നഗരത്തിലെ അംബരചുംബികൾ മുതൽ ഊഷര തുന്ദ്രാകൾ വരെ—ആളുകളെ സമീപിക്കുന്നു
മഴയ്ക്കോ മഞ്ഞിനോ ഹിമവർഷത്തിനോ ചെന്നായ്ക്കൾക്കോ പുള്ളിപ്പുലികൾക്കോ ശത്രുതാമനോഭാവമുള്ളവർക്കോ ഒന്നും അവരുടെ നിശ്ചയദാർഢ്യത്തെ മന്ദീഭവിപ്പിക്കാനായില്ല. പശ്ചിമ തീരത്തേക്ക് അടിയന്തിര തപാൽ കൊണ്ടുപോകാൻ, കൂലംകുത്തിയൊഴുകുന്ന നദികളും അഗാധമായ താഴ്വരകളും നിരന്ന പുൽപ്രദേശവും താണ്ടി 3,000 കിലോമീറ്റർ ദൂരം അതിശയകരമായ വേഗതയിൽ അവർ കുതിരസവാരി ചെയ്തു. അവർ ആരായിരുന്നു?
പോണി എക്സ്പ്രസിലെa സാഹസികരായ യുവ കുതിരസവാരിക്കാർ. ആ ചെറുപ്പക്കാരിൽ അത്ര ശക്തമായൊരു മനോഭാവം ഉണർത്തിയത് എന്തായിരുന്നു? തപാൽ എത്തിച്ചുകൊടുക്കുന്നതിലെ വെല്ലുവിളിയും സാഹസികതയും സംതൃപ്തിയുമായിരിക്കാം. രസാവഹമായി, ഓരോ സവാരിക്കാരന്റെയും ജീനിസഞ്ചിയിൽ മുൻഗണനയർഹിക്കുന്ന തപാലിനോടൊപ്പം ഒരു ബൈബിളുമുണ്ടായിരുന്നു.
ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞ്, കാനഡയിലുടനീളമുള്ള 1,13,000 അർപ്പിത രാജ്യഘോഷകർ നിശ്ചയദാർഢ്യത്തിന്റെയും ഉത്സാഹത്തിന്റെയും അർപ്പണബോധത്തിന്റെയും കൂടുതൽ വർധിതമായ ഒരു മനോഭാവം പ്രകടമാക്കുന്നു. അവരെ പ്രചോദിപ്പിക്കുന്നത് എന്താണ്? അച്ചടിച്ച താളുകളിലൂടെയും വാമൊഴിയായും രാജ്യസത്യം അറിയിക്കാൻ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം അവരെ പ്രചോദിപ്പിക്കുന്നു. പോണി എക്സ്പ്രസ് എത്തിച്ചുകൊടുത്തിട്ടുള്ള ഏതൊരു തപാലിനെക്കാളും വളരെയേറെ അടിയന്തിരമാണ് ഈ ജീവദായക സത്യം. അതേ, പോണി എക്സ്പ്രസ് സവാരിക്കാരുടെ ജീനിസഞ്ചികളിൽ കാണപ്പെട്ട അതേ പുസ്തകത്തിലെ, വിശുദ്ധ ബൈബിളിലെ, അമൂല്യ രാജ്യസന്ദേശമാണത്.—സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവു 2:2-4; 61:2; മത്തായി 22:37-39; 24:14.
യഹോവയോടും ജനങ്ങളോടുമുള്ള സ്നേഹത്താൽ പ്രചോദിതർ
രാജ്യത്തെക്കുറിച്ച് ആളുകളോടു സംസാരിക്കാൻ യഹോവയുടെ സാക്ഷികൾ ഇഷ്ടപ്പെടുന്നു. നഗരത്തിലെ അംബരചുംബികളായ ബഹുശാലാ ഭവനങ്ങളിലും വിദൂര തുന്ദ്രായിലെ ജനസമൂഹങ്ങൾക്കിടയിലും വിമാനത്താവളങ്ങളിലെ കെട്ടിടങ്ങളിലും തെരുവിലും മറ്റു പൊതുസ്ഥലങ്ങളിലും ടെലഫോണിലൂടെയും അവരതു ചെയ്യുന്നതു നിങ്ങൾ കണ്ടെത്തും. എന്തുകൊണ്ടാണ് അത്തരം വിഭിന്ന സ്ഥലങ്ങളിൽ?
