യേശുവിന്റെ അത്ഭുതങ്ങൾ—ചരിത്രമോ കെട്ടുകഥയോ?
“രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിൻമേൽ നടന്നു അവരുടെ അടുക്കൽ വന്നു.”—മത്തായി 14:25.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന വിശ്വാസം ദൈവവിശ്വാസം പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ്. സുവിശേഷ എഴുത്തുകാർ—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ—യേശുവിന്റെ ഏതാണ്ടു 35 അത്ഭുതങ്ങൾ വിവരിക്കുന്നുണ്ട്. എന്നിരുന്നാലും, അവൻ അതിലുമധികം അസാധാരണ പ്രവൃത്തികൾ ചെയ്തതായി അവരുടെ വിവരണങ്ങൾ സൂചിപ്പിക്കുന്നു.—മത്തായി 9:35; ലൂക്കൊസ് 9:11.
ഈ അത്ഭുതങ്ങൾ വിനോദത്തിനുവേണ്ടി പ്രവർത്തിച്ചവയായിരുന്നില്ല. താൻ ദൈവപുത്രനാണ്, ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന മിശിഹായാണ് എന്ന യേശുവിന്റെ അവകാശവാദത്തിന് അടിസ്ഥാനമായിരുന്നു അവ. (യോഹന്നാൻ 14:11) അടിമത്തത്തിലായിരുന്ന ഇസ്രായേൽ ജനതയുടെ മുമ്പാകെ മോശ അത്ഭുതകരമായ അടയാളങ്ങൾ പ്രവർത്തിച്ചു. (പുറപ്പാടു 4:1-9) മോശയെക്കാൾ വലിയവനെന്നു പ്രവചിക്കപ്പെട്ടിരിക്കുന്ന മിശിഹായും ദിവ്യ പിന്തുണയുടെ അടയാളമായ ചില ചിഹ്നങ്ങൾ പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണ്. (ആവർത്തനപുസ്തകം 18:15) തൻമൂലം, “നിങ്ങളുടെ [യഹൂദൻമാരുടെ] നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി” ബൈബിൾ യേശുവിനെ വിളിക്കുന്നു.—പ്രവൃത്തികൾ 2:22.
ഒരു അത്ഭുത പ്രവർത്തകനെന്നനിലയിൽ യേശുവിനെപ്പററിയുള്ള ബൈബിളിന്റെ ചിത്രീകരണം കഴിഞ്ഞകാലങ്ങളിൽ ജനങ്ങൾ സംശയലേശമന്യെ പൊതുവേ അംഗീകരിച്ചിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ, സുവിശേഷ വിവരണം വിമർശകരുടെ നിശിതമായ വിമർശനത്തിനു വിധേയമായിരിക്കുന്നു. ബൈബിളിലെ വഞ്ചനകളും കെട്ടുകഥകളും (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ലോയിഡ് ഗ്രഹാം യേശു വെള്ളത്തിലൂടെ നടക്കുന്ന ബൈബിൾ വൃത്താന്തത്തെ പരാമർശിച്ചുകൊണ്ട് ഇങ്ങനെപോലും പറയുന്നു: “തീരെ അറിവില്ലെങ്കിൽ മാത്രമേ അത് അക്ഷരാർഥത്തിൽ വിശ്വസിക്കാനാവൂ, എങ്കിലും, അത് അക്ഷരാർഥത്തിൽ നടന്നതായി ദശലക്ഷങ്ങൾ വിശ്വസിക്കുന്നു. എന്നിട്ട് നമ്മുടെ ലോകത്തിന് എന്തു സംഭവിച്ചുവെന്നു നാം അതിശയിക്കുകയാണ്. അത്തരം അറിവില്ലായ്മയിൽനിന്ന് ഇതിലും എത്ര മെച്ചമായ ഒരു ലോകമാണു നിങ്ങൾ പ്രതീക്ഷിക്കുക?”
അസാധ്യം?
