നാവഹോ ദേശത്തു ചെമ്മരിയാടുതുല്യർക്കു മേച്ചിൽപ്പുറം
ഹഷോണി. നാവഹോ ഇന്ത്യാക്കാരുടെ ഭാഷയിൽ അതിനർഥം “മനോഹരം” എന്നാണ്. അങ്ങനെയാണു നാവഹോക്കാർ തങ്ങളുടെ ദേശത്തെ വർണിക്കുന്നത്. 1868 മുതൽ ഐക്യനാടുകളിലെ ഗവൺമെൻറ് വടക്കുകിഴക്കൻ അരിസോണയിൽ 62,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന സംവരണമേഖല നാവഹോകൾക്കായി വിഭാഗിച്ചുകൊടുത്തു. അരിസോണ, കൊളറാഡോ, ന്യൂ മെക്സിക്കോ, യൂറ്റ എന്നീ നാലു സംസ്ഥാനങ്ങൾ സന്ധിക്കുന്ന ചതുർ മൂലകൾ എന്നു വിളിക്കപ്പെടുന്ന ഭാഗത്തിനു ചുറ്റുമായി അതു സ്ഥിതിചെയ്യുന്നു. പാശ്ചാത്യ സിനിമകൾ ഖ്യാതി നേടിക്കൊടുത്ത മോണ്യൂമെൻറ് വാലി ഇപ്പോൾ ഒരു നാവഹോ ഗോത്ര ഉദ്യാനമായി സംരക്ഷിക്കപ്പെടുന്നു. അത് ലോകമെമ്പാടുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഉന്നത മരുസമതലങ്ങളിൽ ഒറ്റപ്പെട്ട് മൂന്നുറു മീറ്റർ ഉയരത്തിൽ തലയുയർത്തിനിൽക്കുന്ന, ചെങ്കല്ലുകൊണ്ടുള്ള പകിട്ടേറിയ ഏകശിലാസ്തംഭങ്ങൾ അതിന്റെ സവിശേഷതയാണ്. മോണ്യൂമെൻറ് വാലിയെ “പാറകൾക്കിടയിലെ സ്ഥലം” എന്ന് നാവഹോയിൽ വിളിക്കുന്നതു സമുചിതമാണ്.
നാവഹോയിലെ ആളുകൾ പൊതുവേ അവരുടെ എളിയ ആചാരമര്യാദകളും ഊഷ്മളമായ ആതിഥ്യവും ഒത്തൊരുമിച്ചു കഴിയുന്ന വിസ്തൃത കുടുംബവും നിമിത്തം പേരുകേട്ടവരാണ്. സംവരണമേഖലയിലെ 1,70,000 നിവാസികൾ പരമ്പരാഗതരീതികൾ പിന്തുടർന്നുകൊണ്ടു മുഖ്യമായും ഒറ്റപ്പെട്ട പ്രദേശങ്ങളിലായിട്ടാണു താമസിക്കുന്നത്. ചിലർ ഇപ്പോഴും ചെമ്മരിയാടുകളെ വളർത്തുകയും ഹോഗാൻ എന്നു വിളിക്കപ്പെടുന്ന മണ്ണുപൊതിഞ്ഞ മരക്കുടിലുകളിൽ താമസിക്കുകയും ചെയ്യുന്നു. നാവഹോയിലെ കരകൗശലവിദ്യ എങ്ങും പ്രസിദ്ധമാണ്. ജ്യാമിതീയമോ പരമ്പരാഗതമോ ആയ രൂപമാതൃകകളിൽ ആട്ടിൻരോമംകൊണ്ടു നെയ്തെടുക്കുന്ന അവരുടെ വർണാഭമായ പരവതാനികളും കരിമ്പടങ്ങളും വിശേഷിച്ചും വിലയേറിയതാണ്. അതുപോലെതന്നെ പുകഴ്പെറ്റതാണ് നീലക്കല്ലും മറ്റു പ്രകൃതിദത്ത പദാർഥങ്ങളും പതിപ്പിച്ച നാവഹോ വെള്ളിയാഭരണങ്ങൾ.
