“അന്വേഷണാത്മക ന്യായവിധി”—ബൈബിളധിഷ്ഠിത ഉപദേശമോ?
ഐക്യനാടുകളുടെ പൂർവ തീരത്തുള്ള ഏതാണ്ട് 50,000 ആളുകൾക്ക് 1844 ഒക്ടോബർ 22 മഹത്തായ പ്രതീക്ഷയുടെ ഒരു ദിനമായിരുന്നു. ആ ദിവസം തന്നെ യേശുക്രിസ്തു തിരിച്ചുവരുമെന്ന് അവരുടെ ആത്മീയ നേതാവായ വില്യം മില്ലർ പ്രസ്താവിച്ചിരുന്നു. മില്ലർമതക്കാർ എന്നു വിളിക്കപ്പെട്ടിരുന്ന അവർ തങ്ങളുടെ യോഗസ്ഥലങ്ങളിൽ രാത്രിയാകുന്നതുവരെ കാത്തിരുന്നു. പിറ്റേന്നു പ്രഭാതം പൊട്ടിവിരിഞ്ഞു, പക്ഷേ, കർത്താവു വന്നില്ല. മിഥ്യാബോധ വിമുക്തരായി അവർ വീട്ടിലേക്കു മടങ്ങി. അതിനുശേഷം അവർ ആ ദിവസത്തെ “കൊടിയ നിരാശ”യുടെ ദിവസമായി സ്മരിച്ചു.
എന്നിരുന്നാലും, നിരാശ പെട്ടെന്നുതന്നെ പ്രത്യാശയ്ക്കു വഴിമാറി. തങ്ങളുടെ കാലഗണന ശരിയായിരുന്നെന്ന് ദർശനങ്ങളിൽ ദൈവം തനിക്കു വെളിപ്പെടുത്തിയെന്ന് മില്ലർമതക്കാരിൽ ചെറിയൊരു കൂട്ടത്തെക്കൊണ്ടു വിശ്വസിപ്പിക്കാൻ എലെൻ ഹാർമൻ എന്ന യുവതിക്കു കഴിഞ്ഞു. ആ ദിവസം സുപ്രധാനമായൊരു സംഭവം നടന്നെന്ന്, അതായത് “സ്വർഗീയ വിശുദ്ധമന്ദിരത്തിലെ അതിവിശുദ്ധ സ്ഥലത്ത്” അന്ന് യേശു പ്രവേശിച്ചെന്ന്, അവർ വിശ്വസിച്ചു.
ഒരു ദശകത്തിലധികം കഴിഞ്ഞ്, 1844 ഒക്ടോബർ മുതലുള്ള ക്രിസ്തുവിന്റെ വേലയുടെ സ്വഭാവത്തെ വർണിക്കുന്നതിന് (എലെൻ ഹാർമനെ വിവാഹം കഴിച്ച) ജെയിംസ് വൈറ്റ് എന്ന അഡ്വെൻറിസ്റ്റ് പ്രസംഗകൻ ഒരു പദപ്രയോഗം കണ്ടുപിടിച്ചു. യേശു “അന്വേഷണാത്മക ന്യായവിധി” ആരംഭിച്ചെന്ന് 1857 ജനുവരി 29-ലെ റിവ്യൂ ആൻഡ് ഹെറാൾഡിൽ വൈറ്റ് പറഞ്ഞു. സെവന്ത്-ഡേ അഡ്വെൻറിസ്റ്റുകാർ എന്നു സ്വയം വിളിക്കുന്ന ഏതാണ്ട് 70 ലക്ഷം പേരുടെ ഇടയിൽ ഇതൊരു അടിസ്ഥാന വിശ്വാസമായി തുടർന്നിരിക്കുന്നു.
എന്നാൽ, “അന്വേഷണാത്മക ന്യായവിധി” ഒരു ബൈബിളധിഷ്ഠിത ഉപദേശമാണോയെന്ന് സെവന്ത്-ഡേ അഡ്വെൻറിസ്റ്റ് (എസ്ഡിഎ) സഭയിലെ ആദരണീയരായ ചില പണ്ഡിതൻമാർ അതിശയിക്കുന്നു. അതേക്കുറിച്ച് അവർ പുനരാലോചന നടത്താൻ എന്താണു കാരണം? നിങ്ങൾ ഒരു സെവന്ത്-ഡേ അഡ്വെൻറിസ്റ്റ് ആയിരുന്നെങ്കിൽ ഈ ചോദ്യം നിങ്ങൾക്കു താത്പര്യമുള്ളതായിരിക്കുമായിരുന്നു. എന്നാൽ ആദ്യമായി എന്താണ് “അന്വേഷണാത്മക ന്യായവിധി”?
അതെന്താണ്?
