ആധുനിക ആരാധനയിൽ സംഗീതത്തിനുള്ള സ്ഥാനം
സംഗീതം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്. ഉച്ചത്തിൽ പാടുന്നതു നമുക്കും നമ്മുടെ സ്രഷ്ടാവിനും ആനന്ദമേകുന്നു. അതിലൂടെ നമുക്കു വികാരങ്ങൾ—ദുഃഖവും സന്തോഷവും—പ്രകടിപ്പിക്കാൻ കഴിയും. അതിലുമുപരി, സംഗീതത്തിലൂടെ നമുക്ക് അതിന്റെ ഉപജ്ഞാതാവായ യഹോവയോടുള്ള സ്നേഹവും ഭക്ത്യാദരവും സ്തുതിയും വ്യക്തമാക്കാൻ സാധിക്കും.
സംഗീതത്തെക്കുറിച്ചുള്ള മൂന്നൂറോളം വരുന്ന ബൈബിൾ പരാമർശങ്ങളിൽ അധികവും യഹോവയുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഗീതം സന്തോഷത്തോടും ബന്ധപ്പെട്ടിരിക്കുന്നു—പാടുന്നവർക്കു മാത്രമല്ല യഹോവയ്ക്കും അതു സന്തോഷം പകരുന്നു. “അവർ . . . അവന്നു കീർത്തനം ചെയ്യട്ടെ. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി.—സങ്കീർത്തനം 149:3, 4.
എന്നാൽ, ആധുനിക ആരാധനയിൽ സംഗീതത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്? ഇന്ന് ഉച്ചത്തിൽ പാടിക്കൊണ്ടു യഹോവയുടെ ജനത്തിന് അവനെ എങ്ങനെ സന്തോഷിപ്പിക്കാൻ സാധിക്കും? സത്യാരാധനയിൽ സംഗീതത്തിനുള്ള സ്ഥാനമെന്തായിരിക്കണം? ആരാധനയിലെ സംഗീതചരിത്രം ആരാഞ്ഞറിയുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായകമാകും.
ആരാധനയിൽ സംഗീതത്തിനുള്ള ചരിത്രപരമായ സ്ഥാനം
സംഗീതത്തെക്കുറിച്ചുള്ള ആദ്യത്തെ ബൈബിൾ പരാമർശം നിർദിഷ്ടമായി, യഹോവയുടെ ആരാധനയോടു ബന്ധപ്പെടുത്തിയല്ല സൂചിപ്പിച്ചിരിക്കുന്നത്. ഉല്പത്തി 4:21-ൽ, യൂബാലിന് ആദ്യത്തെ സംഗീതോപകരണങ്ങൾ കണ്ടുപിടിച്ചതിന്റെ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള സംഗീതവൃത്തി ഏർപ്പെടുത്തിയതിന്റെ ബഹുമതി നൽകിയിരിക്കുന്നു. എന്നാൽ, മനുഷ്യ സൃഷ്ടിക്കും മുമ്പ് സംഗീതം യഹോവയുടെ ആരാധനയുടെ ഭാഗമായിരുന്നു. ദൂതന്മാർ പാടുന്നതായി നിരവധി ബൈബിൾ പരിഭാഷകൾ വർണിക്കുന്നു. ദൂതന്മാർ ഘോഷിച്ചുല്ലസിക്കുകയും “സന്തോഷിച്ചാർക്കു”കയും ചെയ്തതായി ഇയ്യോബ് 38:7 പറയുന്നു. അങ്ങനെ, മനുഷ്യർ രംഗപ്രവേശനം ചെയ്യുന്നതിനു ദീർഘകാലം മുമ്പുതന്നെ യഹോവയെ ആരാധിച്ചുകൊണ്ടു സംഗീതമാലപിക്കുന്നതു പതിവായിരുന്നുവെന്നു വിശ്വസിക്കാൻ തിരുവെഴുത്തുപരമായ കാരണമുണ്ട്.