സാമ്പത്തികവും ജനസംഖ്യാപരവുമായ സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികൾ, ആളുകളെ ഭവനങ്ങളിൽ കണ്ടെത്തുന്നത് ഒരു കടുത്ത വെല്ലുവിളിയാക്കിയിരിക്കുന്നു. മിക്ക കേസുകളിലും, കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി കരുതുന്നതിന് ഭർത്താവും ഭാര്യയും ജോലിചെയ്യുന്നു. മിക്കപ്പോഴും ആത്മീയ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. അത്തരം സമ്മർദങ്ങൾക്കും സംഘർഷങ്ങൾക്കും മധ്യേ അവർക്ക് പ്രത്യാശയുടെ ഹൃദയോഷ്മള സന്ദേശം അങ്ങേയറ്റം ആവശ്യമാണ്. യഹോവയുടെ സാക്ഷികൾ ആ ആവശ്യത്തോട് സന്തോഷപൂർവം പ്രതികരിക്കുന്നു. ആകർഷകവും ചിന്തോദ്ദീപകവുമായ വിധത്തിൽ സുവാർത്ത എല്ലാത്തരം ആളുകളുടെയും പക്കൽ എത്തിക്കാൻ വിവേകവും ദയയും ഉപയോഗിച്ച് അവർ അവസരങ്ങൾ സൃഷ്ടിക്കുന്നു.—1 തിമൊഥെയൊസ് 2:3, 4.
മറ്റു ഭാഷകളിൽ: ‘പോയി ശിഷ്യരെ ഉളവാക്കാൻ’ യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചപ്പോൾ സകല ഭാഷക്കാരുമായ ആളുകളുടെ പക്കൽ പ്രത്യാശയുടെ സന്ദേശം എത്തിക്കുന്നതിന് മുൻകൈയെടുക്കാനും നിശ്ചയദാർഢ്യം കാണിക്കാനും അവൻ അവർക്ക് അവസരമേകി. (മത്തായി 28:19, 20, NW) മിക്ക രാജ്യങ്ങളെയുംപോലെ കാനഡ ഒരു ബഹുദേശീയ സമൂഹമായിത്തീർന്നിരിക്കുന്നു. പുതിയ ഭാഷകൾ പഠിച്ചുകൊണ്ട് അനേകം രാജ്യഘോഷകർ സാഹചര്യത്തോട് ഇണങ്ങിച്ചേർന്നിരിക്കുന്നു.
ദൃഷ്ടാന്തമായി, അൽബെട്രായിലെ എഡ്മോൺടോണിൽ മുഴുസമയ ശുശ്രൂഷകരായ ഒരു ദമ്പതിമാർ തങ്ങളുടെ നഗരത്തിൽ മാൻഡറിൻ ചൈനീസ് സംസാരിക്കുന്ന ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കേണ്ടയാവശ്യമുണ്ടെന്നു മനസ്സിലാക്കി. എന്നാൽ ആദ്യമായി ഈ ദമ്പതിമാർ ആ ഭാഷ പഠിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, മാൻഡറിൻ സംസാരിക്കുന്ന ഒരു സർവകലാശാലാ വിദ്യാർഥിയുമായി അവർ ബന്ധപ്പെട്ടു. അവരെ ഭാഷ പഠിപ്പിക്കാനും അതേസമയം അവരിൽനിന്നു ബൈബിൾ സത്യങ്ങൾ പഠിക്കാനും അദ്ദേഹം സമ്മതിച്ചു. എന്തൊരു ഒത്തിണങ്ങിയ സാഹചര്യം! 24 മാസങ്ങൾക്കൊണ്ട് ആ അർപ്പിത രാജ്യഘോഷകർ ഇരുവരും മാൻഡറിൻ ഭാഷയിൽ പഠിപ്പിക്കാൻ പ്രാപ്തരായി. അതേസമയം അവരുടെ അധ്യാപകൻ/വിദ്യാർഥി ക്രിസ്തീയ സ്നാപനത്തിനുള്ള യോഗ്യത നേടി.
