യഹോവയുടെ സാക്ഷികൾ ലോകത്തിനുചുറ്റും—ന്യൂസിലൻഡ
ദ്വീപുകൾക്കു യഹോവയെ സ്തുതിക്കാൻ കഴിയുമോ? യെശയ്യാവു 42:10 പറയുന്ന പ്രകാരം, കഴിയും. “ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ” എന്ന് അതു പറയുന്നു. ന്യൂസിലൻഡ് എന്ന ദ്വീപസമൂഹം തീർച്ചയായും യഹോവയെ സ്തുതിക്കുന്നു. തടാകങ്ങൾ, കടലിടുക്കുകൾ, തലയെടുപ്പുള്ള പർവതങ്ങൾ, ഹിമപാളികൾ, കടൽത്തീരങ്ങൾ, പച്ചപ്പുൽഭൂഷിതമായ മഴവനങ്ങൾ, തഴച്ചുവളരുന്ന മേച്ചിൽപ്പുറങ്ങൾ എന്നിവയുടെ കാര്യത്തിൽ ലോകപ്രശസ്തിയാർജിച്ച നാടായ ന്യൂസിലൻഡ് സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിന്റെ പ്രതാപത്തെയും മഹത്ത്വത്തെയും ശക്തമായി വിളിച്ചറിയിക്കുന്നു.
ഈ നൂറ്റാണ്ട് ആരംഭിച്ചതോടെ, നിർമലാരാധനയിൽ യഹോവയിലേക്കു തിരിഞ്ഞ് ദൈവരാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെച്ച് യഹോവയെ സ്തുതിക്കുന്നതിൽ തങ്ങളുടെ സ്വരവും ചേർത്തിരിക്കുന്ന ന്യൂസിലൻഡ് നിവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഈയിടെ, ബന്ധുക്കളോടു സാക്ഷീകരിക്കുന്നതു സംബന്ധിച്ചു നല്ലൊരു അനുഭവം കേട്ട ഒരു സാക്ഷി തന്റെ കുടുംബത്തോടു സാക്ഷീകരിക്കാൻ തീരുമാനിച്ചു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ പ്രതികൾ അയാൾ കുടുംബാംഗങ്ങളിൽ പലർക്കും ദാനമായി കൊടുത്തു. ഇതുവരെയുള്ള ഫലമെന്താണ്? ആ സാക്ഷിയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു സഹോദരിയും ഒരു സഹോദരനും ഇപ്പോൾ ബൈബിൾ പഠിക്കുന്നു, ഒരു സഹോദരപുത്രൻ സ്നാപനമേറ്റ് ഒരു യഹോവയുടെ സാക്ഷിയായി, മറ്റുള്ളവർ ദൈവവചന സത്യത്തോട് ഏറെ അനുകൂലമായിവരുന്നു. വേല നിർവഹിക്കാൻ അയാൾക്കിപ്പോഴും ഒരു വലിയ പ്രദേശമുണ്ട്; കാരണം അദ്ദേഹത്തിനു മാതാപിതാക്കളും ആറു സഹോദരന്മാരും ഒമ്പതു സഹോദരിമാരുമുണ്ട്!
രാജ്യഹാളുകൾ നിർമിക്കാൻ സാക്ഷികൾ ഒത്തൊരുമിക്കുമ്പോൾ, അതിന്റെ ഫലവും യഹോവക്കു സ്തുതിതന്നെ. ഉദാഹരണത്തിന്, പംക്തിയെഴുത്തുകാരനായ റോയ് പെർകിൻസ് 1994 മേയ് 17-ലെ ഓപൊറ്റികി ന്യൂസിൽ എഴുതി: “തങ്ങളുടെ ദൈവസ്നേഹത്തെപ്രതി നിർമാണപദ്ധതിയിൽ വളരെ സമയവും ശ്രമവും തിരിച്ചുവിട്ട എല്ലാ സമർപ്പിത വേലക്കാരുടെയും ജോലിയും ശ്രമവും ഒരു അവിശ്വാസിയായ എന്നിൽ വലിയ മതിപ്പുളവാക്കിയിരിക്കുന്നു.
