വിശുദ്ധ സേവനത്തിനു സമൃദ്ധമായ പ്രതിഫലങ്ങൾ
ഹാരി ബ്ലൂർ പറഞ്ഞപ്രകാരം
ഏകദേശം നൂറു വർഷം മുമ്പ് എന്റെ മുത്തച്ഛൻ ഒരു അടിയുറച്ച മെഥഡിസ്റ്റ് സഭാംഗമായിരുന്നു. ഇംഗ്ലണ്ടിലെ കളിമൺനിർമാണ പട്ടണമായ സ്റ്റോക്കോൺ ട്രെൻറിലെ അനേകം പള്ളികൾക്ക് ഉദാരമായി സംഭാവന നൽകിയ അദ്ദേഹം, ആദരിക്കപ്പെട്ടിരുന്ന ഒരു അൽമായ പ്രസംഗകനായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തിന് സാമ്പത്തിക വൈഷമ്യം നേരിട്ടു. മുത്തച്ഛനെ സഹായിക്കാനായി എന്റെ പിതാവ് ഗ്രാമത്തിൽ ഒരു ചെറിയ കട നടത്താൻവേണ്ട ക്രമീകരണം അദ്ദേഹത്തിനു ചെയ്തുകൊടുത്തു. ആ കടയ്ക്ക് ബിയർ വിൽക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നു. ഇതറിഞ്ഞയുടനെ മെഥഡിസ്റ്റുകാർ മുത്തച്ഛനെ മതഭ്രഷ്ടനാക്കി.
പിതാവ് കോപാകുലനായി, മേലാൽ തനിക്ക് മതവുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു—അദ്ദേഹം തന്റെ വാക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം ഒരു പൊലീസുകാരനായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഒരു മദ്യശാലയുടെ ഉടമയായി. അതുകൊണ്ട്, ആ സ്ഥലത്തെ മണവും സിഗരറ്റുപുകയുമേറ്റാണ് ഞാൻ വളർന്നത്. മതത്തിന് എന്റെ ജീവിതത്തിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല, പക്ഷേ ചെസ് പോലുള്ള മിക്ക ബോർഡ് ഗെയിമുകളിലും ഞാൻ സമർഥനായി. എന്നാൽ ചെറുപ്പത്തിൽ മുത്തച്ഛന് എന്റെമേലുണ്ടായിരുന്ന സ്വാധീനം നിമിത്തം ഞാൻ ബൈബിളിനോട് കാര്യമായ ആദരവു പുലർത്തിയിരുന്നു, അതിനെപ്പറ്റി എനിക്ക് കാര്യമായ അറിവൊന്നും ഇല്ലായിരുന്നെങ്കിലും.
ഞാൻ ബൈബിൾ സത്യം പഠിച്ചു
എനിക്ക് 24 വയസ്സുള്ളപ്പോൾ, 1923-ൽ, ഞാൻ കിഴക്ക്, നോട്ടിംങ്ഹാമിലേക്കു താമസം മാറുകയും ഏതാണ്ട് 40 കിലോമീറ്റർ അകലെ ലെസ്റ്റർ നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള വെറ്റ്സ്റ്റോൺ ഗ്രാമത്തിൽ താമസിച്ചിരുന്ന മേരിയുമായി കോർട്ടിങ്ങിൽ ഏർപ്പെടുകയും ചെയ്തു. അവളുടെ പിതാവായ ആർതർ റെസ്റ്റ് ഒരുകാലത്ത് പ്രാദേശിക പള്ളിയിലെ ഓർഗൻ വായനക്കാരനായിരുന്നു. എന്നാൽ ഈ സമയമായപ്പോഴേക്കും, അദ്ദേഹം ഉത്സാഹമുള്ളൊരു ബൈബിൾ വിദ്യാർഥി—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ആയിരുന്നു. പുതുതായി കണ്ടെത്തിയ വിശ്വാസത്തെക്കുറിച്ച് ആർതർ എന്നോട് എല്ലായ്പോഴും സംസാരിച്ചിരുന്നു. പക്ഷേ എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തോടൊപ്പം, പ്രമുഖ ബാപ്റ്റിസ്റ്റുകാരനായിരുന്ന ഒരു പാർലമെൻറ് അംഗത്തിന്റെ പ്രഭാഷണം കേൾക്കാനായി 1924 ജൂലൈ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക ബാപ്റ്റിസ്റ്റ് പള്ളിയിൽ പോയി, അതെന്റെ താത്പര്യം ജ്വലിപ്പിച്ചു. “തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പാസ്റ്റർ റസ്സലിന്റെ പഠിപ്പിക്കലുകൾ പരിശോധിക്കപ്പെടുന്നു” എന്ന അദ്ദേഹത്തിന്റെ വിഷയം എന്നിൽ താത്പര്യമുണർത്തി. അന്നെടുത്ത കുറിപ്പുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട്.
