ഒളിമിന്നലുകൾ—വലുതും ചെറുതും (ഭാഗം രണ്ട്)
“നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.”—സങ്കീർത്തനങ്ങൾ 36:9.
1. വെളിപാട് പുസ്തകത്തിന്റെ പ്രതീകാത്മ സംഗതികൾ മനസ്സിലാക്കാൻ നടത്തിയ ആദ്യകാല ശ്രമങ്ങൾ ഏതെല്ലാം?
ആദിമ കാലംതൊട്ടേ ക്രിസ്ത്യാനികളെ ആകാംക്ഷാഭരിതരാക്കിയിട്ടുള്ള ഒരു പുസ്തകമാണു വെളിപാട്. സത്യത്തെക്കുറിച്ചുള്ള പ്രകാശം എന്നെത്തെക്കാളുമുപരി ശോഭിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു ഉത്തമ മാതൃക അതു പ്രദാനം ചെയ്യുന്നു. 1917-ൽ പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ യഹോവയുടെ ജനം വെളിപ്പാടു പുസ്തകത്തിന്റെ ഒരു വിശദീകരണം പ്രസിദ്ധീകരിച്ചു. അതു ക്രൈസ്തവലോകത്തിലെ മത, രാഷ്ട്രീയ നേതാക്കൻമാരെ നിർഭയം തുറന്നുകാട്ടി. എന്നാൽ വിവിധ ഉറവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ളതായിരുന്നു അതിലെ മിക്ക വിശദീകരണങ്ങളും. എന്നുവരികിലും, യഹോവ ഉപയോഗിക്കുന്ന ദൃശ്യസരണിയോടുള്ള ബൈബിൾ വിദ്യാർഥികളുടെ വിശ്വസ്തത പരിശോധിക്കാൻ പൂർത്തിയായ മർമം ഉപകരിച്ചു.
2. “ഒരു ജനതയുടെ ജനനം” എന്ന ലേഖനം വെളിപാട് പുസ്തകത്തിൻമേൽ എന്തു പ്രകാശം ചൊരിഞ്ഞു?
2 വെളിപാട് പുസ്തകത്തിൻമേൽ ഒരു ശ്രദ്ധേയമായ ഒളിമിന്നൽ ലഭിച്ച ഒന്നായിരുന്നു 1925 മാർച്ച് 1-ലെ ദ വാച്ച് ടവറിൽ പ്രസിദ്ധീകരിച്ച “ഒരു ജനതയുടെ ജനനം” എന്ന ലേഖനം. വെളിപ്പാടു 12-ാം അധ്യായം വർണിക്കുന്നതു പുറജാതി റോമും പാപ്പായുടെ അധീനതയിലുള്ള റോമും തമ്മിലുള്ള യുദ്ധത്തെയും ആൺകുട്ടി പ്രതിനിധാനം ചെയ്യുന്നതു പാപ്പാമേധാവിത്വത്തെയും ആണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാൽ വെളിപ്പാടു 11:15-18-ന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അധ്യായം 12-ന്റെ സൂചന ദൈവരാജ്യത്തിന്റെ ജനനത്തെപ്പററിയാണെന്ന് ആ ലേഖനം പ്രകടമാക്കി.
3. വെളിപാടിൻമേൽ കൂടുതലായ പ്രകാശം ചൊരിഞ്ഞ പ്രസിദ്ധീകരണങ്ങളേവ?
3 ഇതിന്റെയൊക്കെ ഫലമായിരുന്നു വെളിപാട് പുസ്തകത്തെക്കുറിച്ചു വളരെയധികം വ്യക്തമായ ഗ്രാഹ്യം പ്രദാനം ചെയ്യുന്ന പ്രകാശം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം. രണ്ടു വാല്യങ്ങളിലുള്ള ഈ പുസ്തകം 1930-ലായിരുന്നു പ്രസിദ്ധീകരിച്ചത്. “മഹാബാബിലോൻ വീണിരിക്കുന്നു!” ദൈവരാജ്യം ഭരിക്കുന്നു! (ഇംഗ്ലീഷ്, 1963), “ദൈവത്തിന്റെ മർമം പൂർത്തിയായിരിക്കുന്നു” (ഇംഗ്ലീഷ് 1969) എന്നിവയിൽ കൂടുതൽ പരിഷ്കരിച്ച വിവരങ്ങൾ പ്രത്യക്ഷമായി. എങ്കിലും, വെളിപാട് എന്ന പ്രാവചനിക പുസ്തകത്തെപ്പററി പഠിക്കാൻ പിന്നെയുമുണ്ടായിരുന്നു ഏറെ കാര്യങ്ങൾ. അതേ, 1988-ൽ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ അതിൻമേൽ കൂടുതൽ ശോഭയുള്ള പ്രകാശം ചൊരിഞ്ഞു. വെളിപാടിലെ പ്രവചനങ്ങൾ ബാധകമാകുന്നത് 1914-ൽ ആരംഭിച്ച “കർത്താവിന്റെ ദിവസ”ത്തിലാണെന്ന വസ്തുതയാണ് ഈ ക്രമാനുഗത പ്രബുദ്ധതയ്ക്കുള്ള താക്കോൽ എന്നു പറയാം. (വെളിപാട് 1:10, NW) അതുകൊണ്ട്, ആ ദിവസം പുരോഗമിക്കുന്നതനുസരിച്ച് വെളിപാട് പുസ്തകം കൂടുതൽക്കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാവും.
