വിശ്വസ്ത കുടുംബങ്ങൾ ശ്രീലങ്കയിൽ വർധനവു ദ്രുതഗതിയിലാക്കുന്നു
സിലോൺ എന്നപേരിലാണ് 1972 വരെ ശ്രീലങ്ക അറിയപ്പെട്ടിരുന്നത്. തെങ്ങുകൾ നിരനിരയായി നിൽക്കുന്ന കടൽത്തീരങ്ങൾ, പർവതനിരകൾ, ചെറിയ മണൽപ്പരപ്പുകൾ എന്നിവയാൽ മനോജ്ഞമായ ഒരു ദ്വീപാണത്. ഉന്നതപ്രദേശത്ത്, 2,243 മീറ്റർ ഉയരമുള്ള ആഡംസ് പീക്ക് നാലു പ്രമുഖ മതങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിശുദ്ധ സ്ഥലമാണ്.a അടുത്താണു വേൾഡ്സ് എൻഡ്, പാറകൾ നിറഞ്ഞ, കൊക്കകളുള്ള 1,500 മീറ്റർ കീഴുക്കാന്തൂക്കായ സ്ഥലം. ഈ സ്ഥലം ശ്രീലങ്കയിലെ ഏറ്റവും പകിട്ടേറിയ ദൃശ്യങ്ങളിലൊന്നു പ്രദാനംചെയ്യുന്നു.
ശ്രീലങ്കയിലെ 1.8 കോടിവരുന്ന നിവാസികൾ രസകരമായ പശ്ചാത്തലമൊരുക്കുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) അഞ്ചാം നൂറ്റാണ്ടു മുതൽ വടക്കേ ഇന്ത്യയിൽനിന്ന് ഇന്തോ-യൂറോപ്യ വംശത്തിലുള്ളവർ ഈ ദ്വീപിൽ അധിവസിക്കാൻ തുടങ്ങി. അവരാണു സിംഹളർ. ജനസംഖ്യയുടെ മുക്കാൽ ഭാഗം അവരാണ്. പിന്നീട്, ഏതാണ്ടു 12-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ദക്ഷിണേന്ത്യയിൽനിന്നുള്ള തമിഴരുടെ ഒരു വലിയ കൂട്ടംതന്നെ എത്തിച്ചേർന്നു; അവർ ഇപ്പോൾ മുഖ്യമായും ആ ദ്വീപിന്റെ വടക്കും കിഴക്കുമായി ജീവിക്കുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും കോളനി വാഴ്ചയുടെ നാളുകൾ മുതൽ തങ്ങളുടെ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതിനു പുറമേ, അറേബ്യ, മലയ ദ്വീപുകളിൽനിന്നുള്ള കപ്പൽ സഞ്ചാരികളായ കച്ചവടക്കാരും പ്രാദേശികരുടെ ഇടയിൽ താമസം തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഒറ്റപ്പെട്ടു താമസിക്കുന്ന യൂറോപ്യരുടെയും പാർസികളുടെയും ചൈനാക്കാരുടെയും മറ്റു ചിലരുടെയും ചെറിയ വിഭാഗങ്ങൾ വേറെയുമുണ്ട്.
വംശീയ സമ്മിശ്രണത്തിനു പുറമേ ഭാഷയും മതവും ശ്രീലങ്കയിൽ അതിന്റെ വിഭിന്ന പശ്ചാത്തലം പ്രതിഫലിപ്പിക്കുന്നു. ദ്വീപിലെ പ്രമുഖ ഭാഷ സിംഹള, തമിഴ്, ഇംഗ്ലീഷ് എന്നിവയാണ്. അനേകം ശ്രീലങ്കക്കാരും ഈ മൂന്നു ഭാഷയിൽ രണ്ടെണ്ണമെങ്കിലും സംസാരിക്കുന്നവരാണ്. ജനങ്ങളുടെ മതത്തിൽ വംശീയ പശ്ചാത്തലവും ഒരു വലിയ പങ്കു വഹിക്കുന്നു. സിംഹളരിൽ മിക്കവരും ബുദ്ധമതക്കാരാണ്, അതേസമയം തമിഴരിൽ മിക്കവരും ഹൈന്ദവരുമാണ്. അറബികളോ മലയരോ ആയി ബന്ധമുള്ളവർ ഇസ്ലാം മതത്തോടു പറ്റിനിൽക്കുന്നവരാണ്. യൂറോപ്യൻ പശ്ചാത്തലമുള്ളവർ പൊതുവെ ക്രൈസ്തവ സഭകളിൽനിന്നുള്ള കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരുമാണ്.