തങ്ങളുടെ വിശ്വാസത്തിന്മേൽ നടത്തിയ ആ ആക്രമണത്തിനു മറുപടി നൽകാനുള്ള ബൈബിൾ വിദ്യാർഥികളുടെ അഭ്യർഥന ബാപ്റ്റിസ്റ്റുകാർ നിരസിച്ചു. അതെന്നെ ദേഷ്യം പിടിപ്പിച്ചു, അത്തരമൊരു യോഗം നടത്താൻ മറ്റൊരു സ്ഥലം കണ്ടെത്താൻ ഞാൻ നിശ്ചയിച്ചു. അടുത്തുള്ള ഒരു കളപ്പുര അതിനു പറ്റിയതാണെന്നു മനസ്സിലായി. ഞങ്ങൾ അവിടം അടിച്ചു വൃത്തിയാക്കി, എട്ടുകാലിവലകൾ നീക്കി, മെതിയന്ത്രങ്ങൾ ഒരു വശത്തേക്കു തള്ളിമാറ്റി, അങ്ങനെ ഞങ്ങളെല്ലാം യോഗത്തിനൊരുങ്ങി. ഞങ്ങൾ 70 കസേരകൾ സംഘടിപ്പിക്കുകയും നോട്ടീസ് അച്ചടിക്കുകയും ചെയ്തു.
പ്രസംഗം നടത്താനായി ലെസ്റ്ററിൽനിന്ന് ഫ്രാങ്ക് ഫ്രീർ എത്തിച്ചേർന്നപ്പോൾ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരുന്നു, വേറെ 70 പേർ നിൽക്കുകയായിരുന്നു! തിരുവെഴുത്തുകളിൽനിന്നുള്ള ഫ്രാങ്കിന്റെ വ്യക്തമായ ന്യായവാദം സന്നിഹിതരായിരുന്ന മറ്റനേകരുടെയും കാര്യത്തിലെന്നപോലെ എന്നെയും ആകർഷിച്ചു. ലെസ്റ്ററിനടുത്തുള്ള ബ്ലേബിയിലെ ബൈബിൾ വിദ്യാർഥികളുടെ ചെറിയ സഭ അന്നുമുതൽ ദ്രുതഗതിയിൽ വളർന്നു. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു—മേരിയുടെയും. 1925-ൽ ഞങ്ങൾ ഇരുവരും യഹോവയ്ക്ക് സമർപ്പിച്ച് സ്നാപനമേറ്റു. ആ വർഷം ഞങ്ങൾ വിവാഹിതരുമായി.
ആത്മീയ അനുഗ്രഹങ്ങൾ
അടുത്ത വർഷം എന്നെ ബ്ലേബി സഭയുടെ സേവന ഡയറക്ടറായി നിയമിച്ചു. കോൽപോർട്ടർമാരുടെ കാലടികൾ പിന്തുടർന്ന് മുഴുസമയ സുവിശേഷ പ്രവർത്തകരാകാൻ ഞാനും ഭാര്യയും ആഗ്രഹിച്ചു. എന്നാൽ അത്തരമൊരു ഊർജസ്വലമായ പട്ടികയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ മേരിയുടെ ആരോഗ്യം അവളെ അനുവദിക്കില്ലെന്നു പെട്ടെന്നുതന്നെ വ്യക്തമായി. 1987-ലെ, അവളുടെ മരണംവരെ അവൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവൾ വളരെ നല്ലൊരു സഹകാരിയും അനൗപചാരിക സാക്ഷീകരണത്തിലും ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിലും വിദഗ്ധയായിരുന്ന ഒരു ഉത്തമ ശുശ്രൂഷകയുമായിരുന്നു. ഞങ്ങൾ മിക്കവാറും എല്ലാ സായാഹ്നങ്ങളും യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടോ അയൽക്കാരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെച്ചുകൊണ്ടോ ചെലവഴിച്ചു.
