എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നു
ജോൺ വിൻ പറഞ്ഞപ്രകാരം
യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകാതിരിക്കാൻ ഞാൻ എത്രമാത്രം ശ്രമിച്ചെന്നോ! എങ്ങനെയെങ്കിലും യോഗങ്ങൾ ഒഴിവാക്കണം. അതിനായി ഞാൻ വയറുവേദനയോ തലവേദനയോ ഉള്ളതായി നടിക്കുമായിരുന്നു. എന്നാൽ അമ്മയുടെ കർക്കശ സ്വഭാവത്തിനു മുന്നിൽ അത്തരം മുടന്തൻ ന്യായങ്ങളൊന്നും വിലപ്പോകുമായിരുന്നില്ല. പിന്നെ ഞാൻ മൂന്നു കിലോമീറ്റർ അകലെയുള്ള രാജ്യഹാളിലേക്ക് അമ്മയോടൊപ്പം നടക്കുകയായി, പ്രായംചെന്ന ഒരു സുഹൃത്തുമായി അമ്മ ദൈവവചനത്തെക്കുറിച്ചു ചർച്ചനടത്തുന്നതും കേട്ട്.
അതെന്നെ വിലയേറിയ ഒരു പാഠം പഠിപ്പിച്ചു: ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിൽ മാതാപിതാക്കൾ ദൃഢതയുള്ളവരായിരിക്കണം, സ്നേഹത്തോടെയായിരിക്കണമെന്നു മാത്രം. (സദൃശവാക്യങ്ങൾ 29:15, 17) ‘സഭായോഗങ്ങളെ ഉപേക്ഷിക്കരുത്’ എന്ന ദിവ്യ കൽപ്പന അവർ ഒരിക്കലും മറന്നുകളയരുത്. (എബ്രായർ 10:25) എന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, എനിക്ക് ഏറ്റവും ഉത്തമമായത് അമ്മ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചതിൽ ഞാൻ എത്രമാത്രം കൃതജ്ഞനാണ്!
ഉത്കൃഷ്ട മാതൃകകളെപ്രതി കൃതജ്ഞൻ
എന്റെ പിതാവ് അവിശ്വാസിയായിരുന്നെങ്കിലും അമ്മ ഒരു ബൈബിൾ വിദ്യാർഥിയായപ്പോൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—അദ്ദേഹം അമ്മയുടെ വിശ്വാസത്തെ എതിർത്തില്ല. 1913-ൽ അമ്മ, വാച്ച് ടവർ സൊസൈറ്റിയുടെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ചാൾസ് റ്റി. റസ്സൽ നടത്തിയ “ശവക്കുഴിക്കപ്പുറം” എന്ന പ്രസംഗം കേൾക്കാൻ പോയി. അമ്മ താമസിച്ചാണ് എത്തിയത്. ഇരിപ്പിടങ്ങളൊന്നും കാലിയുണ്ടായിരുന്നില്ല. താമസിച്ചെത്തിയ മറ്റുള്ളവരോടൊപ്പം പ്ലാററ്ഫാറത്തിനടുത്ത്, പാസ്റ്റർ റസ്സലിന്റെ തൊട്ടടുത്തിരിക്കാൻ അമ്മയ്ക്കു ക്ഷണം ലഭിച്ചു. ആ പ്രസംഗം അമ്മയിൽ ആഴമായ മതിപ്പുളവാക്കി. പിറ്റേന്ന് ആ പ്രസംഗം പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അമ്മ അതിന്റെ ഒരു പ്രതി സൂക്ഷിച്ചുവെച്ച് പലവട്ടം വായിക്കുമായിരുന്നു.
യോഗത്തിനുശേഷം അമ്മ തന്റെ പേരും വിലാസവുമെഴുതിയ കടലാസ് അവിടെ ഏൽപ്പിച്ചു. താമസിയാതെ ഒരു ബൈബിൾ വിദ്യാർഥി അമ്മയെ സന്ദർശിച്ചു. ക്രമേണ, അമ്മ ഇംഗ്ലണ്ടിൽ ഞങ്ങളുടെ ജന്മനാടായ ഗ്ലോസ്റ്ററിൽ വീടുതോറും ബൈബിൾ ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി. ഞാനും ചേച്ചിമാരും തീരെ ചെറുപ്പമായിരുന്നപ്പോൾ മുതൽ അമ്മയോടൊപ്പം പ്രസംഗവേലയിൽ പങ്കുപറ്റി.
