ജീവിതവും പ്രസംഗവേലയും—ഒരു അഗ്നിപർവതത്തിന്റെ നിഴലിൽ
“ഭയാനകമായ അനുഭവംതന്നെ. അതിനെ ശരിക്കും ബൈബിൾ പറയുന്ന ലോകാവസാനത്തോട് ഉപമിക്കാനാകും. നാം ഓരോ നിമിഷവും ജാഗരൂകരായിരിക്കുകയും യഹോവയുടെ മുമ്പാകെ നല്ല നില കാത്തുകൊള്ളുകയും വേണം.” യഹോവയുടെ ഒരു സാക്ഷിയായ വിക്ടറുടെ വാക്കുകളാണ് അവ. മെക്സിക്കോയിൽ സാധാരണ പോപോ എന്നു വിളിക്കപ്പെടുന്ന പോപകാറ്റെപെറ്റൽ അഗ്നിപർവതത്തിന് വളരെ അടുത്ത് പാർക്കുന്നതിന്റെ അനുഭവം വിവരിച്ചതാണ് അദ്ദേഹം.
ഈ ഗർജിക്കുന്ന അഗ്നിപർവതം 1994 മുതൽ അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.a അഗ്നിപർവത മുഖത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിലുള്ള സകലതും വലിയ അപകടാവസ്ഥയിലാണെന്ന് അധികാരികൾ നിഗമനം ചെയ്തിരിക്കുന്നു. അഗ്നിപർവതമുഖം തെക്കോട്ടു ചരിഞ്ഞിരിക്കുന്നതിനാൽ അതിന്റെ തെക്കു ഭാഗം വിശേഷാൽ അപകടകരമാണ്. അഗ്നിപർവതമുഖത്തു നിന്നുള്ള ലാവയും ചെളിയും തെറിച്ചുവരാൻ സാധ്യതയുള്ള പല പിളർപ്പുകളുമുണ്ട്.
ഒരു വലിയ പൊട്ടിത്തെറി സംഭവിക്കുന്നപക്ഷം മെക്സിക്കോ നഗരത്തിന് എന്തു സംഭവിക്കുമെന്ന് സ്വാഭാവികമായും അനേകരും ഭയക്കുന്നു. ആ നഗരത്തിന് അപകട ഭീഷണിയുണ്ടോ? അതുപോലെതന്നെ, പ്രസ്തുത അഗ്നിപർവതത്തിന്റെ തെക്കു ഭാഗത്തുള്ള മൊറേലൊസ് സംസ്ഥാനത്തിലെ ആളുകൾ എല്ലാവരും അപകട ഭീഷണിയിലാണോ? ഓരോ ദിവസവും എന്തു സംഭവിക്കുമെന്ന് അറിയാതെ അഗ്നിപർവതത്തിന്റെ നിഴലിൽ ജീവിക്കുകയെന്നാൽ എങ്ങനെയിരിക്കും?
അഗ്നിപർവത ഭീഷണി
പോപകാറ്റെപെറ്റലിന് ഏതാണ്ട് 70 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് മെക്സിക്കോ നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രം. എന്നാൽ ചില പ്രാന്തപ്രദേശങ്ങൾക്ക് അഗ്നിപർവതവുമായി 40 കിലോമീറ്റർ അകലമേയുള്ളൂ. സാങ്കേതികമായി പറഞ്ഞാൽ, രണ്ടു കോടി ജനസംഖ്യയുള്ള ഈ മഹാനഗരം മുഴുവൻ അപകട മേഖലയ്ക്കു പുറത്താണ്. എന്നിരുന്നാലും, ഈ അഗ്നിപർവതത്തിൽനിന്നു വൻ തോതിലുള്ള ചാരവർഷമുണ്ടായാൽ, കാറ്റിന്റെ ഗതി അനുസരിച്ച് അത് ഈ മേഖലയെയും ബാധിച്ചേക്കാം.
