സ്നേഹത്തിന്റെ ഉത്കൃഷ്ട മാർഗം
ദൈവത്തിനുള്ളതുപോലത്തെ സ്നേഹം അത്യന്തം അത്ഭുതാവഹമാണ്. അതുകൊണ്ടുതന്നെ അതു നിർവചിക്കുക ദുഷ്കരമാണ്. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നു പറയുന്നതാവും കൂടുതൽ എളുപ്പം. പ്രസ്തുത വിഷയത്തെക്കുറിച്ച് എഴുതിയ അപ്പോസ്തലനായ പൗലൊസ് അതു ക്രിസ്തീയ വിശ്വാസികൾക്ക് എത്രമാത്രം അനിവാര്യമാണെന്ന് ആദ്യം ഊന്നിപ്പറഞ്ഞശേഷം സ്നേഹം നിസ്വാർഥമായി പ്രവർത്തിക്കുന്ന വിധത്തെക്കുറിച്ചു സവിസ്തരം വിവരിക്കുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4-7.
ദൈവിക സ്നേഹം പ്രവർത്തിക്കുന്ന വിധം
“സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” മോശമായ അവസ്ഥകളെയും മറ്റുള്ളവരുടെ തെറ്റായ പ്രവർത്തനങ്ങളെയും അതു സഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. അതായത്, തെറ്റു ചെയ്യുന്നവരുടെയും അത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവരുടെയും രക്ഷയിലും അതുപോലെതന്നെ ആത്യന്തികമായി ദൈവനാമത്തിന്റെ മഹത്ത്വത്തിലും സംസ്ഥാപനത്തിലും അതു കലാശിക്കുന്നു. (2 പത്രൊസ് 3:15) എന്തുതന്നെ പ്രകോപനമുണ്ടായാലും സ്നേഹം ദയ കാണിക്കുന്നു. ഒരു ക്രിസ്ത്യാനി മറ്റുള്ളവരോടു പാരുഷ്യവും നിഷ്ഠുരതയും കാട്ടിയതുകൊണ്ടു യാതൊരു നന്മയും ഉണ്ടാകുന്നില്ല. എന്നിരുന്നാലും, സ്നേഹം നീതിക്കായി ഉറപ്പോടെ നിലകൊള്ളുകയും ന്യായത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. അധികാരമുള്ളവർ ദുഷ്പ്രവൃത്തിക്കാർക്കു ശിക്ഷണം നൽകിയേക്കാം. എന്നാൽ, അപ്പോൾപോലും അവർ ദയ കാട്ടേണ്ടതാണ്. നിർദയത്വം നിർദയനായ ബുദ്ധ്യുപദേശകനോ അനീതി പ്രവർത്തിക്കുന്നവനോ പ്രയോജനം ചെയ്യുകയില്ല. പിന്നെയോ, അത് അനീതി പ്രവർത്തിക്കുന്നവനെ അനുതാപത്തിൽനിന്നും ശരിയായ പ്രവൃത്തികളിൽനിന്നും അകറ്റാനേ ഉതകൂ.—റോമർ 2:4.
“സ്നേഹം സ്പർദ്ധിക്കുന്നില്ല.” മറ്റുള്ളവർക്കു നല്ല കാര്യങ്ങൾ ലഭിക്കുമ്പോൾ അത് ഈർഷ്യ കാണിക്കുന്നില്ല. സഹമനുഷ്യനു ശ്രേഷ്ഠമായ ഒരു ഉത്തരവാദിത്വസ്ഥാനം ലഭിക്കുന്നതു കാണുമ്പോൾ അതു സന്തോഷിക്കുന്നു. ഒരുവന്റെ ശത്രുക്കൾക്കു നല്ല കാര്യങ്ങൾ ലഭിക്കുമ്പോൾപ്പോലും അതു വിദ്വേഷിക്കുന്നില്ല.
‘സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല.’ അതു സൃഷ്ടികളിൽനിന്നുള്ള ശ്ലാഘനമോ പ്രശംസയോ തേടുന്നില്ല. (യൂദാ 16) സ്നേഹമുള്ള വ്യക്തി മറ്റുള്ളവരെ തരംതാഴ്ത്തിക്കൊണ്ടു വലിയവനാകാൻ ശ്രമിക്കുകയില്ല. പിന്നെയോ, അയാൾ ദൈവത്തെ വാഴ്ത്തുകയും മറ്റുള്ളവരെ ആത്മാർഥമായി പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. (കൊലൊസ്സ്യർ 1:3-5) മറ്റൊരു ക്രിസ്ത്യാനി അഭിവൃദ്ധി വരുത്തിക്കാണുന്നതിൽ അയാൾ സന്തോഷമുള്ളവനായിരിക്കും. താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച് അയാൾ പൊങ്ങച്ചം പറയുകയില്ല. (സദൃശവാക്യങ്ങൾ 27:1) താൻ ചെയ്യുന്ന സകല കാര്യങ്ങൾക്കും നിദാനം യഹോവയിൽനിന്നു വരുന്ന ശക്തിയാണെന്ന് അയാൾ തിരിച്ചറിയും.—സങ്കീർത്തനം 34:2.