ഹാരി ഫ്രാൻസിസ് എന്ന തീക്ഷ്ണതയുള്ള ഒരു ബൈബിൾ വിദ്യാർഥി ഗ്ലോസ്റ്ററിലേക്കു താമസം മാറിവന്നപ്പോൾ അമ്മ അദ്ദേഹത്തിന് ഊഷ്മളമായ സ്വാഗതമരുളി. താമസിയാതെ, അദ്ദേഹം എന്നിൽ വ്യക്തിപരമായി താത്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി. ഞാൻ പിൽക്കാലത്തു പയനിയർ—മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ് അറിയപ്പെടുന്നത്—ആയിത്തീർന്നതു മുഖ്യമായും അദ്ദേഹത്തിന്റെ പ്രോത്സാഹനം കൊണ്ടാണ്. ഫ്രാൻസിസ് സഹോദരന്റെ ദൃഷ്ടാന്തം എന്നെ ഒരു പ്രധാന പാഠം പഠിപ്പിച്ചു: മുതിർന്നവർ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലായ്പോഴും വഴികൾ കണ്ടെത്തണം.
അമ്മ ബൈബിൾ വിദ്യാർഥിയായിത്തീർന്നപ്പോൾ ഗ്ലോസ്റ്ററിലെ മറ്റുള്ളവരും അതുതന്നെ ചെയ്തു. എന്നിരുന്നാലും, സഭയിലെ ചില മൂപ്പന്മാർ തങ്ങളെക്കുറിച്ച് ആവശ്യത്തിലധികം ചിന്തിക്കാനും കൂട്ടായ്മയിലെ—സഭ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—അംഗങ്ങൾ വ്യക്തികളെ പിൻപറ്റാനും തുടങ്ങി. ഒരിക്കൽ ഒരു യോഗത്തിൽവെച്ച്, ചില മൂപ്പന്മാരെ പിന്തുണയ്ക്കുന്നെന്നു കാട്ടാൻ കയ്യുയർത്തുന്നതിനു ചിലർ അമ്മയെ നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ അവർ ഉചിതമായ മാതൃകയല്ല വെക്കുന്നതെന്ന് അറിയാമായിരുന്നതുകൊണ്ട് അവരെ അനുകൂലിക്കാനുള്ള സമ്മർദത്തിന് അമ്മ വഴങ്ങിയില്ല. അക്കാലത്ത്, 1920-കളുടെ അവസാനം, അനേകർ സഭ വിട്ടുപോയി സത്യത്തിന്റെ പാതയിൽ നടക്കാതായി. (2 പത്രൊസ് 2:2) എങ്കിലും, അമ്മ സ്ഥാപനത്തെ വിശ്വസ്തതയോടെ പിന്താങ്ങുന്നതിൽനിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. അങ്ങനെ അമ്മ എനിക്കുവേണ്ടി നല്ലൊരു മാതൃകവെച്ചു.
സത്യത്തിനുവേണ്ടിയുള്ള എന്റെ നിലപാട്
ഒടുവിൽ, 1939 ജൂണിൽ, 18 വയസ്സുള്ളപ്പോൾ ഞാൻ സെവെൺ നദിയിൽവെച്ചു സ്നാപനമേറ്റു. അതേ വർഷംതന്നെ എന്നെ ശബ്ദക്രമീകരണ ദാസനായി നിയോഗിച്ചു. അന്നൊക്കെ ഞങ്ങൾ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണിയിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ “മതം ഒരു കെണിയും വഞ്ചനയുമാകുന്നു” എന്ന സന്ദേശം നൽകുമായിരുന്നു. ക്രൈസ്തവലോകത്തിന്റെ കാപട്യവും വ്യാജ പഠിപ്പിക്കലും തുറന്നുകാട്ടുന്നതിനായിരുന്നു അന്ന് ഊന്നൽ നൽകിയിരുന്നത്.
