യഹോവയുടെ നിർമലാരാധനയെപ്രതി അസൂയയുള്ളവർ
“അസൂയയുള്ളവൻ എന്നു നാമമുള്ള യഹോവ, അവൻ അസൂയയുള്ള ഒരു ദൈവമാണ്.”—പുറപ്പാട് 34:14, NW.
1. ദൈവത്തിന്റെ പ്രമുഖ ഗുണമെന്താണ്, അത് അവന്റെ അസൂയയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
‘അസൂയയുള്ള ഒരു ദൈവം’ എന്നാണു യഹോവ സ്വയം വർണിക്കുന്നത്. “അസൂയ” എന്ന പദത്തിനു മോശമായ അർഥമുള്ളതിനാൽ അത്തരമൊരു വർണനയുടെ കാരണമെന്തെന്നു നിങ്ങൾ അതിശയിച്ചേക്കാം. തീർച്ചയായും, ദൈവത്തിന്റെ പ്രമുഖ ഗുണം സ്നേഹമാണ്. (1 യോഹന്നാൻ 4:8) അതുകൊണ്ട്, അവന്റെ ഭാഗത്തെ അസൂയയുടേതായ ഏതൊരു വികാരങ്ങളും മനുഷ്യവർഗത്തിന്റെ നന്മയ്ക്കായിരിക്കണം. വാസ്തവത്തിൽ, അഖിലാണ്ഡത്തിലെ സമാധാനത്തിനും യോജിപ്പിനും ദൈവത്തിന്റെ അസൂയ മർമപ്രധാനമാണെന്നു നാം മനസ്സിലാക്കുന്നതാണ്.
2. “അസൂയ” എന്നതിന്റെ എബ്രായ പദങ്ങൾ ഏതെല്ലാം വിധങ്ങളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു?
2 “അസൂയ”യുമായി ബന്ധപ്പെട്ട എബ്രായ പദം തിരുവെഴുത്തുകളിൽ 80-ലധികം പ്രാവശ്യമുണ്ട്. ഇവയിൽ ഏതാണ്ടു പകുതിയോളവും യഹോവയാം ദൈവത്തെയാണു പരാമർശിക്കുന്നത്. ജി. എച്ച്. ലിവിങ്സ്റ്റൺ ഇങ്ങനെ വിശദീകരിക്കുന്നു: “ദൈവത്തിനു ബാധകമാക്കുമ്പോൾ, അസൂയ എന്ന ആശയത്തിൽ വഴിപിഴച്ച ഒരു വികാരത്തിന്റെ ധ്വനിയില്ല. നേരേമറിച്ച്, യഹോവയുടെ ആരാധനയുടെ അനന്യത സംബന്ധിച്ചു നിഷ്കർഷിക്കുന്നുവെന്ന ധ്വനിയാണുള്ളത്.” (പഞ്ചഗ്രന്ഥങ്ങൾ അതിന്റെ സാംസ്കാരിക ചുറ്റുപാടിൽ, ഇംഗ്ലീഷ്) അതുകൊണ്ട്, പുതിയലോക ഭാഷാന്തരം പ്രസ്തുത എബ്രായ പദത്തെ ചിലപ്പോഴൊക്കെ പരിഭാഷപ്പെടുത്തുന്നത് “അനന്യ ഭക്തി സംബന്ധിച്ച നിഷ്കർഷ” എന്നാണ്. (യെഹെസ്കേൽ 5:13) “ശുഷ്കാന്തി” അഥവാ “തീക്ഷ്ണത” എന്നും ഇതിനെ ഉചിതമായി പരിഭാഷപ്പെടുത്തുന്നുണ്ട്.—സങ്കീർത്തനം 79:5; യെശയ്യാവു 9:7.
3. ഏതെല്ലാം വിധങ്ങളിൽ ചിലപ്പോൾ അസൂയ നല്ല ഉദ്ദേശ്യത്തിന് ഉതകിയേക്കാം?
3 അസൂയ തോന്നാനുള്ള പ്രാപ്തിയോടെയാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മനുഷ്യവർഗം പാപത്തിൽ നിപതിച്ചതോടെയാണ് അസൂയ വികൃതരൂപം കൈക്കൊണ്ടത്. എന്നിരുന്നാലും, മാനുഷിക അസൂയയ്ക്ക് നന്മയ്ക്കുള്ള ഒരു പ്രേരക ശക്തിയായിരിക്കാൻ സാധിക്കും. താൻ സ്നേഹിക്കുന്ന ഒരാളെ ചീത്ത സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കാൻ അതിനു സാധിക്കും. മാത്രമല്ല, മനുഷ്യർക്കു യഹോവയെയും അവന്റെ ആരാധനയെയുംപ്രതി ഉചിതമായി അസൂയ പ്രകടിപ്പിക്കാൻ സാധിക്കും. (1 രാജാക്കന്മാർ 19:10) യഹോവയെപ്രതിയുള്ള അത്തരം അസൂയയെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യം ധ്വനിപ്പിക്കാൻ, എബ്രായ നാമത്തെ “യാതൊരു കിടമത്സരവും വച്ചുപൊറുപ്പിക്കാതിരിക്കൽ” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്.—2 രാജാക്കന്മാർ 10:16.
സ്വർണക്കാളക്കുട്ടി
4. ദൈവം ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണത്തിൽ നീതിനിഷ്ഠമായ അസൂയ ഉൾക്കൊള്ളുന്ന പ്രമുഖ കൽപ്പന എന്തായിരുന്നു?
