നിർമലതയ്ക്ക് എന്തു സംഭവിച്ചു?
നൂറു വർഷംമുമ്പ്, ബാർനി ബർനാറ്റൊ എന്നൊരു രത്നവ്യാപാരി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇംഗ്ലണ്ടിലേക്കു മടങ്ങി. തിരിച്ചെത്തിയ അദ്ദേഹത്തിനു തന്നെക്കുറിച്ച് ഒരു പത്രത്തിൽ എഴുതിക്കണ്ടത് ഇഷ്ടമായില്ല. അതുകൊണ്ട്, അടുത്ത ലേഖനത്തിൽ ഉൾപ്പെടുത്തുന്നതിന് “ചില തിരുത്തലുകളോടെ” കുറച്ചു കാര്യങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി എഡിറ്ററെ ഏൽപ്പിച്ചു. ഒപ്പം ഒരു വലിയ തുകയുടെ ചെക്കും.
എന്നാൽ ആ എഴുത്ത് നേരേ ചവറ്റുകൊട്ടയിലേക്ക് എറിയുകയാണ് ജെ. കെ. ജെറോം എന്ന ആ എഡിറ്റർ ചെയ്തത്. എന്നിട്ട് ചെക്കു തിരികെ ഏൽപ്പിച്ചു. അതിൽ അമ്പരന്നുപോയ ബർനാറ്റൊ ഉടൻതന്നെ പ്രതിഫലം ഇരട്ടിയാക്കി. അതും നിരസിക്കപ്പെട്ടു. അപ്പോൾ “നിങ്ങൾക്കെത്രയാണു വേണ്ടത്?” എന്നായി അയാൾ. സംഭവം അനുസ്മരിച്ചുകൊണ്ട് ജെറോം പറയുന്നു: “അതു നടപ്പുള്ള കാര്യമല്ലെന്നു ഞാൻ പറഞ്ഞു, ലണ്ടനിൽ നടക്കില്ല.” എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആശ്രയയോഗ്യത തീർച്ചയായും ഒരു വിൽപ്പനച്ചരക്കായിരുന്നില്ല.
“ധാർമിക പരമാർഥത; സത്യസന്ധത” എന്നൊക്കെയാണ് “നിർമലത”യ്ക്കുള്ള നിർവചനങ്ങൾ. നിർമലതയുള്ള വ്യക്തി ആശ്രയയോഗ്യനാണ്. എന്നാൽ ഇന്ന്, നേരുകേട്—നിർമലതയുടെ അഭാവം—എല്ലാ ജീവിതതുറയുടെയും അസ്ഥിവാരം ഇളക്കുകയാണ്.
ധാർമിക നിർമലതാനഷ്ടത്തെ വർണിക്കാൻ ബ്രിട്ടനിലെ മാധ്യമങ്ങൾ ഉപയോഗിച്ചു പതംവന്ന ഒരു വാക്കുണ്ട്. “സ്ലീസ്” (“sleaze,” അതായത് “ചപലസ്വഭാവം”). ദി ഇൻഡിപെൻഡൻറ് പത്രം പറയുന്നതുപോലെ, “പ്രേമം, ഏതു സ്ഥിതിവിശേഷവും മുതലെടുക്കുന്ന തദ്ദേശ ഗവൺമെൻറിന്റെ പ്രവർത്തനവിധം എന്നിവമുതൽ വൻ കയറ്റുമതി ഓർഡറുകളുമായി ബന്ധപ്പെട്ട കമ്മിഷനുകളിൽവരെ ചപലസ്വഭാവം കാണാം.” ജീവിതത്തിന്റെ ഒരു മണ്ഡലവും ഇതിൽനിന്നു മുക്തമല്ല.
നിർമലതയുടെ മാറിമറിയുന്ന നിലവാരങ്ങൾ
തീർച്ചയായും, നിർമലതയ്ക്കു പൂർണത എന്നർഥമില്ല, എന്നാൽ അത് ഒരു വ്യക്തിയുടെ അടിസ്ഥാന ഗുണത്തെ പ്രതിഫലിപ്പിക്കുന്നു. എളുപ്പം പണമുണ്ടാക്കണമെന്ന ചിന്താഗതിക്കാരുടേതായ ലോകത്തിൽ, നിർമലതയെ ഒരു സദ്ഗുണമായിട്ടല്ല, പ്രതിബന്ധമായിട്ടാകാം വീക്ഷിക്കുന്നത്. ഉദാഹരണത്തിന്, വിദ്യാർഥികൾ സങ്കീർണമായ ഉപകരണങ്ങൾ ഉപയോഗിച്ചു പരീക്ഷയിൽ വഞ്ചന കാട്ടുന്നതു വർധിച്ചുവരികയാണ്. അവർ ഈ നൂതന ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നു കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. ബ്രിട്ടനിലെ പകുതിയിലധികം വിദ്യാർഥികളും പരീക്ഷയിൽ വഞ്ചന കാട്ടിയിട്ടുണ്ടെന്ന് ഒരു ബ്രിട്ടീഷ് കോളെജ് പ്രൊഫസർ പറയുന്നു. തീർച്ചയായും ഇതു ബ്രിട്ടനിൽ മാത്രമല്ല സംഭവിക്കുന്നത്.