സ്നേഹത്താൽ പ്രേരിതരായി, പോളീഷ്, റഷ്യൻ, വിയറ്റ്നാമീസ് എന്നിങ്ങനെയുള്ള ഭാഷകൾ പഠിച്ച രാജ്യഘോഷകരുള്ള മറ്റു നഗരങ്ങളും സമാനമായ അനുഭവങ്ങൾ ആസ്വദിക്കുന്നു.
റോഡിൽ: ഒറ്റയ്ക്കു യാത്രചെയ്തിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ പോണി എക്സ്പ്രസ് സവാരിക്കാരെപ്പോലെ, ബ്രിട്ടീഷ് കൊളംബിയയുടെ ഉൾഭാഗത്തുള്ള ചില രാജ്യഘോഷകർ ഒറ്റക്കാണ് യാത്ര ചെയ്യുന്നത്. തടിമില്ലുകളിലേക്ക് കാട്ടുപ്രദേശങ്ങളിലൂടെ തടിനിറച്ച കൂറ്റൻ ട്രക്കുകൾ ഓടിച്ചുകൊണ്ട് തങ്ങളുടെ സമയത്തിന്റെ നല്ലൊരുഭാഗം അവർ ലൗകിക തൊഴിലിൽ ചെലവഴിക്കുന്നു. ഗതാഗത തിരക്കിനെയും റോഡിലെ അപകടങ്ങളെയും കുറിച്ച് ആശയവിനിയമം നടത്തിക്കൊണ്ട് അവർ മറ്റു ട്രക്ക് ഡ്രൈവർമാരുമായി സിബി (സിറ്റിസൺ ബാൻഡ്) റേഡിയോയിലൂടെ നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്.
ഈ രാജ്യഘോഷകർ തങ്ങളുടെ സിബി റേഡിയോകൾ അതുല്യമായൊരു വിധത്തിൽ ഉപയോഗിക്കുന്നു. സിബി-യിലൂടെ നടപ്പുസംഭവങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് അവർ ചർച്ചയ്ക്കു തുടക്കം കുറിക്കുന്നു. എന്നിട്ട് സമർഥമായി ബൈബിളിലേക്കു ശ്രദ്ധക്ഷണിക്കുന്നു. മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച് ബൈബിൾ പറയുന്നതിനോട് ഒരിക്കൽ ഒരു സഹ ട്രക്ക് ഡ്രൈവർ പ്രതികരിച്ചു. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഒരു ഹൈവേയിൽവെച്ചു നടന്ന അപകടത്തിൽ ഒരു സഹഡ്രൈവർ മരിച്ചത് അദ്ദേഹത്തെ ആഴമായി ബാധിച്ചിരുന്നു. അദ്ദേഹം കൃതജ്ഞതാപൂർവം ബൈബിളധ്യയനം സ്വീകരിച്ചു. ഇപ്പോൾ അദ്ദേഹം സഹജോലിക്കാരോടും സുഹൃത്തുക്കളോടും സുവാർത്ത ഘോഷിക്കുന്നു. അതിനുപുറമേ, മരിച്ചുപോയ തന്റെ സുഹൃത്തിന്റെ വിധവയുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചിരിക്കുന്നത് അദ്ദേഹത്തിനു സന്തോഷം നൽകുന്നു. ഈ അസാധാരണ വിധത്തിൽ സത്യത്തിന്റെ ജീവദായക സന്ദേശം അവതരിപ്പിക്കാൻ മുൻകൈയെടുത്തതിന്റെ എത്ര നല്ല ഫലം!
