മതസ്വാതന്ത്ര്യം നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
ഐക്യനാടുകളിൽ മതസ്വാതന്ത്ര്യം ഒരു അടിസ്ഥാന അവകാശമായാണ് കരുതുന്നതെങ്കിലും, 1940-കളിൽ ആ രാജ്യത്തുടനീളം യഹോവയുടെ സാക്ഷികൾക്കെതിരെ ജനക്കൂട്ട അക്രമത്തിന്റെ ഒരു വേലിയേറ്റംതന്നെയുണ്ടായി
കോടിക്കണക്കിനാളുകൾ അതിനായി പോരാടിയിട്ടുണ്ട്. ചിലർ അതിനായി ജീവൻ അർപ്പിച്ചിട്ടുണ്ട്. സത്യമായും മനുഷ്യവർഗത്തിന്റെ ഏറ്റവും അമൂല്യ സമ്പത്തുകളിൽ ഒന്നാണ് അത്. എന്ത്? സ്വാതന്ത്ര്യം! “തിരഞ്ഞെടുപ്പുകൾ നടത്താനും അവ നിവർത്തിക്കാനുമുള്ള പ്രാപ്തി” എന്നാണു ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ സ്വാതന്ത്ര്യത്തെ നിർവചിക്കുന്നത്. അതു തുടർന്നിങ്ങനെ പറയുന്നു: “നിയമത്തിന്റെ വീക്ഷണത്തിൽ, സമൂഹം ആളുകളുടെമേൽ അന്യായമോ അനാവശ്യമോ ന്യായയുക്തമല്ലാത്തതോ ആയ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നില്ലെങ്കിൽ ആളുകൾ സ്വതന്ത്രരാണ്. സമൂഹം അവരുടെ അവകാശങ്ങൾ—അതായത് അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ, പ്രാപ്തികൾ, പദവികൾ—സംരക്ഷിക്കുകയും വേണം.”
ആശയം ലളിതമായി തോന്നും. എന്നാൽ പ്രയോഗത്തിൽ, കൃത്യമായി സ്വാതന്ത്ര്യത്തിന്റെ പരിധികൾ എവിടെ വെക്കണമെന്നതു സംബന്ധിച്ചു യോജിപ്പിലെത്തുന്നത് ആളുകൾക്കു മിക്കവാറുംതന്നെ അസാധ്യമാണെന്നു തോന്നുന്നു. ഉദാഹരണത്തിന്, പൗരന്മാരുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനു ഗവൺമെൻറ് നിയമനിർമാണം നടത്തണമെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ ആ നിയമങ്ങൾ കൂച്ചുവിലങ്ങാണെന്നും അതിൽനിന്നു പൗരന്മാർക്കു മോചനം ലഭിക്കേണ്ടതാണെന്നും മറ്റുള്ളവർ വാദിക്കുന്നു! വ്യക്തമായും, സ്വാതന്ത്ര്യത്തിനു പലർക്കും പല അർഥമാണുള്ളത്.
മതസ്വാതന്ത്ര്യത്തിന്റെ കാര്യമോ?
ഏറ്റവും ചൂടുപിടിച്ച വാദപ്രതിവാദം നടന്നിരിക്കുന്ന സ്വാതന്ത്ര്യം ഒരുപക്ഷേ മതസ്വാതന്ത്ര്യം ആയിരിക്കാം. “ഒരാൾക്ക് ഇഷ്ടമുള്ളതു വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശ”മായി അതിനെ നിർവചിച്ചിരിക്കുന്നു. ഐക്യരാഷ്ട്രങ്ങളുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം പറയുന്നതനുസരിച്ച്, “ചിന്താസ്വാതന്ത്ര്യത്തിനും മനസ്സാക്ഷിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശം സകലർക്കുമുണ്ട്.” ഇതിൽ “തന്റെ മതമോ വിശ്വാസമോ മാറ്റുന്നതിന്” ഒരു വ്യക്തിക്കുള്ള അവകാശവും “പഠിപ്പിക്കലിലും ആചാരത്തിലും ആരാധനയിലും അനുഷ്ഠാനത്തിലും തന്റെ മതമോ വിശ്വാസമോ പ്രകടിപ്പിക്കുന്നതിനുള്ള” സ്വാതന്ത്ര്യവും ഉൾപ്പെടുന്നു.—18-ാം വകുപ്പ്.
