ശിലാഹൃദയങ്ങൾ പ്രതികരണക്ഷമത നേടുമ്പോൾ
പോളണ്ടിൽ ഒരു മത സംഘടന എന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്ക് 1989-ൽ നിയമാംഗീകാരം ലഭിച്ചു. ക്രിസ്തീയ നിഷ്പക്ഷത നിമിത്തം തടവിലാക്കപ്പെട്ട സാക്ഷികൾ ക്രമേണ മോചിപ്പിക്കപ്പെട്ടു. എന്നാൽ അവരിൽനിന്ന് ബൈബിളിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിച്ച അന്തേവാസികൾ അപ്പോഴേക്കും ജയിലിൽ ഉണ്ടായിരുന്നു. അത്തരം ഒരു ജയിലിൽ, ഒരിക്കൽ ശിലാഹൃദയർ ആയിരുന്നെങ്കിലും ഇപ്പോൾ ദൈവവചനത്തിന്റെ ശക്തിയോടു പ്രതികരിക്കുന്നവരെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഒരു വിവരണം ഇതാ.
ദക്ഷിണ-പശ്ചിമ പോളണ്ടിലെ ഒരു പട്ടണമാണ് വൊവൂഫ്. 12,000 നിവാസികൾ പാർക്കുന്ന അവിടെ 200 വർഷം പഴക്കമുള്ള ഒരു ജയിലുണ്ട്. പോളണ്ടിലെ ഭീകര കുറ്റവാളികളിൽ ചിലരെ പാർപ്പിച്ചിരിക്കുന്നത് അവിടെയാണ്. യഹോവയുടെ സാക്ഷികളുടെ വേലയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചതു മുതൽ അവിടത്തെ അന്തേവാസികൾക്ക് രാജ്യ സുവാർത്ത എത്തിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. വളരെ ഉത്സാഹത്തോടെ ആണ് അവർ അതു ചെയ്യുന്നത്.
1990 ഫെബ്രുവരിയിൽ പോളണ്ടിലെ നീതികാര്യ മന്ത്രാലയം എല്ലാ ജയിൽ അധികൃതർക്കുമായി പുറത്തിറക്കിയ ഒരു കത്താണ് അതിനു വഴി തുറന്നത്. വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ ലഭിക്കാനോ യഹോവയുടെ സാക്ഷികളുമായി കൂടിക്കാഴ്ച നടത്താനോ ആഗ്രഹിക്കുന്ന അന്തേവാസികളായ ആർക്കും “യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത്” എന്നു നിർദേശിക്കുന്നതായിരുന്നു ആ കത്ത്. സാക്ഷികളിൽ ചിലർ ദീർഘകാലം വൊവൂഫ് ജയിലിൽ കഴിഞ്ഞിരുന്നതിനാൽ അവിടത്തെ ഭീകര കുറ്റവാളികളിൽ പലരെയും അവർക്ക് അറിയാമായിരുന്നു. എങ്കിലും, മറ്റ് അന്തേവാസികളുടെ കഠിന ഹൃദയങ്ങളെ മൃദുലമാക്കാൻ ബൈബിൾ സത്യത്തെ അനുവദിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നതിനായി അവർ യഹോവയിലേക്കു നോക്കി.
വേല ആരംഭിക്കൽ
“പ്രസ്തുത പരിപാടി ആരംഭിക്കുക ദുഷ്കരമായിരുന്നു” എന്ന് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള വ്രൊറ്റ്സ്ലാഫ് നഗരത്തിൽനിന്നുള്ള ചെസ്വാഫ് സഹോദരൻ പറയുന്നു. അദ്ദേഹത്തെയാണ് വൊവൂഫ് ജയിൽ സന്ദർശിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത്. “നമ്മുടെ ‘മതപരമായ സേവനങ്ങൾ’ തടവുകാർക്കു പ്രയോജനപ്പെടുമെന്ന് ജയിൽ അധികൃതരെ ബോധ്യപ്പെടുത്താൻ അവരുമായി നീണ്ട ചർച്ചകൾ നടത്തേണ്ടിവന്നു.”
“കുറ്റവാളികൾ മതപരമായ സേവനങ്ങളെ ഭൗതിക നേട്ടങ്ങൾക്കുള്ള മറയായി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തീർത്തു പറഞ്ഞു” എന്ന് ചെസ്വാഫിന്റെ സഹപ്രവർത്തകനായ പാവെഫ് ഓർമിക്കുന്നു. അതു കാര്യങ്ങളെ ഒന്നുകൂടി വഷളാക്കി. എന്നാൽ മുമ്പ് അപകടകാരികൾ ആയിരുന്ന മൂന്നു കുറ്റവാളികൾ 1991-ൽ സ്നാപനമേറ്റപ്പോൾ ജയിൽ അധികൃതർ തങ്ങളുടെ മനോഭാവത്തിനു മാറ്റം വരുത്തി. അങ്ങനെ അവരുടെ സഹകരണം വർധിക്കുകയും ചെയ്തു.