ഒരു എഞ്ചിനിയറായിരുന്ന ഞാൻ ജോലിചെയ്തിരുന്നത് തടി അറക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്ന ഒരു സ്ഥാപനത്തിലായിരുന്നു. ജോലിയുടെ ഭാഗമായി എനിക്ക് ബ്രിട്ടനിലുടനീളവും ഫ്രാൻസിലും യാത്രചെയ്യേണ്ടിയിരുന്നു. മിക്കപ്പോഴും മേരി എന്നെ അനുഗമിക്കുകയും ചെയ്തിരുന്നു. ഈ യാത്രകൾ വ്യാപകമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്കു നൽകി.
വികസനത്തിനുള്ള അടിസ്ഥാനങ്ങൾ
ബ്ലേബിയിൽ യോഗങ്ങൾക്കായി ഞങ്ങൾ 1925-ൽ ഒന്നാന്തരമൊരു കെട്ടിടം പണിതു. അവിടം കേന്ദ്രീകരിച്ച് ഞങ്ങൾ ഫലപ്രദമായൊരു സാക്ഷീകരണ പരിപാടി സംഘടിപ്പിച്ചു. എല്ലാ ഞായറാഴ്ച രാവിലെയും ഞങ്ങൾ ഒരു ബസ് വാടകയ്ക്കെടുത്ത് ചിതറിക്കിടന്നിരുന്ന ഗ്രാമങ്ങളിലേക്കും ചെറിയ പട്ടണങ്ങളിലേക്കും പോയി. പ്രസാധകരെ വഴിമധ്യേ പലയിടങ്ങളിലായി പ്രസംഗിക്കാൻ ഇറക്കിവിടുകയും എന്നിട്ട് ബസ് തിരിച്ചുപോരുമ്പോൾ അവരെ അതിൽ കയറ്റുകയും ചെയ്തു. ചൂടുള്ള വേനൽ മാസങ്ങളിലെ ഞായറാഴ്ചകളിൽ ഞങ്ങൾ വീക്ഷാഗോപുരത്തിന്റെ പുതിയ ലക്കം ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ ബൈബിൾ പഠനം നടത്തിയിരുന്നു. അതുകഴിഞ്ഞ് എട്ടുമണിക്ക് മൈതാന പരസ്യപ്രസംഗത്തിനായി ഞങ്ങൾ ലെസ്റ്ററിലെ ചന്തസ്ഥലത്ത് ഒത്തുകൂടിയിരുന്നു. ഒരു രാത്രിയിൽ 200 പേർ ഹാജരായി. ലെസ്റ്ററിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഇന്ന് സ്ഥിതിചെയ്യുന്ന നിരവധി സഭകൾക്ക് അടിസ്ഥാനമിട്ടത് ഈ പ്രവർത്തനമായിരുന്നു.
1926-ൽ ലണ്ടനിലെ അലക്സാൻഡ്രാ പാലസിലും റോയൽ ആൽബെർട്ട് ഹാളിലുമായി ഒരു അവിസ്മരണീയ കൺവെൻഷൻ നടന്നു. ആ സന്ദർഭത്തിൽ വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ്. എഫ്. റഥർഫോർഡ് വിടുതൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തു. “ലോകാധിപതികൾക്ക് ഒരു സാക്ഷ്യം” എന്ന പ്രമേയവും “ലോക ശക്തികൾ ആടിയുലയുന്നതിന്റെ കാരണം—പരിഹാരം” എന്ന റഥർഫോർഡ് സഹോദരന്റെ ഉജ്ജ്വലമായ പരസ്യപ്രസംഗവും, അവ അവതരിപ്പിക്കപ്പെട്ടതിന്റെ പിറ്റേദിവസം ഒരു പ്രമുഖ വർത്തമാനപ്പത്രത്തിൽ മുഴുവനായും അച്ചടിച്ചുവന്നു. 10,000-ത്തിലധികം ആളുകൾ ആ പരസ്യ പ്രസംഗം കേട്ടു. അതേത്തുടർന്ന് പ്രസ്തുത പ്രമേയത്തിന്റെ 5,00,00,000 കോപ്പികൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ആ കൺവെൻഷൻ ബ്രിട്ടനിലെ പ്രസംഗവേല ത്വരിതപ്പെടുത്താൻ ഉതകി.