സ്നേഹം “അയോഗ്യമായി നടക്കുന്നില്ല.” അത് അപമര്യാദയുള്ളതല്ല. ലൈംഗിക ദുരുപയോഗമോ ഞെട്ടിക്കുന്നതരം നടത്തയോ പോലുള്ള മോശമായ പെരുമാറ്റത്തിൽ അത് ഏർപ്പെടുന്നില്ല. അതു ക്രൂരമോ അശ്ലീലമോ മര്യാദയില്ലാത്തതോ ഗർവിഷ്ഠമോ നിഷ്ഠുരമോ മറ്റുള്ളവരോട് അനാദരവു കാണിക്കുന്നതോ അല്ല. സ്നേഹമുള്ള ഒരു വ്യക്തി തന്റെ പ്രത്യക്ഷതയാലോ പ്രവൃത്തികളാലോ ക്രിസ്തീയ സഹോദരങ്ങൾക്ക് അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കും. ക്രിസ്തീയ വിശ്വാസികളല്ലാത്തവരുടെ മുമ്പാകെ മാന്യമായി നടക്കാൻ അത് ഒരുവനെ പ്രേരിപ്പിക്കും.—റോമർ 13:13.
സ്നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല.” “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ” എന്ന തത്ത്വം അതു പിൻപറ്റും. (1 കൊരിന്ത്യർ 10:24) ഇവിടെയാണു മറ്റുള്ളവരുടെ നിത്യക്ഷേമത്തിലുള്ള താത്പര്യം വെളിവാകുന്നത്. മറ്റുള്ളവരിലുള്ള ആത്മാർഥമായ ഈ താത്പര്യമാണ് സ്നേഹത്തിന്റെ ഏറ്റവും ശക്തമായ പ്രചോദകഘടകങ്ങളിലൊന്ന്. അതുപോലെ സ്നേഹത്തിന്റെ ഫലങ്ങളിൽ ഏറ്റവും ഫലപ്രദവും പ്രയോജനകരവുമായ ഒന്നുമാണത്. തന്റെ ഇഷ്ടംപോലെ എല്ലാം നടക്കണമെന്നു സ്നേഹമുള്ള വ്യക്തി ആവശ്യപ്പെടുകയില്ല. സ്നേഹം അതിന്റെ “അവകാശങ്ങൾ”ക്കു വേണ്ടി വാദിക്കുന്നുമില്ല; മറ്റുള്ള വ്യക്തികളുടെ ആത്മീയ ക്ഷേമത്തിലായിരിക്കും അതിനു കൂടുതൽ താത്പര്യം.—റോമർ 14:13, 15.
സ്നേഹം “ദ്വേഷ്യപ്പെടുന്നില്ല [“പ്രകോപിതമായിത്തീരുന്നില്ല,” NW].” പ്രകോപനത്തിനുള്ള അവസരത്തിനായോ നീതീകരണത്തിനായോ അതു നോക്കിപ്പാർത്തിരിക്കുന്നില്ല. ജഡത്തിന്റെ പ്രവൃത്തിയായ ക്രോധം പൂണ്ട് അതു പൊട്ടിത്തെറിക്കുന്നില്ല. (ഗലാത്യർ 5:19, 20) മറ്റുള്ളവർ പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ സ്നേഹമുള്ള വ്യക്തിയെ പെട്ടെന്നു വ്രണപ്പെടുത്തുകയുമില്ല.
