ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ
“യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.”—സങ്കീർത്തനം 1:2.
1. (എ) വാച്ച് ടവർ സൊസൈറ്റിയുടെ ലോകാസ്ഥാനത്തുള്ള ഒരു ഫാക്ടറി കെട്ടിടത്തിന്റെ ഒരു വശത്ത് എന്ത് പ്രമുഖ അനുശാസനം ദൃശ്യമാണ്? (ബി) ആ അനുശാസനം നാം വ്യക്തിപരമായി ഹൃദയത്തിലേറ്റുകൊണ്ടാൽ എങ്ങനെ പ്രയോജനം നേടും?
“ദൈവവചനമായ വിശുദ്ധബൈബിൾ ദിവസവും വായിക്കുക.” വാച്ച്ടവർ സൊസൈറ്റി, ബൈബിളും ബൈബിൾ സാഹിത്യവും അച്ചടിക്കുന്ന ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഒരു കെട്ടിടത്തിന്റെ ഒരു വശത്ത് വലിയക്ഷരങ്ങളിൽ ഈ വാക്കുകൾ ദൃശ്യമാണ്. ആ അനുശാസനം അതു കാണുന്ന ലോകക്കാരായ ആളുകളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. തങ്ങളും അതു ഹൃദയത്തിൽ ഏറ്റുകൊള്ളണമെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. ബൈബിൾ ക്രമമായി വായിക്കയും വ്യക്തിപരമായി ബാധകമാക്കുകയും ചെയ്യുന്നവർ അതിന്റെ പഠിപ്പിക്കലിൽനിന്നും ശാസനയിൽനിന്നും തിരുത്തലിൽനിന്നും അതു പ്രദാനം ചെയ്യുന്ന നീതിയിലെ ശിക്ഷണത്തിൽനിന്നും പ്രയോജനം നേടുന്നു.—2 തിമൊഥെയൊസ് 3:16, 17.
2. ബൈബിൾ വായനയുടെ പ്രാധാന്യത്തെ റസ്സൽ സഹോദരൻ ഊന്നിപ്പറഞ്ഞതെങ്ങനെ?
2 യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം ഉൾപ്പെടെയുള്ള ബൈബിളധ്യയന സഹായികൾ വളരെയധികം വിലമതിക്കുകയും അവ ക്രമമായി ഉപയോഗിക്കുകയും ചെയ്യുന്നു. എങ്കിലും ഇവയൊന്നും ബൈബിളിന്റെ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അവർക്കറിയാം. 1909-ൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് റ്റെയ്സ് റസ്സൽ വീക്ഷാഗോപുര മാസികയുടെ വായനക്കാർക്ക് എഴുതി: “ബൈബിളാണു നമ്മുടെ പ്രമാണമെന്നും നമുക്കു ലഭിക്കുന്ന സഹായങ്ങൾ എത്രതന്നെ ദൈവദത്തമെന്നുവരികിലും അവ ‘സഹായങ്ങൾ’ മാത്രമാണ് അല്ലാതെ ബൈബിളിനു ബദലല്ല എന്നുമുള്ള കാര്യം ഒരിക്കലും മറക്കരുത്.”
3. (എ) “ദൈവവചനം” സുപരിചിതരായവരിൽ അത് എന്തു ഫലം ചെയ്യുന്നു? (ബി) ബെരോവക്കാർ എത്ര പതിവായി തിരുവെഴുത്തുകൾ വായിക്കയും പഠിക്കയും ചെയ്തിരുന്നു?
3 മറ്റൊരു പുസ്തകത്തിനുമില്ലാത്ത ആഴവും ശക്തിയും നിശ്വസ്ത തിരുവെഴുത്തുകൾക്കുണ്ട്. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ബെരോവയിലെ ജനങ്ങളെ ‘ഉത്തമൻമാർ’ എന്നു പരാമർശിച്ചുകൊണ്ട് ശിഷ്യനായ ലൂക്കോസ് അവരെ ഊഷ്മളതയോടെ പ്രശംസിച്ചു. അവർ അപ്പോസ്തലനായ പൗലോസും അവന്റെ സുഹൃത്തായ ശീലാസും പ്രസംഗിച്ച വചനം ഉത്സാഹപൂർവം അതേപടി കൈക്കൊള്ളുക മാത്രമല്ല പഠിപ്പിക്കപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ച തിരുവെഴുത്തുപരമായ അടിസ്ഥാനം നിർണയിക്കുന്നതിന് ‘പൂർണ്ണജാഗ്രതയോടെ . . . ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുംപോന്നു.’—പ്രവൃത്തികൾ 17:11.
അതു ദൈനംദിനം വായിക്കൽ
4. നാം എത്ര പതിവായി ബൈബിൾ വായിക്കണമെന്നതു സംബന്ധിച്ചു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതെന്ത്?
4 നാം എത്ര പതിവായി ബൈബിൾ വായിക്കണമെന്ന് അതു സ്പഷ്ടമായി പ്രതിപാദിക്കുന്നില്ല. എന്നിരുന്നാലും, ‘ന്യായപ്രമാണപുസ്തകത്തിലുള്ളതു . . . രാവും പകലും ധ്യാനിച്ചുകൊണ്ടിരിക്കേണം’ എന്നു യോശുവക്കു യഹോവ നൽകിയ ബുദ്ധ്യുപദേശം അതു രേഖപ്പെടുത്തുന്നുണ്ട്. അതു ചെയ്താൽ അവൻ ജ്ഞാനപൂർവം പ്രവർത്തിക്കുകയും ദൈവദത്തമായ തന്റെ നിയമനം വിജയപ്രദമായി നിവർത്തിക്കുകയും ചെയ്യുമായിരുന്നു. (യോശുവ 1:8) പുരാതന ഇസ്രായേലിൽ രാജാവായി വാണ ഏവനും തന്റെ “ആയുഷ്കാലം ഒക്കെയും” തിരുവെഴുത്തുകൾ വായിക്കണമായിരുന്നെന്ന് അതു നമ്മോടു പറയുന്നു. (ആവർത്തനപുസ്തകം 17:19) അതു കൂടുതലായി ഇങ്ങനെ പറയുന്നു: “ദുഷ്ടൻമാരുടെ ആലോചനപ്രകാരം നടക്കാതെ . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.” (സങ്കീർത്തനം 1:1, 2) കൂടാതെ, തന്നെ പ്രലോഭിപ്പിക്കാനുള്ള സാത്താന്റെ ശ്രമത്തെ യേശുക്രിസ്തു തള്ളിക്കളഞ്ഞപ്പോൾ അവൻ നിശ്വസ്ത എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട്, ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”’എന്നു പറഞ്ഞതായി മത്തായി എഴുതിയ സുവിശേഷം നമ്മോടു പറയുന്നു. (മത്തായി 4:4) നമുക്കു ശാരീരിക ആഹാരം എത്ര പതിവായി ആവശ്യമുണ്ട്? ദിവസേന! ആത്മീയ ഭക്ഷണം ദിനമ്പ്രതി ഉള്ളിലാക്കുന്നത് അതിലും പ്രധാനമാണ് കാരണം അതു നമ്മുടെ നിത്യജീവന്റെ പ്രത്യാശയെ ബാധിക്കുന്നു.—ആവർത്തനപുസ്തകം 8:3; യോഹന്നാൻ 17:3.
