വളരെ വിലയേറിയ ഒരു മുത്ത് ഞങ്ങൾക്കു നൽകപ്പെട്ടു
റിച്ചർഡ് ഗുന്തർ പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തമ്പത്തൊമ്പത് സെപ്ററംബർ. അററ്ലാൻറിക് സമുദ്രം കുറുകെക്കടന്ന് ന്യൂയോർക്കിൽനിന്നു സ്പെയിനിലെ കാഡിസിലേക്കു പോകുന്ന ജൂലിയോ സീസർ എന്ന കപ്പലിലായിരുന്നു ഞങ്ങൾ. വാച്ച് ടവർ സൊസൈററി എന്നെയും ഒപ്പം ഭാര്യ റീററയെയും മറെറാരു മിഷനറി ദമ്പതികളായ പോൾ ഹണ്ടർട്ട്മാർക്കിനെയും എവ്ലിൻ ഹണ്ടർട്ട്മാർക്കിനെയും ആ ഐബീരിയൻ (മെഡിറ്ററേനിയനും അറ്റ്ലാന്റിക്കിനും ഇടയിലുള്ള) രാജ്യത്തേക്കു നിയമിച്ചു. ഞങ്ങൾ അനേകം വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പോവുകയായിരുന്നു. എന്നാൽ ഞങ്ങൾ ഒരു മിഷനറി സേവനത്തിൽ പ്രവേശിച്ചത് എങ്ങനെയാണ്?
റീററയും ഞാനും 1950-ൽ ന്യൂജേഴ്സി, യു.എസ്.എ.യിൽവച്ച് യഹോവയുടെ സാക്ഷികളായി സ്നാപനമേററു. അതിനുശേഷം പെട്ടെന്നുതന്നെ, വളരെ വിലയേറിയ ഒരു മുത്ത് ക്രമേണ ഞങ്ങളെ ഏൽപ്പിക്കുന്ന ഒരു നിർണയം ഞങ്ങളെടുത്തു. പ്രദേശത്തു സേവനമനുഷ്ഠിക്കാൻ ആവശ്യത്തിനു സഹോദരീസഹോദരൻമാരുണ്ടായിരുന്ന ഒരു സഭയിലായിരുന്നു ഞങ്ങൾ. തൻമൂലം പ്രസംഗകരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിന് ഏൽപ്പിച്ചുകൊടുക്കാൻ ഞങ്ങൾക്കു കടപ്പാടുതോന്നി. 1958-ലെ വേനൽക്കാലത്തു ന്യൂയോർക്ക് സിററിയിൽ നടന്ന സാർവദേശീയ കൺവെൻഷനിൽവെച്ചു ഞങ്ങൾ മിഷനറി സേവനത്തിന് അപേക്ഷിച്ചു.
അതിനുശേഷം പെട്ടെന്നുതന്നെ, ഞങ്ങൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്കു ക്ഷണിക്കപ്പെടുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽത്തന്നെ ഞങ്ങൾ മിഷനറിമാരായി സ്പെയിനിലേക്കു യാത്രതിരിച്ചു. പല ക്രമീകരണങ്ങളിലും ഉൾപ്പെട്ട് ആവേശത്തിമർപ്പിൽ മുങ്ങിപ്പോയതിനാൽ, ഞങ്ങളെ ഏൽപ്പിച്ചിരുന്നതെന്താണെന്ന് അപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞില്ല. യേശു വളരെ വിലയേറിയ ഒരു മുത്തിനെക്കുറിച്ചു പറഞ്ഞിരുന്നു. (മത്തായി 13:45, 46) അവന്റെ ദൃഷ്ടാന്തത്തിലെ ആശയം മിഷനറി സേവനമായിരുന്നില്ല, എങ്കിലും മിഷനറിമാരായി സേവിക്കുക എന്ന ഞങ്ങളുടെ പദവി ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്തരമൊരു മുത്തിനു സദൃശമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ, യഹോവയുടെ സ്ഥാപനത്തിൽ സേവിക്കാനുള്ള വിലയേറിയ പദവിയുടെ മൂല്യം ഞങ്ങൾ ഇപ്പോൾ കൂടുതലായി വിലമതിക്കുന്നു.
ഒരു സ്മരണീയ അനുഭവം
അന്ന് മിഷനറി കോഴ്സ് നടത്തിയിരുന്നത് ന്യൂയോർക്ക് സ്റേറററിൽ മനോഹരമായ ഗ്രാമീണ ചുററുപാടുകളുള്ള ഫിങ്കർ ലേക്സ് പ്രദേശത്തായിരുന്നു. ലോക കാര്യങ്ങളിൽനിന്നും കുഴപ്പങ്ങളിൽനിന്നും അകന്ന് ബൈബിൾ പഠനത്തിലും യഥാർഥ ക്രിസ്തീയ സഹവാസത്തിലും പൂർണമായി ആമഗ്നരായി ഞങ്ങൾ അവിടെ മഹത്തായ ആറു മാസം ചെലവഴിച്ചു. ഞങ്ങളുടെ സഹപാഠികൾ, ഓസ്ട്രേലിയ, ബൊളീവിയ, ബ്രിട്ടൻ, ഗ്രീസ്, ന്യൂസിലാൻഡ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. പെട്ടെന്നുതന്നെ ബിരുദദാന ദിനം സമാഗതമായി. 1959 ആഗസ്റ്റിൽ അതാതു മിഷനറി നിയമനങ്ങളിൽ ഏർപ്പെടാൻവേണ്ടി കപ്പൽ കയറുമ്പോൾ നിറകണ്ണുകളോടെ ഞങ്ങൾ വിടപറഞ്ഞു. ഒരു മാസത്തിനുശേഷം ഞങ്ങൾ സ്പാനിഷ് മണ്ണിൽ കാലുകുത്തി.