വെല്ലുവിളികളെ നേരിടുന്നു
ഇതെല്ലാം ശ്രീലങ്കയിലുള്ള യഹോവയുടെ സാക്ഷികളുടെ മുമ്പാകെ ശക്തമായ വെല്ലുവിളി ഉയർത്തുന്നു. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന യേശുവിന്റെ നിയോഗം നിർവഹിക്കുന്നതിന് ഇവർ കഠിനമായി പ്രവർത്തിക്കുന്നു. (മത്തായി 24:14) വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യണമെന്നതിനു പുറമെ സുവാർത്തയുടെ പ്രസാധകർക്കു ബുദ്ധമതക്കാരോടും ഹൈന്ദവരോടും ക്രൈസ്തവലോകത്തിലെ സഭാംഗങ്ങളോടും നിരീശ്വരവാദികളോടും സംസാരിക്കേണ്ടിയിരിക്കുന്നു—എല്ലാം ഏതാനും മണിക്കൂറുനേരത്തെ പ്രസംഗവേലയ്ക്കിടയിൽ.
തങ്ങളുടെ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന്, തമിഴ്, സിംഹള, ഇംഗ്ലീഷ് ഭാഷകളിൽ വീക്ഷാഗോപുരവും ഉണരുക!യും മറ്റു ബൈബിൾ സാഹിത്യങ്ങളും പ്രസാധകർ കൈവശം കരുതേണ്ട ആവശ്യമുണ്ട്. ചുമക്കാൻ പ്രാപ്തിയുള്ള പ്രസാധകർ ആ ഭാഷകളിലുള്ള ബൈബിളുകളും കൈവശം കരുതുന്നു. ഈയിടെ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്നീ ലഘുപത്രികകളും ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖയും അവിടത്തെ മൂന്നു ഭാഷകളിൽ ഒരേ സമയം പ്രകാശനം ചെയ്തപ്പോൾ പ്രസാധകർ മതിമറന്നു സന്തോഷിച്ചു. ശുശ്രൂഷയിൽ കൂടുതൽ ഉപകരണങ്ങൾ അതു ലഭ്യമാക്കി.
1912-ൽ സാർവദേശീയ ബൈബിൾ വിദ്യാർഥികളുടെ സംഘടനയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ചാൾസ് റ്റെയ്സ് റസ്സൽ സിലോണിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തിയതുമുതൽ സാക്ഷികൾ അവിടെ കഠിനാധ്വാനം ചെയ്തുവരുന്നു. എന്നിരുന്നാലും, 1947-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നുള്ള ബിരുദധാരികൾ എത്തിച്ചേരുന്നതുവരെ ശ്രദ്ധേയമായ വളർച്ചയ്ക്കു കാത്തിരിക്കേണ്ടിവന്നു. അന്നുമുതൽ ശ്രീലങ്കയിലുള്ള പ്രസാധകർ തങ്ങളുടെ പ്രസംഗവേലയിൽനിന്നു നല്ല ഫലങ്ങൾ ആസ്വദിച്ചിരിക്കുന്നു. 1994-ൽ 1,866 രാജ്യ പ്രസാധകർ മാസംതോറും ശരാശരി 2,551 ഭവന ബൈബിളധ്യയനങ്ങൾ നടത്തി. സ്മാരക ഹാജർ 6,930 ആയിരുന്നു. അത് എല്ലാ സഭയിലെയും പ്രസാധകരുടെ സംഖ്യയുടെ ഏതാണ്ടു നാലിരട്ടിയായിരുന്നു. എന്തൊരു മഹത്തായ അനുഗ്രഹം!