5. വിശ്വാസത്തെപ്രതി നമ്മുടെമേൽ വെല്ലുവിളികൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ “യഹോവക്കു യോഗ്യമാം വണ്ണം നട”ക്കാൻ ദൈനംദിന ബൈബിൾ വായനക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
5 നമ്മിലോരോരുത്തരും ദൈവവചനത്താൽ ദിനമ്പ്രതി ശക്തരാക്കപ്പെടണം. ദിവസേന—വീട്ടിലോ, ജോലിസ്ഥലത്തോ, സ്കൂളിലോ, തെരുവിലോ, സാധനങ്ങൾ വാങ്ങുമ്പോഴോ നമ്മുടെ ശുശ്രൂഷയിലോ—വിശ്വാസത്തെപ്രതി നമ്മുടെമേൽ വെല്ലുവിളികൾ അടിച്ചേൽപ്പിക്കപ്പെടുന്നു. നാം എങ്ങനെ ഇവയെ കൈകാര്യംചെയ്യും? ബൈബിൾ കൽപ്പനകളും തത്ത്വങ്ങളും ഉടനടി നമ്മുടെ മനസ്സിലേക്കു കടന്നുവരുമോ? സ്വാശ്രയ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ബൈബിൾ ഇങ്ങനെ താക്കീതു നൽകുന്നു: “താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” (1 കൊരിന്ത്യർ 10:12) ലോകം നമ്മെ അതിന്റെ ചൊൽപ്പടിയിലാക്കാൻ അനുവദിക്കുന്നതിനു പകരം, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു [“യഹോവക്കു,” NW] യോഗ്യമാകുംവണ്ണം നട”ക്കുവാൻ നമ്മുടെ ദൈനംദിന ബൈബിൾ വായന നമ്മെ സഹായിക്കും.—കൊലൊസ്സ്യർ 1:9, 10; റോമർ 12:2.
ബൈബിൾ ആവർത്തിച്ചു വായിക്കേണ്ടതിന്റെ ആവശ്യം
6. ബൈബിൾ ആവർത്തിച്ചു വായിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
6 ബൈബിൾ വായിക്കുന്നതും കെട്ടുകഥ വായിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ജനപ്രീതിയുള്ള മിക്ക കെട്ടുകഥകളും ഒരിക്കൽ മാത്രം വായിക്കാനുദ്ദേശിച്ചുള്ളതാണ്; അതിന്റെ കഥ എന്താണെന്നും എങ്ങനെ അവസാനിക്കുന്നുവെന്നും ഒരു വ്യക്തി അറിഞ്ഞുകഴിഞ്ഞാൽ പിന്നെ അതു വായിക്കുന്നതുകൊണ്ട് ഒരു നേട്ടവുമില്ല. നേരേമറിച്ച്, നാം എത്ര തവണ ബൈബിൾ വായിച്ചാലും ശരി വീണ്ടും വായിക്കുന്നതിൽനിന്നു നാം വളരെയധികം പ്രയോജനമനുഭവിക്കുന്നു. (സദൃശവാക്യങ്ങൾ 9:9) തിരിച്ചറിവുള്ള ഒരു വ്യക്തിക്കു തിരുവെഴുത്തുകൾ നിരന്തരം കൂടുതലായ അർഥം പകർന്നുകൊടുക്കുന്നു. സമീപ മാസങ്ങളിൽ താൻ കാണുകയും കേൾക്കുകയും വ്യക്തിപരമായി അനുഭവിക്കുകയും ചെയ്ത കാര്യങ്ങളുടെ വീക്ഷണത്തിൽ അന്ത്യനാളുകൾ സംബന്ധിച്ച പ്രവചനങ്ങളിൽ അയാൾക്കു കൂടുതൽ മതിപ്പുളവാകും. (ദാനീയേൽ 12:4) ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങൾ പൂർവാധികം ഗ്രഹിക്കുകയും പ്രശ്നങ്ങളെ നേരിടുകയും ചെയ്യുമ്പോൾ തിരിച്ചറിവുള്ള ആ ബൈബിൾ വായനക്കാരൻ താൻ നേരത്തെ വെറുതെ വായിച്ചുവിട്ടിരിക്കാൻ ഇടയുള്ള ബൈബിൾ ബുദ്ധ്യുപദേശം കൂടുതലായി വിലമതിക്കുന്നു. (സദൃശവാക്യങ്ങൾ 4:18) അയാൾക്ക് ഒരു കഠിന രോഗം ബാധിക്കുന്നെങ്കിൽ, വേദന തുടച്ചുമാറ്റുകയും ആരോഗ്യം പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന ബൈബിളിന്റെ വാഗ്ദത്തം അയാളെ സംബന്ധിച്ചിടത്തോളം എന്നത്തെക്കാളധികം അർഥവത്തായിത്തീരുന്നു. ഉറ്റ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ മരണമടയുമ്പോൾ പുനരുത്ഥാനപ്രത്യാശ കൂടുതൽ മൂല്യവത്തായിത്തീരുന്നു.
