കുടുംബം—അടിയന്തിര സാഹചര്യത്തിൽ!
“അതിനുശേഷം അവർ എന്നെന്നും സന്തോഷത്തോടെ ജീവിച്ചു.” പഴങ്കഥകളിലെ ആ അവസാന വാക്കുകൾ ബാധകമാകുന്ന വിവാഹബന്ധങ്ങൾ ഇക്കാലത്ത് തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ‘ഇരുവരും ജീവിച്ചിരിക്കുന്നിടത്തോളം കാലം, സുഖത്തിലും ദുഃഖത്തിലും’ പരസ്പരം സ്നേഹിച്ചുകൊള്ളാമെന്ന വിവാഹ വാഗ്ദാനം മിക്കപ്പോഴും ഒരു ജൽപ്പനം മാത്രമാണ്. ഒരു സന്തുഷ്ട കുടുംബം ഉണ്ടായിരിക്കാനുള്ള സാധ്യത അതിനെതിരായ സാധ്യതയുമായുള്ള ഒരു ചൂതാട്ടംപോലെ തോന്നുന്നു.
മിക്ക പാശ്ചാത്യ വ്യവസായവത്കൃത രാജ്യങ്ങളിലും 1960-നും 1990-നും ഇടയ്ക്ക് വിവാഹമോചന നിരക്ക് ഇരട്ടിയിലധികമായി. ചില രാജ്യങ്ങളിൽ അതു നാലിരട്ടിയായി. ദൃഷ്ടാന്തത്തിന്, സ്വീഡനിൽ ഓരോ വർഷവും ഏകദേശം 35,000 വിവാഹങ്ങൾ നടക്കുന്നു. അതിൽ പകുതിയും തകരുന്നു, 45,000-ത്തിലധികം കുട്ടികളെ അതു ബാധിക്കുകയും ചെയ്യുന്നു. വിവാഹം കൂടാതെ ഒരുമിച്ചു പാർക്കുന്ന മിഥുനങ്ങളുടെ ഇടയിലാകട്ടെ തകരുന്ന ബന്ധങ്ങൾ കൂടുതലാണ്. ഇത് പതിനായിരക്കണക്കിനു കുട്ടികളെയാണു ബാധിക്കുന്നത്. 5-ാം പേജിലെ ചതുരത്തിൽനിന്നു കാണാവുന്നതുപോലെ, ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ സമാനമായ ഒരു പ്രവണത ഉയർന്നുവരുന്നു.
കുടുംബങ്ങൾ തകരുന്നതും വിവാഹബന്ധങ്ങൾ വേർപിരിയുന്നതും ചരിത്രത്തിൽ ഒരു പുതിയ കാര്യമല്ലെന്നുള്ളതു സത്യമാണ്. ബാബിലോനിയയിൽ വിവാഹമോചനം അനുവദിക്കുന്ന നിയമങ്ങൾ പൊ.യു.മു. 18-ാം നൂറ്റാണ്ടിലെ ‘ഹമുറാബിയുടെ നിയമസംഹിത’യിൽ അടങ്ങിയിരുന്നു. പൊ.യു.മു. 16-ാം നൂറ്റാണ്ടിൽ പ്രാബല്യത്തിൽവന്ന മോശൈക ന്യായപ്രമാണംപോലും ഇസ്രായേലിൽ വിവാഹമോചനം അനുവദിച്ചു. (ആവർത്തനപുസ്തകം 24:1) എന്നിരുന്നാലും, കുടുംബബന്ധങ്ങൾ മുമ്പൊരിക്കലും ഈ ഇരുപതാം നൂറ്റാണ്ടിലേതുപോലെ ദുർബലമായിരുന്നിട്ടില്ല. ഒരു പതിറ്റാണ്ടുമുമ്പ്, ഒരു പത്രപംക്തീകാരൻ ഇങ്ങനെ എഴുതി: “ഇന്നേക്ക് അമ്പതു വർഷം കഴിയുമ്പോൾ, പരമ്പരാഗത അർഥത്തിലുള്ള കുടുംബങ്ങൾ ഒന്നുംതന്നെ ഇല്ലാതെവന്നേക്കാം. അവയുടെ സ്ഥാനത്ത് വ്യത്യസ്ത തരത്തിലുള്ള കൂട്ടങ്ങളായിരിക്കാം ഉണ്ടായിരിക്കുക.” അന്നുമുതലുള്ള പ്രവണതകൾ അദ്ദേഹത്തിന്റെ ആശയത്തെ സ്ഥിരീകരിക്കുന്നതായി തോന്നുന്നു. കുടുംബം ദ്രുതഗതിയിൽ ക്ഷയിച്ചിരിക്കുന്നതിനാൽ, “അത് അതിജീവിക്കുമോ?” എന്ന ചോദ്യം കൂടുതൽ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്നു.