ഒരു പുതിയ സംസ്കാരം
ഭീമമായ ജിബ്രാൾട്ടർ പാറയുടെ സമീപത്തുള്ള അൾജസിറസ് തുറമുഖത്തു ഞങ്ങൾ കപ്പലിറങ്ങി. അന്നു രാത്രി ഞങ്ങൾ നാലുപേരും, ഞാനും റീറ്റയും ഹണ്ടർട്ട്മാർക്കുമാരും, ട്രെയിനിൽ മഡ്രിഡിലേക്കു യാത്രതിരിച്ചു. ഞങ്ങൾ മെർക്കാഡോർ എന്ന ഹോട്ടലിലേക്കു പോയി. സൊസൈറ്റിയുടെ രഹസ്യ ബ്രാഞ്ചിലെ അംഗങ്ങളുമായി ബന്ധപ്പെടുന്നതുവരെ ഞങ്ങൾ അവിടെ കാത്തിരുന്നു. സ്പെയിൻ മഹാസേനാപതി ഫ്രാൻസിസ്കൊ ഫ്രാങ്കൊയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. രാജ്യത്ത് നിയമപരമായ അംഗീകാരമുള്ള ഏക മതം റോമൻ കത്തോലിക്കാ സഭയാണെന്ന് അത് അർഥമാക്കി. വേറെ ഏതെങ്കിലും മതം പരസ്യമായി അനുഷ്ഠിക്കുന്നതു നിയമവിരുദ്ധമായിരുന്നു, യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള പ്രസംഗവേലയും നിരോധിച്ചിരിക്കയായിരുന്നു. മതപരമായ യോഗങ്ങൾപോലും നിഷിദ്ധമായിരുന്നു. തൻമൂലം, സ്പെയിനിൽ 30 സഭകളിലായി ഉണ്ടായിരുന്ന 1,200-ഓളം വരുന്ന യഹോവയുടെ സാക്ഷികൾക്ക് മറ്റു രാജ്യങ്ങളിലെപ്പോലെ രാജ്യഹാളുകളിൽ യോഗംകൂടാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് സ്വകാര്യ വീടുകളിൽ രഹസ്യമായി യോഗം കൂടേണ്ടിവന്നു.
സ്പാനിഷ് ഭാഷ പഠിക്കലും തുടക്കമിടലും
ഭാഷ പഠിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വെല്ലുവിളി. ആദ്യ മാസം സ്പാനിഷ് ഭാഷ പഠിച്ചുകൊണ്ട് ദിവസം 11 മണിക്കൂർ വീതം—അതിരാവിലെ 4 മണിക്കൂർ ക്ലാസിലും പിന്നത്തെ 7 മണിക്കൂർ ഞങ്ങൾ തന്നെയും—ചെലവഴിച്ചു. രണ്ടാമത്തെ മാസം രാവിലത്തെ പട്ടിക അതുതന്നെയായിരുന്നു, എന്നാൽ ഉച്ചതിരിഞ്ഞുള്ള സമയം വീടുതോറുമുള്ള പ്രസംഗവേലയ്ക്കായി മാറ്റിവച്ചു. നിങ്ങൾക്കത് ഊഹിക്കാനാവുമോ? നോക്കൂ! അപ്പോഴും ഭാഷ അറിഞ്ഞുകൂടാതെ, ഒരു കാർഡിൽ എഴുതിയ, മനഃപാഠമാക്കിയ ഏതാനും മുഖവുരയുമായി വീടുതോറുമുള്ള വേലയിൽ ഞാനും റീറ്റയും തനിയെ ഏർപ്പെട്ടു!
മഡ്രിഡിലെ തൊഴിൽ മേഖലകളിലൊന്നായ വായേക്കസിൽ ഒരു വീട്ടുവാതിൽക്കൽ മുട്ടുന്നത് ഞാൻ ഓർക്കുന്നു. മറന്നുപോയെങ്കിലോ എന്നു കരുതി കാർഡ് കയ്യിൽ പിടിച്ചുകൊണ്ട്, സ്പാനിഷ് ഭാഷയിൽ ഞാൻ പറഞ്ഞു: “നമസ്കാരം. ഞങ്ങളൊരു ക്രിസ്തീയവേല ചെയ്യുകയാണ്. ബൈബിൾ ഇങ്ങനെ പറയുന്നു (ഞങ്ങൾ തിരുവെഴുത്തു വായിക്കും). നിങ്ങൾ ഈ ചെറുപുസ്തകം എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കൊള്ളാം, ആ സ്ത്രീ ഒന്നു നോക്കി, എന്നിട്ട് ചെറുപുസ്തകം എടുത്തു. ഞങ്ങൾ മടക്കസന്ദർശനം നടത്തിയപ്പോൾ അവർ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ഞങ്ങൾ സംസാരിച്ചപ്പോൾ അവർ നോക്കുക മാത്രം ചെയ്തു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട് ഞങ്ങൾ അവരോടൊപ്പം ഒരു ബൈബിളധ്യയനം തുടങ്ങി. അധ്യയനം നടത്തുമ്പോൾ അവർ കേൾക്കുകയും നോക്കുകയും മാത്രം ചെയ്തു. ഒടുവിൽ, ഞങ്ങളുടെ ആദ്യ സന്ദർശനത്തിൽ ഞങ്ങൾ പറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ല, എന്നാൽ ദിയോസ് (ദൈവം) എന്ന പദം കേട്ടു, എന്തോ ഒരു നല്ല കാര്യമാണെന്നു മനസ്സിലാക്കാൻ അവർക്കതു ധാരാളം മതിയായിരുന്നു എന്ന് കുറേ നാൾ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു. ക്രമേണ അവർ ഗണ്യമായ അളവിൽ ബൈബിൾ പരിജ്ഞാനം നേടിയെടുക്കുകയും സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്തു.
