യഥാർഥ സന്തുഷ്ടി എവിടെ കണ്ടെത്താം?
ഭൗതികവസ്തുക്കൾ സ്വരുക്കൂട്ടുന്നതിലൂടെ സന്തുഷ്ടി കണ്ടെത്താനാകുമെന്നാണ് അനേകമാളുകളുടെയും വിചാരം. നിങ്ങൾ അങ്ങനെ കരുതുന്നുണ്ടോ? തീർച്ചയായും ഭൗതികവസ്തുക്കൾ നമ്മുടെ സന്തുഷ്ടിയിൽ ഒരു പങ്കു വഹിക്കുന്നു. എന്നാൽ സന്തുഷ്ടി ഉറപ്പു വരുത്താൻ അവയ്ക്കു കഴിയുകയില്ല; ഭൗതിക സുഖസൗകര്യങ്ങൾ വിശ്വാസത്തെ ബലപ്പെടുത്തുകയോ ആത്മീയാവശ്യങ്ങൾ നിവർത്തിക്കുകയോ ചെയ്യുന്നില്ല.
ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, കാരണം സ്വർഗരാജ്യം അവർക്കുള്ളതാകുന്നു.” (മത്തായി 5:3, NW) യേശു ഇങ്ങനെയും പറഞ്ഞു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.”—ലൂക്കൊസ് 12:15.
നിയമവിരുദ്ധ ലൈംഗികതയിലും മറ്റു ‘ജഡത്തിന്റെ പ്രവൃത്തിക’ളിലും ഏർപ്പെട്ടുകൊണ്ടാണു പലരും സന്തുഷ്ടി തേടുന്നത്. (ഗലാത്യർ 5:19-21) എന്നാൽ, ജഡിക സുഖങ്ങൾക്കു വഴിപ്പെടുന്നതുകൊണ്ട് യഥാർഥ, നിലനിൽക്കുന്ന സന്തുഷ്ടി ലഭിക്കുന്നില്ല. വാസ്തവത്തിൽ, അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.—1 കൊരിന്ത്യർ 6:9, 10.
സന്തുഷ്ടി കണ്ടെത്താനുള്ള അന്വേഷണത്തിൽ, സ്വന്തം ആത്മമൂല്യം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു മറ്റു ചിലർ തങ്ങളിലേക്കുതന്നെ തിരിയുന്നു. ഗ്രന്ഥശാലകളും പുസ്തകക്കടകളും സ്വാശ്രയ ഗ്രന്ഥങ്ങൾക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ അത്തരം പ്രസിദ്ധീകരണങ്ങൾ ആളുകൾക്കു നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തിയിട്ടില്ല. അങ്ങനെയെങ്കിൽ, യഥാർഥ സന്തുഷ്ടി നമുക്ക് എവിടെ കണ്ടെത്താൻ സാധിക്കും?
യഥാർഥമായി സന്തുഷ്ടരായിരിക്കുന്നതിന്, നമ്മുടെ ജന്മസിദ്ധമായ ആത്മീയാവശ്യം നാം തിരിച്ചറിയേണ്ടതുണ്ട്. യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” തീർച്ചയായും, ആ ആവശ്യം ഗ്രഹിച്ചിട്ട് അതു സംബന്ധിച്ച് ഒന്നും ചെയ്യാതിരുന്നാൽ അതുകൊണ്ടു യാതൊരു നേട്ടുവുമുണ്ടായിരിക്കുകയില്ല. ഇത് ഉദാഹരിക്കാം: മത്സരത്തിനുശേഷം, ദാഹിച്ചുവലയുന്ന ഒരു മാരത്തോൺ ഓട്ടക്കാരൻ വെള്ളം കുടിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അയാൾക്ക് എന്തു സംഭവിക്കും? അയാളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും മറ്റു ഗുരുതരമായ ഭവിഷ്യത്തുകൾ അയാൾക്കു നേരിടുകയും ചെയ്യുകയില്ലേ? അതുപോലെ, ആത്മീയ പോഷണത്തിനായുള്ള നമ്മുടെ ആവശ്യത്തോടു പ്രതികരിക്കാൻ കൂട്ടാക്കാതിരുന്നാൽ അവസാനം നാം ആത്മീയമായി വാടിക്കരിയും. തത്ഫലമായി, ആനന്ദവും സന്തുഷ്ടിയും നഷ്ടമാകും.
തന്റെ ആത്മീയാവശ്യം പൂർണമായി തിരിച്ചറിഞ്ഞ യേശു പതിവായി ദൈവവചനം പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്തു. വിശുദ്ധ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ അനായാസം കണ്ടെത്തി വായിക്കാൻ അവനു കഴിഞ്ഞിരുന്നു, അതുതന്നെ ചെയ്യാൻ അവൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. (ലൂക്കൊസ് 4:16-21; എഫെസ്യർ 4:20, 21 താരതമ്യം ചെയ്യുക.) തന്റെ സ്വർഗീയ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനെ യേശു ഭക്ഷണത്തോടാണ് ഉപമിച്ചത്. ദൈവേഷ്ടം ചെയ്യുന്നത് അവനു വളരെയധികം സന്തുഷ്ടി കൈവരുത്തി.—യോഹന്നാൻ 4:34.
അതേ, ഭൗതികവസ്തുക്കൾ സ്വരുക്കൂട്ടുന്നതിലൂടെ യഥാർഥ സന്തുഷ്ടി കൈവരിക്കാനാവില്ല; പാപപൂർണ ജഡത്തിന്റെ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിലൂടെയും സന്തുഷ്ടി ലഭിക്കുന്നില്ല. യഥാർഥ വിശ്വാസത്തിലും യഹോവയാം ദൈവവുമായുള്ള നല്ലൊരു ബന്ധത്തിലും അധിഷ്ഠിതമായ ഒരു ഹൃദയാവസ്ഥയാണു യഥാർഥ സന്തുഷ്ടി. അതിനാൽ ഉചിതമായിത്തന്നെ സങ്കീർത്തനക്കാരനായ ദാവീദ് പാടി: “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടരാകുന്നു.”—സങ്കീർത്തനം 144:15ബി, NW.
[23-ാം പേജിലെ ചിത്രം]
വിശ്വാസവും ദൈവവുമായുള്ള നല്ല ബന്ധവും യഥാർഥ സന്തുഷ്ടി കൈവരുത്തും