7. ജീവിതത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ നമ്മെ സഹായിക്കാൻ എന്തിനു കഴിയും, എന്തുകൊണ്ട്?
7 നിങ്ങൾ ഒരുപക്ഷേ വർഷങ്ങളോളം ബൈബിൾ വായിക്കുകയും അതിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാൽ നിങ്ങൾ ഇപ്പോൾ ഒരുപക്ഷേ, ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. നിങ്ങൾ വിവാഹം ചെയ്യാൻ പോകുകയാണോ? നിങ്ങളൊരു മാതാവോ പിതാവോ ആകാൻ പോകുകയാണോ? സഭയിൽ ഒരു മൂപ്പൻ അല്ലെങ്കിൽ ശുശ്രൂഷാദാസൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിങ്ങളെ ഏൽപ്പിച്ചിരിക്കുകയാണോ? നിങ്ങൾ പ്രസംഗത്തിനും പഠിപ്പിക്കലിനും കൂടുതലായ അവസരങ്ങളുള്ള ഒരു മുഴുസമയ സുവിശേഷകനാണോ? ആ പുതിയ ഉത്തരവാദിത്വങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ടു മുഴു ബൈബിളും വീണ്ടും വായിക്കുന്നത് എത്ര പ്രയോജനപ്രദമായിരിക്കും!—എഫെസ്യർ 5:24, 25; 6:4; 2 തിമൊഥെയൊസ് 4:1, 2.
8. നമുക്കു പണ്ടേ അറിയാമെന്നു കരുതിയ കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയേണ്ടതിന്റെ ആവശ്യം മാറ്റംവന്ന സാഹചര്യങ്ങൾ എടുത്തുകാട്ടിയേക്കാവുന്നതെങ്ങനെ?
8 കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ആത്മാവിന്റെ ഫലം നന്നായി പ്രകടിപ്പിച്ചിരിക്കാം. (ഗലാത്യർ 5:22, 23) എങ്കിലും സാഹചര്യങ്ങളിൽ വന്ന മാറ്റം നിങ്ങളെ ഈ ദൈവിക ഗുണങ്ങളെപ്പറ്റി വളരെ കൂടുതൽ പഠിക്കേണ്ട നിലയിലാക്കിത്തീർത്തേക്കാം. (താരതമ്യം ചെയ്യുക: എബ്രായർ 5:8.) വാർധക്യംചെന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നതിനു തന്റെ വിശിഷ്ടമായ സേവനം ഉപേക്ഷിക്കേണ്ടത് അത്യാവശ്യമെന്നു കണ്ട ഒരു മുൻ സഞ്ചാരമേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “ആത്മാവിന്റെ ഫലങ്ങൾ ഞാൻ ഒരുവിധം നന്നായി പ്രകടിപ്പിക്കുന്നുണ്ടെന്നായിരുന്നു എന്റെ ധാരണ. ഇപ്പോൾ എനിക്കുതോന്നുന്നത് എല്ലാം വീണ്ടും ആരംഭംമുതൽ തുടങ്ങണമെന്നാണ്.” സമാനമായി, ശക്തമായ ശാരീരികവും വൈകാരികവുമായ സമ്മർദം അനുഭവിക്കുന്ന വിവാഹ ഇണകളുള്ള ഭാര്യാഭർത്താക്കൻമാർ വ്യക്തിപരമായ സംരക്ഷണം നൽകുമ്പോൾ തങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രതികരണങ്ങൾ പലപ്പോഴും സമ്മർദം നിമിത്തം ഉയർന്നുവരുന്നതായി കണ്ടെന്നു വരാം. ക്രമമായ ബൈബിൾ വായന വലിയ സാന്ത്വനത്തിന്റെയും സഹായത്തിന്റെയും ഉറവാണ്.
ബൈബിൾ വായന നടത്തേണ്ട സമയം
9. (എ) ദൈനംദിന ബൈബിൾ വായനക്കു സമയം കണ്ടെത്താൻ വളരെ തിരക്കുള്ള ഒരു വ്യക്തിയെ സഹായിക്കാൻ എന്തിനു കഴിയും? (ബി) ബൈബിൾ വായന പ്രത്യേകിച്ചും മൂപ്പൻമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 ഇപ്പോൾതന്നെ വളരെ തിരക്കിലായിരിക്കുന്ന വ്യക്തികൾക്കു കൂടുതലായ എന്തെങ്കിലും ക്രമമായ അടിസ്ഥാനത്തിൽ ചെയ്യാൻ സമയം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണെന്നതു തീർച്ചയാണ്. എന്നിരുന്നാലും, യഹോവയുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു പ്രയോജനം നേടാം. അവൻ കാര്യാദികൾ അതിന്റെ “നിയമിത കാലങ്ങ”ളിൽ ചെയ്യുന്നു എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (ഉല്പത്തി 21:2; പുറപ്പാടു 9:5; ലൂക്കോസ് 21:24, NW; ഗലാത്യർ 4:4) ദൈവവചനം ക്രമമായി വായിക്കുന്നതിന്റെ പ്രാധാന്യത്തിലുള്ള വിലമതിപ്പ് നമ്മുടെ പ്രതിദിന പട്ടികയിൽ അതിനുവേണ്ടി ഒരു നിയമിത സമയം മാറ്റിവയ്ക്കാൻ നമ്മെ സഹായിക്കും. (എഫെസ്യർ 5:15-17) മൂപ്പൻമാർ പ്രത്യേകിച്ചും ക്രമമായ ബൈബിൾ വായനയ്ക്കു സമയം മാറ്റിവയ്ക്കണം, തൻമൂലം അവർ നൽകുന്ന ബുദ്ധ്യുപദേശം നിസ്സന്ദേഹം ബൈബിൾ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അങ്ങനെ അവർ പ്രദർശിപ്പിക്കുന്ന ആത്മാവ് ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രതിഫലിപ്പിക്കും.—യാക്കോബ് 3:17; തീത്തൊസ് 1:9.
10. ദൈനംദിനം ബൈബിൾ വായിക്കുന്നവർ അതിനു സമയം കണ്ടെത്തുന്നത് എപ്പോൾ?