സ്പാനിഷ് ഭാഷ പഠിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം ദുഷ്കരമായിരുന്നു. നഗരത്തിൽ യാത്ര ചെയ്യുമ്പോൾ, സമുച്ചയ ക്രിയാരൂപങ്ങൾ ഞാൻ മനഃപാഠമാക്കുക പതിവായിരുന്നു. ഒരാഴ്ച മനഃപാഠം പഠിച്ചത് അടുത്തയാഴ്ച ആകുമ്പോഴേക്കും മറന്നുപോയിരിക്കും! വളരെ നിരുത്സാഹം തോന്നി. പഠനം ഉപേക്ഷിച്ചാലോ എന്നു പലവട്ടം വിചാരിച്ചു. എന്റെ സ്പാനിഷ് തീരെ മോശമായിരുന്നതിനാൽ സ്പെയിൻകാരായ സഹോദരങ്ങളുടെയിടയിൽ നേതൃത്വമെടുക്കുമ്പോൾ അവർ വളരെ ക്ഷമയുള്ളവരായിരിക്കേണ്ടിയിരുന്നു. ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്ലാറ്റ്ഫോമിൽനിന്നു വായിക്കുന്നതിന് ഒരു സഹോദരൻ കൈകൊണ്ടെഴുതിയ ഒരു അറിയിപ്പ് എന്നെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യക്ഷരം വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ഞാൻ അറിയിപ്പു നൽകി: “നാളെ സ്റ്റേഡിയത്തിലേക്ക് നിങ്ങളുടെ മ്യൂലറ്റസ് (ഊന്നുവടി) കൊണ്ടുവരിക.” വാസ്തവത്തിൽ, “നാളെ സ്റ്റേഡിയത്തിലേക്ക് നിങ്ങളുടെ മാലറ്റസ് (യാത്രാസാമാനങ്ങൾ) കൊണ്ടുവരിക” എന്നായിരുന്നു വായിക്കേണ്ടിയിരുന്നത്. കൂടിയിരുന്നവർ ചിരിച്ചു, ഞാൻ നാണംകെട്ടുപോയെന്നു പ്രത്യേകം പറയണ്ടല്ലോ.
മഡ്രിഡിലെ ആദ്യ പരിശോധനകൾ
മഡ്രിഡിലെ ആദ്യത്തെ ഏതാനും വർഷങ്ങൾ എന്നെയും റീറ്റയെയും സംബന്ധിച്ചിടത്തോളം വൈകാരികമായിപ്പറഞ്ഞാൽ വളരെ ദുഷ്കരമായിരുന്നു. ഞങ്ങൾക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭാവം വളരെയധികം അനുഭവപ്പെട്ടു. ഐക്യനാടുകളിൽനിന്ന് എപ്പോൾ കത്തുകിട്ടിയാലും ഗൃഹവിരഹദുഃഖത്തിന്റെ അലകൾ ഞങ്ങളെ മൂടിപ്പൊതിയുകയായി. ഗൃഹവിരഹദുഃഖത്തിന്റെ ആ കാലഘട്ടങ്ങൾ ആശങ്കാകുലമായിരുന്നു, എന്നാൽ അവ കടന്നുപോയി. എന്തിന്, വളരെ വിലയേറിയ ഒരു മുത്തിനുവേണ്ടി ഞങ്ങൾ വീട്, കുടുംബം, സുഹൃത്തുക്കൾ ഇവയെല്ലാം അതാതു സ്ഥാനത്തു വിട്ടിട്ടുപോന്നതാണല്ലോ. ഞങ്ങൾ പൊരുത്തപ്പെട്ടു പോകേണ്ട ആവശ്യമുണ്ടായിരുന്നു.
മഡ്രിഡിൽ തുടക്കത്തിൽ ഞങ്ങളുടെ താമസം വൃത്തികെട്ട ഒരു ബോർഡിങ്ങിലായിരുന്നു. ഞങ്ങൾക്കു താമസിക്കാനുള്ള മുറിയും ദിവസം മൂന്നുനേരം ഭക്ഷണവും ലഭിച്ചിരുന്നു. അതൊരു ചെറിയ, ഇരുണ്ട മുറിയായിരുന്നു. വൈക്കോൽകൊണ്ടുള്ള കിടക്കകളും. ഞങ്ങളുടെ പരിമിതമായ അലവൻസ് അതാതു മാസത്തെ വാടകക്കേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ സാധാരണ ഉച്ചഭക്ഷണം അവിടെയാണു കഴിച്ചുപോന്നത്. വീട്ടുടമസ്ഥ അത്താഴം ചൂടു നിൽക്കുന്ന ഒരു പാത്രത്തിൽ സൂക്ഷിച്ചു വെക്കുമായിരുന്നതുകൊണ്ട് രാത്രി ഏറെ വൈകിയും ഞങ്ങൾക്ക് കഴിക്കാനെന്തെങ്കിലും ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും, പകലും വൈകുന്നേരവും പ്രസംഗവേലക്കായി നടന്നു നടന്നു ഞങ്ങൾക്കു നന്നായി വിശക്കുമായിരുന്നു. അലവൻസ് മിച്ചം വരാത്തപ്പോൾ ഞങ്ങൾ ഞങ്ങളുടെ വ്യക്തിപരമായ പരിമിത ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഏറ്റവും താണതരം ചോക്ലേറ്റ് ബാർ വാങ്ങിക്കഴിക്കുമായിരുന്നു. എന്നിരുന്നാലും, സൊസൈറ്റിയുടെ മേഖലാമേൽവിചാരകന്റെ സന്ദർശനത്തോടെ ഈ സാഹചര്യത്തിനു പെട്ടെന്നുതന്നെ മാറ്റം വന്നു. അദ്ദേഹം ഞങ്ങളുടെ പരിതാപസ്ഥിതികണ്ടിട്ട് മിഷനറി ഭവനമായി ഉപയോഗിക്കാൻപോന്നവിധം ഒരു പുതിയ അപ്പാർട്ടുമെന്റു തിരഞ്ഞുകൊള്ളാൻ ഞങ്ങളോടു പറഞ്ഞു. കൊള്ളാം, അത് അടുക്കളയുടെ കോണിൽ ഒരു സ്നാനത്തൊട്ടിയിൽനിന്നു കുളിക്കുന്നതിനെക്കാൾ എത്രയോ ഭേദമായിരിക്കും. ഇനിയിപ്പോൾ ഞങ്ങൾക്ക് ഒരു ഷവറും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാൻ ഫ്രിഡ്ജും ഭക്ഷണം പാകംചെയ്യാൻ വൈദ്യുതി കൊണ്ടുള്ള ഒരു ഹോട്ട് പ്ലേറ്റും ഉണ്ടായിരിക്കും. ഞങ്ങളോടു കാട്ടിയ പരിഗണനയിൽ ഞങ്ങൾ വളരെയധികം നന്ദിയുള്ളവരായിരുന്നു.
