ചരിത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. കത്തോലിക്കാ മതം ഗാലോ-റോമൻ ജനതയ്ക്കിടയിൽ മുമ്പുതന്നെ സ്ഥാപിതമായി കഴിഞ്ഞിരുന്നെന്നും അതുകൊണ്ട് ഫ്രാൻസിനെ കത്തോലിക്കാ രാഷ്ട്രമാക്കി മാറ്റിയത് ക്ലോവിസിന്റെ മാമ്മോദീസാ അല്ലെന്നും അവർ പറഞ്ഞു. ക്ലോവിസിന്റെ മാമ്മോദീസാ, ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഫ്രാൻസിന്റെ പിറവിയെ കുറിക്കുന്നില്ലെന്നും അവർ വാദിച്ചു. പൊ.യു. 843-ലെ ഷാർലമാന്റെ രാജ്യത്തിന്റെ വിഭജനമാണ് ഫ്രാൻസിന്റെ പിറവിക്കു നിദാനമെന്നും അതുകൊണ്ടുതന്നെ ക്ലോവിസ് അല്ല, മറിച്ച് ചാൾസ് ദ ബോൾഡ് ആണ് ഫ്രാൻസിന്റെ ആദ്യത്തെ രാജാവ് എന്നും അവർ കരുതുന്നു.
കത്തോലിക്കാ മതത്തിന്റെ 1,500-ാം വർഷം
“സഭയുടെ മൂത്ത പുത്രി”യായ ഫ്രാൻസിലെ കത്തോലിക്കാ മതം 1,500-ലധികം വർഷങ്ങൾക്കു ശേഷം ഇന്ന് ഏത് അവസ്ഥയിലാണ്? 1938 വരെ ലോകത്തിൽ ഏറ്റവും കൂടുതൽ മാമ്മോദീസാ മുങ്ങിയ കത്തോലിക്കരുള്ള രാജ്യമായിരുന്നു ഫ്രാൻസ്. ഇന്ന് അത് ഫിലിപ്പീൻസ്, ഐക്യനാടുകൾ തുടങ്ങിയ രാജ്യങ്ങൾക്കു പുറകിലായി ആറാം സ്ഥാനത്താണ്. 4 കോടി 50 ലക്ഷം കത്തോലിക്കരുള്ള ഫ്രാൻസിൽ വെറും 60 ലക്ഷം പേരാണ് പതിവായി കുർബാനയിൽ പങ്കെടുക്കുന്നത്. ഫ്രഞ്ച് കത്തോലിക്കർക്കിടയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതനുസരിച്ച്, 65 ശതമാനം പേർ “ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച സഭാ പഠിപ്പിക്കലുകൾ കാര്യമായെടുക്കുന്നില്ല,” 5 ശതമാനം പേർ യേശുവിന് “യാതൊരു പ്രാധാന്യവും ഇല്ല” എന്നു കരുതുന്നു. ഇത്തരം പ്രതികൂല പ്രവണതകൾ ആയിരിക്കണം, “ഫ്രാൻസേ, മാമ്മോദീസാ സമയത്ത് എടുത്ത പ്രതിജ്ഞകൾ ഒക്കെ നീ മറന്നുപോയോ?” എന്ന് 1980-ലെ തന്റെ സന്ദർശന സമയത്തു ചോദിക്കാൻ പാപ്പായെ പ്രേരിപ്പിച്ചത്.
[അടിക്കുറിപ്പുകൾ]
a 1984 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 24-ാം പേജ് കാണുക.
c ക്ലോവിസ് എന്നതിൽനിന്നു വന്നിരിക്കുന്ന ലൂയി എന്ന പേരിലാണ് 19 ഫ്രഞ്ച് രാജാക്കന്മാർ (ലൂയി 17-ാമനും ലൂയി-ഫിലിപ്പും ഉൾപ്പെടെ) അറിയപ്പെട്ടത്.
[27-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സാക്സൺകാർ
റൈൻ നദി
സോം നദി
സ്വാസോൻ
റിംസ്
പാരീസ്
ഗോൾ
ലവോർ നദി
വൂയെ
പ്വാറ്റിയെ
പിറെനീസ്
വിസിഗോഥുകാർ
റോം
[26-ാം പേജിലെ ചിത്രം]
ക്ലോവിസിന്റെ മാമ്മോദീസാ, 14-ാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയിൽ ചിത്രീകരിച്ചിരിക്കുന്ന പ്രകാരം
[കടപ്പാട്]
© Cliché Bibliothèque nationale de France, Paris
[28-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ റിംസ് കത്തീഡ്രലിന്റെ ബാഹ്യഭാഗത്തായി, ക്ലോവിസിന്റെ (മധ്യ രൂപം) മാമ്മോദീസായുടെ ശിൽപ്പം
[29-ാം പേജിലെ ചിത്രം]
ക്ലോവിസിന്റെ മാമ്മോദീസായുടെ അനുസ്മരണ ചടങ്ങിൽ സംബന്ധിക്കാൻ ജോൺ പോൾ രണ്ടാമൻ എത്തിയത് വിവാദത്തിനു തിരികൊളുത്തി