വളരെ വിശേഷതരമായ ഒരു വിവാഹ ചടങ്ങ്
മൊസാമ്പിക്കിന്റെ വടക്ക് മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ട ഹരിതസമൃദ്ധമായ ഒരു താഴ്വരയുണ്ട്. ആ പർവതങ്ങളിൽ ചിലത് ശിലാനിബിഡവും മറ്റുള്ളവ സസ്യത്തഴപ്പാർന്നതുമാണ്. അവിടെയാണ് ഫിൻഗോയി ഗ്രാമം സ്ഥിതിചെയ്യുന്നത്. തെളിഞ്ഞ ശീതകാല രാത്രികളിൽ ആകാശം നക്ഷത്രങ്ങളാൽ വെട്ടിത്തിളങ്ങുന്നു. ഗ്രാമീണരുടെ വൈക്കോൽമേഞ്ഞ കുടിലുകളെ പ്രഭാപൂരിതമാക്കും വിധം ചന്ദ്രൻ അത്ര കാന്തിമത്താണ്. ഈ പ്രൗഢ പശ്ചാത്തലത്തിലാണ് അനിതരസാധാരണമായ ഒരു വിവാഹ ചടങ്ങ് അരങ്ങേറിയത്.
നൂറുകണക്കിന് ആളുകൾ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ പോലും നടന്നാണ് ഈ വിശേഷാവസരത്തിൽ പങ്കെടുക്കാൻ എത്തിയത്. കഴുതപ്പുലികളും സിംഹങ്ങളും ആനകളുമുള്ള വിജനവും അപകടകരവുമായ പ്രദേശങ്ങൾ താണ്ടിയാണ് ചിലർ വന്നത്. ഒട്ടേറെ സന്ദർശകർ സ്വന്തം ലഗേജിന്റെ കൂടെ കോഴി, ആട്, പച്ചക്കറി എന്നിവയും കൊണ്ടുവന്നു. ഗ്രാമത്തിൽ എത്തിയ അവർ, ക്രിസ്തീയ കൺവെൻഷനുകൾ നടത്താൻ സാധാരണമായി ഉപയോഗിക്കുന്ന ഒരു തുറസ്സായ സ്ഥലത്തേക്ക് പോയി. യാത്ര ചെയ്തു നന്നേ ക്ഷീണിച്ചിരുന്നെങ്കിലും അവർ സന്തുഷ്ടരായിരുന്നു. തുടർന്നു നടക്കാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച അതിയായ ആകാംക്ഷ അവരുടെ മന്ദസ്മിതം തൂകുന്ന മുഖങ്ങളിൽ പ്രകടമായിരുന്നു.
വിവാഹിതരാകുന്നവർ ആരായിരുന്നു? അനേകരുണ്ടായിരുന്നു! അതേ, നിരവധി ദമ്പതികൾ. വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കുന്ന ഏതെങ്കിലും സമൂഹ വിവാഹത്തിൽ ഉൾപ്പെട്ടവരായിരുന്നില്ല അവർ. നേരേമറിച്ച്, രജിസ്റ്റർ ഓഫീസിൽനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിൽ താമസിച്ചിരുന്നതിനാൽ തങ്ങളുടെ വിവാഹം മുമ്പ് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന ആത്മാർഥ ഹൃദയരും ഉത്തമ ലക്ഷ്യങ്ങളുള്ളവരുമായ ദമ്പതികളായിരുന്നു അവർ. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ വിവാഹം സംബന്ധിച്ച ദൈവിക നിലവാരങ്ങൾ ഈ ദമ്പതികൾക്കെല്ലാം ബോധ്യമായി. വിവാഹത്തിന്റെ ആരംഭകനായ തങ്ങളുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കണമെങ്കിൽ തങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി വിവാഹിതരാകേണ്ടതാണെന്ന് അവർ മനസ്സിലാക്കി, യേശുവിന്റെ ജനന സമയത്തോട് അടുത്ത് യോസേഫും മറിയയും രജിസ്ട്രേഷൻ നിബന്ധനകൾ അനുസരിച്ചതുപോലെ തന്നെ.—ലൂക്കൊസ് 2:1-5.