ഒരിക്കൽ ഞാൻ, ഒരുവശത്ത് “മതം ഒരു കെണിയും വഞ്ചനയുമാകുന്നു” എന്നും മറുവശത്ത് “ദൈവത്തെയും രാജാവായ ക്രിസ്തുവിനെയും സേവിക്കുക” എന്നും എഴുതിയിരുന്ന ബാനറും വഹിച്ചുകൊണ്ട് ഒരു ഘോഷയാത്രയുടെ മുന്നിലായി നടക്കുകയായിരുന്നു. എന്റെ പിന്നിലായി ഒരു കൊച്ചു കുതിരയും. അതിന്റെ പുറത്തിട്ടിരുന്ന ഒരു വലിയ പോസ്റ്ററിന്റെ ഇരുവശത്തും പരസ്യപ്രസംഗത്തെക്കുറിച്ചുള്ള അറിയിപ്പുണ്ടായിരുന്നു. മതാവബോധം വളരെയുണ്ടായിരുന്ന ഗ്ലോസ്റ്ററിൽ ആ ഘോഷയാത്ര ഒരു കാഴ്ചതന്നെയായിരുന്നു!
വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും പയനിയറാകാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ, 1939 സെപ്റ്റംബറിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റ തുടക്കത്തിൽ ഞാൻ എന്റെ ആദ്യത്തെ പയനിയർ നിയമനസ്ഥലമായ വാർവിക്ഷിയറിലെ ഒരു ചെറിയ പട്ടണമായ ലിമിങ്ടണിൽ എത്തിച്ചേർന്നു. സേവനത്തിൽനിന്നു വിരമിച്ച ഒട്ടനവധി പുരോഹിതന്മാരുടെ കേന്ദ്രമായിരുന്നു ആ പട്ടണം.
വീടുതോറുമുള്ള ശുശ്രൂഷയിൽ ഞങ്ങൾ ഭാരം കുറഞ്ഞ ഗ്രാമഫോൺ ഉപയോഗിച്ച്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെ പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു. എന്നാൽ, ഞങ്ങളുടെ പ്രക്ഷേപണയന്ത്രം (വലിയ സദസ്സിനുവേണ്ടി ഉപയോഗിക്കാവുന്നവ) വളരെയധികം ഭാരമുള്ളതായിരുന്നു. ഞങ്ങളത് ഒരു പ്രാമിൽ അഥവാ ശിശുവാഹനത്തിൽ വെച്ചുകൊണ്ടുപോകുമായിരുന്നു. വ്യാജമതത്തെ തുറന്നുകാട്ടുന്ന സന്ദേശത്തിൽ കോപിഷ്ഠരായ പുരോഹിതന്മാർ ചിലപ്പോഴൊക്കെ ഞങ്ങളെ അവരുടെ വളപ്പിൽനിന്ന് ഓടിക്കുമായിരുന്നു. എന്നാൽ ഞങ്ങൾ നിരുത്സാഹിതരായില്ല. യഹോവ ഞങ്ങളുടെ വേലയെ അനുഗ്രഹിച്ചു. ഇന്ന് ലിമിങ്ടണിൽ നൂറിലധികം സാക്ഷികളുള്ള ഒരു സഭയുണ്ട്.
1941-ൽ, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഞാൻ വെയ്ൽസിലേക്കു താമസം മാറ്റി. അവിടെ ഞാൻ ഹവെർഫൊർഡ്വെസ്റ്റ്, കാർമാർത്തെൻ, റെക്സം എന്നീ പട്ടണങ്ങളിൽ പയനിയറിങ് ചെയ്തു. ഒരു മുഴുസമയ ശുശ്രൂഷകൻ എന്ന നിലയിൽ എന്നെ സൈനികസേവനത്തിൽനിന്ന് ഒഴിവാക്കി. എങ്കിലും ആളുകൾ ഞങ്ങളുടെ നിഷ്പക്ഷ നിലപാടിനെ വിലമതിച്ചില്ല. അങ്ങനെ, എന്നെയും സുഹൃത്തിനെയും ചാരന്മാരും അഞ്ചാംപത്തിക്കാരുമായി മുദ്രകുത്തി. ഒരു രാത്രി പൊലീസ് ഞങ്ങളുടെ വാഹനവീടു വളഞ്ഞു. എന്റെ സുഹൃത്ത് കൽക്കരി കോരുന്ന ജോലികഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ആരാണെന്നറിയാൻ അദ്ദേഹം പുറത്തേക്കു തല നീട്ടി. അദ്ദേഹത്തിന്റെ മുഖം നിറയെ കൽക്കരിപ്പൊടിയായിരുന്നു. തന്മൂലം, അദ്ദേഹം കമാൻഡോ ആക്രമണത്തിനു തയ്യാറായിരിക്കുന്നതായി പൊലീസു കരുതി. എന്നാൽ ഞങ്ങൾ സംഗതി വിശദീകരിച്ചു!