10 വ്യക്തിപരമായ ബൈബിൾ വായനാ പരിപാടിയിൽ വിജയപ്രദരായിരിക്കുന്ന അനേകർ തങ്ങളുടെ വായന അതിരാവിലെ, ദിവസത്തെ വേലകൾ തുടങ്ങുന്നതിനു മുമ്പുതന്നെ, ചെയ്യുന്നു. മറ്റുചിലരാണെങ്കിൽ, ക്രമമായി വേറൊരു സമയത്തു ചെയ്യുന്നതാണു നല്ലതെന്നു കണ്ടെത്തിയിരിക്കുന്നു. യാത്രാ സമയം നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ നിത്യയാത്രക്കാരെ ബൈബിൾ ഓഡിയോ കാസെറ്റുകൾ (ലഭ്യമുള്ളിടത്ത്) സഹായിക്കുന്നു. ചില സാക്ഷികൾ പതിവു കുടുംബജോലിയിൽ ഏർപ്പെട്ടിരിക്കേ അവ കേൾക്കുന്നു. യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പൗരസ്ത്യദേശം എന്നിവിടങ്ങളിലുള്ള വളരെയധികം സാക്ഷികൾക്ക് അതു ചെയ്യാൻ കഴിഞ്ഞ കാര്യം 20, 21, പേജുകളിൽ “അവർ അതു വായിക്കുന്ന സമയവും പ്രയോജനം നേടുന്ന വിധവും” എന്ന ലേഖനത്തിൽ കൊടുത്തിരിക്കുന്നു.
11. ലഭ്യമായ സമയം പരിമിതമെങ്കിൽപ്പോലും ദൈനംദിന ബൈബിൾ വായന എങ്ങനെ നടത്താവുന്നതാണ്?
11 ഏറ്റവും പ്രധാന സംഗതി ബൈബിൾ വായനയ്ക്ക് എത്ര സമയം മാറ്റിവച്ചിരിക്കുന്നുവെന്നതല്ല മറിച്ച്, അത് എത്ര ക്രമമായി ചെയ്യുന്നുവെന്നതാണ്. ഒറ്റ ഇരിപ്പിൽ ഒരു മണിക്കൂറോ അതിൽ കൂടുതലോ സമയം വായിക്കുകയും ഗവേഷണം നടത്തുകയും പഠനവിഷയത്തിൽ മുഴുവനായി ഇഴുകിച്ചേർന്നിരിക്കുകയും ചെയ്യുന്നതു ഫലപ്രദമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ അത് ക്രമമായി ചെയ്യാൻ നിങ്ങളുടെ പട്ടിക അനുവദിക്കുന്നുണ്ടോ? ബൈബിൾ വായനയേ ഇല്ലാതെ നാളുകൾതന്നെ കടന്നുപോകാൻ അനുവദിക്കുന്നതിനു പകരം ദിവസേന 15 മിനിറ്റോ അല്ലെങ്കിൽ 5 മിനിറ്റുപോലുമോ വായിക്കുന്നതു മെച്ചമായിരിക്കുകയില്ലേ? ബൈബിൾ വായന ദൈനംദിനം ചെയ്യുന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. അതോടൊപ്പം സാധിക്കുമ്പോഴൊക്കെ ആഴമായ ഗവേഷണങ്ങളും നടത്തുക.
ബൈബിൾ വായിക്കുന്നതിനുള്ള വിവിധ സമീപനങ്ങൾ
12. പുതിയ ബെഥേൽ കുടുംബാംഗങ്ങൾക്കും ഗിലെയാദ് വിദ്യാർഥികൾക്കും ഏതു ബൈബിൾ വായനാ പരിപാടിയാണുള്ളത്?
12 ബൈബിൾ വായനയ്ക്കു പല വിധങ്ങളുണ്ട്. ഉൽപ്പത്തി മുതൽ വെളിപാട് വരെ വായിക്കുന്നതു പ്രയോജനപ്രദമായിരിക്കും. ലോകാസ്ഥാനത്തിലോ സൊസൈറ്റിയുടെ ബ്രാഞ്ചുകളിലൊന്നിലോ സേവനമനുഷ്ഠിക്കുന്ന ആഗോള ബെഥേൽ കുടുംബത്തിലുള്ള അംഗങ്ങൾ ബെഥേലിലെ അവരുടെ ആദ്യവർഷം മുഴു ബൈബിളും വായിക്കേണ്ട ആവശ്യമുണ്ട്. (അതു മിക്കപ്പോഴും അധ്യായങ്ങളുടെ നീളം അനുസരിച്ച് മൂന്നുമുതൽ അഞ്ചുവരെ അധ്യായങ്ങളോ നാലുമുതൽ അഞ്ചുവരെ പേജുകളോ വായിക്കുന്നത് അർഥമാക്കുന്നു.) വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ വിദ്യാർഥികളും ബിരുദസമ്പാദനത്തിനു മുമ്പ് മുഴു ബൈബിളും വായിച്ചിരിക്കണം. ബൈബിൾ വായന തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഇത് അവരെ സഹായിക്കുമെന്നു പ്രത്യാശിക്കുന്നു.
13. പുതുതായി സ്നാപനമേറ്റ സാക്ഷികൾക്ക് എന്തു ലാക്കാണു ശുപാർശചെയ്യപ്പെടുന്നത്?
13 പുതുതായി സ്നാപനമേറ്റ സാക്ഷികൾക്ക് മുഴു ബൈബിളും വായിക്കുന്നതിനുള്ള ലാക്കു വെക്കാവുന്നതാണ്. 1975-ൽ ഫ്രാൻസിലെ ഒരു ചെറുപ്പക്കാരൻ സ്നാപനത്തിനായി തയ്യാറെടുക്കുന്ന സമയം, കൃത്യമായ ഒരു ബൈബിൾ വായനാ പരിപാടിയുണ്ടോ എന്ന് ഒരു മൂപ്പൻ അവനോടു ചോദിച്ചു. അന്നു തുടങ്ങി അവൻ മുഴു ബൈബിളും വർഷംതോറും വായിച്ചിരിക്കുന്നു, മിക്കപ്പോഴും ജോലിക്കു പോകുന്നതിനുമുമ്പാണ് അവൻ അതു ചെയ്യുന്നത്. തത്ഫലമായി, “ഞാൻ യഹോവയുമായി വളരെ നന്നായി പരിചിതനായി. അവൻ ചെയ്യുന്നതെല്ലാം തന്റെ ഉദ്ദേശ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും തടസ്സങ്ങൾ വരുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കുന്നുവെന്നും എനിക്കു മനസ്സിലാക്കാൻ കഴിയുന്നു. അതേസമയംതന്നെ യഹോവ തന്റെ എല്ലാ പ്രവൃത്തികളിലും നീതിയുള്ളവനും നല്ലവനുമാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നു” എന്ന് അവൻ പറഞ്ഞു.