യുദ്ധകാലത്തെ വലിയ കൺവെൻഷൻ
1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1941-ഓടെ യുദ്ധം അതിന്റെ അത്യുച്ചത്തിലെത്തിയിരുന്നു. ജർമൻ ബോംബർ വിമാനങ്ങൾ രാവുംപകലും കടന്നാക്രമണം നടത്തി. ദേശവ്യാപക തമസ്കരണം പ്രാബല്യത്തിലുണ്ടായിരുന്നു. ഭക്ഷണം ദുർലഭമായിരുന്നു, ലഭ്യമായവയ്ക്ക് കർശനമായ റേഷൻ സമ്പ്രദായം ഏർപ്പെടുത്തി. ഗതാഗതം വളരെ പരിമിതമായിരുന്നു, ട്രെയിൻ ഗതാഗതംപോലും. മറികടക്കാനാകാത്തതെന്നു തോന്നിയ ഈ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, 1941 സെപ്റ്റംബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങൾ ഒരു പഞ്ചദിന ദേശീയ കൺവെൻഷൻ നടത്തി.
ലെസ്റ്റർ ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തായിരുന്നതിനാൽ ലെസ്റ്ററിലെ ഡി മോൻഡ്ഫോർട്ട് ഹാൾ കൺവെൻഷൻ സ്ഥലമായി തിരഞ്ഞെടുത്തു. എനിക്ക് തടിവ്യവസായമായിരുന്നതിനാൽ, പരസ്യപ്പലകകൾ നിർമിക്കുന്നതിന് സഹായിക്കാൻ കഴിഞ്ഞു. സമ്മേളിതർക്കുവേണ്ടിയുള്ള പ്രാദേശിക യാത്രാക്രമീകരണങ്ങളും ഞാൻ ചെയ്തു. ഞങ്ങൾ ടിക്കറ്റുകൾ മുൻകൂർ വാങ്ങുകയും കൊടുക്കേണ്ടതിനെക്കാൾ കൂടുതൽ പണം കൊടുക്കുകയും ചെയ്തു. അങ്ങനെ ലെസ്റ്ററിലെ തെരുവു തീവണ്ടികൾ ഞായറാഴ്ച പോലും ഓടി.
യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ, ഒരുപക്ഷേ 3,000 സാക്ഷികൾക്കു വരാൻ കഴിഞ്ഞേക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. തങ്ങൾ അവിടെ ഉണ്ടായിരിക്കുമെന്ന് 10,000-ത്തിലധികം പ്രതിനിധികൾ പറഞ്ഞപ്പോഴത്തെ ആ ആനന്ദാതിരേകം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! എന്നാൽ അവർ എവിടെ താമസിക്കും? ലെസ്റ്ററിലെ ജനങ്ങൾ അനേകരെ തങ്ങളുടെ ഭവനങ്ങളിൽ താമസിക്കാൻ ദയാപൂർവം ക്ഷണിച്ചു. അതിനുപുറമേ, കൺവെൻഷൻ സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഒരു വയലിൽ നിർമിച്ച കൂടാരങ്ങളിൽ ഏകദേശം ആയിരംപേരെ പാർപ്പിച്ചു. ഗിദെയോൻ പാളയം എന്ന് ഞങ്ങൾ വിളിച്ച അത്, ആളുകളുടെ ഇടയിൽ ഒരു സംസാരവിഷയമായിത്തീർന്നു.
കൺവെൻഷൻ ഡിപ്പാർട്ടുമെൻറുകൾക്കും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തെ ഇരുത്തുന്നതിനുംവേണ്ടി വലിയ വെള്ളക്കൂടാരങ്ങൾ വാടകയ്ക്കെടുത്തു. തെളിഞ്ഞ നിലാവത്ത് ഈ കൂടാരങ്ങൾ നാസി ബോംബർ വിമാനങ്ങളുടെ ലക്ഷ്യമായിത്തീരാമെന്നു ഉറപ്പായപ്പോൾ അവയെ തിരിച്ചറിയാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തിടുക്കത്തിൽ ചെയ്തു. യുദ്ധം, പ്രത്യേകിച്ചും സാക്ഷികൾ അതിൽ പങ്കെടുക്കാതിരിക്കുന്നത്, ആളുകൾക്കിടയിലെ ഒരു ചർച്ചാവിഷയമായിരുന്നു. നിഷ്പക്ഷത സംബന്ധിച്ച ബൈബിളധിഷ്ഠിത നിലപാടുനിമിത്തം അന്ന് നൂറുകണക്കിനു സാക്ഷികൾ ജയിലിലായിരുന്നു.—യെശയ്യാവു 2:4; യോഹന്നാൻ 17:16.
1941 സെപ്റ്റംബർ 7-ലെ സൺഡേ പിക്റ്റോറിയൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “യുദ്ധത്തെക്കുറിച്ച് സന്ദർഭവശാലല്ലാതെ യാതൊരു പരാമർശനവും നടത്താതെ മതത്തെക്കുറിച്ചുമാത്രം സംസാരിച്ചുകൊണ്ട് 10,000 ആളുകൾ, കൂടുതലും ചെറുപ്പക്കാർ, ഒരാഴ്ച ചെലവഴിക്കുന്നത് കാണുന്നത് അതിശയകരമായ ഒരു സംഗതിയാണ്.
“സാക്ഷികൾക്ക് ജർമനിയിൽ അംഗങ്ങളുണ്ടോയെന്ന് ഞാൻ ചോദിച്ചു. ഉവ്വ്, മിക്കവാറും അവർ എല്ലാവരും, ഏതാണ്ട് 6,000 പേർ, തടങ്കൽപ്പാളയങ്ങളിലാണ് എന്ന് എന്നോടു പറഞ്ഞു.”
റിപ്പോർട്ടർ കൂട്ടിച്ചേർത്തു: “ഓ, അതേ, നാസികൾ ശത്രുക്കളാണെന്നുള്ളതു സത്യംതന്നെ, എന്നാൽ ലഘുലേഖകൾ വിൽക്കുകയും പ്രഭാഷണങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നതല്ലാതെ, സാക്ഷികൾ അവർക്കെതിരായി ഒന്നുംതന്നെ ചെയ്യുന്നില്ല.”
ഞങ്ങളെക്കുറിച്ചുള്ള പത്രാഭിപ്രായങ്ങൾ പൊതുവേ നിഷേധാത്മകമായിരുന്നു. എതിരാളികൾ ഞങ്ങളുടെ കൺവെൻഷൻ തടസ്സപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് അക്രമമാർഗം അവലംബിച്ചെങ്കിലും അതു വിജയിച്ചില്ല. എന്നാൽ, ലണ്ടനിലെ ദ ഡെയിലി മെയിൽ കുറച്ചൊക്കെ അസന്തുഷ്ടിയോടെ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സംഘാടനം സുഗമവും ശാന്തവും കാര്യക്ഷമവുമായിരുന്നു.”
