യഹോവയുടെ സാക്ഷികൾ ലോകത്തിനുചുറ്റും—സ്വീഡൻ
സ്കാൻഡിനേവിയൻ ഉപദ്വീപിന്റെ പൂർവഭാഗത്തു സ്ഥിതിചെയ്യുന്ന സ്വീഡൻ ആർട്ടിക്ക് വൃത്തത്തിനപ്പുറംവരെ വ്യാപിച്ചു കിടക്കുന്നു. സമൃദ്ധമായ നിത്യഹരിത വനങ്ങൾക്കും തടാകങ്ങൾക്കും പർവതങ്ങൾക്കും ലോകമെമ്പാടും പ്രസിദ്ധിയാർജിച്ച സ്വീഡൻ, യൂറോപ്പിൽ ഏറ്റവും പരിമിതമായി അധിവസിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ്. എന്നുവരികിലും, 1800-കളുടെ അവസാനം മുതൽ യഹോവയുടെ സാക്ഷികൾ അവിടെ സത്യസ്നേഹികളെ വിജയകരമായി അന്വേഷിച്ചു കണ്ടുപിടിച്ചിരിക്കുന്നു. അടുത്ത കാലത്തു നടന്ന ഒരുദാഹരണം പരിചിന്തിക്കുക.
ഒരു സ്ത്രീ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചു, എന്നാൽ ഭർത്താവിന് അത് ഇഷ്ടമായിരുന്നില്ല. പഠനം നിർത്താൻ അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു, അവൾ നിർത്തുകയും ചെയ്തു. ആ മനുഷ്യൻ മദ്യ ഉത്പന്നങ്ങളുടെ ഒരു സംഭരണശാലയിലാണു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഒരു ട്രക്ക് ഡ്രൈവർ അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള പേരക്കിടാവിനോടൊപ്പം സംഭരണശാലയിൽ വന്നു. ട്രക്കിൽ സാധനങ്ങൾ കയറ്റുന്ന സമയം പേരക്കിടാവിനെ ഒന്നു നോക്കിക്കൊള്ളാൻ മുത്തശ്ശൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. ഒരു സംഭാഷണം തുടങ്ങാൻവേണ്ടിമാത്രം ആ മനുഷ്യൻ പയ്യനോട് കഴിഞ്ഞ പിറന്നാളിന് അവന് എന്തെല്ലാം സമ്മാനങ്ങൾ കിട്ടിയെന്ന് ആരാഞ്ഞു. യഹോവയുടെ സാക്ഷികൾ ആയതിനാൽ താനും തന്റെ കുടുംബവും പിറന്നാളുകൾ ആഘോഷിച്ചില്ലെന്ന കുട്ടിയുടെ ഉത്തരം ആ മനുഷ്യനെ അതിശയിപ്പിച്ചു. വർഷത്തിൽ മറ്റു സമയങ്ങളിൽ തനിക്കു സമ്മാനങ്ങൾ കിട്ടിയെന്നും തനിക്ക് ഊഷ്മളവും സ്നേഹവുമുള്ള കുടുംബാംഗങ്ങൾ ഉള്ളതിനാൽ ഒന്നിനും കുറവില്ലെന്നും ആ കുട്ടി പറഞ്ഞു. അത്രയും വിലയുള്ള ഒരു സമ്മാനവുമില്ലെന്ന് അവൻ കൂട്ടിച്ചേർത്തു.
കുട്ടി മുത്തശ്ശനോടൊപ്പം പലതവണ മടങ്ങിയെത്തി. ഓരോ തവണയും ആ മനുഷ്യൻ കുട്ടിയോട് ധാരാളം ചോദ്യങ്ങൾ ചോദിക്കുമായിരുന്നു, യാതൊരു സന്ദേഹവുംകൂടാതെ സത്യസന്ധമായ, വളച്ചൊടിക്കാതെയുള്ള കുട്ടിയുടെ ഉത്തരങ്ങളിൽ അയാൾക്കു വളരെയധികം മതിപ്പുളവായി. യഥാർഥ മൂല്യങ്ങളിൽ കുട്ടിക്കുള്ള വിലമതിപ്പും അയാളെ സ്പർശിച്ചു. ഒരു രാത്രി അദ്ദേഹം ലോകത്തിന്റെ ദാരുണമായ അവസ്ഥകൾ പ്രദർശിപ്പിച്ച ടെലിവിഷൻ പരിപാടി വീക്ഷിച്ചു കഴിഞ്ഞപ്പോൾ താൻ ആത്മീയ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാര്യയോടൊപ്പം പഠിച്ചുകൊണ്ടിരുന്ന സാക്ഷിയോട് തിരിച്ചുവരാൻ അയാൾ അവർക്കു ഫോൺ ചെയ്തു പറഞ്ഞു. താമസിയാതെ അദ്ദേഹവും ഒരു സാക്ഷിയോടൊപ്പം ബൈബിൾ പഠിക്കുകയും ത്വരിതഗതിയിൽ പുരോഗമിക്കുകയും ചെയ്തു. അദ്ദേഹം 1994 ഏപ്രിൽ 10-നു സ്നാപനമേറ്റു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും സ്നാപനമേറ്റിരിക്കുന്നു.