മഡ്രിഡിലെ അത്ഭുതകരമായ അനുഭവങ്ങൾ
വീടുതോറുമുള്ള പ്രസംഗവേല വളരെ ജാഗ്രതയോടെയാണു നിർവഹിച്ചൂപോന്നത്. മഡ്രിഡിൽ ദിവസേനയുള്ള തിക്കുംതിരക്കുംകൊണ്ടു നേട്ടമുണ്ടായി. ആളുകളുടെ കണ്ണിൽപ്പെടാതെ അതു ഞങ്ങളെ മറച്ചുനിർത്തി. വിദേശികളെന്ന നിലയിൽ ഞങ്ങളെ തിരിച്ചറിയിക്കാതിരിക്കത്തക്കവിധം ഞങ്ങൾ മറ്റുള്ളവരെപ്പോലെ വസ്ത്രം ധരിക്കാനും പെരുമാറാനും ശ്രമിച്ചു. വീടുതോറുമുള്ള ഞങ്ങളുടെ പ്രസംഗവേലയുടെ രീതി, ഒരു അപ്പാർട്ടുമെന്റ് കെട്ടിടത്തിൽ പ്രവേശിച്ച് ഒരു വീട്ടുവാതിൽക്കൽ മുട്ടി ആ വ്യക്തിയോടു സംസാരിച്ചശേഷം ആ കെട്ടിടവും തെരുവും പ്രദേശവും വിട്ട് പോവുകയായിരുന്നു. വീട്ടുകാരൻ പൊലീസിനെ വിളിക്കാനുള്ള സാധ്യത എല്ലായ്പോഴും ഉണ്ടായിരുന്നതിനാൽ ആ പരിസരത്തെങ്ങും നിൽക്കുന്നത് അത്ര ബുദ്ധിയല്ലായിരുന്നു. വളരെ ജാഗ്രതയോടെ ഈ രീതി ഉപയോഗിച്ചിട്ടും 1960-ൽ പോൾ ഹണ്ടർട്ട്മാർക്കിനെയും എവ്ലിൻ ഹണ്ടർട്ട്മാർക്കിനെയും അറസ്റ്റു ചെയ്ത് രാജ്യത്തുനിന്നു പുറത്താക്കി. അവർ തൊട്ടുകിടക്കുന്ന പോർച്ചുഗലിലേക്കു പോയി. പോൾ അവിടെ രഹസ്യ ബ്രാഞ്ചോഫീസിന്റെ മേൽനോട്ടം വഹിച്ചുകൊണ്ടു വർഷങ്ങളോളം സേവിക്കുകയും ചെയ്തു. അദ്ദേഹം ഇന്ന് കാലിഫോർണിയയിലെ സൻഡിയാഗോയിൽ നഗരമേൽവിചാരകനാണ്.
എന്നുവരികിലും, ഞങ്ങളുടെ കാര്യത്തിൽ ഒരു സമത്വം സംഭവിച്ചു. ഏതാനും മാസം കഴിഞ്ഞ്, പോർച്ചുഗലിലേക്ക് നിയമനം ലഭിച്ച ആറു മിഷനറിമാരോട് അവിടംവിട്ടു പോകാൻ ആജ്ഞാപിക്കുകയുണ്ടായി! ഇത് സന്തോഷജനകമായ സംഭവവികാസത്തിനു വഴിയൊരുക്കി. കാരണം, ഗിലെയാദിൽ ഞങ്ങളുടെ ക്ലാസിലുണ്ടായിരുന്ന എറിക്ക് ബെവ്റിജും ഹേസൽ ബെവ്റിജും പോർച്ചുഗൽ വിട്ടു സ്പെയിനിലേക്കു പോരാൻ നിർദേശിക്കപ്പെട്ടു. അതുകൊണ്ട്, 1962 ഫെബ്രുവരിയിൽ വീണ്ടും ഹോട്ടൽ മെർക്കാഡോറിൽ ഞങ്ങൾ കാത്തിരുന്നു—ഇക്കുറി എറിക്കും ഹേസലും വന്നെത്തുമ്പോൾ അവരെ സ്വാഗതം ചെയ്യുന്നതിന്.
മഡ്രിഡിലെ ഈ ആദ്യ നാളുകളിലായിരുന്നു ഞാനും റീറ്റയും മതം സംബന്ധിച്ച കപടഭക്തി നേരിട്ട് അനുഭവിച്ചത്. ഞങ്ങൾ ബർനാഡോ, മാരിയ ദമ്പതികളുമായി അധ്യയനം തുടങ്ങി. കണ്ണിൽക്കണ്ട ഏത് കെട്ടിട നിർമാണ വസ്തുക്കളുടെയും അവശിഷ്ടങ്ങൾ ഉപയോഗിച്ചുകൊണ്ടു ബർനാഡോ പണിത ചെറ്റക്കുടിലിലാണ് അവർ താമസിച്ചിരുന്നത്. രാത്രി വളരെ വൈകുന്നതുവരെ ഞങ്ങൾ അവരോടൊപ്പം അധ്യയനം നടത്തും. അധ്യയനത്തിനുശേഷം അവർ റൊട്ടിയും വീഞ്ഞും കുറച്ചു പാൽക്കട്ടിയും അല്ലെങ്കിൽ അവരുടെ പക്കലുള്ള എന്തും ഞങ്ങൾക്കു നൽകുമായിരുന്നു. ആ പാൽക്കട്ടി അമേരിക്കൻ പാൽക്കട്ടിപോലെതന്നെയാണെന്നു ഞാൻ ശ്രദ്ധിച്ചു. ഒരു രാത്രി അധ്യയനത്തിനുശേഷം, പാൽക്കട്ടി വെച്ചിരുന്ന പാത്രം അവർ പുറത്തു കൊണ്ടുവന്നു. അതിൽ ഇംഗ്ലീഷിൽ വലിയക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “അമേരിക്കരിൽനിന്ന് സ്പാനിഷ്കാർക്ക്—വിൽക്കപ്പെടാനുള്ളതല്ല.” ഈ ദരിദ്ര കുടുംബത്തിന് പാൽക്കട്ടി എങ്ങനെ കിട്ടി? അതു പാവങ്ങൾക്കു വിതരണം ചെയ്യുന്നതിന് ഗവൺമെന്റ് കത്തോലിക്കാ സഭയെയാണ് ഉപയോഗിച്ചത്. എന്നാൽ പുരോഹിതൻ അതു വിൽക്കുകയായിരുന്നു!