നാവഹോയിൽ സുവാർത്ത എത്തുന്നു
യഹോവയുടെ സാക്ഷികൾ നാവഹോയിൽ എത്തിയിട്ട് 30-ലധികം വർഷമായി. പ്രകൃതിദൃശ്യം നുകരുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം. മറിച്ച്, ഈ വിദൂരപ്രദേശത്തുള്ള ആളുകളുടെ പക്കൽ ദൈവരാജ്യത്തിന്റെ സുവാർത്ത എത്തിക്കുകയുമായിരുന്നു. (മത്തായി 24:14) യഹോവയുടെ സാക്ഷികളുടെ നിരന്തര, പ്രത്യേക പയനിയർമാർ പ്രസംഗവേലയിൽ നേതൃത്വം വഹിച്ചിരിക്കുന്നു. ആവശ്യം അധികമുള്ളിടത്തു സഹായിക്കാനുള്ള സഞ്ചാരമേൽവിചാരകന്മാരുടെയും പ്രാദേശിക സാക്ഷികളുടെയും ആഹ്വാനമനുസരിച്ചു വന്നെത്തിയതാണ് അവരിൽ പലരും. ചിലർ അടുത്തുള്ള സഭകളിൽനിന്നുള്ളവരാണ്. വിവിധ സ്വദേശ അമേരിക്കൻ ഗോത്രങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ മറ്റു ചിലർ ഐക്യനാടുകളുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു വന്നവരാണ്.
ആത്മത്യാഗികളായ ഈ സ്ത്രീപുരുഷന്മാർ ഇവിടത്തെ തങ്ങളുടെ ശുശ്രൂഷയെ ഒരു മിഷനറി നിയമനത്തിനു സമാനമായി കാണുന്നു. കാരണം? ഒന്നാമതായി, പ്രാദേശിക ഭാഷകളുടെ സങ്കീർണമായ ഉച്ചാരണവും ഘടനയും ശൈലിയും നിമിത്തം അവ പഠിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. അടുത്തതായി, സ്വദേശികളിലധികവും തങ്ങളുടെ പരമ്പരാഗത മതരീതികളോടും കുടുംബഘടനയോടും പറ്റിനിന്നിരിക്കുന്നു. ഉപജീവനത്തിനായി അവർ മണ്ണിനോടു മല്ലടിക്കുന്നു. അതിനുപുറമേ, അമേരിക്കൻ ഇന്ത്യാക്കാരല്ലാത്തവർക്കു ദുർലഭമായേ തൊഴിലും പാർപ്പിടവും കണ്ടെത്താനാകുന്നുള്ളൂ. തന്മൂലം, അങ്ങോട്ടു താമസം മാറ്റിയവർക്ക് അവിടത്തെ ജീവിതം ദുഷ്കരമാണ്. അവസാനമായി, ഇക്കൂട്ടർ ദീർഘകാലം വെള്ളക്കാരുടെ ദുഷ്പെരുമാറ്റത്തിന് ഇരയായവരാണ്. അതുകൊണ്ട്, പുറമേനിന്നുള്ളവരെ അവർക്ക് അത്ര വിശ്വാസമില്ലാത്തതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ.a
ആദ്യമൊക്കെ സാക്ഷികൾ നന്നായി വസ്ത്രധാരണം ചെയ്ത് ടൈയും കെട്ടി വീടുതോറും സന്ദർശിച്ചപ്പോൾ മോർമൻ സഭക്കാരാണെന്നു തെറ്റിദ്ധരിച്ച് പലരും കതകു തുറന്നില്ല. എന്നാൽ അവർ സാധാരണരീതിയിൽ വസ്ത്രധാരണം ചെയ്തുവന്നപ്പോൾ അവരെ വീട്ടിനുള്ളിൽ വിളിച്ചിരുത്തി മിക്കപ്പോഴും മണിക്കൂറുകളോളം ചർച്ച നടത്തി. ഇപ്പോൾ യഹോവയുടെ സാക്ഷികൾ ശുശ്രൂഷയിൽ വീണ്ടും ആദ്യത്തെപ്പോലെ വസ്ത്രധാരണം ചെയ്യുന്നുവെങ്കിലും ആളുകൾക്ക് അവരെ തിരിച്ചറിയാം.
നാവഹോ സംവരണമേഖലയിലുള്ള ആളുകളുടെ അടുക്കൽ എത്തുന്നതുതന്നെ ഒരു യഥാർഥ വെല്ലുവിളിയാണ്. അതിനു കല്ലും മണലും ചെളിയും നിറഞ്ഞ വഴിയിലൂടെ കിലോമീറ്ററുകളോളം വാഹനമോടിക്കേണ്ടിവരുന്നു. സ്വാഭാവികമായും അത് വാഹനത്തിനു തേയ്മാനവും യാത്രക്കാർക്കു ക്ഷീണവും വരുത്തിവയ്ക്കുന്നു. തന്നെയുമല്ല, വാഹനങ്ങൾ ഇടയ്ക്കു ചെളിയിൽ പുതഞ്ഞുപോയെന്നുംവരാം. എങ്കിലും, വഴിയാത്രക്കാർ സഹായഹസ്തം നീട്ടാൻ സന്നദ്ധത കാട്ടാറുണ്ട്. താത്പര്യക്കാരെ സന്ദർശിക്കുകയോ ഒരു ബൈബിളധ്യയനത്തിനു പോകുകയോ ആരെയെങ്കിലും ക്രിസ്തീയ യോഗത്തിനു കൊണ്ടുവരുകയോ ചെയ്യാൻ പല മണിക്കൂറുകൾതന്നെ വേണ്ടിവരും. എങ്കിലും, സാക്ഷികൾ സ്വമനസ്സാലെ അപ്രകാരം ചെയ്തുകൊണ്ടു സ്വദേശികളോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു.—1 തെസ്സലൊനീക്യർ 2:8 താരതമ്യം ചെയ്യുക.
