ആധുനികനാളിലെ ഏഥൻസിൽ എല്ലാത്തരം ആളുകളുടെയടുത്തും എത്തിച്ചേരൽ
ഏഥൻസിനു കലാപരമായി പ്രൗഢമായ അതിന്റെ ഭൂതകാലമഹത്വം നഷ്ടപ്പെട്ടിരുന്നുവെങ്കിലും, പൊ.യു. (പൊതുയുഗം) 50-നോടടുത്തു പൗലോസ് അപ്പോസ്തലൻ അവിടം സന്ദർശിച്ചപ്പോൾ ആ നഗരം അപ്പോഴും ഒരു സുപ്രധാന വ്യാപാരകേന്ദ്രമായിരുന്നു. ഒരു ചരിത്രകൃതി ഇങ്ങനെ പ്രസ്താവിക്കുന്നു: “[ഏഥൻസ്] ഗ്രീസിലെ ആത്മീയവും കലാപരവുമായ ഒരു പ്രധാന നഗരമായി തുടർന്നു. അതുപോലെതന്നെ, അത് അക്കാലത്തെ വിദ്യാസമ്പന്നർക്കും പ്രബലന്മാർക്കും സന്ദർശിക്കുന്നതിനുള്ള അസൂയ തോന്നിപ്പിക്കുന്ന ഒരു സ്ഥലവുമായിരുന്നു.”
അവിടെ ആയിരുന്നപ്പോൾ, യഹൂദരോടും പുറജാതീയ ഏഥൻസുകാരോടും വ്യത്യസ്ത സ്ഥലങ്ങളിൽനിന്നുള്ള പലരോടും സുവിശേഷിക്കുന്നതിനുള്ള അവസരം പൗലോസിനു ലഭിച്ചിരിക്കാനിടയുണ്ട്. അവൻ ജാഗ്രതയും വൈദഗ്ധ്യവുമുള്ള ഒരു അധ്യാപകനായിരുന്നു. അതുകൊണ്ട്, ദൈവം “എല്ലാവർക്കും ജീവനും ശ്വാസവും” കൊടുത്തുവെന്നും “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി”യെന്നും “എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണ”മെന്നും, അതിന്റെ കാരണം അവൻ “ലോകത്തെ നീതിയിൽ ന്യായം വിധിക്കു”മെന്നതാണെന്നും ഒരു പ്രസംഗത്തിൽ പൗലോസ് പറയുകയുണ്ടായി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—പ്രവൃത്തികൾ 17:25-31.
വൈവിധ്യമാർന്ന ഒരു പ്രദേശം
സമീപ ദശകങ്ങളിൽ ഏഥൻസ് എല്ലായിടത്തുമുള്ള ആളുകളെ ആകർഷിക്കുന്ന ഒരു നഗരമായിത്തീർന്നിരിക്കുകയാണ്. വിദേശദൗത്യങ്ങളുടെ ഭാഗമായി രാജ്യതന്ത്രജ്ഞരും സൈനിക അധികാരികളും ഇവിടെ വന്നിട്ടുണ്ട്. ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിൽനിന്നുള്ള യുവജനങ്ങൾ സർവകലാശാലാ വിദ്യാർഥികളായി ഇവിടെ താമസമാക്കിയിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ, പൂർവയൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ ജോലിക്കാർ ഇവിടെ കൂട്ടമായി വന്നിട്ടുണ്ട്. ഫിലിപ്പീൻസിൽനിന്നുള്ളവരും തെക്കുകിഴക്കേ ഏഷ്യയിൽനിന്നുള്ളവരുമായ അനേകർ വീട്ടുജോലിക്കാരായി തൊഴിൽ തേടി ഇവിടെ വന്നിട്ടുണ്ട്. കൂടാതെ, അയൽരാജ്യങ്ങളിൽനിന്നും ഗോളത്തിനു ചുറ്റുമുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽനിന്നുമുള്ള അഭയാർഥികളുടെ നിരന്തരപ്രവാഹവും ഇങ്ങോട്ടുണ്ട്.
