ഡൊമിനിക്കൻ റിപ്പബ്ലിക്ക്—കണ്ടെത്തലിന് ഇപ്പോഴും തുറന്നുകിടക്കുന്നു
കേവലം ഒരു യുവാവായിരുന്നപ്പോഴായിരുന്നു ക്രിസ്ററഫർ കൊളംബസ് ഒരു സമുദ്രജീവിതത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമോ, ഇന്നു വെസ്ററ് ഇൻഡീസ് എന്നറിയപ്പെടുന്ന ദ്വീപുകൾ അദ്ദേഹത്തിനു കണ്ടുപിടിക്കാറായി. ഹെയ്ററിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും ഉൾപ്പെട്ട ഹിസ്പാനിയോള ദ്വീപ് എന്ന് ഇന്നറിയപ്പെടുന്ന എസ്പാനോള ദ്വീപിന്റെ വടക്കേ തീരത്തിനടുത്ത് അദ്ദേഹത്തിന്റെ മുഖ്യകപ്പലായ സാൻറാ മാരിയാ ഉറച്ചു. 1492 ഡിസംബറിലായിരുന്നു ആ സംഭവം. അങ്ങനെ അവിടെ ആദ്യത്തെ യൂറോപ്യൻ കുടിയേററത്തിനു കൊളംബസ് അടിത്തറയിട്ടു. പെട്ടെന്നുതന്നെ ഒരു തുറമുഖം പണിത് അതിനു ല നവിഡാഡ് എന്നു പേരിട്ടു. അദ്ദേഹത്തിന്റെ പിന്നീടുള്ള പര്യവേക്ഷണങ്ങൾക്കെല്ലാം കേന്ദ്രമായത് ഈ ദ്വീപായിരുന്നു.
ദ്വീപിലെ നിവാസികളായ റൈറനോ ഇൻഡ്യൻസ് ശ്രദ്ധേയമാംവണ്ണം സുമുഖരും ആശ്രയയോഗ്യരും അതിഥിസത്കാരപ്രിയരും ആയിരുന്നുവെന്നു കൊളംബസ് മനസ്സിലാക്കി. അന്ന് അവിടെ ഏതാണ്ട് 1,00,000 പേരുണ്ടായിരുന്നതായാണു കണക്ക്. എന്നിരുന്നാലും, സ്വർണം തട്ടിയെടുക്കുകയെന്ന മുഖ്യോദ്ദേശ്യത്തിൽ എത്തിയ അക്രമികളുടെ പരുക്കൻ പെരുമാററം നിമിത്തം തദ്ദേശജനസംഖ്യ കുത്തനെ കുറഞ്ഞു. റിപ്പോർട്ടു പറയുന്നതനുസരിച്ച്, 1570 ആയപ്പോഴേക്കും ഏകദേശം 500 റൈറനോ ഇൻഡ്യൻസ് മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ.
ഇന്ന്, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അനേകം വർഗക്കാരും നിറക്കാരുമുണ്ട്. എല്ലാവരും പൂർവികരായിട്ട് ഇവിടെ വന്നുചേർന്നവർ. എന്നിട്ടും, അടിസ്ഥാനപരമായി സൗഹൃദരും സുഖലോലുപരുമായ ആളുകളായ റൈറനോകളുടെ നല്ല ഗുണങ്ങൾ അവരിൽ അനേകർക്കുമുള്ളതായി തോന്നുന്നു, ഒപ്പം ദൈവത്തിലുള്ള ആത്മാർഥമായ വിശ്വാസവും, ബൈബിളിനോടുള്ള ആദരവും. ഇതൊക്കെ ചേർന്നപ്പോൾ ഈ ദ്വീപിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലക്കും പഠിപ്പിക്കൽവേലക്കും ശ്രദ്ധേയമായ വിജയമുണ്ട്.