“ഉന്നത അധികാരങ്ങൾ” വ്യക്തമാക്കപ്പെട്ടു
4, 5. (എ) ബൈബിൾ വിദ്യാർഥികൾ റോമർ 13:1-നെ എങ്ങനെയാണു വീക്ഷിച്ചിരുന്നത്? (ബി) “ഉന്നത അധികാരങ്ങൾ” സംബന്ധിച്ചുള്ള തിരുവെഴുത്തു നിലപാടിനെക്കുറിച്ചു പിന്നീട് എന്തു മനസ്സിലാക്കി?
4 “ഓരോ ദേഹിയും ഉന്നത അധികാരങ്ങൾക്കു [“ശ്രേഷ്ഠാധികാരികൾക്കു,” NW] കീഴടങ്ങട്ടെ” എന്നു പറയുന്ന റോമർ 13:1-നോടുള്ള ബന്ധത്തിൽ ശോഭാനമയമായ ഒരു ഒളിമിന്നൽ 1962-ൽ കാണുകയുണ്ടായി. (ജയിംസ് രാജാവിന്റെ ഭാഷാന്തരം) അവിടെ സൂചിപ്പിക്കുന്ന “ഉന്നത അധികാരങ്ങൾ” പരാമർശിക്കുന്നതു ലൗകിക അധികാരികളെയാണെന്ന് ആദ്യകാല ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കി. യുദ്ധത്തിനുവേണ്ടി ഒരു ക്രിസ്ത്യാനിയെ തിരഞ്ഞെടുക്കുന്നെങ്കിൽ, അയാൾ യൂണിഫോമിട്ട്, തോക്കുമെടുത്ത് യുദ്ധസ്ഥലത്തുള്ള കിടങ്ങുകളിലേക്കു പോകാൻ കടപ്പെട്ടവനാണെന്ന സൂചനയാണ് ഈ തിരുവെഴുത്തു നൽകുന്നതെന്ന് അവർ മനസ്സിലാക്കി. ക്രിസ്ത്യാനികൾക്ക് ഒരു സഹമനുഷ്യനെ കൊല്ലാൻ പാടില്ലാത്തതുകൊണ്ട്, നിർവാഹമില്ലാതെവന്നാൽ താൻ ആകാശത്തേക്കു നിറയൊഴിക്കാൻ നിർബന്ധിതനായിത്തീരുമെന്ന ചിന്തയായിരുന്നു അവർക്ക്.a
5 “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന മത്തായി 22:21-ലെ യേശുവിന്റെ വാക്കുകൾ ചർച്ചചെയ്തുകൊണ്ട് 1962 നവംബർ 15-ലെയും ഡിസംബർ 1-ലെയും ദ വാച്ച് ടവർ പ്രസ്തുത വിഷയംസംബന്ധിച്ചു വ്യക്തമായ പ്രകാശം ചൊരിഞ്ഞു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന പ്രവൃത്തികൾ 5:29-ലെ അപ്പോസ്തലൻമാരുടെ വാക്കുകളും പ്രസക്തമായിരുന്നു. ക്രിസ്ത്യാനികൾ “ഉന്നത അധികാരങ്ങ”ളായ കൈസരിനു കീഴ്പെട്ടിരിക്കുന്നു, എന്നാൽ ക്രിസ്ത്യാനി ദൈവനിയമങ്ങൾ ലംഘിക്കാൻ ആവശ്യപ്പെടാതിരിക്കുന്നിടത്തോളം കാലമേ ഇത് അങ്ങനെയായിരിക്കുന്നുള്ളു. കൈസറിനോടുള്ള കീഴ്പെടൽ സമ്പൂർണമല്ല, ആപേക്ഷികമാണെന്നു മനസ്സിലാക്കി. ദൈവത്തിന്റെ നിബന്ധനകൾക്ക് എതിരല്ലാത്ത സംഗതികൾ മാത്രമേ ക്രിസ്ത്യാനികൾ കൈസർക്കു കൊടുക്കുന്നുള്ളു. ആ വിഷയം സംബന്ധിച്ചു വ്യക്തമായ പ്രകാശം ലഭിച്ചത് എത്ര സംതൃപ്തിദായകമായിരുന്നു!
സംഘടനാപരമായ കാര്യങ്ങൾ സംബന്ധിച്ച ഒളിമിന്നലുകൾ
6. (എ) ക്രൈസ്തവലോകത്തിൽ നിലനിൽക്കുന്നതുപോലെയുള്ള ഒരു അധികാരശ്രേണി രൂപംകൊള്ളാതിരിക്കാൻ ഏതു തത്ത്വം സ്വീകരിക്കപ്പെട്ടു? (ബി) സഭയുടെ മേൽവിചാരണയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ വിധം അവസാനം ഏതാണെന്നു മനസ്സിലായി?
6 സഭകളിൽ മൂപ്പൻമാരായും ഡീക്കൻമാരായും സേവിക്കേണ്ടതാരൊക്കെയെന്ന പ്രശ്നമുണ്ടായിരുന്നു. ഓരോ സഭയിലെ അംഗങ്ങളും വോട്ടെടുപ്പിലൂടെ ജനാധിപത്യപരമായാണ് അവരെ തിരഞ്ഞെടുക്കേണ്ടത് എന്നും അങ്ങനെയാവുമ്പോൾ ക്രൈസ്തവലോകത്തിൽ നിലനിൽക്കുന്നതുപോലെയുള്ള ഒരു അധികാരശ്രേണി രൂപംകൊള്ളില്ലെന്നും നിഗമനം ചെയ്തു. ജനനിയുക്ത മൂപ്പൻമാർ എന്നതു തിരുവെഴുത്തുപരമായ ആശയമല്ലെന്ന് 1932 സെപ്ററംബർ 1-ലെയും ഒക്ടോബർ 15-ലെയും ദ വാച്ച്ടവറിലുണ്ടായിരുന്ന കൂടുതലായ പ്രകാശം പ്രകടമാക്കി. അതുകൊണ്ട്, അവർക്കു പകരം സേവനക്കമ്മിററി വരികയും സേവന ഡയറക്ടറെ സൊസൈററി തിരഞ്ഞെടുക്കുകയും ചെയ്തു.
