താമസിയാതെ, ആരും ദരിദ്രരായിരിക്കുകയില്ല!
“ഭയപ്പെടേണ്ട; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊസ് 2:10) യേശു ജനിച്ച രാത്രിയിൽ ബെത്ലഹേമിന് അടുത്തുവെച്ച് ഈ പ്രോത്സാഹജനകമായ വാക്കുകൾ കേട്ട ഇടയൻമാർ അത്ഭുതസ്തബ്ധരായി. ആ പ്രഖ്യാപനത്തോടുള്ള ചേർച്ചയിൽ, യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ “സുവാർത്ത”യ്ക്കു വലിയ പ്രാധാന്യം കൊടുത്തു. ഇന്ന്, നമ്മുടെ ആവശ്യങ്ങളുടെ നടത്തിപ്പിനായി നാം ധനത്തിൽ വളരെയധികം ആശ്രയിക്കുന്നതുകൊണ്ട്, യേശുവിനെ സംബന്ധിച്ച സുവാർത്ത നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുക?
യേശുക്രിസ്തു “ദരിദ്രൻമാരോടു സുവിശേഷം” അറിയിച്ചു. (ലൂക്കൊസ് 4:18) മത്തായി 9:35 പറയുന്നതനുസരിച്ച്, “യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗി”ച്ചു. ദാരിദ്ര്യത്തിൽ മുങ്ങിയിരിക്കുന്നവർക്കു വിശേഷിച്ചും പ്രോത്സാഹജനകമായിരുന്നു അവന്റെ സന്ദേശം. “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) “ദരിദ്രൻമാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ” എന്നു യേശു പറഞ്ഞുവെന്നതു സത്യംതന്നെ. എന്നാൽ സാധുക്കൾക്കു യാതൊരു പ്രത്യാശയുമില്ലെന്ന് ഈ വാക്കുകളിൽനിന്നു നാം നിഗമനം ചെയ്യരുത്. (യോഹന്നാൻ 12:8) ശോച്യാവസ്ഥയുടെ കാരണങ്ങൾ എന്തായാലും, ഈ ദുഷ്ട വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളംകാലം ദരിദ്രരായ ആളുകൾ ഉണ്ടായിരിക്കും. ദാരിദ്ര്യം എന്ന യാഥാർഥ്യത്തിനുനേരെ ദൈവവചനം കണ്ണടയ്ക്കുന്നില്ല. എന്നാൽ അതിന്റെ നിഷേധാത്മക വശങ്ങളിൽ അതൊട്ടു ശ്രദ്ധകേന്ദ്രീകരിക്കുന്നുമില്ല. പകരം, ജീവിതത്തിലെ ഉത്കണ്ഠകളെ നേരിടുന്നതിനുള്ള സഹായം അതു ദരിദ്രർക്കു നൽകുന്നു.
ദരിദ്രർക്കു സഹായം
“ആരും തന്നെ ശ്രദ്ധിക്കുന്നില്ല, അഥവാ മനസ്സിലാക്കുന്നില്ല എന്ന് അറിയുന്നതിനെക്കാളും വലിയ വേറൊരു ഭാരവും പേറാനില്ല” എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാണ്. പക്ഷേ, ഭൂരിപക്ഷം ആളുകൾക്കും അനുകമ്പയില്ല. എങ്കിലും, ദരിദ്രർക്കു സുവാർത്തയുണ്ട്—ഇപ്പോഴത്തേക്കും ഭാവിയിലേക്കും.