മറെറാരു തരത്തിലുള്ള കണ്ടെത്തൽ
തൃജില്ലോയുടെ ഏകാധിപത്യ കാലഘട്ടത്തിനിടയിലായിരുന്നു ആദ്യത്തെ വാച്ച് ടവർ മിഷനറിമാരായ ലെനാർററ് ജോൺസനും വിർജീനിയ ജോൺസനും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തുന്നത്. പെട്ടെന്നുതന്നെ അനേകരും ബൈബിൾ സന്ദേശത്തോടു ക്രിയാത്മകമായി പ്രതികരിക്കുന്നതു കണ്ടപ്പോൾ അവർക്കു വലിയ ആഹ്ലാദമായി. എന്നാൽ ഇതൊന്നും അവിടത്തെ അധികാരികൾക്കും അവരുടെ മതോപദേഷ്ടാക്കൾക്കും അത്ര രസിച്ചില്ല. പിന്നെ കണ്ടതു പീഡനത്തിന്റെ തിരമാലകളായിരുന്നു. അങ്ങനെ ആ ആദ്യകാല ഡൊമിനിക്കൻ സാക്ഷികളുടെ വിശ്വാസം കഠിനമായി പരീക്ഷിക്കപ്പെട്ടു. മരണംവരെയുള്ള അവരുടെ വിശ്വസ്തതയും വിശ്വാസവും ഇന്നും ആളുകളുടെയിടയിൽ സംസാരവിഷയമാണ്.
ആ രാജ്യത്ത് 16,000-ത്തോളം വരുന്ന യഹോവയുടെ സാക്ഷികൾ പരക്കെ അറിയപ്പെടുന്നവരാണ്. കുറച്ചുനാളുകൾക്കുമുമ്പ്, അഞ്ചു ടെലിവിഷൻ കേന്ദ്രങ്ങൾ യഹോവയുടെ സാക്ഷികൾ—ആ പേരിന്റെ പിമ്പിലെ സ്ഥാപനം എന്ന വീഡിയോ ദേശവ്യാപകമായി പ്രക്ഷേപണം ചെയ്യുകയുണ്ടായി.a
ഇതുമുഖാന്തരം വൻനഗരങ്ങളിൽ മാത്രമല്ല, ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാക്ഷികളുടെ വേലയ്ക്കു നല്ല പ്രചാരം കിട്ടി. തൊട്ടുപിന്നാലെ, ഈ വിദൂരദേശങ്ങളിലേക്കു രാജ്യസുവാർത്ത എത്തിക്കാൻ അവർ ഒരു പ്രചരണപരിപാടി ആസൂത്രണം ചെയ്തു.
എത്തിപ്പിടിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
ഈ വിദൂരപ്രദേശങ്ങളിൽ പ്രസംഗവേലയ്ക്കായി രണ്ടു മാസം ചെലവഴിക്കാൻ ഊർജസ്വലരും തീക്ഷ്ണമതികളുമായ അനേകം യുവസാക്ഷികൾ സ്വമേധയാ മുന്നോട്ടുവന്നു. അവരുടെ ആ ശ്രമങ്ങൾക്കെല്ലാം നല്ല ഫലമുണ്ടായി. ഒരു പ്രദേശത്തു രണ്ടു സാക്ഷികൾക്ക് അസാധാരണമായ താത്പര്യം കാണാറായി. യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരക സമയമായിരുന്നതിനാൽ, അവർ ആളുകളെ ക്ഷണിച്ചുവരുത്താനുള്ള ഏർപ്പാടൊക്കെ ചെയ്തു. ഹാൾ നിറഞ്ഞു, യോഗവും നടത്തി. എന്നാൽ അതു കഴിഞ്ഞതും അവർ അത്ഭുതപ്പെട്ടുപോയി. അകത്തു കയറാനായി കാത്തുനിൽക്കുന്ന മറെറാരു വലിയ കൂട്ടം പുറത്ത്. അതുകൊണ്ട്, അവരെ ക്ഷണിച്ച് അകത്തുവരുത്തി പരിപാടി വീണ്ടും നടത്തി. ആ പ്രദേശത്ത് ഇപ്പോൾ ഒരു സഭയുണ്ട്.
ആളുകളുടെ ഔദാര്യമനസ്കതയും തുറന്നിടപെടുന്ന പ്രകൃതവും നിമിത്തം പഠിക്കുന്ന ബൈബിൾസത്യങ്ങൾ കുടുംബക്കാരും മററുള്ളവരുമായി പങ്കുവെക്കാൻ അവർ പലപ്പോഴും പ്രചോദിതരാവുകയാണ്. അവസാനം വീടുതോറുമുള്ള വേലയിൽ പങ്കുപററാൻ യോഗ്യത നേടിയപ്പോൾ ഒരു ബൈബിൾ വിദ്യാർഥിക്കു സന്തോഷം അടക്കാനായില്ല. അപ്പോൾത്തന്നെ അയൽപക്കത്ത് അയാൾക്ക് അഞ്ചു ബൈബിളധ്യയനങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ശുശ്രൂഷയിൽ തന്റെ പങ്കു വർധിപ്പിക്കാൻ അവനു സന്തോഷംതന്നെ.