7. സഭയിൽ ശുശ്രൂഷകർ നിയമിക്കപ്പെടുന്ന വിധത്തിൽ ഒളിമിന്നലുകൾ ഹേതുവായി ഏതു പുരോഗതികളുണ്ടായി?
7 സഭാസേവകരെ തിരഞ്ഞെടുക്കുകയല്ല, നിയമിക്കുകയാണ്, അതായത്, ദിവ്യാധിപത്യപരമായി നിയമിക്കുകയാണ് വേണ്ടത് എന്നു പ്രകടമാക്കുന്ന ഒളിമിന്നലുകൾ അടങ്ങുന്നതായിരുന്നു 1938 ജൂൺ 1-ലെയും ജൂൺ 15-ലെയും ദ വാച്ച്ടവർ. ഓരോ സഭയുടെയും മേൽവിചാരണ നടത്തേണ്ടത് ഒരു സഭാദാസൻ ആയിരിക്കരുത്, മറിച്ച് ഓരോ സഭയുടെയും മേൽവിചാരണ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം നിയമിക്കുന്ന മൂപ്പൻമാരുടെ, മേൽവിചാരകൻമാരുടെ, സംഘത്തിനായിരിക്കണമെന്ന് 1971-ൽ മറെറാരു ഒളിമിന്നൽ പ്രകടമാക്കി. മൂപ്പൻമാരും ഇന്നു ശുശ്രൂഷാദാസൻമാർ എന്നറിയപ്പെടുന്ന ഡീക്കൻമാരും നിയമിക്കപ്പെടേണ്ടത് “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ, അതിന്റെ ഭരണസംഘത്തിലൂടെ, ആയിരിക്കണമെന്ന് ഏതാണ്ടു 40 വർഷംകൊണ്ട് അധികമധികമായി ലഭിച്ച പ്രകാശത്തിലൂടെ വ്യക്തമായിത്തീർന്നു. (മത്തായി 24:45-47) ഇത് അപ്പോസ്തലിക കാലഘട്ടത്തിൽ സംഭവിച്ചതിനോടു ചേർച്ചയിലായിരുന്നു. തിമോത്തിയും തീത്തോസും പോലെയുള്ള പുരുഷൻമാരെ മേൽവിചാരകൻമാരായി നിയമിച്ചത് ഒന്നാം നൂററാണ്ടിലെ ഭരണസംഘമായിരുന്നു. (1 തിമൊഥെയൊസ് 3:1-7; 5:22; തീത്തൊസ് 1:5-9) ഇതെല്ലാം യെശയ്യാവു 60:17-ന്റെ ശ്രദ്ധേയമായ നിവൃത്തിയാണ്: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകൻമാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.”
8. (എ) അധികമധികമായി ലഭിച്ച സത്യം സൊസൈററി പ്രവർത്തിച്ച വിധത്തിൽ ഏതു പുരോഗതികൾ വരുത്തി? (ബി) ഭരണസംഘത്തിലെ കമ്മിററികൾ ഏതെല്ലാം, അവരുടെ പ്രവർത്തനത്തിന്റെ, അഥവാ മേൽവിചാരണയുടെ, യഥാക്രമമായുള്ള മണ്ഡലങ്ങൾ ഏതെല്ലാം?
8 വാച്ച് ടവർ സൊസൈററിയുടെ പ്രവർത്തനം സംബന്ധിച്ചുള്ളതായിരുന്നു മറ്റൊന്ന്. വർഷങ്ങളോളം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയയുടെ ബോർഡ് ഡയറക്ടേഴ്സ്തന്നെയായിരുന്നു യഹോവയുടെ സാക്ഷികളുടെ ഭരണസംഘം. സംഗതികൾ ഏറിയപങ്കും അതിന്റെ പ്രസിഡൻറിന്റെ കയ്യിലായിരുന്നു. 1977-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകത്തിൽ (258-9 പേജുകൾ) പ്രകടമാക്കിയിരിക്കുന്നതുപോലെ, 1976-ൽ, ഭരണസംഘം ആറു കമ്മിററികളുമായി ഒത്തുചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ലോകവ്യാപകവേലയുടെ ഒരു നിശ്ചിത വശത്തു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിയമനമുള്ളവയായിരുന്നു ഓരോ കമ്മിററിയും. ലോകവ്യാപകമായുള്ള ബെഥേൽ കുടുംബങ്ങളിൽ സേവിക്കുന്ന സകലരുടെയും കാര്യങ്ങളുൾപ്പെടെ ജോലിക്കാരുടെ കാര്യങ്ങൾ നോക്കുന്ന പേഴ്സണൽ കമ്മിററി. വസ്തുവകകളും അച്ചടിയും പോലുള്ള സകല ലൗകികവും നിയമപരവുമായ സംഗതികൾ നോക്കുന്ന പബ്ലിഷിങ് കമ്മിററി. സാക്ഷ്യവേലയുടെ കാര്യം നോക്കുകയും സഞ്ചാരമേൽവിചാരകൻമാരുടെയും പയനിയർമാരുടെയും സഭാ പ്രസാധകരുടെ പ്രവർത്തനങ്ങളുടെയും കാര്യം ശ്രദ്ധിക്കുകയും ചെയ്യുന്ന സർവീസ് കമ്മിററി. സഭായോഗങ്ങൾ, പ്രത്യേക സമ്മേളനങ്ങൾ, സർക്കിട്ട് സമ്മേളനങ്ങൾ, ഡിസ്ട്രിക്ററ്, സാർവദേശീയ കൺവെൻഷനുകൾ, കൂടാതെ ദൈവജനത്തിന്റെ ആത്മീയ വിദ്യാഭ്യാസത്തിനായുള്ള വ്യത്യസ്ത സ്കൂളുകൾ എന്നിവയുടെ ഉത്തരവാദിത്വമുള്ള ടീച്ചിങ് കമ്മിററി. സകല രൂപത്തിലുമുള്ള പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുകയും അവയുടെ പരിഭാഷ നിർവഹിക്കുകയും സകലതും തിരുവെഴുത്തുകൾക്കു ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന റൈററിങ് കമ്മിററി. അടിയന്തിര ഘട്ടങ്ങളുടെയും അടിയന്തിര സംഗതികളുടെയും കാര്യനിർവഹണമുള്ള ചെയർമാൻസ് കമ്മിററി. കൂടാതെ, 1970-കളിൽ വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസുകൾ ഒരു മേൽവിചാരകനു പകരം ഒരു കമ്മിററിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.b
ക്രിസ്തീയ നടത്ത സംബന്ധിച്ച പ്രകാശം
9. ലോകഗവൺമെൻറുകളുമായുള്ള ക്രിസ്ത്യാനികളുടെ ബന്ധത്തെ സത്യത്തിന്റെ പ്രകാശം എങ്ങനെ ബാധിച്ചു?
9 ക്രിസ്തീയ നടത്തയെ ബാധിക്കുന്ന ഒളിമിന്നൽ അനേകമുണ്ടായി. ഉദാഹരണത്തിന്, നിഷ്പക്ഷതയുടെ കാര്യം പരിചിന്തിക്കുക. വിശേഷിച്ചും വർണാഭമായ ഒരു ഒളിമിന്നൽ ഈ വിഷയത്തിൻമേൽ മിന്നുന്നതായിരുന്നു 1939 നവംബർ 1 ദ വാച്ച്ടവറിൽ പ്രത്യക്ഷപ്പെട്ട “നിഷ്പക്ഷത” എന്ന ലേഖനം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിനുശേഷം അതു വന്നത് എത്ര കാലോചിതമായിരുന്നു! നിഷ്പക്ഷതയെ നിർവചിക്കുന്നതും ക്രിസ്ത്യാനികൾ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിലോ പോരാട്ടങ്ങളിലോ ഉൾപ്പെടരുതെന്നു പ്രകടമാക്കുകയും ചെയ്യുന്നതായിരുന്നു ആ ലേഖനം. (മീഖാ 4:3, 5; യോഹന്നാൻ 17:14, 16) ഇതാണു സകല രാഷ്ട്രങ്ങളും അവരെ വെറുക്കാനിടയാക്കിയ ഒരു ഘടകം. (മത്തായി 24:9) മത്തായി 26:52-ൽ യേശു വ്യക്തമാക്കുന്നതുപോലെ, ഇക്കാര്യത്തിൽ പുരാതന ഇസ്രായേലിന്റെ യുദ്ധങ്ങൾ ഒരു കീഴ്വഴക്കം പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല, പുരാതന ഇസ്രായേലിന്റെ കാര്യത്തിലെന്നപോലെ, ഇന്നത്തെ ഒരു രാഷ്ടീയ ജനതയും ദൈവത്താൽ ഭരിക്കപ്പെടുന്നില്ല, അതുകൊണ്ടുതന്നെ ദിവ്യാധിപത്യവുമല്ല.
10. ക്രിസ്ത്യാനികൾ രക്തത്തെ എങ്ങനെ വീക്ഷിക്കണമെന്നതു സംബന്ധിച്ച് ഒളിമിന്നലുകൾ എന്തു വെളിപ്പെടുത്തി?
10 രക്തത്തിന്റെ വിശുദ്ധി സംബന്ധിച്ചും പ്രകാശം ചൊരിയുകയുണ്ടായി. പ്രവൃത്തികൾ 15:28, 29-ലെ രക്തം ഭക്ഷിക്കുന്നതിനെതിരായ വിലക്ക് യഹൂദ ക്രിസ്ത്യാനികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു എന്നാണു ചില ബൈബിൾ വിദ്യാർഥികൾ വിചാരിച്ചിരുന്നത്. എന്നാൽ, അപ്പോസ്തലിക കാലഘട്ടത്തിൽ വിശ്വാസികളായിത്തീർന്ന ജനതകൾക്കും ഈ കൽപ്പന ബാധകമാക്കിയെന്നു പ്രവൃത്തികൾ 21:25 പ്രകടമാക്കുന്നു. അതുകൊണ്ട്, 1945 ജൂലൈ 1 ദ വാച്ച്ടവറിൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, രക്തത്തിന്റെ വിശുദ്ധി സകല ക്രിസ്ത്യാനികൾക്കും ബാധകമാണ്. രക്ഷ സോസിജിന്റെ കാര്യത്തിൽ ചെയ്യുന്നതുപോലെ മൃഗരക്തം ഭക്ഷിക്കുന്നതു വർജിക്കണമെന്നു മാത്രമല്ല, രക്തപ്പകർച്ചയുടെ കാര്യത്തിൽ മനുഷ്യരക്തവും വർജിക്കണമെന്നാണ് അതിന്റെ അർഥം.