ഇവിടെയുള്ള രാജ്യസുവാർത്താ പ്രസംഗകർക്ക് ഈ സാഹചര്യം ഒരു വെല്ലുവിളിയാണ്. ഇവിടെ താമസിക്കുന്നവരിൽ മിക്കവരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണെങ്കിലും, ചിലർ തങ്ങളുടെ പ്രാദേശിക ഭാഷ മാത്രമേ സംസാരിക്കുകയുള്ളു. ഈ ആളുകൾ സാംസ്കാരികവും മതപരവുമായി വ്യത്യസ്തതരം പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ്. സന്ദർശനം നടത്തുന്നവരിൽ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെയും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും വിശ്വാത്മവാദികളെയും (animists) അജ്ഞേയവാദികളെയും നിരീശ്വരവാദികളെയും കാണാം. പല തരത്തിലുള്ള പശ്ചാത്തലത്തിൽപ്പെട്ട ഈ ആളുകൾക്ക് ഇണങ്ങുംവിധം തങ്ങളുടെ അവതരണങ്ങൾ പൊരുത്തപ്പെടുത്താൻ യഹോവയുടെ സാക്ഷികൾ പഠിക്കേണ്ടതുണ്ട്.
ഈ നവാഗതരിൽ പലരും ദുഷ്കരമായ കാലങ്ങളിലൂടെ കടന്നുപോന്നിട്ടുള്ളവരാണ്. അതുകൊണ്ട്, അവർക്കു മിക്കപ്പോഴും ജീവിതത്തിന്റെ അർഥത്തെക്കുറിച്ചും ഭാവിപ്രതീക്ഷകളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ചിലർ ബൈബിളിനെ ആഴമായി വിലമതിക്കുന്നവരാണ്. അതുകൊണ്ട് അതു പറയുന്ന കാര്യങ്ങൾ സ്വീകരിക്കുക അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടല്ല. വൈവിധ്യമാർന്ന ഈ പ്രദേശത്തുള്ള മിക്കവരും താഴ്മയും സൗമ്യതയുമുള്ളവരാണ്. അവർ സത്യത്തിനു വേണ്ടി ദാഹിക്കുന്നവരുമാണ്. സത്യം അന്വേഷിക്കാൻ അവർക്കു കൂടുതൽ സ്വാതന്ത്ര്യമുണ്ട്. കാരണം, അവർ തങ്ങളുടെ കുടുംബത്തിൽനിന്നും ഭവനാന്തരീക്ഷത്തിൽനിന്നും അകലെയാണ്.
ഈ പ്രദേശത്തു പ്രവർത്തിക്കുന്നതിനു വേണ്ടി 1986-ൽ ഏഥൻസിൽ ആദ്യത്തെ ഇംഗ്ലീഷ് സഭ രൂപീകരിക്കുകയുണ്ടായി. വളർച്ച അത്ഭുതാവഹമാണ്. കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ ഏതാണ്ട് 80-ഓളം പേർ സ്നാപനമേറ്റു. അതിന്റെ ഫലമായി ഒരു അറബി സഭയും ഒരു പോളീഷ് സഭയും കുറച്ചു കാലത്തേക്ക് ഒരു ഫ്രഞ്ച് കൂട്ടവും ഏഥൻസിൽ സ്ഥാപിക്കപ്പെടുകയുണ്ടായി. അത്തരത്തിലുള്ള സഭകളെയും കൂട്ടങ്ങളെയും സഹായിക്കാനായി ഇംഗ്ലീഷ് സഭയിൽനിന്നുള്ള ചിലർ വടക്കുള്ള തെസലോനിക്കയിലേക്കും ക്രീറ്റിലുള്ള ഹെറാക്ലിയോണിലേക്കും ഏഥൻസ് തുറമുഖത്തുള്ള പൈറിയസിലേക്കും താമസം മാറ്റിയിട്ടുണ്ട്. ഏഥൻസിൽവെച്ചു സത്യം പഠിച്ച ചില വിദേശിയരെ പരിചയപ്പെടാൻ നിങ്ങൾക്ക് ഇഷ്ടമാണോ?