പരസ്പരം പറ്റിനിൽക്കാനും ഒരു ഏകീകൃത കുടുംബം നിലനിർത്താനും ഒട്ടനവധി ദമ്പതികൾക്ക് ഇത്രവളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്തുകൊണ്ട്? വിവാഹത്തിന്റെ രജത-സുവർണ ജൂബിലികൾ സന്തോഷപൂർവം ആഘോഷിച്ചുകൊണ്ട് ചിലർ ആജീവനാന്തം ഒരുമിച്ചു ജീവിച്ചതിന്റെ രഹസ്യമെന്താണ്? സാന്ദർഭികമായി, പഴയ സോവിയറ്റ് റിപ്പബ്ലിക്കായ അസെർബൈജാനിലുള്ള ഒരു പുരുഷനും സ്ത്രീയും തങ്ങളുടെ 100-ാം വിവാഹ വാർഷികം—അവർക്ക് യഥാക്രമം 126-ഉം 116-ഉം വയസ്സുണ്ടായിരുന്നപ്പോൾ—ആഘോഷിച്ചതായി 1983-ൽ റിപ്പോർട്ടു ചെയ്യപ്പെട്ടു.
ഭീഷണി എന്താണ്?
വ്യഭിചാരം, മാനസികമോ ശാരീരികമോ ആയ ക്രൂരത, ഉപേക്ഷിക്കൽ, മദ്യാസക്തി, ലൈംഗികജഡത, ഭ്രാന്ത്, ദ്വൈഭാര്യത്വം, മയക്കുമരുന്നാസക്തി എന്നിവ പല രാജ്യങ്ങളിലും നിയമപരമായ വിവാഹമോചനത്തിനുള്ള ചില അടിസ്ഥാനങ്ങളാണ്. എന്നിരുന്നാലും കൂടുതൽ പൊതുവായ കാരണം, വിവാഹത്തോടും പരമ്പരാഗത കുടുംബജീവിതത്തോടുമുള്ള അടിസ്ഥാനപരമായ മനോഭാവത്തിന്, വിശേഷിച്ചും ഈ അടുത്ത ദശകങ്ങളിൽ, സമൂലമാറ്റം സംഭവിച്ചിരിക്കുന്നുവെന്നതാണ്. ദീർഘകാലമായി പാവനമെന്നു കരുതിപ്പോന്നിരുന്ന വിവാഹക്രമീകരണത്തോടുള്ള ആദരവു മിക്കവാറും നഷ്ടമായിരിക്കുന്നു. സംഗീതം, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ, ജനപ്രിയ സാഹിത്യങ്ങൾ എന്നിവയുടെ അത്യാഗ്രഹികളായ നിർമാതാക്കൾ വ്യാജമായ ലൈംഗിക സ്വാതന്ത്ര്യത്തെയും അധാർമികതയെയും അഴിഞ്ഞ നടത്തയെയും സ്വാർഥ ജീവിതരീതിയെയും മഹത്ത്വീകരിച്ചിരിക്കുന്നു. ചെറുപ്പക്കാരുടെയും പ്രായമായവരുടെയും മനസ്സിനെയും ഹൃദയത്തെയും ഒരുപോലെ ദുഷിപ്പിച്ചിരിക്കുന്ന ഒരു സംസ്കാരത്തെ അവർ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
ചിലപ്പോഴൊക്കെ വിവാഹബാഹ്യ ബന്ധങ്ങൾ ദാമ്പത്യജീവിതത്തിനു ഗുണംചെയ്തേക്കാമെന്ന് 22 ശതമാനം അമേരിക്കക്കാർ പറയുന്നതായി 1996-ലെ ഒരു അഭിപ്രായവോട്ടെടുപ്പ് പ്രകടമാക്കി. സ്വീഡനിലെ ഏറ്റവും പ്രചാരമേറിയ പത്രങ്ങളിലൊന്നായ അഫ്റ്റോൺബ്ലാഡെറ്റിന്റെ ഒരു പ്രത്യേക ലക്കം വിവാഹമോചനം നേടാൻ സ്ത്രീകളെ ഉദ്ബോധിപ്പിച്ചു, കാരണം “അതു സാഹചര്യം മെച്ചപ്പെടുത്തു”മത്രേ. ഏതാനും വർഷങ്ങൾ ഇടവിട്ട് ഇണകളെ മാറാൻ തക്കവണ്ണം മനുഷ്യൻ പരിണാമത്താൽ “പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു” എന്നുപോലും ജനസമ്മതരായ ചില മനഃശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രജ്ഞന്മാരും നിഗമനം