മഹോപദ്രവത്തിലൂടെ ജീവനോടെ രക്ഷിക്കപ്പെടുന്നു
“ഇവർ മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.”—വെളിപ്പാടു 7:14.
1. ഭൗമിക പുനരുത്ഥാനത്തിൽ ഉയിർപ്പിക്കപ്പെടുന്നവർക്ക് ആർ സ്വാഗതമരുളും?
എണ്ണമററ ദശലക്ഷങ്ങൾ “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാന”ത്തിൽ ഉയിർപ്പിക്കപ്പെടുമ്പോൾ അവർ ജീവനിലേക്കു തിരികെ വരുത്തപ്പെടുന്നത് ശൂന്യമായ ഭൂമിയിലേക്കായിരിക്കയില്ല. (പ്രവൃത്തികൾ 24:15) അവർ മനോഹരമായ ചുററുപാടുകളിലേക്ക് ഉണർന്നുവരുമ്പോൾ തങ്ങൾക്കുവേണ്ടി താമസസ്ഥലങ്ങളും വസ്ത്രങ്ങളും ധാരാളം ആഹാരവും ഒരുക്കിയിട്ടുള്ളതായി കണ്ടെത്തും. ഈ ഒരുക്കങ്ങളെല്ലാം നടത്തുന്നത് ആരായിരിക്കും? ഭൗമിക പുനരുത്ഥാനം തുടങ്ങുന്നതിനുമുമ്പ് പുതിയ ലോകത്തിൽ ആളുകൾ ജീവിക്കുന്നുണ്ടാവുമെന്നതു സ്പഷ്ടമാണ്. ആരാണവർ? വരാൻപോകുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നവരായിരിക്കും അവരെന്നു ബൈബിൾ സൂചിപ്പിക്കുന്നു. വിശ്വസ്തരായ ചിലർ മഹോപദ്രവത്തിലൂടെ ജീവനോടെ രക്ഷിക്കപ്പെടുമെന്നും അവർ ഒരിക്കലും മരിക്കേണ്ടി വരില്ലെന്നുമുള്ളതാണ് നിസ്സംശയമായും എല്ലാ ബൈബിളുപദേശങ്ങളിലുംവെച്ച് ഏററവും കൗതുകകരമായത്. ഈ പ്രത്യാശക്കു വിശുദ്ധ തിരുവെഴുത്തുകളിൽ ശക്തമായ തെളിവുകളുണ്ട്.
നോഹയുടെ കാലംപോലെ
2, 3. (എ) നോഹയുടെ കാലവും നമ്മുടെ കാലവും തമ്മിൽ എന്തെല്ലാം സാദൃശ്യങ്ങളാണുള്ളത്? (ബി) നോഹയും കുടുംബവും ജലപ്രളയത്തെ അതിജീവിച്ചത് എന്താണു സൂചിപ്പിക്കുന്നത്?
2 മത്തായി 24:37-39-ൽ യേശുക്രിസ്തു നോഹയുടെ നാളുകളും നാമിപ്പോൾ വന്നെത്തിയിരിക്കുന്ന അന്ത്യനാളുകളും തമ്മിൽ താരതമ്യംചെയ്തു. “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും” എന്ന് അവൻ പറയുകയുണ്ടായി.
3 ആഗോളപ്രളയം ദൈവത്തിന്റെ മുന്നറിയിപ്പിൻദൂതിനു ശ്രദ്ധ കൊടുക്കാഞ്ഞ സകലരെയും തുടച്ചുനീക്കി. പക്ഷേ, അതു നോഹയെയും അവന്റെ കുടുംബത്തെയും തുടച്ചുനീക്കിയില്ല. യേശു പറഞ്ഞതുപോലെ അവർ “പെട്ടകത്തിൽ കയറി.” അവരുടെ ദൈവിക ഭക്തി നിമിത്തം യഹോവ അവർക്ക് ഒരു രക്ഷാവഴി ഒരുക്കിക്കൊടുത്തു. ദൈവം ‘ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിച്ചു. . . . കർത്താവു ഭക്തൻമാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ അറിയുന്നു’ എന്നു പറയുമ്പോൾ 2 പത്രൊസ് 2:5, 9, 10 നോഹയുടെയും അവന്റെ കുടുംബത്തിന്റെയും അതിജീവനത്തെ പരാമർശിക്കുകയാണ്. ജനങ്ങൾ പൊതുവേ ദൈവത്തിന്റെ മുന്നറിയിപ്പിൻദൂതു ശ്രദ്ധിക്കുകയില്ലെന്നു പ്രകടമാക്കുന്നതിനാണ് നോഹയുടെ നാളിനെ അവസാന നാളുകളോടു യേശു താരതമ്യം ചെയ്തത്. എന്നിരുന്നാലും, നോഹയും അവന്റെ കുടുംബവും യഹോവയാം ദൈവത്തെ അനുസരിച്ചു പെട്ടകത്തിൽ കയറി വലിയ പ്രളയത്തെ അതിജീവിച്ചു എന്ന വസ്തുതയെ യേശുവിന്റെ ആ പരാമർശം സ്ഥിരീകരിക്കുകയാണ്. നോഹയുടെയും അവന്റെ കുടുംബത്തിന്റെയും അതിജീവനം ഈ ലോകാവസാനത്തിൽ ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർ അതിജീവിക്കുന്നതിലേക്കു വിരൽ ചൂണ്ടുന്നു.