11. പുകയിലയുടെ ഉപയോഗം സംബന്ധിച്ചുള്ള ക്രിസ്ത്യാനിയുടെ വീക്ഷണത്തെക്കുറിച്ച് എന്തു മനസ്സിലായി?
11 കൂടുതലായ പ്രകാശം ലഭിച്ചതിന്റെ ഫലമായി, ആദ്യം നിസ്സാരമെന്നു കരുതിയിരുന്ന ശീലങ്ങൾ പിന്നീട് ഉചിതമായ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെട്ടു. ഇതിനുള്ള ഒരു ഉദാഹരണം പുകയിലയുടെ ഉപയോഗം സംബന്ധിച്ചുള്ളതായിരുന്നു. 1895 ആഗസ്ററ് 1-ലെ സീയോന്റെ വീക്ഷാഗോപുരത്തിൽ 1 കൊരിന്ത്യർ 10:31-ലേക്കും 2 കൊരിന്ത്യർ 7:1-ലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് റസ്സൽ സഹോദരൻ ഇങ്ങനെ എഴുതി: “ഒരു ക്രിസ്ത്യാനി ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നെങ്കിൽ അതു ദൈവത്തിന്റെ മഹത്ത്വത്തിനോ ആ വ്യക്തിയുടെതന്നെ സ്വന്തം മെച്ചത്തിനോ എങ്ങനെ ഉപകരിക്കുമെന്ന് എനിക്കു മനസ്സിലാക്കാനാവുന്നില്ല.” പുകയില ഉപയോഗിക്കുന്ന യാതൊരാൾക്കും ഒരു യഹോവയുടെ സാക്ഷിയായിരിക്കാൻ കഴിയില്ലെന്ന് 1973 മുതൽ വ്യക്തമായി മനസ്സിലായിരിക്കുകയാണ്. ഒരു സാക്ഷിക്കു ചൂതാട്ടങ്ങളിൽ പങ്കെടുക്കാനും അതേസമയം സഭയിൽ തുടരാനും സാധിക്കില്ലെന്ന് 1976-ൽ വ്യക്തമാക്കപ്പെട്ടു.
മററു ശുദ്ധിവരുത്തലുകൾ
12. (എ) പത്രോസിനെ ഏൽപ്പിച്ച താക്കോലുകളുടെ എണ്ണത്തെക്കുറിച്ച് ഒരു ഒളിമിന്നൽ എന്തു വെളിപ്പെടുത്തി? (ബി) പത്രോസ് ഓരോ താക്കോലും ഉപയോഗിച്ച സാഹചര്യങ്ങൾ ഏവ?
12 യേശു പത്രോസിനു കൊടുത്ത പ്രതീകാത്മക താക്കോലുകളുടെ എണ്ണത്തെ സംബന്ധിച്ചും വർധിച്ച പ്രകാശം ലഭിക്കുകയുണ്ടായി. പത്രോസിനു രണ്ടു താക്കോലുകൾ ലഭിച്ചുവെന്നായിരുന്നു ബൈബിൾ വിദ്യാർഥികളുടെ ധാരണ. രാജ്യാവകാശികൾ ആയിത്തീരാൻ ആളുകൾക്കു വഴിതുറന്നു കൊടുക്കാൻ യഹൂദൻമാർക്കുവേണ്ടി പൊ.യു. 33-ൽ പെന്തക്കോസ്ത് ദിവസം ഉപയോഗിച്ചതായിരുന്നു ഒരെണ്ണം. മറെറാന്നു പൊ.യു. 36-ൽ വിജാതിയർക്കുവേണ്ടി ഉപയോഗിച്ചു. പത്രോസ് കൊർന്നേലിയസിനോടു പ്രസംഗിച്ചപ്പോഴായിരുന്നു വിജാതിയർക്കുവേണ്ടി അത് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. (പ്രവൃത്തികൾ 2:14-41; 10:34-48) എന്നാൽ ശമര്യക്കാർ എന്നൊരു മൂന്നാമത്തെ കൂട്ടംകൂടി ഉൾപ്പെട്ടിരുന്നതായി കാലക്രമേണ മനസ്സിലായി. അവർക്കു രാജ്യാവസരം തുറന്നുകൊടുത്തുകൊണ്ട് പത്രോസ് രണ്ടാമത്തെ താക്കോൽ ഉപയോഗിച്ചു. (പ്രവൃത്തികൾ 8:14-17) അങ്ങനെ, പത്രോസ് കൊർന്നേലിയസിനോടു പ്രസംഗിച്ചപ്പോൾ മൂന്നാമത്തെ താക്കോൽ ഉപയോഗിക്കപ്പെട്ടു.—ദ വാച്ച്ടവർ 1979 ഒക്ടോബർ 1, പേജുകൾ 16-22, 26.
13. യോഹന്നാൻ 10-ാം അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന തൊഴുത്തുകളെക്കുറിച്ചു ഒളിമിന്നലുകൾ എന്തു വെളിപ്പെടുത്തി?