സൈനികരുടെ ഇടയിൽ ഫലപ്രദമായ ശുശ്രൂഷ
പെട്ടെന്നുതന്നെ ഞങ്ങൾക്കും മറ്റനേകർക്കും അനുഗ്രഹത്തിൽ കലാശിച്ച അത്ഭുതകരമായ ഒരു സംഗതി നടന്നു. മഡ്രിഡിൽനിന്ന് ഏതാനും മൈൽ അകലെ സ്ഥിതിചെയ്യുന്ന യു.എസ്. വ്യോമസേനാ കേന്ദ്രത്തിൽ താമസിച്ചിരുന്ന വോൾട്ടർ കീഡാഷ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനെ സന്ദർശിക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഞങ്ങൾക്കു ബ്രാഞ്ച് ഓഫീസിൽനിന്നു ലഭിച്ചു. ടൊറിക്കോൺ ആസ്ഥാനമാക്കിയുള്ള വ്യോമസേനാ കേന്ദ്രം മഡ്രിഡ് വിട്ട് ഏതാനും കിലോമീറ്റർ അകലെയാണു സ്ഥിതിചെയ്തിരുന്നത്. ഞങ്ങൾ അദ്ദേഹത്തെയും ഭാര്യയെയും സന്ദർശിച്ച് അവരോടൊപ്പവും മറ്റൊരു വ്യോമസേനാ ദമ്പതികളോടൊപ്പവും ബൈബിളധ്യയനം തുടങ്ങി.
ആ സമയം ഞാൻ യു.എസ്. വ്യോമസേനയിലെ അംഗങ്ങളുമായി അഞ്ചു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു, എല്ലാം ഇംഗ്ലീഷിൽത്തന്നെ. പിന്നീട് ഇവരിൽ ഏഴുപേർ സ്നാപനമേറ്റു, ഐക്യനാടുകളിലേക്കു തിരികെ പോയശേഷം അവരിൽ നാലുപേർ സഭാമൂപ്പൻമാരുമായി.
നമ്മുടെ വേലയുടെമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം നിമിത്തം പുസ്തകങ്ങളും മാസികകളും ബൈബിളുകളും കിട്ടാനുള്ള മാർഗങ്ങൾ വളരെ ചുരുക്കമായിരുന്ന ഒരു സമയമായിരുന്നു അത്. എന്നിരുന്നാലും, ടൂറിസ്റ്റുകളും നമ്മുടെ അമേരിക്കക്കാരായ ഇടപാടുകാരും കുറച്ചു സാഹിത്യങ്ങൾ കൊണ്ടുവന്നു. ഒരു രഹസ്യ പുസ്തക ഡിപ്പോ നടത്താൻ ബ്രാഞ്ച് എന്നെ നിയോഗിച്ചു. അത് വായേക്കസിലുള്ള ഒരു സ്റ്റേഷനറിക്കടയുടെ പിൻവശത്തായിരുന്നു. ഉടമസ്ഥന്റെ ഭാര്യ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ഉടമസ്ഥൻ സാക്ഷിയല്ലായിരുന്നെങ്കിലും നമ്മുടെ വേലയെ ആദരിച്ചിരുന്നു. രാജ്യം മുഴുവൻ അയയ്ക്കാൻ കെട്ടുകണക്കിനു സാഹിത്യങ്ങൾ തയ്യാറാക്കുന്നതിന് ഈ പിൻഭാഗം ഉപയോഗിക്കാൻ തന്നെയും തന്റെ തൊഴിലിനെയും പണയപ്പെടുത്തിക്കൊണ്ട് അദ്ദേഹം എന്നെ അനുവദിച്ചു. ഈ മുറി എല്ലായ്പോഴും എങ്ങനെ ആയിരിക്കണമായിരുന്നോ—പൊടിപിടിച്ച്, മുറി നിറയെ കാർട്ടനുകൾകൊണ്ട് അലങ്കോലമായ സ്ഥിതിയിൽ—അങ്ങനെ എപ്പോഴും വയ്ക്കേണ്ടിയിരുന്നതിനാൽ നിമിഷങ്ങൾകൊണ്ടു ജോലിചെയ്യാനും എത്രയും പെട്ടെന്ന് അതു മറച്ചുവയ്ക്കാനും പറ്റിയ തരത്തിലുള്ള ഒരു ബഞ്ചും പുസ്തക അലമാരകളും പണിയേണ്ടി വന്നു. ദിവസത്തിന്റെ ഒടുവിൽ എന്റെ കെട്ടുകളുമായി പെട്ടെന്നു പുറത്തു കടക്കുന്നതിന് കട കാലിയാകുന്നതുവരെ ഞാൻ കാത്തിരിക്കുമായിരുന്നു.
രാജ്യത്തുടനീളമുള്ള സഭകൾക്ക് വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളും മറ്റു സാഹിത്യങ്ങളുംപോലുള്ള ആത്മീയ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ പങ്കുപറ്റുക എന്നത് ഒരു യഥാർഥ പദവിയായിരുന്നു. അത് ആവേശമുണർത്തുന്ന സമയങ്ങളായിരുന്നു.
