ഹിമാലയത്തെക്കാൾ ഉയരംകൂടിയ ഒരു പർവതം കയറൽ
ഹിമാലയം! ആ വാക്കുകൾ നിങ്ങളുടെ മനസ്സിലുണർത്തുന്നതെന്താണ്? കൊടുങ്കാറ്റിന്റെ വേഗതയിൽ കാറ്റുവീശുന്ന, വിസ്മയാവഹമായ ഐസ് മൂടിയ കൊടുമുടികളോ? ഭൂമിയുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി അതിന്റെ തുഞ്ചത്തു നിലയുറപ്പിക്കുന്നതിലുള്ള രോമാഞ്ചമോ? നേപ്പാളിലുള്ള ഹിമാലയ പർവതനിരകളിലെ എവറസ്റ്റു കൊടുമുടി കയറുകയെന്നത് നമ്മിൽ മിക്കവർക്കും അസാധ്യമായ സംഗതിയാണ്. എങ്കിലും, ഇന്ന് നേപ്പാളിലുള്ള അനേകർ ഹിമാലയത്തെക്കാൾ ഉയരംകൂടിയ ഒരു പർവതം കയറുകയാണ്! ആ മഹത്തായ പർവതാരോഹണത്തെപ്പറ്റി അന്വേഷിച്ചറിയുന്നതിനുമുമ്പ് രാജഭരണമുള്ള, ചെറുതെങ്കിലും മനോഹരമായ നേപ്പാളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം.
നേപ്പാൾ—പർവത രാജ്യം
രാജഭരണമുള്ള നേപ്പാളിന് അതിന്റേതായ പ്രത്യേകതകളുണ്ട്. കാരണം അത് ലോകത്തിൽ അവശേഷിച്ചിരിക്കുന്ന ചുരുക്കംചില രാജവാഴ്ചകളിൽ ഒന്നാണ്. തന്നെയുമല്ല, അത് ഒരു മതപരമായ രാഷ്ട്രമാണ്, മതേതരമല്ല. ലോകത്തിലെ ഏക ഹൈന്ദവ രാഷ്ട്രം നേപ്പാളാണ്. അതിലെ രണ്ടു കോടി നിവാസികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. എന്നിരുന്നാലും, വളരെ വിഭിന്നമായ വംശോല്പത്തിയുള്ളവരാണ് അവിടത്തെ ജനങ്ങൾ. വടക്ക്, പർവത പ്രദേശത്തു ജീവിക്കുന്നവർ കൂടുതലും ടിബറ്റോ-ബർമക്കാരാണ്. അതേസമയം ദക്ഷിണ സമതലത്തിലുള്ളവർ കൂടുതലും ഇന്തോ-ആര്യൻ പശ്ചാത്തലമുള്ളവരാണ്. രാജ്യത്തിലെ ഔദ്യോഗിക ഭാഷയും 60 ശതമാനത്തിന്റെ മാതൃഭാഷയും നേപ്പാളിയാണ്. ശേഷിച്ചവർ 18-ലധികം വംശീയ ഭാഷ സംസാരിക്കുന്നു.
ഏതാണ്ട് ദീർഘചതുരാകൃതിയാണു നേപ്പാളിനുള്ളത്. കിഴക്കുനിന്നു പടിഞ്ഞാറോട്ട് 880 കിലോമീറ്ററും വടക്കുനിന്നു തെക്കോട്ട് 200 കിലോമീറ്ററും. ഭയാവഹമായ ഹിമാലയത്തിന്റെ വടക്കേ അതിർത്തിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, 8,848 മീറ്ററുള്ള പർവതശൃംഗമായ എവറസ്റ്റ് കൊടുമുടിയും 8,000 മീറ്ററിലധികം ഉയരമുള്ള വേറെ എട്ടു പർവതശൃംഗങ്ങളും ഉൾപ്പെടുന്നു. മധ്യ നേപ്പാളിലാണ് ഉയരം കുറഞ്ഞ പർവതങ്ങളും തടാകങ്ങളും താഴ്വരകളും ഉള്ളത്. തെക്ക് അങ്ങേയറ്റത്ത് ഇന്ത്യയുടെ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മുഖ്യ കൃഷിയിടം നിലകൊള്ളുന്നു.
