സത്യം ജീവിതത്തിനു മാറ്റംവരുത്തുന്നു
ഇന്നു വളരെയധികം ആളുകളുടെ ജീവിതം ക്ലേശപൂർണവും ആശയറ്റതും ആണെന്നതു സങ്കടകരമായ വസ്തുതയാണ്. ചിലരുടേത് പ്രതിസന്ധിയിലുമാണ്. അത്തരമാളുകൾക്കു സന്തുഷ്ടി കണ്ടെത്താനാകുമോ? ചിലർ കുറ്റവാളികളും മറ്റുള്ളവരെ ദ്രോഹിക്കുന്നവരുമാണ്. അവർക്കെന്നെങ്കിലും സമൂഹത്തിൽ സത്യസന്ധരായ അംഗങ്ങളായിത്തീരാനാകുമോ? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഉവ്വ് എന്നാണ്. ആളുകൾക്കു മാറ്റംവരുത്താനാകും. ജീവിതത്തെ രൂപാന്തരപ്പെടുത്താനാകും. ഇതെങ്ങനെ സാധിക്കുമെന്നു പ്രകടമാക്കിക്കൊണ്ട് പൗലൊസ് അപ്പോസ്തലൻ എഴുതി: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:2.
പൗലൊസ് ഈ വാക്കുകൾ എഴുതുന്നതിന് 20-ലധികം വർഷംമുമ്പ് യേശു ശിഷ്യന്മാരോടു പറഞ്ഞ ഒരു സംഗതിയെ ‘പൂർണ്ണതയുള്ള ദൈവഹിതം’ എന്ന ഈ പരാമർശം അനുസ്മരിപ്പിക്കുന്നു. യേശു പറഞ്ഞു: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32, NW) “സത്യം” എന്നതുകൊണ്ട് യേശു അർഥമാക്കിയത് ബൈബിളിൽ നമുക്കായി സൂക്ഷിച്ചിരിക്കുന്ന ദിവ്യനിശ്വസ്ത വിവരങ്ങളെയാണ്, വിശേഷിച്ചും ദൈവഹിതം സംബന്ധിച്ച വിവരങ്ങളെ. (യോഹന്നാൻ 17:17) ബൈബിൾസത്യം വാസ്തവത്തിൽ ആളുകളെ സ്വതന്ത്രരാക്കുന്നുണ്ടോ? ദൈവഹിതത്തിനു ചേർച്ചയിൽ ജീവിക്കുന്നത് വാസ്തവത്തിൽ ജീവിതത്തിനു മാറ്റംവരുത്തുന്നുണ്ടോ? തീർച്ചയായും ഉണ്ട്. ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
ജീവിതത്തിന് ഉദ്ദേശ്യം
ജിബ്രാൾട്ടറിലെ മൊയിസസ് അടുത്തകാലംവരെ വളരെ അസന്തുഷ്ടനായിരുന്നു. അയാൾ പറയുന്നു: “ഞാനൊരു മദ്യപാനിയായിരുന്നു. കുടിച്ചിട്ട് മിക്കവാറും തെരുവിൽത്തന്നെയായിരുന്നു ഉറക്കം. എല്ലാം നശിച്ചവനെപ്പോലെ തോന്നിയ ഞാൻ എന്നോടു കരുണ കാട്ടണമേ, ഒരു ദിവസംകൂടി എനിക്കു സഹിച്ചുനിൽക്കേണ്ടിവരരുതേ എന്നു ദിവസവും രാത്രി ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. തൊഴിലില്ല, കുടുംബമില്ല, സഹായത്തിനാരുമില്ല, ഒന്നിനുംകൊള്ളാത്തവൻ. ഇങ്ങനെയുള്ള ഒരുവനായി എന്തിന് ഈ ലോകത്തിൽ ജനിച്ചുവെന്നു ദൈവത്തോടു ചോദിച്ചു ഞാൻ കരയാറുണ്ടായിരുന്നു. ഞാനെന്തിനു ജീവിക്കണം? എന്നായിരുന്നു എന്റെ ചിന്ത.” അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി.