വർധനവ് കെട്ടിടം ആവശ്യമാക്കിത്തീർക്കുന്നു
സ്വീഡൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ ഭവനമാണ്. അവരോടു പ്രസംഗിക്കുന്നതിൽ സ്വീഡനിലെ സാക്ഷികൾക്കു നല്ല ഫലങ്ങളുണ്ടായിട്ടുണ്ട്. പൊതുവേ പറഞ്ഞാൽ, പ്രസംഗവേലയുടെ വിജയം മൂലമുണ്ടായ വികസനത്തെപ്രതി പുതിയ രാജ്യഹാളുകൾ നിർമിക്കേണ്ടതായി വന്നിരിക്കുന്നു. 1986 മുതൽ 1993 വരെ 37 രാജ്യഹാളുകൾ ശീഘ്ര-നിർമിത പദ്ധതിയിലൂടെ നിർമിച്ചിരിക്കുന്നു, 8 ഹാളുകൾ വലുതാക്കുകയും പുതുക്കുകയും ചെയ്തിരിക്കുന്നു. 1994-ൽ മാത്രം കൂടുതലായി ഏഴു ഹാളുകൾ നിർമിക്കപ്പെട്ടു, മൂന്നെണ്ണം പുതുക്കിയെടുത്തു.
ഇപ്പോൾ, പുതിയ രാജ്യഹാളിനുവേണ്ടി അല്ലെങ്കിൽ തങ്ങൾക്കിപ്പോഴുള്ളതു വലുതാക്കുന്നതിനോ പുതുക്കുന്നതിനോവേണ്ടി 65 സഭകൾ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്. അത്തരം നിർമാണ പദ്ധതിയിൽ ഏതാണ്ട് 2,500 സന്നദ്ധസേവകർ സഹായിക്കുന്നു, സഭകൾ അവരുടെ സ്നേഹപുരസ്സരമായ സഹായം വളരെയധികം വിലമതിക്കുന്നു.
ആർട്ടിക് വൃത്തത്തിനു മുകളിലേക്കു വ്യാപിച്ചുകിടക്കുന്ന സ്വീഡന്റെ വടക്കുഭാഗം ചിലപ്പോഴൊക്കെ പാതിരാ സൂര്യന്റെ നാട് എന്നു വിളിക്കപ്പെടുന്നു. വേനൽക്കാലത്തു ചില സമയം സൂര്യൻ അസ്തമിക്കാറില്ല എന്നതാണ് ഇതിനു കാരണം. എന്നിരുന്നാലും, സ്വീഡനിൽ ആകമാനം സത്യത്തിന്റെ വെളിച്ചവും ഉജ്ജ്വലമായി തുടർന്നു വിളങ്ങുന്നു. യഹോവയുടെ അനുഗ്രഹത്താൽ ആ ആത്മീയ വെളിച്ചം ഒരിക്കലും മങ്ങാതെ കൂടുതൽ കൂടുതൽ പ്രകാശിച്ചുകൊണ്ടേയിരിക്കും.
[8-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 24,246
അനുപാതം: 1 സാക്ഷിക്ക് 362 പേർ
സ്മാരക ഹാജർ: 40,372
ശരാശരി പയനിയർ പ്രസാധകർ: 2,509
ശരാശരി ബൈബിളധ്യയനങ്ങൾ: 11,306
സ്നാപനമേറ്റവരുടെ എണ്ണം: 850
സഭകളുടെ എണ്ണം: 358
ബ്രാഞ്ച് ഓഫീസ്: ആർബോഗ
[9-ാം പേജിലെ ചിത്രം]
ആർബോഗയിലുള്ള ബ്രാഞ്ച് ഓഫീസും ബെഥേൽ ഭവനവും
[9-ാം പേജിലെ ചിത്രം]
ഏതാണ്ട് 1,900 ചതുരശ്ര മൈൽ വരുന്ന പ്രദേശം പ്രവർത്തിച്ചു തീർക്കാൻ ആദ്യത്തെ സാക്ഷികൾ ഹ്ജോയിൽ ഈ മിനിബസ് ഉപയോഗിച്ചു