“കുറ്റവാളികളോടും അവരെ കാണാൻ ജയിലിൽ വരുന്ന അവരുടെ കുടുംബാംഗങ്ങളോടും അതുപോലെതന്നെ ജയിൽ അധികൃതരോടും സാക്ഷീകരിച്ചുകൊണ്ട് ഞങ്ങൾ തുടക്കമിട്ടു” എന്ന് ചെസ്വാഫ് വിശദീകരിക്കുന്നു. “പിന്നീട് വാർഡുകൾ തോറും സുവാർത്ത പ്രസംഗിക്കാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു. വളരെ അപൂർവമായി മാത്രം അധികൃതർ അനുവദിക്കുന്ന ഒരു സംഗതി ആയിരുന്നു അത്. ഒടുവിൽ, ആദ്യ താത്പര്യക്കാരെ കണ്ടെത്തിയപ്പോൾ അവർക്കായി ബൈബിൾ അധ്യയനങ്ങളും ക്രിസ്തീയ യോഗങ്ങളും നടത്തുന്നതിനു ഞങ്ങൾക്ക് ഒരു ചെറിയ ഹാൾ ലഭിച്ചു.” അങ്ങനെ, തടവുകാരുടെ ശിലാഹൃദയങ്ങളിലേക്ക് യഹോവ വഴി തുറന്നുതന്നു.
ഫലപ്രദമായ വിദ്യാഭ്യാസ പരിപാടി
താമസിയാതെ ആ ചെറിയ ഹാൾ മതിയാകാതെ വന്നു. സ്നാപനമേറ്റ തടവുകാരും പുറത്തുനിന്നു വന്ന സഹോദരന്മാരും പ്രസംഗവേലയിൽ പങ്കെടുത്തതിന്റെ ഫലമായി 50-ഓളം കുറ്റവാളികൾ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. “മൂന്നു വർഷത്തിലധികം ഞങ്ങൾ അവിടെ എല്ലാ യോഗങ്ങളും നടത്തി, തടവുകാർ പ്രതിവാര യോഗങ്ങളിൽ പതിവായി സംബന്ധിക്കാനും തുടങ്ങി,” ഒരു പ്രാദേശിക മൂപ്പൻ വിശദീകരിക്കുന്നു. അങ്ങനെ 1995 മേയിൽ അവർക്കു വലിയൊരു ഹാൾ ഉപയോഗിക്കുന്നതിന് അനുവാദം ലഭിച്ചു.
ജയിലിൽ നടത്തുന്ന യോഗങ്ങളിൽ ആർക്കു സംബന്ധിക്കാൻ കഴിയുമെന്ന് ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ നിശ്ചയിക്കുന്നത് എങ്ങനെയാണ്? “സത്യത്തോട് ആത്മാർഥമായ താത്പര്യം പ്രകടമാക്കുന്ന തടവുകാരുടെ ഒരു ലിസ്റ്റ് ഞങ്ങൾക്കുണ്ട്” എന്ന് ചെസ്വാഫ്, സ്ഡ്ജഷ്വാഫ് എന്നീ സഹോദരന്മാർ വിശദീകരിക്കുന്നു. “ഒരു കുറ്റവാളി പുരോഗതി വരുത്താതിരിക്കുകയോ തക്കതായ കാരണം കൂടാതെ യോഗങ്ങൾ മുടക്കുകയോ ചെയ്താൽ, അത്തരം കരുതലുകളോടുള്ള വിലമതിപ്പില്ലായ്മയെ ആണ് അതു സൂചിപ്പിക്കുക. അപ്പോൾ ലിസ്റ്റിൽനിന്നു ഞങ്ങൾ അയാളുടെ പേര് വെട്ടിക്കളയും. ജയിൽ അധികാരിയെ അക്കാര്യം അറിയിക്കുകയും ചെയ്യും.”
ബൈബിൾ അധ്യയന സമയത്ത്, യോഗങ്ങൾക്ക് എങ്ങനെ നന്നായി തയ്യാറാകാമെന്നും സാഹിത്യങ്ങൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സഹോദരന്മാർ തടവുകാരെ പഠിപ്പിക്കുന്നു. തന്മൂലം അന്തേവാസികൾ ശരിക്കും തയ്യാറായാണ് യോഗങ്ങൾക്കു വരുന്നത്, അവർ നന്നായി പങ്കുപറ്റുകയും ചെയ്യുന്നു. പ്രോത്സാഹജനകമായ ഉത്തരങ്ങൾ അവർ പറയുന്നു, ബൈബിൾ വിദഗ്ധമായി ഉപയോഗിക്കുന്നു, ലഭിക്കുന്ന ബുദ്ധ്യുപദേശം ബാധകമാക്കുന്നു, ‘ഞാൻ ഇതു ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ അതു ചെയ്യേണ്ടതുണ്ട്’ എന്ന അഭിപ്രായങ്ങളും അവർ തങ്ങളുടെ ഉത്തരത്തോടു കൂട്ടിച്ചേർക്കുന്നു.