മൊയിസസ് തുടരുന്നു: “യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവനായ റോബർട്ടോയെ കണ്ടപ്പോൾ എനിക്കു മനസ്സിലായി ദൈവം എന്റെ പ്രാർഥന കേട്ടിരിക്കുന്നുവെന്ന്. റോബർട്ടോ എനിക്കൊരു ബൈബിളും ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ബൈബിൾ പഠനസഹായിയുടെ ഒരു പ്രതിയും തന്നു.a ഞാൻ അന്തിയുറങ്ങാറുള്ള ബഞ്ചിലിരുന്ന് ഞങ്ങൾ ദിവസവും ബൈബിൾ പഠിച്ചു. ഒരു മാസത്തിനുശേഷം, റോബർട്ടോ എന്നെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലെ ഒരു യോഗത്തിനു കൊണ്ടുപോയി. താമസിയാതെ ബൈബിൾസത്യം എന്റെ വീക്ഷണത്തെ പൂർണമായി മാറ്റിമറിച്ചു. ഞാനിപ്പോൾ വെളിയിൽ അന്തിയുറങ്ങാറില്ല; മദ്യപാനമോ പുകവലിയോ ഇല്ല. എന്റെ ജീവിതത്തിനു മാറ്റംവന്നിരിക്കുന്നു, ഞാൻ സന്തുഷ്ടനാണ്. താമസിയാതെ സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളിലൊരുവനായി അവനെ സേവിക്കാമെന്നു ഞാനാശിക്കുന്നു.
എന്തൊരു മാറ്റം! ആളുകൾക്കു പ്രത്യാശയില്ലാത്തതിന്റെ കാരണം മിക്കപ്പോഴും അറിവിന്റെ അഭാവമാണ്. അവർക്കു ദൈവത്തെയോ അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെയോ കുറിച്ച് അറിയില്ല. മൊയിസസിന്റെ കാര്യത്തിൽ, അയാൾക്കു ലഭിച്ച അറിവായിരുന്നു ജീവിതത്തിനു മാറ്റംവരുത്തുന്നതിനുള്ള ശക്തിയും ധൈര്യവും അയാൾക്കു നൽകിയത്. ദൈവത്തോടുള്ള സങ്കീർത്തനക്കാരന്റെ പ്രാർഥന മൊയിസസിന്റെ കാര്യത്തിൽ നിറവേറി: “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.”—സങ്കീർത്തനം 43:3.
സമാനമായ അനുഭവംതന്നെയാണ് ബെലീസിലെ ദാനിയേലിനുണ്ടായിരുന്നത്. അയാൾ തെരുവിൽ അന്തിയുറങ്ങിയിരുന്നയാളല്ല—അയാൾക്ക് അന്തസ്സുള്ളൊരു ജോലിയുണ്ടായിരുന്നു. എന്നാൽ 20 വർഷത്തോളം മയക്കുമരുന്നിനും മദ്യത്തിനും അടിമയായി അയാൾ അധാർമിക ജീവിതം നയിച്ചു. ഒരു കത്തോലിക്കനായി വളർത്തപ്പെട്ടിട്ടും, ജീവിതത്തിന് ഒരർഥവും കാണാൻ ദാനിയേലിനു കഴിഞ്ഞില്ല. ദൈവമുണ്ടോ എന്ന സംശയവുമുണ്ടായിരുന്നു. സഹായം തേടി അയാൾ പല പള്ളികളിലും പോയി. പക്ഷേ പള്ളിക്കാരായ പല സുഹൃത്തുക്കളും ചില വൈദിക സുഹൃത്തുക്കൾപോലും മയക്കുമരുന്നോ മദ്യമോ ദുരുപയോഗം ചെയ്യുന്നവരാണെന്ന് അയാൾക്കു മനസ്സിലായി. അതിനിടെ, ഭാര്യ വിവാഹമോചനത്തിനു തയ്യാറെടുക്കുകയായിരുന്നു.