രാജ്യപ്രസാധകർ നിരന്തരം സന്ദർശിക്കാത്ത അനേകം പ്രദേശങ്ങളുണ്ട്. അതുകൊണ്ട് ബസ്സ്യാത്രക്കാരോടും നഗരങ്ങളിൽ വ്യവസായാവശ്യങ്ങൾക്കോ സാധനങ്ങൾ വാങ്ങാനോ വരുന്നവരോടും പ്രസംഗിക്കാൻ ശ്രമങ്ങൾ ചെയ്യുന്നുണ്ട്. ഫലം സന്തോഷകരമായിരുന്നു. ബ്രാഞ്ച് ഓഫീസിൽ ലഭിച്ച ഒരു കത്തിലെ അനുഭവംതന്നെ ഇതിനു ദൃഷ്ടാന്തം. ഗ്രാമപ്രദേശത്തെ രണ്ടു പുരുഷൻമാർ ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ട് എഴുതിയതായിരുന്നു ആ കത്ത്. ഒരു സാക്ഷി അവരെ സന്ദർശിച്ചു. അപ്പോഴാണറിയുന്നത്, ആ “പുരുഷൻമാർ” 10-ഉം 11-ഉം വയസ്സുള്ള കുട്ടികളായിരുന്നെന്ന്. എന്നാൽ ബൈബിളധ്യയന ക്രമീകരണങ്ങളെക്കുറിച്ച് അവർ എങ്ങനെയാണ് അറിഞ്ഞത്? ഗ്രാമത്തിൽനിന്ന് ഒരാൾ എന്തോ ബിസിനസ്സാവശ്യത്തിനായി തലസ്ഥാനനഗരിയിൽ വന്നിരുന്നു. വഴിയിൽവെച്ചു കണ്ടുമുട്ടിയ ഒരു സാക്ഷി അദ്ദേഹത്തിന് ഒരു ട്രാക്ററ് കൊടുത്ത് ഒരു സൗജന്യ ഭവനബൈബിളധ്യയനം വാഗ്ദാനം ചെയ്തിരുന്നു. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ആ ട്രാക്ററ് അയൽപക്കത്തെ ഒരു 12 വയസ്സുകാരിക്കു കൊടുക്കുകയും ബൈബിളധ്യയന ക്രമീകരണങ്ങളെക്കുറിച്ചു പറയുകയും ചെയ്തു. അതിനുശേഷം, ആ പെൺകുട്ടി ആ വിവരം രണ്ട് ആൺകുട്ടികളോടു പറഞ്ഞു. അവരായിരുന്നു കത്ത് എഴുതിയത്. അങ്ങനെ ആ ആൺകുട്ടികൾക്കും പെൺകുട്ടിക്കും ആ മനുഷ്യനും അദ്ദേഹത്തിന്റെ രണ്ടു കുട്ടികൾക്കും വേണ്ടി ബൈബിളധ്യയനം തുടങ്ങി.
യുവജനങ്ങളുടെ നല്ല പ്രതികരണം
നിശ്ചയമായും, യുവജനങ്ങൾ, സത്യത്തിൽ വളർത്തപ്പെട്ടവരും അല്ലാത്തവരും, ദൈവത്തെ ആരാധിക്കുന്നതിനെ സഗൗരവം വീക്ഷിക്കുന്നതായി തോന്നുന്നു. ഉദാഹരണത്തിന്, താമാറും അവളുടെ സഹോദരി കൈലായും. 10-ാം വയസ്സിൽ സ്നാപനമേററ രണ്ടുപേരും 11 വയസ്സായപ്പോഴേക്കും മുഴുസമയ പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ചു. വെൻഡി കാരോലീനാ 12 വയസ്സുള്ളപ്പോൾ തന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തി ജലസ്നാപനമേററു. രണ്ടു വർഷം കഴിഞ്ഞ്, 1985-ൽ അവൾ നിരന്തരപയനിയറിങ് ആരംഭിച്ചു. ഇന്ന് അവൾ ഫലപ്രദയായ ഒരു അധ്യാപികയാണ്. ഇപ്പോഴും മുഴുസമയ ശുശ്രൂഷ ആസ്വദിക്കുന്നു. 10-ാം വയസ്സിൽ സ്നാപനമേററ, 11-ാം വയസ്സിൽ നിരന്തരപയനിയറായ യുവാവാണ് ഹോവാനി, നാലു ബൈബിളധ്യയനങ്ങൾ നടത്തുന്നു. പത്തു വയസ്സുള്ള റേ ഒരു പഴയപുസ്തക കടക്കാരന്റെ പക്കൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഒരു ചെറുപുസ്തകം കണ്ടപ്പോൾ അതു വാങ്ങിത്തരണമെന്ന് അമ്മയോടു പറഞ്ഞു. അവൻ ആ പുസ്തകം ആദ്യം മുതൽ അവസാനം വരെ വായിച്ചു. അതോടെ കൂടുതൽ ബൈബിൾ സാഹിത്യങ്ങൾക്കുള്ള അന്വേഷണമായി. അവസാനം ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ടു. ഇന്ന് അവൻ മുഴുസമയ സേവനം ആസ്വദിക്കുന്നു. അവന്റെ അമ്മയും ദൈവസേവനത്തിൽത്തന്നെ.