അഗ്നിപർവതത്തിന്റെ കിഴക്കു വശത്താണ് അഗ്നിപർവത ചാരത്തിന്റെ ദൂഷ്യം കൂടുതൽ അനുഭവപ്പെടുന്നത്. പ്വെബ്ല നഗരവും മറ്റ് അനേകം കൊച്ചു നഗരങ്ങളും ഉൾപ്പെട്ട, 2,00,000-ത്തോളം ആളുകൾ പാർക്കുന്ന ഈ പ്രദേശത്തിന് കൂടുതൽ അപകട സാധ്യതയുണ്ട്. 1997 മേയ് 11 ഞായറാഴ്ച ഈ അഗ്നിപർവതത്തിൽനിന്ന് പുറന്തള്ളപ്പെട്ട ടൺകണക്കിന് ചാരം ഈ മേഖലയിലാകെ പടരുകയും കിഴക്ക് 300 കിലോമീറ്റർ അകലെ കിടക്കുന്ന വെരാക്രൂസ് സംസ്ഥാനംവരെ എത്തുകയും ചെയ്തു. അഗ്നിപർവതത്തിന്റെ തെക്കു ഭാഗത്ത്, മൊറേലോസ് സംസ്ഥാനത്ത്, 40,000-ത്തോളം ആളുകൾ പാർക്കുന്ന ഗുരുതരമായ അപകട ഭീഷണിയുള്ള പല നഗരങ്ങളും പട്ടണങ്ങളുമുണ്ട്.
ഇവയ്ക്കെല്ലാം മധ്യേയാണ് യഹോവയുടെ സാക്ഷികളുടെ ജീവിതവും ജോലിയും. മെക്സിക്കോ നഗരത്തിൽ മാത്രമായി ഏതാണ്ട് 1,700 സഭകളും അവയിലെല്ലാമായി 90,000-ത്തിലധികം സാക്ഷികളും ഉണ്ട്. വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത് അഗ്നിപർവതത്തിന് വടക്കുകിഴക്കുമാറി, ഏതാണ്ട് 100 കിലോമീറ്റർ അകലെയായി, മെക്സിക്കോ നഗരത്തിനു വെളിയിലാണ്. ബ്രാഞ്ചിൽ 800-ലധികം സ്വമേധയാസേവകർ വേല ചെയ്യുന്നു. കൂടാതെ ഏതാണ്ട് 500 സ്വമേധയാസേവകർ വൻകിട നിർമാണ പദ്ധതികളിലും ഏർപ്പെട്ടിരിക്കുന്നു. അവരെല്ലാം അപകട മേഖലയ്ക്കു വെളിയിലാണ്.
മൊറേലോസ് സംസ്ഥാനത്ത് യഹോവയുടെ സാക്ഷികൾക്ക് 50 സഭകളിലായി 2,000-ത്തിലധികം രാജ്യപ്രസാധകർ ഉണ്ട്. റ്റെറ്റല ഡെൽ വൊൾക്കാനിലും വേയപാനിലും സ്ഥിതി ചെയ്യുന്ന ഇവയിൽ ചിലതിന് അഗ്നിപർവതമുഖത്തുനിന്ന് 20 കിലോമീറ്റർ അകലമേയുള്ളൂ. കൂടാതെ, കിഴക്കു ഭാഗത്ത് പ്വെബ്ല സംസ്ഥാനത്ത് ഏതാനും സഭകളിലായി ഏതാണ്ട് 600 പ്രസാധകർ ഉണ്ട്. അഗ്നിപർവതത്തിന്റെ 20-30 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പാർക്കുന്ന ഇവരെല്ലാം ശരിക്കും അപകട ഭീഷണിയിലാണ്.