പ്രജകൾക്കുവേണ്ടി യഥാർഥത്തിൽ കരുതുന്ന ഏതൊരു രാഷ്ട്രവും അത്തരം സ്വാതന്ത്ര്യം അനുവദിക്കാനാണു നാം തീർച്ചയായും പ്രതീക്ഷിക്കുക. സങ്കടകരമെന്നു പറയട്ടെ, ഇത് എല്ലായ്പോഴും സംഭവിക്കുന്നില്ല. “മതം അനേകം ആളുകളുടെയും അങ്ങേയറ്റം തീവ്രമായ വികാരങ്ങളെ സ്പർശിക്കുന്നു,” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. “ഒരു പ്രത്യേക മതവുമായി അടുത്ത ബന്ധങ്ങളുള്ള ചില ഗവൺമെൻറുകൾ മറ്റു വിശ്വാസത്തിൽപ്പെട്ട ആളുകളെ രാഷ്ട്രീയ അധികാരത്തിനു ഭീഷണിയായി കരുതുന്നു. മതങ്ങൾ രാഷ്ട്രത്തോടുള്ള അനുസരണത്തിന് ഉപരിയായി ദൈവത്തോടു കൂറു കാട്ടിയേക്കാം. അതുകൊണ്ടുതന്നെ ഒരു ഗവൺമെൻറ് മതം രാഷ്ട്രീയമായി അപകടകരമാണെന്നു കരുതിയേക്കാം.”
ഇക്കാരണങ്ങളാൽ ചില ഗവൺമെൻറുകൾ മതത്തിന്റെ ആചരണത്തിൽ വിലക്കുകൾ ഏർപ്പെടുത്തുന്നു. ഏതെങ്കിലും ഒരു മതവിശ്വാസം ആചരിക്കുന്നതുപോലും ചുരുക്കംചില ഗവൺമെൻറുകൾ നിരുത്സാഹപ്പെടുത്തുന്നു. മറ്റു ഗവൺമെൻറുകളാകട്ടെ, ആരാധനാ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾത്തന്നെ എല്ലാ മതപ്രവർത്തനങ്ങളും കർശനമായി നിയന്ത്രിക്കുന്നു.
ഉദാഹരണത്തിന്, അനേകം വർഷങ്ങളായി മെക്സിക്കോയിൽ നിലനിന്നിരുന്ന സ്ഥിതിവിശേഷം പരിചിന്തിക്കുക. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, അത് ഇത്തരമൊരു നിബന്ധന വെച്ചു: “പൊതു ആരാധനയ്ക്കായി ഉപയോഗിക്കുന്ന പള്ളികൾ ഫെഡറൽ ഗവൺമെൻറിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന രാഷ്ട്രത്തിന്റെ സ്വത്താണ്. പ്രസ്തുത ആവശ്യത്തിനായി ഏതെല്ലാം പള്ളികൾ തുടർന്ന് ഉപയോഗിക്കപ്പെടുമെന്നു തീരുമാനിക്കുന്നത് ഗവൺമെൻറായിരിക്കും.” 1991-ൽ ഭരണഘടന ഭേദഗതി ചെയ്ത് ഈ നിബന്ധന എടുത്തുമാറ്റിയെങ്കിലും, മതസ്വാതന്ത്ര്യം വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടാമെന്ന് ഈ ദൃഷ്ടാന്തം കാണിക്കുന്നു.
മറ്റൊരുതരം മതസ്വാതന്ത്ര്യം
നിങ്ങൾ പാർക്കുന്ന രാജ്യത്തു മതസ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അതിനെ എങ്ങനെ നിർവചിച്ചിരിക്കുന്നു? നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ നിങ്ങൾക്കു ദൈവത്തെ ആരാധിക്കാൻ കഴിയുന്നുണ്ടോ, അതോ അതു നിങ്ങളെ രാഷ്ട്രമതത്തിൽ ഒരംഗമാകാൻ നിർബന്ധിക്കുകയാണോ? മതസാഹിത്യങ്ങൾ വായിക്കാനും വിതരണം ചെയ്യാനും നിങ്ങൾക്ക് അനുവാദമുണ്ടോ, അതോ അത്തരം അച്ചടിച്ച വിവരങ്ങൾ ഗവൺമെൻറ് നിരോധിച്ചിരിക്കുകയാണോ? നിങ്ങളുടെ മതവിശ്വാസത്തെക്കുറിച്ചു നിങ്ങൾക്കു മറ്റുള്ളവരോടു സംസാരിക്കാൻ സാധിക്കുന്നുണ്ടോ, അതോ അത് അവിടെ അവരുടെ മതപരമായ അവകാശങ്ങളുടെമേലുള്ള ഒരു കടന്നുകയറ്റമായാണോ കരുതുന്നത്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ എവിടെ പാർക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും രസകരമെന്നു പറയട്ടെ, പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുതരം മതസ്വാതന്ത്ര്യം ഉണ്ട്. പൊ.യു. (പൊതുയുഗം) 32-ൽ യെരൂശലേമിൽവെച്ച് യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യൻമാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.
ഈ പ്രസ്താവനയിലൂടെ യേശു എന്താണ് അർഥമാക്കിയത്? അവന്റെ യഹൂദ ശ്രോതാക്കൾ റോമൻ ഭരണത്തിൽനിന്നുള്ള മോചനം അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ യേശു രാഷ്ട്രീയ മർദനത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നില്ല. മറിച്ച്, നാം അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ, തന്റെ ശിഷ്യന്മാർക്ക് അവൻ ഏറെ മെച്ചപ്പെട്ട ഒന്നു വാഗ്ദാനം ചെയ്യുകയായിരുന്നു.