നഗരത്തിലെ സിഗരറ്റ് ശേഖരം കുറഞ്ഞുപോകാൻ ഞങ്ങളാണ് കാരണമെന്ന് ആരോപണമുണ്ടായി. എന്നാൽ ദ ഡെയിലി മെയിൽ ഇങ്ങനെ വിശദീകരിച്ചു: “സാക്ഷികൾ ലെസ്റ്ററിലെ സിഗരറ്റുകൾ പുകച്ചുതീർക്കുകയാണെന്ന് ലെസ്റ്ററിനോ പുകയില കൺട്രോളർക്കോ പരാതിപ്പെടാനാകില്ല. അവർ പുകവലിക്കാറില്ല.” കൂടാതെ, സാക്ഷികൾ തങ്ങളുടെ ഭൂരിഭാഗം റേഷനും തങ്ങളോടൊപ്പം കൊണ്ടുവന്നിട്ടുണ്ടെന്ന് വിശദീകരിച്ചപ്പോൾ, തദ്ദേശവാസികൾക്ക് സാക്ഷികൾ നിമിത്തം ഭക്ഷണം ലഭിക്കാതെയായെന്നുള്ള പരാതികൾ ദൂരീകരിക്കപ്പെട്ടു. വാസ്തവത്തിൽ, കൺവെൻഷൻ അവസാനിച്ചപ്പോൾ 1.8 കിലോഗ്രാം റൊട്ടി, ലെസ്റ്റർ റോയൽ ഇൻഫേർമറിക്ക് സംഭാവനചെയ്തു—ഭക്ഷ്യദൗർലഭ്യത്തിന്റെ ആ നാളുകളിൽ അതൊരു ഗണ്യമായ സംഭാവനയായിരുന്നു.
ബ്രിട്ടനിലെ ഏതാണ്ട് 11,000 സാക്ഷികൾക്ക് ആ കൺവെൻഷൻ വലിയ ആത്മീയ ഉണർവേകി. ഏകദേശം 12,000 പേർ ഹാജരായത് അവരെ പുളകംകൊള്ളിച്ചു! കൺവെൻഷൻ പ്രതിനിധികൾ ലെസ്റ്ററിൽ അഭൂതപൂർവമായ അളവിലുള്ള ഒരു തെരുവുസാക്ഷീകരണത്തിൽ സസന്തോഷം പങ്കെടുക്കുകയും ഗ്രാമഫോണിലൂടെ സുവാർത്ത അറിയിച്ചുകൊണ്ട് വിദൂര ഗ്രാമങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ആ കൺവെൻഷനിലെ മുഖ്യപ്രസംഗങ്ങൾ, ഒരു മാസം മുമ്പ് യു.എസ്.എ-യിലെ മിസ്സൗറിയിലുള്ള സെൻറ്ലൂയിസിൽ നടന്ന യഹോവയുടെ സാക്ഷികളുടെ പഞ്ചദിന കൺവെൻഷനിൽ അവതരിപ്പിച്ച പ്രസംഗങ്ങളുടെ റെക്കോഡിങ്ങുകളായിരുന്നു. റഥർഫോർഡ് സഹോദരൻ നടത്തിയ, “രാജാവിന്റെ മക്കൾ” എന്ന പ്രസംഗത്തിന്റെ റെക്കോർഡിങ് കൺവെൻഷനിലെ ഒരു സവിശേഷ ഇനമായിരുന്നു. സെൻറ്ലൂയിസിൽ പ്രകാശനം ചെയ്ത കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ കോപ്പികൾ ഇറക്കുമതിചെയ്യാൻ സാധ്യമല്ലാഞ്ഞതിനാൽ, കടലാസ് ബയൻഡുള്ള ഒരു പ്രത്യേക പതിപ്പ് പിന്നീട് ബ്രിട്ടനിൽ നിർമിച്ചു. കൺവെൻഷനിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അതിന്റെ ഓരോ പ്രതി അയച്ചുകൊടുത്തു.
ലെസ്റ്ററിലെ അതുല്യമായ വാർഷിക യോഗം
യുദ്ധത്തിനുശേഷം ബ്രിട്ടനിലെ രാജ്യഘോഷകരുടെ വർധനവ് അതിശയകരമായിരുന്നു! 1980-കളുടെ ആരംഭത്തോടെ ലെസ്റ്ററിലെ സഭകളുടെ എണ്ണം പത്തായി വർധിച്ചു. 1983-ൽ ലെസ്റ്ററിൽവെച്ച് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ വാർഷിക യോഗം നടത്താൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം തീരുമാനിച്ചതായി ഞങ്ങളെ അറിയിച്ചു. ലെസ്റ്ററിലെ നഗരമേൽവിചാരകൻ എന്നനിലയിൽ ഞാൻ ഉടനടി, ഡി മോൻഡ്ഫോർട്ട് ഹാൾ വീണ്ടും വാടകയ്ക്കെടുക്കുന്നത് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ തുടങ്ങി.