യഹോവയുടെ സാക്ഷികൾ ഊർജസ്വലർ
നിരന്തര അപകട ഭീഷണി ഉണ്ടെങ്കിലും, ഈ മേഖലയിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേല നിർത്തിയിട്ടില്ല. തങ്ങൾക്ക് ഐക്യബോധവും പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ക്രിസ്തീയ യോഗങ്ങളിലും അവർ പതിവായി സംബന്ധിക്കുന്നു. (എബ്രായർ 10:24, 25) ഒരു സഭയിൽനിന്നുള്ള റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “രാജ്യ സുവാർത്തയോടുള്ള ആളുകളുടെ മനോഭാവത്തിൽ ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കൊച്ചു ഗ്രാമത്തിൽ ഈയിടെ 18 പേർ ബൈബിളധ്യയനം സ്വീകരിക്കുകയുണ്ടായി.”
അഗ്നിപർവതത്തിൽനിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സഭ റിപ്പോർട്ട് ചെയ്യുന്നു: “വളരെ നല്ല വളർച്ചയാണ് ഇവിടെ. 1996 നവംബറിലാണ് ഈ സഭ സ്ഥാപിതമായത്. തുടർന്നുള്ള ആറു മാസത്തിനുള്ളിൽ, 10 പേർ വയൽ ശുശ്രൂഷയിൽ പങ്കുപറ്റുന്നതിനു യോഗ്യരായിത്തീർന്നു. അഗ്നിപർവതമുഖത്തുനിന്ന് കേവലം 20 കിലോമീറ്ററോളം അകലെ പാർക്കുന്ന പ്രസാധകരുമുണ്ട്. ഇവിടെ നടത്തപ്പെടുന്ന ക്രിസ്തീയ യോഗങ്ങളിൽ 40-ഓളം പേർ സംബന്ധിക്കുന്നുണ്ട്.”
അഗ്നിപർവതത്തിൽനിന്ന് കേവലം 25 കിലോമീറ്റർ അകലെ പ്വെബ്ലയിലെ സാൻ ആഗൂസ്റ്റിൻ ഇക്സ്റ്റാവിക്സ്റ്റ്ലായിൽ പാർക്കുന്ന മാഗ്ദാലേന തിരക്കോടെ ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു. ഒരു വലിയ പൊട്ടിത്തെറിക്കു ശേഷം എന്തു സംഭവിച്ചുവെന്ന് അവൾ വിവരിക്കുന്നു.
“വീടു വിട്ടുപോകണമെന്ന് അറിയിപ്പു ലഭിച്ചതിനെ തുടർന്ന് ചാരവർഷത്തിനിടയിൽ ഞങ്ങൾ വീടുവിട്ടുപോന്നു. സ്ഥിതിവിശേഷം വളരെ അടിയന്തിരമായിരുന്നിട്ടും, ഞാൻ ബൈബിൾ അധ്യയനം നടത്തുന്ന ഡോരാഡോ കുടുംബത്തെ കുറിച്ച് ഓർത്തു. സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്നതിന് സഹായിക്കാനായി കുറച്ചു സഹോദരങ്ങളെയും കൂട്ടി ഞാൻ അവരുടെ അടുക്കലേക്കു പോയി. അടുത്ത നഗരമായ പ്വെബ്ലയിൽ യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസ കമ്മിറ്റി അതിനോടകംതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. അവർ ഞങ്ങളെല്ലാവരോടും ഇടപെട്ട വിധം ഡോരാഡോ കുടുംബത്തിനു നല്ല മതിപ്പായി. ക്രിസ്തീയ സഹോദരങ്ങൾ മുന്നമേതന്നെ ഞങ്ങൾക്കു വേണ്ടി പലയിടങ്ങളിലായി താമസ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വീട്ടിൽനിന്ന് അകലെ ആയിരുന്നിട്ടും ഞങ്ങൾക്ക് ഒരു കുറവും അനുഭവപ്പെട്ടില്ല. ഈ കുടുംബം രാജ്യഹാളിൽ ഏതാനും യോഗങ്ങൾക്കു സംബന്ധിച്ചിരുന്നു. എന്നാൽ തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരങ്ങൾ പ്രകടമാക്കിയ സ്നേഹത്തിൽ അവർ വിസ്മയിച്ചുപോയി. വീട്ടിൽ തിരിച്ചെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ഈ കുടുംബം എല്ലാ യോഗങ്ങൾക്കും ക്രമമായി സംബന്ധിക്കാൻ തുടങ്ങി. താമസിയാതെ അവർ സുവാർത്ത പ്രസംഗിക്കാൻ യോഗ്യരായി. അവരിൽ രണ്ടു പേർ ഇതിനോടകം സ്നാപനമേറ്റിരുന്നു. ഏതാനും മാസങ്ങൾ സഹായ പയനിയർമാരായി സേവിച്ച അവരിപ്പോൾ നിരന്തര പയനിയർ സേവനത്തിൽ പ്രവേശിക്കാൻ പരിപാടിയിടുന്നു.”