അവസാനം ഗതികെട്ട് ദാനിയേൽ ഒരു പുനരധിവാസകേന്ദ്രത്തിൽ അഭയം തേടി. അവിടെനിന്നു പുറത്തുവന്നശേഷം സഹായം ലഭിക്കുന്നില്ലെങ്കിൽ താൻ വീണ്ടും മയക്കുമരുന്നിന് അടിമയാകുമെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ ഏതുതരം സഹായം? 1996 മേയിൽ, പുനരധിവാസകേന്ദ്രത്തിൽനിന്നു പുറത്തുവന്ന് രണ്ടുദിവസത്തിനുശേഷം, ദാനിയേൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളെ സമീപിച്ച് അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് അഭ്യർഥിച്ചു: “ദയവായി എനിക്കൊരു ബൈബിളധ്യയനം നടത്തുക.” ദാനിയേലിന് ആഴ്ചയിൽ രണ്ടുപ്രാവശ്യംവീതം ബൈബിളധ്യയനം നടത്താൻ സാക്ഷി ഏർപ്പാടുചെയ്തു. താമസിയാതെ ദാനിയേൽ തന്റെ ജീവിതത്തെ ദൈവഹിതത്തോട് അനുരൂപപ്പെടുത്താൻ തുടങ്ങി, പഴയ സുഹൃത്തുക്കൾക്കുപകരം മയക്കുമരുന്നോ മദ്യമോ ദുരുപയോഗം ചെയ്യാത്തവരും അധാർമികത ഒഴിവാക്കിയവരുമായ ക്രിസ്ത്യാനികളെ സുഹൃത്തുക്കളായി തിരഞ്ഞെടുത്തു. അങ്ങനെ ബൈബിൾ പറയുന്നത് സത്യമാണെന്നു ദാനിയേൽ കണ്ടെത്തി: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) താമസിയാതെ അയാൾ പറഞ്ഞു: “ശുദ്ധ മനസ്സാക്ഷിയുണ്ടായിരിക്കുകയെന്നാൽ എന്തെന്നു ഞാൻ ജീവിതത്തിൽ ആദ്യമായി മനസ്സിലാക്കുകയാണിപ്പോൾ.” ദാനിയേലിന്റെ ജീവിതത്തിനും മാറ്റംവന്നു.
പോർട്ടോറിക്കോയിൽ, മറ്റൊരു മനുഷ്യനു ശ്രദ്ധേയമായ മാറ്റമുണ്ടായി. നിരവധിപേരെ കൊന്നതിനു തടവിലായ ഇയാളെ വളരെ അപകടകാരിയായി വീക്ഷിച്ചിരുന്നു. ബൈബിൾസത്യത്തിന് അദ്ദേഹത്തിൽ മാറ്റംവരുത്താൻ കഴിഞ്ഞോ? തീർച്ചയായും. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ അയാൾക്കു വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഏതാനും പ്രതികൾ കൊടുത്തു. പെട്ടെന്നുതന്നെ അയാൾ കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടു. അയാളുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ബൈബിൾസത്യം അയാളുടെ ഹൃദയത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ അയാൾ വരുത്തിയ മാറ്റങ്ങൾ എല്ലാവർക്കും ദൃശ്യമായി. അയാളിലെ മാറ്റങ്ങളുടെ ആദ്യ തെളിവുകളിലൊന്നായി അയാൾ തന്റെ നീണ്ട മുടി വെട്ടിയൊതുക്കി, ദീക്ഷ വടിച്ചു.
യഥാർഥ അനുതാപം പ്രകടമാക്കി തങ്ങളുടെ ജീവിതരീതിക്കു മാറ്റംവരുത്തുന്ന പാപികളോടു ദൈവം ക്ഷമിക്കുന്നുവെന്നു ബൈബിൾ പറയുന്നു. പൗലൊസ് എഴുതി: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? . . . നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും . . . നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 6:9, 11) നിസ്സംശയമായും, ഈ വാക്കുകളും പ്രവൃത്തികൾ 24:15-ഉം ഈ മനുഷ്യന് ആശ്വാസം പ്രദാനം ചെയ്തു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” അയാൾ പറഞ്ഞു: “മരിച്ചവരുടെ പുനരുത്ഥാനം നടക്കുമ്പോൾ ഞാനവിടെ വേണം, കൊന്നവരോട് എനിക്കപ്പോൾ ക്ഷമാപണം നടത്താമല്ലോ.”
ഒരു പുതിയ കുടുംബം
അർജൻറീനയിലെ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മുഴുസമയ സുവിശേഷകനായ ലൂയിസ് കഷ്ടപ്പാടുകൾനിറഞ്ഞ പശ്ചാത്തലമുള്ള ഒരു യുവാവിനെ പരിചയപ്പെട്ടു. ജനിച്ച ഉടനെതന്നെ മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചു. പല അഭയകേന്ദ്രങ്ങളിലായിട്ടാണ് അവൻ വളർന്നുവന്നത്. 20 വയസ്സായപ്പോൾ, തന്റെ അമ്മ എവിടെയുണ്ടെന്നു മനസ്സിലാക്കി അവൻ അതിനടുത്തായി താമസമുറപ്പിക്കാൻ തീരുമാനിച്ചു. കഠിനാധ്വാനം ചെയ്ത് കുറെ പണം സമ്പാദിച്ച് അമ്മ പാർക്കുന്ന നഗരത്തിലേക്ക് അവൻ യാത്രയായി. എന്നാൽ അവന്റെ പണം തീരുന്നതുവരെ മാത്രമേ അമ്മ അവനെ വീട്ടിൽ താമസിപ്പിച്ചുള്ളൂ. അതു തീർന്നപ്പോൾ അവനെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഈ നിരാകരണം അവനെ ആത്മഹത്യയുടെ വക്കത്തെത്തിച്ചു.