14. (എ) തുടർന്നുകൊണ്ടുപോകാവുന്ന ഒരു വ്യക്തിപരമായ ബൈബിൾ വായനാ പരിപാടി ആരംഭിക്കുന്നതിന് എന്താണ് അത്യാവശ്യമായിരിക്കുന്നത്? (ബി) നാം വായിക്കുന്ന ഓരോ ബൈബിൾ പുസ്തകത്തിന്റെയും പൊതു ബാഹ്യരേഖ മനസ്സിൽ പിടിക്കാൻ നമ്മെ എന്തു സഹായിച്ചേക്കാം?
14 നിങ്ങൾ മുഴു ബൈബിളും വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനു തുടക്കമിടാൻ പറ്റിയ സമയം ഇതാണ്. ഒരു സുനിശ്ചിത പരിപാടി ക്രമീകരിക്കുകയും അതിനോടു പറ്റിനിൽക്കുകയും ചെയ്യുക. ഓരോ ദിവസവും എത്ര പേജുകൾ അല്ലെങ്കിൽ എത്ര അധ്യായങ്ങൾ വായിക്കുമെന്നു തീരുമാനിക്കുക. അതല്ലെങ്കിൽ, എത്ര സമയം, എപ്പോൾ ചെലവിടുമെന്നു തീരുമാനിക്കുക. എല്ലാവർക്കുമൊന്നും ബൈബിൾ ഒരു വർഷംകൊണ്ടു വായിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ പ്രധാന സംഗതി ദൈവവചനം ക്രമമായി, അൽപ്പമെങ്കിലും സാധ്യമെങ്കിൽ ദിവസേന വായിക്കുക എന്നതാണ്. ബൈബിൾ വായിച്ചു പോകുമ്പോൾ കാര്യങ്ങളുടെ മൊത്തം ആശയം മനസ്സിൽ പതിയുന്നതിനു ചില പരാമർശ ഗ്രന്ഥങ്ങൾ ഉപയോഗിക്കുന്നതു സഹായകമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച നിങ്ങളുടെ ഭാഷയിൽ ലഭ്യമെങ്കിൽ ഒരു പ്രത്യേക ബൈബിൾ പുസ്തകം വായിക്കുന്നതിനു മുമ്പ് അതിന്റെ വിശേഷാശയങ്ങളെപ്പറ്റി ഉൾക്കാഴ്ചയിൽ പ്രദാനം ചെയ്തിരിക്കുന്ന ഹ്രസ്വമായ ബാഹ്യരേഖ പുനരവലോകനം ചെയ്യുക. ബാഹ്യരേഖയിൽ വലിയക്ഷരത്തിലുള്ള ശീർഷകങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ, ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ (ഇംഗ്ലീഷ്) പുസ്തകത്തിൽ നൽകിയിരിക്കുന്ന കൂടുതലായ സംഗ്രഹം സമാനമായി ഉപയോഗിക്കുക.
15. (എ) നമ്മുടെ ബൈബിൾ വായന വർധിപ്പിക്കാൻ 16, 17 പേജുകളിൽ നൽകിയിരിക്കുന്ന ഏതു നിർദേശങ്ങൾ നമ്മെ സഹായിച്ചേക്കാം? (ബി) ഒരു ചടങ്ങെന്നപോലെ ഏതാനും പേജുകൾ വായിക്കുന്നതിനു പകരം ജീവത്പ്രധാനമായ ഏതു കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധചെലുത്തണം?
15 ക്രമാനുഗത ബൈബിൾ വായന പ്രയോജനപ്രദമാണ്, എന്നാൽ കേവലം ആചാരനിഷ്ഠനായ വായനക്കാരനായിരിക്കരുത്. വർഷാവർഷം ബൈബിൾ വായിക്കുന്നുവെന്നു പറയാൻവേണ്ടി മാത്രം ദിവസേന ഏതാനും പേജുകൾ വായിക്കാതിരിക്കുക. “നിങ്ങളുടെ ബൈബിൾ വായന വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ” (16, 17 പേജുകൾ) എന്ന ചതുരത്തിൽ കാണിച്ചിരിക്കുന്ന പ്രകാരം നിങ്ങൾക്കു ബൈബിൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന അനേകം വിധങ്ങളുണ്ട്. നിങ്ങൾ ഏതു മാർഗം സ്വീകരിച്ചാലും വേണ്ടില്ല, നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പോഷിപ്പിക്കുന്നുവെന്ന കാര്യത്തിൽ ഉറപ്പുവരുത്തുക.
വായിക്കുന്നതിന്റെ അർഥം ഗ്രഹിക്കുക
16. നാം വായിച്ച കാര്യങ്ങളെപ്പറ്റി ധ്യാനിക്കാൻ സമയം കണ്ടെത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 യേശു ശിഷ്യൻമാരെ പഠിപ്പിക്കുമ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അവർ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവൻ ഊന്നിപ്പറഞ്ഞു. ജീവത്പ്രധാനമായിരുന്നത് വെറും ബുദ്ധിസാമർഥ്യത്താലുള്ള ഗ്രാഹ്യമല്ല മറിച്ച്, “ഹൃദയംകൊണ്ടു ഗ്രഹി”ക്കുന്നതുമൂലം അവർ അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതായിരുന്നു. (മത്തായി 13:14, 15, 19, 23) ദൈവം നോക്കുന്നത് ഒരുവൻ അകമെ എന്തായിരിക്കുന്നുവെന്നതാണ്, ഹൃദയം പ്രതിനിധാനം ചെയ്യുന്നതും അതുതന്നെ. (1 ശമൂവേൽ 16:7; സദൃശവാക്യങ്ങൾ 4:23) തൻമൂലം, ബൈബിൾ വാക്യങ്ങൾ പറയുന്നതെന്തെന്നു നാം മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു പുറമേ, നമ്മുടെ ജീവിതത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റി പരിചിന്തിച്ചുകൊണ്ടു നാം അതേപ്പറ്റി ധ്യാനിക്കേണ്ട ആവശ്യമുണ്ട്.—സങ്കീർത്തനം 48:9; 1 തിമൊഥെയൊസ് 4:15.
