നാമെല്ലാം ദൈവത്തെ സ്തുതിക്കേണ്ടത് എന്തുകൊണ്ട്?
ഹല്ലെലൂയ്യാ! ക്രൈസ്തവ ലോകത്തിലെ പള്ളിയിൽപോക്കുകാരായ മിക്കവർക്കും ഈ വാക്കു സുപരിചിതമാണ്. അവരിൽ ചിലർ ഞായറാഴ്ചത്തെ ആരാധനാ യോഗങ്ങളിൽ അത് ഉറക്കെ ഉച്ചരിക്കുന്നു. എന്നാൽ അത് ശരിക്കും എന്താണ് അർഥമാക്കുന്നതെന്ന് എത്ര പേർക്കറിയാം? വാസ്തവത്തിൽ, അത് “യാഹിനെ സ്തുതിക്കുക!” എന്നതിനുള്ള എബ്രായ പദമാണ്. അതു യഹോവ എന്നു പേരുള്ള സ്രഷ്ടാവിനെ ആഹ്ലാദപൂർവം വ്യക്തമായി സ്തുതിക്കുന്നതാണ്.a
“ഹല്ലെലൂയ്യാ” എന്ന പദം ബൈബിളിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവത്തെ സ്തുതിക്കാൻ അനേകം കാരണങ്ങളുണ്ട്. യാഹ് (യഹോവ) സ്രഷ്ടാവും ബൃഹത്തായ പ്രപഞ്ചത്തിന്റെ പരിപാലകനും ആണ്. (സങ്കീർത്തനം 147:4, 5; 148:3-6) ഭൂമിയിൽ ജീവിതം സാധ്യമാക്കുന്ന ആവാസവ്യൂഹങ്ങൾ അവൻ ഉളവാക്കി. (സങ്കീർത്തനം 147:8, 9; 148:7-10) അവൻ മനുഷ്യവർഗത്തോടു പ്രത്യേക താത്പര്യം കാണിക്കുന്നു. നാം അവന്റെ ഇഷ്ടം ചെയ്യുമ്പോൾ, ഈ ജീവിതത്തിൽ അവൻ നമ്മെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, വരാനിരിക്കുന്ന മെച്ചപ്പെട്ട ജീവിതത്തിന്റെ ഉറച്ച പ്രത്യാശ നമുക്കു നൽകുകയും ചെയ്യുന്നു. (സങ്കീർത്തനം 148:11-14) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന വാക്കുകൾ നിശ്വസ്തമാക്കിയത് യാഹ് (യഹോവ) ആണ്.—സങ്കീർത്തനം 37:29.
അതുകൊണ്ട്, “ഹല്ലെലൂയ്യാ!” “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!” എന്ന ആഹ്വാനം എല്ലാവരോടുമാണ്. (സങ്കീർത്തനം 104:35, NW അടിക്കുറിപ്പ്) എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അതിനോടു പ്രതികരിക്കണമെന്ന് എല്ലാവർക്കും തോന്നുന്നില്ല. ഇന്ന്, ആളുകൾ കഷ്ടപ്പെടുകയാണ്. അനേകർ ദരിദ്രരും രോഗികളും മർദിതരുമാണ്. മയക്കുമരുന്നുകളുടെയോ ലഹരിപാനീയങ്ങളുടെയോ ദുരുപയോഗം ഹേതുവായി, അല്ലെങ്കിൽ അധാർമികതയുടെയോ മത്സരത്തിന്റെയോ ഫലങ്ങൾ നിമിത്തം ഏറെ കഷ്ടപ്പെടുന്ന അനേകരുമുണ്ട്. അത്തരക്കാർ ദൈവത്തെ സ്തുതിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?