ജനതകളിലെ അഭികാമ്യർ വന്നുകൊണ്ടിരിക്കുന്നു
എരിത്രിയയിലെ ആസ്മാരയിൽ ജനിച്ച തോമസ് മതഭക്തിയുള്ള ഒരു കത്തോലിക്കനായാണു വളർന്നുവന്നത്. 15-ാമത്തെ വയസ്സിൽ അവൻ സന്ന്യാസിമഠത്തിൽ ചേർന്നു. മഠാധിപതിയോട് അവൻ ചോദിച്ചു: “ഒരു ദൈവത്തിനു മൂന്നു ദൈവങ്ങളായിരിക്കാൻ എങ്ങനെയാണു സാധിക്കുക?” മഠാധിപതി ഇങ്ങനെ മറുപടി കൊടുത്തു: “കാരണം, ആത്മീയ കാര്യങ്ങൾ സംബന്ധിച്ചു പാപ്പാ പറയുന്നതു ഞങ്ങൾ സ്വീകരിക്കുന്നു. സർവോപരി, അതൊരു മർമമാണ്. അതു മനസ്സിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല.” ആശ്രമത്തിലെ അഞ്ചു വർഷത്തെ ജീവിതത്തിനുശേഷം, സഭയുടെ നടത്തയിലും പഠിപ്പിക്കലുകളിലും താത്പര്യം നഷ്ടപ്പെട്ട് നിരാശനായിത്തീർന്ന അവൻ അവിടം വിട്ടു. പക്ഷേ, സത്യദൈവത്തെ കണ്ടെത്താനുള്ള അന്വേഷണം അവൻ ഉപേക്ഷിച്ചുകളഞ്ഞിരുന്നില്ല.
ഏഥൻസിലേക്കു താമസം മാറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്റെ വാതിൽക്കൽ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി കിടക്കുന്നത് അവൻ കണ്ടു. അതിന്റെ ആമുഖവിഷയം “ആരോഗ്യവും സന്തുഷ്ടിയും നിങ്ങളുടേതായിരിക്കാൻ കഴിയും” എന്നതായിരുന്നു. അവനതു പല തവണ വായിച്ചു. നാം ദൈവത്തിന്റെ രാജ്യത്തിനും അവന്റെ നീതിക്കും വേണ്ടി അന്വേഷിക്കണമെന്നും അവൻ അതേ മാസികയിൽത്തന്നെ വായിക്കുകയുണ്ടായി. (മത്തായി 6:33) അതു ചെയ്യുന്നത് എങ്ങനെയെന്നു കാട്ടിത്തരാൻ തോമസ് മുട്ടുകുത്തി ദൈവത്തോട് അപേക്ഷിച്ചു. “നിന്റെ രാജ്യത്തെക്കുറിച്ച് എങ്ങനെ അന്വേഷിക്കാമെന്ന് എന്നെ കാണിച്ചുതന്നാൽ, നിന്നെ എങ്ങനെ സേവിക്കാൻ കഴിയുമെന്നു പഠിക്കാൻ ആറു മാസം ഞാൻ നീക്കിവെക്കും” എന്ന് അവൻ ദൈവത്തിനു വാക്കു കൊടുക്കുകയും ചെയ്തു. അതു കഴിഞ്ഞുള്ള നാലാമത്തെ വാരത്തിൽ, രണ്ടു സാക്ഷികൾ അവന്റെ വാതിൽക്കൽ മുട്ടി. സത്വരം ഒരു ബൈബിളധ്യയനം സ്വീകരിച്ച തോമസ് പത്തു മാസം കഴിഞ്ഞു സ്നാപനമേറ്റു. അവൻ ഇങ്ങനെ പറയുന്നു: “യഹോവ വാസ്തവമായും എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകി. അവന്റെ സാക്ഷികളിൽ ഒരുവനായിരിക്കാനുള്ള അവസരം അവൻ എനിക്കു തന്നു. എന്റെ ജീവിതത്തിൽ അവന്റെ രാജ്യവും നീതിയും ഒന്നാമത് അന്വേഷിക്കാൻ അവന്റെ സ്നേഹം എന്നെ പ്രേരിപ്പിക്കുന്നു.”