ഞങ്ങളുടെ നിയമനങ്ങളുടെമേൽ സമൃദ്ധമായ അനുഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ, കാർമാർത്തെനിലായിരുന്നപ്പോൾ ലണ്ടനിലെ ബ്രാഞ്ച് ഓഫീസിൽനിന്നു ജോൺ ബാർ (ഇപ്പോൾ ഭരണസംഘാംഗം) ഞങ്ങളെ സന്ദർശിച്ചു. ഞങ്ങൾക്ക് ആ സന്ദർശനം പ്രോത്സാഹനമായി. അന്നു കാർമാർത്തെനിൽ രണ്ടു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവിടെ നൂറിലധികം പേരുണ്ട്. റെക്സമിൽ ഇപ്പോൾ മൂന്നു സഭകളുണ്ട്. സമീപകാലത്ത് എനിക്കു ഹവെർഫൊർഡ്വെസ്റ്റിൽ ഒരു രാജ്യഹാളിന്റെ സമർപ്പണം നടത്തുന്നതിനുള്ള പദവി ലഭിച്ചു.—1 കൊരിന്ത്യർ 3:6.
ശുശ്രൂഷയെപ്രതി കൃതജ്ഞൻ
ഞങ്ങൾ ദക്ഷിണ വെയ്ൽസിലെ സ്വാൻസിയിലായിരുന്നപ്പോൾ എന്റെ പങ്കാളിയായിരുന്ന ഡോൺ റെൻഡലിനെ സൈനികസേവനത്തിൽനിന്ന് ഒഴിവാക്കിയില്ല. മറ്റു ദേശങ്ങളിലുള്ള സഹ ക്രിസ്ത്യാനികൾക്കെതിരെ യുദ്ധത്തിനു പോകാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നു വിശദീകരിച്ചിട്ടും അദ്ദേഹത്തെ ജയിലിലാക്കി. (യെശയ്യാവു 2:2-4; യോഹന്നാൻ 13:34, 35) അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അയൽക്കാർക്കു സാക്ഷ്യം നൽകുന്നതിനുമായി ഞാൻ പ്രക്ഷേപണയന്ത്രം ജയിലിന്റെ സമീപത്തു സ്ഥാപിച്ച് ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു.
എന്നാൽ, പ്രദേശത്തെ സ്ത്രീകൾക്ക് അതിഷ്ടമായില്ല. അതുകൊണ്ട് എന്നെയും സുഹൃത്തിനെയും തല്ലുന്നതിനു പണം കൊടുത്തു പട്ടാളക്കാരെ പാട്ടിലാക്കാൻ അവർ പിരിവു നടത്തി. രാജ്യഹാളിൽ അഭയം തേടാൻ ഞങ്ങൾ പരമാവധി വേഗത്തിൽ ഓടി. പ്രക്ഷേപണയന്ത്രം വെച്ചിരുന്ന ശിശുവാഹനവും ഉന്തിക്കൊണ്ടായിരുന്നു എന്റെ ഓട്ടം. എന്നാൽ, രാജ്യഹാളിലെത്തിയപ്പോഴുണ്ട്, അതു പൂട്ടിക്കിടക്കുന്നു! ഒരു പൊലീസുകാരന്റെ സമയോചിത സഹായംകൊണ്ടുമാത്രം ഞങ്ങൾ തല്ലുകൊള്ളാതെ രക്ഷപ്പെട്ടു.
ആ സംഭവം നാടു മുഴുവൻ പാട്ടായി. പിന്നീട്, സ്വാൻസിക്കടുത്തുള്ള പ്രദേശത്തു ഞാൻ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ഒരു മനുഷ്യൻ വിലമതിപ്പോടെ ഇങ്ങനെ പറഞ്ഞു: “സ്വാൻസിയിൽ തന്റെ വിശ്വാസത്തെക്കുറിച്ചു സധൈര്യം പ്രഖ്യാപിച്ച് സംരക്ഷണത്തിനായി ഓടേണ്ടിവന്ന ആ യുവാവിനെപ്പോലെ, നിങ്ങൾ വാദിക്കുന്നതാണു ക്രിസ്ത്യാനിത്വം.” ആ യുവാവു ഞാനായിരുന്നെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം അത്യന്തം വിസ്മയഭരിതനായി!