‘എനിക്കു പ്രത്യാശ നൽകാൻ യഹോവയ്ക്കു മാത്രമേ കഴിഞ്ഞുള്ളൂ’
ഉണ്ട്, കാരണമുണ്ട്. തന്നെ അറിയാനും, തന്റെ ഇഷ്ടം ചെയ്യാൻ പഠിക്കാനും തന്നെ സ്തുതിക്കാൻ ആളുകൾ ആഗ്രഹിക്കാൻ കാരണമാകുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാനുമുള്ള ക്ഷണത്തിൽനിന്നു യഹോവ ആരെയും ഒഴിവാക്കുന്നില്ല. അനേകർ പ്രതികരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഗ്വാട്ടിമാലായിലെ ആഡ്രിയാനയുടെ കാര്യമെടുക്കാം. ആഡ്രിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അതിനുശേഷം ഏറെ താമസിയാതെ പിതാവ് വീടുവിട്ടിറങ്ങിപ്പോയി. പത്തു വയസ്സുള്ളപ്പോൾ നിത്യവൃത്തിക്കുവേണ്ടി അവൾ പണിയെടുക്കാൻ തുടങ്ങി. ദൈവത്തെയും സഭയെയും സേവിക്കണമെന്ന് അമ്മ പറഞ്ഞിരുന്നതിനാൽ, ആഡ്രിയാന വ്യത്യസ്ത കത്തോലിക്കാ കൂട്ടങ്ങളോടൊപ്പം സഹവസിച്ചു. 12 വയസ്സായപ്പോഴേക്കും, ഇതിലെല്ലാം മടുപ്പുതോന്നിയ അവൾ ഒരു തെരുവു സംഘത്തിൽ ചേർന്നു. പിന്നെ അവൾ പുകവലിയും മയക്കുമരുന്ന് ഉപയോഗവും മോഷണവുമൊക്കെ തുടങ്ങി. അത്തരമൊരു യുവതി എന്തിനു ദൈവത്തെ സ്തുതിക്കാൻ ആഗ്രഹിക്കണം?
ആഡ്രിയാനയുടെ സഹോദരി യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാനാരംഭിച്ചു. എന്നാൽ ആഡ്രിയാന അവളെ പരിഹസിച്ചതേയുള്ളൂ. അങ്ങനെയിരിക്കെ അവളുടെ അമ്മായി മരിച്ചു. അവരുടെ ശവസംസ്കാര ചടങ്ങിനിടയിൽ, ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾ ആഡ്രിയാനയെ അലട്ടി. അവളുടെ അമ്മായി എവിടെ പോയി? അവർ സ്വർഗത്തിലായിരിക്കുമോ? അവർ ഒരു തീനരകത്തിൽ പോയോ? ആകെ ആശയക്കുഴപ്പം. സഹായത്തിനായി പ്രാർഥിക്കാൻ ആഡ്രിയാന സെമിത്തേരി പള്ളിയിൽ പോയി. തന്റെ സഹോദരി പഠിപ്പിച്ചിരുന്നതുപോലെ യഹോവ എന്ന ദൈവനാമം ഉപയോഗിച്ചു.
താമസിയാതെ അവൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാനും അവരുടെ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. ഇത് അവളിൽ ജീവിതത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടുണ്ടാക്കി. അവൾ തെരുവു സംഘങ്ങളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും ധൈര്യസമേതം വേർപെടുത്തി. ഇപ്പോൾ 20-കളുടെ മധ്യത്തിലെത്തിയ ആഡ്രിയാന പറയുന്നു: “അത്തരം മോശമായ ജീവിതരീതി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് യഹോവയോടുള്ള സ്നേഹം മാത്രമായിരുന്നു. തന്റെ വലിയ ദയയിൽ യഹോവയ്ക്കു മാത്രമേ എനിക്കു നിത്യജീവന്റെ പ്രത്യാശ തരാനാവുമായിരുന്നുള്ളൂ.” ജീവിതത്തിലെ ആദ്യകാലം ദുഷ്കരമായിരുന്നെങ്കിലും ദൈവത്തെ സ്തുതിക്കാൻ ആഡ്രിയാനയ്ക്കു ശ്രേഷ്ഠമായ കാരണങ്ങളുണ്ട്.