മധ്യത്തിലായി സ്ഥിതിചെയ്യുന്ന തലസ്ഥാനമായ കാഠ്മണ്ഡു വിനോദസഞ്ചാരികളുടെ ഉല്ലാസ കേന്ദ്രമാണ്. തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾക്കു മുകളിലൂടെ വിമാന സഞ്ചാരം നടത്തുന്നതിനും വന്യജീവി സങ്കേതത്തിലേക്കു യാത്ര ചെയ്യുന്നതിനും അനേകം പ്രാദേശിക കാഴ്ചകൾ കാണുന്നതിനും അവിടെ സജ്ജീകരണമുണ്ട്. ചിലപ്പോഴെല്ലാം നേപ്പാളിനെ ദൈവങ്ങളുടെ താഴ്വരയെന്നു വിളിച്ചിരിക്കുന്നു, കാരണം മതം അവിടത്തെ ജനജീവിതത്തിൻമേൽ ഒരു വലിയ പങ്കു വഹിക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷങ്ങൾ ഹിമാലയത്തെക്കാൾ ഉയർന്ന “പർവതം” കയറുന്നതിന്റെ കാരണവും മതമാണ്.
ഏതാണ്ട് 2,700 വർഷങ്ങൾക്കുമുമ്പ് പ്രവാചകനായ യെശയ്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറയാൻ നിശ്വസ്തനായി: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിത”മായിത്തീരും. “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (യെശയ്യാവു 2:2, 3) ഇവിടെ യഹോവയുടെ, അഖിലാണ്ഡത്തിന്റെ സ്രഷ്ടാവും പരമോന്നത ഭരണാധിപതിയുമായവന്റെ, ഉന്നതമാക്കപ്പെട്ട നിർമലാരാധന പർവത സമാനമായ സകല ആരാധനയ്ക്കും മേലായി ഉയർത്തപ്പെട്ട ഒരു പർവതത്തോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു. യഹോവയുടെ വഴികളെപ്പറ്റിയുള്ള സത്യത്തിനായി വിശക്കുന്ന ജനങ്ങളെ സഹായിക്കുന്ന ലോകവ്യാപക വിദ്യാഭ്യാസ വേലയുടെ വിഷയം അതാണ്. നേപ്പാളിൽ ഈ വേലക്കു തുടക്കം കുറിച്ചതെങ്ങനെയാണ്?
ചെറിയ തുടക്കങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന ഒരു സൈനികൻ യഥാർഥ മതം അന്വേഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേപ്പാളികളായിരുന്ന ഹൈന്ദവ മാതാപിതാക്കൾ കത്തോലിക്കാ മതത്തിലേക്കു മതപരിവർത്തനം ചെയ്തിരുന്നു. അദ്ദേഹം വളർന്നപ്പോൾ വിഗ്രഹാരാധനയിലെ ഭോഷത്തം മനസ്സിലാക്കുകയും നരകാഗ്നി പോലുള്ള പഠിപ്പിക്കലുകൾ ത്യജിക്കുകയും പ്രൊട്ടസ്റ്റന്റ് സഭകളുടെ വിശ്വാസം പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു. എങ്കിലും അദ്ദേഹം സംതൃപ്തനായില്ല.