“വൊവൂഫ് ജയിലിൽ മൊത്തം 20 ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ട്. അവയിൽ എട്ടെണ്ണം ജയിലിലുള്ള മൂന്നു പ്രസാധകരാണ് നടത്തുന്നത്,” അവിടത്തെ സഭയിലെ സെക്രട്ടറി പറയുന്നു. വാർഡുകൾ തോറും പ്രസംഗിക്കുമ്പോഴും ജയിൽ കോമ്പൗണ്ടിൽ അങ്ങുമിങ്ങും നടക്കുന്ന അവസരത്തിൽ പ്രസംഗിക്കുമ്പോഴും അവർക്കു നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1993 സെപ്റ്റംബർ മുതൽ 1994 ജൂൺ വരെയുള്ള പത്ത് മാസംകൊണ്ട് അവർ 235 പുസ്തകങ്ങളും 300-ഓളം ലഘുപത്രികകളും 1,700 മാസികകളും വിതരണം ചെയ്തു. അടുത്ത കാലത്ത്, ജയിൽ അധികൃതരിൽ രണ്ടു പേർ ബൈബിൾ പഠിക്കാനുള്ള ആഗ്രഹം പ്രകടമാക്കുകയുണ്ടായി.
പ്രത്യേക സമ്മേളനങ്ങൾ സന്തോഷം കൈവരുത്തുന്നു
കാലക്രമത്തിൽ, ആ ജയിലിലെ വിദ്യാഭ്യാസ പരിപാടിയിൽ മറ്റൊരു ഘടകം കൂടി ഉൾപ്പെടുത്തി—പ്രത്യേക സമ്മേളനങ്ങൾ. സഞ്ചാര മേൽവിചാരകന്മാരും യോഗ്യരായ മറ്റു സഹോദരന്മാരും ജയിലിലെ ജിംനേഷ്യം ഹാളിൽ സർക്കിട്ട് സമ്മേളനത്തിന്റെയും ഏകദിന പ്രത്യേക സമ്മേളന പരിപാടിയുടെയും മുഖ്യ ഭാഗങ്ങൾ അവതരിപ്പിക്കും. അവിടെ ആദ്യത്തെ പ്രത്യേക സമ്മേളനം നടത്തിയത് 1993 ഒക്ടോബറിൽ ആണ്. അതിൽ 50 അന്തേവാസികൾ സംബന്ധിച്ചു. “സ്ത്രീകളും കൊച്ചു കുട്ടികളും അടക്കം അവരുടെ മുഴു കുടുംബങ്ങളും വ്രൊറ്റ്സ്ലാഫിൽനിന്ന് എത്തിയിരുന്നു” എന്ന് സ്വൊവോ പോൾസ്കി എന്ന പത്രം റിപ്പോർട്ടു ചെയ്തു. മൊത്തം 139 പേർ ഹാജരായിരുന്നു. സഹോദരിമാർ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനും നല്ല ക്രിസ്തീയ സഹവാസം ആസ്വദിക്കാനുമുള്ള അവസരം ആ സമ്മേളന പരിപാടിയിലെ ഇടവേളയിൽ ലഭിച്ചു.
അതിനുശേഷം മറ്റ് ഏഴു പ്രത്യേക സമ്മേളനങ്ങൾ കൂടി നടത്തപ്പെട്ടു. അതിന്റെ പ്രയോജനങ്ങൾ ജയിലിൽ ഉള്ളവർക്കു മാത്രമല്ല, വെളിയിലുള്ളവർക്കും ലഭിച്ചു. സാക്ഷിയായ ഒരു സഹോദരി, ഇപ്പോൾ പട്ടണത്തിൽ താമസിക്കുന്ന ഒരു മുൻ വൊവൂഫ് തടവുകാരനെ സന്ദർശിച്ചപ്പോൾ ആദ്യം അയാൾ ആശാവഹമായ മനോഭാവം കാട്ടിയില്ല. എന്നാൽ, ഒരു തടവുകാരൻ ഇപ്പോൾ സാക്ഷിയാണെന്നു പറഞ്ഞപ്പോൾ അയാൾക്ക് അതു വിശ്വസിക്കാനായില്ല: “ആ കൊലയാളി ഇപ്പോൾ ഒരു സാക്ഷിയാണെന്നോ?” തത്ഫലമായി, അയാൾ ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു.