എന്നിരുന്നാലും, അത്തരം വിമർശനങ്ങൾ ന്യായയുക്തമല്ല. ഒരു അത്ഭുതത്തെ, “അറിയപ്പെട്ട പ്രകൃതിനിയമങ്ങളിലൂടെ വിശദീകരിക്കാനാവാത്ത ഒരു സംഭവ”മായി ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ നിർവചിക്കുന്നു. ആ നിർവചനപ്രകാരം ഒരു കളർ ടിവി, ഒരു സെല്ലുലാർ ഫോൺ, ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ എന്നിവ കേവലം ഒരു ശതകം മുമ്പ് അത്ഭുതങ്ങളായി കരുതപ്പെടുമായിരുന്നു! ഇപ്പോഴത്തെ ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ നമുക്കു വിശദീകരിക്കാനാവാത്ത എന്തിനെയെങ്കിലും കണ്ണുമടച്ച് അസാധ്യം എന്നു വിളിക്കുന്നതു സുബോധമാണോ?
പരിചിന്തനാർഹമായ മറെറാരു സംഗതിയിതാ: “പുതിയ നിയമം” എഴുതപ്പെട്ട മൂലഭാഷയായ ഗ്രീക്കിൽ “അത്ഭുതം” എന്ന പദത്തിന് ഉപയോഗിച്ചിരുന്നത് “ഡൈനാമിസ്” എന്ന പദമായിരുന്നു. ആ പദത്തിന്റെ അടിസ്ഥാന അർഥം “ശക്തി” എന്നാണ്. അതിനെ “വീര്യപ്രവൃത്തികൾ” അല്ലെങ്കിൽ “പ്രാപ്തി” എന്നും പ്രതിപാദിച്ചിട്ടുണ്ട്. (ലൂക്കൊസ് 6:19; 1 കൊരിന്ത്യർ 12:10; മത്തായി 25:15) യേശുവിന്റെ അത്ഭുതങ്ങൾ “ദൈവത്തിന്റെ മഹിമ”യുടെ പ്രകടനമായി ബൈബിൾ അവകാശപ്പെടുന്നു. (ലൂക്കൊസ് 9:43) അത്തരം വേലകൾ സർവശക്തനായ ദൈവത്തെ സംബന്ധിച്ചിടത്തോളം—“ശക്തിയുടെ ആധിക്യ”മുള്ള ദൈവത്തെ സംബന്ധിച്ചിടത്തോളം—അസാധ്യമായിരിക്കുമോ?—യെശയ്യാവു 40:26.
ആധികാരികതയുടെ തെളിവ്
നാലു സുവിശേഷങ്ങളുടെ ശ്രദ്ധാപൂർവമായ പരിശോധന അവ വിശ്വസിക്കാവുന്നതിനു കൂടുതൽ തെളിവു സമർപ്പിക്കുന്നു. ഒരു സംഗതി, ഈ വിവരണങ്ങൾ യക്ഷിക്കഥകളിലും ഐതിഹ്യങ്ങളിലുംനിന്നു തികച്ചും വ്യത്യസ്തമാണെന്നതാണ്. ഉദാഹരണത്തിന്, യേശുവിന്റെ മരണശേഷം തുടർന്നുവന്ന നൂററാണ്ടുകളിൽ അവനെപ്പററി പ്രചരിച്ച വ്യാജകഥകളെപ്പററി പരിചിന്തിക്കുക. “തോമസിന്റെ സുവിശേഷ”ത്തിന്റെ അപ്പോക്രിഫ ഇങ്ങനെ പ്രസ്താവിക്കുന്നു: “യേശുവെന്ന ഈ കുട്ടിക്ക് അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ . . . , അവൻ ഗ്രാമത്തിലൂടെ കടന്നുപോയി. ഒരു കുട്ടി ഓടുന്നതിനിടയിൽ അവനുമായി കൂട്ടിയിടിച്ചു. യേശു ക്ഷുഭിതനായി അവനോടു പറഞ്ഞു: ‘നീ ഇവിടംവിട്ടു മുന്നോട്ടു പോവുകയില്ല.’ ഉടനടി ആ കുട്ടി താഴെ വീണു മരിച്ചു.” ഈ കഥയുടെ യാഥാർഥ്യമെന്തെന്ന്—വഞ്ചനാപൂർവം കെട്ടിച്ചമച്ച ഒന്നാണെന്ന്—മനസ്സിലാക്കാൻ യാതൊരു പ്രയാസവുമില്ല. കൂടാതെ, താന്തോന്നിയും ദുരാത്മ ബാധിതനുമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്ന ഈ കുട്ടി ബൈബിളിൽ വിവരിച്ചിരിക്കുന്ന യേശുവിനെ ഒരുവിധത്തിലും പ്രതിഫലിപ്പിക്കുന്നില്ല.—വിപരീത താരതമ്യം ചെയ്യുക: ലൂക്കൊസ് 2:51, 52.