വീടുതോറും പ്രസംഗിച്ചുകൊണ്ടിരിക്കവേ, മറ്റു രണ്ടു സാക്ഷികൾ ഒരു ഡോർബെല്ലിനടുത്ത് ഒരു വിദേശിയുടെ പേരു കണ്ടെത്തി.
“നിങ്ങൾക്ക് എന്താ വേണ്ടത്?” ഇൻറർകോമിലൂടെ ഒരു സ്ത്രീ ചോദിച്ചു.
ബൈബിളിൽ താത്പര്യമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഒരു സാക്ഷി പറഞ്ഞു.
“നിങ്ങൾ ഏതു മതക്കാരാണ്?” ആ സ്ത്രീ ചോദിച്ചു.
“ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്.”
“ഓ, നല്ലതുതന്നെ! ഏറ്റവും മുകളിലത്തെ നിലയിലേക്കു കയറിപ്പോന്നോളൂ.”
അവർ അങ്ങനെ ചെയ്തു. ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ അവർ കണ്ടത് ആജാനുബാഹുവായ ഒരു മനുഷ്യൻ അത്ര ഇഷ്ടമില്ലാത്ത മനോഭാവത്തോടെ അവിടെ നിൽക്കുന്നതാണ്. എന്നാൽ സ്ത്രീ അകത്തുനിന്ന് ഉറക്കെ പറഞ്ഞു.
“അവരെ അകത്തേക്കു വിട്ടേക്കൂ. എനിക്കവരോടു സംസാരിക്കണം.”
ആ സ്ത്രീ തന്റെ ഭർത്താവിന്റെ സ്പോർട്സ് ടീമിന്റെ കൂടെ ലോകയാത്ര ചെയ്തുവെന്നും യഹോവയുടെ സാക്ഷികളെ കണ്ടെത്താനായി തലേ ദിവസം താൻ പ്രാർഥിച്ചിരുന്നുവെന്നും പറഞ്ഞു. അതുകൊണ്ട് ഉടൻതന്നെ ബൈബിളധ്യയനം തുടങ്ങി. അവർക്കു ഗ്രീസിൽ തങ്ങേണ്ടിയിരുന്ന കാലഘട്ടം ഹ്രസ്വമായിരുന്നതിനാൽ വാരത്തിൽ മൂന്നു പ്രാവശ്യം പഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. വെറും പത്താഴ്ചകൊണ്ട് എന്നേക്കും ജീവിക്കാൻ പുസ്തകം പഠിച്ചുതീർത്തു.
അടുത്ത സ്പോർട്സ് സീസണിൽ അവർ ഗ്രീസിൽ വീണ്ടും വന്നു. അധ്യയനം പുനരാരംഭിച്ച ആ ഭാര്യ വളരെ നല്ല പുരോഗതി കൈവരിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ സ്നാപനമേൽക്കാത്ത ഒരു പ്രസാധിക എന്നനിലയിൽ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ സാക്ഷികളോടു ചേർന്നു. താമസിയാതെ അവളുടെ ആദ്യ ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. ആരുമൊത്ത്? സാക്ഷികളിലും അതുപോലെതന്നെ ഭാര്യ കൈക്കൊണ്ട മാറ്റങ്ങളിലും വളരെ മതിപ്പു തോന്നിയ അവളുടെ ഭർത്താവുമൊത്ത്.
ഒരു പ്രൊട്ടസ്റ്റൻറ് പാസ്റ്ററുടെ മകനായ അലൻ വളർന്നുവന്നതു ദക്ഷിണാഫ്രിക്കയിലാണ്. ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വെളിപ്പാടാണെന്നു നന്നേ ചെറുപ്പംമുതൽത്തന്നെ അയാൾക്കു ബോധ്യമുണ്ടായിരുന്നു. തന്റെ മതത്തിൽ തൃപ്തിയടയാഞ്ഞ അയാൾ തത്ത്വചിന്തയിലേക്കും രാഷ്ട്രീയത്തിലേക്കും തിരിയുകയാണുണ്ടായത്. എന്നാൽ അത് എന്നത്തേതിലുമധികമായ ഒരു ശൂന്യതാബോധമാണ് അയാളിൽ ഉളവാക്കിയത്. ഗ്രീസിലേക്കു താമസം മാറ്റിയശേഷം ആ ശൂന്യതാബോധം പിന്നെയും കൂടി. തന്റെ ജീവിതത്തിന് ഉദ്ദേശ്യമില്ലെന്നും താൻ ഒരിടത്തും എത്തുകയില്ലെന്നും അയാൾക്കു തോന്നി.