ദരിദ്രരെ സഹായിക്കുന്നതിൽ അനേകർക്കും അത്ര താത്പര്യമൊന്നുമില്ലെന്നതു സങ്കടകരംതന്നെ. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, “സമൂഹത്തിൽ ആളുകൾ അതിജീവനത്തിനുവേണ്ടി മത്സരിക്കുന്നു, തന്നെയുമല്ല . . . ശ്രേഷ്ഠരായ വ്യക്തികൾ ശക്തരും സമ്പന്നരുമായിത്തീരുന്നു”വെന്ന് അനേകർ വിശ്വസിക്കുന്നു. സാമൂഹിക ഡാർവിനിസം എന്നു പറയുന്ന ഈ സിദ്ധാന്തം വിശ്വസിക്കുന്നവർ ദരിദ്രരെ ചിലപ്പോൾ അലസരായ ആളുകളായോ ദുർവ്യയക്കാരായോ വീക്ഷിച്ചേക്കാം. എന്നാൽ, ഗ്രാമീണ തൊഴിലാളികളും കുടിയേററ തൊഴിലാളികളും മററുള്ളവരും തങ്ങളുടെ കുടുംബങ്ങളെ പോററാൻ പലപ്പോഴും വളരെ കഠിനമായി പണിയെടുക്കുന്നു, എന്നിട്ടു ലഭിക്കുന്നതോ തുച്ഛമായ വേതനവും.
പല രാജ്യങ്ങളിലും ദാരിദ്ര്യം സാധാരണമാണ്. അതുകൊണ്ട്, തങ്ങൾ ഒരു പരാജയമാണെന്നു തോന്നാൻ ഭൂരിപക്ഷമായ ദരിദ്രർ പ്രേരിതരാകുന്നില്ല. എന്നിരുന്നാലും, അത്തരം രാജ്യങ്ങളിൽ ദാരിദ്ര്യത്തിന്റെ നടുവിലും അങ്ങേയററം ആർഭാടമായി ജീവിക്കുന്ന ആളുകളുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന, ആരോഗ്യാവഹമല്ലാത്ത ചേരികളുടെ സമീപത്തു സുഖപ്രദമായ, ചെലവേറിയ വീടുകൾ കാണാം. പാവപ്പെട്ടവരും തൊഴിൽരഹിതരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന തെരുവുകളിലൂടെ കനത്ത ശമ്പളംപററുന്ന മനുഷ്യർ വിലകൂടിയ കാറുകളിൽ വിലസുന്നു. അത്തരം രാജ്യങ്ങളിലെ ദരിദ്രർ തങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് ബോധവാൻമാരും അതിൽ ദുഃഖിതരുമാണ്. വാസ്തവത്തിൽ, “പോഷണക്കുറവ്, മോശമായ വീടുകൾ, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാൽമാത്രമല്ല, തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠയാലും ദരിദ്രർ ദുരിതമനുഭവിക്കുന്നു. നല്ല ജോലികൾ കിട്ടാനും നിലനിർത്താനും കഴിയാതെവരുന്നതുകൊണ്ട് അവർക്ക് അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുന്നു,” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. അപ്പോൾ, വളരെ ദരിദ്രരായ ചിലർ തങ്ങളുടെ സ്ഥിതിവിശേഷത്തെ എങ്ങനെയാണു നേരിടുന്നത്? ദാരിദ്ര്യത്തെ നേരിടുന്ന കാര്യത്തിൽ യേശുവിനെക്കുറിച്ചുള്ള സുവാർത്തയ്ക്ക് എന്തു പ്രസക്തിയാണുള്ളത്?