വായുമാർഗം: സത്യത്തിന്റെ അമൂല്യ സന്ദേശം ഘോഷിക്കുന്ന കാര്യംവരുമ്പോൾ തീക്ഷ്ണതയുള്ള രാജ്യഘോഷകർ ആളുകൾ ഉള്ളത് എവിടെയായാലും അവിടെ പോകുന്നു. അവർ ചെറിയ വിമാനങ്ങളിൽ ‘ഗ്രാമങ്ങളിൽ കടക്കുന്നു.’ (മത്തായി 10:11, 12) സുവാർത്ത ഘോഷിക്കാനുള്ള തീക്ഷ്ണതയാൽ പ്രേരിതരായി രണ്ടു വിമാന സംഘങ്ങൾ കുറച്ചുകാലം മുമ്പ് സ്വന്തം ചെലവിൽ വിശാലമായ ഊഷര തുന്ദ്രായിലെ ചിതറിപ്പാർക്കുന്ന ആളുകളുടെ അടുത്തേക്കു പറന്നു. ഓരോ വിമാന സംഘവും ഏതാണ്ട് 3,000 കിലോമീറ്റർ സഞ്ചരിച്ച് 14 വ്യത്യസ്ത ജനസമൂഹങ്ങൾ വസിക്കുന്നിടത്ത് ഇറങ്ങി. അവർ ഉത്തരധ്രുവരേഖയ്ക്ക് 250 കിലോമീറ്റർ അടുത്തെത്തി. അതിവിദൂരതയിൽ ഒറ്റപ്പെട്ടുകിടക്കുന്ന ആളുകളെ സമീപിക്കാനായി ഈ അക്ഷീണ ഘോഷകർ ഏഴു ദിവസം മുഴുവനും വിനിയോഗിച്ചു.
അതെല്ലാം മൂല്യവത്തായിരുന്നോ? ആ ജനസമൂഹങ്ങളുടെമേൽ ബൈബിൾ സന്ദേശത്തിനുണ്ടായിരുന്ന ക്രിയാത്മക ഫലത്തെക്കുറിച്ചൊന്നു ചിന്തിക്കുക. സമീപ ഭാവിയിലെ ഒരു പറുദീസാഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം ഈ സന്ദർശക ശുശ്രൂഷകർ വിവരിച്ചപ്പോൾ ജീവത്പ്രധാനമായൊരു ആത്മീയ ആവശ്യം നിറവേറ്റാൻ അവർ സഹായിക്കുകയായിരുന്നു. (മത്തായി 5:3) ആ സന്ദേശവാഹകർ തിരിച്ചുപോയി വളരെ നാളുകൾക്കുശേഷവും, ആ സമൂഹങ്ങളിലെ ആത്മാർഥഹൃദയരായവർക്ക്, തങ്ങൾക്കു കിട്ടിയ, ബൈബിളും ബൈബിൾ പഠനസഹായികളും ഉൾപ്പെടെയുള്ള 542 പുസ്തകങ്ങളിൽനിന്നും 3,000 മാസികകളിൽനിന്നും രാജ്യസത്യം വായിച്ചറിയാൻ കഴിയുമായിരുന്നു.—പ്രവൃത്തികൾ 12:24 താരതമ്യം ചെയ്യുക.