ഇതിലും മോശമായ ഒരു സ്ഥിതിവിശേഷമാണ് ഉക്രെയിനിൽനിന്നു റിപ്പോർട്ടു ചെയ്യുന്നത്. ഒരാൾ വധശിക്ഷയും പ്രതീക്ഷിച്ച് തടവിൽ കഴിയുകയാണ്. അയാൾ സ്വാനുതാപം അനുഭവിക്കുകയാണോ? വിഷാദചിത്തനാണോ? അല്ല, നേരെമറിച്ചാണ്. ഈയിടെ യഹോവയുടെ സാക്ഷികളുമായുള്ള സമ്പർക്കത്തിലൂടെ യഹോവയെക്കുറിച്ചു കുറെയൊക്കെ അറിവ് നേടിയ അയാൾ അവരോടു തന്റെ അമ്മയെ സമീപിക്കാൻ ആവശ്യപ്പെട്ടു. തന്റെ അപേക്ഷയനുസരിച്ച് അവർ പ്രവർത്തിച്ചുവെന്നു കേട്ടപ്പോൾ അയാൾ ഇങ്ങനെ അവർക്ക് എഴുതി: “എന്റെ അമ്മയെ സന്ദർശിച്ചതിനു നിങ്ങൾക്കു നന്ദി. കഴിഞ്ഞ വർഷം എനിക്കു ലഭിച്ച ഏറ്റവും ആഹ്ലാദപ്രദമായ വാർത്ത അതായിരുന്നു.”
തന്നെക്കുറിച്ചും താൻ സാക്ഷ്യം കൊടുത്തിട്ടുള്ള സഹതടവുകാരെക്കുറിച്ചും സംസാരിക്കവേ, അയാൾ എഴുതുന്നു: “ഞങ്ങൾക്കിപ്പോൾ ദൈവത്തിൽ വിശ്വാസമുണ്ട്. ഞങ്ങളുടെ വിശ്വാസമനുസരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നു.” അയാൾ എഴുത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “സ്നേഹം എന്തെന്നു മനസ്സിലാക്കാനും വിശ്വാസമാർജിക്കാനും ഞങ്ങളെ സഹായിച്ചതിനു നിങ്ങൾക്കു നന്ദി. ജീവനോടിരിക്കുന്നെങ്കിൽ, ഞാൻ നിങ്ങളെയും സഹായിക്കും. നിങ്ങൾ അസ്തിത്വത്തിൽ ഉള്ളതിലും ദൈവത്തെ സ്നേഹിക്കാനും അവനിൽ വിശ്വസിക്കാനും നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതിലും ദൈവത്തിനു നന്ദി പറയുന്നു.” ഈ മനുഷ്യൻ തന്റെ വധശിക്ഷയ്ക്കെതിരെ അപ്പീൽ കൊടുത്തിരിക്കുകയാണ്. അയാൾ വധിക്കപ്പെട്ടാലും അനേകം വർഷങ്ങൾ ഇനിയും ജയിലിൽ കിടന്നാലും ശരി, അയാൾക്കു വ്യക്തമായും ദൈവത്തെ സ്തുതിക്കാൻ കാരണമുണ്ട്.
‘അന്ധയെങ്കിലും എനിക്കു കാണാം’
ചുറുചുറുക്കുള്ള ഒരു കൗമാരപ്രായക്കാരിക്കു പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുന്നുവെന്നു ചിന്തിക്കുക. അർജൻറീനയിൽ പാർക്കുന്ന ഗ്ലോറിയയ്ക്കു സംഭവിച്ചത് അതാണ്. 19 വയസ്സുള്ളപ്പോൾ ഗ്ലോറിയയ്ക്കു പെട്ടെന്ന് അന്ധത ബാധിച്ചു. പിന്നീട് അവൾക്കു കാഴ്ചശക്തി ഒരിക്കലും തിരിച്ചുകിട്ടിയില്ല. 29-ാമത്തെ വയസ്സിൽ അവൾ വിവാഹം കഴിക്കാതെ ഒരു മനുഷ്യനുമൊത്തു താമസമാരംഭിച്ചു. അങ്ങനെ ഗർഭവതിയായി. ജീവിതത്തിന് ഇപ്പോൾ അർഥം കൈവന്നിരിക്കുന്നതായി അവൾക്കു തോന്നി. എന്നാൽ കുട്ടി മരിച്ചപ്പോൾ അവൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അവൾ ചിന്തിച്ചു, ‘എനിക്കിങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ എന്തു ചെയ്തിട്ടാണ്? ദൈവം വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുണ്ടോ?’