ഇപ്പോൾ ആധികാരികമായ സുവിശേഷ വിവരണം പരിചിന്തിക്കുക. അവ അത്യുക്തിയിൽനിന്നും കെട്ടിച്ചമച്ച കഥകളിൽനിന്നും വ്യത്യസ്തമാണ്. യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത് യഥാർഥ ആവശ്യമനുസരിച്ചാണ് അല്ലാതെ വെറും വ്യാമോഹത്തെ തൃപ്തിപ്പെടുത്താനല്ല. (മർക്കൊസ് 10:46-52) സ്വയം പ്രയോജകീഭവിക്കാൻ യേശു ഒരിക്കലും തന്റെ ശക്തി ഉപയോഗിച്ചില്ല. (മത്തായി 4:2-4) പൊങ്ങച്ചം കാണിക്കാനായി യേശു അവ ഒരിക്കലും ഉപയോഗിച്ചില്ല. വാസ്തവത്തിൽ, ജിജ്ഞാസുവായ ഹെരോദാവ് രാജാവ് യേശു അത്ഭുതകരമായ ‘അടയാളം’ പ്രവർത്തിക്കുന്നതു കാണാൻ ആഗ്രഹിച്ചപ്പോൾ യേശു “അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.”—ലൂക്കൊസ് 23:8, 9.
യേശുവിന്റെ അത്ഭുതങ്ങൾ ഇന്ദ്രജാലക്കാരുടെയും ജാലവിദ്യക്കാരുടെയും വിശ്വാസരോഗശാന്തിക്കാരുടെയും വേലയിൽനിന്നു തികച്ചും വിഭിന്നമാണ്. അവന്റെ അത്ഭുതവേലകൾ എല്ലായ്പോഴും ദൈവത്തെ മഹത്ത്വപ്പെടുത്തി. (യോഹന്നാൻ 9:3; 11:1-4) അവന്റെ അത്ഭുതങ്ങൾ വികാരോദ്ദീപകമായ ആചാരകർമങ്ങൾ, മന്ത്രോച്ചാരണങ്ങൾ, പ്രതാപപ്രകടനങ്ങൾ, തന്ത്രം, ഹിപ്പ്നോട്ടിസം എന്നിവയിൽനിന്നു മുക്തമായിരുന്നു. ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരനെ യേശു യാദൃശ്ചികമായി കണ്ടുമുട്ടി. അയാൾ “റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു” നിലവിളിച്ചു പറഞ്ഞപ്പോൾ യേശു അവനോട് ഇത്രമാത്രം പറഞ്ഞു: “പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു.”—മർക്കൊസ് 10:46-52.
യേശു വീര്യപ്രവൃത്തികൾ ചെയ്തത് എന്തെങ്കിലും സ്റേറജുപകരണങ്ങളോ പ്രത്യേകം സജ്ജീകരിച്ച സ്റേറജുകളോ ലൈററു സംവിധാനങ്ങളോ ഒന്നും ഇല്ലാതെയാണെന്നു സുവിശേഷ വൃത്താന്തങ്ങൾ കാണിക്കുന്നു. അവയെല്ലാം അസംഖ്യം ദൃക്സാക്ഷികളുടെ മുമ്പിൽവച്ച് പരസ്യമായിട്ടാണു പ്രവർത്തിച്ചത്. (മർക്കൊസ് 5:24-29; ലൂക്കൊസ് 7:11-15) രോഗിയുടെ അവിശ്വാസം നിമിത്തം രോഗശാന്തി സംഭവിച്ചില്ലെന്ന് അവകാശവാദം നടത്തുന്ന ആധുനിക വിശ്വാസരോഗശാന്തിക്കാരുടെ ഉദ്യമങ്ങളിൽനിന്നു വ്യത്യസ്തമായി രോഗശാന്തി നൽകുന്നതിലുള്ള അവന്റെ ശ്രമം ഒരിക്കലും പരാജയമടഞ്ഞില്ല. “അവൻ . . . സകലദീനക്കാർക്കും സൌഖ്യം വരുത്തി” എന്നു മത്തായി 8:16 പറയുന്നു.