ചില ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീലങ്കയിൽ പുരോഗതി സാവധാനമാണെന്നു തോന്നിയേക്കാം. കുടുംബ ബന്ധങ്ങളാണ് ഒരു ഘടകം എന്നു തോന്നുന്നു. എന്നിരുന്നാലും, അതു മറിച്ചും ഫലംചെയ്തേക്കാം. റോമാ സൈന്യാധിപനായിരുന്ന കൊർന്നേല്യോസ് സത്യത്തിനുവേണ്ടി നിലകൊണ്ടപ്പോൾ അവന്റെ മുഴു കുടുംബവും അവനോടൊപ്പം നിലകൊണ്ടു. (പ്രവൃത്തികൾ 10:1, 2, 24, 44) പ്രവൃത്തികളുടെ പുസ്തകത്തിൽ ശക്തരായ മറ്റു ക്രിസ്തീയ കുടുംബങ്ങളെപ്പറ്റിയും സൂചിപ്പിക്കുന്നു. ലുദിയ, ക്രിസ്പൊസ്, പൗലോസിന്റെയും ശീലാസിന്റെയും കാരാഗൃഹപ്രമാണി എന്നിവരുടെ കുടുംബങ്ങൾ അതിൽ ഉൾപ്പെടുന്നു.—പ്രവൃത്തികൾ 16:14, 15; 32-34; 18:8.
നല്ല സംഘാടനവും വിശ്വസ്തതയോടെയുള്ള സ്ഥിരോത്സാഹവും ഉള്ളിടത്തു ശക്തമായ കുടുംബ ബന്ധങ്ങൾ പ്രയോജകീഭവിക്കുന്നു. ദീർഘനാളായി മിഷനറിയായി സേവിക്കുന്ന റേ മാത്യൂസ് യെശയ്യാവു 60:22 മനസ്സിൽപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “യഹോവ ഇപ്പോൾ വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും ഉപയോഗിച്ചുകൊണ്ടു തക്കസമയത്തു കാര്യാദികൾ ശീഘ്രഗതിയിലാക്കുകയാണെന്നു തോന്നുന്നു.”
സംഘടിത കുടുംബം സ്തുതി കരേറ്റുന്നു
വിശ്വസ്തരായ അത്തരം കുടുംബങ്ങൾ ഇന്നു ശ്രീലങ്കയിൽ തീർച്ചയായും ഉണ്ട്. ശ്രീലങ്കയുടെ പ്രമുഖ പട്ടണമായ കൊളംബോയുടെ ഒരു മേഖലയായ കോട്ടഹീനായിൽ താമസിക്കുന്ന, നല്ല നിലയിൽ സംഘടിതമായ സിന്നപ്പാ കുടുംബം അതിനുദാഹരണമാണ്. കുടുംബത്തലവൻ മാരിയാൻ മരിച്ചിട്ട് അധികനാളായില്ലെന്നുവരികിലും ഭാര്യ അന്നമ്മയും 13 മുതൽ 33 വരെ വയസ്സിനിടയിലുള്ള 15 മക്കളിൽ 12 പേരും യഹോവയെ ഒരു കുടുംബമെന്ന നിലയിൽ സേവിക്കുന്നതിൽ തുടരുന്നു. ഇതിനോടകം എട്ടു മക്കൾ സ്നാപനമേറ്റു, അവരിൽ മൂന്നു പേർ നിരന്തര പയനിയർമാരെന്ന നിലയിൽ മുഴുസമയ ശുശ്രൂഷയിലാണ്. വേറെ മൂന്നുപേർ ഇടയ്ക്കെല്ലാം സഹായ പയനിയറിങ്ങിനു പേർ ചാർത്തിയിരുന്നു. കുടുംബത്തിൽ ഇളയ നാലുപേർ സ്നാപനമേൽക്കാത്ത പ്രസാധകരാണ്. അതിനുപുറമേ, നാലു പേരക്കിടാങ്ങൾ തീരെ ചെറുപ്പമാണെന്നുവരികിലും ബൈബിൾ പഠിക്കുകയും യഹോവയുടെ സാക്ഷികളുടെ കൊളംബോ നോർത്തു സഭയിൽ യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നു.
1978-ൽ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി കൈപ്പറ്റിയപ്പോഴാണ് അന്നമ്മ ആദ്യമായി രാജ്യ സുവാർത്തയെപ്പറ്റി കേട്ടത്. ബൈബിളധ്യനം തുടങ്ങി, ബൈബിൾ പഠന സഹായിയായ നിത്യജീവനിലേക്കു നയിക്കുന്ന സത്യം പഠിച്ചുകഴിഞ്ഞപ്പോൾ അന്നമ്മ തന്റെ ജീവിതം യഹോവക്കു സമർപ്പിച്ച് സ്നാപനമേറ്റു. അങ്ങനെ തന്റെ കുടുംബത്തിലെ അനേകർക്കും മാതൃകവെച്ചു.