പുരാതന എബ്രായ സംഗീതമെല്ലാം ആലംബമേകുന്ന താളൈക്യമില്ലാത്ത രാഗം മാത്രമായിരുന്നുവെന്നാണു ചില ചരിത്രകാരന്മാരുടെ വാദം. എങ്കിലും, ബൈബിളിൽ മുഖ്യമായി പ്രതിപാദിച്ചിരിക്കുന്ന സംഗീതോപകരണമായ കിന്നരത്തിൽ ഒന്നിലധികം സ്വരം പുറപ്പെടുവിപ്പിക്കാൻ കഴിയുമായിരുന്നു. ആ സംഗീതോപകരണത്തിൽ ഉത്പാദിപ്പിക്കാനാകുമായിരുന്ന സ്വരലയം കിന്നര വായനക്കാരൻ കണിശമായും ശ്രദ്ധിച്ചിരിക്കണം. അവരുടെ സംഗീതം പ്രാകൃതമായിരിക്കുന്നതിനു പകരം തികച്ചും പുരോഗമനപരമായിരുന്നുവെന്നതിൽ സംശയമില്ല. എബ്രായ തിരുവെഴുത്തുകളിലെ ഗീതവും ഗദ്യവും പരിചിന്തിച്ചു നോക്കുമ്പോൾ, ഇസ്രായേല്യ സംഗീതം ഉന്നത നിലവാരമുള്ളതായിരുന്നുവെന്നു നമുക്കു നിഗമനം ചെയ്യാനാകും. തീർച്ചയായും, സംഗീത രചനകൾക്കുള്ള പ്രചോദനം സമീപ ദേശങ്ങളുടേതിനെക്കാൾ വളരെയധികം ഉയർന്നതായിരുന്നു.
പുരാതന ആലയ സംവിധാനം, ആലയത്തിലെ ആരാധനയിൽ വാദ്യസംഗീതവും നാദങ്ങളും സങ്കീർണമായ വിധങ്ങളിൽ ക്രമീകരിക്കുന്നതു സാധ്യമാക്കിത്തീർത്തു. (2 ദിനവൃത്താന്തം 29:27, 28) ‘നിർദേശകർ,’ ‘വിദഗ്ധർ,’ ‘പഠിതാക്കൾ,’ ‘സംഗീതക്കാരുടെ തലവന്മാർ’ എന്നിവർ അന്നുണ്ടായിരുന്നു. (1 ദിനവൃത്താന്തം 15:21; 25:7, 8; NW; നെഹെമ്യാവു 12:46) അവരുടെ പുരോഗമനപരമായ സംഗീത വൈദഗ്ധ്യങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ചരിത്രകാരനായ കർട്ട് സാക്സ് എഴുതി: “യെരൂശലേമിലെ ആലയത്തോടു ബന്ധപ്പെട്ട ഗായകഗണങ്ങളും വാദ്യമേളക്കാരും, ഉന്നത നിലവാരത്തിലുള്ള സംഗീത വിദ്യയും വൈദഗ്ധ്യവും അറിവും നിലവിലുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. . . . ആ പുരാതന സംഗീതത്തിന്റെ ധ്വനി എപ്രകാരമായിരുന്നുവെന്നു നമുക്കറിയില്ലെങ്കിലും അതിന്റെ ശക്തിയുടെയും മാഹാത്മ്യത്തിന്റെയും വൈദഗ്ധ്യത്തിന്റെയും വേണ്ടത്ര തെളിവു നമ്മുടെ പക്കലുണ്ട്.” (പുരാതന ലോകത്തിൽ സംഗീതത്തിന്റെ ആവിർഭാവം: കിഴക്കും പടിഞ്ഞാറും [ഇംഗ്ലീഷ്], 1943, പേജുകൾ 48, 101-2) എബ്രായ സംഗീതരചനകളുടെ സൃഷ്ടിപരതയ്ക്കും ഗുണമേന്മയ്ക്കും ഉദാഹരണമാണു ശലോമോന്റെ ഉത്തമഗീതം. ഗാനരൂപത്തിലുള്ള കഥയാണത്. സംഗീതനാടകത്തിലെ ആട്ടക്കഥയ്ക്ക് അല്ലെങ്കിൽ പാഠത്തിനു സമാനമാണത്. എബ്രായ പാഠത്തിൽ ആ ഗീതത്തെ ഏറ്റവും ശ്രേഷ്ഠമായ ഗീതം എന്ന അർഥത്തിൽ “ഉത്തമഗീതം” എന്നു വിളിക്കുന്നു. പുരാതന എബ്രായരെ സംബന്ധിച്ചിടത്തോളം, ആരാധനയുടെ അവിഭാജ്യ ഘടകമായിരുന്നു സംഗീതം. യഹോവയുടെ സ്തുതിയിൽ ക്രിയാത്മകമായ വൈകാരിക ഭാവപ്രകടനത്തിന് അത് അവസരമേകി.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ സംഗീതം
