ഈ കാലങ്ങൾ ഇത്ര മോശമായിരിക്കുന്നതെന്തുകൊണ്ട്?
നിങ്ങൾ പത്രം വായിക്കാനോ ടെലിവിഷൻ കാണാനോ റേഡിയോ വാർത്ത കേൾക്കാനോ ഇരിക്കുമ്പോൾ, എന്തെങ്കിലും അശുഭ വാർത്തയാകും നിങ്ങൾ പ്രതീക്ഷിക്കുക, ശരിയല്ലേ? മുമ്പ് ആരംഭിച്ച ഒരു യുദ്ധം ഇപ്പോഴും തുടരുന്നു, അക്രമാസക്ത കുറ്റകൃത്യം ഇപ്പോഴും നടമാടുന്നു, ക്ഷാമം ഒരു അവികസിത രാജ്യത്തെ ഇപ്പോഴും ബലഹീനമാക്കുന്നു എന്നെല്ലാം മനസ്സിലാക്കുമ്പോൾ നിങ്ങൾക്കു പ്രത്യേകിച്ച് അതിശയമൊന്നും തോന്നുകയില്ലായിരിക്കാം.
അവ സംഭവിക്കുന്ന സ്ഥലങ്ങളിൽനിന്നു കുറച്ച് അകലെയാണു നിങ്ങൾ പാർക്കുന്നതെങ്കിൽ, അത്തരം റിപ്പോർട്ടുകളെക്കുറിച്ചു നിങ്ങൾ എന്നും കലശലായി ദുഃഖിക്കാൻ സാധ്യത കുറവാണ്. അല്ലെങ്കിൽത്തന്നെ കഷ്ടപ്പെടുന്ന ജനമഹാസമുദ്രത്തോടു സമാനുഭാവം തോന്നാൻ ആർക്കാണു കഴിയുക? എങ്കിലും കഷ്ടപ്പാടുകൾ എങ്ങനെ വ്യക്തികളെ ബാധിക്കുന്നുവെന്നു നാം കൂടുതൽ അടുത്തറിയുമ്പോൾ നിർവികാരരായി നിലകൊള്ളുക വളരെ ദുഷ്കരമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു യുദ്ധത്തെക്കുറിച്ചു വായിച്ചശേഷം എത്ര പേർ മരിച്ചു എന്നതിനെക്കുറിച്ചു ഗഹനമായി ചിന്തിക്കുന്നതുപോലെയല്ല ഒമ്പതു വയസ്സുള്ള ബോസ്നിയക്കാരനായ ആഡനനെക്കുറിച്ചു വായിക്കുന്നത്. അതു നമ്മുടെ ഹൃദയത്തെ തൊട്ടുണർത്തും. ഒരു ബോംബ് അവന്റെ വീടു തകർത്തപ്പോൾ അവന്റെ അമ്മ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങൾക്കുശേഷം പിതാവും കൊല്ലപ്പെട്ടു. അവരൊരുമിച്ചു തെരുവിലൂടെ നടന്നുവരുകയായിരുന്ന സമയത്ത് ഏതോ ഒരു ഒളിസ്ഥലത്തുനിന്നു പാഞ്ഞുവന്ന വെടിയുണ്ടയേറ്റായിരുന്നു മരണം. ആഴ്ചകൾക്കുശേഷം അവന്റെ സഹോദരിയും വധിക്കപ്പെട്ടു. സ്കൂൾമുറ്റത്തുവെച്ച് പീരങ്കി ഷെൽ ഏറ്റ് രക്തം വാർന്നൊഴുകി അവന്റെ കൺമുമ്പിൽ വെച്ചുതന്നെയായിരുന്നു അവളുടെ മരണം. മാനസികാഘാതത്തിന് ആഡനനെ ചികിത്സിച്ച ഡോക്ടർമാർ കണ്ടത് മരവിച്ച, യാതൊരു വികാരവുമില്ലാത്ത, ജിജ്ഞാസപോലും നഷ്ടപ്പെട്ട ഒരു കുട്ടിയെ ആയിരുന്നു. ഉണർന്നിരിക്കുമ്പോൾ മനസ്സിനെ അലട്ടുന്ന ഭയവും ഗതകാലദൃശ്യങ്ങളും; ഉറങ്ങാൻകിടന്നാലോ കാളരാത്രികൾ സൃഷ്ടിക്കുന്ന പേക്കിനാവുകളും. കഷ്ടപ്പെടുന്നവരിൽ ഏതോ ഒരുവനല്ല ആഡനൻ; അവൻ ഒരു യഥാർഥ കുട്ടിയാണ്, യാതന അനുഭവിക്കുന്ന ഒരു കുട്ടി. നമുക്ക് അവനോടു സമാനുഭാവം തോന്നിപ്പോകുന്നു.