ഈ പടയാളിയെ അന്ന് റംഗൂൺ ആയിരുന്ന ബർമയിൽ ജപ്പാൻകാർ തടവിലാക്കി. സത്യാരാധനയുടെ അന്വേഷണം തുടരേണ്ടതിന് നിർബന്ധിത സേവന പാളയത്തിലെ നിഷ്ഠുരതകളെ അതിജീവിക്കാൻ ഈ പടയാളി പ്രാർഥിച്ചു. പിന്നീട്, തന്നെ പിടിച്ചുവെച്ചിരിക്കുന്നവരിൽനിന്ന് ഒരുവിധത്തിൽ രക്ഷപെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. തനിക്കു സഹായമരുളിയ ഒരു സ്കൂൾടീച്ചറിന്റെ വീട്ടിൽനിന്ന്, ജെ. എഫ്. റതർഫോർഡ് എഴുതിയ മരിച്ചവർ എവിടെ? എന്ന ചെറുപുസ്തകം അദ്ദേഹത്തിനു കിട്ടി. 1947-ൽ റംഗൂണിൽ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ സത്യത്തിന്റെ ധ്വനി തിരിച്ചറിഞ്ഞ അദ്ദേഹം ഉത്സാഹപൂർവം അധ്യയനത്തിനു സമ്മതിച്ചു. ഏതാനും മാസങ്ങൾക്കകം അദ്ദേഹം സ്നാപനമേററു, താമസിയാതെ അദ്ദേഹത്തിന്റെ ഭാര്യയും സ്നാപനമേററു. ഇന്ത്യയിലേക്കു മടങ്ങാൻ തീരുമാനിച്ച അവർ വടക്കു കിഴക്കു പർവതങ്ങളിലുള്ള തങ്ങളുടെ ജൻമനാടായ കാലിംപോങ്ങിലെത്തി അവിടെ താമസമാക്കി. അവിടെവെച്ച് അവരുടെ രണ്ടു കുട്ടികൾ ജനിക്കുകയും അവർക്കു വിദ്യാഭ്യാസം നൽകപ്പെടുകയും ചെയ്തു. 1970 മാർച്ചിൽ അവർ കാഠ്മണ്ഡുവിലേക്കു താമസംമാറ്റി.
നേപ്പാളിലെ ഭരണഘടന മതപരിവർത്തനം നിരോധിച്ചു. വിദേശമതം എന്നു പറയപ്പെടുന്ന മതം ഒരുവൻ പ്രചരിപ്പിക്കുന്നതായി കണ്ടാൽ അത് അയാളെ ഏഴുവർഷത്തെ തടവിന് അർഹനാക്കുമായിരുന്നു. കൂടാതെ, അത്തരമൊരു മതത്തിൽ ചേരുന്ന ഒരുവന് മൂന്നു വർഷത്തെ ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമായിരുന്നു. തൻമൂലം, സാക്ഷീകരണം ജാഗ്രതയോടെ നടത്തേണ്ടിയിരുന്നു. വീടുതോറുമുള്ള ശുശ്രൂഷ, ഒരു വീടു സന്ദർശിച്ചശേഷം അവിടം വിട്ട് മറ്റൊരു പ്രദേശത്തേക്കു മാറി അവിടെയുള്ള ഒരു വീടു സന്ദർശിക്കുന്നത് അർഥമാക്കി. സുവാർത്ത പരത്തുന്നതിൽ അനൗപചാരിക സാക്ഷീകരണം മുഖ്യമായ പങ്കു വഹിച്ചുവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
വളരെ പതുക്കെയായിരുന്നു പുരോഗതി. ഒരു കോടി ആളുകളുള്ള വയൽ നിരുത്സാഹജനകമായിത്തോന്നി. ഈ ഒറ്റ കുടുംബം സുഹൃത്തുക്കൾക്കും പരിചയമുള്ളവർക്കും സഹപ്രവർത്തകർക്കും സാക്ഷ്യം നൽകിക്കൊണ്ട് സത്യത്തിന്റെ വിത്തുകൾ പാകി. അവർ തങ്ങളുടെ വീട്ടിൽ ക്രമമായി യോഗങ്ങൾ നടത്തുകയും താത്പര്യക്കാരെ ക്ഷണിക്കുകയും ചെയ്തു. ഒടുവിൽ, നാലുവർഷത്തെ തുടർച്ചയായുള്ള നടീലിനും നനയ്ക്കലിനും ശേഷം 1974 മാർച്ചിൽ നേപ്പാളിൽ ആദ്യ ഫലം കായിച്ചു—അതും അപ്രതീക്ഷിതമായ ഒരു ഉറവിൽനിന്ന്!
