ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ വധശിക്ഷയെ പിന്താങ്ങണമോ?
“അതു ധാർമികമായും സദാചാരപരമായും തെറ്റാണ്.” “അതു നീതിനിഷ്ഠവും ഉചിതവുമാണ്.” ഈ വിപരീത വീക്ഷണങ്ങൾ വന്നതു രണ്ടു നാമധേയ ക്രിസ്തീയ പുരോഹിതൻമാരിൽനിന്നാണ്. ഇന്നത്തെ ജ്വലിച്ചുനിൽക്കുന്ന വിവാദപ്രശ്നങ്ങളിൽ ഒന്നായ വധശിക്ഷയെ സംബന്ധിച്ച് ഉഗ്രതർക്കം നടത്തുകയായിരുന്നു അവർ. അവരെ ഉദ്ധരിക്കുന്ന പത്രലേഖനം ഇപ്രകാരം കുറിക്കൊണ്ടു: “മത നേതാക്കൻമാർ വധശിക്ഷയെ കുറിച്ചു സംവാദം നടത്തുമ്പോൾ, ഇരു പക്ഷവും തങ്ങളുടെ നിലപാടിനെ പിന്താങ്ങാൻ ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്നു.”
വധശിക്ഷ നിരപരാധികളെ സംരക്ഷിക്കുകയും നീതിയെ ഉന്നമിപ്പിക്കുകയും ഗുരുതരമായ കുറ്റകൃത്യത്തെ ഭയപ്പെടുത്തി തടയുകയും ചെയ്യുന്നുവെന്നു ചിലർ വാദിക്കുന്നു. അത് അധാർമികമാണെന്ന്, അക്രമത്തോടു കൂടുതൽ അക്രമംകൊണ്ടു പ്രതികരിക്കുന്നതും കുറ്റവാളികളെ യഥാസ്ഥാനപ്പെടുത്തുന്ന, സമൂഹത്തിലെ ഉപയോഗപ്രദരായ അംഗങ്ങളാക്കാൻ അവരെ സഹായിക്കുന്ന വളരെ ഉദാത്തമായ പ്രവർത്തനത്തെക്കാൾ വളരെയേറെ അധമവുമാണെന്ന്, മറ്റുള്ളവർ വാദിക്കുന്നു.
ഈ വാദപ്രതിവാദം ഐക്യനാടുകളിലെ രാഷ്ട്രീയരംഗത്തു വിശേഷാൽ രൂക്ഷമാണ്, മത നേതാക്കൻമാർ അതിൽ ഉൾപ്പെടാൻ മടിച്ചുനിന്നിട്ടില്ല. എന്നാൽ, ‘വധശിക്ഷ എന്ന വിഷയത്തെക്കുറിച്ചു ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ?’ എന്നു നിങ്ങൾ അതിശയിച്ചേക്കാം. യഥാർഥത്തിൽ അതു പറയുകതന്നെ ചെയ്യുന്നു.
മാനുഷ അധികാരങ്ങൾക്കു “വാൾ” നൽകൽ
നോഹയുടെ നാളിലെ പ്രളയത്തെ തുടർന്ന് അൽപ്പം കഴിഞ്ഞ് യഹോവ മാനുഷ ജീവന്റെ അമൂല്യതയെ സ്ഥിരീകരിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ആരെങ്കിലും മമനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.” (ഉല്പത്തി 9:6) തീർച്ചയായും ഇതു പ്രതികാരം നടത്തുന്നതിനുള്ള ഒരു അപരിമിത അനുവാദമായിരുന്നില്ല. മറിച്ച്, മറ്റുള്ളവരുടെ ജീവനെ അപഹരിക്കുന്നവർക്കു വധശിക്ഷ നൽകുവാൻ നിയമാനുസൃതം സ്ഥാപിക്കപ്പെട്ട മാനുഷ അധികാരങ്ങൾ അന്നുമുതൽ അനുവദിക്കപ്പെടുമെന്നതിനെ അത് അർഥമാക്കി.