ഇവരെയും മററു യുവാക്കളെയും ആത്മീയ കാര്യങ്ങളുടെ മൂല്യം വിലമതിക്കാൻ സഹായിച്ചതെന്തായിരുന്നു? പലരുടെയും കാര്യത്തിൽ മാതാപിതാക്കളുടെ മാർഗനിർദേശം ഒരു പ്രധാന പങ്കുവഹിച്ചു. ഹോശ്വയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. അവന്റെ ക്രിസ്തീയ മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണ്. മക്കളിൽ ഒരാളെങ്കിലും മുഴുസമയ ശുശ്രൂഷ ഏറെറടുക്കാൻ മാതാപിതാക്കൾ സഹായിക്കാൻ ശ്രമിക്കണമെന്ന് ഒരു സഞ്ചാരമേൽവിചാരകൻ നിർദേശിച്ചപ്പോൾ അവർ ഹോശ്വയുടെ കാര്യം പരിഗണിച്ചു. മിടുക്കനായ വിദ്യാർഥിയായതുകൊണ്ട്, ഹോശ്വക്ക് എൻജിനിയറിങ്ങിനു പഠിക്കാനുള്ള ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിച്ചു. യൂണിവേഴ്സിററിയിൽ എത്തിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞപ്പോഴേക്കും അവൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ആസ്ഥാനകെട്ടിട നിർമാണത്തിൽ ചേരാനുള്ള ക്ഷണം സ്വീകരിച്ചു. മകനെ യഹോവയുടെ സേവനത്തിൽ വിട്ടുകൊടുക്കാൻ സാധിച്ചതിൽ മാതാപിതാക്കൾ ആഴമായ സംതൃപ്തി പ്രകടിപ്പിച്ചു.
മററു രാജ്യങ്ങളിൽനിന്നുള്ള “പര്യവേക്ഷകർ”
“കൊയ്ത്തു വളരെ ഉണ്ടു . . . വേലക്കാരോ ചുരുക്കം” എന്ന യേശുവിന്റെ വാക്കുകൾ വാസ്തവത്തിൽ ഇവിടുത്തെ വയലിനു ബാധകമാക്കാനാവും. (മത്തായി 9:37) ആധുനികനാളിലെ യഥാർഥ നിധിക്കുവേണ്ടി—ആത്മാർഥമായ സത്യാന്വേഷകർക്കുവേണ്ടി—പ്രദേശത്തു പര്യവേക്ഷണം നടത്തുന്നതിൽ പങ്കുകൊള്ളാൻ ഇവിടുത്തെ വലിയ ആവശ്യവും നല്ല പ്രതികരണവും മററു രാജ്യങ്ങളിലുള്ള സാക്ഷികൾക്കൊരു പ്രേരണയായിരിക്കുകയാണ്.