4 സീനായ് പർവതത്തിൽവെച്ച് ഇസ്രായേല്യർക്കു ന്യായപ്രമാണം ലഭിച്ചശേഷം അരങ്ങേറിയതു നീതിനിഷ്ഠമായ അസൂയയുടെ ഒരു ദൃഷ്ടാന്തമാണ്. മനുഷ്യനിർമിത ദേവന്മാരെ ആരാധിക്കുന്നതിനെതിരെ അവർക്ക് ആവർത്തിച്ചാവർത്തിച്ചു മുന്നറിയിപ്പു ലഭിച്ചിരുന്നു. യഹോവ അവരോടു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയായ ഞാൻ അനന്യ ഭക്തി നിഷ്ക്കർഷിക്കുന്ന ഒരു ദൈവം [അല്ലെങ്കിൽ, “അസൂയയുള്ള (തീക്ഷ്ണതയുള്ള) ഒരു ദൈവം; കിടമത്സരം വച്ചുപൊറുപ്പിക്കാത്ത ഒരു ദൈവം”] ആകുന്നു.” (പുറപ്പാട് 20:5, NW, അടിക്കുറിപ്പ്; പുറപ്പാടു 20:22, 23-ഉം 22:20-ഉം 23:13, 24, 32, 33-ഉം താരതമ്യം ചെയ്യുക.) ഇസ്രായേല്യരെ അനുഗ്രഹിച്ച് വാഗ്ദത്തദേശത്തേക്കു കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് യഹോവ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. (പുറപ്പാടു 23:22, 31) അപ്പോൾ ജനം പറഞ്ഞു: ‘യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കും.’—പുറപ്പാടു 24:7.
5, 6. (എ) സീനായ് പർവതപ്രദേശത്തു പാളയമടിച്ചിരിക്കെ, ഇസ്രായേല്യർ ഗുരുതരമായി പാപം ചെയ്തതെങ്ങനെ? (ബി) യഹോവയും അവന്റെ വിശ്വസ്ത ആരാധകരും സീനായ് പ്രദേശത്തുവെച്ചു നീതിനിഷ്ഠമായ അസൂയ പ്രകടമാക്കിയതെങ്ങനെ?
5 എങ്കിലും, ഇസ്രായേല്യർ താമസിയാതെതന്നെ ദൈവത്തിനെതിരെ പാപം ചെയ്തു. അവർ അപ്പോഴും സീനായ് പർവതത്തിന്റെ അടിവാരത്തു പാളയമടിച്ചിരിക്കുകയായിരുന്നു. ദൈവത്തിൽനിന്നു കൂടുതലായ പ്രബോധനം സ്വീകരിച്ചുകൊണ്ട് പല ദിവസങ്ങളായി മോശ പർവതമുകളിലായിരുന്നു. ആ സമയത്ത് തങ്ങൾക്കുവേണ്ടി ഒരു ദേവനെ ഉണ്ടാക്കാൻ ജനം മോശയുടെ സഹോദരനായ അഹരോന്റെമേൽ സമ്മർദം ചെലുത്തി. അതിനു വഴങ്ങിയ അഹരോൻ ആളുകൾ കൊടുത്ത സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. ആ വിഗ്രഹം യഹോവയെ പ്രതിനിധാനം ചെയ്തുവെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. (സങ്കീർത്തനം 106:20) പിറ്റേന്ന് അവർ അതിനു ബലിയർപ്പിക്കുകയും “അതിനുമുമ്പിൽ കുമ്പിടുക”യും ചെയ്തുകൊണ്ടിരുന്നു. പിന്നെ അവർ “വിനോദി”ച്ചു.—പുറപ്പാടു 32:1, 4, 6, 8, 17-19.
6 ഇസ്രായേല്യർ ആഘോഷിച്ചുകൊണ്ടിരിക്കെ മോശ പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അവരുടെ മ്ലേച്ഛ പ്രവൃത്തി കണ്ടപ്പോൾ, അവൻ വിളിച്ചുപറഞ്ഞു: “യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ.” (പുറപ്പാടു 32:25, 26) ലേവിപുത്രന്മാർ മോശയുടെ അടുക്കൽ ഒരുമിച്ചുകൂടി. വിഗ്രഹാരാധനാപരമായ ആഘോഷക്കൂത്തിൽ മുഴുകിയിരുന്നവരെ വാളെടുത്തു വെട്ടിക്കൊല്ലാൻ മോശ അവർക്കു നിർദേശം കൊടുത്തു. ദൈവത്തിന്റെ സത്യാരാധനയെപ്രതിയുള്ള തങ്ങളുടെ അസൂയ പ്രകടമാക്കിക്കൊണ്ട്, കുറ്റക്കാരായ ഏതാണ്ടു 3,000 സഹോദരങ്ങളെ ലേവ്യർ വധിച്ചു. അതിജീവകരുടെമേൽ ഒരു ബാധവരുത്തിക്കൊണ്ട് അവരെ ദണ്ഡിപ്പിച്ചുകൊണ്ട് യഹോവ ആ നടപടിക്കു പിന്തുണയേകി. (പുറപ്പാടു 32:28, 35) എന്നിട്ടു ദൈവം ഈ കല്പന ആവർത്തിച്ചു: “നിങ്ങൾ മറ്റൊരു ദൈവത്തിനുമുമ്പിൽ വണങ്ങരുത്, എന്തുകൊണ്ടെന്നാൽ അസൂയയുള്ളവൻ എന്നു നാമമുള്ള യഹോവ, അവൻ അസൂയയുള്ള ഒരു ദൈവമാണ്.”—പുറപ്പാട് 34:14, NW.
പെയോരിലെ ബാൽ
7, 8. (എ) പെയോരിലെ ബാലിനോടുള്ള ബന്ധത്തിൽ അനേകം ഇസ്രായേല്യർ കടുത്ത അധാർമികതയിലേക്കു വഴുതിവീണതെങ്ങനെ? (ബി) യഹോവയിൽനിന്നുള്ള ബാധ അവസാനിക്കാനിടയായത് എങ്ങനെ?