ആദിമ ക്രിസ്താനികളുടെ ഇടയിലും സംഗീതം ആരാധനയുടെ ക്രമമായ ഭാഗമായി തുടർന്നു. നിശ്വസ്ത സങ്കീർത്തനങ്ങൾക്കു പുറമേ അവർ ആരാധനയ്ക്കായി തനതായ ഗീതങ്ങളും ഭാവഗാനങ്ങളും രചിച്ചിരുന്നതായി തോന്നുന്നു. അത് ആധുനിക നാളിലെ ക്രിസ്തീയ ഗീതങ്ങളുടെ രചനയ്ക്കു മുൻമാതൃകയാണ്. (എഫെസ്യർ 5:19) വാൾഡൊ സെൽഡൻ പ്രാറ്റ് രചിച്ച, സംഗീതചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ വിശദീകരിക്കുന്നു: “പരസ്യാരാധനയിലും രഹസ്യാരാധനയിലും ഗീതമാലപിക്കുന്നത് ആദിമ ക്രിസ്ത്യാനികളുടെ ആചാരരീതിയായിരുന്നു. യഹൂദ മതപരിവർത്തിതരെ സംബന്ധിച്ചിടത്തോളം അതു സിനഗോഗിലെ ആചാരരീതിയുടെ തുടർച്ചയായിരുന്നു. . . . എബ്രായ സങ്കീർത്തനങ്ങൾക്കു പുറമേ, . . . പുതിയ വിശ്വാസം തുടർച്ചയായി പുതിയ സ്തുതിഗീതങ്ങൾ രചിക്കാനുള്ള പ്രവണത വളർത്തിയെടുത്തു—പ്രത്യക്ഷത്തിൽ, ആദ്യമൊക്കെ അത് അസംഗതഗാനത്തിന്റെ രൂപത്തിലായിരുന്നു.”a
കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് യേശു തുടക്കമിട്ടപ്പോൾ, അവനും അപ്പോസ്തലന്മാരും സംഗീതത്തിന്റെ മൂല്യം എടുത്തുകാട്ടിക്കൊണ്ടു സ്തുതിഗീതങ്ങൾ പാടിയിരിക്കാനാണു സാധ്യത. (മത്തായി 26:26-30) അതു സങ്കീർത്തനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന, പെസഹാ ആഘോഷത്തോട് അനുബന്ധിച്ചു പാടിയിരുന്ന യഹോവയ്ക്കുള്ള സ്തുതി ഗീതങ്ങളായിരുന്നു.—സങ്കീർത്തനം 113-118.
വ്യാജാരാധനയുടെ സ്വാധീനം
ഇരുണ്ടയുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടമായപ്പോഴേക്കും മതപരമായ സംഗീതം ശോകനിർഭരമായ മന്ത്രണമായി മാറി. പൊ.യു. 200-നോടടുത്ത് അലക്സാൻഡ്രിയയിലെ ക്ലെമൻറ് ഇങ്ങനെ പറഞ്ഞു: “നമുക്കു വേണ്ട ഏക ഉപകരണം ആരാധനയ്ക്കുള്ള സമാധാനപൂർണമായ വചനമാണ്; അല്ലാതെ കിന്നരങ്ങളോ മദ്ദളങ്ങളോ ഊത്തുകുഴലുകളോ കാഹളങ്ങളോ അല്ല.” പള്ളിയിലെ സംഗീതം വാചിക ഗീതങ്ങൾ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടു വിലക്കുകൾ ഏർപ്പെടുത്തി. ഈ രീതി, മന്ത്രണം അല്ലെങ്കിൽ വിരസഗാനം എന്ന് അറിയപ്പെട്ടു. “കോൺസ്റ്റാൻറിനോപ്പിൾ സ്ഥാപിച്ച് നാൽപ്പതു വർഷത്തിനുള്ളിൽ ലവോദിക്ക കൗൺസിൽ (ക്രിസ്തുവർഷം 367) ആരാധനാമുറകളിൽ ഉപകരണങ്ങളുടെ ഉപയോഗവും സഭാംഗങ്ങളുടെ പങ്കുപറ്റലും നിരോധിച്ചു. യാഥാസ്ഥിതിക സംഗീതം വാചിക ഗീതങ്ങൾ മാത്രമായിരുന്നു” എന്ന് നമ്മുടെ സംഗീത പൈതൃകം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഈ വിലക്കുകൾ യാതൊരു വിധത്തിലും ആദിമ ക്രിസ്ത്യാനിത്വത്തിൽ അടിസ്ഥാനപ്പെട്ടിരുന്നവയല്ല.
