വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
കുറ്റവാളികളുടെ വധശിക്ഷയെക്കുറിച്ചു ബൈബിൾ എന്തു സൂചിപ്പിക്കുന്നു?
ജീവിതത്തിലെ നമ്മുടെ അനുഭവത്തിൽ അല്ലെങ്കിൽ സാഹചര്യത്തിൽ അധിഷ്ഠിതമായ, വ്യക്തിപരമായ വികാരങ്ങൾ നമുക്കോരോരുത്തർക്കും ഉണ്ടായിരുന്നേക്കാമെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, ഈ വിവാദവിഷയത്തിൽ അനേകരും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചു നിഷ്പക്ഷരായി നിലനിൽക്കവേതന്നെ, യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം വധശിക്ഷ സംബന്ധിച്ചുള്ള ദൈവത്തിന്റെ ചിന്തകളോടു പൊരുത്തപ്പെടേണ്ടതുണ്ട്.
കൃത്യമായി പറഞ്ഞാൽ, വധശിക്ഷ തെറ്റാണെന്നു തന്റെ ലിഖിത വചനത്തിൽ ദൈവം സൂചിപ്പിക്കുന്നില്ല.
ഉല്പത്തി 9-ാം അധ്യായത്തിൽ നാം വായിക്കുന്നതുപോലെ, ഇക്കാര്യം സംബന്ധിച്ചുള്ള തന്റെ ചിന്തകൾ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ യഹോവ പ്രകടിപ്പിക്കുകയുണ്ടായി. മുഴു മനുഷ്യവർഗത്തിന്റെയും പൂർവികരായിത്തീർന്ന നോഹയും കുടുംബവും അതിൽ ഉൾപ്പെട്ടിരുന്നു. അവർ പെട്ടകത്തിൽനിന്നു പുറത്തുവന്നശേഷം, മൃഗങ്ങളെ ഭക്ഷിക്കാമെന്ന്—അതായത്, കൊന്ന് രക്തം ചോർത്തിക്കളഞ്ഞ് തിന്നാമെന്ന്—ദൈവം പറഞ്ഞു. എന്നിട്ട്, ഉല്പത്തി 9:5, 6-ൽ ദൈവം പറഞ്ഞു: “നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മമനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും. ആരെങ്കിലും മമനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” അതുകൊണ്ട്, കൊലപാതകികളുടെ കാര്യത്തിൽ യഹോവ വധശിക്ഷയ്ക്ക് അധികാരം നൽകി.
തന്റെ ജനമെന്നനിലയിൽ ദൈവം ഇസ്രായേലിനോട് ഇടപെട്ടുകൊണ്ടിരുന്നപ്പോൾ ദിവ്യ നിയമത്തിനെതിരായുള്ള ഗുരുതരമായ മറ്റു കുറ്റകൃത്യങ്ങൾക്കും മരണമായിരുന്നു ശിക്ഷ. സംഖ്യാപുസ്തകം 15:30-ൽ ഈ പൊതു പ്രസ്താവന നാം വായിക്കുന്നു: “എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.”
എന്നാൽ ക്രിസ്തീയ സഭ നിലവിൽവന്നതിനുശേഷമോ? മനുഷ്യ ഗവൺമെൻറുകൾ നിലനിൽക്കാൻ യഹോവ അധികാരം നൽകി എന്നു നമുക്കറിയാം. അവൻ അവയെ ശ്രേഷ്ഠാധികാരങ്ങൾ എന്നു വിളിക്കുകയും ചെയ്തു. വാസ്തവത്തിൽ, അത്തരം ഗവൺമെൻറ് അധികാരികളെ അനുസരിക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചശേഷം അത്തരം അധികാരികളെക്കുറിച്ച്, “നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ” എന്നു ബൈബിൾ പറയുന്നു.—റോമർ 13:1-4.
ഗുരുതരമായ തെറ്റു ചെയ്യുന്ന കുറ്റവാളികളുടെ ജീവനെടുക്കാൻപോലും ഗവൺമെൻറുകൾക്ക് അധികാരമുണ്ടെന്നാണോ അതിന്റെ അർഥം? അതേ. 1 പത്രൊസ് 4:15-ലെ വാക്കുകളിൽനിന്നു നാം അങ്ങനെ നിഗമനം ചെയ്യേണ്ടിയിരിക്കുന്നു. ആ വാക്യഭാഗത്ത് അപ്പോസ്തലൻ തന്റെ സഹോദരൻമാരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല.” ‘നിങ്ങളിൽ ആരും കുലപാതകനായിട്ടല്ല കഷ്ടം സഹിക്കേണ്ടത്’ എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? തന്റെ കുറ്റകൃത്യത്തിന് ഒരു കൊലപാതകി കഷ്ടം സഹിക്കാൻ ഇടയാക്കാൻ ഗവൺമെൻറുകൾക്ക് അധികാരമില്ലെന്നു പത്രൊസ് സൂചിപ്പിച്ചില്ല. നേരേമറിച്ച്, ഒരു കൊലപാതകിക്ക് അർഹമായ ശിക്ഷ ഉചിതമായി ലഭിക്കാമെന്ന് അവൻ സൂചിപ്പിച്ചു. അതിൽ മരണശിക്ഷ ഉൾപ്പെടുമോ?