അത്ഭുതകരമായ പരിവർത്തനങ്ങൾ നടക്കുന്നു
ഈ വൻ വിദ്യാഭ്യാസ പരിപാടി തടവുകാരുടെ ശിലാഹൃദയങ്ങളെ മൃദുവാക്കിയിട്ടുണ്ടോ? അവർതന്നെ സ്വന്തം കഥകൾ പറയട്ടെ.
“എന്റെ മാതാപിതാക്കൾ ആരെന്ന് ഒരിക്കലും എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. കാരണം, എന്റെ ചെറുപ്പത്തിലേ അവർ എന്നെ ഉപേക്ഷിച്ചു. സ്നേഹിക്കപ്പെടാത്തതിന്റെ അതീവ ദുഃഖം എനിക്ക് അനുഭവപ്പെട്ടു,” പ്രകൃത്യാ ചിന്താധീനനായ സ്ഡ്ജഷ്വാഫ് എന്നയാൾ പറയുന്നു. “ചെറുപ്പത്തിൽ ഞാൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു. ഒടുവിൽ ഒരു കൊലപാതകവും നടത്തി. കുറ്റബോധം നിമിത്തം ആത്മഹത്യ ചെയ്യണമെന്നു തോന്നി. ഒരു യഥാർഥ പ്രത്യാശയ്ക്കായി ഞാൻ ആത്മാർഥമായി അന്വേഷിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, 1987-ൽ ഞാൻ വീക്ഷാഗോപുരം മാസിക കാണാനിടയായി. അതിൽനിന്ന് പുനരുത്ഥാന പ്രത്യാശയെയും നിത്യജീവനെയും കുറിച്ച് ഞാൻ മനസ്സിലാക്കി. സകല പ്രത്യാശകളും അറ്റുപോയിട്ടില്ല എന്നു മനസ്സിലാക്കിയ ഞാൻ ആത്മഹത്യാ ചിന്ത ഉപേക്ഷിച്ച് ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ യഹോവയുടെയും സഹോദരങ്ങളുടെയും സ്നേഹത്തിന്റെ അർഥം മനസ്സിലാക്കിയിരിക്കുന്നു.” ഈ മുൻ ഘാതകൻ 1993 മുതൽ ഒരു ശുശ്രൂഷാ ദാസനാണ്, ആ വർഷം മുതൽ ഒരു സഹായ പയനിയറായും സേവിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം ഒരു നിരന്തര പയനിയർ ആയിത്തീർന്നു.
നേരേമറിച്ച്, തോമാഷ് സത്വരം ബൈബിൾ അധ്യയനം സ്വീകരിച്ച ആളാണ്. “എങ്കിലും അത് ആത്മാർഥമായ ഒരു നടപടി ആയിരുന്നില്ല,” അദ്ദേഹം തുറന്നു പറയുന്നു. “യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കുമ്പോൾ എന്റെ സാമർഥ്യം കാണിക്കാൻ മാത്രമാണ് ഞാൻ [ബൈബിൾ] പഠിച്ചത്. എങ്കിലും ബൈബിൾ സത്യം അനുസരിച്ച് ഞാൻ ജീവിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ ദൃഢതീരുമാനം എടുത്ത് ഒരു ക്രിസ്തീയ യോഗത്തിനു പോയി. സ്നാപനമേറ്റ തടവുകാർ എനിക്ക് ഉഷ്മളമായ സ്വാഗതമാണു നൽകിയത്. എന്റെ അറിവു മറ്റുള്ളവരെ കാണിക്കാൻ ശ്രമിക്കുന്നതിനു പകരം എന്റെ ശിലാഹൃദയം മൃദുവാക്കി മനസ്സിനു പരിവർത്തനം വരുത്തേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി.” തോമാഷ് പുതിയ ക്രിസ്തീയ വ്യക്തിത്വം ധരിക്കാൻ തുടങ്ങി. (എഫെസ്യർ 4:22-24, NW) ഇന്ന് അദ്ദേഹം സമർപ്പിച്ച് സ്നാപനമേറ്റ ഒരു സാക്ഷിയാണ്, ജയിലിലെ വാർഡുകൾ തോറും പ്രസംഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.