സൈനികനായിരുന്ന കൊർന്നേല്യോസിനെപ്പോലെ അന്നമ്മയ്ക്കും കുടുംബത്തിൽ നല്ല സംഘാടനമുണ്ട്. “ക്രിസ്തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കുംവേണ്ടി ഞങ്ങൾക്കു ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു, സ്കൂളിന്റെ കാര്യം പറയുകയുംവേണ്ട,” അന്നമ്മ അനുസ്മരിക്കുന്നു. “വസ്ത്രം ഒരു പ്രശ്നമായിരുന്നിട്ടുണ്ട് എന്നാൽ യഹോവയുടെ അനുഗ്രഹത്താൽ ഓരോ സമ്മേളനത്തിനും കുറച്ചൊക്കെ പുതിയ വസ്ത്രങ്ങൾ സംഘടിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. മുഴു കുടുംബവും നല്ലവണ്ണം വസ്ത്രം ധരിച്ച്, നല്ലവണ്ണം ഭക്ഷണം കഴിച്ച്—വിടർന്ന പുഞ്ചിരിയോടെ—എത്തിച്ചേർന്നു.”
കുടുംബത്തിലെ സംഘാടനത്തെപ്പറ്റി കുട്ടികൾ വാത്സല്യപൂർവം അനുസ്മരിക്കുന്നു. കുടുംബത്തിലെ എല്ലാവരെയും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ സഹായിക്കുന്നതിനു സാധാരണഗതിയിൽ മൂത്തവരെ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരുന്നു. ഉദാഹരണത്തിന്, മംഗള വസ്ത്രങ്ങൾ കഴുകി, വിനിഫ്രെഡ ഇസ്തിരിയിട്ടു. “വീട്ടിൽനിന്നിറങ്ങിയപ്പോൾ എല്ലാവരെയും കാണാൻ നല്ല ചന്തമായിരുന്നു” എന്ന് ഇളയ കുട്ടികളെ വസ്ത്രമുടുക്കാനും സഹായിച്ച വിനിഫ്രെഡ പറയുന്നു.
ആത്മീയ കരുതലുകളും അതുപോലെതന്നെ സുസംഘടിതമായിരുന്നു. “ദിവസവും ഞങ്ങളുടെ കുടുംബം ഒരുമിച്ചുള്ള ബൈബിൾ വായനയും ദൈനംദിന ബൈബിൾ വാക്യങ്ങളുടെ പുനരവലോകനവും ആസ്വദിച്ചു” എന്ന് ഇപ്പോൾ ഒരു നിരന്തര പയനിയറായിരിക്കുന്ന മകൾ പുഷ്പം അനുസ്മരിക്കുന്നു. അന്നമ്മ കൂട്ടിച്ചേർക്കുന്നു: “കുട്ടികൾക്കോരോരുത്തർക്കും ബൈബിളിന്റെയും വീക്ഷാഗോപുരത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പ്രതികൾ ഉണ്ട്. യോഗങ്ങളിൽ അവർ ഉത്തരം നൽകുമ്പോൾ ഞാൻ ശ്രദ്ധിച്ചു കേൾക്കും. അത്യാവശ്യമെന്നു തോന്നുന്നിടത്ത്, വീട്ടിൽ വന്നശേഷം അവർക്കു വേണ്ട പ്രോത്സാഹനവും തിരുത്തലും നൽകും. രാത്രിയിൽ കുടുംബ പ്രാർഥനയോടെ ദിവസം അവസാനിപ്പിക്കുന്നതിനു ഞങ്ങൾ കൂടിവരുന്നു.”
കുടുംബത്തിലുള്ള ഏവർക്കും ക്രിസ്തീയ വിദ്യാഭ്യാസം നൽകുന്നതിൽ മൂത്ത കുട്ടികൾ അന്നമ്മക്ക് അമൂല്യ സഹായം പ്രദാനംചെയ്യുന്നു. എന്നിരുന്നാലും, തിരക്കുപിടിച്ച പട്ടിക കുടുംബത്തിനു വെളിയിലുള്ളവരുമായി സുവാർത്ത പങ്കിടുന്നതിൽനിന്ന് അവരെ തടുക്കുന്നില്ല. കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ സമീപ പ്രദേശത്തുള്ള ആളുകളുമായി മൊത്തം 57 ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നു. “കുടുംബാംഗങ്ങൾക്കു പുരോഗതിയുള്ള ബൈബിളധ്യയനങ്ങളുണ്ട്. എന്റെ ഭാര്യ പുഷ്പത്തിന് അവളുടെ വിദ്യാർഥികളിൽ ഒരാൾ തന്റെ ജീവിതം യഹോവക്കു സമർപ്പിക്കുന്നതു കാണുന്നതിനുള്ള പദവി ഇപ്പോഴേ ലഭിച്ചിരിക്കുന്നു” എന്നു മരുമകൻ രാജൻ പറയുന്നു.