ഒരു വീടു സന്ദർശിച്ചപ്പോൾ ഒരു രാജകീയ കുടുംബാംഗത്തിന്റെ സെക്രട്ടറിയായിരുന്ന ഒരു ധനികനോട് പ്രസാധകൻ സംസാരിച്ചു. “എന്റെ മകനോടു സംസാരിക്ക്,” അയാൾ പറഞ്ഞു. മകൻ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ചൂതാട്ടസ്ഥലത്തു തൊഴിൽ ചെയ്തിരുന്നതിനാൽ അദ്ദേഹം ആ തൊഴിൽ വിട്ടു. ഒരു അർപ്പിത ഹിന്ദുവായിരുന്ന പിതാവ് അദ്ദേഹത്തെ എതിർത്തു. എന്നിട്ടും, ഈ യുവാവ് യഹോവക്കുവേണ്ടി നിലകൊണ്ടു. ഫലമോ? അദ്ദേഹത്തിന്റെ പിതാവ് പിന്നീട് എതിർപ്പു നിർത്തിയെന്നു മാത്രമല്ല, ഉറ്റ ബന്ധുക്കളുടെ ഒരു കൂട്ടം ബൈബിൾ സത്യം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായി സേവനമനുഷ്ഠിക്കുന്നു.
ആത്മീയമായി ബലിഷ്ഠരാകുന്നതിനും ഒരുമിച്ചുള്ള കൂടിവരവ് ഉപേക്ഷിക്കരുത് എന്ന കൽപ്പനക്ക് അനുസരണവുമായി കാഠ്മണ്ഡുവിലുള്ള ചെറിയ കൂട്ടം ഒരു സ്വകാര്യ ഭവനത്തിൽ ക്രമമായി യോഗം കൂടി. എങ്കിലും വലിയ കൂട്ടങ്ങളിൽ മിക്ക സഹോദരങ്ങൾക്കും പങ്കെടുക്കാനായില്ല. അതിനു വകയുള്ളവർ സമ്മേളനങ്ങൾക്കുവേണ്ടി ഇന്ത്യയിലേക്കു യാത്ര ചെയ്തു—പർവത പ്രദേശങ്ങളിലൂടെ ദീർഘമായ, ചെലവുള്ള യാത്ര.
അവർ യോഗങ്ങൾ കൂടിക്കൊണ്ടിരുന്ന വീട്ടിൽ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മുഴു പരിപാടിയും അവതരിപ്പിച്ചപ്പോൾ അത് എന്തോരു സന്തോഷപ്രദമായ സന്ദർഭമായിരുന്നു! ഇന്ത്യാബ്രാഞ്ചിലെ ഒരംഗമുൾപ്പെടെ നാലു സഹോദരങ്ങൾ മുഴു പരിപാടിയും കൈകാര്യം ചെയ്യുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! ബൈബിൾ നാടകം പോലും ഉണ്ടായിരുന്നു. എങ്ങനെ? ഇന്ത്യയിൽ ഒരു ഡ്രസ്സ് റിഹേഴ്സലിൽവെച്ച് സ്ലൈഡുകൾ എടുത്തിരുന്നു. നേപ്പാളിൽ ഈ സ്ലൈഡുകൾ ഒരു സ്ക്രീനിൽ പ്രദർശിപ്പിച്ചു, ഒപ്പം ടേപ്പ് ചെയ്ത സംഭാഷണങ്ങളും. സദസ്സിന് അതു വളരെ ഇഷ്ടമായി. സദസ്സിന്റെ വലിപ്പമോ? പതിനെട്ടു പേർ!
പ്രസംഗവേലയിൽ രാജ്യത്തിനു വെളിയിൽനിന്നുള്ള സഹായം പരിമിതമായിരുന്നു. മിഷനറി വേല സാധ്യമേ അല്ലായിരുന്നു. വിദേശികൾക്കു ലൗകിക തൊഴിൽ ലഭിക്കുന്നതും എളുപ്പമായിരുന്നില്ല. എന്നിരുന്നാലും ഇന്ത്യാക്കാരായ രണ്ടു സാക്ഷികൾക്കു നേപ്പാളിൽ വ്യത്യസ്ത സമയങ്ങളിൽ തൊഴിൽ ലഭിക്കുകയുണ്ടായി. അവർ നേപ്പാളിൽ പല വർഷങ്ങൾ ചെലവഴിക്കുകയും പുതുതായി രൂപീകരിച്ച സഭയെ കെട്ടുപണിചെയ്യുകയും ചെയ്തു. 1976-ൽ കാഠ്മണ്ഡുവിൽ 17 രാജ്യപ്രസാധകർ ഉണ്ടായിരുന്നു. 1985-ൽ സഹോദരങ്ങൾ തങ്ങളുടെ സ്വന്തം രാജ്യഹാൾ പണിതു. അതിന്റെ പണി പൂർത്തിയായപ്പോൾ വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും മറ്റു സമ്മേളനങ്ങളും അവിടെ ക്രമമായി നടക്കാൻ തുടങ്ങി. ആ ഹാൾ വാസ്തവമായും വിദൂര പർവതപ്രദേശത്ത് നിർമലാരാധനയുടെ കേന്ദ്രമായിരുന്നു.