ഒരു ദിവസം രാത്രി സവിശേഷമായ ഒരു സംഗതി ഉണ്ടായി. അലൻ വിവരിക്കുന്നു: “ഞാൻ മുട്ടിൽനിന്ന് എന്റെ ഹൃദയവികാരങ്ങൾ ദൈവത്തോടു പറഞ്ഞു. എന്റെ ജീവിതഗതി നിമിത്തമുണ്ടായ ദുഃഖകണ്ണീരോടെ, അവന്റെ യഥാർഥ അനുഗാമികളുടെ പക്കലേക്ക് എന്നെ നയിക്കണമേയെന്നു ഞാൻ ദൈവത്തോടു യാചിച്ചു. അവന്റെ വഴിനടത്തിപ്പിന്റെ വെളിച്ചത്തിൽ ഞാൻ നടക്കുമെന്നും വാക്കു കൊടുത്തു.” ഒരാഴ്ചയ്ക്കുള്ളിൽ, അയാളൊരു കടയിൽവെച്ച് അതിന്റെ ഉടമയുമായി സംഭാഷണത്തിലേർപ്പെട്ടു. അവർ ഒരു സാക്ഷിയായിരുന്നു. ആ സംഭാഷണം അലന്റെ ജീവിതത്തിലെ ഒരു യഥാർഥ വഴിത്തിരിവായി. “തുടർന്നുവന്ന ആഴ്ചകളിൽ, ത്രിത്വം, നരകാഗ്നി, ദേഹിയുടെ അമർത്ത്യത തുടങ്ങിയ എന്റെ പ്രിയങ്കരമായ വിശ്വാസങ്ങൾ കടപുഴകിവീഴുന്നതു ഞാൻ കണ്ടു—വ്യക്തമായും അവയൊന്നും ബൈബിൾ പഠിപ്പിക്കലുകളായിരുന്നില്ല.” രാജ്യഹാളിൽവെച്ച്, സാക്ഷികളായ ഒരു ദമ്പതികൾ അയാളുമൊത്തു ബൈബിൾ പഠിക്കാമെന്നു സമ്മതിച്ചു. അതു സ്വീകരിച്ച അയാൾ ത്വരിതഗതിയിൽ പുരോഗതി കൈവരിച്ചു. “സത്യം കണ്ടെത്തിയ സന്തോഷംകൊണ്ടു ഞാൻ കരഞ്ഞുപോയി. അതെന്നെ സ്വതന്ത്രനാക്കി,” അലൻ അനുസ്മരിക്കുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അയാൾ സ്നാപനമേറ്റു. ഇപ്പോൾ പ്രാദേശിക സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു.