ഇരുണ്ട യുഗങ്ങളിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബൈബിൾ ഒരു അടഞ്ഞ ഗ്രന്ഥമായിരുന്നു. ബൈബിൾ സ്വന്തമാക്കാനോ വായിക്കാനോ ധൈര്യം കാട്ടിയ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടുവെന്നു മാത്രമല്ല കശാപ്പുചെയ്യപ്പെടുകപോലുമുണ്ടായി. ആ സ്ഥിതിക്ക്, ആ ഇരുണ്ട ഘട്ടങ്ങളിൽ ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുന്ന രീതി ഒട്ടുമുക്കാലും അപ്രത്യക്ഷമായതിൽ ഒട്ടും അതിശയിക്കാനില്ല. സാധാരണക്കാർക്കു തിരുവെഴുത്തുകൾ ലഭ്യമല്ലാതിരുന്ന സ്ഥിതിക്ക്, മുഴു ബൈബിളിന്റെയും പത്തിലൊരു ഭാഗം ഗീതമാണെന്ന് അവർക്കെങ്ങനെ അറിയാനാകുമായിരുന്നു? “യഹോവെക്കു പുതിയോരു പാട്ടും, ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ” എന്നു ദൈവം തന്റെ ആരാധകരോടു കൽപ്പിച്ചിരിക്കുന്നുവെന്ന് ആർ അവരെ അറിയിക്കുമായിരുന്നു?—സങ്കീർത്തനം 149:1.
ആരാധനയിൽ സംഗീതത്തെ ഉചിതമായ സ്ഥാനത്തു പുനഃസ്ഥാപിക്കൽ
സംഗീതത്തെയും ഗാനാലാപത്തെയും ആരാധനയിൽ ഉചിതമായ സ്ഥാനത്തു പുനഃസ്ഥാപിക്കാൻ യഹോവയുടെ സ്ഥാപനം വളരെയധികം കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, 1896 ഫെബ്രുവരി 1 ലക്കം സീയോന്റെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) മുഴുവനും ഗീതങ്ങളായിരുന്നു. “സീയോന്റെ ആദിമ ആനന്ദ ഗീതങ്ങൾ” എന്നായിരുന്നു അതിന്റെ ശീർഷകം.
1938-ൽ സഭായോഗങ്ങളിൽ പാടുന്നതു മിക്കവാറും നിർത്തലാക്കി. എങ്കിലും, അപ്പോസ്തലിക മാതൃകയും മാർഗദർശനവും പിൻപറ്റുന്നതിലെ ജ്ഞാനം ഉടനടി എങ്ങും പ്രകടമായി. 1944-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ എഫ്. ഡബ്ലിയു. ഫ്രാൻസ് “രാജ്യസേവന ഗീതം” എന്ന പ്രസംഗം നടത്തി. മനുഷ്യ സൃഷ്ടിക്കു വളരെക്കാലം മുമ്പ് ദൈവത്തിന്റെ സ്വർഗീയ സൃഷ്ടികൾ യഹോവയ്ക്കു സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നുവെന്നു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ ഭൗമിക ദാസർ അക്ഷരാർഥത്തിൽ ശബ്ദമുയർത്തി പാടുന്നത് ഉചിതമാണ്, അത് അവനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.” ആരാധനയിൽ പാടുന്നതിനെ അനുകൂലിച്ചുള്ള വാദഗതി വികസിപ്പിച്ചെടുത്തശേഷം പ്രതിവാര സേവനയോഗങ്ങളിൽ ഉപയോഗിക്കുന്നതിനായി അദ്ദേഹം രാജ്യസേവന പാട്ടുപുസ്തകം (ഇംഗ്ലീഷ്) പ്രകാശനം ചെയ്തു.b പിന്നീട്, 1944 ഡിസംബറിലെ ഇൻഫോർമൻറിൽ (ഇപ്പോഴത്തെ നമ്മുടെ രാജ്യ ശുശ്രൂഷ), മറ്റു യോഗങ്ങളിലും പ്രാരംഭ-ഉപസംഹാര ഗീതങ്ങൾ ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കി. അങ്ങനെ, സംഗീതം വീണ്ടും യഹോവയുടെ ആരാധനയുടെ ഭാഗമായി.