സൊസൈറ്റിയുടെ ബ്രുക്ലിൻ ആസ്ഥാനത്തുനിന്ന് ഭരണസംഘത്തിലെ പതിമൂന്ന് അംഗങ്ങൾ ആ പരിപാടിക്കായി എത്തി. മൊത്തം 3,671 പ്രതിനിധികൾ ഉണ്ടായിരുന്നു. ഇത്തവണ ലോകത്തിനു ചുറ്റുമുള്ള സ്ഥലങ്ങളിൽനിന്നെത്തിയ അവരെക്കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞു. അവരിൽ ഭൂരിഭാഗവും വളരെക്കാലമായി സാക്ഷികളായിരുന്നു. വേറൊരു 1,500 പേരും സമീപത്തുള്ള ഒരു സമ്മേളന ഹാളിലിരുന്ന് പരിപാടി കേട്ടു.
യുദ്ധകാലത്തെ ലെസ്റ്റർ കൺവെൻഷന്റെ സമയത്ത് ലണ്ടനിലെ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിന്റെ മേൽനോട്ടം വഹിച്ചിരുന്ന ആൽബർട്ട് ഡി. ഷ്രോഡർ ഈ വാർഷിക യോഗത്തിൽ അധ്യക്ഷത വഹിച്ചു. 1941-ലെ കൺവെൻഷനിലേക്ക് പിന്തിരിഞ്ഞു നോക്കിക്കൊണ്ട് ഷ്രോഡർ സഹോദരൻ ചോദിച്ചു: “ഇന്ന് നമ്മോടൊപ്പമുള്ള നിങ്ങളിൽ എത്രപേർ അന്ന് സന്നിഹിതരായിരുന്നു?” സദസ്യരിൽ പകുതിയിലധികം തങ്ങളുടെ കൈകളുയർത്തി. അദ്ദേഹം ആശ്ചര്യഭരിതനായി പറഞ്ഞു: “ഓ! വിശ്വാസസമ്പന്നരായ, വിശ്വസ്തരായ നിങ്ങൾക്കെല്ലാം ഇതെന്തൊരു മഹത്തായ പുനഃസംഗമം!” തീർച്ചയായും അത് അവിസ്മരണീയമായൊരു അനുഭവമായിരുന്നു.
98 വയസ്സായ ഞാൻ ഇപ്പോഴും ഞങ്ങളുടെ സഭയിൽ സെക്രട്ടറിയായി സേവിക്കുന്നു, ഇരുന്നുകൊണ്ടാണെങ്കിലും പരസ്യപ്രസംഗങ്ങളും നടത്തുന്നു. 1987-ൽ മേരി മരിച്ചശേഷം, അനേക വർഷങ്ങളായി എനിക്കും മേരിക്കും അറിയാമായിരുന്ന ഒരു വിധവയായ ബെറ്റിനായെ ഞാൻ വിവാഹം കഴിച്ചു. ശാരീരികമായും ആത്മീയമായും വളരെ നന്നായി പരിപാലിക്കപ്പെടുന്നതിൽ ഞാൻ കൃതജ്ഞതയുള്ളവനാണ്. മേരിയുടെ അനാരോഗ്യവും, ഇപ്പോഴത്തെ എന്റെ വാർധക്യവും വരുത്തിയ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും, വിശുദ്ധ സേവനത്തിൽ ധാരാളം ചെയ്യുന്നത് എല്ലായ്പോഴും സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നുവെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു.—1 കൊരിന്ത്യർ 15:58.
[26-ാം പേജിലെ ചിത്രം]
1920-കളിൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ സുസജ്ജർ
[26-ാം പേജിലെ ചിത്രം]
ലെസ്റ്റർ കൺവെൻഷനിൽനിന്നുള്ള രംഗങ്ങൾ