ബുദ്ധിമുട്ടുകൾക്കു മധ്യേയും വികസനം
ആ ആദ്യ വർഷങ്ങളിൽ വളരെ ജാഗ്രതയോടെ നടത്തിയ പ്രസംഗവേല അത്രയധികമൊന്നും അധികാരികളുടെ ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും, 1984-ന്റെ അവസാനത്തോടെ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി. ഒരു സഹോദരനെയും മൂന്നു സഹോദരിമാരെയും അറസ്റ്റുചെയ്ത് നാലു ദിവസത്തേക്കു കസ്റ്റഡിയിൽ വയ്ക്കുകയും അവരുടെ പ്രവർത്തനങ്ങൾ തുടരരുത് എന്ന മുന്നറിയിപ്പോടെ വിട്ടയയ്ക്കുകയുമുണ്ടായി. ഒരു ഗ്രാമത്തിൽ ഒമ്പതു വ്യക്തികളെ അവരുടെ വീട്ടിൽ ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്നപ്പോൾ അറസ്റ്റുചെയ്യുകയുണ്ടായി. ആറു പേരെ 43 ദിവസം തടവിൽ വെച്ചിരുന്നു. പല അറസ്റ്റുകളും നടന്നെങ്കിലും നിയമപരമായ നടപടികളൊന്നും എടുക്കുകയുണ്ടായില്ല.
ഈ അടുത്തകാലത്ത്, അതായത് 1989-ൽ ഒരു സഭാ പുസ്തകാധ്യയന കൂട്ടത്തിലെ സകല സഹോദരീസഹോദരൻമാരെയും അറസ്റ്റുചെയ്തു മൂന്നു ദിവസത്തേക്കു തടവിൽ വച്ചശേഷം വിട്ടയച്ചു. തങ്ങൾ പ്രസംഗിക്കുകയില്ല എന്ന ഒരു പ്രസ്താവനയിൽ ഒപ്പിടാൻ ചിലപ്പോഴൊക്കെ അവരോട് ആവശ്യപ്പെടുമായിരുന്നു. അവർ നിരസ്സിച്ചു. പ്രസംഗിക്കുന്നതായി പിടിച്ചാൽ അതിന്റെ പരിണതഫലം അഭിമുഖീകരിക്കാൻ തയ്യാറാണെന്ന ഒരു പ്രസ്താവനയിൽ ഒപ്പിട്ടശേഷം മാത്രമേ ചിലരെ വിടുവിക്കുകയുണ്ടായുള്ളൂ.
അത്തരം ബുദ്ധിമുട്ടുകളുടെ മധ്യേയും സഹോദരങ്ങൾ രാജ്യ സുവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ തുടർന്നു. ഉദാഹരണത്തിന്, 1985-ൽ ഗവൺമെന്റ് ഇടപെടാൻ തുടങ്ങിയശേഷം പ്രസംഗിച്ചവരുടെ സംഖ്യയിൽ 21 ശതമാനം വർധനവ് ഉണ്ടായി. നിർമലാരാധനയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് 35 പ്രസാധകർ ഒരു മാസം ശരാശരി 20 മണിക്കൂർ ചെലവഴിച്ചു.
സമയം പിന്നിട്ടതോടെ നേപ്പാളിൽ രാഷ്ട്രീയ വ്യതിയാനങ്ങളുടെ കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ ഭീഷണിയല്ലെന്നു ഗവൺമെന്റ് അധികാരികൾ തിരിച്ചറിയാൻ തുടങ്ങി. വാസ്തവത്തിൽ അവരുടെ ബൈബിൾ വിദ്യാഭ്യാസ വേല ജനങ്ങളിൽ പരിപുഷ്ടി പകരുന്ന ഫലം ചെലുത്തി, അത് അവരെ മെച്ചപ്പെട്ട പൗരൻമാരാക്കി. സത്യസന്ധതയും കഠിനാധ്വാനവും നേരുള്ള ധാർമിക പെരുമാറ്റവും യഹോവയുടെ ആരാധകരുടെ അടിസ്ഥാന നിബന്ധനകളായി ഊന്നിപ്പറയുന്നത് അധികാരികൾ കണ്ടു.