ഒന്നാം നൂററാണ്ടിലെ മാതൃക
4. യേശുവിന്റെ വാക്കുകളുടെ നിവൃത്തിയായി പൊ.യു. 70-ൽ യെരുശലേമിന്റെ നാശത്തിലേക്കു നയിച്ച സംഭവങ്ങൾ ഏവ?
4 ഈ ലോകത്തിന്റെ അവസാനത്തിൽ നടക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചും യേശു പറയുകയുണ്ടായി. മത്തായി 24:21, 22-ൽ നാം ഇങ്ങനെ വായിക്കുന്നു: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതൻമാർനിമിത്തമോ, [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] ആ നാളുകൾ ചുരുങ്ങും.” ഈ പ്രവചനത്തിനു നമ്മുടെ പൊതുയുഗം ഒന്നാം നൂററാണ്ടിൽ ഒരു പ്രാഥമിക നിവൃത്തി ഉണ്ടായി. പൊ.യു. (പൊതുയുഗം) 66-ൽ സെസ്ററ്യസ് ഗാലസിൻകീഴിലെ റോമൻ സൈന്യം യെരുശലേം നഗരത്തെ ഉപരോധിച്ചു. റോമൻ സൈന്യം ആലയമതിൽ ഭേദിക്കുന്ന ഘട്ടത്തോളം എത്തി, അനേകം യഹൂദൻമാർ കീഴടങ്ങാൻ സന്നദ്ധരുമായിരുന്നു. എന്നിരുന്നാലും അപ്രതീക്ഷിതമായും പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലാതെയും സെസ്ററ്യസ് ഗാലസ് തന്റെ സൈന്യത്തെ പിൻവലിച്ചു. റോമാക്കാർ പിൻമാറുന്നതു കണ്ടപ്പോൾ ക്രിസ്ത്യാനികൾ യേശു അനേക വർഷംമുമ്പു പറഞ്ഞ ഈ വാക്കുകളനുസരിച്ചു പ്രവർത്തിച്ചു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ. നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.” (ലൂക്കൊസ് 21:20, 21) ക്രിസ്ത്യാനികളായിത്തീർന്ന യഹൂദൻമാർ, തിരഞ്ഞെടുക്കപ്പെട്ടവർ, നാശത്തിനു വിധിക്കപ്പെട്ട യെരുശലേം നഗരം ഉടൻതന്നെ വിട്ടുപോവുകയും അതിനുശേഷം പെട്ടെന്നുതന്നെ അതിൻമേൽ വന്ന ഭയങ്കരനാശത്തിൽനിന്നു രക്ഷപെടുകയും ചെയ്തു. പൊ.യു. 70-ൽ റോമൻ സൈന്യം ജനറൽ ടൈററസിന്റെ നേതൃത്വത്തിൽ മടങ്ങിവന്നു. അവർ യെരുശലേമിനു ചുററും പാളയമിറങ്ങുകയും നഗരത്തെ ഉപരോധിക്കുകയും അതിനെ ശൂന്യമാക്കുകയും ചെയ്തു.
5. പൊ.യു. 70-ൽ യെരുശലേമിന്റെ കഷ്ടം ചുരുങ്ങിയത് എന്തർഥത്തിലായിരുന്നു?