ഈ ഉപദേശത്തെ പിന്താങ്ങാനായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രമുഖ പാഠം ദാനീയേൽ 8:14 ആണ്. അതു വായിക്കുന്നു: “അവൻ എന്നോടു പറഞ്ഞു, രണ്ടായിരത്തിമുന്നൂറ് ദിവസം വരെ; അപ്പോൾ വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെടും.” (ജയിംസ് രാജാവിന്റെ ഭാഷാന്തരം) “അപ്പോൾ വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെടും” എന്ന പ്രയോഗം നിമിത്തം ഒട്ടനവധി അഡ്വെൻറിസ്റ്റുകാർ ഈ വാക്യത്തെ ലേവ്യപുസ്തകം 16-ാം അധ്യായവുമായി ബന്ധിപ്പിക്കുന്നു. പാപപരിഹാര ദിനത്തിൽ യഹൂദ മഹാപുരോഹിതൻ നടത്തുന്ന വിശുദ്ധമന്ദിര ശുദ്ധീകരണത്തെക്കുറിച്ച് അതു വർണിക്കുന്നു. യേശുവിനെ സ്വർഗത്തിലെ വലിയ മഹാപുരോഹിതനായി വർണിക്കുന്ന എബ്രായർ 9-ാം അധ്യായത്തോടും അവർ ദാനീയേലിന്റെ വാക്കുകളെ ബന്ധിപ്പിക്കുന്നു. ഈ ന്യായവാദം “തെളിവ് വാക്യ” രീതിയിൽ അധിഷ്ഠിതമാണെന്ന് ഒരു എസ്ഡിഎ പണ്ഡിതൻ പറയുന്നു. ഈ രീതി ഉപയോഗിക്കുന്ന ഒരാൾ, “വിശുദ്ധമന്ദിരം പോലെ ഒരു പ്രത്യേക പദം ദാനീ. 8:14-ലും അതേ പദംതന്നെ ലേവ്യ. 16-ലും എബ്രാ. 7, 8, 9-ലും” കണ്ടുപിടിച്ചിട്ട് “അവയെല്ലാം ഒരേ കാര്യത്തെക്കുറിച്ചു സംസാരിക്കുന്നുവെന്നു നിഗമനം ചെയ്യുന്നു.”
അഡ്വെൻറിസ്റ്റുകാർ ഇങ്ങനെ ന്യായവാദം ചെയ്യുന്നു: പുരാതന ഇസ്രായേലിലെ പുരോഹിതൻമാർ വിശുദ്ധം എന്നു വിളിക്കപ്പെടുന്ന ആലയ പ്രാകാരത്തിൽ, പാപമോചനത്തിനിടയാക്കുന്ന അനുദിന ശുശ്രൂഷ ചെയ്തിരുന്നു. പാപപരിഹാര ദിനത്തിൽ, മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ (ആലയത്തിന്റെ ഏറ്റവും ഉള്ളിലുള്ള മുറിയിൽ), പാപങ്ങളുടെ തുടച്ചുനീക്കലിൽ കലാശിച്ച വാർഷിക ശുശ്രൂഷ ചെയ്തിരുന്നു. യേശുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ രണ്ടു ഘട്ടങ്ങൾ ഉൾപ്പെടുന്നുവെന്ന് അവർ നിഗമനം ചെയ്യുന്നു. ആദ്യ ഘട്ടം ഒന്നാം നൂറ്റാണ്ടിലെ അവന്റെ സ്വർഗാരോഹണത്തോടെ തുടങ്ങി 1844-ൽ അവസാനിച്ചു. അതു പാപങ്ങൾ മോചിക്കുന്നതിൽ കലാശിച്ചു. രണ്ടാമത്തേത്, അതായത് “ന്യായവിധി ഘട്ടം” 1844 ഒക്ടോബർ 22-ൽ തുടങ്ങി ഇപ്പോഴും തുടരുന്നു. അതു പാപങ്ങളുടെ തുടച്ചുനീക്കലിൽ കലാശിക്കും. അത് എങ്ങനെയാണു നിർവഹിക്കപ്പെടുന്നത്?
വിശ്വാസികളെന്ന് അവകാശപ്പെടുന്നവർ നിത്യജീവൻ അർഹിക്കുന്നുവോയെന്നു തീരുമാനിക്കാനായി യേശു 1844 മുതൽ അവരുടെയെല്ലാം (ആദ്യം മരിച്ചവരുടെയും പിന്നീട് ജീവിച്ചിരിക്കുന്നവരുടെയും) ജീവിത രേഖകൾ പരിശോധിക്കുന്നുവെന്നു പറയപ്പെടുന്നു. ഈ പരിശോധനയാണ് “അന്വേഷണാത്മക ന്യായവിധി.” ആളുകൾ അപ്രകാരം ന്യായംവിധിക്കപ്പെട്ട ശേഷം, ഈ പരിശോധനയിൽ വിജയിച്ചവരുടെ പാപങ്ങൾ രേഖകളടങ്ങിയ പുസ്തകത്തിൽനിന്ന് തുടച്ചുനീക്കും. എന്നാൽ, ഈ പരിശോധനയിൽ വിജയിക്കാത്തവരുടെ “പേരുകൾ ജീവന്റെ പുസ്തകത്തിൽനിന്നു തുടച്ചുനീക്കും’ എന്ന് എലെൻ വൈറ്റ് വിശദീകരിച്ചു. അങ്ങനെ, “ജീവനോ മരണത്തിനോ വേണ്ടിയുള്ള സകലരുടെയും വിധി നിർണയിക്കപ്പെടും.” ആ ഘട്ടത്തിൽ സ്വർഗീയ വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെടുകയും ദാനീയേൽ 8:14 നിവൃത്തിയേറുകയും ചെയ്യും. സെവന്ത്-ഡേ അഡ്വെൻറിസ്റ്റുകാർ പഠിപ്പിക്കുന്നത് അതാണ്. എസ്ഡിഎ പ്രസിദ്ധീകരണമായ അഡ്വെൻറിസ്റ്റ് റിവ്യൂ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “അന്വേഷണാത്മക ന്യായവിധി എന്ന പദപ്രയോഗം ബൈബിളിൽ കാണപ്പെടുന്നില്ല.”