അഗ്നിപർവതമുഖത്തുനിന്ന് 21 കിലോമീറ്റർ അകലെ പാർക്കുന്ന 20 വയസ്സുകാരിയാണ് മാർത്ത. വികലാംഗ ആണെങ്കിലും, അവൾ പ്രസംഗിക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. മൂന്നു വർഷം മുമ്പായിരുന്നു അവൾ സത്യം പഠിച്ചത്. അഗ്നിപർവതം വീണ്ടും സജീവമായ സമയമായിരുന്നു അത്. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പ്രദേശത്ത് പാർക്കുന്നതിനാൽ അവൾ ചക്രക്കസേര ഉപയോഗിക്കുന്നില്ല, പകരം കഴുതപ്പുറത്ത് കയറിയാണ് പ്രസംഗവേലയ്ക്കും യോഗങ്ങൾക്കും പോകുന്നത്. കഴുതപ്പുറത്തുനിന്ന് ഇറങ്ങാനും അതിനുമേൽ കയറാനും സഭയിലെ സഹോദരിമാർ അവളെ സഹായിക്കുന്നു. സ്നേഹമുള്ള ഈ സഹോദരവർഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ മാർത്തയ്ക്ക് യഹോവയോട് ആഴമായ നന്ദിയുണ്ട്. ഓരോ മാസവും അവൾ ശുശ്രൂഷയിൽ 15-ലധികം മണിക്കൂർ ചെലവഴിക്കുന്നു.
ഈ ഒറ്റപ്പെട്ട മേഖലകളിൽ, മതപരമായ വിശേഷ ദിവസങ്ങളുടെ ആഘോഷത്തിൽ തങ്ങളോടൊപ്പം ചേരാൻ അയൽക്കാർ യഹോവയുടെ സാക്ഷികളെ പലപ്പോഴും നിർബന്ധിക്കാറുണ്ട്. അഗ്നിപർവതത്തിൽനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമായ തുൾസിങ്കോയിലെ ഒരാൾക്ക് സാക്ഷികളെ സന്ദർശിച്ച് ആഘോഷങ്ങൾക്കു സംഭാവന പിരിക്കുന്നതിനുള്ള നിയമനം ലഭിച്ചു. മതപരമായ അത്തരം വിശേഷ ദിവസങ്ങളിൽ തങ്ങൾ പങ്കെടുക്കാത്തതിന്റെ കാരണം സഹോദരങ്ങൾ ക്ഷമയോടെ വിശദീകരിച്ചു. എന്നാൽ അയാൾ പിൻമാറിയില്ല. സഹോദരന്മാരിൽനിന്നു പണം പിരിക്കാനാകുമെന്ന വിശ്വാസത്തിൽ അയാൾ അവരുമായി സഹവസിക്കാൻ തുടങ്ങി. അങ്ങനെ അയാൾക്ക് അവരുടെ ഏതാനും വിശ്വാസങ്ങളെ കുറിച്ചുള്ള അറിവു ലഭിച്ചു. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തന്റെ കത്തോലിക്കാ ബൈബിളിൽത്തന്നെ കണ്ടത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അയാളും ഭാര്യയും പുത്രിയും ഇപ്പോൾ ഒരു വർഷമായി മുടങ്ങാതെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. അദ്ദേഹം സുവാർത്തയുടെ ഒരു പ്രസാധകൻ ആയിത്തീരുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു കഴിഞ്ഞു.