‘നമ്മുടെ ഹൃദയത്തിൽ യഹോവയ്ക്കു പാടുന്നു’
വർഷങ്ങളോളം പ്രതികൂല സാഹചര്യങ്ങളും പീഡനങ്ങളും നേരിട്ട, പൂർവ യൂറോപ്പിലും ആഫ്രിക്കയിലുമുള്ള നമ്മുടെ സഹോദരങ്ങൾ ഹൃദയംഗമമായ ഗാനാലാപത്തിന്റെ മൂല്യം ദൃഷ്ടാന്തീകരിക്കുന്നു. ലോതർ വാഗ്നർ ഏഴു വർഷമാണ് ഏകാന്ത തടവിൽ കഴിഞ്ഞത്. അദ്ദേഹം എങ്ങനെയാണു സഹിച്ചുനിന്നത്? “ഏതാനും ആഴ്ചകൾ ഞാൻ എന്റെ രാജ്യഗീത കലവറ നിറയ്ക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. വരികൾ തിട്ടമില്ലാതിരുന്നപ്പോഴൊക്കെ ഒന്നും രണ്ടും പദ്യഖണ്ഡം രചിച്ചെടുത്തു. . . . പ്രോത്സാഹനവും പരിപുഷ്ടിയും പകരുന്ന ചിന്താഗതികൾ എത്ര സമൃദ്ധമായാണു നമ്മുടെ രാജ്യഗീതങ്ങളിൽ അടങ്ങിയിരിക്കുന്നത്!” അദ്ദേഹം പറയുന്നു.—യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം—1974, പേജുകൾ 226-8.
വിശ്വസ്തമായ നിലപാടു നിമിത്തം, അഞ്ചു വർഷം ഏകാന്ത തടവിൽ കഴിഞ്ഞുകൂടിയ ഹാറോൾഡ് കിങ് യഹോവയ്ക്കുള്ള സ്തുതിഗീതങ്ങൾ രചിക്കുന്നതിലും പാടുന്നതിലും ആശ്വാസം കണ്ടെത്തി. അദ്ദേഹത്തിന്റെ രചനകളിൽ പലതും ഇപ്പോൾ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആരാധനയിൽ ഉപയോഗിക്കുന്നുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട സന്തോഷം, താങ്ങിനിർത്തുന്ന ഒന്നാണ്. എന്നാൽ, ദൈവത്തിനു സ്തുതിഗീതങ്ങൾ പാടുന്നതിന്റെ മൂല്യം മനസ്സിലാക്കാൻ നാം അവശ്യം പീഡനം അനുഭവിക്കണമെന്നില്ല.
യഹോവയുടെ ജനത്തിനെല്ലാം ഗീതത്തിൽ സന്തോഷം കണ്ടെത്താനാകും. യഹോവയോടുള്ള നമ്മുടെ വികാരങ്ങൾ വാക്കുകളിലൂടെ അവതരിപ്പിക്കാൻ നമുക്കു കുറച്ചൊരു വൈക്ലബ്യം ഉണ്ടെന്നു വരികിലും പാട്ടിലാകുമ്പോൾ അതു തുറന്നവതരിപ്പിക്കാനാവും. “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തു”മിരിക്കാൻ പൗലൊസ് അപ്പോസ്തലൻ ക്രിസ്ത്യാനികൾക്ക് അനുശാസനമേകിയപ്പോൾ, സ്തുതിഗീതങ്ങൾ പാടുന്നതിൽ നമുക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്ന് അവൻ സൂചിപ്പിച്ചു. (എഫെസ്യർ 5:19) ആത്മീയ കാര്യങ്ങളാൽ ഹൃദയം നിറഞ്ഞിരിക്കുമ്പോൾ ഗീതത്തിലൂടെ നമുക്കതു നന്നായി പ്രകടിപ്പിക്കാൻ കഴിയും. അതുകൊണ്ട്, ശരിയായ ഹൃദയനിലയാണു മെച്ചമായി പാടുന്നതിനുള്ള താക്കോൽ.