ആ യുദ്ധകാലങ്ങളിൽ പയനിയറിങ് അത്ര എളുപ്പമായിരുന്നില്ല. ഭൗതിക വസ്തുവകകളായി ഞങ്ങളുടെ പക്കൽ അധികമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾക്കുണ്ടായിരുന്നതു ഞങ്ങൾ വിലമതിച്ചു, അതിൽ തൃപ്തിയടഞ്ഞു. ഞങ്ങൾക്ക് എല്ലായ്പോഴും ക്രമമായി ആത്മീയ ഭക്ഷണം ലഭിച്ചിരുന്നു. രോഗമായിരുന്നപ്പോഴല്ലാതെ ഞങ്ങൾ ഒരിക്കലും യോഗം മുടക്കിയില്ല. ഞാൻ ഒരു പഴയ സൈക്കിൾ വാങ്ങി. അതിൽ വലിയ കൊട്ടകൾവെച്ച് ഒരു ഗ്രാമഫോണും ബൈബിൾ സാഹിത്യങ്ങളും വഹിച്ചുകൊണ്ടുപോകുമായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ദിവസം 80 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്യുമായിരുന്നു! ഏതാണ്ട് ഏഴു വർഷം ഞാൻ പയനിയറിങ് ചെയ്തു. ഇന്നും ആ നാളുകളെക്കുറിച്ചുള്ള മധുരസ്മരണകൾ ഞാൻ അയവിറക്കുന്നു.
1946-ൽ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ബെഥേലിൽ—യഹോവയുടെ സാക്ഷികളുടെ ഓരോ രാജ്യത്തെയും മുഖ്യകാര്യാലയത്തെ അങ്ങനെയാണു വിളിക്കുന്നത്—സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. അന്ന്, ലണ്ടൻ ടെബർണക്കിളിനോടു തൊട്ടുചേർന്ന് 34 ക്രാവെൻ ടെറെസിലായിരുന്നു ഞങ്ങളുടെ ബെഥേൽ. അവിടെ ഞാൻ ആലീസ് ഹർട്ടിനെപ്പോലെ പ്രായംചെന്നവരുമായുള്ള സഹവാസം ആസ്വദിച്ചു. ആലീസ് ഹർട്ടിന്റെ പിതാവായ ടോം ഹർട്ടായിരുന്നു ഇംഗ്ലണ്ടിലെ ആദ്യ സാക്ഷിയെന്നു കരുതപ്പെടുന്നു.
ഒരു വിശ്വസ്ത പങ്കാളിയെ കണ്ടെത്തുന്നു
1956-ൽ, പയനിയറായിരുന്ന എറ്റിയെ വിവാഹം ചെയ്യാനായി ഞാൻ ബെഥേൽ വിട്ടു. നെതർലൻഡ്സിൽനിന്നു ലണ്ടനിലുള്ള ജ്യേഷ്ഠത്തിയെ സന്ദർശിക്കാൻ വന്ന അവളെ ഞാൻ പരിചയപ്പെട്ടിരുന്നു. യുദ്ധാവസാനത്തോടെ ദക്ഷിണ നെതർലൻഡ്സിൽ ടിൽബർഗിലെ ഒരു വ്യവസായ കോളെജിൽ എറ്റി ടൈപ്പും ഷോർട്ട് ഹാൻഡും പഠിപ്പിച്ചു. ഒരിക്കൽ, അവൾ സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പുവരുത്താൻ അവളോടൊപ്പം സൈക്കിൾ ചവിട്ടിവരാമെന്ന് ഒരധ്യാപകൻ പറഞ്ഞു. അയാൾ റോമൻ കത്തോലിക്കനായിരുന്നു. വീട്ടിലെത്തിയപ്പോൾ എറ്റിയുടെ പ്രൊട്ടസ്റ്റൻറുകാരായ മാതാപിതാക്കളുമായി അദ്ദേഹം ഒരു ചർച്ച തുടങ്ങി. അതൊരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു. ആ അധ്യാപകൻ അവരുടെ വീട്ടിലെ നിരന്തര സന്ദർശകനായി മാറി.