5 യഹൂദ ചരിത്രകാരനായ ജോസീഫസ് വിവരിക്കുന്നപ്രകാരം, 11,00,000 യഹൂദൻമാർ മരിച്ചുപോയി. എന്നാൽ 97,000 പേർ അതിജീവിക്കുകയും അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെടുകയും ചെയ്തു. ആ അക്രൈസ്തവ യഹൂദ അതിജീവകർ തീർച്ചയായും യേശുവിന്റെ പ്രവചനത്തിലെ “തിരഞ്ഞെടുക്കപ്പെട്ടവർ” ആയിരുന്നില്ല. മത്സരികളായ യഹൂദജനതയോടു സംസാരിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 23:38, 39) യെരുശലേമിൽ കുടുങ്ങിപ്പോയ യഹൂദൻമാർ അവസാന നിമിഷത്തിൽ മിശിഹായെന്ന നിലയിൽ യേശുവിനെ സ്വീകരിച്ചുവെന്നും ക്രിസ്ത്യാനികളായിത്തീർന്നുവെന്നും യഹോവയുടെ പ്രീതി നേടിയെന്നും രേഖയില്ല. എന്നിരുന്നാലും, പൊ.യു. 70-ൽ യെരുശലേമിന്റെമേൽ വന്ന കഷ്ടം ചുരുങ്ങി. റോമൻ സേനയുടെ ഒടുവിലത്തെ ഉപരോധം ഏറെനാൾ നീണ്ടതായിരുന്നില്ല. ഇതു കുറെ യഹൂദൻമാർ അതിജീവിക്കാൻ ഇടനൽകി, അടിമകളെന്ന നിലയിൽ റോമാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കപ്പെടാൻമാത്രം.
അതിജീവകരുടെ ഒരു മഹാപുരുഷാരം
6, 7. (എ) മതഭക്തിയുള്ള ഏതു വലിയ നഗരമാണു നശിപ്പിക്കേണ്ടിയിരിക്കുന്നത്, അതുല്യമായ ഏതു കഷ്ടത്തിന്റെ ഭാഗമായി? (ബി) ഈ ലോകത്തിൻമേൽ സംഭവിക്കാൻ പോകുന്ന മഹോപദ്രവത്തെപ്പററി യോഹന്നാൻ എന്താണു പ്രവചിച്ചത്?
6 പൊ.യു. 70-ലെ യെരുശലേമിന്റെ നാശം തീർച്ചയായും മതഭക്തിയുള്ള ആ നഗരത്തിൻമേൽ “മഹോപദ്രവം” വരുത്തിയെങ്കിലും യേശുവിന്റെ പ്രവചനത്തിന്റെ വലിയ നിവൃത്തി ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. മതഭക്തിയുള്ള വലിയ നഗരമായ മഹാബാബിലോൻ, വ്യാജമതലോകസാമ്രാജ്യം, മാരകമായ മഹോപദ്രവം അനുഭവിക്കാൻ പോവുകയാണ്. അതേത്തുടർന്നു സാത്താന്റെ ശേഷിച്ച വ്യവസ്ഥിതിയിൻമേൽ അതുല്യമായ കഷ്ടം സംഭവിക്കും. (മത്തായി 24:29, 30; വെളിപ്പാടു 18:21) യെരുശലേമിന്റെ നാശത്തിന് 26 വർഷങ്ങൾക്കുശേഷം അപ്പോസ്തലനായ യോഹന്നാൻ വെളിപ്പാടു 7:9-14-ൽ ലോകവ്യാപകമായ ഈ മഹോപദ്രവത്തെപ്പററി എഴുതി. ആളുകളുടെ ഒരു “മഹാപുരുഷാരം” അതിനെ അതിജീവിക്കുമെന്ന് അവൻ പ്രകടമാക്കി.
7 “മഹാപുരുഷാര”മെന്നു വിളിക്കപ്പെടുന്ന ഈ അതിജീവകർ തങ്ങൾ സ്വീകരിക്കുന്ന ചില നിർണായക നടപടികളിലൂടെ തിരിച്ചറിയിക്കപ്പെടുന്നു. വെളിപ്പാടു 7:14 അനുസരിച്ചു സ്വർഗത്തിലെ 24 മൂപ്പൻമാരിൽ ഒരുവൻ യോഹന്നാനോട് ഇങ്ങനെ പറഞ്ഞു: “ഇവർ മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കിവെളുപ്പിച്ചിരിക്കുന്നു.” അതേ, മഹാപുരുഷാരം തങ്ങളുടെ രക്ഷയുടെ ഉറവായി യഹോവയെ വാഴ്ത്തുന്നു. അവർ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിക്കുകയും തങ്ങളുടെ സ്രഷ്ടാവായ യഹോവയുടെയും അവന്റെ നിയുക്ത രാജാവായ യേശുവിന്റെയും മുമ്പാകെ നീതിനിഷ്ഠമായ നില കാത്തുകൊള്ളുകയും ചെയ്യുന്നു.
