ഫ്രാൻസിൽ വ്യാജാരോപണങ്ങൾക്കു തക്കമറുപടി നൽകുന്നു
അടുത്തകാലത്ത് ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾക്കു വ്യാജാരോപണങ്ങളുടെ ഒരു കുത്തൊഴുക്കിനെത്തന്നെ നേരിടേണ്ടിവന്നു. യൂറോപ്പിലെയും ജപ്പാനിലെയും മതഭക്തിപ്രസ്ഥാനങ്ങൾ ഉൾപ്പെട്ട ദാരുണ സംഭവങ്ങളെ മുതലെടുത്തുകൊണ്ട് മാധ്യമങ്ങൾ സാക്ഷികളെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. അവരെ ഏറ്റവും വലുതും അപകടകരവുമായ ഭക്തിപ്രസ്ഥാനമായി തെറ്റായി ചിത്രീകരിക്കുകയുണ്ടായി.
കാര്യങ്ങൾ നേരേയാക്കാനുള്ള ശ്രമത്തിൽ, യഹോവയുടെ സാക്ഷികൾ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അതിൽ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു: യഹോവയുടെ സാക്ഷികൾ ആരാണ്? അവർ ക്രിസ്ത്യാനികളാണോ? അവർ വൈദ്യശുശ്രൂഷ സ്വീകരിക്കുമോ? അവർ വീടുതോറും പോകുന്നത് എന്തുകൊണ്ടാണ്? അവരുടെ വേലയ്ക്കു സാമ്പത്തിക പിന്തുണ ലഭിക്കുന്നത് എങ്ങനെയാണ്? യഹോവയുടെ സാക്ഷികൾ ജനസമൂഹത്തിന് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
ഫ്രഞ്ചു ഭാഷയിലുള്ള വിജ്ഞാനപ്രദമായ ആ ലഘുലേഖയുടെ ശീർഷകം യഹോവയുടെ സാക്ഷികൾ—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്നായിരുന്നു. കഴിയുന്നത്ര ആളുകൾക്കും ആ ലഘുലേഖ കൊടുക്കുന്നതിന് ഒരു പ്രചാരണപരിപാടിതന്നെ സംഘടിപ്പിച്ചു. 1996 മേയ് 13 മുതൽ ജൂൺ 9 വരെ 90 ലക്ഷത്തിലധികം പ്രതികൾ വിതരണം ചെയ്യുകയുണ്ടായി.
ആ ലഘുലേഖ സർക്കാർ ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ പലരിലും മതിപ്പുളവാക്കി. “യഹോവയുടെ സാക്ഷികൾക്കെതിരെ നടത്തിയ വിമർശനത്തിൽ എനിക്കു കടുത്ത ദേഷ്യമുണ്ട്,” ആ ലഘുലേഖ വായിച്ചശേഷം ഒരു പ്രാദേശിക നഗരസഭാംഗം എഴുതി. “നിങ്ങളുടെ വേല പ്രയോജനപ്രദവും നിസ്വാർഥവുമായ ഒന്നാണെന്ന് ഞാൻ എത്രയോ പ്രാവശ്യം മനസ്സിലാക്കിയിട്ടുള്ളതാണ്.” ആ ലഘുലേഖയോടു പ്രതികരിച്ചുകൊണ്ട് ഒരു യൂറോപ്യൻ പാർലമെൻറംഗം ഇങ്ങനെ എഴുതി: “നിങ്ങൾ ഭാഗമായിരിക്കുന്ന ക്രിസ്തീയ വിഭാഗവും ഭക്തിപ്രസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഭൂരിപക്ഷമാളുകൾക്കും വളരെ നന്നായി അറിയാം.”
ബ്രിട്ടനിയിൽ ഒരു സാക്ഷി ആ ലഘുലേഖ ഒരു പുരോഹിതനു കൊടുത്തപ്പോൾ അദ്ദേഹം അത് ഒരു മടിയും കൂടാതെ സ്വീകരിച്ചു. “നിങ്ങൾ ചെയ്യുന്നതു നല്ല കാര്യംതന്നെ” എന്നു പറഞ്ഞിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളെ വീട്ടിൽ കയറ്റി നിങ്ങൾക്കു കാപ്പിയും തന്നുവിടാനാണു ഞാനെന്റെ ഇടവകക്കാരോടു പറയുന്നത്. നിങ്ങൾ എന്റെ വീട്ടിൽ വന്നിരുന്നുവെന്നു നിങ്ങൾക്ക് അവരോടു പറയാം. പിന്നെ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്.”
ആ ലഘുലേഖ സ്വീകരിച്ചശേഷം, ആൽസാസിലെ ഒരു പ്രൊട്ടസ്റ്റൻറുകാരൻ ബൈബിളധ്യയനം ആവശ്യപ്പെട്ടുകൊണ്ട് വാച്ച് ടവർ സൊസൈറ്റിക്ക് എഴുതുകയുണ്ടായി. “പള്ളിയിലുള്ള വിശ്വാസം തീർത്തും നഷ്ടപ്പെട്ട എനിക്ക് ആത്മീയമായി ഒരു പുതിയ തുടക്കം കുറിക്കണമെന്നുണ്ട്,” അയാൾ എഴുതി. ചിലപ്പോഴൊക്കെ വ്യാജമായ ആരോപണങ്ങൾ നേരിടേണ്ടിവരുന്നെങ്കിലും, ഫ്രാൻസിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ, ബൈബിളിൽ നൽകിയിരിക്കുന്ന ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കുന്നതിൽ തുടരുകയാണ്.—2 തിമൊഥെയൊസ് 3:16, 17.