7 നാൽപ്പതു വർഷത്തിനുശേഷം, ഇസ്രായേൽ ജനത വാഗ്ദത്ത ദേശത്തു പ്രവേശിക്കാറായ സമയത്ത്, സൗന്ദര്യവതികളായ മോവാബ്യരും മിദ്യാന്യരുമായ സ്ത്രീകൾ അനേകം ഇസ്രായേല്യരെ വശീകരിച്ച് അവർക്ക് ആതിഥ്യമേകി. വ്യാജ ദേവൻമാരെ ആരാധിക്കുന്നവരുമായുള്ള അടുത്ത ബന്ധം ഈ പുരുഷന്മാർ നിരാകരിക്കണമായിരുന്നു. (പുറപ്പാടു 34:12, 15) അതിനുപകരം, ‘അറക്കുന്നിടത്തേക്കുള്ള കാളകളെ’പ്പോലെ അവർ ഓടി ആ സ്ത്രീകളുമായി പരസംഗത്തിലേർപ്പെട്ടു. അങ്ങനെ അവർ അവരോടൊപ്പം ചേർന്ന് പെയോരിലെ ബാലിനുമുമ്പിൽ വണങ്ങി.—സദൃശവാക്യങ്ങൾ 7:21, 22; സംഖ്യാപുസ്തകം 25:1-3.
8 ഈ ലജ്ജാകരമായ ലൈംഗികാരാധനയിൽ ഏർപ്പെട്ടവരെ വധിക്കാൻ യഹോവ ഒരു ബാധ അയച്ചു. കുറ്റക്കാരായ സഹോദരന്മാരെ വധിച്ചുകളയാൻ നിഷ്കളങ്കരായ ഇസ്രായേല്യർക്കു ദൈവം കൽപ്പനകൊടുക്കുകയും ചെയ്തു. കടുത്ത ധിക്കാരം കാട്ടിക്കൊണ്ട്, സിമ്രി എന്നു പേരുള്ള ഒരു ഇസ്രായേല്യ പ്രമുഖൻ വേഴ്ചയിലേർപ്പെടണമെന്ന ഉദ്ദേശ്യത്തിൽ ഒരു മിദ്യാന്യ രാജകുമാരിയെ തന്റെ കൂടാരത്തിൽ കൊണ്ടുവന്നു. ദൈവഭയമുള്ള പുരോഹിതനായിരുന്ന ഫിനേഹാസ് ഇതു കണ്ടപ്പോൾ ആ അധാർമിക ദമ്പതികളെ വധിച്ചുകളഞ്ഞു. അപ്പോൾ ബാധനിന്നു. അതേത്തുടർന്നു ദൈവം പ്രഖ്യാപിച്ചു: “ഫിനേഹാസ് ഇസ്രായേൽ ജനത്തിന്റെ ഇടയിൽനിന്ന് എന്റെ ക്രോധം അകറ്റിയിരിക്കുന്നു; എന്നെ പ്രേരിപ്പിക്കുന്ന അതേ അസൂയതന്നെ അവൻ അവരുടെ ഇടയിൽ പ്രകടിപ്പിച്ചിരിക്കുന്നു. അതിനാൽ എന്റെ അസൂയയിൽ ഞാൻ ഇസ്രായേല്യരെ സംഹരിച്ചില്ല.” (സംഖ്യാപുസ്തകം 25:11, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) നാശത്തിൽനിന്ന് ആ ജനത രക്ഷപ്പെട്ടെങ്കിലും, ചുരുങ്ങിയത് 23,000 ഇസ്രായേല്യർ കൊല്ലപ്പെട്ടു. (1 കൊരിന്ത്യർ 10:8) അവർ ദീർഘനാളായി താലോലിച്ചിരുന്ന, വാഗ്ദത്ത ദേശത്തു കടക്കാമെന്ന പ്രത്യാശ അവർക്കു നഷ്ടമായി.
ഒരു മുന്നറിയിപ്പിൻ പാഠം
9. യഹോവയുടെ നിർമലാരാധനയെപ്രതി അസൂയ പ്രകടിപ്പിക്കാഞ്ഞതിനാൽ ഇസ്രായേലിലെയും യഹൂദയിലെയും ജനതയ്ക്ക് എന്തു സംഭവിച്ചു?
9 സങ്കടകരമെന്നു പറയട്ടെ, ഇസ്രായേല്യർ ഈ പാഠങ്ങൾ പെട്ടെന്നുതന്നെ മറന്നു. യഹോവയുടെ നിർമലാരാധനയെപ്രതി അസൂയയുള്ളവരാണു തങ്ങളെന്ന് അവർ തെളിയിച്ചില്ല. “അവർ . . . തങ്ങളുടെ വിഗ്രഹങ്ങളാൽ [ദൈവത്തെ] അസൂയാലുവാക്കി.” (സങ്കീർത്തനം 78:58, പി.ഒ.സി. ബൈബിൾ) തത്ഫലമായി, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 740-ൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങളെ തടവുകാരായി പിടിച്ചുകൊണ്ടുപോകാൻ യഹോവ അസ്സീറിയക്കാരെ അനുവദിച്ചു. ശേഷിച്ച രണ്ടു ഗോത്രങ്ങളുള്ള യഹൂദാ രാജ്യത്തിനും സമാനമായ ശിക്ഷ ലഭിച്ചു. യെരുശലേം എന്ന അവരുടെ തലസ്ഥാനനഗരം പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെട്ടു. അനേകർ വധിക്കപ്പെട്ടു. അതിജീവിച്ചവരെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടുപോയി. ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എന്തൊരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം!—1 കൊരിന്ത്യർ 10:6, 11.