17. തിരുവെഴുത്തുകളിൽ നാം വായിച്ച കാര്യങ്ങളെപ്പറ്റി ധ്യാനിക്കാവുന്ന ചില വീക്ഷണഗതികൾ ഏവ?
17 ബൈബിൾ വിവരണങ്ങളിൽ നൽകിയിരിക്കുന്ന മുഖ്യ തത്ത്വങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക തൻമൂലം, നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഇവ ബാധകമാക്കാം. (താരതമ്യം ചെയ്യുക: മത്തായി 9:13; 19:3-6.) യഹോവയുടെ മഹത്തായ ഗുണങ്ങളെപ്പറ്റി വായിക്കയും ധ്യാനിക്കുകയും ചെയ്യവേ അവനുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ ബലപ്പെടുത്തുന്നതിന്, ദൈവിക ഭക്തിയുടെ ഉറച്ചബോധ്യം നിങ്ങളിൽ വികസിപ്പിക്കുന്നതിന് ആ സന്ദർഭം ഉപയോഗിക്കുക. യഹോവയുടെ ഉദ്ദേശ്യത്തെപ്പറ്റിയുള്ള പ്രസ്താവനകൾ വായിക്കുമ്പോൾ അവയ്ക്കു ചേർച്ചയിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നു പരിചിന്തിക്കുക. നേരിട്ടുള്ള ബുദ്ധ്യുപദേശം വായിക്കുമ്പോൾ, ‘എനിക്കത് അറിയാം’ എന്നു വെറുതെ പറയുന്നതിനു പകരം, ‘ഞാൻ അതു ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽത്തന്നെ, ഏതു വിധത്തിൽ “ഇനിയും അധികം” എനിക്കു ചെയ്യാനാവും?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. (1 തെസ്സലൊനീക്യർ 4:1) ദൈവത്തിന്റെ നിർദേശങ്ങളെപ്പറ്റി പഠിക്കുമ്പോൾ ഈ നിർദേശങ്ങൾക്കു ചേർച്ചയിൽ ജീവിച്ചിട്ടുള്ളവരെയും അതിനോടു ചേർച്ചയിൽ ജീവിക്കാതിരുന്നവരെയും കുറിച്ചുള്ള ബൈബിളിന്റെ യഥാർഥ ജീവിത ദൃഷ്ടാന്തങ്ങളെപ്പറ്റിയും ശ്രദ്ധിക്കുക. അവർ അത്തരമൊരു ഗതി പിന്തുടരാൻ കാരണമെന്തെന്നും അതിന്റെ പരിണതഫലം എന്തായിരുന്നുവെന്നും പരിചിന്തിക്കുക. (റോമർ 15:4; 1 കൊരിന്ത്യർ 10:11) യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചു നിങ്ങൾ വായിക്കുമ്പോൾ, യഹോവ മുഴു ഭൂമിയുടെയുംമേലുള്ള രാജത്വം യേശുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന കാര്യം ഓർമിക്കുക; ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടി നിങ്ങളിലുള്ള വാഞ്ഛയെ ബലപ്പെടുത്താൻ ആ അവസരം പ്രയോജനപ്പെടുത്തുക. കൂടാതെ, ദൈവപുത്രനെ ഇനിയും അധികം അനുകരിക്കുന്നതിനുള്ള വഴികൾ അപഗ്രഥിക്കുക.—1 പത്രൊസ് 2:21.
18. ബൈബിൾ വായനയും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനം ചെയ്തിരിക്കുന്ന അധ്യയന വിഷയങ്ങളുടെ ഉപയോഗവും നമുക്കു സമനിലയിൽ കൊണ്ടുപോകാവുന്നതെങ്ങനെ?
18 നിങ്ങളുടെ ബൈബിൾ വായന തീർച്ചയായും, “വിശ്വസ്തനും വിവേകിയുമായ അടിമ” വഴി ലഭ്യമാക്കിയിരിക്കുന്ന ഉത്തമ അധ്യയന വിഷയങ്ങൾക്കു പകരമായിരിക്കരുത്. അതും യഹോവയുടെ കരുതലിന്റെ ഭാഗമാണ്—വളരെ വിലയേറിയ ഒന്നുതന്നെ. (മത്തായി 24:45-47, NW) ദൈവവചനത്തിന്റെ ക്രമമായ വായന നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രമുഖസ്ഥാനം വഹിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അൽപ്പമെങ്കിലും സാധ്യമെങ്കിൽ, “ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസവും വായിക്കുക.”
[അടിക്കുറിപ്പുകൾ]
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ദിവസേന ബൈബിൾ കുറച്ചെങ്കിലും വായിക്കുന്നതു പ്രയോജനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ നാം വീണ്ടും വീണ്ടും ബൈബിൾ വായിക്കേണ്ടതിന്റെ ആവശ്യമെന്ത്?
◻ നിങ്ങളുടെ പട്ടികയിൽ ബൈബിൾ വായനയ്ക്കു പറ്റിയ സമയം ഏത്?
◻ നിങ്ങൾ ബൈബിൾ ആവർത്തിച്ചു വായിക്കുമ്പോൾ നിങ്ങളുടെ വായനാക്രമത്തിനു വൈവിധ്യം പകരാൻ എന്തിനു കഴിയും?
