രാജ്യപ്രഘോഷകർ റിപ്പോർട്ടുചെയ്യുന്നു
സത്യക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടും
ഹാബേലിന്റെ നാളുകൾമുതൽ, യഹോവയുടെ ദാസന്മാരിൽ അനേകരും മതപരമായ പീഡനങ്ങൾ സഹിച്ചുനിന്നിട്ടുണ്ട്. (ലൂക്കൊസ് 11:49-51) “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നതിൽ അതിശയിക്കാനില്ല! (2 തിമൊഥെയൊസ് 3:12) തദനുസരണം, ഇന്ന് 25 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ നിരോധനത്തിൻകീഴിലാണ്, അവർ പീഡനം സഹിച്ചുനിൽക്കുകയാണ്.
യഹോവയുടെ സാക്ഷികൾ നിരോധനം മാത്രമല്ല, മതങ്ങളിൽനിന്നു പീഡനവും നേരിടുന്ന ഒരു രാജ്യത്തു സുവാർത്ത ഘോഷിക്കുന്ന 12,000-ത്തിലധികം വരുന്ന പ്രസാധകർ 15,000-ത്തിലധികം ആളുകൾക്കു ബൈബിളധ്യയനം എടുത്തുകൊണ്ട് തങ്ങളുടെ വേല സതീക്ഷ്ണം തുടരുകയാണ്. തീർച്ചയായും, വിവേകത്തോടെയാണ് അവർ പ്രസംഗവേല നിർവഹിക്കുന്നത്. പൊതുവേ, അവർ യോഗങ്ങൾ നടത്തുന്നതു സ്വകാര്യഭവനങ്ങളിലാണ്. അത്തരം യോഗങ്ങൾക്കു താത്പര്യക്കാരെ ക്ഷണിക്കുമ്പോൾ അവർ ജാഗ്രത കാട്ടുന്നു.
ഈയിടെയായി അവിടത്തെ ഗവൺമെൻറ് സാക്ഷികളോട് അയവുള്ളൊരു മനോഭാവം കൈക്കൊണ്ടിരിക്കുകയാണ്. അക്രമാസക്തമായ തടസ്സമില്ലാതെയാണ് ഇപ്പോൾ സാക്ഷികൾ തങ്ങളുടെ വേലയിലധികവും നിർവഹിക്കുന്നത്. എന്നാൽ വ്യത്യസ്ത മതഘടകങ്ങൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചു കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുകയാണ്.
ഒരു നഗരത്തിൽ, 200 പേരോളംവരുന്ന രോഷാകുലരായ ഒരു കൂട്ടം മതഭ്രാന്തന്മാർ 50-ഓളം യഹോവയുടെ സാക്ഷികൾ യോഗം നടത്തുകയായിരുന്ന ഒരു വീട്ടിലേക്കു ജാഥയായി വന്നു. പാറക്കഷണങ്ങളേന്തിയ അവരിൽ ചിലർ മതമുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു വന്നത്. സാക്ഷികളെ ആക്രമിച്ച് വീടു നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നതു വ്യക്തമായിരുന്നു. മതനേതാക്കന്മാർ യോഗനടപടികൾ കുറേ നാളായി വീക്ഷിക്കുകയായിരുന്നിരിക്കണം, അവർ ആക്രമിക്കാൻ പറ്റിയ സമയം നോക്കിയിരിക്കുകയായിരുന്നിരിക്കാം. ജനക്കൂട്ടം വീട്ടിലേക്കു പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും 15 പൊലീസുകാരെത്തി ജനക്കൂട്ടത്തോടു പിരിഞ്ഞുപോകാൻ ആജ്ഞാപിച്ചു. സാക്ഷികളെ ഇത് അത്ഭുതസ്തബ്ധരാക്കി. കാരണം അവർക്കാർക്കും പൊലീസിനെ വിളിക്കാനുള്ള സമയംപോലും കിട്ടിയിരുന്നില്ല.
എന്നിരുന്നാലും, എതിരാളികൾക്കു കൂടുതൽ വിജയമുണ്ടായ സന്ദർഭങ്ങളുമുണ്ട്. പല സാക്ഷികളെയും വിചാരണ ചെയ്തു തടവിനു ശിക്ഷിച്ചു. വർഷങ്ങളായി വിധിയാകാതെ കിടന്നിരുന്ന ഒരു കേസുണ്ടായിരുന്നു. കേസു കൊടുത്തവർ പിന്നീട് അതിലൊരു താത്പര്യവും കാട്ടിയില്ലെന്നു തോന്നുന്നു. എന്നുവരികിലും, പ്രദേശത്തെ പുരോഹിതന്മാരുടെ പ്രേരണയാൽ, സംഗതി വീണ്ടും കോടതിയിലെത്തി. സാക്ഷിക്കു തടവുശിക്ഷ ലഭിച്ചു.
മറ്റൊരു സ്ഥലത്ത് ഒരു കൂട്ടം സാക്ഷികൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്മാരകം കൊണ്ടാടാൻ ഒരു സ്വകാര്യഭവനത്തിൽ കൂടിയിരിക്കുകയായിരുന്നു. അന്നു വൈകിട്ടു കുറേ പൊലീസുകാർ വന്ന് വീട്ടുകാരനെയും യോഗംനടത്തിയ മൂപ്പനെയും അറസ്റ്റുചെയ്തു. പൊലീസ് സ്റ്റേഷനിൽവെച്ച് അവർക്കു കഠിനമായ മർദനമേറ്റു. ക്രൂരമായ ചോദ്യംചെയ്യൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഒരു സാക്ഷിയെ പീഡിപ്പിച്ചതു തണുത്തവെള്ളമുള്ള കിണറ്റിലിറക്കിയായിരുന്നു.
പൊലീസ് എന്തുകൊണ്ടാണ് അത്തരം അക്രമങ്ങൾ കാട്ടുന്നത്? അത്തരം പൊലീസ് നടപടിക്കുപിന്നിലും മതഭ്രാന്തരുടെ ഒരു കൂട്ടംതന്നെയായിരുന്നു, അവരുടെ സഹായത്തിനു പ്രദേശത്തെ പുരോഹിതന്മാരും. പിന്നീട്, താൻ അറിയാതെയാണ് അറസ്റ്റുകൾ നടന്നതെന്നു പൊലീസ് മേധാവി വെളിപ്പെടുത്തി. അതേത്തുടർന്ന് ഒരു ക്ഷമാപണം പുറപ്പെടുവിക്കുകയുണ്ടായി. മർദനത്തിന് ഉത്തരവാദികളായവർക്കെതിരെ അച്ചടക്കനടപടികൾ കൈക്കൊള്ളുകയും ചെയ്തു.
അക്രമാസക്തമായ എതിർപ്പിൻമധ്യേപോലും, ലോകമെമ്പാടും യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചു സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുകയാണ്. അവർ യേശുവിന്റെ ഈ ഉപദേശം പിന്തുടരുകയാണ്: “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.”—മത്തായി 10:16.
[31-ാം പേജിലെ ചിത്രം]
ആദ്യം പീഡനത്തിനിരയായതു ഹാബേലായിരുന്നു