ഒന്നാമതായി, ബുദ്ധിശൂന്യമായ ശീലങ്ങൾക്കു ദാരിദ്ര്യത്തെ വഷളാക്കാനാവും എന്നോർക്കുക. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. തന്റെ ഭാര്യയ്ക്കും കൊച്ചുകുട്ടികൾക്കും ഭക്ഷണത്തിനു വകയില്ലാതിരുന്നപ്പോൾ അധാർമിക ജീവിതശൈലി നയിച്ചു താൻ പണം പാഴാക്കുകയായിരുന്നു എന്ന് വാൽഡെസിർ സമ്മതിക്കുന്നു. “ജോലിയുണ്ടായിരുന്നെങ്കിലും, എന്റെ കൈവശം ഒരിക്കലും പണമുണ്ടാകുമായിരുന്നില്ല. പക്ഷേ, എപ്പോഴും എന്റെ പോക്കറ്റിൽ പല ലോട്ടറി ടിക്കറ്റുകൾ കാണുമായിരുന്നു,” അദ്ദേഹം പറയുന്നു. അമിത കുടിയും വലിയും നിമിത്തം 23 തൊഴിലാളികളുണ്ടായിരുന്ന ഒരു ബിസിനസ്സാണ് മിൽട്ടനു നഷ്ടമായത്. അദ്ദേഹം പറയുന്നു: “വീട്ടിൽ പോകാനാവാതെ, രാത്രി ഞാൻ തെരുവിൽ കഴിഞ്ഞുകൂടി. ഞാൻ കാരണം എന്റെ കുടുംബം വളരെയേറെ കഷ്ടപ്പെട്ടു.”
ജോയും ദുശ്ശീലങ്ങൾക്കുവേണ്ടി ശമ്പളം പാഴാക്കുന്നവനായിരുന്നു. “രാത്രി ഞാൻ വീട്ടിൽ വരുമായിരുന്നില്ല. ഞാൻ സമ്പാദിച്ചതൊന്നും ദുശ്ശീലങ്ങൾക്കും പ്രേമബന്ധങ്ങൾക്കും തികയുമായിരുന്നില്ല. സഹിക്കാനാവാതെവന്നപ്പോൾ ഭാര്യയ്ക്കു വേർപിരിയണമെന്നായി.” സാമ്പത്തികവും വൈവാഹികവും മാത്രമായിരുന്നില്ല പ്രശ്നങ്ങൾ, വേറെയുമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “ബന്ധുക്കളും അയൽക്കാരുമായി ഞാൻ പ്രശ്നങ്ങളുണ്ടാക്കി, ജോലിസ്ഥലത്തെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. തുടരെത്തുടരെയുള്ള തൊഴിൽനഷ്ടമായിരുന്നു അതിന്റെയൊക്കെ ഫലം.” മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തിയായിരുന്നു ജൂലിയോ. എന്നുവരികിലും, അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു: “മയക്കുമരുന്നു കഴിക്കുന്ന എന്റെ ശീലം നിലനിർത്താൻ എന്റെ വേതനംകൊണ്ട് ഒരിക്കലും സാധിക്കാതിരുന്നതുകൊണ്ട്, മയക്കുമരുന്നു വിൽക്കുന്ന തൊഴിലിൽത്തന്നെയങ്ങ് ഏർപ്പെട്ടു. അപ്പോൾപ്പിന്നെ മയക്കുമരുന്നു വാങ്ങേണ്ടതില്ലല്ലോ.”
എട്ടു മക്കളടങ്ങുന്ന ഒരു സാധുകുടുംബത്തിൽ വളർന്നുവന്നവനായിരുന്നു ജോസ്. സ്വന്തമായി എന്തെങ്കിലുമൊക്കെ സമ്പാദിക്കണം, നഷ്ടപ്പെടാനാണെങ്കിൽ ഒന്നുമില്ല എന്നൊക്കെയുള്ള കണക്കുകൂട്ടലുകളുമായി മററു യുവാക്കളോടു ചേർന്ന് അവൻ ആളുകളെ കൊള്ളയടിക്കാൻ ആരംഭിച്ചു. ഇനി മറ്റൊരു യുവാവിന്റെ കാര്യം. നിരാശ മൂത്തപ്പോൾ അവൻ ഹെഡ്ബാംഗേഴ്സ് എന്നു പറയുന്ന സാമൂഹികവിരുദ്ധരുടെ കൂട്ടത്തിൽ ചെന്നുചേർന്നു. അവൻ വിശദമാക്കുന്നു: “ഞങ്ങളിൽ മിക്കവരും വളരെ ദരിദ്രരായിരുന്നതുകൊണ്ട്, വസ്തുവകകൾ തല്ലിപ്പൊളിക്കുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ ഞങ്ങൾക്ക് ഒരു രസമായിരുന്നു.”