8. “മഹാപുരുഷാര”ത്തിനും യേശുവിന്റെ അഭിഷിക്ത സഹോദരൻമാരിൽ ശേഷിച്ചവർക്കുമിടയിൽ എന്തു നല്ല ബന്ധമാണു സ്ഥിതിചെയ്യുന്നത്?
8 ഇന്ന്, മഹാപുരുഷാരത്തിന്റെ 50 ലക്ഷത്തോളം അംഗങ്ങളാണു സ്വർഗീയ രാജാവായ യേശുക്രിസ്തുവിന്റെ സജീവ നേതൃത്വത്തിൻകീഴിൽ ജീവിക്കുന്നത്. അവർ ക്രിസ്തുവിനോടുള്ള വിധേയത്വത്തിലും ഇപ്പോഴും ഭൂമിയിലുള്ള അവന്റെ അഭിഷിക്ത സഹോദരൻമാരുമായുള്ള അടുത്ത സഹവാസത്തിലുമാണ്. ഈ അഭിഷിക്തരോടുള്ള മഹാപുരുഷാരത്തിന്റെ പെരുമാററത്തെക്കുറിച്ച് യേശു ഇങ്ങനെ പറയുന്നു: “എന്റെ ഈ ഏററവും ചെറിയ സഹോദരൻമാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 25:40) ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരൻമാർക്കു നിസ്വാർഥമായ സഹായം കൊടുക്കുന്നതിനാൽ മഹാപുരുഷാരത്തിൽപ്പെട്ടവർ യേശുവിനുതന്നെ നൻമചെയ്യുന്നവരായി വിധിക്കപ്പെടുകയാണ്. യേശുക്രിസ്തുവും യഹോവയാം ദൈവവുമായി ഭദ്രമായ ഒരു ബന്ധമുണ്ടായിരിക്കാൻ ഇത് അവരെ സഹായിക്കുന്നു. ദൈവത്തിന്റെ സാക്ഷികളും നാമവാഹകരുമായിത്തീരാൻ അഭിഷിക്ത ശേഷിപ്പിനോടു ചേരുന്നതിന് അവർക്കു പദവി ലഭിച്ചിരിക്കുന്നു.—യെശയ്യാവു 43:10, 11; യോവേൽ 2:31, 32.
ഉണർന്നിരിക്കുന്നു
9, 10. (എ) മനുഷ്യപുത്രന്റെ മുമ്പാകെ നമ്മുടെ നീതിനിഷ്ഠമായ നില കാത്തുകൊള്ളുന്നതിനു നാം എന്തു ചെയ്യണം? (ബി) ‘ഉണർന്നിരി’ക്കേണ്ടതിനു നാം എപ്രകാരം പ്രവർത്തിക്കേണ്ടതുണ്ട്?
9 മഹാപുരുഷാരം മനുഷ്യപുത്രന്റെ മുമ്പാകെ തങ്ങളുടെ നീതിനിഷ്ഠമായ നില മുടക്കംകൂടാതെ നിലനിർത്തേണ്ടതാണ്. അത് അവസാനംവരെ ജാഗരിച്ച് ഉണർന്നിരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ” എന്ന് പറഞ്ഞപ്പോൾ യേശു അതു വ്യക്തമായി പ്രതിപാദിക്കുകയായിരുന്നു.—ലൂക്കൊസ് 21:34-36.
10 മനുഷ്യപുത്രന്റെ മുമ്പാകെ നിൽക്കുന്നതിൽ വിജയിക്കുവാൻ നമുക്ക് അവന്റെ അംഗീകാരം ആവശ്യമാണ്. നാം ലോകത്തിന്റെ ചിന്തകളാൽ സ്വാധീനിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുന്നെങ്കിൽ നമുക്ക് ആ അംഗീകാരം ഉണ്ടായിരിക്കില്ല. ലൗകിക ചിന്ത വശീകരിക്കുന്നതാണ്, ജഡിക ഉല്ലാസങ്ങളിൽ ആമഗ്നനായി അല്ലെങ്കിൽ ജീവിതപ്രശ്നങ്ങളാൽ ഭാരപ്പെട്ട് മേലാൽ രാജ്യതാത്പര്യങ്ങളെ ഒന്നാമതു വെക്കാതിരിക്കുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാൻ അതിനു കഴിയും. (മത്തായി 6:33) ഇത്തരമൊരു ഗതി ഒരു വ്യക്തിയെ ആത്മീയമായി ദുർബലനും ദൈവത്തോടും മററുള്ളവരോടുമുള്ള ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് ഉദാസീനനും ആക്കിയേക്കാം. അയാൾ നിഷ്ക്രിയനായിത്തീരുകയോ ഗൗരവമായ പാപംചെയ്തുകൊണ്ട് അല്ലെങ്കിൽ അനുതാപമില്ലാത്ത മനോഭാവം പ്രകടമാക്കിക്കൊണ്ട് സഭയിലെ തന്റെ സ്ഥാനം അപകടപ്പെടുത്തുകയോ ചെയ്തേക്കാം. മഹാപുരുഷാരത്തിലുള്ള ഓരോ വ്യക്തിയും സ്വയം ശ്രദ്ധകൊടുക്കണം. ഈ ഭക്തികെട്ട ലോകത്തിൽനിന്നും അതിന്റെ ആചാരങ്ങളിൽനിന്നും വേർപെട്ടു നിൽക്കുന്നതിൽ തുടരണം.—യോഹന്നാൻ 17:16.