സ്നേഹം “ദോഷം കണക്കിടുന്നില്ല.” സ്നേഹം ദോഷമേൽക്കുന്ന ഒന്നായിട്ട് സ്വയം കണക്കാക്കുന്നില്ല. മാത്രമല്ല, ദോഷമേറ്റവനും ദോഷം ചെയ്തവനും തമ്മിൽ യാതൊരു ബന്ധങ്ങളും അനുവദിക്കാതെ, തക്കം കിട്ടുമ്പോൾ കണക്കുതീർക്കേണ്ട, കൊടുത്തുതീർക്കേണ്ട, ‘കണക്കുപുസ്തകങ്ങളിൽ’ കുറിച്ചിടേണ്ട ഒന്നായി ദോഷത്തെ കണക്കാക്കുന്നുമില്ല. അങ്ങനെ ചെയ്താൽ അതു ബൈബിൾ കുറ്റം വിധിച്ചിരിക്കുന്ന പ്രതികാരാത്മക മനോഭാവമായിരിക്കും. (റോമർ 12:19) മറ്റൊരു വ്യക്തിക്കു ദുഷ്ടമായ ആന്തരമാണുള്ളതെന്നു സ്നേഹം ആരോപിക്കുകയില്ല. പിന്നെയോ, വിട്ടുവീഴ്ചകൾ കാണിക്കാൻ അതു ചായ്വു കാണിക്കുകയും സംശയത്തിന്റെ പ്രയോജനം മറ്റുള്ളവർക്കു നൽകുകയും ചെയ്യും.—റോമർ 14:1, 5.
സ്നേഹം “അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.” മുമ്പു പുലർത്തിയിരുന്ന വിശ്വാസങ്ങളെയും നടത്തിയിട്ടുള്ള പ്രസ്താവനകളെയും സത്യം അസാധുവാക്കിയാലും സ്നേഹം സത്യത്തിൽ സന്തോഷിക്കുന്നു. സത്യമാകുന്ന ദൈവവചനത്തോട് അതു പറ്റിനിൽക്കുന്നു. അത് എപ്പോഴും ശരിയായതിന്റെ പക്ഷത്തു നിലകൊള്ളുന്നു. തെറ്റിന്റെയോ ഭോഷ്കുകളുടെയോ ഏതെങ്കിലും തരത്തിലുള്ള അനീതിയുടെയോ ബലിയാട് ആരായിരുന്നാലും, ശത്രുവായിരുന്നാൽപോലും, സ്നേഹം അത്തരം കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയില്ല. എന്നാൽ, ഒരു സംഗതി തെറ്റോ വഴിതെറ്റിക്കുന്നതോ ആണെങ്കിൽ സത്യത്തെയും മറ്റുള്ളവരെയും പ്രതി തുറന്നു സംസാരിക്കാൻ സ്നേഹത്തിനു ഭയമുണ്ടായിരിക്കുകയില്ല. (ഗലാത്യർ 2:11-14) കാര്യം നേരെയാക്കാനുള്ള ശ്രമത്തിൽ മറ്റൊരു തെറ്റ് ചെയ്യുന്നതിനു പകരം അതു തെറ്റിനെ സഹിക്കാൻ താത്പര്യപ്പെടുന്നു.—റോമർ 12:17, 20.
സ്നേഹം “എല്ലാം പൊറുക്കുന്നു.” സഹിച്ചുനിൽക്കാനും നീതിക്കു വേണ്ടി കഷ്ടമേൽക്കാനും ഒരുക്കമുള്ളതാണ് അത്. സ്നേഹമുള്ള ഒരു വ്യക്തി, തനിക്കെതിരെ തെറ്റു ചെയ്യുന്ന ഒരുവനെ മറ്റുള്ളവരുടെ മുമ്പാകെ തുറന്നുകാട്ടാൻ ധൃതികൂട്ടുകയില്ല. തെറ്റു വളരെ ഗൗരവമുള്ളതല്ലെങ്കിൽ, അയാൾ അതു മറന്നുകളയും. അല്ലാത്തപക്ഷം, മത്തായി 18:15-17-ൽ യേശു ശുപാർശ ചെയ്ത പ്രവർത്തനഗതി ബാധകമായിരിക്കുമ്പോൾ, അയാൾ അതു പിൻപറ്റും.