ഭാഷാപരമായ കാണാക്കണ്ണി
ഈ പഠിപ്പിക്കൽ ചില അഡ്വെൻറിസ്റ്റുകാരെ കുഴക്കിയിട്ടുണ്ട്. “അന്വേഷണാത്മക ന്യായവിധിയെക്കുറിച്ചു വിചിന്തനം ചെയ്യവേ, നമ്മുടെ അണികളിലുള്ള വിശ്വസ്തരായ നേതാക്കൻമാർ മാനസികാസ്വാസ്ഥ്യം അനുഭവിച്ചിട്ടുണ്ടെന്നു ചരിത്രം പ്രകടമാക്കുന്നു” എന്ന് ഒരു നിരീക്ഷകൻ പറയുന്നു. ഏതാനും വർഷങ്ങളായി, “വിശുദ്ധമന്ദിരത്തെക്കുറിച്ചുള്ള നമ്മുടെ പതിവു വിശദീകരണത്തിലെ ഒട്ടുമിക്ക മുഖ്യ ആധാരങ്ങളെയും” പണ്ഡിതൻമാർ “ചോദ്യംചെയ്യാൻ” തുടങ്ങിയതോടെ ആ മാനസികാസ്വാസ്ഥ്യം സംശയമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവയിൽ രണ്ടെണ്ണം നമുക്കിപ്പോൾ പരിശോധിക്കാം.
ഒന്നാമത്തെ മുഖ്യ ആധാരം: ദാനീയേൽ 8-ാം അധ്യായം ലേവ്യപുസ്തകം 16-ാം അധ്യായവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഈ മുഖ്യ ആധാരം രണ്ടു പ്രധാന പ്രശ്നങ്ങളാൽ ദുർബലീകരിക്കപ്പെടുന്നു—ഭാഷയും സന്ദർഭവും. ആദ്യമായി ഭാഷയുടെ കാര്യമെടുക്കുക. ദാനീയേൽ 8-ാം അധ്യായത്തിലെ ‘ശുദ്ധീകരിക്കപ്പെട്ട വിശുദ്ധമന്ദിരം’ ലേവ്യപുസ്തകം 16-ാം അധ്യായത്തിലെ ‘ശുദ്ധീകരിക്കപ്പെട്ട വിശുദ്ധമന്ദിര’ത്തിന്റെ പ്രതിമാതൃകയാണെന്ന് അഡ്വെൻറിസ്റ്റുകാർ വിശ്വസിക്കുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ “ശുദ്ധീകരിക്ക”പ്പെടും എന്നത് ദാനീയേൽ 8:14-ൽ ഉപയോഗിച്ചിരിക്കുന്ന റ്റ്സാഡാക് (“നീതിനിഷ്ഠമായിരിക്കുക” എന്നർഥം) എന്ന എബ്രായ ക്രിയയുടെ തെറ്റായ പരിഭാഷയാണെന്നു പരിഭാഷകർ മനസ്സിലാക്കുന്നതുവരെ ഈ ഭാഗിക സമാനത സ്വീകാര്യമായി കാണപ്പെട്ടു. ദൈവശാസ്ത്ര പ്രൊഫസറായ ആന്തണി എ. ഹോക്കമ അഭിപ്രായപ്പെടുന്നു: “പ്രസ്തുത പദം ശുദ്ധീകരിക്കപ്പെടും എന്നു പരിഭാഷപ്പെടുത്താൻ ഇടയായതു നിർഭാഗ്യകരമാണ്, കാരണം ശുദ്ധീകരിക്കപ്പെട്ട എന്നു സാധാരണ പരിഭാഷപ്പെടുത്തുന്ന എബ്രായ ക്രിയ [തഹെർ] ഇവിടെ ഉപയോഗിക്കുന്നതേയില്ല.”a ഇത് ലേവ്യപുസ്തകം 16-ാം അധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നു. അവിടെ ജയിംസ് രാജാവിന്റെ ഭാഷാന്തരം തഹെറിന്റെ രൂപങ്ങളെ “ശുദ്ധീകരിക്കുക” എന്നും “ശുദ്ധമാകുക” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. (ലേവ്യപുസ്തകം 16:19, 30) അതുകൊണ്ട് ഡോ. ഹോക്കമ ഉചിതമായി ഇങ്ങനെ നിഗമനം ചെയ്യുന്നു: “പാപപരിഹാര ദിനത്തിൽ നടന്ന തരത്തിലുള്ള ശുദ്ധീകരണത്തെ ദാനീയേൽ അർഥമാക്കിയിരുന്നെങ്കിൽ അവൻ തഹീറിനു [തഹെറിനു] പകരം റ്റ്സാഡാക് [റ്റ്സാദക്] ഉപയോഗിക്കുമായിരുന്നു.” എന്നാൽ, റ്റ്സാദക് ലേവ്യപുസ്തകത്തിൽ കാണപ്പെടുന്നില്ല, അതുപോലെ തഹെർ ദാനീയേലിലും കാണപ്പെടുന്നില്ല. ഭാഷാപരമായ കണ്ണി കാണാനില്ല.