ആ അവസരത്തിനായുള്ള തയ്യാറെടുപ്പ്
യഹോവയുടെ സാക്ഷികളുടെ മൊസാമ്പിക്കിലെ ബ്രാഞ്ച് ഓഫീസ് സഹായിക്കാൻ തീരുമാനിച്ചു. ആദ്യമായി, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ എന്തെല്ലാമാണെന്നു തിട്ടപ്പെടുത്താൻ രാജ്യത്തിന്റെ തലസ്ഥാനമായ മാപുട്ടോയിലുള്ള നിയമ-ആഭ്യന്തരകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അടുത്തതായി, ക്രമീകരണങ്ങളെ കൂടുതലായി ഏകോപിപ്പിക്കാൻ തലസ്ഥാന നഗരത്തിലെ റ്റാറ്റെ പ്രവിശ്യയിലുള്ള മിഷനറിമാർ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടു. മിഷനറിമാർക്കും നോട്ടറി വിഭാഗത്തിലെയും സിവിൽ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ടുമെന്റിലെയും ഉദ്യോഗസ്ഥന്മാർക്കും ഫിൻഗോയി ഗ്രാമത്തിലേക്കു പോകാൻ ഒരു തീയതി നിശ്ചയിച്ചു. അതിനിടയിൽ ബ്രാഞ്ച് ഓഫീസ്, നിർദേശങ്ങൾ പ്രദാനം ചെയ്യുന്ന ഒരു കത്ത് ബന്ധപ്പെട്ട സഭകൾക്ക് അയച്ചു. സാക്ഷികളും പ്രാദേശിക അധികാരികളും ആ അതുല്യ അവസരത്തിനായി ആകാംക്ഷാപൂർവം കാത്തിരുന്നു.
1997 മേയ് 18 ഞായറാഴ്ച ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം മൂന്ന് മിഷനറിമാർ ഫിൻഗോയിൽ എത്തിച്ചേർന്നു. പ്രാദേശിക അധികാരികൾ ആ ഉദ്യോഗസ്ഥന്മാർക്കു വേണ്ടി ഭരണ മന്ദിരത്തിന് അടുത്ത് സുഖപ്രദമായ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ആ സന്ദർശക ഉദ്യോഗസ്ഥന്മാർക്ക് യഹോവയുടെ സാക്ഷികളുടെ ആതിഥ്യമര്യാദയിൽ അങ്ങേയറ്റം മതിപ്പു തോന്നിയതിനാൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ കുടിലുകളിൽ മിഷനറിമാരോടൊപ്പം താമസിക്കാനായിരുന്നു കൂടുതൽ ഇഷ്ടം. പാചകക്കാരിൽ ഒരാൾ പ്രാദേശിക സഭയിലെ ഒരു മൂപ്പനാണെന്നും വിവാഹ ചടങ്ങിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി എളിയ ജോലികൾ ചെയ്യുന്ന സ്വമേധയാ സേവകരിൽ ഒരു സഞ്ചാര മേൽവിചാരകൻ ഉണ്ടെന്നും മനസ്സിലാക്കിയപ്പോൾ അവർ അത്ഭുതസ്തബ്ധരായി. അതുപോലെ, യാതൊരു പരാതിയും കൂടാതെ ലളിതമായ ഒരു കുടിലിൽ താമസിക്കുകയും ചെറിയ ഒരു തൊട്ടിയിൽനിന്ന് വെള്ളം കോരി കുളിക്കുകയും ചെയ്ത മിഷനറിമാരുടെ സന്തുഷ്ടഭാവവും അവർ ശ്രദ്ധിച്ചു. അത്ര വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ തമ്മിൽ ഇത്രയേറെ ശക്തമായ ഒരു ബന്ധം അവർ മുമ്പൊരിക്കലും കണ്ടിരുന്നില്ല. പക്ഷേ അവരിൽ ഏറ്റവും മതിപ്പ് ഉളവാക്കിയ സംഗതി, രാജ്യത്തിന്റെ നിയമത്തോടും ദൈവത്തിന്റെ ക്രമീകരണത്തോടും ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ വലിയ ത്യാഗങ്ങൾ ചെയ്തുകൊണ്ട് സഹോദരങ്ങൾ പ്രകടമാക്കിയ വിശ്വാസമാണ്.
സന്തോഷകരമായ ഒരു അവസരം
ദമ്പതികൾ എത്തിച്ചേർന്ന ഉടനെ വിവാഹത്തിന്റെ ആദ്യ പടിക്കു തയ്യാറെടുത്തു: ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കൽ. തങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ നൽകാനായി എല്ലാവരും സിവിൽ രജിസ്ട്രേഷൻ സംഘത്തിനു മുമ്പാകെ ക്ഷമാപൂർവം വരിവരിയായി കാത്തുനിന്നു. തുടർന്ന് ഫോട്ടോ എടുക്കാനായി അവർ മറ്റൊരു നിരയിലേക്കു പോയി. അതിനുശേഷം തങ്ങളുടെ തിരിച്ചറിയിക്കൽ കാർഡുകൾ കിട്ടാനായി അവർ സിവിൽ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ടുമെന്റിൽനിന്നുള്ള സംഘത്തിന്റെ അടുത്തേക്കു പോയി. അടുത്തതായി, വളരെ ആഗ്രഹിച്ചിരുന്ന വിവാഹ സർട്ടിഫിക്കറ്റിനായി അവർ സിവിൽ രജിസ്ട്രേഷൻ സംഘത്തിന്റെ അടുത്തേക്കു മടങ്ങി. അതേത്തുടർന്ന്, ഉച്ചഭാഷിണിയിലൂടെ തങ്ങളുടെ പേരുകൾ വിളിക്കുന്നതും കാത്ത് അവർ ക്ഷമാപൂർവം നിന്നു. വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നത് വികാരസാന്ദ്രമായ ഒരു രംഗമായിരുന്നു. ഓരോ ദമ്പതികളും തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് അമൂല്യമായ ഒരു ട്രോഫിപോലെ ഉയർത്തിപ്പിടിച്ചപ്പോൾ സന്തോഷം തുടികൊട്ടി.