ഈ ഘട്ടത്തിൽ യഹോവയുടെ രണ്ടു സാക്ഷികൾ അവളുടെ വീട്ടുവാതിൽക്കലെത്തി. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. പുതിയ ലോകത്തിൽ അന്ധർക്കു വീണ്ടും കാഴ്ച ലഭിക്കുമെന്ന അതിലെ വാഗ്ദത്തത്തെക്കുറിച്ച് അവൾ പഠിച്ചു. (യെശയ്യാവു 35:5) ഗ്ലോറിയയെ സംബന്ധിച്ചിടത്തോളം എത്ര അത്ഭുതകരമായ ഭാവിപ്രതീക്ഷ! അവൾക്കു വളരെ സന്തോഷമായി, വിശേഷിച്ചും വിവാഹം നിയമപരമാക്കാമെന്നു ഭർത്താവു സമ്മതിച്ചപ്പോൾ. പിന്നീട് ഒരു അപകടത്തിൽ ഭർത്താവ് വികലാംഗനായി. അതോടെ ചക്രക്കസേരയിലുമായി. ഇന്ന് ഈ അന്ധയായ സ്ത്രീക്ക് അഹോവൃത്തിക്കായി കഠിനവേല ചെയ്യണം. ഒപ്പം വീട്ടുജോലിയും ഭർത്താവിനെ വ്യക്തിപരമായി പരിചരിക്കലും. എന്നിട്ടും ഗ്ലോറിയ യഹോവയെ സ്തുതിക്കുന്നു! ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ സഹായത്താൽ അവൾ അന്ധലിപിയിൽ ബൈബിൾ പഠിക്കുന്നു. രാജ്യഹാളിലെ ക്രിസ്തീയ യോഗങ്ങളിൽനിന്ന് അവൾക്കു വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. അവൾ പറയുന്നു: “വിശദീകരിക്കാൻ വിഷമമാണ്. ഞാൻ അന്ധയാണെങ്കിലും എനിക്കു കാണാൻ കഴിയുന്നതുപോലെയാണ്.”
ആളുകൾ ദൈവത്തെ സ്തുതിക്കുമ്പോൾ ചിലപ്പോൾ അവർക്കു പീഡനം നേരിടേണ്ടിവരുന്നു. ക്രൊയേഷ്യയിലെ ഒരു സ്ത്രീ ദൈവത്തെക്കുറിച്ചു പഠിച്ചപ്പോൾ വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ പുതിയതായി ലഭിച്ച വിശ്വാസത്തെ എതിർത്ത ഭർത്താവ് അവളെ ഉപേക്ഷിച്ച് അവരുടെ ഒരു വയസ്സുള്ള പുത്രിയെയുംകൊണ്ട് കടന്നുകളഞ്ഞു. ഭർത്താവും വീട്ടുകാരും ഉപേക്ഷിച്ച് തെരുവിലായ അവൾ, വീടോ തൊഴിലോ, എന്തിന് തന്റെ കുട്ടിപോലുമില്ലാതെ, ആദ്യം തകർന്നനിലയിലായി. എന്നാൽ വളർച്ചയെത്തുന്നതുവരെ കുട്ടിയുമായി പരിമിതമായ സമ്പർക്കമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, അവൾക്കു തുണയായത് ദൈവത്തോടുള്ള അവളുടെ സ്നേഹമായിരുന്നു. ‘വിലയേറിയ മുത്ത്’ കണ്ടെത്തിയിരുന്ന ഈ സ്ത്രീ അതു കയ്യിൽനിന്നു വഴുതിപ്പോകാൻ അനുവദിക്കുമായിരുന്നില്ല. (മത്തായി 13:45, 46) ഈ ദുഷ്കര സമയങ്ങളിൽ അവൾ എങ്ങനെയാണു തന്റെ സന്തോഷം നിലനിർത്തിയത്? അവൾ പറയുന്നു: “സന്തോഷം ദൈവാത്മാവിന്റെ ഫലമാണ്. പുറമേ ഏതുതരം കാലാവസ്ഥയായിരുന്നാലും ഒരു ചില്ലുകൂട്ടിൽ സസ്യങ്ങൾ വളരുന്നതുപോലെ, ബാഹ്യ സാഹചര്യങ്ങൾ എന്തുതന്നെയായാലും സന്തോഷം നട്ടുവളർത്താനാവും.”