സന്ദർഭം എന്താണ് വെളിപ്പെടുത്തുന്നത്?
ഇപ്പോൾ സന്ദർഭം പരിഗണിക്കുക. ദാനീയേൽ 8:14 മുൻ വാക്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ “സാന്ദർഭികമായി ഒറ്റപ്പെട്ടതാ”ണെന്ന് അഡ്വെൻറിസ്റ്റുകാർ നിഗമനം ചെയ്യുന്നു. “ദാനീയേൽ 8:14 സന്ദർഭത്തിൽ” എന്ന ശീർഷകത്തോടുകൂടിയ അനുബന്ധ ചതുരം വായിക്കുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുവോ? 9-ാം വാക്യം ഒരു ആക്രമണകാരിയെ, ഒരു ചെറിയ കൊമ്പിനെ തിരിച്ചറിയിക്കുന്നു. ഈ ആക്രമണകാരി വിശുദ്ധമന്ദിരത്തെ ആക്രമിക്കുമെന്ന് 10-12 വാക്യങ്ങൾ വെളിപ്പെടുത്തുന്നു. ‘അതിക്രമം എത്രത്തോളം തുടരും?’ എന്ന് 13-ാം വാക്യം ചോദിക്കുന്നു. 14-ാം വാക്യം ഉത്തരം നൽകുന്നു: “രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.” വ്യക്തമായും, 14-ാം വാക്യത്തിൽ ഉത്തരം നൽകിയിരിക്കുന്ന ഒരു ചോദ്യം 13-ാം വാക്യം ഉന്നയിക്കുന്നു. ദൈവശാസ്ത്രജ്ഞനായ ഡെസ്മൻഡ് ഫോർഡ് പറയുന്നു: “[13-ാം വാക്യത്തിലെ “എത്രത്തോളം” എന്ന] ഈ വിലാപത്തിൽനിന്ന് ദാനീയേൽ 8:14-നെ വേർപെടുത്തുന്നതിന് യാതൊരു വിശദീകരണ പിന്തുണയുമില്ല.”b
എന്തുകൊണ്ടാണ് അഡ്വെൻറിസ്റ്റുകാർ 14-ാം വാക്യത്തെ സന്ദർഭത്തിൽനിന്നു വേർപെടുത്തുന്നത്? കുഴപ്പിക്കുന്ന ഒരു നിഗമനം ഒഴിവാക്കാൻ. 14-ാം വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന വിശുദ്ധമന്ദിരത്തിന്റെ മലിനമാക്കൽ ചെറിയ കൊമ്പിന്റെ പ്രവർത്തന ഫലമാണെന്നു സന്ദർഭം പറയുന്നു. എന്നാൽ വിശുദ്ധമന്ദിരത്തിന്റെ മലിനമാക്കൽ ക്രിസ്തുവിന്റെ പ്രവർത്തന ഫലമാണെന്ന് “അന്വേഷണാത്മക ന്യായവിധി” എന്ന ഉപദേശം പറയുന്നു. വിശ്വാസികളുടെ പാപങ്ങളെ അവൻ സ്വർഗീയ വിശുദ്ധമന്ദിരത്തിലേക്കു മാറ്റുന്നതായി പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, അഡ്വെൻറിസ്റ്റുകാർ ആ ഉപദേശവും സന്ദർഭവും സ്വീകരിക്കുന്നെങ്കിൽ എന്താണു സംഭവിക്കുക? എസ്ഡിഎ ബൈബിൾ കമന്ററിയുടെ മുൻകാല സഹപത്രാധിപരും സെവന്ത്-ഡേ അഡ്വെൻറിസ്റ്റുമായ ഡോ. റെയ്മണ്ട് എഫ്. കോട്രൽ എഴുതുന്നു: “എസ്ഡിഎ വ്യാഖ്യാനം ദാനീയേൽ 8:14-നെ സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നുവെന്ന് നാം സ്വയം നടിക്കുന്നതിന്റെ ഫലം ക്രിസ്തുവിനെ ആ ചെറിയ കൊമ്പായി തിരിച്ചറിയിക്കുക എന്നതായിരിക്കും.” ഡോ. കോട്രൽ സത്യസന്ധമായി ഇങ്ങനെ സമ്മതിക്കുന്നു: “നമുക്കു സന്ദർഭവും അഡ്വെൻറിസ്റ്റുകാരുടെ വ്യാഖ്യാനവും തമ്മിൽ യോജിപ്പിക്കാനാവില്ല.” അതുകൊണ്ട് “അന്വേഷണാത്മക ന്യായവിധി” സംബന്ധിച്ച് അഡ്വെൻറിസ്റ്റ് സഭ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്—ആ ഉപദേശം സ്വീകരിക്കുക, അല്ലെങ്കിൽ ദാനീയേൽ 8:14-ന്റെ സന്ദർഭം സ്വീകരിക്കുക. ദുഃഖകരമെന്നു പറയട്ടെ, അത് ആദ്യത്തേതു സ്വീകരിക്കുകയും രണ്ടാമത്തേതു നിരസിക്കുകയും ചെയ്തു. “തിരുവെഴുത്തിൽ നിന്നു ലഭിക്കാ”ത്തതിനുവേണ്ടി “തിരുവെഴുത്തിന് അർഥം ആരോപിക്കുന്ന”തിനെപ്രതി അഭിജ്ഞരായ ബൈബിൾ വിദ്യാർഥികൾ അഡ്വെൻറിസ്റ്റുകാരെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അതിശയവുമില്ലെന്ന് ഡോ. കോട്രൽ പറയുന്നു!