13 കേവലം രണ്ടു തൊഴുത്തുകളെയല്ല, മൂന്നു തൊഴുത്തുകളെക്കുറിച്ചു യേശു പരാമർശിച്ചുവെന്നു മറെറാരു പ്രകാശരശ്മി കാണിച്ചുതന്നു. (യോഹന്നാൻ, അധ്യായം 10) അവ ഇതൊക്കെയാണ്: (1) സ്നാപകയോഹന്നാൻ വാതിൽക്കാവൽക്കാരനായിരുന്ന യഹൂദതൊഴുത്ത്, (2) അഭിഷിക്ത രാജ്യാവകാശികളുടെ തൊഴുത്ത്, (3) ഭൗമിക പ്രത്യാശയുള്ള “വേറെ ആടുകളു”ടെ തൊഴുത്ത്.—യോഹന്നാൻ 10:2, 3, 15, 16; ദ വാച്ച്ടവർ 1984 ഫെബ്രുവരി 15, പേജ് 10-20.
14. വർധിച്ച പ്രകാശം പ്രതിമാതൃകയിലുള്ള ജൂബിലിയുടെ ആരംഭം സംബന്ധിച്ച സംഗതികൾ വ്യക്തമാക്കിയതെങ്ങനെ?
14 പ്രതിമാതൃകയിലുള്ള ജൂബിലിയെക്കുറിച്ചുള്ള ഗ്രാഹ്യം കുറേക്കൂടി വ്യക്തമാക്കപ്പെട്ടു. ന്യായപ്രമാണത്തിൻകീഴിൽ ഓരോ 50-ാം വർഷവും മഹാ ജൂബിലി വർഷമായിരിക്കണമായിരുന്നു. അന്യാധീനപ്പെട്ടുപോയ വസ്തുക്കളെല്ലാം അന്നു യഥാർഥ ഉടമസ്ഥനു തിരികെ ലഭിക്കുമായിരുന്നു. (ലേവ്യപുസ്തകം 25:10) ക്രിസ്തുവിന്റെ ആയിരംവർഷ ഭരണത്തെ മുൻനിഴലാക്കുന്നതായിരുന്നു ഇതെന്നു മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. എന്നാൽ പകരപ്പെട്ട പരിശുദ്ധാത്മാവിനെ സ്വീകരിച്ചവർ മോശൈക ന്യായപ്രമാണ ഉടമ്പടിയുടെ നുകത്തിൽനിന്നു മോചിതരാക്കപ്പെട്ട സമയമായ പൊ.യു. 33-ലെ പെന്തക്കോസ്തിൽ പ്രതിമാതൃകയിലുള്ള ജൂബിലി വാസ്തവത്തിൽ തുടങ്ങിയെന്നു കുറേക്കൂടെ അടുത്ത കാലത്തു മനസ്സിലാക്കി.—ദ വാച്ച്ടവർ 1987 ജനുവരി 1, പേജ് 18-28.
സാങ്കേതിക പദങ്ങൾ സംബന്ധിച്ചുള്ള കൂടുതലായ പ്രകാശം
15. “പദ്ധതി” എന്ന പദത്തിന്റെ ഉപയോഗത്തിൻമേൽ ഏതു പ്രകാശം ചൊരിയപ്പെട്ടു?
15 “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.” (സഭാപ്രസംഗി 12:10) നമ്മുടെ വിഷയത്തോടു നന്നായി ബന്ധിപ്പിക്കാവുന്നതാണ് ഈ വാക്കുകൾ. കാരണം പഠിപ്പിക്കലും നടത്തയുംപോലുള്ള പ്രധാന സംഗതികളിൽ മാത്രമല്ല, ക്രിസ്തീയ സാങ്കേതിക പദങ്ങളിലും അവയുടെ കൃത്യമായ അർഥങ്ങളിലും പ്രകാശം ചൊരിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, തിരുവെഴുത്തുകൾ സംബന്ധിച്ചുള്ള പഠനങ്ങൾ എന്ന വാല്യങ്ങളിൽ ആദ്യത്തേതായ യുഗങ്ങളിലെ ദിവ്യപദ്ധതി എന്ന ശീർഷകത്തിലുള്ള വാല്യം ബൈബിൾ വിദ്യാർഥികൾക്ക് ഏററവും ഇഷ്ടപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പദ്ധതികളിടുന്നവരായി മനുഷ്യരെക്കുറിച്ചു മാത്രമേ ദൈവവചനം സംസാരിക്കുന്നുള്ളുവെന്നു കാലക്രമത്തിൽ തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 19:21) യഹോവ പദ്ധതിയിടുന്നതായി തിരുവെഴുത്തുകൾ ഒരിക്കലും പറയുന്നില്ല. അവനു പദ്ധതിയിടേണ്ടയാവശ്യമില്ല. അവന്റെ അനന്ത ജ്ഞാനവും ശക്തിയും നിമിത്തം അവൻ ഉദ്ദേശിക്കുന്നതെന്തും വിജയിക്കുമെന്ന് ഉറപ്പാണ്. ഇതുതന്നെയാണു നാം എഫേസ്യർ 1:9, 10 [NW]-ൽ വായിക്കുന്നത്: “തന്റെ സദ്ഹിതമനുസരിച്ച്, അവൻ നിയമിത സമയത്തിന്റെ പൂർണതയിൽ ഒരു ഭരണത്തിനുവേണ്ടി സ്വയം ഉദ്ദേശിച്ചിരിക്കുന്നു.” അങ്ങനെ, യഹോവയെ പരാമർശിക്കുമ്പോൾ “ഉദ്ദേശ്യം” എന്ന പദം കൂടുതൽ ഉചിതമാണെന്നു ക്രമാനുഗതമായി മനസ്സിലായി.
16. ലൂക്കൊസ് 2:14-ന്റെ ശരിയായ ഗ്രാഹ്യം ക്രമേണ എന്താണെന്നു മനസ്സിലായി?