റീറ്റക്ക് 16 ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിലുള്ള സന്തോഷമുണ്ടായി. അവരിൽ പകുതിയോളംപേർ സ്നാപനമേറ്റ യഹോവയുടെ സാക്ഷികളായിത്തീർന്നു. ഡോളോറസ് വിവാഹിതയായ ഒരു യുവതിയായിരുന്നു. ഹൃദ്രോഗം നിമിത്തം അവൾ ശൈത്യകാലങ്ങൾ കിടക്കയിൽ ചെലവഴിച്ചു. വസന്തകാലത്ത് എഴുന്നേറ്റ് ഒരുവിധം സജീവമായി പ്രവർത്തിക്കാൻ അവൾക്കു കഴിയുമായിരുന്നു. ഡോളോറസിന്റെ വിശ്വാസം ബലിഷ്ഠമായിരുന്നു. തൻമൂലം, ഫ്രാൻസിലെ ടുളൂസിലുള്ള ഞങ്ങളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനു സമയമായപ്പോൾ അവൾ അതിനു പോകാൻ അതിയായി ആഗ്രഹിച്ചു. അവളുടെ ഹൃദയത്തിന്റെ അവസ്ഥ നിമിത്തം അതു ചെയ്യുന്നതു ബുദ്ധിമോശമായിരിക്കുമെന്നു ഡോക്ടർ മുന്നറിയിപ്പു നൽകി. വീട്ടിലിടുന്ന വസ്ത്രവും വള്ളിച്ചെരുപ്പും ധരിച്ച് യാത്രാസാമാനങ്ങളൊന്നുമില്ലാതെ അവൾ ഭർത്താവിനെയും അമ്മയെയും മറ്റുള്ളവരെയും യാത്ര അയയ്ക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി. തന്നെ കൂടാതെ അവർ പോകുന്നതു നിറകണ്ണുകളോടെ നോക്കിനിൽക്കാൻ അവൾക്കായില്ല. അതുകൊണ്ട് അവളും ട്രെയിനിൽ കയറി ഫ്രാൻസിലേക്കു യാത്ര തിരിച്ചു! ഈ സംഭവം റീറ്റ അറിഞ്ഞിരുന്നില്ല. എന്നാൽ കൺവെൻഷനിൽവെച്ച് വിടർന്ന ചിരിയുമായി നിൽക്കുന്ന ഡോളോറസിനെ കണ്ടപ്പോൾ അവൾ അതിശയിച്ചുപോയി!
ഒരു അസാധാരണ ബൈബിളധ്യയനം
ശ്രീമാൻ ബനീഗ്നോ ഫ്രാങ്കോ, “എൽ പ്രൊഫസർ”നെ ഉൾപ്പെടുത്താതെ മഡ്രിഡിലെ നിയമനത്തെപ്പറ്റിയുള്ള വിവരണം അവസാനിപ്പിക്കാൻ ഞങ്ങൾക്കാവില്ല. വളരെ മോശമായ അപ്പാർട്ടുമെന്റ് കെട്ടിടത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്ന പ്രായംചെന്ന ഒരു മാന്യനെ സന്ദർശിക്കുന്നതിന് പ്രദേശത്തുള്ള ഒരു സാക്ഷി എന്നെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തോടൊപ്പം ഞാനൊരു ബൈബിളധ്യയനം തുടങ്ങി. ഒന്നരവർഷത്തെ പഠനത്തിനുശേഷം സ്നാപനമേൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അങ്ങനെ യഹോവയുടെ സാക്ഷിയായിത്തീർന്നു.
പ്രായംചെന്ന ഈ മാന്യൻ, ശ്രീമാൻ ബനീഗ്നോ ഫ്രാങ്കോ, ആ സമയത്തെ സ്പെയിനിന്റെ സ്വേച്ഛാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മച്ചുനനായിരുന്നു. ശ്രീമാൻ ബനീഗ്നോ ഫ്രാങ്കോ എല്ലായ്പോഴും ഒരു സ്വാതന്ത്ര്യപ്രേമി ആയിരുന്നപോലെതോന്നുന്നു. സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയോടൊപ്പം സഹതപിക്കുക മാത്രമല്ല യുദ്ധത്തിൽ ജയിച്ച് കത്തോലിക്കാ ഏകാധിപത്യം സ്ഥാപിച്ച തന്റെ മച്ചുനനായ ജനറലിന് എതിരുമായിരുന്നു. 1939 മുതൽ ശ്രീമാൻ ബനീഗ്നോ ഫ്രാങ്കോക്ക് തൊഴിൽ ചെയ്യാനുള്ള അർഹത നിരോധിച്ചിരുന്നു, വളരെ തുച്ഛമായ ഉപജീവനമാർഗമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് സ്പെയിനിന്റെ സൈനിക സ്വേച്ഛാധിപതിയായിരുന്ന മഹാസേനാപതി ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മച്ചുനൻ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നത്.
അപ്രതീക്ഷിത ക്ഷണം
1965-ൽ ബാർസലോണയിൽ സർക്കിട്ട് വേലയിൽ സഞ്ചാരം തുടങ്ങാൻ സ്പെയിനിലെ ബ്രാഞ്ച് ഓഫീസ് ഞങ്ങളെ ക്ഷണിച്ചു. അത് മഡ്രിഡിൽ വളരെ ഉറ്റബന്ധം സ്ഥാപിച്ച സകല സഹോദരീസഹോദരൻമാരെയും വിട്ടുപോകണമെന്നത് അർഥമാക്കി. എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവം മാത്രമല്ല ഒരു പരീക്ഷണം കൂടെ തുടങ്ങാൻ പോവുകയായിരുന്നു. ആ അനുഭവം ഭയജനകമായിരുന്നു കാരണം ഞാനെപ്പോഴും എന്റെ പ്രാപ്തിയിൽ ശങ്കിച്ചിരുന്നു. സേവനത്തിന്റെ ഈ മണ്ഡലത്തിൽ ഫലപ്രദനായിരിക്കാൻ എന്നെ പ്രാപ്തനാക്കിയതു യഹോവയാണെന്ന് എനിക്കു നന്നായി അറിയാം.