◻ നാം വായിക്കുന്ന കാര്യങ്ങളെപ്പറ്റി ധ്യാനിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[16, 17 പേജുകളിലെ ചതുരം]
നിങ്ങളുടെ ബൈബിൾ വായന വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ
(1) അനേകരും ബൈബിൾ വായിക്കാറുള്ളത് പുസ്തകങ്ങൾ സാധാരണമായി അച്ചടിച്ചിരിക്കുന്ന ക്രമത്തിൽ, ഉൽപ്പത്തി മുതൽ വെളിപാട് വരെയാണ്. ആരംഭത്തിൽ എഴുതിയ ക്രമത്തിലും നിങ്ങൾക്ക് അവ വായിക്കാം. ബൈബിൾ 66 നിശ്വസ്ത ഗ്രന്ഥങ്ങളുടെ ഒരു സമാഹാരമാണ്, ഒരു ദിവ്യ ഗ്രന്ഥശാലയാണ് എന്നു മനസ്സിൽ പിടിക്കുക. പേജിന്റെ ക്രമം പിൻപറ്റുന്നതിനു പകരം ഒരു വൈവിധ്യത്തിനുവേണ്ടി നിങ്ങൾ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഏതാനും പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിച്ചേക്കാം, അതിനുശേഷം ഏറിയപങ്കും പ്രവചനങ്ങൾ അടങ്ങിയവയും അതേത്തുടർന്ന് ബുദ്ധ്യുപദേശം പ്രദാനംചെയ്യുന്ന ലേഖനങ്ങളും വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾ വായിച്ച കാര്യങ്ങളിൽ ശ്രദ്ധചെലുത്തുക, മുഴു ബൈബിളും വായിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
(2) തിരുവെഴുത്തിന്റെ ഒരു ഭാഗം വായിച്ചശേഷം, അത് യഹോവ, അവന്റെ ഉദ്ദേശ്യം, അവൻ കാര്യങ്ങൾ ചെയ്യുന്ന വിധം എന്നിവയെപ്പറ്റി എന്തു വെളിപ്പെടുത്തുന്നു എന്നു നിങ്ങൾ സ്വയം ചോദിക്കുക. നിങ്ങളുടെ സ്വന്തം ജീവനെ അത് എങ്ങനെ ബാധിക്കണം, മറ്റൊരാളെ സഹായിക്കേണ്ടതിന് അതു നിങ്ങൾ എങ്ങനെ ഉപയോഗിച്ചേക്കാം എന്നു ചോദിക്കുക.
(3) തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ചയിലും (ഇംഗ്ലീഷ്) (‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’വിലും) (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചിരിക്കുന്ന “യേശുക്രിസ്തു” എന്ന ശീർഷകത്തിൻ കീഴിലെ “യേശുവിന്റെ ഭൗമിക ജീവിതത്തിലെ പ്രധാന സംഭവങ്ങൾ” എന്ന ചാർട്ട് ഒരു ഗൈഡായി ഉപയോഗിച്ചുകൊണ്ട് അതേ സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വൃത്താന്തങ്ങൾ സുവിശേഷങ്ങളിൽ ഓരോന്നിലുമായി വായിക്കുക. അതോടൊപ്പം, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ ഉചിതമായ ഭാഗങ്ങൾ പരിചിന്തിക്കുക.
(4) നിങ്ങൾ പൗലോസിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച വിവരങ്ങൾ അപ്പോസ്തലപ്രവൃത്തികളിൽനിന്നു വായിക്കുമ്പോൾ അതിനോടു ബന്ധപ്പെട്ട നിശ്വസ്ത ലേഖനങ്ങളും വായിക്കുക. അങ്ങനെ, പൗലോസ് പ്രസംഗിച്ച വിവിധ നഗരങ്ങളെയും ഭാഗങ്ങളെയുംപറ്റി സൂചിപ്പിക്കുമ്പോൾ, ഒന്നു നിർത്തിയിട്ട് ആ സ്ഥലങ്ങളിലുള്ള സഹക്രിസ്ത്യാനികൾക്ക് അവൻ പിന്നീട് എഴുതിയ ലേഖനങ്ങൾ വായിക്കുക. പുതിയലോക ഭാഷാന്തരത്തിന്റെ അവസാന താളിൽ കൊടുത്തിരിക്കുന്നപോലുള്ള ഒരു ഭൂപടത്തിന്റെ സഹായത്തോടെ അവൻ സഞ്ചരിച്ച വഴികൾ പിന്തുടരുന്നതും സഹായകമാണ്.
(5) നിങ്ങൾ പുറപ്പാടുമുതൽ ആവർത്തനപുസ്തകംവരെ വായിക്കുമ്പോൾ അനേകം പ്രാവചനിക മാതൃകയെപ്പറ്റിയുള്ള വിശദീകരണത്തിനുവേണ്ടി എബ്രായർക്ക് എഴുതിയ ലേഖനം വായിക്കുക. തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച പുസ്തകത്തിൽ “ന്യായപ്രമാണം” എന്നതിനു താഴെ കൊടുത്തിരിക്കുന്ന “ന്യായപ്രമാണ ഉടമ്പടിയുടെ ചില സവിശേഷതകൾ” എന്ന ചാർട്ട് നോക്കുക.
(6) പ്രാവചനിക പുസ്തകങ്ങൾ വായിക്കുമ്പോൾ അതിനോടു ബന്ധപ്പെടുത്തി ബൈബിളിൽ നൽകിയിരിക്കുന്ന ചരിത്ര പശ്ചാത്തലം പുനരവലോകനം ചെയ്യാൻ സമയം കണ്ടെത്തുക. ഉദാഹരണത്തിന്, യെശയ്യാവിന്റെ പുസ്തകം വായിക്കുമ്പോൾ യെശയ്യാവു 1:1-ൽ പറഞ്ഞിരിക്കുന്ന രാജാക്കൻമാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരെക്കുറിച്ചു മറ്റു ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്നതെന്താണെന്നു പുനരവലോകനം ചെയ്യുക. (2 രാജാക്കൻമാർ, 15-20 അധ്യായങ്ങൾ; 2 ദിനവൃത്താന്തം 26-32 അധ്യായങ്ങൾ) അല്ലെങ്കിൽ, ഹഗ്ഗായിയും സെഖര്യാവും വായിക്കുമ്പോൾ ബൈബിൾ പുസ്തകമായ എസ്രായിൽ പറഞ്ഞിരിക്കുന്നതെന്താണെന്നു പുനരവലോകനം ചെയ്യാൻ സമയം കണ്ടെത്തുക.