ടെലഫോണിലൂടെ: ആയിരക്കണക്കിനു നഗരവാസികൾ സങ്കീർണമായ സുരക്ഷിതത്വ സംവിധാനങ്ങളുള്ള അംബരചുംബികളായ ബഹുശാലാഭവനങ്ങളിൽ താമസിക്കുന്നു. എന്നിരുന്നാലും സമർപ്പിത രാജ്യഘോഷകർ തീക്ഷ്ണതയോടെയും വിവേകത്തോടെയും മുന്നേറിയിരിക്കുന്നു. അവർക്ക് ആ ആളുകൾ താമസിക്കുന്നിടങ്ങളിൽ എങ്ങനെ പോകാൻ സാധിക്കും? ആളുകളോടു നേരിട്ടു സംസാരിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിലും, മിക്കപ്പോഴും ലോബിയിലുള്ള ഇൻറർകോം ഫലപ്രദമായി ഉപയോഗിക്കുന്നു. അത് സാധ്യമല്ലാത്തപ്പോൾ ടെലഫോൺ ഡയറക്ടറി നോക്കി ആളുകളെ ഫോണിൽ വിളിക്കുന്നു.
ഒരു പ്രഭാതത്തിൽ പ്രായമായ ഒരു സ്ത്രീ ടെലഫോണെടുത്തു. ഹ്രസ്വവും മര്യാദയോടുകൂടിയതുമായ ഒരു അഭിവാദനത്തിനുശേഷം, ആളുകൾക്കു രാത്രിയിൽ തെരുവിലൂടെ സുരക്ഷിതരായി നടക്കാൻ കഴിയുന്ന ഒരു കാലം വരുമെന്നു തോന്നുന്നുണ്ടോയെന്ന് അവരോടു ചോദിച്ചു. ഭാവിയിൽ സമൃദ്ധമായ സമാധാനമുണ്ടായിരിക്കുമെന്ന് അവർക്ക് ഉറപ്പുനൽകാനായി തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിച്ചു. (സങ്കീർത്തനം 37:10, 11; ദാനീയേൽ 2:44; മത്തായി 6:9, 10) ദൈവത്തിന്റെ വാഗ്ദാനത്തിൽ നമുക്കെന്തുകൊണ്ടു വിശ്വസിക്കാനാകുമെന്ന് ചർച്ചചെയ്യാൻ തുടർന്നുവരുന്ന ആഴ്ച അതേ സമയത്ത് ഒരു ടെലഫോൺ സംഭാഷണം നടത്താമെന്ന് അവർ സമ്മതിച്ചു. ബൈബിൾപഠന സഹായിയിൽനിന്നുള്ള ഖണ്ഡികകൾ വായിക്കുകയും ഉചിതമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ട് ഒരു മാസക്കാലം ടെലഫോണിലൂടെ ബൈബിൾ പഠിപ്പിച്ചുകഴിഞ്ഞപ്പോൾ, ഓരോ ആഴ്ചയും വ്യത്യസ്തങ്ങളായ നിരവധി ആശയങ്ങൾ അവതരിപ്പിച്ചതിന് ആ സ്ത്രീ രാജ്യഘോഷകനെ അഭിനന്ദിച്ചു. അധ്യയന പുസ്തകത്തെക്കുറിച്ചു വിവരിച്ചുകൊണ്ട് അവർക്ക് വ്യക്തിപരമായ ഒരു പ്രതി വാഗ്ദാനം ചെയ്യാനുള്ള അവസരമായിരുന്നു അത്. എന്നിട്ട് ഇരുവരും തമ്മിൽ നേരിട്ടു കണ്ടുമുട്ടാനുള്ള ക്രമീകരണം ചെയ്തു. തീർച്ചയായും, യഹോവയുടെ സാക്ഷികൾ ആളുകളോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കിയിരിക്കുന്നു. യഹോവ ഈ ക്രിസ്തീയ പ്രസംഗകരോടൊപ്പമുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ആളുകൾ പ്രതികരിക്കുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 14:25 താരതമ്യം ചെയ്യുക.