എലിസബത്ത് നൈജീരിയയിൽനിന്നുള്ളവളാണ്. അവിടെവെച്ച് അവൾ പല സഭകളിലും ദൈവത്തെ കണ്ടെത്താൻ അന്വേഷിച്ചിരുന്നു. എന്നാൽ അവയിലൊന്നും അവൾക്കു തൃപ്തി തോന്നിയില്ല. അവളെ ഏറ്റവും ഭയപ്പെടുത്തിയതു നരകാഗ്നിയിലെ നിത്യദണ്ഡനത്തെക്കുറിച്ചുള്ള ഉപദേശമായിരുന്നു. അവൾ തന്റെ കുടുംബത്തോടൊപ്പം ഏഥൻസിലേക്കു പോന്നപ്പോൾ രണ്ടു സാക്ഷികൾ അവളെ സന്ദർശിച്ചു. അങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിച്ചു. ദൈവം ആളുകളെ ദണ്ഡിപ്പിക്കുന്നില്ലെന്നും എന്നാൽ ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ അവൻ കൊടുക്കുന്നുവെന്നും പഠിച്ചതിൽ എലിസബത്തിനു വളരെ സന്തോഷം തോന്നി. അവൾ തന്റെ നാലാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ഗർഭച്ഛിദ്രം നടത്താൻ അവളാഗ്രഹിച്ചു. അപ്പോഴാണ് ജീവന്റെ വിശുദ്ധിയെ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം അവൾ ബൈബിളിൽനിന്നു പഠിച്ചത്. ഇപ്പോൾ അവൾക്കു സുന്ദരിയായ ഒരു പെൺകുട്ടിയുണ്ട്. എലിസബത്ത് വളരെ വേഗം പുരോഗതി പ്രാപിച്ച് സ്നാപനമേറ്റു. നാലു കുട്ടികളും ഒരു മുഴുസമയ ജോലിയും ഉണ്ടെങ്കിലും എല്ലാ മാസവും സഹായപയനിയറിങ് നടത്താൻ അവൾക്കു കഴിയുന്നുണ്ട്. ഭർത്താവു ബൈബിൾ പഠിക്കുന്നതു കാണാനുള്ള അനുഗ്രഹം അവൾക്കുണ്ട്. അവൾ ഇങ്ങനെ പറയുന്നു: “യഹോവയുടെയും സ്നേഹമസൃണമായ അവന്റെ സ്ഥാപനത്തിന്റെയും സഹായത്താൽ, ഞാൻ ഒടുവിൽ സത്യദൈവത്തെ കണ്ടെത്തി, ഒപ്പം സത്യാരാധനയും.”
വൈവിധ്യങ്ങൾ നിറഞ്ഞ ഈ പ്രദേശത്തെ ആളുകളിൽ പലരെയും കണ്ടുമുട്ടുന്നതു തെരുവുവേലയിലൂടെയാണ്. എന്നാൽ അവരുടെ താത്പര്യം വളർത്തിയെടുക്കുന്നതിനു സ്ഥിരോത്സാഹം ആവശ്യമാണ്. സീയെറാ ലിയോണിൽനിന്നുള്ള സാലെയ് എന്ന ഒരു യുവതിയുടെ കാര്യത്തിൽ അതു സത്യമായിരുന്നു. ഒരു സാക്ഷി അവൾക്ക് ഒരു ലഘുലേഖ നൽകി, മേൽവിലാസവും വാങ്ങി. കൂടാതെ അവളെ സന്ദർശിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തു. താത്പര്യം തോന്നിയ സാലെയ് ബൈബിളധ്യയനത്തിനു സമ്മതിച്ചു. എന്നാൽ ജോലിയും മറ്റു വിഷമതകളും നിമിത്തമുള്ള സമ്മർദം മൂലം അധ്യയനം ക്രമമായി നടത്തിയിരുന്നില്ല. പിന്നീടവൾ പുതിയ മേൽവിലാസം തരാതെ അവിടെനിന്നും മറ്റൊരിടത്തേക്കു പോയി. അവളെ കാണാൻ പഴയ മേൽവിലാസത്തിൽ പോയിക്കൊണ്ട് സാക്ഷി സ്ഥിരോത്സാഹം കാട്ടി. ഒടുവിൽ, തന്റെ പുതിയ വീട്ടിലേക്കു വരാൻ സാലെയ് സാക്ഷിക്ക് ഒരു സന്ദേശം കൊടുത്തു.