10. അനുതാപമില്ലാത്ത വിഗ്രഹാരാധകർക്ക് എന്തു സംഭവിക്കും?
10 ഇന്നു ഭൂമിയിലെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം—ഏതാണ്ടു 190 കോടി ആളുകൾ—ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരാണ്. (1994 ബ്രിട്ടാനിക്ക ബുക്ക് ഓഫ് ദി ഇയർ) ഇവരിൽ മിക്കവരും ആരാധനയിൽ വിഗ്രഹങ്ങളും പ്രതിരൂപങ്ങളും കുരിശുകളും ഉപയോഗിക്കുന്ന പള്ളിയംഗങ്ങളാണ്. വിഗ്രഹാരാധനയിലൂടെ തന്നെ അസൂയാലുവാക്കിയ തന്റെ സ്വന്തം ജനത്തെ യഹോവ വെറുതെ വിട്ടില്ല. മൂർത്ത വസ്തുക്കളുടെ സഹായത്തോടെ ആരാധിക്കുന്ന, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന ആളുകളെയും അവൻ വെറുതെ വിടാൻ പോകുന്നില്ല. “ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്” എന്ന് യേശു പറഞ്ഞിരിക്കുന്നു. (യോഹന്നാൻ 4:24, പി.ഒ.സി. ബൈ.) മാത്രവുമല്ല, വിഗ്രഹാരാധനയ്ക്കെതിരെ ജാഗരിക്കാൻ ബൈബിൾ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നുണ്ട്. (1 യോഹന്നാൻ 5:21) അനുതാപമില്ലാത്ത വിഗ്രഹാരാധകർ ദൈവരാജ്യം അവകാശമാക്കുകയില്ലാത്തവരുടെ കൂട്ടത്തിൽ പെടുന്നു.—ഗലാത്യർ 5:20, 21.
11. ഒരു വിഗ്രഹത്തെ വണങ്ങാതെതന്നെ ഒരു ക്രിസ്ത്യാനി എങ്ങനെ വിഗ്രഹാരാധന സംബന്ധിച്ചു കുറ്റക്കാരനായേക്കാം, അത്തരം വിഗ്രഹാരാധന ഒഴിവാക്കാൻ ഒരുവനെ എന്തു സഹായിക്കും? (എഫെസ്യർ 5:5)
11 ഒരു സത്യക്രിസ്ത്യാനി വിഗ്രഹത്തിനുമുമ്പാകെ ഒരിക്കലും കുമ്പിടുകയില്ലെങ്കിലും, വിഗ്രഹാരാധനപരവും അശുദ്ധവും പാപകരവുമായി ദൈവം വീക്ഷിക്കുന്ന ഏതൊരു സംഗതിയും അവൻ ഒഴിവാക്കിയേ തീരൂ. ഉദാഹരണത്തിന്, ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണംകെട്ടവരുടെമേൽ വരുന്നു.” (കൊലൊസ്സ്യർ 3:5, 6, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഈ വാക്കുകൾ അനുസരിക്കുന്നത് അധാർമിക പെരുമാറ്റത്തെ നിരാകരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. അശുദ്ധമായ ലൈംഗികതൃഷ്ണ ഉണർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള വിനോദോപാധികളെ ഒഴിവാക്കേണ്ടത് ഇതിനാവശ്യമാണ്. അത്തരം തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിനുപകരം, സത്യ ക്രിസ്ത്യാനികൾ ദൈവത്തിന്റെ നിർമലാരാധനയെപ്രതി അസൂയ പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.
ദൈവിക അസൂയയുടെ പിൽക്കാല മാതൃകകൾ
12, 13. ദൈവത്തിന്റെ നിർമലാരാധനയെപ്രതി അസൂയ പ്രകടമാക്കുന്നതിൽ യേശു ഒരു മികച്ച മാതൃകവെച്ചത് എങ്ങനെ?
12 ദൈവത്തിന്റെ നിർമലാരാധനയെപ്രതി അസൂയ പ്രകടമാക്കിയ ഒരു മനുഷ്യന്റെ ഏറ്റവും മികച്ച മാതൃക യേശുക്രിസ്തുവിന്റേതാണ്. അവന്റെ ശുശ്രൂഷയുടെ ഒന്നാം വർഷത്തിൽ, ആലയ പ്രാകാരങ്ങളിൽ അത്യാഗ്രഹികളായ വ്യാപാരികൾ പ്രവർത്തിക്കുന്നത് അവൻ കണ്ടു. സന്ദർശകരായി എത്തുന്ന യഹൂദന്മാർക്കു തങ്ങളുടെ വിദേശ നോട്ടുകൾ ആലയനികുതി കൊടുക്കാൻ പാകത്തിനുള്ള പണമായി മാറ്റിയെടുക്കാൻ പണമിടപാടുകാരുടെ സേവനം ആവശ്യമായിരുന്നിരിക്കാം. ദൈവത്തിന്റെ ന്യായപ്രമാണം ആവശ്യപ്പെടുന്ന ബലികൾ അർപ്പിക്കാൻ അവർക്കു മൃഗങ്ങളെയും പക്ഷികളെയും വാങ്ങേണ്ടയാവശ്യവുമുണ്ടായിരുന്നു. അത്തരം ബിസിനസ് ഇടപാടുകൾ നടക്കേണ്ടിയിരുന്നത് ആലയ പ്രാകാരങ്ങൾക്കു വെളിയിലായിരുന്നു. എന്നാൽ അതിലേറെ വഷളായിരുന്നത്, അന്യായമായ വിലകൾ ഈടാക്കിക്കൊണ്ട്, വ്യക്തമായും തങ്ങളുടെ സഹോദരങ്ങളുടെ മതപരമായ ആവശ്യങ്ങളെ ആ വ്യാപാരികൾ അനുചിതമായി മുതലെടുത്തിരുന്നു എന്നതാണ്. ദൈവത്തിന്റെ നിർമലാരാധനയെപ്രതി അസൂയയാൽ കത്തിജ്വലിച്ച് യേശു ഒരു ചാട്ടവാർ ഉപയോഗിച്ച് ആടുമാടുകളെ ഓടിച്ചുപുറത്താക്കി. “എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞുകൊണ്ട് അവൻ പണമിടപാടുകാരുടെ മേശകൾ തട്ടിമറിച്ചിട്ടു! (യോഹന്നാൻ 2:14-16) അങ്ങനെ സങ്കീർത്തനം 69:9-ലെ വാക്കുകൾ യേശു നിവർത്തിച്ചു: “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു [“അസൂയ,” ബൈയിങ്ടൺ] എന്നെ തിന്നു കളഞ്ഞു.”
