രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
‘അനുകൂല കാലത്തും പ്രതികൂല കാലത്തും’ സുവാർത്ത പ്രസംഗിക്കൽ
യുദ്ധം തേർവാഴ്ച നടത്തിയ സമയത്ത് ബോസ്നിയ-ഹെർസെഗോവിനയിൽ ഉടനീളം ആയിരങ്ങൾ കൊടിയ യാതനകൾ അനുഭവിച്ചു. യാതനാനിർഭരമായ ആ കാലഘട്ടത്തിൽ ആളുകൾക്കു പ്രോത്സാഹനവും പ്രത്യാശയും പ്രദാനം ചെയ്യാൻ യഹോവയുടെ സാക്ഷികൾ സർവ ശ്രമവും ചെയ്തു. സാരയെവോയിൽ കുറച്ചു കാലമായി സേവനം അനുഷ്ഠിക്കുന്ന ഒരു സാക്ഷി എഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്.
“ഇവിടെ ജീവിതം ദുഷ്കരമാണെങ്കിലും, ആളുകൾ ബൈബിൾ സത്യത്തോടു നന്നായി പ്രതികരിക്കുന്നു. സ്ഥിരോത്സാഹത്തിനു മകുടോദാഹരണമാണു പ്രാദേശിക സാക്ഷികൾ. ഭൗതികമായി അവർക്കു കാര്യമായൊന്നും ഇല്ലെങ്കിലും അവർ ഉത്സാഹഭരിതരാണ്. സഭയിലുള്ള യുവജനങ്ങളിൽ മിക്കവരും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നു. അവരുടെ തീക്ഷ്ണത പുതിയ പ്രസാധകർക്കു നല്ല പ്രോത്സാഹനമാണ്. തന്മൂലം, സേവനത്തിലെ ആദ്യ മാസം മുതൽത്തന്നെ പ്രതിമാസം 60-ഓ അതിലധികമോ മണിക്കൂർ അവർ ശുശ്രൂഷയിൽ ചെലവഴിക്കുന്നത് അസാധാരണമല്ല.
“വീടുതോറുമുള്ള പ്രസംഗവേലയ്ക്കു പുറമേ, ആളുകളുടെ പക്കലെത്താൻ ഞങ്ങൾ മറ്റു പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, നഗരത്തിലെ നിരവധി സെമിത്തേരികളിൽ നടത്തിയ ബൈബിൾ സാഹിത്യ വിതരണം നല്ല ഫലം കൈവരുത്തിയിരിക്കുന്നു.
“ആശുപത്രികളിലും സാക്ഷ്യം നൽകുന്നുണ്ട്. സാരയെവോയിലെ ഒരു ആശുപത്രിയിൽ ഹൃദയചികിത്സാ വിഭാഗത്തിലെ പ്രധാന ഡോക്ടർ, 1996 ഡിസംബർ 8 ലക്കം ഉണരുക! സ്വീകരിച്ചു. “ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും?” എന്നതായിരുന്നു അതിന്റെ ആമുഖ ലേഖന പരമ്പര. മറ്റു ഡോക്ടർമാർക്കു നൽകുന്നതിന് അദ്ദേഹം കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടു. തന്റെ വിഭാഗത്തിലെ എല്ലാ രോഗികളെയും സന്ദർശിക്കാൻ അദ്ദേഹം സാക്ഷികൾക്ക് അനുമതി നൽകി. അങ്ങനെ സാക്ഷികൾ രോഗശയ്യ തോറും സന്ദർശിച്ച് ഒരു മണിക്കൂർ കൊണ്ട് 100-ലധികം മാസികകൾ വിതരണം ചെയ്തു. തങ്ങൾക്കു പ്രോത്സാഹനവും പ്രത്യാശയും പ്രദാനം ചെയ്യാൻ ആരെങ്കിലും ആശുപത്രി സന്ദർശിക്കുന്നത് ആദ്യമായിട്ടാണ് എന്നു രോഗികളിൽ പലരും പറഞ്ഞു.