അടുത്ത ദ്വീപായ പോർട്ടറിക്കോയിൽനിന്നു ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വിവിധ മേഖലകളിൽ വന്നു സേവിക്കുന്നതിൽ സാക്ഷികളായ കുടുംബങ്ങൾ യഥാർഥ സംതൃപ്തി കണ്ടെത്തിയിരിക്കുന്നു. ഒരു കുടുംബനാഥൻ പറഞ്ഞു: “ശ്രദ്ധിക്കുന്ന കാതുകളോടു നമ്മുടെ വിശ്വാസവും പ്രത്യാശയും പ്രകടമാക്കാൻ സാധിക്കുന്നതു വാസ്തവത്തിൽ സത്യത്തെ ജീവനുള്ളതാക്കുന്നു!” ഇവിടുത്തെ ആവശ്യം മനസ്സിലാക്കി സ്വീഡനിൽനിന്നുള്ള സിസിലിയയും ഐക്യനാടുകളിൽനിന്നുള്ള നീയയും മുഴുസമയശുശ്രൂഷകരായ മററ് അനേകം യുവാക്കളോടു ചേർന്നിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളും സുഖകരമായ കാലാവസ്ഥയുമുള്ള ഉൾഭാഗങ്ങളിലാണ് അവർ സേവിക്കുന്നത്. അതുപോലെ, പൈൻകാടു നിറഞ്ഞ തണുപ്പുള്ള ഉയർന്ന മലകളിൽ രണ്ടു കനേഡിയൻ കുടുംബങ്ങൾ ഐക്യനാടുകളിൽനിന്നു തിരിച്ചെത്തിയ ഒരു ഡൊമിനിക്കൻ കുടുംബവുമായി ചേർന്നു. ഒരു ചെറിയ സഭയിലെ അംഗങ്ങളായ അവർക്കു കഴിഞ്ഞ പത്തു വർഷമായി യഹോവയുടെ സാക്ഷികൾ സന്ദർശിക്കാഞ്ഞ ആളുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നു.
ന്യൂയോർക്കു നഗരത്തിൽനിന്നു തിരിച്ചെത്തിയ ആൽഫ്രേഡോയും ലൂർഡ്സും അവരുടെ മക്കളും മനോഹരമായ ടൂറിസ്ററ് തീരദേശ പട്ടണങ്ങളിലൊന്നിലെ ഒരു ചെറിയ സഭയോടൊത്തു സഹവസിക്കുന്നു. പരമാർഥഹൃദയരെ കണ്ടെത്തി സഭയുടെ വളർച്ചയെ സഹായിക്കാനാവുന്നതിൽ അവർക്ക് ആഹ്ലാദമാണ്. ഓസ്ട്രേലിയയിൽനിന്നുള്ള ഒരു കമ്പ്യൂട്ടർ ഓപ്പറേറററാണ് റോളണ്ട്. ഇപ്പോൾ രാജ്യത്തിന്റെ ദക്ഷിണ ഭാഗത്ത്, വരണ്ട ഉഷ്ണപ്രദേശത്തു ഭാര്യ യൂററയോടൊപ്പം താമസമാക്കിയിരിക്കുകയാണ്. അവർ എത്തിയതിനുശേഷം അവിടെ ഒരു പുതിയ സഭ രൂപീകൃതമാകുന്നതു കാണാറായത് അവരെ സംബന്ധിച്ച് സന്തോഷത്തിനുള്ള വകതന്നെ. ഇനി കാലിഫോർണിയയിൽനിന്നുള്ള മൂന്നു പയനിയർ സഹോദരിമാരും ഒരു ദമ്പതികളും അടുത്തുള്ള ഒരു പട്ടണത്തിലാണു താമസിക്കുന്നത്. തങ്ങൾക്കു നിർവഹിക്കാൻ പററാത്തത്രയും ബൈബിളധ്യയനം ആളുകൾ ആവശ്യപ്പെടുകയാണെന്ന് അവർ റിപ്പോർട്ടുചെയ്യുകയുണ്ടായി. അതുകൊണ്ട്, പ്രദേശത്തെ രാജ്യഹാളിലെ യോഗങ്ങളിൽ പങ്കെടുത്ത് ബൈബിളധ്യയനങ്ങൾക്കുള്ള വെയിററിങ് ലിസ്ററിൽ പേർ ഉൾപ്പെടുത്താൻ അവർ താത്പര്യക്കാരെ പ്രോത്സാഹിപ്പിച്ചു. യൂററായുടെ സഹോദരനായ ഷ്ററഫാൻ വടക്കുകിഴക്കെ തീരപ്രദേശത്തെ സാമാനാ എന്ന രമണീയ പട്ടണത്തിലെ ഒരു കൊച്ചുസഭയിൽ വിശ്വസ്തതയോടെ സേവിക്കുന്നു. രാജ്യപ്രസാധകരുടെ എണ്ണം ഇരട്ടിക്കാൻ രണ്ടുകൊല്ലമേ വേണ്ടിവന്നുള്ളൂ.