മുൻ സമർപ്പിത ഹിന്ദുവായിരുന്ന ഒരു സ്ത്രീ സാക്ഷിയായിത്തീരുകയും രക്തപ്പകർച്ച വിസമ്മതിക്കുകയും ചെയ്തപ്പോൾ ഒരു നല്ല സാക്ഷ്യം നൽകപ്പെടുകയുണ്ടായി. അവരുടെ ദൃഢമായ, നല്ല ബോധ്യമുള്ള നിലപാട് ഡോക്ടർമാരെ ആശ്ചര്യപ്പെടുത്തി. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രികയുടെ സഹായത്തോടെ സത്യം പഠിക്കാൻ ഈ സ്ത്രീക്കു സഹായം നൽകപ്പെട്ടു. കുടുംബത്തിൽനിന്നുള്ള എതിർപ്പും പരിഹാസവും വകവയ്ക്കാതെ അവർ 1990-ൽ 70-ാം വയസ്സിൽ സ്നാപനമേറ്റു. പിന്നീട്, അവരുടെ കാലൊടിഞ്ഞു, വേറെയും പ്രശ്നങ്ങൾ ഉണ്ടായി. തൻമൂലം വലിയ ഓപ്പറേഷനു വിധേയയായി. രക്തം സ്വീകരിക്കാൻ പറഞ്ഞുകൊണ്ടുള്ള ഡോക്ടർമാരുടെയും ബന്ധുക്കളുടെയും സമ്മർദത്തെ അവർ രണ്ടാഴ്ച ചെറുത്തുനിന്നു. ഒടുവിൽ ഓപ്പറേഷൻ സംഘം രക്തം കൂടാതെ വിജയകരമായി അവർക്ക് ഓപ്പറേഷൻ നടത്തി. ഇപ്പോൾ ചലന പ്രാപ്തി പരിമിതമാണെന്നു വരികിലും ഈ വിശ്വസ്ത സഹോദരി ദിവസേന രാവിലെ തന്റെ ഗേറ്റിങ്കൽ ഇരുന്നുകൊണ്ട് തന്റെ സമീപമിരുന്ന് ആസ്വാദ്യമായ സുവാർത്ത കേൾക്കാൻ കടന്നുപോകുന്നവരെ ക്ഷണിക്കുന്നു.
നേപ്പാൾ ഇന്ന്
ഇന്നു നേപ്പാൾ എങ്ങനെയുണ്ട്? യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായ തങ്ങളുടെ സഹോദരങ്ങളെപ്പോലെ ആരാധന നടത്തുന്നതിന് ഒരുവിധം നല്ല സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ആലങ്കാരിക പർവതാരോഹകർ സത്യാരാധനയുടെ പർവതാരോഹകരോടു ചേരാൻ തുടങ്ങിയതു മുതൽ ജനങ്ങളുടെ ഒരു വർധിച്ച സംഖ്യ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘വരുവിൻ, നമുക്കു യഹോവയുടെ പർവതത്തിലേക്കു . . . കയറിച്ചെല്ലാം.’ 1989-ഓടെ ഓരോ മാസവും ശരാശരി 43 പേർ പ്രസംഗവേലയിൽ പങ്കെടുക്കുകയും 204 പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ആ വർഷം ഹാജരാകുകയും ചെയ്തു.