13 മൂന്നുവർഷത്തിനുശേഷം, യഹോവയുടെ ആലയത്തിൽ അത്യാഗ്രഹികളായ വ്യാപാരികൾ ഇടപാടുകൾ നടത്തുന്നതു യേശു വീണ്ടും നിരീക്ഷിക്കുകയുണ്ടായി. അവൻ രണ്ടാമതും ആലയത്തെ ശുദ്ധീകരിക്കുമായിരുന്നോ? ശുശ്രൂഷാരംഭത്തിലെപ്പോലെതന്നെ ദൈവത്തിന്റെ നിർമലാരാധനയെപ്രതിയുള്ള അവന്റെ അസൂയ അപ്പോഴും അത്രതന്നെ ശക്തമായിരുന്നു. അവൻ വില്ക്കുന്നവരെയും വാങ്ങുന്നവരെയും ആട്ടിയോടിച്ചു. തന്നെയുമല്ല, “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞുകൊണ്ട് തന്റെ നടപടികൾക്ക് അവൻ കൂടുതൽ ശക്തമായൊരു കാരണവും നൽകി. (മർക്കൊസ് 11:17) ദൈവികമായ അസൂയ പ്രകടമാക്കി ഉറച്ചുനിൽക്കുന്നതിൽ എന്തൊരു വിസ്മയാവഹമായ മാതൃക!
14. നിർമലാരാധനയെപ്രതിയുള്ള യേശുവിന്റെ അസൂയ നമ്മെ എങ്ങനെ ബാധിക്കണം?
14 ഇപ്പോൾ മഹത്ത്വീകരണം പ്രാപിച്ചിരിക്കുന്ന കർത്താവായ യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തിനു മാറ്റംവന്നിട്ടില്ല. (എബ്രായർ 13:8) അവൻ ഭൂമിയിലായിരുന്നപ്പോഴത്തെപ്പോലെതന്നെ ഈ 20-ാം നൂറ്റാണ്ടിലും തന്റെ പിതാവിന്റെ നിർമലാരാധനയെപ്രതി അസൂയയുള്ളവനാണ്. ഇതു വെളിപ്പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശങ്ങളിൽനിന്നു കാണാവുന്നതാണ്. ആ സന്ദേശങ്ങൾ വലിയ അളവിൽ ബാധകമാകുന്നത് ഇപ്പോൾ, “കർത്താവിന്റെ ദിവസ”ത്തിലാണ്. (വെളിപ്പാടു 1:10; 2:1–3:22) മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ ‘അഗ്നിജ്വാലെക്കു ഒത്ത കണ്ണു’ള്ളവനായിട്ടാണ് അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടത്. (വെളിപ്പാടു 1:14) യഹോവയുടെ സേവനത്തിനു യോജിച്ചവരും ശുദ്ധരുമായി നിലകൊള്ളുന്നവരാണെന്ന് ഉറപ്പുവരുത്താൻ യേശു സഭകളെ പരിശോധിക്കുമ്പോൾ യാതൊന്നും യേശുവിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് ഇതു സൂചിപ്പിക്കുന്നു. ദൈവവും ധനവുമെന്ന രണ്ടു യജമാനൻമാരെ സേവിക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള യേശുവിന്റെ മുന്നറിയിപ്പ് ഈ നാളിലെ ക്രിസ്ത്യാനികൾ ഓർത്തിരിക്കേണ്ടയാവശ്യമുണ്ട്. (മത്തായി 6:24) ലവോദിക്യ സഭയിലെ ഭൗതികത്വചിന്താഗതിക്കാരോട് യേശു പറഞ്ഞു: “ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും. . . . തീക്ഷ്ണതയുള്ളവനാകുക, അനുതപിക്കുക.” (വെളിപാട് 3:14-19, പി.ഒ.സി. ബൈ.) ഭൗതികത്വചിന്താഗതിയുടെ കെണി ഒഴിവാക്കാൻ സഭയിലെ നിയമിത മൂപ്പന്മാർ വാക്കിനാലും പ്രവൃത്തിയാലും തങ്ങളുടെ സഹവിശ്വാസികളെ സഹായിക്കണം. ഈ ലൈംഗികോന്മുഖ ലോകത്തിന്റെ ധാർമിക ദുഷിപ്പിൽനിന്നു മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കണം. മാത്രവുമല്ല സഭയിൽ യാതൊരു ഇസബേൽ സ്വാധീനവും വെച്ചുപൊറുപ്പിക്കാൻ ദൈവജനത ധൈര്യപ്പെടുന്നില്ല.—എബ്രായർ 12:14, 15; വെളിപ്പാടു 2:20.
15. യഹോവയുടെ ആരാധനയെപ്രതി അസൂയ പ്രകടമാക്കുന്നതിൽ പൗലോസ് അപ്പോസ്തലൻ യേശുവിനെ അനുകരിച്ചത് എങ്ങനെ?