1967-ൽ ഡോ. കോട്രൽ ദാനീയേലിന്റെ പുസ്തകം സംബന്ധിച്ച് ഒരു ശബത്ത് സ്കൂൾ പാഠം തയ്യാറാക്കി. അതു ലോകത്തെമ്പാടുമുള്ള എസ്ഡിഎ സഭകൾക്ക് അയച്ചുകൊടുത്തു. ദാനീയേൽ 8:14 അതിന്റെ സന്ദർഭവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആയതിനാൽ പ്രസ്തുത ‘ശുദ്ധീകരണം’ വിശ്വാസികളെ പരാമർശിക്കുന്നില്ലെന്നും അതു പഠിപ്പിച്ചു. അർഥവത്തായി, ആ പാഠം “അന്വേഷണാത്മക ന്യായവിധി”യെ സംബന്ധിച്ച് ഒരു പരാമർശവും നടത്തുന്നില്ല.
ശ്രദ്ധേയമായ ചില മറുപടികൾ
“അന്വേഷണാത്മക ന്യായവിധി” ഉപദേശത്തെ പിന്താങ്ങുന്നതിൽ ഈ മുഖ്യ ആധാരം തികച്ചും ദുർബലമാണെന്നുള്ള അഡ്വെൻറിസ്റ്റുകാരുടെ ബോധ്യം എത്ര വലുതാണ്? ‘ദാനീയേൽ 8-ാം അധ്യായവും ലേവ്യപുസ്തകം 16-ാം അധ്യായവും തമ്മിലുള്ള ബന്ധത്തിന് ഭാഷാപരമോ സാന്ദർഭികമോ ആയ എന്തു കാരണങ്ങളാണ് നിങ്ങൾക്കു നൽകാൻ കഴിയുന്നത്?’ എന്ന് ഡോ. കോട്രൽ നേതൃത്വനിരയിലുള്ള 27 അഡ്വെൻറിസ്റ്റ് ദൈവശാസ്ത്രജ്ഞൻമാരോടു ചോദിച്ചു. അവരുടെ പ്രതികരണമോ?
“ദാനീയേൽ 8:14-നെ പ്രതിമാതൃകയിലെ പാപപരിഹാര ദിനത്തിനും അന്വേഷണാത്മക ന്യായവിധിക്കും ബാധകമാക്കുന്നതിന് ഭാഷാപരമോ സാന്ദർഭികമോ ആയ യാതൊരു കാരണങ്ങളും സ്ഥിതിചെയ്യുന്നില്ലെന്ന് ആ ഇരുപത്തേഴുപേരും സ്ഥിരീകരിച്ചു.” ‘ഈ ബന്ധം സൃഷ്ടിക്കുന്നതിന് നിങ്ങൾക്കു മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?’ എന്ന് അദ്ദേഹം അവരോടു ചോദിച്ചു. മറ്റു കാരണങ്ങളൊന്നുമില്ലെന്ന് മിക്ക അഡ്വെൻറിസ്റ്റ് പണ്ഡിതൻമാരും പറഞ്ഞു. തങ്ങൾ ഈ ബന്ധം സൃഷ്ടിച്ചത് എലെൻ വൈറ്റ് അപ്രകാരം ചെയ്തതുകൊണ്ടാണെന്ന് അഞ്ചുപേർ പറഞ്ഞു. പരിഭാഷയിലെ “സൗഭാഗ്യകരമായ യാദൃച്ഛികത”യിലാണ് തങ്ങൾ ഈ ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെന്ന് രണ്ടുപേർ പറഞ്ഞു. ദൈവശാസ്ത്രജ്ഞനായ ഫോർഡ് അഭിപ്രായപ്പെടുന്നു: “നമ്മുടെ പണ്ഡിത ശ്രേഷ്ഠർ പ്രദാനം ചെയ്തിരിക്കുന്ന അത്തരം നിഗമനങ്ങൾ, ദാനീയേൽ 8:14-നെ കുറിച്ചുള്ള നമ്മുടെ പരമ്പരാഗത പഠിപ്പിക്കൽ സമർഥിക്കാൻ കഴിയാത്തതാണെന്ന് ഫലത്തിൽ സ്ഥിരീകരിക്കുന്നു.”