അച്ചടിച്ച താളുകളിലൂടെ: മുഖ്യമായും ഫ്രഞ്ചു സംസാരിക്കുന്ന ക്യൂബെക്ക് പ്രവിശ്യയിലുള്ള രാജ്യഘോഷകരും ആളുകൾ ഉള്ളിടത്തേക്കു പോകുന്നു. ഒരു സഞ്ചാരശുശ്രൂഷകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പള്ളിയിൽനിന്നുള്ള ശക്തമായ എതിർപ്പുനിമിത്തം യാതൊരു പുരോഗതിയുമില്ലെന്ന് വർഷങ്ങളായി സഹോദരന്മാർ വിചാരിച്ചിരുന്നു. എന്നിരുന്നാലും, സഹോദരീസഹോദരന്മാരുടെ അക്ഷീണ വേലയും ആവർത്തിച്ചുള്ള സന്ദർശനങ്ങളും നിമിത്തം, ഒരു ന്യൂനപക്ഷം മാത്രം വായിച്ചിരുന്ന, പ്രായോഗികമായി പറഞ്ഞാൽ അജ്ഞാതമായിരുന്ന ബൈബിൾ ഇന്നു മിക്ക ഭവനങ്ങളിലുമുണ്ട്.”
വൈദ്യശാസ്ത്ര സമൂഹം ഉൾപ്പെടെ, ക്യൂബെക്ക് സമൂഹത്തിന്റെ സമസ്ത തലങ്ങളിൽനിന്നും പുതിയ പ്രസംഗകർ എത്തിയതോടെ പുളകപ്രദമായ ഫലങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. ഒരു ഡോക്ടറുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. രാജ്യഘോഷകയായിരുന്ന ഭാര്യ ബൈബിളിലെ പ്രത്യാശയെക്കുറിച്ച് അദ്ദേഹവുമായി കൂടെക്കൂടെ ചർച്ചചെയ്യുമായിരുന്നു. ജാഗരൂകനായ ഒരു സഭാമൂപ്പൻ രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക പഠിക്കുന്ന സമയത്ത് സഭായോഗത്തിനു വരാൻ ഡോക്ടറെ ക്ഷണിച്ചു. അദ്ദേഹം വരികമാത്രമല്ല പങ്കെടുക്കുകയും ചെയ്തു. ചർച്ചകളുടെ നിലവാരത്തിലും ആത്മീയ അഗാധതയിലും മതിപ്പുതോന്നിയ അദ്ദേഹം വ്യക്തിപരമായ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. ഇപ്പോൾ അദ്ദേഹവും ഒരു രാജ്യഘോഷകനാണ്.
ആളുകളെ ബൈബിളിലേക്ക് ആകർഷിക്കുന്നതിൽ മാസികകളുടെ ഫലപ്രദമായ ഉപയോഗം ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒരുവനെ സത്യത്തിലേക്ക് ആകർഷിക്കുന്ന ഘടകമായി വർത്തിക്കുന്നത് ഏതു ലേഖനമായിരിക്കുമെന്ന് ആർക്കും ഒരിക്കലും പറയാനാവില്ല. സന്ദേശം ശ്രദ്ധിക്കാൻ ആഗ്രഹിക്കാഞ്ഞ, എന്നാൽ ഷഡ്പദ ലോകത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്ന ഒരു അയൽക്കാരിക്ക് ഒരു രാജ്യഘോഷക ഉണരുക!യുടെ ഒരു ലക്കം നൽകി. 1992 നവംബർ 22 ഉണരുക!യിലെ (ഇംഗ്ലീഷ്) “ചാഗസ് രോഗം—മരണത്തിന്റെ ചുംബനം” എന്ന ലേഖനത്തിലെ ചിത്രം അവരിൽ താത്പര്യമുളവാക്കി. താൻ വായിച്ചതിൽ മതിപ്പുതോന്നിയ അവർ കൂടുതൽ മാസികകൾ ചോദിച്ചു. ഒരു ബൈബിളധ്യയനം ആരംഭിച്ചു. ആറുമാസത്തിനുള്ളിൽ അവർ മറ്റുള്ളവരോട് സാക്ഷീകരിച്ചു തുടങ്ങി.