ആഴ്ചതോറും സഭകൾ സന്ദർശിക്കുക എന്നു പറഞ്ഞാൽ സഹോദരൻമാരുടെ വീടുകളിൽ താമസിക്കണം എന്നർഥം. ഞങ്ങൾക്കു സ്ഥിരമായ ഒരു താമസസ്ഥലമില്ലായിരുന്നു. മിക്കവാറും ഓരോ രണ്ടാഴ്ചയെത്തുമ്പോഴും ഞങ്ങൾ വീടു മാറിക്കൊണ്ടിരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതു പ്രത്യേകിച്ചും പ്രയാസകരമാണ്. എന്നാൽ പെട്ടെന്നുതന്നെ, ബാർസലോണയിൽ താമസിച്ചിരുന്ന ഹോസേ എസ്കൂഡേയും റോസർ എസ്കൂഡേയും ദിവസങ്ങളോളം അവരോടൊപ്പം തുടർന്നു താമസിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ഇത് അവരുടെ പക്ഷത്തുനിന്നുള്ള സ്നേഹപ്രകടനമായിരുന്നു. കാരണം അതുമൂലം ഞങ്ങളുടെ സാധനങ്ങൾ വയ്ക്കാനും ഞായറാഴ്ച വൈകുന്നേരങ്ങളിൽ വീട്ടിലെത്താനും സ്ഥിരമായ ഒരിടം ഞങ്ങൾക്കു ലഭിച്ചു.
തുടർന്നുവന്ന നാലു വർഷം ഞാനും റീറ്റയും മെഡിറ്ററേനിയൻ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന കറ്റലോന്യ പ്രവിശ്യയിൽ സർക്കിട്ട് വേലയിൽ ചെലവഴിച്ചു. ഞങ്ങളുടെ ബൈബിൾ യോഗങ്ങളെല്ലാം രഹസ്യത്തിൽ സ്വകാര്യ ഭവനങ്ങളിലായിരുന്നു നടത്തിക്കൊണ്ടിരുന്നത്. വീടുതോറുമുള്ള ഞങ്ങളുടെ പ്രസംഗവേലയും ശ്രദ്ധയാകർഷിക്കാത്തവിധം വളരെ വിവേചനയോടെയാണു ചെയ്തുകൊണ്ടിരുന്നത്. ചിലപ്പോഴൊക്കെ ഞായറാഴ്ച സഭ മുഴുവനും വനത്തിനുള്ളിൽ “പിക്നിക്”നായി വന്നുകൂടുമായിരുന്നു, പ്രത്യേകിച്ചും ഒരു സർക്കിട്ട് സമ്മേളനം നടത്തുമ്പോൾ.
സഭകൾ ഐക്യമുള്ളതും സജീവവും ആക്കി നിർത്തുന്നതിനു തങ്ങളുടെ ജോലിയും സ്വാതന്ത്ര്യവും പണയപ്പെടുത്തിയ അനേകം അർപ്പിത സഹോദരീസഹോദരന്മാരെ ഞങ്ങൾ എല്ലായ്പോഴും പുകഴ്ത്തും. അവരിലനേകർ നഗരത്തിനു വെളിയിൽ പട്ടണങ്ങളിൽ വേല വ്യാപിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചു. ഇത്, 1970-ൽ നിരോധനം എടുത്തുമാറ്റുകയും മത സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തപ്പോൾ സ്പെയിനിലെ പുരോഗതിക്ക് അടിസ്ഥാനമായി ഉതകി.
ഞങ്ങളുടെ വിദേശ നിയമനം ഉപേക്ഷിക്കേണ്ടി വരുന്നു
ഞങ്ങൾ സ്പെയിനിലുണ്ടായിരുന്ന പത്തു വർഷക്കാലത്തിനിടയിൽ ഞങ്ങളുടെ മാതാപിതാക്കളുടെ അവസ്ഥകാരണം യഹോവയുടെ സേവനത്തിലെ ഈ പ്രത്യേക അനുഗ്രഹത്തിന്റെ ആസ്വാദനത്തിൽ ഭംഗം ഭവിച്ചു. എന്റെ മാതാവിനെയും പിതാവിനെയും പരിപാലിക്കുന്നതിനുവേണ്ടി ഞങ്ങൾക്കു നിയമനം ഉപേക്ഷിച്ച് വീട്ടിൽ പോകേണ്ടതായ പല സന്ദർഭങ്ങൾ ഉണ്ടായി. എന്നിരുന്നാലും എന്റെ മാതാപിതാക്കൾ താമസിക്കുന്നതിനു സമീപമുള്ള സഭകളിലെ സ്നേഹമുള്ള സഹോദരീസഹോദരൻമാരുടെ സഹായത്താൽ ഞങ്ങൾക്കു സ്പെയിനിൽ തുടരാൻ കഴിഞ്ഞു. അതേ, അന്നൊക്കെ മിഷനറി വേലയിൽ സേവിക്കുന്നതിനുള്ള പദവി ഭാഗികമായി സാധ്യമാക്കിത്തീർത്തത് രാജ്യ താത്പര്യങ്ങൾ പ്രഥമ സ്ഥാനത്തു വയ്ക്കുന്നതിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന മറ്റുള്ളവരാണ്.
ഒടുവിൽ, എന്റെ അമ്മയെ പരിപാലിക്കുന്നതിനുവേണ്ടി 1968 ഡിസംബറിൽ ഞങ്ങൾ വീട്ടിലേക്കു പോയി. അതേ മാസംതന്നെ എന്റെ പിതാവ് മരിച്ചുപോയി, അപ്പോൾ അമ്മ ഒറ്റക്കായി. അപ്പോഴും മുഴുസമയം സേവിക്കാൻ ഒട്ടൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കു സർക്കിട്ട് വേലയിൽ സേവിക്കാനുള്ള നിയമനം ലഭിച്ചു. ഇത്തവണ അത് ഐക്യനാടുകളിലായിരുന്നു. തുടർന്നുള്ള 20 വർഷം ഞങ്ങൾ സ്പാനിഷ് സർക്കിട്ടുകളിൽ സേവിച്ചു. മിഷനറി സേവനമെന്ന വളരെ വിലയേറിയ ഒരു മുത്ത് ഞങ്ങൾക്കു നഷ്ടപ്പെട്ടെങ്കിലും മറ്റൊന്ന് ഞങ്ങളുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ടു.