ചുട്ടു പൊള്ളുന്ന വെയിലത്താണ് ഇതെല്ലാം അരങ്ങേറിയത്. പക്ഷേ, ചൂടും പൊടിയും ഒന്നും ആ സന്ദർഭത്തിന്റെ സന്തോഷത്തിനു വിഘാതമായില്ല.
പുരുഷന്മാർ മാന്യമായി വസ്ത്രം ധരിച്ചിരുന്നു, ഒട്ടേറെപേർ കോട്ടും ടൈയും ധരിച്ചിരുന്നു. സ്ത്രീകൾ പരമ്പരാഗത രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്, കാപുലാനാ എന്നു വിളിക്കപ്പെടുന്ന നീണ്ട, വർണാഭമായ തുണി അരയ്ക്കു ചുറ്റുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. ചിലർ അതേതരം തുണിയിൽ ശിശുക്കളെ പൊതിഞ്ഞു പിടിച്ചിരുന്നു.
കാര്യാദികൾ ഭംഗിയായി മുന്നോട്ടുപോയി. എന്നാൽ ഒറ്റ ദിവസംകൊണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയാത്തവിധം അത്രയധികം ദമ്പതികളുണ്ടായിരുന്നു. സന്ധ്യയായിട്ടും ദമ്പതികൾക്കായുള്ള സേവനം തുടരാൻ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ ദയാപൂർവം തീരുമാനിച്ചു. വളരെയേറെ ത്യാഗങ്ങൾ സഹിച്ച് അവിടെ എത്തി കാത്തുനിൽക്കുന്ന ‘തങ്ങളുടെ സഹോദരങ്ങളെ’ വിട്ടിട്ടു പോകാനാവില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. സഹകരണത്തിന്റെയും ആത്മത്യാഗത്തിന്റെയും ഈ മനോഭാവം എന്നും ഓർമിക്കപ്പെടും.
രാത്രിയായതോടെ തണുപ്പു രൂക്ഷമായി. ചുരുക്കം ചിലർക്കേ കുടിലുകളിൽ താമസിക്കാൻ കഴിഞ്ഞുള്ളൂ. ബഹുഭൂരിപക്ഷം ദമ്പതിമാരും പുറത്ത് തീ കൂട്ടി കൂട്ടംകൂടിയിരുന്നു. ഇത് ആ സന്ദർഭത്തിലെ അവരുടെ സന്തുഷ്ടിയെ ഒട്ടും മന്ദീഭവിപ്പിച്ചില്ല. തീ കത്തുന്നതിനിടയ്ക്കുള്ള പൊട്ടലിന്റെ ശബ്ദത്തെക്കാൾ ഉയർന്നു കേട്ടത് ചിരിയും ചതുർഭാഗ താളൈക്യത്തിൽ ആലപിച്ച ഗീതങ്ങളുമായിരുന്നു. പുതുതായി കിട്ടിയ രേഖകൾ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അനേകർ യാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ചു.
തങ്ങളുടെ കോഴി, ആട്, പച്ചക്കറി എന്നിവ വിൽക്കാനായി പ്രഭാതത്തിൽ ചിലർ ധൈര്യപൂർവം ഗ്രാമമധ്യത്തിലേക്കു പോയി. തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ ചെലവിലേക്കു സംഭാവന ചെയ്യാനായിരുന്നു അവർ അവ വിറ്റത്. ആ മൃഗങ്ങളെ യഥാർഥ വിലയെക്കാൾ വളരെ താഴ്ന്ന വിലയ്ക്കു കൊടുത്തുകൊണ്ട് അനേകർ വാസ്തവത്തിൽ അവയെ “ബലികഴിച്ചു.” പാവപ്പെട്ടവർക്ക് ഒരു ആട് വളരെ വിലപിടിപ്പുള്ളതും അമൂല്യവുമാണ്. എന്നിട്ടും വിവാഹിതരാകാനും തങ്ങളുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കാനുമായി ആ ത്യാഗം ചെയ്യാൻ അവർ മനസ്സൊരുക്കം ഉള്ളവരായിരുന്നു.