ചെയ്തിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിവാഹബാഹ്യബന്ധങ്ങളും വിവാഹമോചനങ്ങളും സ്വാഭാവികമാണെന്ന് അവർ അഭിപ്രായപ്പെടുന്നു. മാതാപിതാക്കളുടെ വിവാഹമോചനം കുട്ടികൾക്ക് നല്ലതായിരിക്കാമെന്നുപോലും ചിലർ വാദിക്കുന്നു. കാരണമോ, ഭാവിയിൽ തങ്ങളുടെതന്നെ വിവാഹമോചനത്തെ നേരിടാൻ അതു കുട്ടികളെ ഒരുക്കുമത്രേ!
പിതാവും മാതാവും കുട്ടികളുമുള്ള പരമ്പരാഗത കുടുംബജീവിതം അനേകം ചെറുപ്പക്കാരും മേലാൽ ആഗ്രഹിക്കുന്നില്ല. “ജീവിതകാലം മുഴുവൻ ഒരേ ഇണയുടെ കൂടെ ജീവിക്കുന്നത് എനിക്കു സങ്കൽപ്പിക്കാൻപോലും കഴിയില്ല” എന്നത് ജനപ്രീതിയാർജിച്ച ഒരു വീക്ഷണമാണ്. “വിവാഹം ക്രിസ്തുമസ്സ് പോലെയാണ്, വെറുമൊരു കെട്ടുകഥ. ഞാനതിൽ വിശ്വസിക്കുന്നില്ല,” 18 വയസ്സുള്ള ഒരു ഡാനിഷ് ചെറുപ്പക്കാരൻ പറഞ്ഞു. “[പുരുഷന്മാരോട്] ഒപ്പം ജീവിച്ച് എന്തിന് അവരുടെ വിഴുപ്പലക്കണമെന്ന ചിന്താഗതി പ്രബലമാ”ണെന്ന് അയർലണ്ടിലെ ദേശീയ വനിതാസമിതിയിലെ നോറിൻ ബേൺ പറഞ്ഞു. “വെറുതെപോയി അവരോടൊപ്പം ആസ്വാദനം പങ്കിടുക, അത്രമാത്രം. . . . അതിജീവനത്തിന് തങ്ങൾക്കു പുരുഷന്മാരുടെ ആവശ്യമില്ലെന്ന് അനേകം സ്ത്രീകൾ കരുതുന്നു.”
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ പെരുകുന്നു
ഈ മനോഭാവം യൂറോപ്പിലുടനീളം ഏകാകികളായ അമ്മമാരുടെ എണ്ണം കുതിച്ചുയരാൻ ഇടയാക്കിയിരിക്കുന്നു. വിവാഹം കൂടാതെയുള്ള ഗർഭധാരണം ഒരു പിശകല്ലെന്നു കരുതുന്ന കൗമാരപ്രായക്കാരികളാണ് ഈ ഏകാകികളായ അമ്മമാരിൽ ചിലർ. തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്കു വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് മറ്റു ചിലർ. എന്നാൽ ഭൂരിപക്ഷവും, വിവാഹം കഴിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ തങ്ങളുടെ കുട്ടികളുടെ പിതാവിനോടൊപ്പം കുറെക്കാലത്തേക്കു താമസിക്കുന്ന അമ്മമാരാണ്. “വിവാഹത്തിന്റെ അന്ത്യമോ?” എന്ന ചോദ്യത്തെ അധികരിച്ച് കഴിഞ്ഞ വർഷം ന്യൂസ്വീക്ക് മാഗസിൻ ഒരു കവർസ്റ്റോറി പ്രസിദ്ധീകരിച്ചു. വിവാഹം കൂടാതെ ജനിക്കുന്ന കുട്ടികളുടെ നിരക്ക് യൂറോപ്പിൽ ദ്രുതഗതിയിൽ വർധിക്കുന്നെന്നും ആരും അത് ഗൗനിക്കുന്നതായി തോന്നുന്നില്ലെന്നും അതു പ്രസ്താവിച്ചു. സ്വീഡനായിരിക്കാം മുൻപന്തിയിൽ. അവിടെ ജനിക്കുന്ന കുട്ടികളിൽ പകുതിയും അവിവാഹിത മാതാപിതാക്കളുടേതാണ്. ഡെൻമാർക്കിലും നോർവേയിലും അത് പകുതിയോടടുത്താണ്. ഫ്രാൻസിലും ഇംഗ്ലണ്ടിലും ഏകദേശം മൂന്നിലൊന്നും.