“വാരാന്ത്യത്തിൽ ജോലിക്കായി ചെലവിട്ട മണിക്കൂറുകളിലെല്ലാം ഒരിക്കലും ഒരു തൊഴിലാളിയൂണിയൻ തർക്കം കാണുകയോ കേൾക്കുകയോ ചെയ്തില്ല. . . . കുമ്മായം തേച്ചും പണിസാധനങ്ങൾ എടുത്തും പുരുഷന്മാരോടൊപ്പം സ്ത്രീകളും പണിത്തട്ടുകളിൽനിന്നു പണിയെടുക്കുകയായിരുന്നു. യാതൊരു വെപ്രാളവുമില്ലാതെ എല്ലാവരും ഒരു സന്തോഷകരമായ മാനസികാവസ്ഥയിൽ.
“സിഗരറ്റു വലിച്ചോ മറ്റേതെങ്കിലും തരത്തിലോ ആരും ഒരു മിനിറ്റുപോലും പാഴാക്കിയില്ല. എല്ലാവരും തങ്ങളുടേതായ പ്രാപ്തികളിൽ വേലചെയ്തു. പൂശുമ്പോഴും ഇഷ്ടികയെടുക്കുമ്പോഴുംമറ്റും ഉണ്ടായ അല്പസ്വല്പം പൊടിപടലങ്ങളൊഴിച്ചാൽ ശുദ്ധവും നിർമലവുമായിരുന്നു ആ അന്തരീക്ഷം.”
ഓപൊറ്റികി സഭയിലെ മൂപ്പന്മാരുടെ സംഘം ഇങ്ങനെ എഴുതി: “മുഴുപരിപാടിയും നഗരവാസികളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. സകലരുടെയും സംസാരവിഷയം ഇതാണെന്നു തോന്നുന്നു. പല ബൈബിളധ്യയനങ്ങൾ തുടങ്ങി. തങ്ങളെ സന്ദർശിക്കുന്നതു വർഷങ്ങളായി വിലക്കിയിരുന്ന, വലിയ മതഭക്തരായ ഒരു ദമ്പതികളുടെ കാര്യം വിശേഷാൽ രസകരമാണ്. ദിവസവും അവർ പണിസ്ഥലത്തു വന്നു, പിന്നെ യോഗസ്ഥലത്തും. പിന്നീട് ഭർത്താവ് പറഞ്ഞു: ‘നിങ്ങൾതന്നെ ദൈവജനം. എനിക്ക് അങ്ങനെയാ തോന്നുന്നത്. ഇതുപോലെയുള്ള ആളുകളുമായി സഹവസിക്കുക എന്നതു മനസ്സിൽ ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിച്ച ഉത്ക്കടമായ ഒരു ആഗ്രഹമായിരുന്നു.’
ഡ്യുനെഡിനിൽ ദ്രുതഗതിയിൽ പണിത ഒരു രാജ്യഹാളിനെക്കുറിച്ചു കഴിഞ്ഞവർഷം, ഒറ്റാഗോ ഡെയ്ലി ടൈംസിലെ ഒരു പംക്തിയെഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “ശ്രദ്ധേയമായ ഒരു ഉദ്യമമായിരുന്നു അത്, പ്രേരണയുടെയും സ്വാശ്രയത്തിന്റെയും ഒരു ശ്രദ്ധേയമായ മാതൃക.” അതേ പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടു: “തങ്ങളുടെ കൺമുമ്പിൽ കൂറ്റൻ കെട്ടിടം ഉയർന്നുവരുന്നതുകണ്ട നഗരവാസികൾ അന്തംവിട്ടുപോയി. സമാനമായി, സ്വമേധയാ സേവകർ സഹകരണ മനോഭാവത്തോടെ കൂട്ടമായി ഒത്തുചേരുന്നെങ്കിൽ മറ്റെന്തെല്ലാം മാറ്റങ്ങളും ക്രിയാത്മക പദ്ധതികളുമായിരിക്കും നടപ്പിലാക്കാൻ സാധിക്കുക എന്ന് അനേകർ ചിന്തിക്കുന്നുണ്ടാവും. ഫലമണിയുന്ന ക്രിയാത്മക ശ്രമത്തിന്റെ ഒരു അഭിമാനസ്തംഭമാണു രാജ്യഹാൾ.”