പുരാതന ഇസ്രായേലിൽ മോശയിലൂടെ ദൈവം പകർന്നുകൊടുത്ത നിയമം ചില ഗുരുതരമായ കുറ്റങ്ങൾക്കു വധശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. (ലേവ്യപുസ്തകം 18:29) എന്നിരുന്നാലും, പ്രസ്തുത നിയമം നിഷ്പക്ഷ ന്യായവിധിയും ദൃക്സാക്ഷി തെളിവും അഴിമതിക്കെതിരായ നിയന്ത്രണവും കൂടെ വ്യവസ്ഥ ചെയ്തിരുന്നു. (ലേവ്യപുസ്തകം 19:15; ആവർത്തനപുസ്തകം 16:18-20; 19:15) ന്യായാധിപൻമാർ അർപ്പിത പുരുഷൻമാരും ദൈവത്തോടുതന്നെ കണക്കുബോധിപ്പിക്കേണ്ടവരും ആയിരുന്നു! (ആവർത്തനപുസ്തകം 1:16, 17; 2 ദിനവൃത്താന്തം 19:6-10) അങ്ങനെ വധശിക്ഷയുടെ ദുരുപയോഗത്തിനെതിരായി സംരക്ഷണങ്ങൾ ഉണ്ടായിരുന്നു.
പുരാതന ഇസ്രായേൽ ചെയ്തതുപോലെ ഇന്നു ഭൂമിയിലുള്ള യാതൊരു ഭരണകൂടവും ദിവ്യ നീതിയെ സത്യമായി പ്രതിനിധാനം ചെയ്യുന്നില്ല. എന്നാൽ ഒരളവുവരെ ക്രമവും സ്ഥിരതയും സംരക്ഷിച്ചുകൊണ്ടും ആവശ്യമായ പൊതുജന സേവനങ്ങൾ പ്രദാനം ചെയ്തുകൊണ്ടും ഭരണകൂടങ്ങൾ പലവിധങ്ങളിൽ ദൈവത്തിന്റെ ‘ശുശ്രൂഷകർ’ അല്ലെങ്കിൽ ഏജൻറുമാരായി പ്രവർത്തിക്കുന്നു. ഈ “ശ്രേഷ്ഠാധികാരങ്ങ”ളോട് അനുസരണമുള്ളവരായിരിക്കാൻ അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. എന്നിട്ട് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ [ഭരണകൂടം] വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നെ.” —റോമർ 13:1-4.
പൗലോസ് പരാമർശിച്ച “വാൾ” കുറ്റവാളികളെ, മരണംകൊണ്ടു പോലും, ശിക്ഷിക്കുവാനുള്ള ഭരണകൂടത്തിന്റെ അവകാശത്തിന്റെ പ്രതീകമാണ്. ക്രിസ്ത്യാനികൾ ആ അവകാശത്തെ ആദരിക്കുന്നു, എന്നാൽ അത് എങ്ങനെ നടത്തപ്പെടുന്നു എന്നതിനോടു ബന്ധപ്പെട്ട തീരുമാനങ്ങളെ സ്വാധീനിക്കുവാൻ അവർ ശ്രമിക്കണമോ?
“വാൾ” ദുരുപയോഗിക്കപ്പെടുന്നു
മാനുഷ ഭരണകൂടങ്ങൾ നീതിക്കുവേണ്ടി “വാൾ” നിരവധി തവണ തീർച്ചയായും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതു ദുരുപയോഗിക്കുന്നതിലും അവർ കുറ്റക്കാരായിരുന്നിട്ടുണ്ട് എന്നു സമ്മതിച്ചേതീരൂ. (സഭാപ്രസംഗി 8:9) പുരാതന റോമൻ ഭരണകൂടം നീതിന്യായ നടത്തിപ്പിന്റെ “വാൾ” ദൈവത്തിന്റെ നിർദോഷ ദാസൻമാർക്കെതിരെ പ്രയോഗിച്ചതു സംബന്ധിച്ചു കുറ്റക്കാരായിരുന്നു. യോഹന്നാൻ സ്നാപകനും യാക്കോബും യേശുക്രിസ്തു പോലും അതിന്റെ ഇരകളിൽ പെടുന്നു.—മത്തായി 14:8-11; മർക്കൊസ് 15:15; പ്രവൃത്തികൾ 12:1, 2.