ഐക്യനാടുകളിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി മാതാപിതാക്കൾ ഇരുവരുമുള്ള കുടുംബങ്ങളുടെ എണ്ണം ശ്രദ്ധേയമാംവണ്ണം കുറഞ്ഞിരിക്കുന്നു. ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “1960-ൽ . . . മൊത്തം കുട്ടികളുടെ 9 ശതമാനം മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഭവനങ്ങളിൽ ജീവിച്ചിരുന്നു. 1990 ആയപ്പോഴേക്കും അത് 25 ശതമാനമായി കുതിച്ചുയർന്നു. ഇന്ന്, മൊത്തം അമേരിക്കൻ കുട്ടികളുടെ 27.1 ശതമാനം മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഭവനങ്ങളിലാണ് ജനിക്കുന്നത്, ആ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയുമാണ്. . . . 1970 മുതൽ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം ഇരട്ടിയിലധികമായിട്ടുണ്ട്. പരമ്പരാഗത കുടുംബം ഇന്ന് കടുത്ത ഭീഷണിയിലാണ്, അത് സമൂലനാശത്തിന്റെ വക്കിലാണ് എന്ന് ചില ഗവേഷകർ പറയുന്നു.”
റോമൻ കത്തോലിക്കാ സഭയ്ക്ക് അതിന്റെ ധാർമിക സ്വാധീനശക്തി ഏറെയും നഷ്ടപ്പെട്ട രാജ്യങ്ങളിൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ വർധിച്ചുവരികയാണ്. പകുതിയിൽ താഴെ ഇറ്റാലിയൻ കുടുംബങ്ങളിലേ മാതാവും പിതാവും കുട്ടികളും അടങ്ങിയിട്ടുള്ളൂ. പരമ്പരാഗത കുടുംബങ്ങൾ മാറി തത്സ്ഥാനത്ത്, കുട്ടികളില്ലാത്ത ദമ്പതികളും മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വാസ്തവത്തിൽ ചില രാജ്യങ്ങളിലെ ക്ഷേമവ്യവസ്ഥ വിവാഹം കഴിക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഗവൺമെൻറ് സഹായം ലഭിക്കുന്ന ഏകാകികളായ അമ്മമാർ വിവാഹം കഴിച്ചാൽ അവർക്കു സഹായം നഷ്ടമാകും. ഡെൻമാർക്കിലെ ഏകാകികളായ അമ്മമാർക്കു കൂടുതലായ ശിശുസംരക്ഷണ ഇളവുകൾ ലഭിക്കുന്നു. ചില സമൂഹങ്ങളിൽ, പ്രായപൂർത്തിയാകാത്ത അമ്മമാർക്ക് പണം കിട്ടുന്നു, അവർക്കുവേണ്ടി വീട്ടുവാടകയും അടയ്ക്കുന്നു. അതുകൊണ്ട് പണവും ഉൾപ്പെട്ടിരിക്കുന്നു. സ്വീഡനിൽ ഒരു വിവാഹമോചനം നടക്കുമ്പോൾ, സാമ്പത്തിക ഇളവുകൾ, താമസ അലവൻസ്, സാമൂഹിക സഹായം എന്നിവയുടെ രൂപത്തിൽ നികുതിദായകർക്ക് 2.5 ലക്ഷംമുതൽ 3.75 ലക്ഷംവരെ ഡോളർ നഷ്ടമാകുന്നുവെന്ന് അൽഫ് ബി. സ്വെൻസൺ അവകാശപ്പെടുന്നു.