യഹോവയുമായി നല്ല ബന്ധമുണ്ടായിരിക്കുന്നത് ആനന്ദത്തിന്റെ ആത്മാവു പ്രദാനം ചെയ്യുന്നു. അതു നമുക്ക്, യഹോവയെക്കുറിച്ചു സംസാരിക്കാനും ഗീതങ്ങൾ ആലപിക്കാനും അവനു സ്തുതിഗീതങ്ങൾ പാടാനും പ്രചോദനമേകുന്നു. (സങ്കീർത്തനം 146:2, 5) നാം ആസ്വദിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗീതങ്ങൾ നാം ഹൃദയാ പാടാറുണ്ട്. ഒരു ഗീതമോ അതിലടങ്ങിയിരിക്കുന്ന വികാരങ്ങളോ നമുക്ക് ഇഷ്ടമാണെങ്കിൽ യഥാർഥ അനുഭൂതിയോടെ നാം അതു പാടാൻ ഏറെ സാധ്യതയുണ്ട്.
അനുഭൂതിയോടെ പാടാൻ ഉച്ചത്തിൽ പാടണമെന്നു നിർബന്ധമില്ല. ഉച്ചത്തിൽ പാടുന്നത് അവശ്യം നന്നായി പാടുന്നതിന്റെ പര്യായമല്ല; അതുപോലെ, തീരെ ശബ്ദം താഴ്ത്തി പാടുന്നതും നന്നല്ല. സ്വാഭാവികമായി മുഴക്കമുള്ള ശബ്ദം പതുക്കെ പാടിയാലും ഉയർന്നുകേൾക്കും. ഒരു സംഘത്തോടൊപ്പം നന്നായി പാടുന്നതിലെ വെല്ലുവിളിയുടെ ഭാഗമാണു ശബ്ദത്തിനൊത്തു പാടുക എന്നത്. താളൈക്യത്തോടെ പാടിയാലും സ്വരൈക്യത്തോടെ പാടിയാലും, നിങ്ങളുടെ ശബ്ദം സമീപത്തുള്ളവരുടെ ശബ്ദവുമായി ചേർന്നുപോകുന്നുവെങ്കിൽ കർണരസവും സ്വരൈക്യവും പകരുന്ന ഗാനമായിരിക്കും ഫലം. ഉത്സാഹത്തോടെ, എന്നാൽ മറ്റൊരാളുടെ ശബ്ദത്തെ കീഴടക്കാതെ, സമനിലയോടെ പാടുന്നതിന്, ക്രിസ്തീയ എളിമയും ശ്രദ്ധയുള്ള കാതും ഒരുവനെ സഹായിക്കും. എങ്കിലും, പാടാൻ കഴിവുള്ള, ശബ്ദമാധുര്യമുള്ളവർ ഉച്ചത്തിൽ പാടുമ്പോൾ ഒരു കാരണവശാലും അവരെ നിരുത്സാഹപ്പെടുത്തരുത്. ഈണമുള്ള ഒരു ശബ്ദത്തിന്, യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുമ്പോൾ സഭയ്ക്കു ശക്തമായ പിന്തുണയേകാൻ കഴിയും.
നമ്മുടെ യോഗങ്ങളിൽ പാടുന്നത്, രാഗങ്ങൾ താളൈക്യത്തോടെ പാടുന്നതിനും അനുയോജ്യമായ വേദിയൊരുക്കുന്നു. താളൈക്യം പിടിച്ചെടുക്കാനോ പാട്ടുപുസ്തകത്തിലെ താളവരികൾക്കൊത്തു പാടാനോ കഴിവുള്ളവരെ ഒത്തുചേർന്നു പാടാനും സംഗീതത്തിന് ഇമ്പം പകരാനും പ്രോത്സാഹിപ്പിക്കുകയാണ്.c
‘എനിക്ക് ഈണത്തിൽ പാടാനറിയില്ല,’ അല്ലെങ്കിൽ ‘എന്റെ ശബ്ദം ഒന്നിനും കൊള്ളുകയില്ല; ഉച്ചത്തിൽ പാടുമ്പോൾ അതു പതറും’ എന്നെല്ലാം ചിലർ പറഞ്ഞേക്കാം. അങ്ങനെ, രാജ്യഹാളിൽ പാടാൻപോലും അവർ സങ്കോചം കാട്ടിയേക്കാം. യഹോവയെ സ്തുതിക്കാനായി ഉയർത്തുന്ന ഒരു ശബ്ദവും അവന്റെ വീക്ഷണത്തിൽ ‘കൊള്ളുകയില്ലാ’ത്തതല്ല എന്നതാണു വാസ്തവം. പരിശീലനത്തിലൂടെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നൽകപ്പെടുന്ന സഹായകമായ നിർദേശങ്ങൾ പിൻപറ്റുന്നതിലൂടെയും ഒരുവന്റെ പ്രസംഗപ്രാപ്തി പുരോഗമിപ്പിക്കാൻ സാധിക്കുമെന്നതുപോലെതന്നെ, പാടാനുള്ള ഒരുവന്റെ പ്രാപ്തിയും പുരോഗമിപ്പിക്കാൻ സാധിക്കും. എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മൂളിപ്പാട്ടു പാടുന്നതിലൂടെ ചിലർ തങ്ങളുടെ ശബ്ദത്തിൽ പുരോഗതി വരുത്തിയിട്ടുണ്ട്. സ്വരം മെച്ചപ്പെടുത്താൻ മൂളിപ്പാട്ടു സഹായിക്കുന്നു. നാം ഒറ്റയ്ക്കായിരിക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർക്കു ശല്യമാകാത്തിടത്തു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ രാജ്യ സംഗീതങ്ങൾ പാടുന്നതു ശ്രേഷ്ഠമായ ശബ്ദ വ്യായാമമാണ്. മാത്രമല്ല, അത് ഒരുവന് ആനന്ദകരവും ആയാസരഹിതവുമായ മനോനിലയുമേകുന്നു.
കൂടിവരവുകളിൽ ഏതാനും രാജ്യഗീതങ്ങൾ പാടുന്നതിനും നമുക്കു പ്രോത്സാഹനമേകാവുന്നതാണ്. ഗിത്താർ അല്ലെങ്കിൽ പിയാനോ പോലുള്ള ഉപകരണമോ സൊസൈറ്റിയുടെ പിയാനോ ശബ്ദലേഖനങ്ങളോ ഉപയോഗിച്ചു പാടുന്നത്, നമ്മുടെ കൂടിവരവുകൾക്ക് ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യും. അതു ഗീതങ്ങൾ പഠിക്കുന്നതിനും സഭായോഗങ്ങളിൽ അവ നന്നായി പാടുന്നതിനും സഹായമേകും.
യോഗങ്ങളിൽ ഉത്സാഹത്തോടെ പാടാൻ സഭകളെ സഹായിക്കുന്നതിന്, ശബ്ദലേഖനം ചെയ്ത സംഗീത സ്വരലയം സൊസൈറ്റി പ്രാദാനം ചെയ്തിട്ടുണ്ട്. അവ ഉപയോഗിക്കുമ്പോൾ ഉച്ചഭാഷിണി സംവിധാനം കൈകാര്യം ചെയ്യുന്നയാൾ ശബ്ദം എത്ര ഉച്ചത്തിലാണെന്ന കാര്യത്തിൽ ശ്രദ്ധചെലുത്തണം. സംഗീതം വേണ്ടത്ര ഉച്ചത്തിലല്ലെങ്കിൽ പാടാൻ സഭ വൈക്ലബ്യം കാട്ടും. ഉച്ചഭാഷിണി സംവിധാനം നിയന്ത്രിക്കുന്ന സഹോദരൻ സഭയോടൊത്തു പാടുമ്പോൾ, സംഗീതം ആലംബമേകുന്ന ഗതി നൽകുന്നുവോ ഇല്ലയോ എന്ന് അദ്ദേഹത്തിനു നിർണയിക്കാനാകും.
യഹോവയ്ക്കു കീർത്തനം ചെയ്യുക
സ്രഷ്ടാവിനോടുള്ള നമ്മുടെ വികാരങ്ങൾ വ്യക്തമാക്കാൻ സംഗീതം അവസരമേകുന്നു. (സങ്കീർത്തനം 149:1, 3) അതു കേവലം വികാരപരമായ പൊട്ടിത്തെറിയല്ല. മറിച്ച്, നിയന്ത്രിതമായ, ന്യായയുക്തമായ, സന്തുഷ്ടകരമായ സ്തുതി പ്രകടനമാണ്. സഭയോടൊത്തു ഹൃദയാ പാടുന്നത്, തുടർന്നു വരുന്ന പരിപാടിക്ക് ഉചിതമായ ഹൃദയ-മനോനില പകരുന്നതിനും യഹോവയുടെ ആരാധനയിൽ വർധിച്ചയളവിൽ പങ്കുപറ്റുന്നതിനു നമുക്കു പ്രചോദനമേകുന്നതിനും ഇടയാക്കും. സംഗീതം വൈകാരികമായി സ്വാധീനം ചെലുത്തുന്നുവെങ്കിലും അതിലെ പദങ്ങൾ നമുക്കു പ്രബോധനമേകാനും ഉതകിയേക്കാം. സ്വരൈക്യത്തിലും താളൈക്യത്തിലും പാടുന്നതുമൂലം ഒരു സമ്മിളിത ജനമെന്ന നിലയിൽ ഒരുമിച്ചു പഠിക്കുന്നതിനു നാം എളിമയോടും താഴ്മയോടും കൂടെ നമ്മുടെ ഹൃദയത്തെ ഒരുക്കുകയാണ്.—സങ്കീർത്തനം 10:17 താരതമ്യം ചെയ്യുക.