16 പിന്നെ, ലൂക്കൊസ് 2:14 സംബന്ധിച്ചു കൂടുതൽ വ്യക്തമായ ഗ്രാഹ്യം ലഭിക്കേണ്ടതുണ്ടായിരുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരമനുസരിച്ച്, അതിങ്ങനെ വായിക്കപ്പെടുന്നു: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം, ഭൂമിയിൽ സമാധാനം, മനുഷ്യരോടു സൻമനസ്സ്.” ഇതു ശരിയായ ചിന്ത പ്രതിഫലിപ്പിക്കുന്നില്ലെന്നു മനസ്സിലായി, കാരണം ദുഷ്ടൻമാരുടെ നേർക്കു ദൈവത്തിന്റെ സൻമനസ്സ് പ്രകടിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് ദൈവത്തോടു സൻമനസ്സു കാട്ടുന്നവർക്കുള്ള സമാധാനമായി സാക്ഷികൾ ഇതിനെ വീക്ഷിച്ചു. അങ്ങനെ ബൈബിളിൽ താത്പര്യമുള്ളവരെ സൻമനസ്സുള്ള വ്യക്തികളായി അവർ വിശേഷിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ഉൾപ്പെട്ടിരിക്കുന്നതു മനുഷ്യരുടെ ഭാഗത്തെ സൻമനസ്സല്ല, ദൈവത്തിന്റെ ഭാഗത്തെയാണെന്നു പിന്നീടാണു മനസ്സിലാകുന്നത്. അതുകൊണ്ടാണ് പുതിയലോക ഭാഷാന്തരം ലൂക്കോസ് 2:14-ന്റെ അടിക്കുറിപ്പിൽ “[ദൈവം] അംഗീകരിക്കുന്ന മനുഷ്യരെ”ക്കുറിച്ചു പറയുന്നത്. തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്ന സകല ക്രിസ്ത്യാനികൾക്കും ദൈവത്തിന്റെ സൻമനസ്സുണ്ട്.
17, 18. യഹോവ എന്തു സംസ്ഥാപിക്കും, അവൻ എന്തു വിശുദ്ധീകരിക്കും?
17 അതുപോലെ, ദീർഘനാളുകളോളം സാക്ഷികൾ യഹോവയുടെ നാമത്തിന്റെ സംസ്ഥാപനത്തെപ്പററി പറഞ്ഞിരുന്നു. എന്നാൽ സാത്താൻ ചോദ്യം ചെയ്തതു യഹോവയുടെ നാമത്തെയായിരുന്നോ? ആ നാമത്തിനുള്ള അവകാശമില്ലെന്നമട്ടിൽ, അത്തരമൊരു കാര്യം സാത്താന്റെ ഏജൻറുമാർ ആരെങ്കിലും ചെയ്തിട്ടുണ്ടോ? തീർച്ചയായും ഇല്ല. സംസ്ഥാപിക്കപ്പെടേണ്ട ആവശ്യംവരാൻ വെല്ലുവിളിക്കപ്പെട്ടതു യഹോവയുടെ നാമമായിരുന്നില്ല. അതുകൊണ്ടാണു വാച്ച് ടവർ സൊസൈററിയുടെ അടുത്തകാലത്തെ പ്രസിദ്ധീകരണങ്ങളിൽ യഹോവയുടെ നാമം സംസ്ഥാപിക്കപ്പെടുന്നതായി പറയാത്തത്. അവ യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതിനെയും അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിനെയും കുറിച്ചു പറയുന്നു. ഇതു “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു യേശു നമ്മോടു പ്രാർഥിക്കാൻ പറഞ്ഞതിനു ചേർച്ചയിലാണ്. (മത്തായി 6:9) ഇസ്രായേല്യർ ആ നാമത്തെ വെല്ലുവിളിച്ചില്ലെങ്കിലും അതിൻമേൽ നിന്ദ വരുത്തിയപ്പോൾ, താൻ തന്റെ നാമം വിശുദ്ധീകരിക്കാൻ പോകുകയാണെന്നു യഹോവ ആവർത്തിച്ചുപറയുകയുണ്ടായി.—യെഹെസ്കേൽ 20:9, 14, 22; 36:23.
18 രസകരമെന്നു പറയട്ടെ, 1971-ൽ “ഞാൻ യഹോവയാണെന്ന് ജനതകൾ അറിയും”—എങ്ങനെ? (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ വ്യത്യാസം പ്രകടിപ്പിക്കുകയുണ്ടായി: “. . . യഹോവയുടെ സാർവത്രിക പരമാധികാരത്തിനും യഹോവയുടെ നാമത്തിന്റെ മഹത്ത്വീകരണത്തിനുംവേണ്ടി യേശു പോരാടുന്നു.” (364-5 പേജുകൾ) 1973-ൽ ആയിരംവർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന പുസ്തകം പ്രസ്താവിച്ചു: “സർവശക്തനായ ദൈവമായ യഹോവക്കു തന്റെ സാർവത്രിക പരമാധികാരം സംസ്ഥാപിക്കാനും തന്റെ വിശിഷ്ട നാമം വിശുദ്ധീകരിക്കാനുമുള്ള സമയമാണു ‘വരാനിരിക്കുന്ന മഹോപദ്രവം.’” (പേജ് 409) പിന്നെ 1975-ൽ, ലോകാരിഷ്ടതകളിൽനിന്നുള്ള മമനുഷ്യന്റെ രക്ഷ സമീപിച്ചിരിക്കുന്നു! (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിച്ചു: “അഖിലാണ്ഡ ചരിത്രത്തിലെ ഏററവും വലിയ സംഭവം അപ്പോൾ പൂർത്തീകരിച്ചിരിക്കും, യഹോവയുടെ സാർവത്രിക പരമാധികാരത്തിന്റെ സംസ്ഥാപനവും അവന്റെ വിശുദ്ധ നാമത്തിന്റെ വിശുദ്ധീകരണവും.”—പേജ് 281.