മുൻകാല സുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദങ്ങൾ
ജയിലിൽവെച്ചു ബൈബിൾ സത്യം പഠിച്ചവർക്ക് വാർഡിലെ തങ്ങളുടെ മുൻകാല സുഹൃത്തുക്കളിൽനിന്നും ജയിൽ അധികൃതരിൽനിന്നും കടുത്ത സമ്മർദങ്ങൾ നേരിട്ടു. അവരിൽ ഒരാൾ ഇങ്ങനെ ഓർമിക്കുന്നു: “[മറ്റുള്ളവർ] എന്നെ നിരന്തരം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ സഹോദരങ്ങളുടെ പ്രോത്സാഹന വാക്കുകൾ ഞാൻ മറന്നില്ല. ‘യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കുക’ എന്ന് അവർ എന്നോടു പറഞ്ഞു. ‘ബൈബിൾ വായിക്കുക, അപ്പോൾ ആന്തരിക സമാധാനം കിട്ടും.’ അതു വാസ്തവത്തിൽ എന്നെ സഹായിച്ചു.”
“എന്റെ സഹതടവുകാർ വളരെ നിർദയമായാണ് എനിക്കെതിരെ സംസാരിച്ചത്” എന്ന് റിഷാർദ് എന്ന സ്നാപനമേറ്റ കരുത്തുറ്റ സഹോദരൻ പറയുന്നു. “‘മീറ്റിങ്ങിനൊക്കെ പോകുന്നത് കൊള്ളാം. പക്ഷേ, “നല്ല പിള്ള” ചമയാനൊന്നും നോക്കണ്ട, കേട്ടല്ലോ?’ എന്ന് അവർ എനിക്കു മുന്നറിയിപ്പു തരുമായിരുന്നു. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ എനിക്കു പ്രയാസങ്ങൾ സഹിക്കേണ്ടി വന്നു. അവർ എന്റെ കിടക്ക മറിച്ചിട്ടു, ബൈബിൾ സാഹിത്യങ്ങൾ വലിച്ചെറിഞ്ഞു, വാർഡിൽ ഞാൻ താമസിച്ചിരുന്ന ഭാഗം അലങ്കോലപ്പെടുത്തി. നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കുന്നതിന് ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട്, നിശ്ശബ്ദം എല്ലാം പെറുക്കി നേരേയാക്കി വെച്ചു. കുറെ കഴിഞ്ഞപ്പോൾ അവരുടെ ആക്രമണം നിലച്ചു.”
“ഞങ്ങൾ യഹോവയെ സേവിക്കാൻ ദൃഢതീരുമാനം ചെയ്തിരിക്കുന്നു എന്നു സഹതടവുകാർ മനസ്സിലാക്കുമ്പോൾ സമ്മർദത്തിനു മറ്റൊരു രൂപം കൈവരുന്നു,” എന്ന് സ്നാപനമേറ്റ മറ്റു ചില തടവുകാർ പറയുന്നു. ‘നിനക്കു മേലാൽ കുടിക്കാനോ പുകവലിക്കാനോ നുണ പറയാനോ പാടില്ല എന്നോർക്കുക’ എന്ന് അവർ പറയാനിടയുണ്ട്. അത്തരത്തിലുള്ള സമ്മർദം ശരീരത്തെ നിയന്ത്രിക്കാനും ചീത്ത സ്വഭാവങ്ങളോ ആസക്തികളോ ഒഴിവാക്കാനും ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താനും ഒരുവനെ സഹായിക്കുന്നു.”—ഗലാത്യർ 5:22, 23.
ദൈവത്തിന്റെ സമർപ്പിത ദാസന്മാർ ആയിത്തീരൽ
ജയിൽ അധികൃതരുടെ അനുവാദത്തോടെ 1991 വസന്തത്തിൽ ജിംനേഷ്യത്തിൽ വെച്ച് അവിടത്തെ ആദ്യ സ്നാപനം നടന്നു. സ്ഡ്ജഷ്വാഫ് ആയിരുന്നു സന്തോഷവാനായ ആ സ്നാപനാർഥി. 12 അന്തേവാസികൾ ആ അവസരത്തിൽ സന്നിഹിതരായിരുന്നു, പുറത്തുനിന്ന് 21 സഹോദരങ്ങളും എത്തിയിരുന്നു. യോഗത്തിനു തടവുകാരുടെ മേൽ പ്രോത്സാഹജനകമായ ഒരു ഫലമാണ് ഉണ്ടായിരുന്നത്. അവരിൽ അനേകർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. തത്ഫലമായി, പിന്നീട് ആ വർഷംതന്നെ വേറെ രണ്ടു പേർ കൂടി സ്നാപനമേറ്റു. രണ്ടു വർഷം കഴിഞ്ഞ്, അതായത് 1993-ൽ, സ്നാപനങ്ങൾ രണ്ടു പ്രാവശ്യം നടത്തേണ്ടിവന്നു. ഏഴ് കുറ്റവാളികൾ കൂടി യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി!