നിങ്ങൾക്ക് എങ്ങനെ ഒരുങ്ങിയിരിക്കാൻ കഴിയും?
അഗ്നിപർവത വിദഗ്ധർ അപകടകാരിയായ പോപകാറ്റെപെറ്റലിനെ കുറിച്ച് പഠനം നടത്തി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വിടുന്നുണ്ടെങ്കിലും, എന്ത്, എപ്പോൾ സംഭവിക്കുമെന്നു വാസ്തവത്തിൽ ആർക്കും അറിയില്ല. വാർത്താ മാധ്യമങ്ങളും സമീപസ്ഥരും പറയുന്നതനുസരിച്ച്, അഗ്നിപർവതം ഏതു സമയത്തും പൊട്ടിത്തെറിക്കാം. യഥാർഥത്തിൽ ഭീഷണി ഉണ്ട്. തീർച്ചയായും, അധികാരികൾ നല്ല താത്പര്യം കാട്ടുന്നുണ്ട്. ഒരു അടിയന്തിര ഘട്ടത്തെ നേരിടാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ ആളുകൾ പരിഭ്രാന്തിയിലായി കൂട്ടത്തോടെ പലായനം ചെയ്യുമെന്നതിനാൽ, സത്വര അപകട സാധ്യതയില്ലെങ്കിൽ, മുന്നറിയിപ്പുകൾ നൽകുന്നതിൽ അവർ വ്യക്തമായും വിവേചന ഉപയോഗിക്കുകയാണ്. അപ്പോൾ ഒരുവൻ എന്തു ചെയ്യണം?
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 22:3) അതുകൊണ്ട്, അതിഭയങ്കരമായ അത്തരം പ്രകൃതി ശക്തികളെ നിസ്സാരമായി കണ്ട് ഒന്നും സംഭവിക്കില്ലെന്നമട്ടിൽ ‘നിസ്സംഗത’ കാട്ടുകയല്ല വേണ്ടത്. മറിച്ച് ജ്ഞാനപൂർവകമായ ഗതി, അവസരമുള്ളപ്പോൾ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാൻ അത്യാവശ്യ നടപടികൾ കൈക്കൊള്ളുന്നതാണ്. ഇതാണ് ഈ മേഖലയിലെ യഹോവയുടെ സാക്ഷികളുടെ വീക്ഷണം.
ഈയിടെ, വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള പ്രതിനിധികൾ അപകട മേഖലയിലുള്ള സഭകളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന, പ്വെബ്ല സംസ്ഥാനത്തെ സഞ്ചാര മേൽവിചാരകന്മാരെ കാണുകയുണ്ടായി. സഞ്ചാര മേൽവിചാരകന്മാരും ദുരിതാശ്വാസ കമ്മിറ്റി അംഗങ്ങളും അഗ്നിപർവതമുഖത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പാർക്കുന്ന ഓരോ കുടുംബത്തെയും സന്ദർശിക്കുന്നതിനുള്ള പരിപാടി തയ്യാറാക്കി. വൻ പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുമ്പായി അപകട മേഖലയിൽനിന്നു മാറിത്താമസിക്കുന്ന കാര്യം പരിചിന്തിക്കാൻ ഈ കുടുംബങ്ങൾക്കു പ്രോത്സാഹനം ലഭിച്ചു. 1,500 ആളുകളെ പ്വെബ്ല നഗരത്തിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനുള്ള വാഹന, താമസ സൗകര്യങ്ങൾ ഏർപ്പാടാക്കി. ചില കുടുംബങ്ങൾ മറ്റു നഗരങ്ങളിലെ തങ്ങളുടെ ബന്ധുക്കളുടെ ഭവനങ്ങളിലേക്കു മാറിത്താമസിച്ചു.