15 യേശുവിനെ അനുകരിച്ച ഒരുവനായിരുന്നു അപ്പോസ്തലനായ പൗലോസ്. പുതുതായി സ്നാപനമേറ്റ ക്രിസ്ത്യാനികളെ ആത്മീയമായി ആരോഗ്യാവഹമല്ലാത്ത സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനായി അവൻ പറഞ്ഞു: “എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു.” (2 കൊരിന്ത്യർ 11:2, പി.ഒ.സി. ബൈ.) ഇതിനുമുമ്പ്, ദുഷിപ്പിക്കുന്ന ഒരു സ്വാധീനമായിരുന്ന അനുതാപമില്ലാത്ത ഒരു പരസംഗക്കാരനെ പുറത്താക്കാൻ ഇതേ സഭയെ പ്രബോധിപ്പിക്കാൻ പൗലോസിനെ പ്രചോദിപ്പിച്ചതു സത്യാരാധനയെപ്രതിയുള്ള അവന്റെ അസൂയയായിരുന്നു. ആ സന്ദർഭത്തിൽ നൽകപ്പെട്ട നിശ്വസ്തപ്രബോധനങ്ങൾ, യഹോവയുടെ സാക്ഷികളുടെ 75,500-ലധികം വരുന്ന സഭകളെ ശുദ്ധമായി സൂക്ഷിക്കാൻ കഠിനമായി ശ്രമിക്കുന്ന ഇന്നത്തെ മൂപ്പന്മാർക്കു വലിയ സഹായമായിരിക്കുകയാണ്.—1 കൊരിന്ത്യർ 5:1, 9-13.
ദൈവത്തിന്റെ അസൂയ അവന്റെ ജനത്തിനു പ്രയോജനം ചെയ്യുന്നു
16, 17. (എ) ദൈവം പുരാതന യഹൂദയെ ശിക്ഷിച്ചപ്പോൾ, ജാതികൾ ഏതു മനോഭാവം പ്രകടമാക്കി? (ബി) യഹൂദയുടെ 70 വർഷത്തെ പ്രവാസത്തിനുശേഷം, യഹോവ യെരുശലേമിനെപ്രതി അസൂയ പ്രകടമാക്കിയത് എങ്ങനെ?
16 യഹൂദാ ജനതയെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടുപോകാൻ അനുവദിച്ചുകൊണ്ട് ദൈവം അവരെ ശിക്ഷിച്ചപ്പോൾ, അവർ പരിഹാസപാത്രമായി. (സങ്കീർത്തനം 137:3) ദൈവജനതയ്ക്കു ദുരിതങ്ങൾ വരുത്തിക്കൂട്ടാൻ അസൂയ നിറഞ്ഞ വെറുപ്പോടെ ഏദോമ്യർ ബാബിലോന്യരെ സഹായിക്കുകപോലും ചെയ്തു. എന്നാൽ യഹോവ ഇതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. (യെഹെസ്കേൽ 35:11; 36:15) അതിജീവകർ തടവിലായിരിക്കവേ അനുതപിച്ചു. 70 വർഷത്തിനുശേഷം യഹോവ അവരെ അവരുടെ ദേശത്തു പുനഃസ്ഥിതീകരിക്കുകയും ചെയ്തു.
17 ആദ്യം, യഹൂദാജനത അങ്ങേയറ്റം ശോച്യാവസ്ഥയിലായിരുന്നു. യെരുശലേം നഗരവും അതിന്റെ ആലയവും നശിച്ചുതാറുമാറായിക്കിടന്നു. ആലയം പുനർനിർമിക്കാനുള്ള സകല ശ്രമങ്ങളെയും ചുറ്റുമുള്ള ജനതകൾ എതിർത്തു. (എസ്രാ 4:4, 23, 24) ഇതു സംബന്ധിച്ചു യഹോവയ്ക്ക് എങ്ങനെ തോന്നി? നിശ്വസ്ത രേഖ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷ്ണതയോടെ [“അസൂയയോടെ,” NW] എരിയുന്നു. ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും . . . എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” (സെഖര്യാവു 1:14-16) ആലയവും യെരുശലേം നഗരവും വിജയകരമായി പുനർനിർമിക്കപ്പെടുകവഴി ഈ വാഗ്ദാനം സത്യമാകുകതന്നെ ചെയ്തു.
18. ഒന്നാം ലോകമഹായുദ്ധ കാലത്ത് സത്യക്രിസ്ത്യാനികൾ എന്ത് അനുഭവിച്ചു?
18 ഇരുപതാം നൂറ്റാണ്ടിൽ സത്യക്രിസ്തീയ സഭയ്ക്കും സമാനമായൊരു അനുഭവമുണ്ടായി. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ, യഹോവ തന്റെ ജനത്തെ ശിക്ഷണവിധേയമാക്കി. കാരണം ആ ലോകപോരാട്ടത്തിൽ അവർ കർശനമായ നിഷ്പക്ഷത പാലിച്ചിരുന്നില്ല. (യോഹന്നാൻ 17:16) അവരെ ഞെരുക്കാൻ ദൈവം രാഷ്ട്രീയ ശക്തികളെ അനുവദിച്ചു. ഈ ദുരന്തത്തെപ്രതി ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം ആഹ്ലാദിച്ചു. വാസ്തവത്തിൽ, അന്ന് ബൈബിൾവിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—വേല നിരോധിക്കുന്നതിനു രാഷ്ട്രീയ ഘടകങ്ങളെ ചട്ടംകെട്ടിക്കുന്നതിൽ മുൻപന്തിയിൽ നിന്നതു പുരോഹിതവർഗമായിരുന്നു.—വെളിപ്പാടു 11:7, 10.