സ്നേഹം “എല്ലാം വിശ്വസിക്കുന്നു.” സത്യമാകുന്ന തന്റെ വചനത്തിൽ ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, ബാഹ്യമായി കാണപ്പെടുന്നവ അതിനെതിരായിരിക്കുകയും അവിശ്വാസികൾ അതിനെ പരിഹസിക്കുകയും ചെയ്യുന്നുവെങ്കിൽപോലും, സ്നേഹം വിശ്വസിക്കുന്നു. പ്രത്യേകിച്ചും ദൈവത്തോടുള്ള ഈ സ്നേഹം, വിശ്വസ്തതയും ആശ്രയയോഗ്യതയും സംബന്ധിച്ച അവന്റെ രേഖയിൽ അധിഷ്ഠിതമായി അവന്റെ സത്യതയിലുള്ള അംഗീകാരമാണ്. നേരുള്ളവനും വിശ്വസ്തനുമെന്നു നമുക്കറിയാവുന്നതും നാം സ്നേഹിക്കുന്നവനുമായ ഒരു സുഹൃത്തു നമ്മോട് ഒരു കാര്യം പറയുമ്പോൾ, തെളിവൊന്നുമില്ലെങ്കിലും നാമതു വിശ്വസിക്കുന്നതുപോലെയാണത്. (യോശുവ 23:14) വിശ്വസ്ത ക്രിസ്തീയ സഹോദരങ്ങളിലുള്ള വിശ്വാസം സ്നേഹം കെട്ടിപ്പടുക്കുന്നു; അവർ തെറ്റു ചെയ്തു എന്നതിനു ശരിക്കും തെളിവില്ലാത്തപക്ഷം ഒരു ക്രിസ്ത്യാനി അവരെ സംശയിക്കുകയോ അവിശ്വസിക്കുകയോ ഇല്ല.—ഗലാത്യർ 5:10; ഫിലേമോൻ 21.
സ്നേഹം “എല്ലാം പ്രത്യാശിക്കുന്നു.” യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളിലും അതിനു പ്രത്യാശയുണ്ട്. (റോമർ 12:12) യഹോവ ഫലം പുറപ്പെടുവിക്കുകയും കാര്യങ്ങൾ വളരാൻ ഇടയാക്കുകയും ചെയ്യവെ സ്നേഹം ക്ഷമാപൂർവം കാത്തിരുന്നുകൊണ്ടു പ്രയത്നിക്കുന്നതിൽ തുടരുന്നു. (1 കൊരിന്ത്യർ 3:7) ക്രിസ്തീയ സഹോദരങ്ങൾ ഏതു സാഹചര്യങ്ങളിലാണെങ്കിലും, ചിലർ വിശ്വാസത്തിൽ ബലഹീനരാണെങ്കിൽപ്പോലും, അവർക്കു വേണ്ടി ഏറ്റവും മെച്ചമായതേ സ്നേഹമുള്ള ഒരു വ്യക്തി പ്രതീക്ഷിക്കുകയുള്ളൂ. ബലഹീനരായ അത്തരം ആളുകളോടു യഹോവ ക്ഷമയുള്ളവനാണെങ്കിൽ അയാൾ അതു തിരിച്ചറിഞ്ഞുകൊണ്ട് അതേ മനോഭാവം തീർച്ചയായും സ്വീകരിക്കണം.—2 പത്രൊസ് 3:15.
സ്നേഹം “എല്ലാം സഹിക്കുന്നു.” യഹോവയാം ദൈവത്തോടുള്ള നിർമലത കാത്തുകൊള്ളുന്നതിനു ക്രിസ്ത്യാനികൾക്കു സ്നേഹം ആവശ്യമാണ്. ദൈവത്തോടുള്ള ഭക്തിയുടെയും വിശ്വസ്തതയുടെയും ആഴം പരിശോധിക്കാൻ പിശാച് എന്തുതന്നെ ചെയ്താലും ക്രിസ്ത്യാനി എപ്പോഴും ദൈവത്തോടു പറ്റിനിൽക്കുന്നു എന്ന അർഥത്തിൽ സ്നേഹം നിലനിൽക്കും.—റോമർ 5:3-5.
“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.” അത് ഒരിക്കലും അവസാനിക്കുകയോ ഇല്ലാതായിപ്പോകുകയോ ചെയ്യുകയില്ല. പുതിയ അറിവും ഗ്രാഹ്യവും നാം ഒരിക്കൽ വിശ്വസിച്ചിരുന്ന കാര്യങ്ങളെ തിരുത്തിയേക്കാം; പ്രത്യാശിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമായിത്തീരുമ്പോൾ പ്രത്യാശയ്ക്കു മാറ്റം വരുന്നു, പിന്നെയും പുതിയ കാര്യങ്ങൾ പ്രത്യാശിക്കുന്നു. എന്നാൽ സ്നേഹം എന്നെന്നും അതിന്റെ തികവോടെ നിലനിൽക്കും, അധികമധികം ശക്തമാവുകയും ചെയ്യും. വാസ്തവമായും ഇതെല്ലാം ദൈവിക സ്നേഹത്തെ നമ്മുടെ വ്യക്തിഗത ജീവിതത്തിൽ നാം നട്ടുവളർത്താൻ ഉദ്യമിക്കേണ്ട ഉത്കൃഷ്ട ഗുണമാക്കിത്തീർക്കുന്നു.—1 കൊരിന്ത്യർ 13:8-13.