എന്നുവരികിലും, ഇന്ന് ഈ മനുഷ്യരും അവരുടെ കുടുംബങ്ങളും മേലാൽ കടുത്ത ദാരിദ്ര്യത്തിലല്ല, അവർക്കു വിദ്വേഷത്തിന്റെയും അമർഷത്തിന്റെയും വികാരങ്ങളില്ല. മേലാൽ നിസ്സഹായരോ പ്രത്യാശാരഹിതരോ അല്ല. എന്തുകൊണ്ട്? യേശു പ്രസംഗിച്ച സുവാർത്ത അവർ പഠിച്ചു എന്നതാണു കാരണം. ബൈബിളിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുകയും യഹോവയുടെ സാക്ഷികളുടെ സഭകളിലെ സമാന ചിന്താഗതിക്കാരായ വ്യക്തികളോടൊപ്പം സഹവസിക്കുകയും ചെയ്തു. സമ്പത്തിനെയും ദാരിദ്ര്യത്തെയും കുറിച്ച് അവർ വളരെ പ്രധാനപ്പെട്ട ചില സംഗതികൾ മനസ്സിലാക്കുകയും ചെയ്തു.
ദാരിദ്ര്യത്തെ നേരിടാൻ സഹായം
ഒന്നാമതായി, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ ദാരിദ്ര്യംകൊണ്ടുള്ള ദൂഷ്യഫലങ്ങൾ കുറയ്ക്കാനാവുമെന്ന് അവർ പഠിച്ചു. അധാർമികത, മദ്യാസക്തി, ചൂതാട്ടം, മയക്കുമരുന്നു ദുരുപയോഗം എന്നിവയെ ബൈബിൾ കുററംവിധിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) വളരെ ചെലവേറിയ സംഗതികളാണവ. ധനികനായ ഒരു മനുഷ്യനെ ദരിദ്രനാക്കാനും ദരിദ്രനായ ഒരു മനുഷ്യനെ കൂടുതൽ ദരിദ്രനാക്കാനും അവയ്ക്കാവും. ഈവക ദുശ്ശീലങ്ങളും അതുപോലുള്ള മററു സംഗതികളും ഉപേക്ഷിക്കുമ്പോൾ അത് ഒരു കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയെ കാര്യമായി മെച്ചപ്പെടുത്തുന്നു.
രണ്ടാമതായി, ജീവിതത്തിൽ സമ്പത്തിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള സംഗതികളുണ്ട് എന്ന് അവർ മനസ്സിലാക്കി. “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത” എന്ന ഈ നിശ്വസ്ത വാക്കുകളിൽ ഒരു സമനിലയുള്ള വീക്ഷണം പ്രകടമാണ്. (സഭാപ്രസംഗി 7:12) അതേ, ധനം അത്യാവശ്യംതന്നെ. എന്നാൽ ബൈബിളധിഷ്ഠിത ജ്ഞാനവും ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും അതിനെക്കാളേറെ ഉപയോഗപ്രദമാണ്. ഇല്ലായ്മയാൽ അനുഭവപ്പെടുന്ന ഭാരത്തോളംതന്നെയാവാം ജ്ഞാനിയല്ലാത്ത ഒരുവന് അളവററ ധനമുണ്ടായിരിക്കുന്നതിനാൽ അനുഭവപ്പെടുക. അതുകൊണ്ട് ബൈബിളെഴുത്തുകാരൻ ഇങ്ങനെ ജ്ഞാനപൂർവം പ്രാർഥിച്ചു: “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.”—സദൃശവാക്യങ്ങൾ 30:8, 9.