നാവഹോക്കാർക്കു ബൈബിൾ ചർച്ചകൾ ഇഷ്ടമാണ്. മനുഷ്യവർഗത്തിന്റെ ഭാവിപറുദീസാഭവനത്തിന്റെ പ്രത്യാശയെക്കുറിച്ചു കേൾക്കുന്നതിനു മിക്കപ്പോഴും അവർ മുഴു കുടുംബത്തെയും—മക്കൾ, മാതാപിതാക്കൾ, മുത്തശ്ശീമുത്തശ്ശന്മാർ തുടങ്ങിയവരെയൊക്കെ—വിളിച്ചു കൂട്ടും. പറുദീസ എങ്ങനെയിരിക്കുമെന്നാണു വിചാരിക്കുന്നതെന്ന് ഒരു നാവഹോക്കാരനോടു ചോദിച്ചപ്പോൾ അയാൾ ഉത്തരം നൽകി: “എങ്ങും പച്ചത്തഴപ്പുള്ള മേച്ചിൽപ്പുറങ്ങളുണ്ടായിരിക്കും, ധാരാളം ചെമ്മരിയാടുകളും.” നാടിനോടും ആട്ടിൻകൂട്ടത്തോടുമുള്ള അവരുടെ പ്രിയം അതിൽ പ്രതിഫലിക്കുന്നു. അവർ ബൈബിൾ സാഹിത്യങ്ങളും വിലമതിക്കുന്നു. മുത്തുകൾ, ബാർ സോപ്പ്, ഒരു പാത്രം പാല് എന്നിങ്ങനെ എന്തെങ്കിലുമൊക്കെ സംഭാവന ചെയ്തുകൊണ്ട് അവർ രാജ്യശുശ്രൂഷയോടുള്ള പിന്തുണ പ്രകടമാക്കുന്നു. ഒരു പ്രത്യേക പയനിയർ ഒരു വർഷത്തിനുള്ളിൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കുള്ള 200-ഓളം വരിസംഖ്യകൾ സമർപ്പിച്ചു. അതിൽ രണ്ടെണ്ണം സ്വീകരിച്ചത് ഒരു കുതിരസവാരിക്കാരനായിരുന്നു.
ഒരു “ചെമ്മരിയാട്ടിൻ താവളം” സ്ഥാപിക്കൽ
വേനൽക്കാലത്ത്, നാവഹോ ആട്ടിടയൻ തന്റെ ആട്ടിൻപറ്റങ്ങളെ താവളങ്ങളിലേക്കു മാറ്റുന്നു. പച്ചത്തഴപ്പുള്ള മേച്ചിൽപ്പുറത്തോടടുത്ത്, നല്ല നീരൊഴുക്കുള്ള ഇടംനോക്കി ആടുകൾക്കായി തിരഞ്ഞെടുത്ത ഈ വേനൽക്കാല വസതി ആട്ടിൻപറ്റം തഴച്ചുവളരാൻ സഹായകമാണ്. ആലങ്കാരിക അർഥത്തിൽ ഒരു രാജ്യഹാളിനെ അത്തരമൊരു താവളത്തോടു സാദൃശ്യപ്പെടുത്താം—ആത്മീയ മേച്ചിൽപ്പുറവും സത്യത്തിന്റെ നീരുറവയുമാണത്. അവിടെയെത്തുന്നവർക്കു തങ്ങളെ ആത്മീയമായി ആരോഗ്യവും ശക്തിയുമുള്ളവരാക്കിത്തീർക്കുന്ന പോഷണം ലഭിക്കും.