പൊതുസ്ഥലങ്ങളിലേക്ക്: കാനഡയിലെ നിയമം വിമാനത്താവളം പോലെയുള്ള പൊതുസ്ഥലങ്ങളിൽ സംസാരസ്വാതന്ത്ര്യം അനുവദിക്കുന്നു. ഹാലിഫസ് അന്തർദേശീയ വിമാനത്താവളത്തിൽ, ഫ്ളൈറ്റുകൾക്കിടയ്ക്കുള്ള സമയത്ത് രാജ്യഘോഷകർ വിവേകപൂർവം യാത്രക്കാരെ സമീപിച്ച് സംഭാഷണത്തിലേർപ്പെടുന്നു. സംഭാഷണത്തെ ബൈബിളിലേക്കു നയിക്കാൻ കാലോചിതമായ മാർഗനിർദേശക ചോദ്യങ്ങൾ ഉപയോഗിക്കുന്നു. പോക്കറ്റ് ബൈബിളും സാഹിത്യങ്ങളും കൂടെകരുതുന്നതിനാൽ അവർക്ക് ആത്മീയ ആവശ്യങ്ങളോടു പ്രതികരിക്കാൻ കഴിയുന്നു. അനേകർ ഈ വിധത്തിൽ രാജ്യസന്ദേശം കേൾക്കുകയും ഉൾനടപ്പെട്ട സത്യത്തിന്റെ വിത്തുകളുമായി വിദൂര സ്ഥലങ്ങളിലേക്കു പോകുകയും ചെയ്തിട്ടുണ്ട്. അവരിൽ ശസ്ത്രക്രിയാ വിദഗ്ധർ, ശാസ്ത്രജ്ഞന്മാർ, അഭിഭാഷകർ, പൈലറ്റുമാർ, പുരോഹിതന്മാർ, പൊലീസുകാർ, ടാക്സി ഡ്രൈവർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, പട്ടാളക്കാർ, വിദേശ രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്രീയക്കാർ എന്നിവർ ഉൾപ്പെടുന്നു.—കൊലൊസ്സ്യർ 1:6.
അതിരാവിലെ വിമാനത്താവളത്തിൽവെച്ച് ഒരു മനുഷ്യൻ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിച്ചു. എന്നിട്ട് ശാന്തമായി താഴ്ന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു: “ഹോ, യഹോവയുടെ സാക്ഷികളോ!” അത്തരമൊരു പ്രതികരണത്തിനു കാരണമെന്തായിരുന്നു? ഒരു മുസ്ലീം മതഭക്തനായിരുന്ന അദ്ദേഹം അൽപ്പസമയം മുമ്പ് വിമാനത്താവളത്തിലെ പള്ളിയിൽ പ്രാർഥിക്കുകയായിരുന്നു. തനിക്ക് ജ്ഞാനവും ഉൾക്കാഴ്ചയും സത്യവും കാണിച്ചുതരണമെന്ന് അദ്ദേഹം ദൈവത്തോടു യാചിച്ചു. തന്റെ പ്രാർഥനയ്ക്കുള്ള തത്ക്ഷണ ഉത്തരം യഹോവയുടെ സാക്ഷികളായിരുന്നുവെന്ന ചിന്ത അദ്ദേഹത്തെ ആശ്ചര്യഭരിതനാക്കി.