വിശ്വാസയോഗ്യരല്ലാത്ത വ്യക്തികൾ നുണ പറയുകയും ചതിക്കുകയും ചെയ്യുമ്പോൾ നിഷ്കളങ്കർക്കു നേരിടുന്ന നഷ്ടം നിസ്സാരമൊന്നുമല്ല. 1984-ൽ വിഷവാതക ചോർച്ചയെത്തുടർന്ന് 2,500-ലധികം സ്ത്രീപുരുഷന്മാരും കുട്ടികളും മരിക്കുകയും ലക്ഷക്കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്ത ഇന്ത്യൻ പട്ടണമായ ഭോപ്പാലിന്റെ കാര്യമെടുക്കുക. സൺഡേ ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസ പദ്ധതികൾ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. . . . പൊള്ള അവകാശവാദങ്ങളും കള്ളരേഖകളും വ്യാജതെളിവുകളും ആയിരക്കണക്കിനാണ്. ഇവയുടെയെല്ലാം ഇടയിൽനിന്നു ശരിക്കും അർഹരായവരെ വേർതിരിക്കുന്നത് അതീവ ദുഷ്കരമായിരിക്കുകയാണ്.” തത്ഫലമായി, 1,645 കോടി രൂപയുടെ നഷ്ടപരിഹാര തുകയിൽ 12 കോടി 25 ലക്ഷം രൂപയേ ദുരിതബാധിതർക്കു കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.
മതത്തിന്റെ കാര്യമോ? നിർമലതയുടെ കാര്യത്തിൽ അതിന്റെ അവസ്ഥയെന്താണ്? സങ്കടകരമെന്നു പറയട്ടെ, അവിടെയും മതേതര ലോകത്തിന്റേതിനോടു സമാനമായ നിലവാരങ്ങൾതന്നെ. തനിക്ക് കൗമാരപ്രായത്തിലുള്ള ഒരു ജാരസന്തതിയുണ്ടെന്ന കുറ്റസമ്മതം നടത്തിയ റോമൻ കത്തോലിക്കാ ബിഷപ്പായ എയ്മൻ കേസിയുടെ കാര്യംതന്നെ ഉദാഹരണം. ബ്രിട്ടനിലെ ഗാർഡിയൻ പത്രം പറയുന്നതുപോലെ, കേസിയുടെ കാര്യത്തിൽ “അസാധാരണമായി ഒന്നുമില്ല.” സമാനമായ ശൈലിയിൽ ദ ടൈംസ് റിപ്പോർട്ടു ചെയ്തു: “ബിഷപ്പ് കേസി വരുത്തിക്കൂട്ടിയിരിക്കുന്ന മാനക്കേടിനെക്കുറിച്ചുള്ള സത്യം പ്രകടമാക്കുന്നത് അദ്ദേഹത്തിന്റെ തെറ്റ് ഒറ്റപ്പെട്ടതാണെന്നല്ല, ബ്രഹ്മചര്യവ്രത ലംഘനം ഇദംപ്രഥമമോ അപൂർവമോ അല്ലെന്നാണ്.” ഈ വാദഗതിയെത്തന്നെയാണ് സ്കോട്ട്ലൻഡിലെ ദ ഗ്ലാസ്ഗോ ഹെറാൾഡും പിന്താങ്ങുന്നത്. ഐക്യനാടുകളിലെ റോമൻ കത്തോലിക്കാ പുരോഹിത സമൂഹത്തിൽ രണ്ടു ശതമാനം മാത്രമേ സ്വാഭാവികഭോഗപരവും സ്വവർഗസംഭോഗപരവുമായ ബന്ധങ്ങൾ ഇല്ലാത്തവരായുള്ളൂ എന്ന് അത് അവകാശപ്പെടുന്നു. ഈ കണക്ക് കൃത്യമായിരുന്നാലും അല്ലെങ്കിലും, ധാർമികതയുടെ കാര്യത്തിൽ കത്തോലിക്കാ പുരോഹിതന്മാർക്ക് എന്തു പേരാണുള്ളതെന്ന് അതു സൂചിപ്പിക്കുന്നു.
അത്തരം സംഗതികൾ കാണുന്ന ഒരു വ്യക്തിക്കു ധാർമിക നിർമലത കാത്തുസൂക്ഷിക്കാനാകുമോ? അതിനുതക്ക മൂല്യം അതിനുണ്ടോ? അതിന് എന്താണ് ആവശ്യമായിരിക്കുന്നത്, അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രതിഫലങ്ങളെന്തെല്ലാം?