ഇത്ര വലിയ ഒരു കുടുംബം റോമൻ കത്തോലിക്കാ സഭ വിട്ടുപോന്നതു കോട്ടഹീനായെ പിടിച്ചു കുലുക്കി. ആ കുടുംബം സഭ വിട്ടതിന്റെ കാരണം തിരക്കി പുരോഹിതൻ അവരെ ഇതുവരെ സന്ദർശിച്ചിട്ടില്ലെങ്കിലും സഭയിലെ അംഗങ്ങളോടു കാരണമന്വേഷിക്കാൻ അഭ്യർഥിച്ചു. ചർച്ചകൾ പലവട്ടം നടന്നു, അതിൽ മിക്കതും ത്രിത്വോപദേശത്തെക്കുറിച്ചായിരുന്നു. തന്റെ വിശ്വാസത്തിനു പ്രതിവാദം പറയാൻ അന്നമ്മ എപ്പോഴും യഹോവയിലും ബൈബിളിലും ആശ്രയിച്ചു. അവരുടെ ഇഷ്ടവാക്യം യോഹന്നാൻ 17:3 ആയിരുന്നു.
നല്ല സംഘാടനവും നിർത്താതെയുള്ള ശ്രമവും സംതൃപ്തിദായകമായ ഫലങ്ങൾ കൈവരുത്തുമെന്നു സിന്നപ്പാ കുടുംബം വ്യക്തമായി പ്രകടമാക്കുന്നു. അവരുടെ തീക്ഷ്ണമായ ശ്രമത്തിന്റെ ഫലമായി രാജ്യ പ്രസാധകരുടെ ഒരു പുതിയ തലമുറ വളർന്നുവരികയാണ്, സകലതും യഹോവയുടെ സ്തുതിയിൽ കലാശിച്ചുകൊണ്ടുതന്നെ.
എതിർപ്പുകൾ കുടുംബത്തെ സത്യാരാധനയിൽ ഏകീഭവിപ്പിക്കുന്നു
സിന്നപ്പാ കുടുംബം താമസിക്കുന്ന അതേ റോഡിൽത്തന്നെ ഏതാനും കിലോമീറ്റർ അകലെ, കൊളംബോയുടെ മറ്റൊരു മേഖലയായ നാരെൻപിട്ടിയയിലാണു രത്നവും കുടുംബവും താമസിക്കുന്നത്. അവരും മുമ്പു കത്തോലിക്കരായിരുന്നു. 1982-ൽ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരുന്ന സാക്ഷികൾ അവിടത്തെ മൂത്ത മകൾ ഫാത്തിമയുടെ ഭർത്താവായ ബാലേന്ദ്രനെ കണ്ടുമുട്ടി. മുഴു കുടുംബത്തോടുമൊപ്പം ഒരു ബൈബിളധ്യനം തുടങ്ങി. താമസിയാതെ, അവരുടെ മൂന്നു കുട്ടികൾ വല്ല്യമ്മ ഇഗ്നാസിമളിനോടു ദൈവത്തിന്റെ പേരിനെപ്പറ്റി ചോദിച്ചു. “യഹോവ” എന്നാണെന്നു ഉത്തരം നൽകിക്കൊണ്ടു കുട്ടികൾ അവരിൽ താത്പര്യം ജനിപ്പിച്ചു. പിന്നീട്, അവരുടെ പെൺമക്കളിൽ രണ്ടുപേർ, ജീവകലയും സ്റ്റെല്ലയും അധ്യയനത്തിനു ചേർന്നു. 1988 ആയപ്പോഴേക്കും അവർ മൂന്നുപേരും സ്നാപനമേറ്റു.