എബ്രായറിൽനിന്ന് എന്തെങ്കിലും പിന്തുണയുണ്ടോ?
രണ്ടാമത്തെ മുഖ്യ ആധാരം: ദാനീയേൽ 8:14-നെ എബ്രായർ 9-ാം അധ്യായവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. “ദാനീയേൽ 8:14-നെ വിശദീകരിക്കുമ്പോൾ, നമ്മുടെ ആദിമകാല ശ്രമങ്ങളെല്ലാം എബ്രാ. 9-നെ വളരെയേറെ പ്രയോജനപ്പെടുത്തുന്നു”വെന്ന് ദൈവശാസ്ത്രജ്ഞനായ ഫോർഡ് പറയുന്നു. ഈ കണ്ണി ജന്മംകൊണ്ടത് 1844-ലെ “കൊടിയ നിരാശ”യ്ക്കു ശേഷമാണ്. മില്ലർ മതക്കാരനായ ഹൈറം എഡ്സൻ മാർഗനിർദേശത്തിനായി പരതവേ, തന്റെ ബൈബിൾ തുറന്നു വീഴേണ്ടതിന് മേശപ്പുറത്തേക്കിട്ടു. ഫലമോ? എബ്രായർ 8-ഉം 9-ഉം അധ്യായങ്ങൾ തുറന്നുവന്നു. ഫോർഡ് പറയുന്നു: “ഈ അധ്യായങ്ങൾ 1844-ന്റെയും ദാനീ. 8:14-ന്റെയും അർഥത്തെ വിശദീകരിക്കുന്ന താക്കോലാണെന്ന അഡ്വെൻറിസ്റ്റുകാരുടെ അവകാശവാദത്തിന് ഇതിനെക്കാൾ ഉചിതവും പ്രതീകാത്മകവുമായിക്കാൻ മറ്റെന്തിനു കഴിയും!”
“ആ അവകാശവാദം സെവന്ത്-ഡേ അഡ്വെൻറിസ്റ്റുകാരുടെ സംബന്ധിച്ചിടത്തോളം നിർണായക”മാണെന്ന്, ദാനീയേൽ 8:14-ഉം പാപപരിഹാര ദിനവും അന്വേഷണാത്മക ന്യായവിധിയും എന്ന പുസ്തകത്തിൽ ഡോ. ഫോർഡ് കൂട്ടിച്ചേർക്കുന്നു. “ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മർമപ്രധാനമായ വിശുദ്ധമന്ദിര ഉപദേശത്തിന്റെ . . . പ്രാധാന്യത്തെക്കുറിച്ചുള്ള സവിസ്തര വിശദീകരണം കാണാൻ കഴിയുന്നത് . . . എബ്രാ. 9-ൽ മാത്രമാണ്.” അതേ, ലേവ്യപുസ്തകം 16-ാം അധ്യായത്തിന്റെ പ്രാവചനിക അർഥം വിശദീകരിക്കാനുള്ള “പുതിയ നിയമ”ത്തിലെ ഏക അധ്യായം എബ്രായർ 9 ആണ്. എന്നാൽ അപ്രകാരം ചെയ്യുന്ന, “പഴയ നിയമ”ത്തിലെ ഏക വാക്യം ദാനീയേൽ 8:14 ആണെന്നും അഡ്വെൻറിസ്റ്റുകാർ പറയുന്നു. രണ്ടു പ്രസ്താവനകളും ശരിയാണെങ്കിൽ, എബ്രായർ 9-ാം അധ്യായവും ദാനീയേൽ 8-ാം അധ്യായവും തമ്മിലും ഒരു ബന്ധമുണ്ടായിരിക്കണം
ഡെസ്മണ്ട് ഫോർഡ് അഭിപ്രായപ്പെടുന്നു: “ഒരുവൻ എബ്രാ. 9 വായിക്കുമ്പോൾത്തന്നെ ചില കാര്യങ്ങൾ വ്യക്തമാണ്. അതിനു ദാനീയേലിന്റെ പുസ്തകവുമായി, നിശ്ചയമായും ദാനീ. 8:14-മായി, . . . വ്യക്തമായ പരോക്ഷബന്ധമൊന്നുമില്ല. ആ അധ്യായം മൊത്തത്തിൽ ലേവ്യ. 16-ന്റെ ഒരു ബാധകമാക്കലാണ്.” അദ്ദേഹം പ്രസ്താവിക്കുന്നു: “വിശുദ്ധമന്ദിര സേവനങ്ങളുടെ പ്രാധാന്യം ചർച്ചചെയ്യുന്ന പുതിയ നിയമത്തിലെ എബ്രായറുടെ പുസ്തകത്തിൽ നമ്മുടെ വിശുദ്ധമന്ദിര പഠിപ്പിക്കൽ കാണാനാവില്ല. ലോകത്തിനു ചുറ്റുമുള്ള വിഖ്യാതരായ അഡ്വെൻറിസ്റ്റ് എഴുത്തുകാർ ഇതു സമ്മതിച്ചിട്ടുണ്ട്.” അതുകൊണ്ട്, ഈ കുഴപ്പംപിടിച്ച ഉപദേശത്തെ പിന്താങ്ങുന്നതിൽ രണ്ടാമത്തെ മുഖ്യ ആധാരവും തികച്ചും ദുർബലമാണ്.