19, 20. ആത്മീയ ഒളിമിന്നലുകളോടുള്ള നമ്മുടെ വിലമതിപ്പു നമുക്ക് എങ്ങനെ പ്രകടമാക്കാനാവും?
19 ഈ ആത്മീയ പ്രകാശത്തിൽ കുടികൊള്ളാൻ സാധിക്കുന്ന യഹോവയുടെ ജനം എത്ര അനുഗൃഹീതരാണ്! ഇതിനു കടകവിരുദ്ധമായി, ക്രൈസ്തവലോകത്തിലെ നേതാക്കൻമാർ അകപ്പെട്ടിരിക്കുന്ന ആത്മീയ അന്ധകാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഒരു പുരോഹിതന്റേതായ ഈ പ്രസ്താവന: “പാപം എന്തുകൊണ്ട്? കഷ്ടപ്പാടുകൾ എന്തുകൊണ്ട്? പിശാച് എന്തുകൊണ്ട്? ഞാൻ സ്വർഗത്തിലെത്തുമ്പോൾ കർത്താവിനോടു ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണിവ?” എന്നാൽ എന്തുകൊണ്ടെന്ന് അദ്ദേഹത്തോടു പറയാൻ യഹോവയുടെ സാക്ഷികൾക്കു സാധിക്കും: ഇതിനു കാരണം യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച വിവാദവും പിശാചിന്റെ എതിർപ്പുണ്ടായിരുന്നാലും ദൈവത്തോടു നിർമലത കാത്തുകൊള്ളാൻ മനുഷ്യസൃഷ്ടികൾക്കു സാധിക്കുമോ എന്ന പ്രശ്നവും ഉണ്ടെന്നതാണ്.
20 വർഷങ്ങളിലൂടെ, വലുതും ചെറുതുമായ ഒളിമിന്നലുകൾ യഹോവയുടെ സമർപ്പിത ദാസൻമാരുടെ പാതയെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതു സങ്കീർത്തനം 97:11-ഉം സദൃശവാക്യങ്ങൾ 4:18-ഉം പോലെയുള്ള തിരുവെഴുത്തുകളുടെ നിവൃത്തിയാണ്. എന്നാൽ പ്രകാശത്തിൽ നടക്കുകയെന്നതിന്റെ അർഥം കൂടുതലായി ലഭിച്ച പ്രകാശത്തോടു വിലമതിപ്പുണ്ടായിരിക്കുക എന്നതും അതിനോടുള്ള ചേർച്ചയിൽ ജീവിക്കുക എന്നതുമാണെന്നു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. നാം മനസ്സിലാക്കിയതുപോലെ, കൂടുതലായി ലഭിച്ച ഈ പ്രകാശത്തിൽ നമ്മുടെ നടത്തയും പ്രസംഗിക്കാനുള്ള നമ്മുടെ നിയോഗവും ഉൾപ്പെടുന്നു.
[അടിക്കുറിപ്പുകൾ]
a ഈ വീക്ഷണത്തോടുള്ള പ്രതികരണമായി, 1929 ജൂൺ 1-ലെയും ജൂൺ 15-ലെയും ദ വാച്ച് ടവർ “ഉന്നത അധികാരങ്ങൾ” യഹോവയാം ദൈവവും യേശുക്രിസ്തുവുമാണെന്നു വ്യാഖ്യാനിച്ചു. മുഖ്യമായും ഈ നിലപാടായിരുന്നു 1962-ൽ തിരുത്തപ്പെട്ടത്.
b എസ്രായുടെ നാളിലെ നെഥിനിമിനോടുള്ള ചേർച്ചയിൽ, മുഖ്യമായും “വേറെ ആടുകളി”ൽനിന്നുള്ള തിരഞ്ഞെടുത്ത സഹോദരൻമാർ ഭരണസംഘ കമ്മിററികളിൽ സഹായിക്കുന്നതിനു നിയമിക്കപ്പെടുകയാണെന്ന് 1992 ഏപ്രിൽ 15-ലെ ദ വാച്ച്ടവർ അറിയിച്ചു.—യോഹന്നാൻ 10:16; എസ്രാ 2:58.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ “ഉന്നത അധികാരങ്ങ”ളോടുള്ള കീഴ്പെടൽ സംബന്ധിച്ച് എന്തു പ്രകാശം ചൊരിയപ്പെട്ടു?
◻ ഒളിമിന്നലുകൾ ഹേതുവായി സംഘടനാപരമായ ഏതെല്ലാം വികാസങ്ങളുണ്ടായി?
◻ കൂടുതലായ പ്രകാശം ക്രിസ്തീയ നടത്തയെ എങ്ങനെ ബാധിച്ചു?
◻ ചില തിരുവെഴുത്ത് ആശയങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ ആത്മീയ പ്രകാശം ഹേതുവായി ഏതെല്ലാം ശുദ്ധിവരുത്തലുകളുണ്ടായി?
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Keys on page 24: Drawing based on photo taken in Cooper-Hewitt, National Design Museum, Smithsonian Institution