“വൃക്ഷത്തിന്റെ ആയുസ്സുപോലെ”
മൂവായിരത്തിലധികം വർഷം മുമ്പു മോശ ഇപ്രകാരം എഴുതി: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ.”—സങ്കീർത്തനം 90:10.
വൈദ്യശാസ്ത്രപരമായ മുന്നേററങ്ങളൊക്കെയുണ്ടായിരുന്നിട്ടും മമനുഷ്യന്റെ ആയുർദൈർഘ്യം ഇന്നും മോശയുടെ നാളിലേതു തന്നെയാണ്. എന്നുവരികിലും, എക്കാലവും മമനുഷ്യന്റെ അസ്തിത്വം അത്തരം നശ്വരമായ ഒന്നായിരിക്കുകയില്ല. യെശയ്യാവ് എന്ന ബൈബിൾ പുസ്തകത്തിൽ ദൈവം ഇങ്ങനെ പറഞ്ഞു: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”—യെശയ്യാവു 65:22.
ബൈബിൾ ദേശങ്ങളിൽ ഏററവും ദീർഘായുസ്സുള്ള മരങ്ങളിൽ ഒന്ന് ഒലിവുമരമാണ്. ഗലീലയിൽ ഇന്നും തഴച്ചുവളരുന്ന ആയിരം വർഷം ആയുസ്സുള്ള അനേക ഒലിവുമരങ്ങളിൽ ഒന്നാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് ഇത്രയും ദീർഘമായി എന്നു ജീവിക്കാനാവും? അത് ദൈവം “പുതിയ ആകാശവും പുതിയ ഭൂമിയും” സൃഷ്ടിക്കുമ്പോഴാണെന്ന് അതേ പ്രവചനം വിശദീകരിക്കുന്നു.—യെശയ്യാവു 65:17.
ഒരു “പുതിയ ആകാശവും പുതിയ ഭൂമിയും” സ്ഥാപിതമാകുന്നതു സംബന്ധിച്ചു വെളിപാട് പുസ്തകവും പ്രവചിക്കുന്നു. ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഒരു പുതിയ സ്വർഗീയ ഗവൺമെൻറും ഒരു പുതിയ മാനവ സമുദായവും സ്ഥാപിതമാകുമ്പോഴാണ് അതു സാധ്യമാവുക.—വെളിപ്പാടു 21:1, 4.
ഈ ദിവ്യ വാഗ്ദത്തം ഉടനടി നിവൃത്തിയേറും. അപ്പോൾ ഒരു ഒലിവുമരത്തിന്റെ ആയുഷ്കാലംപോലും വെറും 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു ദിനമെന്നപോലെ തോന്നിക്കും. നമ്മുടെ കരങ്ങളുടെ വേല മുഴുവനായി ആസ്വദിക്കുന്നതിനു നമുക്കു ധാരാളം സമയമുണ്ടായിരിക്കും.