സാക്ഷികൾ “പള്ളികൾ” പണിയുന്നു, അതേസമയം തന്റെ മതവിഭാഗങ്ങളാണെങ്കിലോ അംഗങ്ങൾ കുറയുന്നതുകൊണ്ട് അവ വിറ്റുകളയുന്നുവെന്ന് പണിസ്ഥലം സന്ദർശിച്ച നൂറുകണക്കിന് ആളുകളിൽ ഒരു മാന്യദേഹം പറഞ്ഞു. “ഒരു പന്ത്രണ്ടു മാസംകൂടി കാത്തിരുന്നെങ്കിൽ, ഞങ്ങളുടെ ഒരു പള്ളി നിങ്ങൾക്കു വാങ്ങാമായിരുന്നു” എന്നുപോലും അയാൾ പറഞ്ഞുകളഞ്ഞു. “ഞങ്ങൾക്ക് ഒരെണ്ണം വിൽക്കേണ്ടിവരും. ചെലവു താങ്ങാനാവുന്നില്ല. എന്നാൽ, നിങ്ങൾക്കാണെങ്കിലോ, ശമ്പളംപറ്റുന്ന ഒരു പുരോഹിതവർഗമേയില്ല. . . . തന്നെയുമല്ല, നിലനിർത്തിക്കൊണ്ടുപോകാൻ അസാധ്യമായ, ഗോപുരങ്ങളടങ്ങിയ ഉയർന്ന കെട്ടിടങ്ങൾക്കു പകരം സംരക്ഷണച്ചെലവു കുറവായ കെട്ടിടങ്ങളല്ലേ നിങ്ങളുടേത്.”
തീർച്ചയായും ദ്വീപുകൾക്കു ദൈവത്തെ സ്തുതിക്കാനാവുമെന്നു വ്യക്തം. സൗന്ദര്യംമുറ്റിയ ഈ പസഫിക് ദേശത്തും—കൂടാതെ ലോകമെമ്പാടും—യഹോവയ്ക്കുള്ള സ്തുതികൾ തുടർന്നും മുഴങ്ങിക്കേൾക്കട്ടെ!
[9-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം:
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 12,867
അനുപാതം: 1 സാക്ഷിക്ക് 271 പേർ
സ്മാരക ഹാജർ: 24,436
ശരാശരി പയനിയർ പ്രസാധകർ: 1,386
ശരാശരി ബൈബിളധ്യയനങ്ങൾ: 7,519
സ്നാപനമേറ്റവരുടെ എണ്ണം: 568
സഭകളുടെ എണ്ണം: 158
ബ്രാഞ്ച് ഓഫീസ്: മാനുറെവ
[9-ാം പേജിലെ ചിത്രം]
പയനിയർമാർ വയലിലേക്ക്, ഏതാണ്ട് 1930-ൽ
[9-ാം പേജിലെ ചിത്രം]
മാനുറെവയിലെ ബ്രാഞ്ച് സൗകര്യങ്ങൾ
[9-ാം പേജിലെ ചിത്രം]
ഓക്ക്ലൻഡിലെ ദേവൻപോർട്ടിൽ രാജ്യസന്ദേശം പ്രസംഗിക്കുന്നു