ഇതിനിടയിൽ, ബാലേന്ദ്രനും ഫാത്തിമയും ഫാത്തിമയുടെ മറ്റൊരു സഹോദരി മല്ലികയ്ക്കും ഭർത്താവ് യോഗനാഥനും സത്യം പങ്കിട്ടു. 1987 ആയപ്പോഴേക്കും ഈ ദമ്പതികൾ സ്നാപനമേറ്റു. അവർ തങ്ങളുടെ രണ്ടു മക്കളുടെയും മനസ്സിൽ യഹോവയോടുള്ള വളരുന്ന സ്നേഹം നട്ടുവളർത്തി. അടുത്തതായി ഫാത്തിമയുടെ മറ്റൊരു സഹോദരി പുഷ്പ സത്യത്തിൽവന്നു. 1990-ൽ അവൾ സമർപ്പണം നടത്തി സ്നാപനമേറ്റു. അവളുടെ ഭർത്താവ് ഏക ടോക്കിയോയിൽ ഒരു ഇംഗ്ലീഷ് സഭയോടൊത്തു സേവിക്കവേ പുഷ്പ തന്റെ ഇളയ മകൻ ആൽഫ്രഡിനെ യഹോവയുടെ വഴികളിൽ വളർത്തിക്കൊണ്ടുവരാൻ സഹായിച്ചു.
അങ്ങനെ രത്നം കുടുംബത്തിലെ പത്തു മക്കളിൽ നാലുപേർ ഇതിനോടകം സത്യാരാധനയ്ക്കുവേണ്ടി തങ്ങളുടെ നിലപാടു സ്വീകരിച്ചിരിക്കുന്നു. വേറെയും മൂന്നുപേർ തങ്ങളുടെ വ്യക്തിഗത ബൈബിളധ്യയനത്തിൽ നല്ല പുരോഗതി പ്രാപിക്കുന്നുവെന്നതു സന്തോഷജനകമാണ്. 11 പേരക്കിടാങ്ങളിൽ ഒരു പെൺകുട്ടി, പ്രദീപ സ്നാപനമേറ്റു കഴിഞ്ഞു. ഇളയവരിൽ മറ്റ് ഏഴുപേർ തങ്ങളുടെ ഭവന ബൈബിളധ്യയനത്തിലൂടെ ക്രമമായി പ്രബോധിപ്പിക്കപ്പെടുന്നു. അതിനുപുറമേ, അയൽപക്കത്തുള്ള താത്പര്യക്കാരായ ആളുകളോടൊപ്പം മൊത്തം 24 ഭവന ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുന്നു.
ഇതെല്ലാം അത്ര എളുപ്പം സംഭവിച്ചതല്ല. തുടക്കത്തിൽ കുടുംബ എതിർപ്പുകൾ ഉണ്ടായിരുന്നു. പിതാവ് മുത്തുപ്പിള്ളയും മൂത്ത സഹോദരൻമാരും ആരെങ്കിലും രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്നതിനെയും പരസ്യ പ്രസംഗവേലയിൽ ഏർപ്പെടുന്നതിനെയും വളരെയധികം എതിർത്തിരുന്നു. അതിനു ചില കാരണം വ്യക്തിപരമായ സുരക്ഷയായിരുന്നുവെന്നുവരികിലും, “ഞാൻ എന്നെ മുഴുവനായി ‘പുണ്യാളൻമാർക്കു’ സമർപ്പിച്ചിരുന്നു, കൂടാതെ, എന്റെ കുടുംബം കത്തോലിക്കാ സഭ വിടുന്നതിന് ഞാൻ അനുവദിച്ചില്ല” എന്നു മുത്തുപ്പിള്ള കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും, ഇപ്പോൾ അവർ സത്യ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കാരണം തങ്ങളുടെ വിശ്വാസം കൈവരുത്തിയിരിക്കുന്ന പ്രയോജനങ്ങൾ അദ്ദേഹത്തിനു കാണാൻ കഴിയുന്നുണ്ട്.