ഫിൻലൻഡിൽ, ആറുവയസ്സുകാരൻ മാർക്കസിനു പേശീസംബന്ധമായ ഒരു മാറാ രോഗം പിടിപെട്ടിരിക്കുകയാണെന്നു പരിശോധനയിൽനിന്നു മനസ്സിലായി. താമസിയാതെ ചക്രക്കസേരയായി ആശ്രയം. ഏതാനും വർഷങ്ങൾക്കുശേഷം, അവന്റെ അമ്മ അവനെ ഒരു പെന്തക്കോസ്തുകാരന്റെ അടുക്കൽ കൊണ്ടുപോയി. രോഗികളെ സുഖപ്പെടുത്തുന്നുവെന്ന അവകാശവാദത്താൽ വലിയ പ്രസിദ്ധിയായിരുന്നു അയാൾക്ക്. എന്നാൽ അത്ഭുത രോഗശാന്തിയൊന്നും നടന്നില്ല. അങ്ങനെ മാർക്കസിനു ദൈവത്തിൽ താത്പര്യമില്ലാതായി. തുടർന്ന് അവൻ ശാസ്ത്ര പഠനത്തിലേക്കും മറ്റു ലൗകിക മേഖലയിലേക്കും കടന്നു. അങ്ങനെയിരിക്കെ ഏതാണ്ട് അഞ്ചു വർഷം മുമ്പ്, ഒരു യുവാവും ചക്രക്കസേരയിലിരുന്നു സഞ്ചരിക്കുന്ന ഒരു സ്ത്രീയും മാർക്കസ് പാർക്കുന്ന വീട്ടിൽ വന്നു. അവർ യഹോവയുടെ സാക്ഷികളായിരുന്നു. മാർക്കസ് അപ്പോൾ ഒരു നിരീശ്വരവാദിയായിരുന്നു. എന്നാൽ മതത്തെക്കുറിച്ചു സംസാരിക്കാൻ എതിർപ്പൊന്നുമില്ലാതിരുന്നതിനാൽ അവരെ അകത്തേക്കു ക്ഷണിച്ചു.
പിന്നീട്, ഒരു വിവാഹിത ദമ്പതികൾ അവനെ സന്ദർശിച്ചു. ഒരു ബൈബിളധ്യയനവും തുടങ്ങി. അവസാനം, ബൈബിൾ സത്യത്തിന്റെ ശക്തി മാർക്കസിന്റെ വീക്ഷണഗതികളെ മാറ്റിമറിച്ചു. അംഗവൈകല്യമുണ്ടെങ്കിൽപ്പോലും, ദൈവത്തെ സ്തുതിക്കുന്നതിനു തനിക്കു വാസ്തവത്തിൽ കാരണങ്ങളുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ പറഞ്ഞു: “എനിക്ക് അതീവ സന്തോഷമുണ്ട്. കാരണം ഞാൻ സത്യവും യഹോവ ഉപയോഗിക്കുന്ന സ്ഥാപനവും കണ്ടെത്തിയിരിക്കുന്നു. എന്റെ ജീവിതത്തിന് ഇപ്പോൾ ലക്ഷ്യവും അർഥവുമുണ്ട്. കാണാതെപോയ മറ്റൊരു ആടിനെ കണ്ടെത്തിയിരിക്കുകയാണ്, ഇനിയതു യഹോവയുടെ ആട്ടിൻകൂട്ടത്തെ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല!”—മത്തായി 10:6 താരതമ്യം ചെയ്യുക.
സകലരും ‘യാഹിനെ സ്തുതിക്കട്ടെ’
സാഹചര്യം എന്തുതന്നെയായാലും, മനുഷ്യർക്ക് ഇന്നു ദൈവത്തെ സ്തുതിക്കാനുള്ള കാരണമുണ്ടെന്നു കാണിക്കാൻ പരാമർശിക്കാവുന്ന എണ്ണമറ്റ അനുഭവങ്ങളിൽ ചിലതു മാത്രമാണിവ. പൗലൊസ് അപ്പോസ്തലൻ അതിങ്ങനെ വിശദമാക്കുകയുണ്ടായി: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) നാം ദൈവഹിതം ചെയ്യുന്നെങ്കിൽ, അവൻ ‘ഇപ്പോഴത്തെ ജീവന്റെ വാഗ്ദത്തം’ നിവർത്തിക്കും. തീർച്ചയായും, ഈ വ്യവസ്ഥിതിയിൽ അവൻ ദരിദ്രരെ സമ്പന്നരാക്കുകയോ രോഗികളെ ആരോഗ്യവാന്മാരാക്കുകയോ ചെയ്യുകയില്ല. എന്നാൽ, തന്നെ സേവിക്കുന്നവർക്ക് അവൻ തന്റെ ആത്മാവിനെ കൊടുക്കുന്നു. അങ്ങനെ തങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും സന്തോഷവും സംതൃപ്തിയും അവർക്കു ലഭിക്കുന്നു. അതേ, ‘ഇപ്പോഴത്തെ ജീവി’തത്തിൽപ്പോലും, രോഗികൾക്കും മർദിതർക്കും ദരിദ്രർക്കും ദൈവത്തെ സ്തുതിക്കാൻ കാരണമുണ്ട്.