(7) ബൈബിളിലെ ഒരു പുസ്തകം തിരഞ്ഞെടുത്ത് അതിന്റെ ഒരു ഭാഗം (ഒരുപക്ഷേ ഒരധ്യായം) വായിക്കുക. എന്നിട്ട്, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ വിഷയസൂചികയോ കമ്പ്യൂട്ടർവത്കൃത വാച്ച്ടവർ ഗ്രന്ഥശാലയോ നിങ്ങളുടെ ഭാഷയിൽ ലഭ്യമെങ്കിൽ അവ ഉപയോഗിച്ചു ഗവേഷണം നടത്തുക. പാഠ്യവിഷയങ്ങൾ നിങ്ങളുടെ സ്വന്തജീവിതത്തിൽ ബാധകമാക്കുക. പ്രസംഗങ്ങളിലും വയൽശുശ്രൂഷയിലും അവ ഉപയോഗിക്കുക. പിന്നെ അടുത്ത ഭാഗത്തേക്കു കടക്കുക.
(8) ഒരു ബൈബിൾ പുസ്തകത്തെപ്പറ്റിയോ അതിന്റെ ഒരു ഭാഗത്തെപ്പറ്റിയോ വ്യാഖ്യാനിക്കുന്ന ഏതെങ്കിലും ഒരു വാച്ച് ടവർ പ്രസിദ്ധീകരണമുണ്ടെങ്കിൽ ആ ഭാഗം ബൈബിളിൽ വായിക്കുമ്പോൾ അതു പതിവായി നോക്കുക. (ഉദാഹരണത്തിന്: ഉത്തമഗീതത്തെപ്പറ്റി, 1957 ഡിസംബർ 1, വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജുകൾ 720-34; യെഹെസ്കേലിനെപ്പറ്റി, “ഞാൻ യഹോവയെന്നു രാഷ്ട്രങ്ങൾ അറിയും”—എങ്ങനെ? (ഇംഗ്ലീഷ്); ദാനിയേലിനെപ്പറ്റി, “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടട്ടെ” അല്ലെങ്കിൽ ആസന്നമായിരിക്കുന്ന നമ്മുടെ ലോക ഗവൺമെൻറ്—ദൈവരാജ്യം; ഹഗ്ഗായി, സെഖര്യാവു എന്നിവയെപ്പറ്റി, ദിവ്യാധിപത്യത്താൽ മനുഷ്യവർഗ്ഗത്തിന് പറുദീസ പുനഃസ്ഥാപിക്കപ്പെടുന്നു! (ഇംഗ്ലീഷ്); വെളിപാടിനെപ്പറ്റി, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!)
(9) നിങ്ങൾ വായിക്കുമ്പോൾ ചില ഒത്തുവാക്യ പരാമർശങ്ങൾ എടുത്തു പരിശോധിക്കുക. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ എബ്രായ തിരുവെഴുത്തുകളിൽനിന്നു നേരിട്ട് ഉദ്ധരിച്ചിട്ടുള്ള 320 വാക്യങ്ങളും പരാമർശവും ബാധകമാക്കലും നടത്തിയിരിക്കുന്ന നൂറുകണക്കിനു മറ്റു വാക്യങ്ങളും ശ്രദ്ധിക്കുക. ഒത്തുവാക്യ പരാമർശങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങളുടെ ജീവചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയ വിശദാംശങ്ങൾ സഹിതമുള്ള അവയുടെ നിവൃത്തിയെ ചൂണ്ടിക്കാട്ടുന്നു. അവ നിങ്ങൾക്കു മനസ്സിലാക്കാൻ പ്രയാസകരമെന്നു തോന്നുന്ന സമാനമായ പ്രയോഗങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
(10) പുതിയലോക ഭാഷാന്തരം നിങ്ങളുടെ ഭാഷയിൽ ലഭ്യമെങ്കിൽ അതിന്റെ റഫറൻസ് പതിപ്പ് ഉപയോഗിച്ചുകൊണ്ടു നിങ്ങൾ വായിക്കുന്നതിനോടു ബന്ധപ്പെട്ട അടിക്കുറിപ്പുകളും അനുബന്ധ ലേഖനങ്ങളും പരിശോധിക്കുക. അവ ഭാഷാന്തരം ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനവും പ്രധാനപ്പെട്ട പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താവുന്ന വിധവും കാണിച്ചുതരുന്നു. ചില വാക്യങ്ങളുടെ ഭാഷാന്തരം മറ്റു ബൈബിൾ പരിഭാഷകളുമായി താരതമ്യം ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിച്ചേക്കാം.
(11) ഓരോ അധ്യായവും വായിച്ചുകഴിഞ്ഞശേഷം ആ അധ്യായത്തിലുള്ള പ്രധാന ആശയത്തെപ്പറ്റി വളരെ ഹ്രസ്വമായി സംഗ്രഹിച്ച് എഴുതുക. പിന്നീടൊരു സന്ദർഭത്തിൽ പുനരവലോകനം ചെയ്യുന്നതിനും ധ്യാനിക്കുന്നതിനുമായി അത് ഉപയോഗിക്കുക.
(12) നിങ്ങൾ വായിക്കവേ, പ്രത്യേകം ഓർത്തിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുത്ത വാക്യങ്ങൾ അടയാളപ്പെടുത്തുക, അല്ലെങ്കിൽ അവ പകർത്തിയെഴുതി നിങ്ങൾക്കു ദിനമ്പ്രതി കാണാവുന്ന ഒരിടത്തു വയ്ക്കുക. അവ മനപ്പാഠമാക്കുക; അവയെപ്പറ്റി ധ്യാനിക്കുക; അവ ഉപയോഗിക്കുക. ഒരേ സമയം അനേക വചനങ്ങൾ മനപ്പാഠമാക്കാൻ ശ്രമിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രം മതിയാവും; അടുത്ത തവണ മുഴു ബൈബിളും വായിക്കുമ്പോൾ കൂടുതലെണ്ണം തിരഞ്ഞെടുക്കുക.
[15-ാം പേജിലെ ചിത്രം]
നിങ്ങൾ ദിവസേന ബൈബിൾ വായിക്കുകയോ ഓഡിയോ കാസെറ്റ് കേൾക്കുകയോ ചെയ്യാറുണ്ടോ?