വലിയ നാശത്തെ കുറിച്ചുള്ള മുന്നറിയിപ്പ്
പോപകാറ്റെപെറ്റലിൽനിന്നുള്ള പുകയും തീയും ഗർജനങ്ങളും ഒരു പൊട്ടിത്തെറി സമീപിച്ചിരിക്കുന്നുവെന്നു വ്യക്തമായും സൂചിപ്പിക്കുന്നു. രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും അധികാരികളുടെ മുന്നറിയിപ്പ് ചെവിക്കൊണ്ട് ഉചിതമായ നടപടി സ്വീകരിക്കണം. അഗ്നിപർവതത്തിന്റെ സമീപ മേഖലകളിലുള്ള യഹോവയുടെ സാക്ഷികൾ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനും അപകടം മനസ്സിലാക്കി ഏറെ വൈകുംമുമ്പ് എന്തെങ്കിലും ചെയ്യുന്നതിനു മറ്റുള്ളവരെ സഹായിക്കാനും നിതാന്ത ജാഗ്രത പുലർത്തുകയാണ്.
ഒരു വലിയ അളവിൽ, യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ലോക സംഭവങ്ങൾ സംബന്ധിച്ച് ജാഗരൂകരാണ്. അഗ്നിപർവത സ്ഫോടനങ്ങൾ മാത്രമല്ല, യുദ്ധങ്ങളും ഭൂകമ്പങ്ങളും ക്ഷാമങ്ങളും രോഗങ്ങളും കുറ്റകൃത്യങ്ങളും എല്ലാം പ്രധാനപ്പെട്ടതാണ്. അവയെല്ലാം “ഈ വ്യവസ്ഥിതിയുടെ സമാപന”ത്തെ തിരിച്ചറിയിക്കുന്നതായി യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞ സംയുക്ത അടയാളത്തിന്റെ ഘടകങ്ങളാണ്. ആ അന്ത്യം വരുന്നത് എപ്പോഴാണെന്നു കൃത്യമായി ആർക്കും അറിയില്ലെങ്കിലും, അതു നിസ്സംശയമായും വന്നുകൊണ്ടിരിക്കുകയാണ്, വളരെ വളരെ അടുത്ത് എത്തിയിരിക്കുകയുമാണ്.—മത്തായി 24:3, 7-14, 32-39, NW.
എല്ലായിടത്തുമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അടിയന്തിര ആവശ്യം യേശുവിന്റെ മുന്നറിയിപ്പ് വളരെ ഗൗരവമായി എടുക്കുക എന്നതാണ്: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 21:34) വ്യക്തമായും ഇതാണ് ബുദ്ധിപൂർവകമായ ഗതി. അഗ്നിപർവതത്തിന്റെ മുന്നറിയിപ്പിൻ അടയാളങ്ങളെ നിസ്സാരമായി കാണരുതാത്തതുപോലെ, പിൻവരുന്നതുപോല ആഹ്വാനം ചെയ്ത മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ വരവിനെയും നാം അവഗണിക്കരുത്: “അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”—മത്തായി 24:44.
[അടിക്കുറിപ്പുകൾ]
a വളരെ അപകടകാരിയായ ഈ അഗ്നിപർവതത്തെ കുറിച്ച് 1997 മാർച്ച് 8 ലക്കം ഉണരുക! മാസിക റിപ്പോർട്ടു ചെയ്തിരുന്നു.
[23-ാം പേജിലെ ചിത്രങ്ങൾ]
പോപകാറ്റെപെറ്റലിന്റെ നിഴലിൽ മറ്റുള്ളവരോടൊപ്പം മാർത്ത (കഴുതപ്പുറത്ത്) സാക്ഷീകരിക്കുന്നു