ലോകത്തിലെ മറ്റു ദുരിതങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്ഷാമത്തെക്കുറിച്ചു വായിക്കുന്നതുപോലെയല്ല ഉന്തിയ വയറും എല്ലും തോലും മാത്രമുള്ള കാലുകളുമായി ചത്തുജീവിക്കുന്ന പട്ടിണിക്കോലമായ ഒരു അഞ്ചുവയസ്സുകാരിയുടെ ചിത്രം കാണുന്നത്. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചു വായിക്കുന്നതുപോലെയല്ല, വൃദ്ധയായ ഒരു വിധവയെ മൃഗീയമായി പീഡിപ്പിച്ച് കൊള്ള ചെയ്തെന്നും ബലാൽസംഗം ചെയ്തെന്നുമെല്ലാം കേൾക്കുന്നത്. കുടുംബത്തകർച്ചയെക്കുറിച്ചു വായിക്കുന്നതുപോലെയല്ല, സ്വന്തം കുട്ടിയെ പട്ടിണിക്കിട്ട് അതികഠിനമായി പീഡിപ്പിച്ച ഒരു അമ്മയെക്കുറിച്ചറിയുന്നത്.
അത്തരം സംഗതികളെക്കുറിച്ചു വായിക്കുന്നതു വേദനാജനകമാണ്. എന്നാൽ ഈ ആഗോള ബാധകളിലൊന്നിൽ നാം നേരിട്ട് അകപ്പെടുന്നത് എത്രയധികം വേദനാജനകമാണ്! നിങ്ങൾ വ്യക്തിപരമായി ദുഷ്ടത അനുഭവിക്കുമ്പോൾ, ലോകവാർത്തകൾ കാഴ്ചവെക്കുന്ന ആഗോള സ്ഥിതിവിശേഷത്തിൽ നിങ്ങൾ അമ്പരന്നേക്കാം. കുറ്റകൃത്യങ്ങൾ, യുദ്ധം, ക്ഷാമം, രോഗങ്ങൾ എന്നിവയിൽനിന്നുള്ള ദുരിതങ്ങൾ മനുഷ്യചരിത്രത്തിൽ പൂർവാധികം വ്യാപകമായ അളവിൽ വർധിച്ചിരിക്കുന്നുവെന്ന് അറിയുന്നതുതന്നെ ഭയാനകമാണ്. 20-ാം നൂറ്റാണ്ടിന്റെ യാഥാർഥ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഫലങ്ങൾ തീർച്ചയായും ഗുരുതരംതന്നെ—പരിഭ്രമവും ഭയവും വിഷാദവുമെല്ലാം സർവസാധാരണമായിരിക്കുന്നു.
അനേകം മതങ്ങളിലെ ആളുകൾ പിൻവരുന്നതുപോലുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്: സംഗതികൾ ഇത്രമാത്രം വഷളായിരിക്കുന്നതെന്തുകൊണ്ട്? മനുഷ്യവർഗം എങ്ങോട്ടാണു പായുന്നത്?
സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ മതങ്ങൾ തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നില്ല. ഈ മാസികയുടെ മുഖപേജിൽ പ്രസ്തുത ചോദ്യം നിങ്ങൾ ആദ്യം കണ്ടപ്പോൾ, നിങ്ങളുടെ പ്രതികരണം സംശയത്തോടെ ആയിരുന്നിരിക്കാം. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. മൗലികവാദ മതങ്ങൾ ബൈബിളിലില്ലാത്ത ഒരു സംഗതി—ഈ ലോകത്തിന്റെ അന്ത്യത്തിന്റെ കൃത്യ നാളും നാഴികയും—വ്യാഖ്യാനിച്ചെടുക്കാൻ മിക്കപ്പോഴും ശ്രമിക്കാറുണ്ട്. (മത്തായി 24:36 കാണുക.) ബൈബിൾ അതിനെത്തന്നെ വ്യാഖ്യാനിക്കാൻ അനുവദിക്കുന്നതിനാണ് ഈ പത്രികയുടെ പ്രസാധകർ ഇഷ്ടപ്പെടുന്നത്. അവസാന നാളുകളെക്കുറിച്ചുള്ള ബൈബിൾചർച്ച യാഥാർഥ്യബോധത്തോടുകൂടിയതാണ്, യുക്തിസഹമാണ് എന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം. സംഗതികൾ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതിനെക്കാൾ അധികം ബൈബിൾ ചെയ്യുന്നുണ്ട്. ഭാവിക്കായുള്ള ഒരു പ്രത്യാശയും അതു നൽകുന്നുണ്ട്, അതാകട്ടെ ശരിക്കും ആശ്വാസദായകമാണുതാനും. ഇത് എങ്ങനെയെന്നു കാണുന്നതിന് അടുത്ത ലേഖനങ്ങൾ പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Jobard/Sipa Press