ഡിസംബറിൽ നടന്ന സ്നാപനത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്തുകൊണ്ട് പ്രാദേശിക ദിനപത്രമായ വ്യെച്ചൊർദ് വ്റൊറ്റ്സ്വാവിയാ ഇങ്ങനെ പ്രസ്താവിച്ചു: “ആളുകൾ ജിംനേഷ്യം ഹാളിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കുന്നു. അവർ എല്ലാവരെയും അഭിവാദനം ചെയ്യുകയും കൈ പിടിച്ചു കുലുക്കുകയും ചെയ്യുന്നു. ആരും ഇവിടെ അപരിചിതരല്ല. ചിന്തയിലും ജീവിതരീതിയിലും ഏക ദൈവമായ യഹോവയെ സേവിക്കുന്നതിലും ഐക്യമുള്ള അവർ ഒരു വലിയ കുടുംബം ആണ്.” ആ “വലിയ കുടുംബ”ത്തിൽ അന്ന് 50 കുറ്റവാളികൾ ഉൾപ്പെടെ 135 പേരുണ്ടായിരുന്നു. അവരിൽ ചിലരെ നമുക്കു പരിചയപ്പെടാം.
ജൂണിൽ സ്നാപനമേറ്റ യെഴ്സി ഇങ്ങനെ വിവരിക്കുന്നു: “വർഷങ്ങൾക്കു മുമ്പ് ഞാൻ ബൈബിൾ സത്യവുമായി സമ്പർക്കത്തിൽ വന്നെങ്കിലും, വാസ്തവത്തിൽ എനിക്ക് ഉണ്ടായിരുന്നത് ഒരു ശിലാഹൃദയം ആയിരുന്നു. വഞ്ചന, ആദ്യ ഭാര്യയിൽ നിന്നുള്ള വിവാഹമോചനം, ക്രിസ്റ്റിനയുമായുള്ള അവിഹിത ബന്ധം, ഒരു ജാരസന്തതിയുടെ പിതാവാകൽ, വീണ്ടും വീണ്ടും ജയിലിലേക്കുള്ള പോക്ക്—അതൊക്കെയായിരുന്നു എന്റെ ജീവിതം.” ജയിലിലായിരിക്കെ മറ്റു കഠിന കുറ്റവാളികൾ സാക്ഷികൾ ആയിത്തീർന്നത് കണ്ടപ്പോൾ അദ്ദേഹം തന്നോടുതന്നെ ചോദിക്കാൻ തുടങ്ങി: ‘എനിക്കും ഒരു നല്ല മനുഷ്യൻ ആയിക്കൂടെ?’ തനിക്കും ബൈബിൾ പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. എന്നാൽ, ക്രിസ്റ്റിന മൂന്നു വർഷം മുമ്പ് ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നു എന്ന് ഗവൺമെന്റ് പ്രോസിക്യൂട്ടറിൽനിന്ന് അറിയാൻ കഴിഞ്ഞത് യഥാർഥ വഴിത്തിരിവായിരുന്നു. “ഞാൻ ശരിക്കും അമ്പരന്നുപോയി!” എന്ന് യെഴ്സി പറയുന്നു. “‘എന്റെ കാര്യമോ? എന്താണ് ഞാൻ ചെയ്യുന്നത്?’ എന്ന് ഞാൻ ചിന്തിച്ചു. യഹോവയുടെ അംഗീകാരം നേടുന്നതിനു സ്വന്തം ജീവിതം നേരേയാക്കണമെന്ന് ഞാൻ മനസ്സിലാക്കി.” തത്ഫലമായി, ജയിലിൽവെച്ച് സന്തുഷ്ടമായ ഒരു പുനഃസമാഗമം നടന്നു—ക്രിസ്റ്റിനയും 11 വയസ്സുള്ള മകൾ മാഴ്സെനയുമായി. താമസിയാതെ, അവർ തങ്ങളുടെ വിവാഹം നിയമപരമാക്കി. ഇപ്പോഴും ജയിലിൽ കഴിയുന്ന യെഴ്സിയുടെ ജീവിതത്തിൽ ചില ഏറ്റിറക്കങ്ങളൊക്കെ ഉണ്ടെങ്കിലും, ഈയിടെ പരാശ്രയം കൂടാതെ ആംഗ്യഭാഷ പഠിച്ച അദ്ദേഹം ബധിരരായ തടവുകാരെ സഹായിക്കാൻ പ്രാപ്തൻ ആയിത്തീർന്നിരിക്കുന്നു.