19. 1919 മുതൽ യഹോവ തന്റെ ആരാധനയെപ്രതിയുള്ള അസൂയ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
19 എന്നിരുന്നാലും, യഹോവ തന്റെ ആരാധനയെപ്രതി അസൂയ പ്രകടമാക്കുകയും അനുതാപം പ്രകടമാക്കിയ തന്റെ ജനത്തെ 1919 എന്ന യുദ്ധാനന്തര വർഷത്തിൽ തന്റെ പ്രീതിയിലേക്കു പുനഃസ്ഥിതീകരിക്കുകയും ചെയ്തു. (വെളിപ്പാടു 11:11, 12) അതിന്റെ ഫലമായി, 1918-ൽ 4,000-ത്തിൽ താഴെയുണ്ടായിരുന്ന യഹോവയുടെ സ്തുതിപാഠകരുടെ എണ്ണം ഇന്ന് 50 ലക്ഷത്തിലധികമായി വർധിച്ചിരിക്കുന്നു. (യെശയ്യാവു 60:22) താമസിയാതെ, തന്റെ നിർമലാരാധനയെപ്രതിയുള്ള യഹോവയുടെ അസൂയ കൂടുതൽ നാടകീയമായ വിധങ്ങളിൽ പ്രകടമാക്കപ്പെടും.
ദൈവിക അസൂയയുടെ ഭാവിപ്രവൃത്തികൾ
20. നിർമലാരാധനയെപ്രതിയുള്ള തന്റെ അസൂയ പ്രകടമാക്കാൻ ദൈവം ഉടനേ എന്തു ചെയ്യും?
20 യഹോവയെ അസൂയാലുവാക്കിത്തീർത്ത വിശ്വാസത്യാഗികളായ യഹൂദന്മാരുടെ ഗതിതന്നെയാണു ക്രൈസ്തവലോകത്തിലെ സഭകളും നൂറ്റാണ്ടുകളായി പിൻതുടർന്നിരിക്കുന്നത്. (യെഹെസ്കേൽ 8:3, 17, 18) ഐക്യരാഷ്ട്രങ്ങളിലെ അംഗങ്ങളുടെ ഹൃദയങ്ങളിലേക്ക് അക്രമാസക്തമായ ചിന്ത പൊടുന്നനെ കടത്തിവിട്ടുകൊണ്ട് യഹോവ ഉടൻതന്നെ പ്രവർത്തിക്കും. ക്രൈസ്തവലോകത്തെയും ശേഷിച്ച വ്യാജമതത്തെയും ശൂന്യമാക്കാൻ ഇതു രാഷ്ട്രീയ ശക്തികളെ പ്രേരിപ്പിക്കും. (വെളിപ്പാടു 17:16, 17) സത്യാരാധകർ ദിവ്യന്യായവിധിയുടെ ഭയാനകമായ നിർവഹണത്തെ അതിജീവിക്കും. പിൻവരുന്ന പ്രകാരം പറയുന്ന സ്വർഗീയ സൃഷ്ടികളുടെ വാക്കുകളോട് അവർ പ്രതികരിക്കും: “ഹല്ലെലൂയ്യാ! . . . വേശ്യാവൃത്തികൊണ്ടു [വ്യാജപഠിപ്പിക്കലും ദുഷിച്ച രാഷ്ട്രീയത്തിനു കൊടുത്ത പിന്തുണയുംകൊണ്ട്] ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു [വ്യാജമതം] അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം” ചെയ്തിരിക്കുന്നു.—വെളിപ്പാടു 19:1, 2.
21. (എ) വ്യാജമതം നശിപ്പിക്കപ്പെട്ടശേഷം, സാത്താനും അവന്റെ വ്യവസ്ഥിതിയും എന്തു ചെയ്യും? (ബി) ദൈവം എങ്ങനെ പ്രതികരിക്കും?
21 വ്യാജമത ലോകസാമ്രാജ്യത്തിന്റെ നാശത്തിനുശേഷം എന്തു സംഭവിക്കും? യഹോവയുടെ ജനത്തിൻമേൽ ആഗോള ആക്രമണം അഴിച്ചുവിടാൻ സാത്താൻ രാഷ്ട്രീയ ശക്തികളെ പ്രേരിപ്പിക്കും. ഭൂമുഖത്തുനിന്നു സത്യാരാധന തുടച്ചുനീക്കാനുള്ള സാത്താന്റെ ഈ ശ്രമത്തിനുനേരേ സത്യദൈവം എങ്ങനെ പ്രതികരിക്കും? യെഹെസ്കേൽ 38:19-23 നമ്മോട് ഇങ്ങനെ പറയുന്നു: “ഞാൻ [യഹോവ] എന്റെ തീക്ഷ്ണതയിലും [അല്ലെങ്കിൽ അസൂയയിലും] എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു. . . . ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ [സാത്താനെ] ന്യായം വിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും. ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുകയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കൺങ്കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.”—സെഫന്യാവു 1:18-ഉം 3:8-ഉം കൂടെ കാണുക.
22. യഹോവയുടെ നിർമലാരാധനയെപ്രതി അസൂയയുള്ളവരാണെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാം?
22 അഖിലാണ്ഡത്തിന്റെ പരമാധികാരി തന്റെ സത്യാരാധകർക്കുവേണ്ടി അസൂയയോടെ കരുതുന്നുവെന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! അവന്റെ അനർഹദയയോടുള്ള ആഴമായ വിലമതിപ്പുനിമിത്തം, യഹോവയാം ദൈവത്തിന്റെ നിർമലാരാധനയെപ്രതി നമുക്ക് അസൂയയുള്ളവരാകാം. തീക്ഷ്ണതയോടെ, നമുക്കു സുവാർത്താപ്രസംഗം തുടരുകയും യഹോവ തന്റെ മഹനീയ നാമത്തെ മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന മഹാദിനത്തിനായി ഉറപ്പോടെ കാത്തിരിക്കുകയും ചെയ്യാം.—മത്തായി 24:14.