എന്നാൽ ഈ നിഗമനം നവീനമല്ല. ഡോ. കോട്രൽ പറയുന്നു: “ദാനീയേൽ 8:14-ഉം എബ്രായർ 9-ഉം സംബന്ധിച്ച ഞങ്ങളുടെ പരമ്പരാഗത വ്യാഖ്യാനം നേരിടുന്ന വിശദീകരണ പ്രശ്നങ്ങളെക്കുറിച്ച് സഭയിലെ ബൈബിൾ പണ്ഡിതൻമാർക്ക്” അനേക വർഷങ്ങളായി “നല്ല ബോധ്യമുണ്ട്.” സ്വാധീനശക്തിയുള്ള സെവന്ത്-ഡേ അഡ്വെൻറിസ്റ്റായ ഈ. ജെ. വാഗ്നർ ഏതാണ്ട് 80 വർഷം മുമ്പ് എഴുതി: “വിശുദ്ധമന്ദിരത്തെയും ‘അന്വേഷണാത്മക ന്യായവിധി’യെയും സംബന്ധിച്ചുള്ള അഡ്വെൻറിസ്റ്റ് പഠിപ്പിക്കൽ . . . , ഫലത്തിൽ പാപപരിഹാരത്തിന്റെ ഒരു നിരസനമാണ്.” (കൺഫെഷൻ ഓഫ് ഫെയ്ത്ത്) ഏതാണ്ട് 30-ലധികം വർഷം മുമ്പ് അത്തരം പ്രശ്നങ്ങൾ എസ്ഡിഎ സഭയുടെ നേതൃത്വസമിതിയായ ജനറൽ കോൺഫറൻസിൽ അവതരിപ്പിച്ചു.
പ്രശ്നങ്ങളും ഒരു സ്തംഭനാവസ്ഥയും
“ദാനീയേലിന്റെ പുസ്തകത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ചു” പഠിക്കാൻ ജനറൽ കോൺഫറൻസ് ഒരു “കമ്മിറ്റി”യെ നിയമിച്ചു. ദാനീയേൽ 8:14-നെ ചുറ്റിപ്പറ്റിയുള്ള വിഷമതകൾ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാനായിരുന്നു അത്. 14 കമ്മിറ്റിയംഗങ്ങൾ അഞ്ചു വർഷം പ്രസ്തുത പ്രശ്നം പഠിച്ചു. പക്ഷേ, ഏകകണ്ഠമായ ഒരു പരിഹാരം നിർദേശിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ദാനീയേൽ 8:14-ന്റെ അഡ്വെൻറിസ്റ്റ് വ്യാഖ്യാനം “അനുമാനങ്ങളുടെ” ഒരു പരമ്പരയാൽ “തൃപ്തികരമായി സ്ഥാപിക്കാ”വുന്നതാണെന്നും ആ പ്രശ്നങ്ങൾ “വിസ്മരിക്കപ്പെടണ”മെന്നുമാണ് മിക്ക കമ്മിറ്റിയംഗങ്ങൾക്കും തോന്നിയതെന്നു കമ്മിറ്റിയംഗമായ കോട്രൽ 1980-ൽ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: “ദാനീയേലിന്റെ പുസ്തകത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ച കമ്മിറ്റി എന്നതായിരുന്നു ആ കമ്മിറ്റിയുടെ പേരെന്ന് ഓർമിക്കുക. തങ്ങൾ പ്രശ്നങ്ങൾ വിസ്മരിച്ചെന്നും അവയെക്കുറിച്ച് യാതൊന്നും പറയാതിരിക്കണമെന്നും മിക്കവരും നിർദേശിക്കുകയായിരുന്നു.” “ഞങ്ങൾക്ക് യാതൊരു ഉത്തരവുമില്ലെന്ന് സമ്മതിക്കുന്നതിനു” തുല്യമായിരിക്കുമായിരുന്നു അത്. അതുകൊണ്ട്, ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ വീക്ഷണത്തെ പിന്താങ്ങാൻ വിസമ്മതിച്ചു, ഒരു ഔദ്യോഗിക റിപ്പോർട്ടും ഉണ്ടായില്ല. ഉപദേശപരമായ ആ പ്രശ്നം പരിഹരിക്കപ്പെടാത്തതായി തുടർന്നു.