കുറച്ചുകാലം യോഗങ്ങൾ നടത്തിയിരുന്നത് അരിസോണയിലെ കെയെന്റയിലുള്ള ഒരു സ്കൂളിൽവെച്ചായിരുന്നു. പിന്നീട് 1992 ആഗസ്റ്റിൽ, പല സംസ്ഥാനങ്ങളിൽനിന്നുള്ള സ്വമേധയാസേവകരായ നൂറുകണക്കിനു സാക്ഷികളുടെ സഹായത്തോടെ കെയെന്റയിൽ ആദ്യമായി ഒരു പുതിയ രാജ്യഹാൾ നിർമിച്ചു. അതും ആ പ്രദേശത്തുള്ള മറ്റു പല രാജ്യഹാളുകളും പ്രാദേശിക ആളുകളുടെ മനസ്സിൽ യഹോവയുടെ സാക്ഷികൾ അവിടത്തെ സ്ഥിരവാസക്കാരാണെന്ന ധാരണ പകരുന്നു. വിസ്തൃതമായ ഈ പ്രദേശത്തിന്റെ ആവശ്യം നിവർത്തിക്കുന്ന രാജ്യഹാളുകളിൽ രണ്ടെണ്ണം സംവരണമേഖലയിലുള്ള റ്റൂബ നഗരത്തിലും ചിൻലിയിലും സ്ഥിതിചെയ്യുന്നു. ഒരെണ്ണം നാവഹോ സംവരണമേഖലയിലെ ഹോപ്പി ഗോത്രദേശത്തുള്ള കിംസ് കാന്യനിലുണ്ട്. മറ്റു പല രാജ്യഹാളുകളും സംവരണമേഖലയിലെ അതിർത്തിപട്ടണങ്ങളിലാണ്. ഫലമോ?
രാജ്യസന്ദേശത്തോടുള്ള വമ്പിച്ച പ്രതികരണം
കെയെന്റയിൽ രാജ്യഹാൾ പണിതശേഷം ആ പ്രദേശത്തുള്ള ഒരു ഡസനിലധികം ആളുകൾ സ്നാപനമേറ്റിട്ടുണ്ട്. അത് ആ സത്യാരാധനാസ്ഥലത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. രാജ്യഹാൾ യഹോവയുടെ സാക്ഷികൾ ഇവിടെ സ്ഥിരമായി ഉണ്ടായിരിക്കുമെന്നതിനു തെളിവു നൽകുന്നു. മാത്രവുമല്ല, അത് അവർ പ്രസംഗിക്കുന്ന രാജ്യസുവാർത്തയിൽ വിശ്വാസവും കെട്ടുപണിചെയ്യുന്നു. സമീപകാലത്ത്, നാവഹോ ഭാഷയിൽ ആദ്യത്തെ പരസ്യപ്രസംഗം അവിടെ നടത്തുകയുണ്ടായി. മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള പരസ്യപ്രസംഗം കേൾക്കാൻ വന്നെത്തിയ 245 പേരെ സ്വാഗതം ചെയ്യുന്നതിൽ സഭയിലെ 40 അംഗങ്ങളും സന്തുഷ്ടരായിരുന്നു. വിലമതിപ്പു നിറഞ്ഞ ഹൃദയത്തോടെ, എട്ട് അംഗങ്ങളുള്ള ഒരു കുടുംബം മൂന്നു മണിക്കൂർ യാത്രചെയ്താണ് ആ പ്രസംഗം കേൾക്കാൻ വന്നെത്തിയത്. അത് രാജ്യഹാളിലേക്കുള്ള അവരുടെ ആദ്യ സന്ദർശനമായിരുന്നു.
നാവഹോ ഭാഷയിലുള്ള, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക യഹോവ പ്രദാനം ചെയ്തിരിക്കുന്ന പ്രയോജനപ്രദമായ മറ്റൊരു ഉപകരണമാണ്. അത്യന്തം സങ്കീർണമായ നാവഹോ ഭാഷയിലേക്ക് ആ ലഘുപത്രിക പരിഭാഷപ്പെടുത്തുന്നതു കനത്ത വെല്ലുവിളിയായിരുന്നു. ആ ലഘുപത്രിക യഥോചിതം രാജ്യസന്ദേശം അറിയിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിഭാഷകർ മൊത്തം 1,000 മണിക്കൂർ ചെലവഴിച്ചു. 1995-ന്റെ അവസാനം അതു പ്രകാശനം ചെയ്തതുമുതൽ പ്രാദേശിക സാക്ഷികൾ അതിന്റെ ആയിരക്കണക്കിനു പ്രതികൾ സമർപ്പിച്ചു. തത്ഫലമായി, സത്യാന്വേഷകരായ നിരവധി ആളുകൾക്കു ബൈബിളധ്യയനവും തുടങ്ങി.