ഉൾപ്പെടാം. പ്രവൃത്തികൾ 25-ാം അധ്യായത്തിൽ കാണുന്ന പൗലൊസിന്റെ വാക്കുകളിൽനിന്ന് അതു വ്യക്തമാണ്. തങ്ങളുടെ ന്യായപ്രമാണത്തിനെതിരായ തെറ്റുകൾക്ക് യഹൂദൻമാർ പൗലൊസിനെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ തടവുകാരനായ പൗലൊസിനെ റോമൻ ദേശാധിപതിയുടെ അടുത്തേക്ക് അയച്ചപ്പോൾ, പ്രവൃത്തികൾ 23:29-ൽ രേഖപ്പടുത്തിയിരിക്കുന്നതുപോലെ, സഹസ്രാധിപൻ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുററം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു [ഞാൻ] കണ്ടു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) രണ്ടു വർഷത്തിനുശേഷം പൗലൊസ് ദേശാധിപതിയായ ഫെസ്തൊസിന്റെ മുമ്പിലെത്തി. പ്രവൃത്തികൾ 25:8-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘പൌലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുററവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചു.’ എന്നാൽ ഇപ്പോൾ ശിക്ഷയെക്കുറിച്ചുള്ള, മരണശിക്ഷയെക്കുറിച്ചുപോലുമുള്ള, അവന്റെ അഭിപ്രായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവൃത്തികൾ 25:10-12-ൽ പൗലൊസ് ഇങ്ങനെ പറഞ്ഞതായി നാം വായിക്കുന്നു:
“ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല; ഞാൻ കൈസറെ അഭയംചൊല്ലുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)
ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കാനുള്ള, അവരെ വധിക്കാൻ പോലുമുള്ള അധികാരം കൈസർക്കുണ്ടെന്നു നിയുക്ത അധികാരിയുടെ മുമ്പിൽ നിൽക്കവേ പൗലൊസ് സമ്മതിച്ചു. താൻ കുറ്റക്കാരനായിരുന്നെങ്കിൽ തന്നെ ശിക്ഷിക്കുന്നതിൽ അവന് എതിർപ്പില്ലായിരുന്നു. കൊലപാതകികൾക്കു വേണ്ടി മാത്രമേ കൈസർക്കു മരണശിക്ഷ ഉചിതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളുവെന്നും അവൻ പറഞ്ഞില്ല.
റോമൻ നീതിന്യായ സംവിധാനം പൂർണതയുള്ളതായിരുന്നില്ലെന്നു സമ്മതിക്കുന്നു; ഇന്നത്തെ മാനുഷ കോടതി വ്യവസ്ഥകളും പൂർണമല്ല. നിഷ്കളങ്കരായ ചിലർ അന്നും ഇന്നും കുറ്റം വിധിക്കപ്പെട്ട് ശിക്ഷ സഹിക്കേണ്ടിവന്നിട്ടുണ്ട്. പീലാത്തൊസ് പോലും യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും.” അതേ, യേശു നിരപരാധിയായിരുന്നെന്ന് ഗവൺമെൻറ് അധികാരി സമ്മതിച്ചെങ്കിൽപോലും, നിരപരാധിയായ ആ മനുഷ്യൻ വധിക്കപ്പെട്ടു.—ലൂക്കൊസ് 23:22-25.
മരണശിക്ഷ അടിസ്ഥാനപരമായി അധാർമികമാണെന്നു വാദിക്കാൻ അത്തരം അനീതികൾ പൗലൊസിനെയോ പത്രൊസിനെയോ പ്രേരിപ്പിച്ചില്ല. മറിച്ച്, ശ്രേഷ്ഠാധികാരങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അവ ‘തിന്മ പ്രവർത്തിക്കുന്നവരുടെ മേൽ ക്രോധം ചൊരിയാനുള്ള വാൾ വഹിക്കുന്നു’ എന്നതാണ് ഇക്കാര്യം സംബന്ധിച്ച ദൈവത്തിന്റെ ചിന്ത. മരണശിക്ഷ നൽകുക എന്ന അർഥത്തിൽ വാൾ പ്രയോഗിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ഈ ലോകത്തിലെ ഏതെങ്കിലും ഗവൺമെൻറ്, ഘാതകരെ വധിക്കാനുള്ള അതിന്റെ അവകാശം പ്രയുക്തമാക്കണമോയെന്ന വിവാദപരമായ ചോദ്യം ഉയർന്നുവരുമ്പോൾ യഥാർഥ ക്രിസ്ത്യാനികൾ ശ്രദ്ധാപൂർവം നിഷ്പക്ഷരായി നിലകൊള്ളുന്നു. ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിൽനിന്നു വ്യത്യസ്തരായി, ഈ വിഷയം സംബന്ധിച്ച ഏതു തർക്കത്തിൽനിന്നും അവർ ഒഴിഞ്ഞുനിൽക്കുന്നു.