വിചിന്തനാശയങ്ങൾ
◻ യഹോവയെപ്രതി അസൂയയുള്ളവരായിരിക്കുക എന്നതിന്റെ അർഥമെന്ത്?
◻ പുരാതന ഇസ്രായേല്യർ വെച്ച മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും?
◻ യഹോവയെ അസൂയാലുവാക്കുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം?
◻ നിർമലാരാധനയെപ്രതി ദൈവവും ക്രിസ്തുവും അസൂയ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
[12-ാം പേജിലെ ചതുരം]
സ്നേഹം അസൂയപ്പെടുന്നില്ല
ഈർഷ്യയെക്കുറിച്ച്, 19-ാം നൂറ്റാണ്ടിലെ ബൈബിൾ പണ്ഡിതനായ ആൽബർട്ട് ബാൺസ് എഴുതി: “അതു ദുഷ്ടതയുടെ ഏറ്റവും സർവസാധാരണമായ ഒരു പ്രകടനമാണ്, അതു മനുഷ്യന്റെ ആഴമായ അധമസ്വഭാവത്തെ വ്യക്തമായി പ്രകടിപ്പിക്കുന്നു.” കൂടുതലായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എല്ലാ യുദ്ധങ്ങളുടെയും കലഹങ്ങളുടെയും ലൗകിക പദ്ധതികളുടെയും ആരംഭം—ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെപോലും മതത്തിന്റെ പേരിനു കളങ്കംചാർത്താനും അവരെ ലൗകിക ചിന്താഗതിക്കാരാക്കാനും വളരെയധികം സംഭാവന ചെയ്യുന്ന അവരുടെ എല്ലാ പദ്ധതികളും ഉദ്ദേശ്യങ്ങളും—തേടിപ്പോകാൻ സാധിക്കുന്നവൻ അവ ഈർഷ്യയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണുന്നതിൽ അതിശയിച്ചുപോകും. മറ്റുള്ളവർ നമ്മെക്കാൾ അഭിവൃദ്ധിപ്രാപിക്കുന്നതു കാണുമ്പോൾ നമുക്കു വിഷമമാണ്; നമുക്ക് അവകാശപ്പെട്ടതല്ലെങ്കിലും, മറ്റുള്ളവർക്കുള്ളതു നമുക്കും വേണമെന്നു നാം ആഗ്രഹിക്കുന്നു; അതിൽനിന്ന് അവർക്കു ലഭിക്കുന്ന ആസ്വാദനം കുറക്കുന്നതിനോ, അല്ലെങ്കിൽ നമുക്കായിട്ടുതന്നെ അത് എടുക്കുന്നതിനോ, അതുമല്ലെങ്കിൽ സാധാരണമായി ഉണ്ടെന്നു വിചാരിക്കുന്നത്രയും അവർക്കില്ലെന്നു പ്രകടമാക്കുന്നതിനോവേണ്ടി കുറ്റകരമായ വ്യത്യസ്ത മാർഗങ്ങൾ പിൻപറ്റുന്നതിലേക്കു നയിക്കുന്നു. . . . അങ്ങനെ നമ്മുടെ ഉള്ളിന്റെയുള്ളിൽ കുടികൊള്ളുന്ന ഈർഷ്യ ചിന്താഗതിക്ക് അതു സംതൃപ്തിപകരും.”—റോമർ 1:29; യാക്കോബ് 4:5.
അതിനുവിപരീതമായി, “ഈർഷ്യ കാണിക്കാത്ത” സ്നേഹത്തെക്കുറിച്ച് ബാൺസ് രസാവഹമായ ഒരു പ്രസ്താവന നടത്തി. (1 കൊരിന്ത്യർ 13:4, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അദ്ദേഹം എഴുതി: “മറ്റുള്ളവർ സന്തോഷം ആസ്വദിക്കുന്നതിൽ സ്നേഹം അവരോടു ഈർഷ്യ കാട്ടുന്നില്ല, അത് അവരുടെ ക്ഷേമത്തിൽ ആഹ്ലാദിക്കുന്നു; . . . അവരുടെ സന്തോഷം വർധിക്കുന്നതു കാണുമ്പോൾ, സ്നേഹത്താൽ സ്വാധീനിക്കപ്പെടുന്നവർ . . . അതു കുറച്ചുകളയില്ല; അതെല്ലാം ഉള്ളതിന്റെപേരിൽ അവർ അവരെ നാണംകെടുത്തുകയില്ല. അവർ ആ സന്തോഷത്തിൽനിന്നു വ്യതിചലിക്കുകയില്ല. തങ്ങൾക്ക് അത്തരം സൗഭാഗ്യങ്ങൾ ഇല്ലാത്തതിൽ അവർ പിറുപിറുക്കുകയോ നിരാശ പ്രകടിപ്പിക്കുകയോ ചെയ്യില്ല. . . . നാം മറ്റുള്ളവരെ സ്നേഹിച്ചെങ്കിൽ—അവരുടെ സന്തുഷ്ടിയിൽ നാം ആഹ്ലാദിച്ചെങ്കിൽ, അവരെ സംബന്ധിച്ചു ഈർഷ്യ കാട്ടരുത്.”
[10-ാം പേജിലെ ചിത്രം]
യഹോവയുടെ നിർമലാരാധനയെപ്രതി ഫിനേഹാസ് അസൂയയുള്ളവനായിരുന്നു