രാജ്യത്തെക്കുറിച്ചുള്ള അമൂല്യ സന്ദേശം അറിയിക്കുന്നതിൽനിന്നു തങ്ങളെ തടയാൻ കാനഡയിലെ ധൈര്യശാലികളായ രാജ്യഘോഷകർ തീർച്ചയായും യാതൊന്നിനെയും അനുവദിക്കുന്നില്ല. വിദേശ ഭാഷയോ കുണ്ടും കുഴിയും ചെളിയുമുള്ള റോഡുകളോ ഒറ്റപ്പെട്ടുകിടക്കുന്ന സമൂഹങ്ങളോ സങ്കീർണ സുരക്ഷിതത്വ സംവിധാനങ്ങളുള്ള നഗരത്തിലെ ബഹുശാലാ ഭവനങ്ങളോ തങ്ങൾക്കു പ്രതിബന്ധമാകാൻ അവർ അനുവദിക്കുന്നില്ല. ദൈവത്തിൽനിന്നുള്ള ജീവസന്ദേശം ആത്മാർഥഹൃദയരായ സത്യാന്വേഷികൾക്ക് എത്തിച്ചുകൊടുക്കാൻ അവർ ദൃഢനിശ്ചയമുള്ളവരാണ്. സഹവേലക്കാരുടെ ലോകവ്യാപക സഹോദരവർഗത്തോടൊപ്പം അവർ, ‘പോയി ശിഷ്യരെ ഉളവാക്കാ’നുള്ള യേശുവിന്റെ കൽപ്പന നിസ്വാർഥമായി അനുസരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a 1860 മുതൽ 1861 വരെയുള്ള ചുരുങ്ങിയ 16 മാസക്കാലത്ത് ഐക്യനാടുകളിൽ നിലവിലിരുന്ന ഒരു തപാൽ സേവനമായിരുന്നു പോണി എക്സ്പ്രസ്.
[27-ാം പേജിലെ ചതുരം]
വിജയപ്രദരായ രാജ്യഘോഷകർ ടെലഫോൺ ഉപയോഗിക്കുന്നു
ചിലർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ഹലോ, എന്റെ പേര് [പേരു പറയുക]. എങ്ങനെ സമാധാനം നേടാനാകുമെന്ന് നിങ്ങളുടെ കെട്ടിടത്തിലുള്ള ആളുകളുമായി ഞാൻ ചുരുക്കമായി സംസാരിക്കുകയായിരുന്നു. എന്നെങ്കിലും ലോകവ്യാപകമായി സമാധാനമുണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പേടിക്കാനൊന്നുമില്ല, ഞാൻ ഒരു സർവേ നടത്തുകയോ എന്തെങ്കിലും വിൽക്കുകയോ ഒന്നുമല്ല. മറിച്ച്, ദൈവം വാസ്തവമായും സമാധാനം കൊണ്ടുവരുമെന്ന വിശുദ്ധ തിരുവെഴുത്തുകളിൽനിന്നുള്ള ആശയം ഞാൻ പങ്കുവെക്കുകയാണ്.” എന്നിട്ട് ഹ്രസ്വമായൊരു തിരുവെഴുത്തു ചർച്ചയിലൂടെ സംഭാഷണം തുടരാവുന്നതാണ്.
മറ്റുചിലർ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നമസ്ക്കാരം. എന്റെ പേര് [പേരു പറയുക]. ഞാൻ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സന്നദ്ധസേവകനാണ്. നിങ്ങളുടെ കെട്ടിടത്തിൽ താമസിക്കുന്ന ആളുകളുടെ അഭിപ്രായങ്ങൾ ഞാൻ ആരായുകയാണ്. നമ്മുടെ പ്രദേശത്ത് അക്രമങ്ങൾ കുതിച്ചുയരുന്നതിനാൽ അനേകർ തങ്ങളുടെ വ്യക്തിഗത സുരക്ഷിതത്വത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരാണ്. അത് നിങ്ങൾക്കും ഉത്കണ്ഠയുളവാക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മുഴുലോകവും സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” മറുപടി പറയാൻ അനുവദിച്ചിട്ട് തിരുവെഴുത്തു സന്ദേശം ചർച്ചചെയ്തുകൊണ്ട് സംഭാഷണം തുടരുക.