സംഗീതം എല്ലായ്പോഴും യഹോവയുടെ ആരാധനയുടെ ഭാഗമായിരിക്കും. തന്മൂലം, സങ്കീർത്തനക്കാരന്റെ ഈ മനോഗതം എന്നേക്കും പങ്കിടുന്നതിനുള്ള പ്രത്യാശ നമുക്കുണ്ട്: “ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.”—സങ്കീർത്തനം 146:2.
[അടിക്കുറിപ്പുകൾ]
a ഒരു അസംഗതഗാനം, മിക്ക ഭാഗങ്ങളിലും സ്വാതന്ത്ര്യ മനോഭാവം കലർന്ന സംഗീത ശകലമാണ്. അസംഗതഗാനങ്ങൾ മിക്കപ്പോഴും വീരോചിത സംഭവങ്ങളെയോ കഥാപാത്രങ്ങളെയോ പുകഴ്ത്തിപ്പറയുന്നു.
b ഗീതമാലപിക്കുന്നത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ ആരാധനയുടെ ഒരു ക്രമമായ സവിശേഷതയായിരുന്നുവെന്ന് 1 കൊരിന്ത്യർ 14:15 സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.
c യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന നമ്മുടെ ഇപ്പോഴത്തെ പാട്ടുപുസ്തകത്തിലെ ചില ഗീതങ്ങൾ, താളൈക്യ ഭാഗങ്ങൾ പാടുന്നത് ആസ്വദിക്കുന്നവരുടെ പ്രയോജനത്തിനായി ചതുർഭാഗ താളവ്യവസ്ഥയിൽ നിലനിർത്തിയിരിക്കുന്നു. എങ്കിലും, നിരവധി ഗീതങ്ങളും പിയാനോ സ്വരലയത്തിൽ ക്രമപ്പെടുത്തി, ഈണങ്ങളുടെ രാജ്യാന്തര ഉത്ഭവം നിലനിർത്താനുള്ള ശ്രമത്തിൽ അവയ്ക്ക് ഈണമേകിയിരിക്കുന്നു. കർശനമായ ചതുർഭാഗ താളവ്യവസ്ഥ കൂടാതെ രചിച്ചിരിക്കുന്ന ഗീതങ്ങൾക്കുള്ള താളൈക്യ സ്വരങ്ങളിൽ തത്ക്ഷണം പാടുന്നത് യോഗങ്ങളിലെ ഗാനാലാപത്തിനു ഹൃദ്യത പകർന്നേക്കാം.
[27-ാം പേജിലെ ചതുരം]
മെച്ചമായി പാടുന്നതിനുള്ള ചില നിർദേശങ്ങൾ
1. പാടുമ്പോൾ പാട്ടുപുസ്തകം ഉയർത്തിപ്പിടിക്കുക. കൂടുതൽ സ്വാഭാവികമായി ശ്വാസമെടുക്കുന്നതിന് ഇത് ഒരുവനെ സഹായിക്കും.
2. ഓരോ വരിയുടെയും തുടക്കത്തിൽ ദീർഘശ്വാസമെടുക്കുക.
3. സൗകര്യപ്രദമെന്ന് ആദ്യം തോന്നുന്നതിനെക്കാൾ അൽപ്പംകൂടി വായ് തുറന്നു പാടുന്നത്, സ്വതവേ സ്വരപുഷ്ടിയും അനുസ്വനവും വർധിപ്പിക്കുന്നു.
4. സർവോപരി, പാടുന്ന ഗീതത്തിലടങ്ങിയിരിക്കുന്ന വികാരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.