എന്നിരുന്നാലും, ഈ യുവാവുമായി ബൈബിൾസത്യം പങ്കുവെക്കാൻ ലൂയിസിനു സാധിച്ചു. ആ സത്യത്തിൽ ഈ ഉറപ്പ് ഉൾപ്പെടുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) തന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ലാത്ത ഒരു സ്വർഗീയ പിതാവ് തനിക്കുണ്ടെന്ന് ആ യുവാവ് മനസ്സിലാക്കി. ഒരു പുതിയ കുടുംബത്തിന്റെ, അതായത് യഹോവയുടെ കുടുംബത്തിന്റെ ഭാഗമായതിൽ അവനിപ്പോൾ സന്തോഷവാനാണ്.
അതേ രാജ്യത്തെ മറ്റൊരാൾ തനിക്കു വീക്ഷാഗോപുരം മാസിക ഇഷ്ടമാണെന്ന് ഒരു യഹോവയുടെ സാക്ഷിയോടു പറഞ്ഞു. എന്തുകൊണ്ട്? എന്തെന്നാൽ അതായിരുന്നു അയാളുടെ വിവാഹത്തെ രക്ഷിച്ചത്. ഒരു ദിവസം അയാൾ ജോലിസ്ഥലത്തുനിന്നു മടങ്ങവേ, “വിവാഹമോചനം” എന്ന വലിയ ശീർഷകത്തോടുകൂടിയ ഒരു വീക്ഷാഗോപുരം മാസിക ചവറ്റുകൊട്ടയിൽ കിടക്കുന്നതു കണ്ടുവത്രേ. വിവാഹത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയതോടെ അയാളും ഭാര്യയും നിയമപരമായി വേർപിരിയാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. അതുകൊണ്ട്, അയാൾ മാസിക എടുത്ത് വായിക്കാൻ തുടങ്ങി. അയാൾ അത് വീട്ടിൽ കൊണ്ടുപോയി ഭാര്യയോടൊപ്പം വായിച്ചു. മാസികയിലെ ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശം ബാധകമാക്കാൻ ഇരുവരും ശ്രമിച്ചു. (എഫെസ്യർ 5:21–6:4) താമസിയാതെ അവരുടെ ബന്ധം മെച്ചപ്പെട്ടു. അവർ വേർപിരിയലിനുള്ള നടപടിക്രമങ്ങൾ അവസാനിപ്പിച്ചു. ഇപ്പോൾ അവർ ഐക്യമുള്ള വിവാഹിത ദമ്പതികളെന്ന നിലയിൽ ബൈബിൾ പഠിക്കുകയാണ്.
ഉറുഗ്വേയിൽ ലൂയിസ് എന്നുപേരായ ഒരാളെ സംബന്ധിച്ചിടത്തോളം സന്തോഷമെന്നത് ഒരു മരീചികയായിരുന്നു. മയക്കുമരുന്നാസക്തി, ആത്മവിദ്യ, വിഗ്രഹാരാധന, മദ്യത്തിന്റെ ദുരുപയോഗം എന്നിങ്ങനെ അനവധി സംഗതികൾ അയാളുടെ ജീവിതം താറുമാറാക്കിയിരുന്നു. അവസാനം, തികച്ചും നിരാശനായ ലൂയിസ് ഒരു നിരീശ്വരവാദിയായി. ഒരു സുഹൃത്ത് അയാൾക്ക് ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?b (ഇംഗ്ലീഷ്) എന്ന പുസ്തകം കൊടുത്തു. ഇതിന്റെ ഫലമായി ലൂയിസ് യഹോവയുടെ സാക്ഷികളുമായി ചെറിയ തോതിൽ സമ്പർക്കത്തിൽ വന്നെങ്കിലും താമസിയാതെ അയാൾ വീണ്ടും മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും തിരിഞ്ഞു. ഒരിക്കൽ അയാൾ വലിയ മനോവേദനയോടെ ഒരു ചപ്പുചവറുകൂനയ്ക്കരികെ ഇരിക്കുകയായിരുന്നു. ദൈവനാമം അറിയില്ലാത്തതിനാൽ “യേശുക്രിസ്തുവിന്റെ പിതാവേ” എന്നുവിളിച്ച് അയാൾ പ്രാർഥിച്ചു.
