‘ഓ, എല്ലാവരും അവരെപ്പോലെ ആയിരുന്നെങ്കിൽ!’
ലെറ്റ്സബ്യൂർഗർ ഴൂർമൽ എന്ന ലക്സംബർഗ് വാർത്താപത്രത്തിലെ ഒരു കോളമെഴുത്തുകാരന്റെ വാക്കുകളായിരുന്നു അവ. അദ്ദേഹം ആരെക്കുറിച്ചാണു പറഞ്ഞത്?
ഔഷ്വിറ്റ്സ് തുറന്നു വിട്ടതിന്റെ 50-ാമതു വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ പോയതായിരുന്നു അദ്ദേഹം. അവിടെവെച്ച് അത്യധികം കഷ്ടം സഹിച്ച ഒരു വിഭാഗത്തെപ്പറ്റി ഒരു പരാമർശവും നടത്തിയില്ലെന്നത് അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. 1995 ഫെബ്രുവരി 2-ലെ തന്റെ കോളത്തിൽ അദ്ദേഹം ആ വിഭാഗം യഹോവയുടെ സാക്ഷികളാണെന്നു തിരിച്ചറിയിച്ചു. കൂടാതെ അദ്ദേഹം ഇങ്ങനെ എഴുതി: “ഏറ്റവും കഠിന തടവിനോ തടങ്കൽപ്പാളയത്തിനോ, സേനാഗൃഹത്തിൽ പട്ടിണിക്കിട്ടോ മഴുവിനാലോ ശിരച്ഛേദനയന്ത്രത്താലോ ഇല്ലായ്മചെയ്യുമെന്ന ഭീഷണിക്കോ, അവരുടെ വിശ്വാസത്തിൽനിന്ന് അവരെ വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല.” അദ്ദേഹം ഇങ്ങനെ തുടർന്നു: “മരണത്തിന്റെ വക്കിലും യഹോവയുടെ സാക്ഷികൾക്കുണ്ടായിരുന്ന ധൈര്യത്തിൽ ക്രൂരരായിരുന്ന എസ്സ് എസ്സ് ഗാർഡുകൾപോലും അതിശയിച്ചുപോയി.”
യഹോവയുടെ സാക്ഷികൾ മരണംവരിക്കാൻ ആഗ്രഹിച്ചില്ല. എങ്കിലും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ അവരിൽ അനേകായിരങ്ങൾ ക്രിസ്തീയ തത്ത്വങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നതിനുപകരം മരണംവരിച്ചു. അത്തരം വിശ്വാസം അവരെ മൂന്നാം റെയ്ക്കിന്റെ ഇരുളടഞ്ഞ നാളുകളിൽ തികച്ചും വ്യത്യസ്തരായി നിർത്തി.
ആ കോളമെഴുത്തുകാരൻ ഇങ്ങനെ ഉപസംഹരിച്ചു: “ഓ, എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ!” അങ്ങനെയായിരുന്നെങ്കിൽ രണ്ടാം ലോകമഹായുദ്ധം ഒരിക്കലും നടക്കുമായിരുന്നില്ല.