മൂന്നാമതായി, യേശുക്രിസ്തു പ്രസംഗിച്ച സുവാർത്തയ്ക്ക് അനുസൃതമായി ഒരു വ്യക്തി ജീവിക്കുന്നെങ്കിൽ താൻ പരിത്യക്തനാണെന്ന തോന്നൽ ഒരിക്കലും അനുഭവപ്പെടില്ലെന്ന് അവർ മനസ്സിലാക്കി. ദൈവരാജ്യവുമായി ബന്ധപ്പെട്ടതാണ് ആ സുവാർത്ത. പ്രസ്തുത സന്ദേശത്തെ വിശേഷിപ്പിച്ചിരിക്കുന്നതു “രാജ്യത്തിന്റെ സുവാർത്ത” എന്നാണ്. നമ്മുടെ നാളിൽ അതു നിവസിത ഭൂമിയിൽ എല്ലായിടത്തും പ്രസംഗിക്കപ്പെടുകയാണ്. (മത്തായി 24:14, NW) ആ രാജ്യത്തിൽ നമ്മുടെ പ്രത്യാശ വെക്കുന്നെങ്കിൽ നാം പിന്തുണയ്ക്കപ്പെടുമെന്നു യേശു നമ്മോടു പറഞ്ഞു. “മുമ്പെ അവന്റെ രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും,” യേശു പറഞ്ഞു. (മത്തായി 6:33) അതിനൂതന കാറുകളോ ആഡംബര വീടുകളോ ദൈവം വാഗ്ദാനം ചെയ്യുന്നില്ല. യേശു ജീവിതത്തിലെ അത്യാവശ്യ സംഗതികളായ ഭക്ഷണം, വസ്ത്രം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. (മത്തായി 6:31) എന്നാൽ യേശുവിന്റെ വാഗ്ദത്തം വിശ്വാസയോഗ്യമാണെന്ന് ഇന്നു ലക്ഷക്കണക്കിനാളുകൾക്കു സാക്ഷ്യപ്പെടുത്താനാവും. ഒരു വ്യക്തി, വളരെ ദരിദ്രനാണെങ്കിലും, രാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ അയാൾ പൂർണമായി പരിത്യക്തനാക്കപ്പെടുന്നില്ല.
നാലാമതായി, ദൈവരാജ്യത്തെ ഒന്നാമതു വെക്കുന്നവൻ സാമ്പത്തിക പ്രയാസങ്ങളാൽ മുഷിയുന്നില്ല. അതേ, ദരിദ്രനായ ഒരു മനുഷ്യനു കഠിനമായി വേല ചെയ്യേണ്ടതുണ്ട്. എന്നാൽ അവൻ ദൈവത്തെ സേവിക്കുന്നെങ്കിൽ, തന്റെ സ്രഷ്ടാവുമായി ഒരു അനുഗൃഹീത ബന്ധത്തിലാവാനുള്ള പദവിയുണ്ട്. സ്രഷ്ടാവിനെക്കുറിച്ചു ബൈബിൾ പറയുന്നു: “അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.” (സങ്കീർത്തനം 22:24) മാത്രവുമല്ല, ദരിദ്രനായ ഒരു വ്യക്തിക്കു ജീവിതത്തിൽ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള സഹായം ലഭിക്കുന്നു. അയാൾ സഹക്രിസ്ത്യാനികളുമൊത്ത് ഊഷ്മളമായ സൗഹൃദം ആസ്വദിക്കുന്നു. യഹോവയുടെ വെളിപ്പെടുത്തപ്പെട്ട ഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനവും അതിൽ ഉറപ്പായ വിശ്വാസവുമുണ്ട്. ഇത്തരം സംഗതികൾ “പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ”യാണ്.—സങ്കീർത്തനം 19:10.
അവസാനം, ദാരിദ്ര്യമേയില്ല!