പിന്നീട്, വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ തന്റെ ഭവനത്തിലേക്കു സത്യാന്വേഷികളെ ധൃതഗതിയിൽ കൂട്ടിച്ചേർക്കാൻ തുടങ്ങി. (യെശയ്യാവു 60:22) അധികം താമസിയാതെ കാഠ്മണ്ഡുവിൽ രണ്ടാമതൊരു സഭ രൂപീകൃതമായി, തലസ്ഥാനത്തിനു വെളിയിലായി ഇപ്പോൾ രണ്ട് ഒറ്റപ്പെട്ട കൂട്ടങ്ങളും രൂപം കൊണ്ടിരിക്കുന്നു. 1994 ഏപ്രിലിൽ 153 ക്രിസ്ത്യാനികൾ പ്രസംഗവേലയിൽ ഏർപ്പെട്ടതായി റിപ്പോർട്ടു ചെയ്തു—അഞ്ചു വർഷത്തിനകം 350 ശതമാനം വർധനവ്! അവർ താത്പര്യക്കാരായ ക്രിസ്ത്യാനികളോടൊപ്പം 386 ഭവന ബൈബിളധ്യയനം നടത്തുകയുണ്ടായി. 1994-ലെ സ്മാരക ഹാജർ കോരിത്തരിപ്പിക്കുന്നതായിരുന്നു, 580 പേർ. ഒരു പ്രത്യേക സമ്മേളന ദിനത്തിൽ 635 ആളുകളെക്കൊണ്ട് ഹാൾ നിറഞ്ഞു, 20 പേർ സ്നാപനമേറ്റു. തൻമൂലം, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ആസ്വദിക്കുന്ന വലിയ വർധനവ് ഈ കൊച്ചു നേപ്പാളിലും സംഭവിച്ചുകൊണ്ടിരിക്കയാണ്.
നേപ്പാളി ഭാഷയിലെ സാഹിത്യങ്ങൾ അടുത്തകാലത്തായി വളരെയധികം വർധിച്ചിരിക്കുന്നു. അത് സത്യത്തെ മുറുകെപ്പിടിക്കാൻ താഴ്മയുള്ളവരെ സഹായിക്കുന്നു. പരിഭാഷാ സമ്പ്രദായത്തിലും കമ്പ്യൂട്ടർ ഉപയോഗത്തിലും ഇന്ത്യാബ്രാഞ്ചിൽനിന്നു പരിശീലനം ലഭിച്ച പരിഭാഷകർ ഇപ്പോൾ കാഠ്മണ്ഡുവിൽ മുഴുസമയം സേവിക്കുന്നു. വികസനത്തിനു തയ്യാറെടുത്തുകൊണ്ട് നേപ്പാളിന്റെ ദിവ്യാധിപത്യ പർവതാരോഹകർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്!
ഹിമാലയത്തെക്കാൾ ഉയർന്ന കയറ്റം
ഹിമാലയത്തെക്കാൾ ഉയരംകൂടിയ പർവതത്തിലേക്കുള്ള കയറ്റം നിങ്ങൾക്കും ആസ്വദിക്കാം. അതു ചെയ്യുന്നതിലൂടെ നിങ്ങൾ നേപ്പാളിലുള്ളവരോടു മാത്രമല്ല “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ലക്ഷക്കണക്കിന് ആളുകളോടും ഒന്നുചേരുകയാണ്. (വെളിപ്പാടു 7:9) നേപ്പാളിലെപ്പോലെ ഗാംഭീര്യം മുറ്റിയ പർവതങ്ങളുടെ സ്രഷ്ടാവിനാൽ പ്രബോധിപ്പിക്കപ്പെടുന്നതു നിങ്ങൾ ആസ്വദിക്കും. സ്രഷ്ടാവ് ‘കാര്യങ്ങൾ നേരെയാക്കു’ന്നതു നിങ്ങൾ കാണും. കൂടാതെ, ശുദ്ധീകരിക്കപ്പെട്ടതും മനോഹരമാക്കപ്പെട്ടതുമായ ഒരു ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനായി നിങ്ങൾക്കു നോക്കിപ്പാർത്തിരിക്കാം.—യെശയ്യാവ് 2:4, NW.
[24-ാം പേജിലെ ഭൂപടം]
പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക
കാഠ്മണ്ഡു
എവറസ്റ്റ് കൊടുമുടി
[25-ാം പേജിലെ ചിത്രം]
കാഠ്മണ്ഡുവിൽ രാജ്യഹാളിനു വെളിയിൽ
[26-ാം പേജിലെ ചിത്രം]
ബൈബിളധ്യയനങ്ങളിൽനിന്ന് അനേകം നേപ്പാളികൾ പ്രയോജനമനുഭവിക്കുന്നു