തന്റെ അസ്തിത്വത്തിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അതു തന്നെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തിത്തരണമെന്ന് അയാൾ ദൈവത്തോട് അപേക്ഷിച്ചു. അയാൾ പറയുന്നു: “തൊട്ടടുത്ത ദിവസംതന്നെ, ഒരു പരിചയക്കാരൻ ഉപയോഗശൂന്യമെന്ന് അയാൾക്കു തോന്നിയ ഒരു പുസ്തകം എനിക്കു തന്നു. അതിന്റെ ശീർഷകം? വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!”c ആ പുസ്തകം അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിച്ചു. ദൈവത്തെ എങ്ങനെ സേവിക്കാമെന്നു കാണിച്ചുതരുന്ന മതം കണ്ടെത്താൻ സഹായിക്കേണമേ എന്നു ലൂയിസ് പിന്നെയും പ്രാർഥിച്ചു. എന്തൊരതിശയം! കോളിങ്ബെൽ ശബ്ദിച്ചു. വാതിൽക്കൽ രണ്ടു യഹോവയുടെ സാക്ഷികൾ. ലൂയിസ് ഉടനെതന്നെ അവരുമൊത്തു ബൈബിൾ പഠിക്കാനാരംഭിച്ചു. വളരെ പെട്ടെന്നു പുരോഗതി നേടിയ അയാൾ ഇപ്പോൾ സ്നാപനമേറ്റ സാക്ഷിയായിരിക്കുന്നത് ഒരനുഗ്രഹമായി വീക്ഷിക്കുകയാണ്. ശുദ്ധമായ ജീവിതം നയിക്കുന്ന അയാൾ ജീവിതത്തിൽ ഉദ്ദേശ്യം കണ്ടെത്താൻ മറ്റുള്ളവരെയും സഹായിക്കുന്നു. അയാളെ സംബന്ധിച്ചിടത്തോളം സങ്കീർത്തനം 65:2-ലെ വാക്കുകൾ അന്വർഥമായിത്തീർന്നിരിക്കുന്നു: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.”
ഇനി ഫിലിപ്പീൻസിലെ അലൻ എന്നൊരു വിദ്യാർഥിയുടെ കാര്യം. “ഭാവി തലമുറകൾ സമത്വം ആസ്വദിക്കേണ്ടതിന് ഗവൺമെൻറിനെ താഴെയിറക്കുക” എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന ഒരു വിപ്ലവപ്രസ്ഥാനത്തിലെ അംഗമായിരുന്നു അവൻ. എന്നാൽ ഒരു ദിവസം യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നപ്പോൾ, മനുഷ്യവർഗത്തിനുവേണ്ടിയുള്ള ദൈവോദ്ദേശ്യം അവൻ ബൈബിളിൽനിന്നു മനസ്സിലാക്കി. ആ ഉദ്ദേശ്യത്തിൽ ഈ നിശ്വസ്ത വാഗ്ദാനം ഉൾപ്പെടുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) അലൻ പറഞ്ഞു: “ഞങ്ങളുടെ പ്രസ്ഥാനം പോരാടുന്നത് എന്തിനുവേണ്ടിയാണോ അത് ദീർഘനാൾമുമ്പേ ബൈബിൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. നമ്മൾ അതിയായി ആഗ്രഹിക്കുന്നതെല്ലാം ദൈവരാജ്യത്തിൽ സാക്ഷാത്കരിക്കപ്പെടും.” അലൻ ഇപ്പോൾ ദൈവരാജ്യത്തെ പിന്തുണയ്ക്കുകയും ബൈബിൾസത്യത്തിൽ വിശ്വാസം പ്രകടമാക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.
അതേ, ദൈവവചനമായ ബൈബിളിലെ സത്യത്തിന് ആളുകൾ ചെവികൊടുക്കുമ്പോൾ ജീവിതത്തിനു മാറ്റംവരുന്നു. തീർച്ചയായും, അതിജീവിക്കുന്ന സകലമനുഷ്യരും തങ്ങളുടെ ജീവിതം ദൈവഹിതത്തോട് അനുരൂപപ്പെടുത്തുന്ന സമയം ആഗതമാകുകയാണ്. അതെന്തൊരു മാറ്റമായിരിക്കും! അപ്പോൾ ഈ പ്രവചനം നിവൃത്തിയേറും: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.