അവസാനമായി, തന്റെ രാജ്യം മുഖാന്തരം ദാരിദ്ര്യപ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ യഹോവയാം ദൈവം ഉദ്ദേശിച്ചിരിക്കുന്നുവെന്നു സുവാർത്തയ്ക്കു ചെവികൊടുക്കുന്ന വ്യക്തികൾ മനസ്സിലാക്കുന്നു. “ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 9:18) യേശുക്രിസ്തു ഭരണാധിപനായുള്ള, സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ രാജ്യം ഒരു യഥാർഥ ഗവൺമെൻറാണ്. താമസിയാതെ, ആ രാജ്യം മനുഷ്യകാര്യങ്ങളുടെ ഭരണംനടത്തുന്ന മാനുഷ ഗവൺമെൻറുകളെ നീക്കി അതിനു പകരമായിത്തീരും. (ദാനീയേൽ 2:44) അപ്പോൾ, സിംഹാസനസ്ഥനായ രാജാവ് എന്നനിലയിൽ, യേശു ‘എളിയവനെയും ദരിദ്രനെയും ആദരിക്കും; ദരിദ്രൻമാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.’—സങ്കീർത്തനം 72:13, 14.
അത്തരമൊരു സമയത്തേക്കു നോക്കിക്കൊണ്ട്, മീഖാ 4:3, 4 പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.” ഇവിടെ ആരെക്കുറിച്ചാണു പറയുന്നത്? ദൈവരാജ്യത്തിനു കീഴ്പെടുന്ന സകലരെയും കുറിച്ചുതന്നെ. മനുഷ്യവർഗത്തെ വീർപ്പുമുട്ടിക്കുന്ന സകല പ്രശ്നങ്ങളും—രോഗം, മരണം എന്നീ പ്രശ്നങ്ങൾപോലും—ആ രാജ്യം പരിഹരിക്കും. ‘അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടച്ചുകളയും.’ (യെശയ്യാവു 25:8; 33:24) അതെന്തൊരു വ്യത്യസ്ത ലോകമായിരിക്കും! ഓർക്കുക, ഈ വാഗ്ദത്തങ്ങൾ നമുക്കു വിശ്വസിക്കാനാവും. കാരണം ദൈവംതന്നെയാണ് അവ നിശ്വസ്തമാക്കിയത്. അവൻ പറയുന്നു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.”—യെശയ്യാവു 32:18.
ദാരിദ്ര്യം ഹേതുവായി പലപ്പോഴും അനുഭവപ്പെടുന്ന ആത്മാഭിമാനക്കുറവിനെ മറികടക്കുന്നതാണു ദൈവരാജ്യത്തിലുള്ള ഉറച്ചവിശ്വാസം. സമ്പന്നനായ ഒരു ക്രിസ്ത്യാനിയെപ്പോലെതന്നെ താനും ദൈവദൃഷ്ടികളിൽ പ്രാധാന്യമുള്ളവനാണെന്ന് ഒരു ദരിദ്രനായ ക്രിസ്ത്യാനിക്ക് അറിയാം. രണ്ടുകൂട്ടരെയും ദൈവം ഒരുപോലെ സ്നേഹിക്കുന്നു. രണ്ടുകൂട്ടർക്കും ഒരേ പ്രത്യാശയാണുള്ളത്. ദൈവരാജ്യത്തിൻ കീഴിൽ ദാരിദ്ര്യം ഒരു പഴങ്കഥയായിത്തീരുന്ന സമയത്തിനുവേണ്ടി രണ്ടുകൂട്ടരും ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുന്നു. എന്തൊരു മഹത്തായ സമയമായിരിക്കും അത്! അവസാനം, ആരും ദരിദ്രരായിരിക്കുകയില്ല!
[5-ാം പേജിലെ ചിത്രം]
ചൂതാട്ടം, പുകവലി, അമിതകുടി, മയക്കുമരുന്നു ദുരുപയോഗം, അധാർമിക ജീവിതരീതി എന്നിവയിൽ എന്തിനു സമ്പത്തു പാഴാക്കണം?
[7-ാം പേജിലെ ചിത്രം]
തന്റെ രാജ്യം മുഖാന്തരം യഹോവയാം ദൈവം മമനുഷ്യന്റെ ദാരിദ്ര്യപ്രശ്നങ്ങൾ പരിഹരിക്കും