ഉദാഹരണത്തിന്, ഒരിക്കൽ അവരുടെ ബുദ്ധമതക്കാരനായ വീട്ടുടമ മന്ത്രവിദ്യ ഉപയോഗിച്ചുകൊണ്ട് അവരെ വീട്ടിൽനിന്ന് ഇറക്കാൻ ശ്രമിച്ചു. അയാൾ ഒരു രാത്രിയിൽ “മന്ത്രമോതിയ” നാരങ്ങ വീടിനുചുറ്റും വെച്ചിട്ടുപോയി. രത്നം കുടുംബത്തിന്റെമേൽ എന്തെങ്കിലും അത്യാഹിതം ഭവിക്കുമെന്നോർത്ത് അന്ധവിശ്വാസികളായ അയൽപക്കക്കാരെല്ലാം ഭയചകിതരായി. എന്നാൽ, ഇഗ്നാസിമൾ ഇതു കണ്ടുപിടിച്ചപ്പോൾ അവരും മക്കളും ചേർന്നു യാതൊരു ഭയമോ വിറയലോ കൂടാതെ നാരങ്ങ പെറുക്കിക്കളഞ്ഞു—അവർക്കു തിന്മയായിട്ടൊന്നും ഭവിച്ചില്ല. അവരുടെ ധീര പ്രവൃത്തി ആ പ്രദേശത്തു നല്ല സാക്ഷ്യമായി, ആളുകൾക്ക് അവരോടു വളരെ ആദരവുണ്ടായി. അടുത്ത നിരകളിലുള്ള വീടുകളിൽ രണ്ടു ബൈബിളധ്യയനം തുടങ്ങാൻ സ്റ്റെല്ലയ്ക്കു കഴിഞ്ഞു. ഇതിൽ പ്രോത്സാഹിതയായി മരുമകൾ നാസീറയും ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു.
തന്റെ കുടുംബത്തിലുണ്ടായ അനേക അനുഗ്രഹങ്ങൾ അനുസ്മരിച്ചുകൊണ്ട് ഇഗ്നാസിമൾ പറയുന്നു: “എന്റെ കുടുംബത്തിലെ ആത്മീയ വളർച്ചയിൽ ഞാൻ അതീവ സന്തുഷ്ടയാണ്. ഞങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു, കാരണം എതിർപ്പ് മയപ്പെട്ടു, കുടുംബ ഐക്യം വർധിക്കുകയും ചെയ്തിരിക്കുന്നു.”
ഈ വലിയ കുടുംബങ്ങൾ എത്ര അനുഗ്രഹമെന്നു തെളിഞ്ഞിരിക്കുന്നു. രാജ്യ സുവാർത്തയുടെ പ്രഘോഷണം “സമുജ്ജ്വല ദേശം” എന്നർഥമുള്ള ശ്രീലങ്കയിൽ ശീഘ്രഗതിയിലാക്കുന്നതിനു കഠിനമായി ശ്രമിക്കുന്ന ചെറിയ കുടുംബങ്ങളുടെ, അതായത് മാതാപിതാക്കളിൽ ഒരാൾ ഉള്ളതും ക്രിസ്ത്യാനിയായി ഒരാൾ മാത്രമുള്ളതുമായ കുടുംബങ്ങളുടെ സ്വരത്തോട്, അവർ തങ്ങളുടെ സ്വരം കൂട്ടിച്ചേർത്തിരിക്കുന്നു. ലോകവ്യാപകമായുള്ള തങ്ങളുടെ സഹ ക്രിസ്ത്യാനികളോടൊപ്പം ശ്രീലങ്കയിലെ സാക്ഷികൾ പറുദീസയുടെ പുനഃസ്ഥാപനത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. ശ്രീലങ്കയുടെ കടൽ തീരങ്ങളും പർവതങ്ങളും കാണുമ്പോൾ ഇപ്പോൾപോലും അതു നമ്മുടെ മനസ്സിൽ ഉണരുന്നു.
[അടിക്കുറിപ്പുകൾ]
a മുസ്ലീങ്ങളുടെയും ബുദ്ധരുടെയും ഹിന്ദുക്കളുടെയും ക്രൈസ്തവ മണ്ഡലത്തിന്റെയും പുരാണേതിഹാസങ്ങൾ അനുസരിച്ച് അവിടെയുള്ള ഒരു നിമ്നഭാഗം ആദാം, ബുദ്ധൻ, ശിവൻ, തോമാ “ശ്ലീഹ” എന്നിവരുടെ പാദമുദ്ര പതിഞ്ഞതാണെന്നാണു വിവക്ഷ.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
ശ്രീലങ്കയിൽ അനേകർ ക്രിസ്തീയ പ്രസംഗ-പഠിപ്പിക്കൽ വേലയോടു പ്രതികരിക്കുന്നുണ്ട്