സമാനമായ ചിലത് ആധുനിക നാളുകളിൽ സംഭവിച്ചിരിക്കുന്നു. ഫയറിങ് സ്ക്വാഡിനാലും ശിരച്ഛേദനയന്ത്രത്താലും തൂക്കുമരത്താലും ഗ്യാസ് ചേംബറിനാലും അനേക രാജ്യങ്ങളിൽ യഹോവയുടെ നിർദോഷ ദാസൻമാർ വധിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ക്രിസ്ത്യാനിത്വത്തെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടു ഭരണകൂടങ്ങളാൽ “നിയമപരമായി” നടപ്പാക്കപ്പെട്ടവയാണ്. തങ്ങളുടെ അധികാരം ദുരുപയോഗിക്കുന്ന എല്ലാ അധികാരങ്ങളും ദൈവത്തോടു കണക്കുബോധിപ്പിക്കും. എന്തൊരു ഘോരമായ രക്തപാതക കുറ്റമാണ് അവർ വഹിക്കുന്നത്!—വെളിപ്പാടു 6:9, 10.
യഹോവയാം ദൈവത്തിന്റെ മുമ്പാകെ രക്തപാതകക്കുറ്റം വഹിക്കാൻ സത്യക്രിസ്ത്യാനികൾ ഒരിക്കലും ആഗ്രഹിക്കുകയില്ല. അങ്ങനെ, “വാൾ” ഉപയോഗിക്കാനുള്ള ഭരണകൂടത്തിന്റെ അവകാശത്തെ അവർ ആദരിക്കുമ്പോൾതന്നെ, അത് എപ്രകാരം ദുരുപയോഗപ്പെടുത്തിയിരിക്കുന്നു എന്നതു സംബന്ധിച്ച് അവർ സൂക്ഷ്മ ബോധ്യമുള്ളവരാണ്. മർദ്ദനത്തിനുള്ള ഒരു ഉപകരണമായും ചിലപ്പോൾ ചിലർക്കെതിരെ മുൻവിധിപരമായ പാരുഷ്യത്തോടെയും മറ്റുള്ളവർക്കുനേരെ അനുചിതമായ അലിവോടെയും അതു പ്രയോഗിക്കപ്പെട്ടിരിക്കുന്നു.a അതുകൊണ്ടു വധശിക്ഷയെ കുറിച്ചുള്ള സംവാദത്തോടു ക്രിസ്ത്യാനികൾ പ്രതികരിക്കുന്നതെങ്ങനെ? അവർ അതിൽ ഉൾപ്പെടുകയും മാറ്റത്തിനുവേണ്ടി പ്രേരിപ്പിക്കുകയും വേണമോ?
ക്രിസ്തീയ നിഷ്പക്ഷത
ആരംഭത്തിൽ പരാമർശിച്ചിരിക്കുന്ന പുരോഹിതൻമാരിൽനിന്നു വ്യത്യസ്തമായി സത്യ ക്രിസ്ത്യാനികൾ ഒരു പ്രധാനപ്പെട്ട തത്ത്വം മനസ്സിൽ പിടിക്കുവാൻ ശ്രമിക്കുന്നു: തന്റെ ശിഷ്യൻമാരോടു “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണമെന്നു യേശുക്രിസ്തു പറഞ്ഞു.—യോഹന്നാൻ 15:19; 17:16, NW.
ഒരു ക്രിസ്ത്യാനിക്ക് ആ നിരോധനകൽപ്പന അനുസരിക്കുവാനും അതേസമയം വധശിക്ഷയെക്കുറിച്ചുള്ള സംവാദത്തിൽ പങ്കുചേരുവാനും കഴിയുമോ? സ്പഷ്ടമായും ഇല്ല. ഇതൊരു സാമൂഹിക രാഷ്ട്രീയ വിവാദമാണ്. ഐക്യനാടുകളിൽ രാഷ്ട്രീയ അധികാരസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികൾ വധശിക്ഷക്ക് അനുകൂലമോ പ്രതികൂലമോ ആയ തങ്ങളുടെ നിലപാടിനെ തങ്ങളുടെ നയപ്രഖ്യാപന പ്രചരണത്തിലെ ഒരു പ്രധാന വിഷയമായി ഉപയോഗിക്കുന്നു. അവർ പ്രസ്തുത വിഷയത്തെക്കുറിച്ചു ചൂടുപിടിച്ച സംവാദം നടത്തുകയും ഈ വിഷയം സാധാരണമായി ഇളക്കിവിടുന്ന വൈകാരിക തീവ്രതയെ, തങ്ങളുടെ പക്ഷത്തെ പിന്തുണക്കാൻ സമ്മതിദായകരെ സ്വാധീനിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു ക്രിസ്ത്യാനി പരിചിന്തിക്കേണ്ട ചോദ്യമിതായിരിക്കാം: ഈ ലോകത്തെ ഭരണകൂടങ്ങൾ “വാൾ” എങ്ങനെ ഉപയോഗിക്കുന്നു എന്നതുസംബന്ധിച്ച വിവാദത്തിൽ യേശു സ്വയം ഉൾപ്പെടുമായിരുന്നുവോ? യേശുവിന്റെ നാട്ടുകാർ അവനെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവൻ “പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി” എന്ന് ഓർമിക്കുക. (യോഹന്നാൻ 6:15) അപ്പോൾ സർവസാധ്യതയുമനുസരിച്ച്, അവൻ ഈ സംഗതിയെ ദൈവം അതിനെ വെച്ചയിടത്തു, ഭരണകൂടങ്ങളുടെ കരങ്ങളിൽ, വിടുമായിരുന്നു.