നിരവധി രാജ്യപ്രസാധകർ നാവഹോ ഭാഷ പഠിച്ച് അതു ശുശ്രൂഷയിലും ഉപയോഗിക്കുന്നു. ആ പ്രദേശത്തെ സഭകൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നാവഹോ ഉപയോഗിക്കാൻ തുടങ്ങി. പ്രസാധകരെ പരിശീലിപ്പിക്കുന്നതിനു നാവഹോ ഭാഷാ ക്ലാസ്സുകളും നടത്തുന്നുണ്ട്. അതിനുപുറമേ, പ്രാദേശിക സമ്മേളനങ്ങളിൽ പരിപാടികൾ നാവഹോയിലേക്കു പരിഭാഷപ്പെടുത്തുന്നുമുണ്ട്. ഈ ശ്രമങ്ങളെല്ലാം സംവരണമേഖലയിൽ വമ്പിച്ച പ്രതികരണമുളവാക്കുമെന്നു തീർച്ചയാണ്.
ഈ അമേരിക്കൻ ഇന്ത്യൻ സംവരണമേഖലയിലെ രാജ്യഫലത്തിൽ നാവഹോ സഹോദരങ്ങൾ പ്രകടിപ്പിക്കുന്ന മുന്തിയ ആത്മീയ ഗുണങ്ങളും ഉൾപ്പെടുമെന്ന കാര്യം അവഗണിക്കാവതല്ല. ഏഴു വർഷം ജിമ്മിയും സാൻഡ്രയും അഞ്ചു കുട്ടികളെയും കൂട്ടി 120 കിലോമീറ്റർ യാത്രചെയ്താണു പ്രതിവാരയോഗങ്ങൾക്കു ഹാജരായത്. ആ കുടുംബം തങ്ങളുടെ ദീർഘയാത്രയിൽ ഒരുമിച്ചു രാജ്യഗീതങ്ങൾ പാടിയതിന്റെയും ബൈബിളധ്യയനം നടത്തിയതിന്റെയും മധുരസ്മരണകൾ അയവിറക്കുന്നു. സത്യത്തോടുള്ള ആ മാതാപിതാക്കളുടെ സ്നേഹവും തീക്ഷ്ണതയും അവരുടെ മാതൃക പിൻപറ്റി യഹോവയുടെ സമർപ്പിത സ്തുതിപാഠകരാകാൻ കുട്ടികൾക്കു പ്രചോദനമേകി. അവരിൽ നാലു പേർ ഇപ്പോൾ നിരന്തര പയനിയർമാരായും ജിമ്മി ഒരു മൂപ്പനായും സേവനമനുഷ്ഠിക്കുന്നു. ജിമ്മിയുടെ പെങ്ങളായ എൽസി, നാവഹോ മാത്രം സംസാരിക്കുന്നവരിൽ ആദ്യത്തെ വ്യക്തിയെന്ന നിലയിൽ അടുത്തയിടെ സ്നാപനമേറ്റത് ആ കുടുംബത്തെ കൂടുതൽ സന്തുഷ്ടമാക്കി.
പ്രാദേശിക ഇടയന്മാരും അവരുടെ ആട്ടിൻപറ്റവും നാവഹോ സംവരണമേഖലയെ വിഭൂഷിതമാക്കുന്ന ചെങ്കല്ലുകൊണ്ടുള്ള ഏകശിലാസ്തംഭങ്ങൾക്കു മേച്ചിൽപ്പുറ സ്വച്ഛത പ്രദാനം ചെയ്യുന്നു. വളരെക്കാലം മുമ്പ് യഹോവയെക്കുറിച്ചു യെശയ്യാ പ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശയ്യാവു 40:11) നാവഹോ സംവരണമേഖലയിൽ രാജ്യസുവാർത്ത ശ്രവിക്കാനും നിത്യാനുഗ്രഹങ്ങൾ കൈവരിക്കാൻ യോഗ്യത നേടാനും ആഗ്രഹിക്കുന്ന ഏവരെയും യഹോവ തന്റെ നല്ല ഇടയനായ യേശുക്രിസ്തു മുഖാന്തരം ആത്മീയ മേച്ചിൽപ്പുറത്തേക്കു കൂട്ടിവരുത്തുകയാണ്.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1948 മേയ് 8; 1952 ഫെബ്രുവരി 22; 1954 ജൂൺ 22 (ഇംഗ്ലീഷ്) ലക്കങ്ങളും 1996 സെപ്റ്റംബർ 8 ലക്കവും കാണുക.
[24-ാം പേജിലെ ചിത്രം]
നാവഹോയിലെ ഇടയസ്ത്രീ സുവാർത്ത കേൾക്കുന്നു