“അനേകം അപ്രമാദിത്വ തെളിവുകൾ:” ക്രിസ്ത്യാനിത്വത്തിന്റെ തെളിവുകൾ (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പണ്ഡിററ് ആർഥർ പീർസൺ ക്രിസ്തുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അവയുടെ എണ്ണം, അവൻ നടത്തിയ സൗഖ്യമാക്കലുകളുടെ ക്ഷണികവും പരിപൂർണവുമായ സ്വഭാവം, മരിച്ചവരെപ്പോലും ഉയിർപ്പിക്കാൻ നടത്തിയ ശ്രമത്തിൽ ഒരിക്കൽപ്പോലും സംഭവിക്കാഞ്ഞ പരാജയം എന്നീ സംഗതികൾ ഈ അത്ഭുതങ്ങളും ഈ യുഗത്തിലെയോ മറേറതെങ്കിലും യുഗത്തിലെയോ അത്ഭുതങ്ങളെന്നു പരാമർശിക്കുന്നവയും തമ്മിൽ അനന്തമായ അന്തരം സൃഷ്ടിക്കുന്നു.”
മതേതര സമർഥനം
സുവിശേഷ വിവരണത്തിനു പിൻബലം നൽകുന്ന മറെറാരു വാദം പീർസൺ നൽകുന്നു. “ശത്രുക്കൾ മൗനം പാലിച്ചുവെന്ന വസ്തുതയാണ് തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന അത്ഭുതങ്ങൾക്ക് ഏററവും ഉറപ്പുനൽകുന്നത്.” യഹൂദ്യ നേതാക്കൻമാർക്ക് യേശുവിനെ അവമാനിക്കുന്നതിനു ശക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാൽ അവന്റെ അത്ഭുതങ്ങൾ അത്രമാത്രം സുവിദിതമായിരുന്നതിനാൽ അവയെ തള്ളിപ്പറയാൻ അവർ ധൈര്യപ്പെട്ടില്ല. അവർക്ക് ആകെ ചെയ്യാൻ കഴിഞ്ഞത് അത്തരം പ്രവൃത്തികൾ ഭൂതങ്ങളുടെ ശക്തിയാലാണു നടന്നതെന്നു പറയുക മാത്രമാണ്. (മത്തായി 12:22-24) യേശുവിന്റെ മരണത്തിനു നൂററാണ്ടുകൾക്കുശേഷം യഹൂദ തൽമൂദിന്റെ ലേഖകർ യേശുവിനെ അത്ഭുത ശക്തികളുള്ളവനായി ചിത്രീകരിച്ചു. യേശുവിനെ സംബന്ധിച്ചുള്ള യഹൂദ ആശയപ്രകടനങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, “ജാലവിദ്യ അഭ്യസിക്കുന്നവനായി” അവർ അവനെ മുദ്രകുത്തി. യേശുവിന്റെ അത്ഭുതങ്ങൾ വെറും കെട്ടുകഥയാണെന്നു വരുത്തിത്തീർക്കാൻ അൽപ്പമെങ്കിലും കഴിയുമായിരുന്നെങ്കിൽ അത്തരമൊരു അഭിപ്രായപ്രകടനം നടത്തുമായിരുന്നോ?