സമാനമായി ഇന്ന്, ഈ വിഷയത്തെപ്പറ്റിയുള്ള തർക്കത്തിൽ ഉൾപ്പെടാതിരിക്കുന്നതിൽ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കുമെന്ന് ഒരുവൻ പ്രതീക്ഷിക്കണം. തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കാനുള്ള ഭരണകൂടങ്ങളുടെ അവകാശത്തെ അവർ തിരിച്ചറിയണം. എന്നാൽ ലോകത്തിന്റെ ഭാഗമല്ലാത്ത ക്രിസ്തീയ ശുശ്രൂഷകരെന്നനിലയിൽ അവർ വധശിക്ഷക്കു പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ അതിന്റെ റദ്ദാക്കലിനെ പ്രോത്സാഹിപ്പിക്കുകയോ ഇല്ല.
പകരം, സഭാപ്രസംഗി 8:4-ലെ വാക്കുകൾ അവർ മനസ്സിൽ പിടിക്കുന്നു: “രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു ആർ അവനോടു ചോദിക്കും?” ഉവ്വ്, തങ്ങളുടെ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതിനുള്ള അധികാരം ലോകത്തെ ‘രാജാക്കൻമാർ’ക്ക് അഥവാ രാഷ്ട്രീയ ഭരണാധികാരികൾക്കു നൽകപ്പെട്ടിരിക്കുന്നു. ഒരു ക്രിസ്ത്യാനിക്കും അവരെ ശാസിക്കുന്നതിന് അധികാരമില്ല. എന്നാൽ യഹോവയ്ക്കു കഴിയും. അവനതു പ്രവർത്തിക്കുകയും ചെയ്യും. ഈ പഴയലോകത്തിലെ “വാളി”ന്റെ എല്ലാ കുറ്റകൃത്യത്തിനും ദുരുപയോഗത്തിനുമെതിരെ ദൈവം അന്തിമനീതി നടപ്പാക്കുന്ന ദിവസത്തിനായി നോക്കിപ്പാർത്തിരിക്കാൻ ബൈബിൾ നമ്മെ അനുവദിക്കുന്നു.—യിരെമ്യാവു 25:31-33; വെളിപ്പാടു 19:11-21.
[അടിക്കുറിപ്പ്]
a ദൃഷ്ടാന്തമായി, വധശിക്ഷക്കു വിധിക്കപ്പെട്ട 2 ശതമാനത്തോളം കുറ്റവാളികളെ ഓരോ വർഷവും വധിക്കുന്നതിനു യു.എസ്. ജയിൽ സമ്പ്രദായം വിമർശിക്കപ്പെട്ടിരിക്കുന്നു. അവരിൽ അധികവും വധത്തെക്കാളധികം സാധാരണ കാരണങ്ങളാലാണു മരിക്കുന്നത്. മുൻവിധിയെ കുറിച്ചുള്ള ആരോപണങ്ങളും ഉണ്ട്—ഇര കറുത്തവർഗക്കാരനല്ല, വെള്ളക്കാരനായിരുന്നാൽ കൊലയാളിക്കു വധശിക്ഷ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Bettmann Archive