യാത്രയിലെ യാതനകൾ
ദമ്പതികളിൽ ചിലർ അവിടെ എത്തിച്ചേരാൻ ദീർഘദൂരം നടന്നു. ഷാമ്പോക്കോയുടെയും ഭാര്യ ഹാക്കൂലിറായുടെയും കാര്യത്തിൽ അതു സത്യമായിരുന്നു. രണ്ടാമത്തെ രാത്രിയിൽ തീയുടെ അടുത്ത് ഇരുന്ന് തങ്ങളുടെ പാദങ്ങൾ ചൂടുപിടിപ്പിക്കുന്നതിനിടയിൽ അവർ തങ്ങളുടെ കഥ പറഞ്ഞു. ഷാമ്പോക്കോയ്ക്ക് 77 വയസ്സുണ്ട്. ഒരു കണ്ണിന് കാഴ്ചയില്ല. മറ്റേ കണ്ണിന്റെ കാഴ്ച മങ്ങിയിരിക്കുന്നു. എന്നിട്ടും, സഭയിലെ മറ്റുള്ളവരോടൊപ്പം അദ്ദേഹം മൂന്നു ദിവസം നഗ്നപാദനായി നടന്നു. കാരണം, 52 വർഷമായ തന്റെ ദാമ്പത്യ ബന്ധം നിയമാനുസൃതമാക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം.
72-കാരനായ ആൻസെൽമൂ കെംബോ, നേരിയോടൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 50 വർഷം കഴിഞ്ഞിരുന്നു. യാത്രയ്ക്ക് ഏതാനും ദിവസം മുമ്പ് കൃഷിപ്പണി ചെയ്യവേ ഒരു വലിയ മുള്ള് കാലിൽ ആഴത്തിൽ തുളഞ്ഞുകയറി. ചികിത്സയ്ക്കായി അദ്ദേഹത്തെ ഉടൻതന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. എന്തായാലും, ഫിൻഗോയിലേക്കു പോകാൻതന്നെ അദ്ദേഹം തീരുമാനിച്ചു, വേദനയോടെ മുടന്തി നടന്നുകൊണ്ട്. മൂന്നു ദിവസം വേണ്ടിവന്നു ആ യാത്രയ്ക്ക്. വിവാഹ സർട്ടിഫിക്കറ്റ് കൈവശം കിട്ടിയപ്പോൾ ആൻസെൽമൂയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
പുതുതായി വിവാഹിതരായവരിൽ ശ്രദ്ധേയനായ മറ്റൊരാൾ ഒരു മുൻ ബഹുഭാര്യനായ ഇവൻസ് സിനോയിയ ആയിരുന്നു. ദൈവവചനത്തിലെ സത്യം കേട്ടപ്പോൾ ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമാനുസൃതമാക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ അവർ അതു നിരസിച്ചു. മറ്റൊരു പുരുഷനുവേണ്ടി അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു. ബൈബിൾ പഠിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ ഭാര്യ അദ്ദേഹത്തെ വിവാഹം ചെയ്യാൻ സമ്മതിച്ചു. സിംഹങ്ങളും മറ്റു വന്യമൃഗങ്ങളുമുള്ള അപകടകരമായ ഒരു പ്രദേശത്തു കൂടെ നടന്നാണ് അവർ ഇരുവരും എത്തിയത്. മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷം അവർക്കും നിയമപരമായി വിവാഹിതരാകാൻ കഴിഞ്ഞു.
വെള്ളിയാഴ്ച, മിഷനറിമാരും ഉദ്യോഗസ്ഥന്മാരും എത്തിച്ചേർന്ന് അഞ്ചു ദിവസത്തിനു ശേഷം, ജോലി പൂർത്തിയായി. തത്ഫലമായി 468 തിരിച്ചറിയൽ കാർഡുകളും 374 ജനന സർട്ടിഫിക്കറ്റുകളും നൽകാൻ കഴിഞ്ഞു. വിവാഹ സർട്ടിഫിക്കറ്റുകളുടെ എണ്ണമോ 233! സുഖക്ഷേമാനുഭൂതിയുടേതായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. ക്ഷീണം ഉണ്ടായിരുന്നെങ്കിലും, അതു തീർച്ചയായും വളരെ മൂല്യവത്തായിരുന്നെന്ന് എല്ലാവരും സമ്മതിച്ചു. ഉൾപ്പെട്ടിരുന്ന എല്ലാവരുടെയും മനസ്സിലും ഹൃദയത്തിലും ആ അവസരം മായാത്ത മുദ്ര പതിപ്പിച്ചു എന്നതിൽ തെല്ലും സംശയമില്ല. അതു തീർച്ചയായും വളരെ വിശേഷതരമായൊരു വിവാഹ ചടങ്ങായിരുന്നു!