പ്രാഥമിക വിദ്യാലയത്തിൽ ആയിരിക്കെത്തന്നെ മിറോസ്വാഫ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. തന്റെ സ്നേഹിതർ ചെയ്യുന്നത് അവനിൽ വലിയ ആദരവ് ഉണർത്തി, അങ്ങനെ ഉടനെ അവനും അതുതന്നെ ചെയ്യാൻ തുടങ്ങി. അവന്റെ കവർച്ചയ്ക്ക് ഇരയാവുകയോ തല്ലു കൊള്ളുകയോ ചെയ്തവർ അനേകരായിരുന്നു. ഒടുവിൽ അവൻ ജയിലഴിക്കുള്ളിൽ ആയി. “ജയിലിൽ എത്തിയപ്പോൾ ഞാൻ സഹായത്തിനായി പുരോഹിതനിലേക്കു തിരിഞ്ഞു,” മിറോസ്വാഫ് തുറന്നു പറയുന്നു. “പക്ഷേ, അദ്ദേഹം എന്നെ വളരെയധികം നിരാശപ്പെടുത്തി. അതുകൊണ്ട് വിഷം കഴിച്ചു മരിക്കാൻ ഞാൻ തീരുമാനിച്ചു.” ജീവനൊടുക്കാൻ തീരുമാനിച്ചിരുന്ന അതേ ദിവസംതന്നെ അദ്ദേഹത്തെ മറ്റൊരു ജയിലിലേക്കു മാറ്റുകയുണ്ടായി. അവിടെ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി അദ്ദേഹം കണ്ടെത്തി. അതിൽ ജീവന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചർച്ച ചെയ്തിരുന്നു. “അതിലെ വ്യക്തവും ലളിതവുമായ വിവരങ്ങൾ തന്നെയായിരുന്നു എനിക്കു വേണ്ടിയിരുന്നതും,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “പിന്നെ ജീവിക്കാൻ ആഗ്രഹമായി! തന്മൂലം ഞാൻ യഹോവയോടു പ്രാർഥിക്കുകയും ബൈബിൾ അധ്യയനത്തിനായി സാക്ഷികളോട് അഭ്യർഥിക്കുകയും ചെയ്തു.” ബൈബിൾ പഠിക്കുന്നതിൽ അതിവേഗം പുരോഗതി കൈവരിച്ച അദ്ദേഹം 1991-ൽ സ്നാപനമേറ്റു, ഇപ്പോൾ ജയിലിൽ ഒരു സഹായ പയനിയറായി സേവിക്കുകയും ചെയ്യുന്നു. വാർഡുതോറും പ്രസംഗിക്കുന്നതിനുള്ള പദവി അദ്ദേഹത്തിനുണ്ട്.
ഇതുവരെ ആകെ 15 തടവുപുള്ളികൾ സ്നാപനമേറ്റിട്ടുണ്ട്. അവരുടെ ശിക്ഷാ കാലയളവ് മൊത്തം എടുത്താൽ ഏകദേശം 260 വർഷം വരും. തങ്ങളുടെ ശിക്ഷാ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പുതന്നെ ചിലർ മോചിപ്പിക്കപ്പെട്ടു. ഒരു തടവുകാരന്റെ 25 വർഷത്തെ ശിക്ഷാവിധി 10 വർഷമാക്കി കുറച്ചുകൊടുത്തു. ജയിലിൽ ആയിരിക്കെ ബൈബിൾ പഠിക്കാൻ താത്പര്യം പ്രകടമാക്കിയ പലരും തങ്ങളുടെ മോചനത്തെ തുടർന്ന് സ്നാപനമേറ്റ സാക്ഷികൾ ആയിത്തീർന്നിരിക്കുന്നു. മാത്രമല്ല, ഇപ്പോൾ സ്നാപനത്തിന് തയ്യാറെടുക്കുന്ന നാല് അന്തേവാസികൾ കൂടി ജയിലിലുണ്ട്.
ജയിൽ അധികാരികളുടെ അംഗീകാരം
“കുറ്റവാളികളിൽ വന്നിരിക്കുന്ന മാറ്റം വിശേഷിച്ചും ശ്രദ്ധേയമാണ്. . . . പലരും പുകവലി നിർത്തുന്നു. തങ്ങളുടെ വാർഡുകൾ വൃത്തിയായി സൂക്ഷിക്കുന്നു. പല കുറ്റവാളികളിലും അത്തരം സ്വഭാവ മാറ്റങ്ങൾ പ്രകടമാണ്.” ഒരു ജയിൽ റിപ്പോർട്ടിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്.
“പരിവർത്തിതർക്കു നല്ല തരത്തിലുള്ള ശിക്ഷണമാണ് ലഭിക്കുന്നത്; അവർ ജയിലിലെ കാവൽക്കാർക്കു കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല” എന്ന് വൊവൂഫിലെ ജയിൽ അധികാരികൾ സമ്മതിക്കുന്നതായി ഴച്ചെ വാർഷാവെ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ശിക്ഷാകാലം പൂർത്തിയാകുന്നതിനു മുമ്പ് വിട്ടയയ്ക്കപ്പെടുന്നവർ യഹോവയുടെ സാക്ഷികളുടെ സമൂഹത്തിൽ ഇഴുകിച്ചേരുന്നു എന്നും അവർ പിന്നീട് കുറ്റകൃത്യ മാർഗം അവലംബിക്കുന്നില്ല എന്നും ആ ലേഖനം കൂടുതലായി പറയുന്നു.