“വരുവാനിരിക്കുന്ന” ജീവന്റെ കാര്യമോ? അതിനെക്കുറിച്ചുള്ള ചിന്തതന്നെ അതീവ ആവേശത്തോടെ ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കണം! ദാരിദ്ര്യം ഒരിടത്തും ഇല്ലാതിരിക്കുന്ന, “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ലാ”ത്ത, യഹോവയാം ദൈവം “അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കു”ന്ന, “ഇനി മരണം ഉണ്ടായിരിക്കുകയില്ലാ”ത്ത, “ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ലാ”ത്ത, “പഴയതെല്ലാം കടന്നുപോ”കുന്ന സമയത്തെക്കുറിച്ചു ചിന്തിക്കുന്നതിൽ നാം പുളകമണിയുന്നു. (യെശയ്യാവു 33:24; വെളിപ്പാടു 21:3, 4; സങ്കീർത്തനം 72:16; പി.ഒ.സി. ബൈബിൾ) ദൈവത്തിൽനിന്നുള്ള ഈ വാഗ്ദത്തങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
ഇവയിൽ ചില സംഗതികൾ വിശദമാക്കുന്ന ഒരു ബൈബിൾ ലഘുലേഖ എൽ സാൽവഡോറിലെ ഒരു യുവാവിനു കിട്ടി. അതു തന്ന സാക്ഷിയോട് അയാൾ പറഞ്ഞു: “ശ്രീമതീ, ഇത് സംഗതി അതിഗംഭീരംതന്നെ, പക്ഷേ നടക്കുന്ന കാര്യമല്ല.” അനേകരുടെയും പ്രതികരണം അങ്ങനെയാണ്. എങ്കിലും, ഇവ പ്രപഞ്ചം സൃഷ്ടിച്ചവന്റെ, നമ്മുടെ ഭൂമിയുടെ സ്വാഭാവിക പരിവൃത്തികൾക്കു രൂപംകൊടുത്തവന്റെ, ദരിദ്രരെയും രോഗികളെയുംപോലും സന്തോഷം കണ്ടെത്താൻ സഹായിക്കുന്നവന്റെ വാഗ്ദത്തങ്ങളാണ്. അവൻ പറയുന്നതു നമുക്കു വിശ്വസിക്കാനാവും. മേൽപ്പറഞ്ഞ യുവാവ് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച് ഇതു സത്യമാണെന്നു മനസ്സിലാക്കി. നിങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടില്ലെങ്കിൽ, അതു ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ, ഈ ദുഷ്ടവ്യവസ്ഥിതി നീങ്ങിപ്പോകുമ്പോൾ, “ഹല്ലെലൂയ്യാ!” “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!” എന്ന ഉദ്ഘോഷത്തിൽ സകല സൃഷ്ടിയും പങ്കുപറ്റുമ്പോൾ നിങ്ങളും അവിടെ ഉണ്ടായിരിക്കുമാറാകട്ടെ.—സങ്കീർത്തനം 112:1; 135:1, NW.
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ, “യഹോവ” എന്നത് ചിലപ്പോഴൊക്കെ “യാഹ്” എന്നു ചുരുക്കിയെഴുതാറുണ്ട്.
[5-ാം പേജിലെ ചിത്രം]
“ഹല്ലെലൂയ്യാ!” എന്ന ഉദ്ഘോഷത്തിൽ സകല സൃഷ്ടിയും പങ്കുപറ്റുമ്പോൾ നിങ്ങളും അവിടെ ഉണ്ടായിരിക്കുമാറാകട്ടെ