സാലെയുടെ പ്രസവം അടുത്തിരുന്ന മാസങ്ങളായിരുന്നിട്ടും അധ്യയനം ഏറെ ക്രമമുള്ളതായിത്തീർന്നു. കുട്ടി പിറന്നശേഷം സാലെയ് സ്നാപനമേൽക്കാത്ത ഒരു പ്രസാധികയായി. ഇവയൊന്നും അത്ര എളുപ്പമായിരുന്നില്ല. കുട്ടിയെ നേഴ്സറിയിൽ കൊണ്ടാക്കാനുള്ള അര മണിക്കൂർ യാത്രയ്ക്കായി അവൾ രാവിലെ 6:30-ന് ഒരുങ്ങിയിരിക്കണം. കുട്ടിയെ നേഴ്സറിയിൽ ആക്കിയിട്ട് ജോലിക്കു പോകാൻ ഒരു മണിക്കൂർ വീണ്ടും യാത്ര ചെയ്യണം. തന്റെ ശുചീകരണ ജോലിക്കുശേഷം പിന്നെ വീട്ടിലേക്കുള്ള മടക്കയാത്ര. യോഗങ്ങളുള്ള രാത്രികളിൽ അല്ലെങ്കിൽ വയൽസേവനത്തിനു പോകുമ്പോൾ ഒരു ദിശയിൽ മാത്രം ഒരു മണിക്കൂർ അവൾ വീണ്ടും യാത്ര ചെയ്യണമായിരുന്നു. ഇതെല്ലാം അവൾ ചെയ്തത് ഭർത്താവിന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടുകൂടിയാണ്. അദ്ദേഹത്തോടു സ്നേഹവും ക്ഷമയും കാട്ടുമ്പോൾത്തന്നെ, സമർപ്പിച്ചു സ്നാപനമേൽക്കുന്ന പടിയോളം അവൾ പുരോഗമിച്ചു. അവളുടെ ഭർത്താവിന്റെ കാര്യമോ? അദ്ദേഹം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ സംബന്ധിക്കുകയും ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു.
നല്ല ഫലങ്ങളാൽ അനുഗ്രഹിക്കപ്പെടുന്നു
ഇവരിൽ മിക്കവരെ സംബന്ധിച്ചും ഏഥൻസിലെ താമസം താത്കാലികമാണ്. ബന്ധുക്കളോടും സ്നേഹിതരോടും സുവാർത്ത പറയാൻ പലരും സ്വന്തദേശത്തേക്കു തിരിച്ചുപോകുന്നു. മറ്റുള്ളവർ പല പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കു പോയി യഹോവയെ സേവിക്കുന്നതിൽ തുടരുന്നു. ഗ്രീസിൽത്തന്നെ താമസിക്കുന്നവർ അവിടെ കുടിയേറിപ്പാർക്കുന്നവരായ ഗ്രാമീണരോടു സാക്ഷീകരിക്കുന്നതിൽനിന്നു നല്ല ഫലങ്ങൾ ആസ്വദിക്കുന്നു. മറ്റു ചില കേസുകളിൽ സത്യത്തിന്റെ വിത്തുകൾ ഫലം പുറപ്പെടുവിക്കുന്നതു സന്ദർശകർ മറ്റു രാഷ്ട്രങ്ങളിലേക്കു പോയശേഷം അവിടെവെച്ചു സാക്ഷികളെ കണ്ടുമുട്ടുമ്പോഴാണ്.
ഇതെല്ലാം തെളിയിക്കുന്നതു യഹോവ പക്ഷപാതിത്വമുള്ളവനല്ല എന്നാണ്. അവനെ ഭയപ്പെടുകയും നീതിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതു ജനതയിലും നിന്നുള്ളവരെ അവൻ അംഗീകരിക്കുന്നു. (പ്രവൃത്തികൾ 10:34, 35) ചെമ്മരിയാടുതുല്യരായ അത്തരം ആളുകളെ സംബന്ധിച്ചിടത്തോളം, ഭൗതിക നേട്ടത്തിനു വേണ്ടി മറ്റൊരു രാജ്യത്തേക്കു മാറിപ്പാർത്തതു തങ്ങൾ പ്രതീക്ഷിച്ചതിലും വലിയ അനുഗ്രഹങ്ങളിൽ, അതായത് സത്യദൈവമായ യഹോവയെക്കുറിച്ചുള്ള അറിവിലും നീതിയുള്ള ഒരു പുതിയ ലോകത്തിലെ നിത്യജീവന്റെ വാഗ്ദത്തത്തിലും കലാശിച്ചു. ഉവ്വ്, ആധുനികനാളിലെ ഏഥൻസിൽ വിദേശഭാഷ സംസാരിക്കുന്ന ആളുകളുടെ അടുക്കൽ എത്തിച്ചേരാനുള്ള ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിച്ചിരിക്കുന്നു!
[16-ാം പേജിലെ ചിത്രങ്ങൾ]
പല ദേശക്കാരായ ആളുകൾ ഏഥൻസിൽ സുവാർത്ത കേൾക്കുകയാണ്