ഇവരും സഹായിക്കാനെത്തിയിരിക്കുന്ന മററുള്ളവരും പ്രകടമാക്കുന്ന സ്നേഹവും തീക്ഷ്ണതയും സത്യമായും പ്രശംസാർഹംതന്നെ. വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളുമുള്ള ഒരു പുതിയ രാജ്യത്തേക്കു മാറിത്താമസിക്കുന്നതിന്റെ മാത്രമല്ല, മിക്കവരെ സംബന്ധിച്ചും, ചെമ്മരിയാടുതുല്യരായ ആളുകളുടെ ആത്മീയാവശ്യങ്ങൾ ശ്രദ്ധിക്കാൻ ഒരു പുതിയ ഭാഷ പഠിക്കേണ്ടതിന്റെ വെല്ലുവിളിയും അവർ ഏറെറടുത്തിരിക്കുന്നു. അവരുടെ ശ്രമങ്ങൾക്കെല്ലാം പ്രദേശത്തെ ആളുകളിൽനിന്നു ക്രിയാത്മകമായ പ്രതികരണമുണ്ടായി.
ചില ഡൊമിനിക്കൻ കുടുംബങ്ങൾ വൻനഗരങ്ങളിലെ സൗകര്യങ്ങളെല്ലാം വിട്ടെറിഞ്ഞ് ഗ്രാമപ്രദേശങ്ങളിലേക്കു കുടിയേറിയിരിക്കുന്നു. ആത്മാർഥതയുള്ള സത്യാന്വേഷകർ എന്ന യഥാർഥ നിധികൾ കണ്ടെത്തുന്നതിലെ സന്തോഷത്താൽ അവർക്കെല്ലാം സമൃദ്ധമായ പ്രതിഫലം ലഭിക്കുകയാണ്.
15-ാം നൂററാണ്ടിലെ നിധിവേട്ടക്കാർ കൊണ്ടുവന്നത് അനുഗ്രഹങ്ങളായിരുന്നില്ല, അടിമത്തമായിരുന്നു, പിന്നെ തദ്ദേശവാസികളായ റൈറനോ ജനത്തിന് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും. ഈ പുതിയലോകത്തിലെ നിധികളിൽനിന്നു കൊളംബസിനുപോലും മെച്ചങ്ങളുണ്ടായില്ല. അവസാനം അദ്ദേഹം അറസ്ററിലായി. അദ്ദേഹം കണ്ടുപിടിച്ച ദ്വീപിൽനിന്നു പുറത്താക്കപ്പെട്ട് വിലങ്ങുകളോടെ സ്പെയിനിലേക്കു തിരിച്ചയയ്ക്കപ്പെട്ടു.
ഇന്ന് ഒരു വ്യത്യസ്തതരത്തിലുള്ള പര്യവേക്ഷണം ആരംഭിച്ചിരിക്കുകയാണ്. ലഭിക്കുന്നതോ, കൂടുതൽ വിലയേറിയ നിധിയും. രാജ്യസുവാർത്തയോടു പ്രതികരിക്കുന്ന പരമാർഥഹൃദയരായ ആളുകളെ അന്വേഷിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയാണു യഹോവയുടെ ജനം. ഇതിന്റെയൊക്കെ ഫലമായി, ദൈവവചനത്തിനുമാത്രം നൽകാനാവുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്ന, എല്ലായ്പോഴും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു പുരുഷാരം വന്നുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 8:32) മലകളും സുന്ദരമായ വെള്ളച്ചാട്ടങ്ങളും മനോഹരമായ കടൽത്തീരങ്ങളും വശ്യമായ ഗുഹകളും നിറഞ്ഞ ഈ രാജ്യം കേവലം ഒരു പറുദീസാ ദ്വീപല്ല, ഭൂവെങ്ങും വ്യാപിച്ചുകിടക്കുന്ന ഒരു പുതിയ ലോകത്തിന്റെ ഭാഗമായിത്തീരുന്ന സമയവും നോക്കിയിരിക്കുകയാണ് അവർ.—2 പത്രൊസ് 3:13.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി നിർമിച്ചത്.
[24-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ഡൊമിനിക്കൻ റിപ്പബ്ലിക്ക്
[24, 25 പേജുകളിലെ ചിത്രം]
മുഴുസമയസേവനം പിന്തുടർന്നുകൊണ്ട് യുവാക്കൾ ആത്മീയ സംഗതികളുടെ മൂല്യം കണ്ടെത്തുന്നു