മയക്കുമരുന്നിനും അക്രമത്തിനും മധ്യേ പ്രസംഗിക്കുന്നു
ഇവിടെ, കുറ്റകൃത്യം നടമാടിയിരുന്ന നഗരങ്ങളുടെ ഭാഗങ്ങളിൽ ജീവിക്കുന്ന സഹോദരീസഹോദരൻമാരുടെ തോളോടു തോൾ ചേർന്നായിരുന്നു ഞങ്ങളുടെ പ്രവർത്തനം. എന്തിന്, സർക്കിട്ട് വേലയുടെ ആദ്യത്തെ ആഴ്ചയിൽത്തന്നെ ബ്രൂക്ലിൻ, ന്യൂയോർക്കിൽവച്ച് റീറ്റയുടെ ഹാൻഡ്ബാഗ് കയ്യിൽനിന്നു തട്ടിപ്പറിക്കയുണ്ടായി.
ഒരു സന്ദർഭത്തിൽ ഞാനും റീറ്റയും ന്യൂയോർക്ക് സിറ്റിയുടെ മറ്റൊരു ഭാഗത്ത് ഒരു കൂട്ടത്തോടൊപ്പം വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു. തെരുവിന്റെ ഒരു കോണിലേക്കു തിരിഞ്ഞപ്പോൾ, ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ മതിലിലുള്ള ഒരു ദ്വാരത്തിനു മുന്നിലായി കുറേ ആളുകൾ നിരന്നുനിൽക്കുന്നതു കണ്ടു. ഞങ്ങൾ തെരുവിലൂടെ ഏതാനും ചുവടുകൾ മുന്നോട്ടു നടന്നപ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളെ നോക്കിക്കൊണ്ടു നടപ്പാതയിൽ നിൽക്കുന്നതു ശ്രദ്ധിച്ചു. അകലെ ഒരു മൂലയിൽ വേറൊരുത്തൻ പൊലീസ് കാറുകൾ വരുന്നുണ്ടോയെന്നു നോക്കി നിൽക്കുകയായിരുന്നു. ഞങ്ങൾ ഒരു മയക്കുമരുന്നു സംഘത്തിന്റെ നടുവിലാണു ചെന്നുപെട്ടത്! ആദ്യത്തെ പാറാവുകാരൻ പരിഭ്രാന്തനായി, വീക്ഷാഗോപുരം മാസിക കണ്ടപ്പോഴാണ് അയാൾക്കു ശ്വാസം നേരെവീണത്. കാരണം, ഞാനൊരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമോ എന്ന് അവർ ഓർത്തു! അയാൾ സ്പാനിഷ് ഭാഷയിൽ “¡ലോസ് ആറ്റാലായാസ്! ¡ലോസ് ആറ്റാലായാസ്!” (വാച്ച്ടവറുകാർ! വാച്ച്ടവറുകാർ!) എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഞങ്ങളാരാണെന്ന് അവർക്കറിയാമായിരുന്നു, മാസികകൊണ്ടു ഞങ്ങളെ തിരിച്ചറിഞ്ഞു. തൻമൂലം യാതൊരു കുഴപ്പവുമുണ്ടായില്ല. അവന്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു, “¿ബ്വീനോസ് ഡീയാസ്, കോമോ എസ്താ?” (നമസ്കാരം, എങ്ങനെയുണ്ട്?). തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചുകൊണ്ട് അവൻ മറുപടി നൽകി!
ദുഷ്കരമായ ഒരു തീരുമാനം
1990 ആയപ്പോഴേക്കും ദിവസവും അമ്മയോടൊപ്പം ഞാൻ ഉണ്ടായിരിക്കണമെന്നു വ്യക്തമായി. സഞ്ചാരവേലയിൽ തുടരാൻ ഞങ്ങൾ ആവതും ശ്രമിച്ചുനോക്കി. എന്നാൽ രണ്ട് ഉത്തരവാദിത്വങ്ങളും നിർവഹിക്കുക സാധ്യമല്ലെന്നു ജ്ഞാനം നിഷ്കർഷിച്ചു. അമ്മ സ്നേഹപൂർവം പരിപാലിക്കപ്പെടുന്നു എന്ന കാര്യത്തിൽ ഉറപ്പുവരുത്താൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിച്ചു. പക്ഷേ വീണ്ടും വളരെ വിലയേറിയ ഒരു മുത്ത്, ഞങ്ങൾക്കു വളരെ വിലയുള്ള ഒന്ന്, ഉപേക്ഷിക്കേണ്ടിവന്നു. ലോകത്തിലുള്ള സകല രത്നങ്ങളും അവയ്ക്ക് ഒരുവനു ചെയ്യാൻ കഴിയുന്നതും യഹോവയുടെ സ്ഥാപനത്തിൽ ഒരു മിഷനറിയോ ഒരു സഞ്ചാര മേൽവിചാരകനോ ആയി സേവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ തുലോം തുച്ഛമാണ്.
ഞാനും റീറ്റയും ഇന്ന് 60-കളിലാണ്. ഞങ്ങൾ തികച്ചും തൃപ്തരാണ്, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഒരു പ്രാദേശിക സഭയോടൊത്തു സേവിക്കുന്നതിൽ സന്തുഷ്ടരാണ്. യഹോവയുടെ സേവനത്തിൽ ഞങ്ങൾ ചെലവിട്ട വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ വളരെ വിലയേറിയ ചില മുത്തുകൾ ഞങ്ങളെ ഏൽപ്പിച്ചതിനു ഞങ്ങൾ അവനു നന്ദിയേകുന്നു.
[23-ാം പേജിലെ ചിത്രം]
മഡ്രിഡിലെ കാളപ്പോർവളപ്പിനു വെളിയിൽ റീറ്റ, പോൾ ഹണ്ടർട്ട്മാർക്ക്, എവ്ലിൻ ഹണ്ടർട്ട്മാർക്ക് (വലത്ത്) എന്നിവരോടൊപ്പം
[24-ാം പേജിലെ ചിത്രം]
വനത്തിനുള്ളിൽ ഒരു “പിക്നിക്കി”ൽ ഒരു സഭയെ സേവിക്കുന്നു