കുടുംബങ്ങളിലെ ഈ നാശകരമായ പ്രവണതയുടെ ഗതി തിരിച്ചുവിടാനായി ക്രൈസ്തവലോകത്തിലെ സഭകൾ ഒന്നുംതന്നെ ചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. മിക്ക പാസ്റ്റർമാരും പുരോഹിതന്മാരും സ്വന്തം കുടുംബപ്രതിസന്ധികളുമായി മല്ലിടുകയാണ്. അതുകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ തങ്ങൾക്കാവില്ലെന്ന് അവർക്കു തോന്നുന്നു. ചിലർ വിവാഹമോചനത്തിന്റെ പ്രചാരകരായിപ്പോലും വർത്തിക്കുന്നതായി തോന്നുന്നു. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽനിന്നുള്ള ഒരു പാസ്റ്ററായ സ്റ്റെവൻ അലൻ ഒരു പ്രത്യേക വിവാഹമോചന ചടങ്ങ് സംഘടിപ്പിക്കുകയും എല്ലാ ബ്രിട്ടീഷ് സഭകളിലും അത് ഒരു ഔദ്യോഗിക വിവാഹമോചന ശുശ്രൂഷയായി ഉതകണമെന്നു നിർദേശിക്കുകയും ചെയ്തെന്ന് 1996 ഏപ്രിൽ 15-ലെ അഫ്റ്റോൺബ്ലാഡെറ്റ് റിപ്പോർട്ടു ചെയ്തു. “തങ്ങൾക്കു സംഭവിച്ചിരിക്കുന്നത് സമ്മതിക്കാനും അതിനോടു പൊരുത്തപ്പെടാനും ഒരുവനെ സഹായിക്കാനുള്ള ഒരു സൗഖ്യമാക്കൽ ശുശ്രൂഷയാണിത്. ദൈവം ഇപ്പോഴും തങ്ങളെ സ്നേഹിക്കുന്നെന്നും ദോഷമുക്തരാക്കുന്നെന്നും മനസ്സിലാക്കാൻ അത് അവരെ സഹായിക്കുന്നു.”
അതുകൊണ്ട് ഇന്നു കുടുംബത്തിന്റെ പോക്ക് എങ്ങോട്ടാണ്? അതിന് അതിജീവന പ്രതീക്ഷയുണ്ടോ? അത്തരം കടുത്ത ഭീഷണിയിൻകീഴിലായിരിക്കുമ്പോൾ പോലും ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് തങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാൻ കഴിയുമോ? ദയവായി അടുത്ത ലേഖനം വായിക്കുക.
[5-ാം പേജിലെ ചാർട്ട്]
ചില രാജ്യങ്ങളിൽ വർഷംതോറുമുള്ള വിവാഹങ്ങൾ വിവാഹമോചനങ്ങളോടുള്ള താരതമ്യത്തിൽ
രാജ്യം വർഷം വിവാഹങ്ങൾ വിവാഹ മോചനങ്ങൾ
എസ്തോണിയ 1993 7,745 5,757
ഐക്യനാടുകൾ 1993 23,34,000 11,87,000
ഓസ്ട്രേലിയ 1993 1,13,255 48,324
കാനഡ 1992 1,64,573 77,031
ക്യൂബ 1992 1,91,837 63,432
ചെക്ക് റിപ്പബ്ലിക്ക് 1993 66,033 30,227
ജപ്പാൻ 1993 7,92,658 1,88,297
ജർമനി 1993 4,42,605 1,56,425
ഡെൻമാർക്ക് 1993 31,507 12,991
നോർവേ 1993 19,464 10,943
പോർട്ടോറിക്കോ 1992 34,222 14,227
മാലദ്വീപ് 1991 4,065 2,659
ഫ്രാൻസ് 1991 2,80,175 1,08,086
ബ്രിട്ടൺ 1992 3,56,013 1,74,717
റഷ്യൻ ഫെഡറേഷൻ1993 11,06,723 6,63,282
സ്വീഡൻ 1993 34,005 21,673
(ന്യൂയോർക്കിലെ ഐക്യരാഷ്ട്രങ്ങളുടെ 1996-ലെ 1994 ജനസംഖ്യാ വാർഷികപുസ്തകത്തിൽ അധിഷ്ഠിതം)