ഈ സ്തംഭനാവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഡോ. കോട്രൽ പറയുന്നു: “ദാനീയേൽ 8:14-നെക്കുറിച്ചുള്ള വിവാദപ്രശ്നം ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, കാരണം, തികച്ചും വാസ്തവികമായ ഒരു വിശദീകരണ പ്രശ്നം സ്ഥിതിചെയ്യുന്നുവെന്ന യാഥാർഥ്യത്തെ നേരിടാൻ ഞങ്ങൾക്കിപ്പോഴും മനസ്സില്ല. യാതൊരു പ്രശ്നവുമില്ലെന്ന് ഞങ്ങൾ നടിക്കുന്നിടത്തോളം കാലം, ഞങ്ങളുടെ പൂർവാഭിപ്രായങ്ങൾ അന്ധമായി സ്വീകരിക്കണമെന്ന് ഞങ്ങൾ വ്യക്തിപരമായും കൂട്ടമായും ശഠിക്കുന്നിടത്തോളം കാലം, ആ വിവാദപ്രശ്നം നീങ്ങിപ്പോകില്ല.”—സ്പെക്ട്രം, അസോസിയേഷൻ ഓഫ് അഡ്വെൻറിസ്റ്റ് ഫോറം പ്രസിദ്ധീകരിച്ച ഒരു മാസിക.
“അഡ്വെൻറിസ്റ്റ് വിശ്വാസം അനിവാര്യമായ തിരുവെഴുത്തു പാഠമായതിനാൽ, ഇതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾക്ക് തങ്ങൾ അടിസ്ഥാനമാക്കിയിരിക്കുന്ന മൗലിക അനുമാനങ്ങളുടെയും വ്യാഖ്യാന തത്ത്വങ്ങളുടെയും ശ്രദ്ധാപൂർവകമായ ഒരു പുനഃപരിശോധന” നടത്താൻ ഡോ. കോട്രൽ അഡ്വെൻറിസ്റ്റുകാരെ ഉദ്ബോധിപ്പിക്കുന്നു. “അന്വേഷണാത്മക ന്യായവിധി”യുടെ മുഖ്യ ആധാരങ്ങൾക്ക് ബൈബിളിൽ ഉറച്ച അടിസ്ഥാനമുണ്ടോ അതോ, അതു പാരമ്പര്യത്തിന്റെ അസ്ഥിരമായ മണലിൽ അധിഷ്ഠിതമാണോ എന്നു മനസ്സിലാക്കാനായി ആ ഉപദേശത്തെ പരിശോധിക്കാൻ ഞങ്ങൾ അഡ്വെൻറിസ്റ്റുകാരെ പ്രോത്സാഹിപ്പിക്കുകയാണ്.c അപ്പോസ്തലനായ പൗലൊസ് ജ്ഞാനപൂർവം ഉദ്ബോധിപ്പിച്ചു: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.”—1 തെസ്സലൊനീക്യർ 5:21.
[അടിക്കുറിപ്പുകൾ]
a വിൽസന്റെ പഴയനിയമ പദപഠനങ്ങൾ റ്റ്സാഡാക്കിനെ [അല്ലെങ്കിൽ, റ്റ്സാദക്കിനെ] “നീതിനിഷ്ഠമായിരിക്കുക, നീതീകരിക്കപ്പെടുക” എന്നും തഹീറിനെ [അല്ലെങ്കിൽ, തഹെറിനെ] “വ്യക്തവും തെളിമയേറിയതും പ്രകാശിക്കുന്നതുമായിരിക്കുക; നിർമലവും ശുദ്ധവും കളങ്കരഹിതവുമായിരിക്കുക; എല്ലാ മലിനീകരണങ്ങളിൽനിന്നും കളങ്കങ്ങളിൽനിന്നും ശുദ്ധമായിരിക്കുക” എന്നും നിർവചിക്കുന്നു.
b സഭ നടത്തുന്ന, യു.എസ്.എ-യിലെ പസിഫിക് യൂണിയൻ കോളെജിലെ മതകാര്യ പ്രൊഫസറായിരുന്നു ഡോ. ഫോർഡ്. പ്രസ്തുത ഉപദേശം പഠിക്കുന്നതിനുവേണ്ടി 1980-ൽ എസ്ഡിഎ നേതൃത്വം അദ്ദേഹത്തിന് ആറുമാസത്തെ അവധി നൽകി. എന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ അവർ നിരസിച്ചു. ദാനീയേൽ 8:14-ഉം പാപപരിഹാര ദിനവും അന്വേഷണാത്മക ന്യായവിധിയും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ അദ്ദേഹം അവ പ്രസിദ്ധീകരിച്ചു.
c ദാനീയേൽ 8-ാം അധ്യായത്തിന്റെ യുക്തിയുക്തമായ ഒരു വിശദീകരണത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടട്ടെ” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 188-219 പേജുകൾ കാണുക.
[27-ാം പേജിലെ ചിത്രം]
ദാനീയേൽ 8:14 സന്ദർഭത്തിൽ
ദാനീയേൽ 8:9 “അവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏററവും വലുതായിത്തീർന്നു. 10 അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. 11 അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു. 12 അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
“13 അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറെറാരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയുംകുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം എന്നു ചോദിച്ചു. 14 അതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—സത്യവേദ പുസ്തകം.