നിങ്ങൾ മുന്നറിയിപ്പിനു ചെവികൊടുക്കുമോ?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റേഴ് മേയ് 19-ന്, ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഡിസ്ട്രിക്റ്റിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ്, കോക്സ് ബസ്സാർ പട്ടണത്തിൽ രേഖപ്പെടുത്തപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ പുല്ലുമേഞ്ഞ കുടിലുകളെല്ലാം അപ്രത്യക്ഷമായി. അവയുടെ സ്ഥാനത്ത് ചതുരാകൃതിയിലുള്ള കൊച്ചു മൺകൂനകൾ മാത്രം അവശേഷിച്ചു. വൃക്ഷങ്ങളും ടെലിഫോൺ പോസ്റ്റുകളും പിഴുതെറിയപ്പെട്ടു; മറ്റുള്ളവ തീപ്പെട്ടി കൊള്ളികൾപോലെ രണ്ടായി ഒടിഞ്ഞുവീണു. ചുഴലിക്കാറ്റിൽ 105 പേർ കൊല്ലപ്പെട്ടു എന്ന് ഭോരാർ കാഗസ് പത്രത്തിലെ ഒരു തലവാചകം റിപ്പോർട്ടു ചെയ്തു.
ചുഴലിക്കാറ്റ് എവിടെ ആഞ്ഞടിക്കും എന്നതു സംബന്ധിച്ചു മിക്കവാറും കൃത്യമായ വിവരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 36 മണിക്കൂർ മുമ്പുതന്നെ പ്രക്ഷേപണം ചെയ്തിരുന്നു. ചുഴലിക്കാറ്റുരോധക കോൺക്രീറ്റ് സങ്കേതങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അഭയം തേടിയതിനാൽ നിസ്സംശയമായും അനേകർ രക്ഷപ്പെട്ടു.
ഏതൊരു ചുഴലിക്കാറ്റിനെക്കാളും വളരെ വളരെ മാരകമായ, ആസന്നമായിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള വാർത്ത ഇപ്പോൾ ഏതാണ്ട് നൂറു വർഷത്തിലധികമായി യഹോവയുടെ സാക്ഷികൾ ഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ബൈബിൾ അതിനെ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” എന്നു വിളിക്കുന്നു. (യോവേൽ 2:31) ബൈബിളിൽ കാണുന്ന പ്രാവചനിക മുന്നറിയിപ്പുകൾക്കു ചെവികൊടുത്തുകൊണ്ട് നമുക്ക് അതിന്റെ കോപത്തിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞേക്കും.—സെഫന്യാവു 2:2, 3.
യഹോവയുടെ സാക്ഷികൾ വിനാശ പ്രവാചകന്മാരല്ല. അവരുടേത് പ്രത്യാശയുടെ സന്ദേശമാണ്. ഉടനെതന്നെ ഭൂമിയിൽനിന്നു സകല അനീതിയും നീക്കം ചെയ്യാനിരിക്കുന്ന ദൈവരാജ്യത്തെ കുറിച്ചു പഠിക്കുന്നതിന് ആളുകളെ സഹായിക്കാൻ അവർ ആഗ്രഹിക്കുന്നു. ദൈവവചനമായ ബൈബിൾ പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
WHO/League of Red Cross