ജയിൽ അധികാരിയുടെ അഭിപ്രായം എന്താണ്? “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഈ ജയിലിൽ ഏറ്റവും അഭികാമ്യവും സഹായകവുമാണ്” എന്ന് അദ്ദേഹം പറയുന്നു. “[സാക്ഷികളുമൊത്തുള്ള] ബൈബിൾ അധ്യയനം കുറ്റവാളികളുടെ മൂല്യങ്ങൾക്കും നിലവാരങ്ങൾക്കും മാറ്റം വരുത്തുന്നു. അങ്ങനെ, അത് അവരുടെ ജീവിതത്തിൽ ഒരു പുതിയ വഴികാട്ടി ആയിത്തീരുന്നു. അവരുടെ നടത്ത വളരെ നയവും മര്യാദയും ഉള്ളതാണ്. അവർ ഉത്സാഹമുള്ള ജോലിക്കാരാണ്, ആർക്കും കുഴപ്പങ്ങൾ വരുത്തിവെക്കുന്നുമില്ല” എന്ന് ആ ജയിൽ അധികാരി സമ്മതിക്കുന്നു. അധികാരികളുടെ അത്തരം അനുകൂലമായ അഭിപ്രായങ്ങൾ വൊവൂഫ് ജയിലിലെ അന്തേവാസികളുമൊത്തു പ്രവർത്തിക്കുന്ന സാക്ഷികൾക്കു വളരെ സംതൃപ്തി നൽകുന്നു.
അവിടെ സന്ദർശിക്കുന്ന സാക്ഷികൾ, ‘ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും’ എന്ന യേശുവിന്റെ വാക്കുകൾ പൂർണമായി വിലമതിക്കുന്നു. (യോഹന്നാൻ 10:14, 16) ചെമ്മരിയാടു തുല്യരെ കൂട്ടിച്ചേർക്കുന്നതിൽനിന്ന് നല്ല ഇടയനായ യേശുക്രിസ്തുവിനെ തടയാൻ ജയിൽ മതിലുകൾക്കു പോലും ആവില്ല. സന്തോഷകരമായ ഈ സേവനത്തിൽ പങ്കുപറ്റുകയെന്ന പദവി ഉള്ളതിൽ വൊവൂഫിലെ സാക്ഷികൾ കൃതാർഥരാണ്. അന്ത്യം വരുന്നതിനു മുമ്പ് ശിലാഹൃദയരായ കൂടുതൽ പേരെ രാജ്യ സുവാർത്തയോടു പ്രതികരിക്കാൻ സഹായിക്കുന്നതിൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹത്തിനായി അവർ അവനിലേക്കു നോക്കുന്നു.—മത്തായി 24:14.
[27-ാം പേജിലെ ചതുരം]
“മുതിർന്ന ആളിന്റെ ശിശുസ്വഭാവം”
വൊവൂഫ് ജയിലിൽ പ്രവർത്തിക്കുന്ന സാക്ഷികൾ ഇങ്ങനെ പറയുന്നു: “കുറെ കാലം ജയിലിൽ കിടന്നു കഴിയുമ്പോൾ, അവിടത്തെ ഒരു അന്തേവാസിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കുക, അല്ലെങ്കിൽ സ്വന്തം കാലിൽ നിൽക്കുക, എന്നതിന്റെ അർഥം നഷ്ടമാകുന്നു. . . . ഫലത്തിൽ, ‘മുതിർന്ന ആളിന്റെ ശിശുസ്വഭാവമാണ് പ്രശ്നം.’ അതായത്, ജയിലിൽനിന്ന് വിട്ടയക്കപ്പെടുന്നവനു സ്വന്തം കാര്യം നോക്കാൻ അറിയില്ല. അതുകൊണ്ടാണ് അയാളെ ബൈബിൾ സത്യം പഠിപ്പിക്കുന്നതിനെക്കാൾ കവിഞ്ഞ ഒരു പങ്ക് സഭയ്ക്കുള്ളത്. അഭിമുഖീകരിച്ചേക്കാവുന്ന പുതിയ അപകടങ്ങളെയും പ്രലോഭനങ്ങളെയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് സമൂഹത്തിന്റെ ഭാഗമായിത്തീരാൻ നാം അയാൾക്കു സഹായം വെച്ചുനീട്ടണം. അയാളെ സംബന്ധിച്ച് നാം അമിത സംരക്ഷണ മനോഭാവം പ്രകടമാക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ, ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കാൻ നാം അയാളെ സഹായിക്കുകയും വേണം.”