കൂടുതലായ തെളിവുകൾ നാലാം നൂററാണ്ടിലെ സഭാ ചരിത്രകാരനായിരുന്ന യൂസേബിയസിൽനിന്നുള്ളതാണ്. ക്രിസ്തുമുതൽ കോൺസ്ററന്റൈൻ വരെയുള്ള ചരിത്രം (ഇംഗ്ലീഷ്) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ക്രിസ്ത്യാനിത്വത്തിനു പ്രതിവാദം പറഞ്ഞുകൊണ്ട് ക്വാഡ്രാററസ് എന്ന ഒരുവൻ ചക്രവർത്തിക്കെഴുതിയ ഒരു കത്തിലെ വാക്കുകൾ ഉദ്ധരിക്കുന്നു. ക്വാഡ്രാററസ് എഴുതി: “ഞങ്ങളുടെ രക്ഷകന്റെ വേലകൾ എല്ലായ്പോഴും ദൃശ്യമായിരുന്നു കാരണം, അവ സത്യമായിരുന്നു—സൗഖ്യമാക്കപ്പെട്ടവരെയും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരെയും തൽക്കാലത്തേക്കു മാത്രമല്ല മറിച്ച്, എല്ലായ്പോഴും കാണാമായിരുന്നു, രക്ഷകൻ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല, അവൻ വിടപറഞ്ഞ് ഏറെനാളുകൾക്കു ശേഷവും; വാസ്തവത്തിൽ, അവരിൽ ചിലർ എന്റെ സമയംവരെ അതിജീവിച്ചിരിക്കുന്നു.” പണ്ഡിതനായ വില്യം ബാർക്ലേ ഇപ്രകാരം നിരീക്ഷിച്ചു: “ആരുടെമേൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവോ അവരെ തന്റെ നാളിൽപ്പോലും തെളിവിനായി ഹാജരാക്കാൻ കഴിയുമായിരുന്നുവെന്നാണു ക്വാഡ്രാററസ് പറയുന്നത്. അതു വാസ്തവമല്ലായിരുന്നെങ്കിൽ അതു നുണയാണെന്നു മുദ്രയടിക്കുന്നതിനെക്കാൾ ലളിതമായ വേറൊന്നും റോമാ ഗവൺമെൻറിന് ഉണ്ടാകുമായിരുന്നില്ല.”
യേശുവിന്റെ അത്ഭുതങ്ങളിലുള്ള വിശ്വാസം ന്യായയുക്തവും ബുദ്ധിപൂർവകവും തെളിവുമായി പരിപൂർണ ചേർച്ചയുമുള്ളതാണ്. എന്നിരുന്നാലും, യേശുവിന്റെ അത്ഭുതങ്ങൾ വെറും മൃതചരിത്രമല്ല. എബ്രായർ 13:8 നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “യേശു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” അതേ, അവൻ ഇന്നു സ്വർഗത്തിൽ ജീവിച്ചിരിക്കുന്നു. ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ചെയ്തതിനെക്കാൾ വളരെയധികം പ്രബലമായ വിധത്തിൽ തന്റെ അത്ഭുതാവഹശക്തി പ്രയോഗിക്കാൻ അവൻ ഇപ്പോൾ പ്രാപ്തനാണ്. കൂടാതെ, അവന്റെ അത്ഭുതങ്ങൾ സംബന്ധിച്ച സുവിശേഷ വിവരണം (1) ഇന്ന് ക്രിസ്ത്യാനികളെ പ്രായോഗിക പാഠങ്ങൾ പഠിപ്പിക്കുന്നു, (2) യേശുവിന്റെ വ്യക്തിത്വത്തിന്റെ മനോജ്ഞമായ വശങ്ങൾ വെളിപ്പെടുത്തുന്നു, (3) കൂടുതൽ ഗംഭീരമായ സംഭവങ്ങൾ സമീപ ഭാവിയിൽ സംഭവിക്കാൻ പോകുന്നുവെന്നതിലേക്കു വിരൽചൂണ്ടുന്നു!
ഈ വിശദാംശങ്ങൾ വ്യക്തമാക്കുന്നതിന് അടുത്ത ലേഖനം സുവിദിതമായ മൂന്നു ബൈബിൾ വിവരണങ്ങളുടെമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.