“മറ്റൊരിക്കൽ കുട്ടികൾക്കു പറ്റിയ ലേഖനങ്ങളുള്ള മാസികയുമായി ശിശുരോഗ ചികിത്സാ വിഭാഗം സന്ദർശിക്കുകയുണ്ടായി. അവിടുത്തെ പ്രധാന ഡോക്ടർ വായനാ മുറിയിൽ വെക്കാൻ എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ ഏതാനും പ്രതികളും സ്വീകരിച്ചു. ഇപ്പോൾ, ആശുപത്രിയിൽ കുട്ടികളെ സന്ദർശിക്കാൻ വരുന്ന അമ്മമാർ ദിവസേന അവർക്കു ബൈബിൾ കഥകൾ വായിച്ചുകൊടുക്കുന്നു. ആ ഡോക്ടറെ വീട്ടിൽ ചെന്നു കാണാനും ഏർപ്പാടു ചെയ്യപ്പെട്ടു.
“വ്യത്യസ്ത ദേശക്കാരായ ആയിരക്കണക്കിനു നാറ്റോ [നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ] സൈനികർ സാരയെവോയിൽ ഉണ്ട്. അവർക്കും നല്ല സാക്ഷ്യം ലഭിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ, സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകത്തോടൊപ്പം വ്യത്യസ്ത ഭാഷകളിലുള്ള വീക്ഷാഗോപുരവും ഉണരുക!യുമായി സായുധ വാഹനങ്ങൾ തോറും പോകാറുണ്ട്. ഇറ്റാലിയൻ സൈനിക പാളയങ്ങളിൽ ഇതിനോടകം 200-ലധികം മാസികകൾ വിതരണം ചെയ്തിരിക്കുന്നു. രസകരമെന്നു പറയട്ടെ, തങ്ങൾ മുമ്പൊരിക്കലും യഹോവയുടെ സാക്ഷികളുമായി സംസാരിച്ചിട്ടില്ല എന്നു സൈനികരിൽ പലരും പറഞ്ഞു. ഞങ്ങൾ അവരെ സാരയെവോയിൽ കണ്ടെത്തിയെന്നു പറഞ്ഞാൽ മതിയല്ലോ.
“ഒരു ദിവസം റോഡരികിൽ ഒരു സായുധ വാഹനം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഞാൻ കുടകൊണ്ട് കാറിൽ മുട്ടി വിളിച്ചു, അപ്പോൾ ഒരു സൈനികൻ പുറത്തേക്കു വന്നു. ‘സമാധാന സന്ദേശവാഹകർ—ആരാണ് അവർ?’ എന്ന ശീർഷകത്തിലുള്ള വീക്ഷാഗോപുരം ഞാൻ അദ്ദേഹത്തെ കാണിച്ചു. ആ സൈനികൻ എന്നോടു ചോദിച്ചു, ‘താങ്കൾ യഹോവയുടെ സാക്ഷിയല്ലല്ലോ?’ ഞാൻ സാക്ഷിയാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ഇവിടെയും ഉണ്ടെന്നോ! എനിക്കു വിശ്വസിക്കാനാകുന്നില്ല; ഭൂമിയിൽ സാക്ഷികൾ ഇല്ലാത്ത ഏതെങ്കിലും സ്ഥലമുണ്ടോ?’”
“വചനം പ്രസംഗിക്കുക, അനുകൂല കാലത്തും പ്രതികൂല കാലത്തും അടിയന്തിരതയോടെ അതു ചെയ്യുക” എന്ന് പൗലൊസ് അപ്പൊസ്തലൻ ഉദ്ബോധിപ്പിച്ചു. (2 തിമൊഥെയൊസ് 4:2, NW) ലോകമെമ്പാടുമുള്ള തങ്ങളുടെ സഹ വിശ്വാസികളെ പോലെ സാരയെവോയിലുള്ള യഹോവയുടെ സാക്ഷികളും അതു ചെയ്യുന്നു—രോഗശയ്യ തോറും സായുധ വാഹനങ്ങൾ തോറും പോയിക്കൊണ്ടുപോലും!