യുദ്ധം അവസാനിച്ചയുടനെ ആ അധ്യാപകൻ എറ്റിയുടെ വീട്ടിലെത്തി. “ഞാൻ സത്യം കണ്ടെത്തി!” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു വരവ്.
“റോമൻ കത്തോലിക്കനായിരിക്കെതന്നെ സത്യത്തിലായിരുന്നുവെന്നു നീ പറഞ്ഞതായിട്ടാണല്ലോ ഞാൻ ഓർക്കുന്നത്!” എറ്റിയുടെ പിതാവു പറഞ്ഞു.
“ഇല്ല, യഹോവയുടെ സാക്ഷികളുടെ പക്കലാണു സത്യം!” അദ്ദേഹം ആവേശപൂർവം മറുപടി പറഞ്ഞു.
അന്നു വൈകുന്നേരവും തുടർന്നുവന്ന വൈകുന്നേരങ്ങളിലും സമഗ്രമായ ബൈബിൾ ചർച്ചകൾ നടന്നു. താമസിയാതെ എറ്റി പയനിയറായി. അവളും ശുശ്രൂഷയിൽ കടുത്ത എതിർപ്പുകളെ നേരിട്ടു. നെതർലൻഡ്സിൽ റോമൻ കത്തോലിക്കാ സഭയിൽനിന്നായിരുന്നു എതിർപ്പുകൾ വന്നത്. അവൾ വീടുതോറും സന്ദർശിക്കുമ്പോൾ, പുരോഹിതന്മാരുടെ പ്രേരണയാൽ ചില കുട്ടികൾ സംഭാഷണത്തിനു തടസ്സം സൃഷ്ടിക്കുമായിരുന്നു. ഒരിക്കൽ അവർ അവളുടെ സൈക്കിൾ തകർത്തു തരിപ്പണമാക്കി. അവളതു സൈക്കിൾ നന്നാക്കുന്ന ഒരാളുടെ അടുക്കൽ കൊണ്ടുചെന്നു. അയാൾ മുമ്പൊരിക്കൽ അവളുടെ പക്കൽനിന്ന് ഒരു ചെറുപുസ്തകം സ്വീകരിച്ചിരുന്നു. അവൾ നിറകണ്ണുകളോടെ അയാളോടു പറഞ്ഞു: “ആ കുട്ടികളുടെ പണി നോക്കിക്കേ!”
“നീ നിരുത്സാഹപ്പെടരുത്. നല്ലൊരു വേലയാണു നീ ചെയ്യുന്നത്. ഞാൻ സൗജന്യമായി നിന്റെ സൈക്കിൾ നന്നാക്കിത്തരാം,” ദയാപുരസ്സരം അയാൾ മറുപടി നൽകി. അതാണയാൾ ചെയ്തതും.
താൻ ഇടവകക്കാർക്കു ബൈബിൾ പഠിപ്പിച്ചുകൊടുക്കുന്നതുവരെ പുരോഹിതന്മാർ അവരിൽ യാതൊരു താത്പര്യവുമെടുത്തില്ലെന്ന് എറ്റി കണ്ടെത്തി. പിന്നീട്, പുരോഹിതന്മാരും കന്യാസ്ത്രീകളും ആളുകളെ സന്ദർശിച്ച് ബൈബിളിലും യഹോവയിലുമുള്ള അവരുടെ വിശ്വാസത്തിനു തുരങ്കംവയ്ക്കുമായിരുന്നു. എന്നിട്ടും അവൾ ഫലപ്രദമായ അനേകം ബൈബിളധ്യയനങ്ങൾ ആസ്വദിച്ചു.
ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതത്തെപ്രതി കൃതജ്ഞൻ
വിവാഹത്തിനുശേഷം എനിക്കും എറ്റിക്കും ഇംഗ്ലണ്ടിൽ സഞ്ചാരവേലയ്ക്കുള്ള നിയമനം ലഭിച്ചു. അഞ്ചുവർഷത്തോളം ഞങ്ങൾ സഭകൾ സന്ദർശിച്ച് അവരെ ആത്മീയമായി ബലിഷ്ഠരാക്കി. അടുത്തതായി, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു നടത്തപ്പെടുന്ന ഗിലെയാദിന്റെ 36-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. പത്തുമാസം നീണ്ടുനിന്ന കോഴ്സ് 1961 നവംബറിൽ പൂർത്തിയായി. അതു പ്രത്യേകിച്ചും യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിലെ വേലയിൽ പരിശീലനം നൽകാൻ രൂപകൽപ്പന ചെയ്തതായിരുന്നു. ഞാൻ അവിടെയായിരുന്നപ്പോൾ എറ്റി ഇംഗ്ലണ്ടിലെ ലണ്ടൻ ബെഥേലിൽ താമസിച്ചു. എന്റെ ബിരുദാനന്തരം ഞങ്ങൾക്ക് ഒരുമിച്ചു ബെഥേലിലേക്കു നിയമനം ലഭിച്ചു.
അടുത്ത 16 വർഷം ഞാൻ, സഭാപ്രവർത്തനങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു സേവനവിഭാഗത്തിൽ ജോലിചെയ്തു. പിന്നീട്, ബെഥേൽ ഭവന മേൽവിചാരകനായിരുന്ന പ്രൈസ് ഹ്യൂസ് മരിച്ചപ്പോൾ, 1978-ൽ, എന്നെ അദ്ദേഹത്തിന്റെ സ്ഥാനത്തു നിയോഗിച്ചു. ഞങ്ങളുടെ വർധിച്ചുവരുന്ന ബെഥേൽ കുടുംബത്തിന്റെ—ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ 260 പേരുണ്ട്—ക്ഷേമത്തിൽ ഉത്തരവാദിത്വമുള്ളവനായിരിക്കുന്നത് ഈ വർഷങ്ങളിലെല്ലാം ആസ്വദിച്ച പ്രതിഫലദായകമായ ഒരു നിയമനമാണ്.
1971-ൽ, 85-ാം വയസ്സിൽ എന്റെ പ്രിയപ്പെട്ട അമ്മ മരണമടഞ്ഞു. എറ്റിയും ഞാനും ശവസംസ്കാരത്തിനായി ഗ്ലോസ്റ്ററിലേക്കു മടങ്ങി. അമ്മ വെച്ചുപുലർത്തിയിരുന്ന സ്വർഗീയ പ്രത്യാശയെക്കുറിച്ച് ഒരു സഹോദരൻ അവിടെവെച്ചു നന്നായി വിവരിച്ചു. (ഫിലിപ്പിയർ 3:14) എന്റെ ജ്യേഷ്ഠത്തിമാരായ ഡോറിസും ഗ്രെയ്സും അമ്മയ്ക്കു വയസ്സുകാലത്തു നൽകിയ സഹായത്തെപ്രതി ഞാൻ കൃതജ്ഞനാണ്. തന്മൂലം എറ്റിക്കും എനിക്കും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ കഴിഞ്ഞു.
ഞാനും എറ്റിയും മിക്കപ്പോഴും ഞങ്ങളുടെ മാതാപിതാക്കളെയും അവർ ഞങ്ങളെ കർശനമെങ്കിലും സ്നേഹപുരസ്സരമായ വിധത്തിൽ വളർത്തിക്കൊണ്ടുവന്നതിനെയും കുറിച്ചു ചിന്തിക്കാറുണ്ട്. ഞങ്ങൾ അവരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു! എന്റെ അമ്മ എനിക്കും ജ്യേഷ്ഠത്തിമാർക്കും വിശേഷാൽ ഉത്കൃഷ്ട മാതൃകയായിരുന്നു. യഹോവയിലും അവന്റെ സ്ഥാപനത്തിലുമുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ അമ്മ ഞങ്ങളെ സഹായിച്ചു.
സ്വർഗീയ പിതാവായ യഹോവയ്ക്കായി ഓരോ ദിവസവും അനുഷ്ഠിക്കുന്ന സേവനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നു. എത്രമാത്രം അത്ഭുതവാനും സ്നേഹനിധിയുമായ ദൈവമാണവൻ! ബൈബിൾ സങ്കീർത്തനക്കാരനായ ദാവീദിന്റെ പിൻവരുന്ന വാക്കുകൾ ഞങ്ങളുടെ മനോഗതത്തെ പ്രകടമാക്കുന്നു: “എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.”—സങ്കീർത്തനം 145:1, 2.
[26-ാം പേജിലെ ചിത്രം]
ഭാര്യയായ എറ്റിയോടൊപ്പം