11. അർമഗെദോനെ അതിജീവിക്കുന്നതിന് എന്തു തിരുവെഴുത്തു തത്ത്വങ്ങൾ നമ്മെ സഹായിക്കും?
11 ഈ ലക്ഷ്യത്തിൽ, തന്റെ വചനവും പരിശുദ്ധാത്മാവും ദൃശ്യസ്ഥാപനവും മുഖാന്തരം യഹോവ നമുക്കാവശ്യമുള്ളതു പ്രദാനംചെയ്തിട്ടുണ്ട്. നാം ഇവയിൽനിന്നു പൂർണപ്രയോജനം നേടണം. കൂടാതെ ദൈവത്തിന്റെ പ്രീതി ലഭിക്കാൻ പ്രതീക്ഷിക്കുന്നുവെങ്കിൽ നാം അവനോടു പ്രാർഥനാ മനോഭാവവും അനുസരണവും ഉള്ളവരായിരിക്കണം. നാം തിൻമയോടു ശക്തമായ വെറുപ്പു വളർത്തണമെന്നതാണ് ഒരു സംഗതി. “വ്യർത്ഥൻമാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടൻമാരോടുകൂടെ ഞാൻ ഇരിക്കയുമില്ല. പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകൻമാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 26:4, 5, 9) ക്രിസ്തീയ സഭയിൽ യഹോവക്കു സമർപ്പിതരല്ലാത്തവരുമായുള്ള സഹവാസത്തിന്റെ കാര്യത്തിൽ ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ പരിധി വയ്ക്കേണ്ടതുണ്ട്. ദൈവത്തിന്റെ പ്രീതി ലഭിക്കുന്നതിന്, നാം കുററമററവരും ലോകത്തിൽനിന്നുള്ള കളങ്കം പററാത്തവരുമായിരിക്കണം. (സങ്കീർത്തനം 26:1-5; യാക്കോബ് 1:27; 4:4) അങ്ങനെ, യഹോവ അർമഗെദോനിൽ നമ്മെ ഭക്തികെട്ടവരോടുകൂടെ തുടച്ചുനീക്കുകയില്ലെന്നു നമുക്ക് ഉറപ്പു ലഭിക്കും.
ചിലർ “ഒരുനാളും മരിക്കയില്ല”
12, 13. (എ) ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പ് മാർത്തക്കു മുഴുവനായി മനസ്സിലാകാഞ്ഞ ഏതു വാക്കുകളാണു യേശു പറഞ്ഞത്? (ബി) ചിലർ ‘ഒരുനാളും മരിക്കയില്ല’ എന്നു പറഞ്ഞപ്പോൾ യേശുവിന്റെ വാക്കുകൾ എന്തർഥമാക്കിയില്ല?
12 ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും ഒരിക്കലും മരിക്കാതിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ചിന്തിക്കുന്നത് ആവേശജനകമാണ്. ഇതാണു യേശു നമുക്കു നീട്ടിത്തരുന്ന പ്രതീക്ഷ. തന്റെ മരിച്ചുപോയ സ്നേഹിതനായ ലാസറിനെ ഉയിർപ്പിക്കുന്നതിനു തൊട്ടുമുമ്പ് യേശു ലാസറിന്റെ സഹോദരിയായ മാർത്തയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?” മാർത്ത പുനരുത്ഥാനത്തിൽ വിശ്വസിച്ചു, എന്നാൽ യേശു പറഞ്ഞതെല്ലാമൊന്നും അവൾക്കു മനസ്സിലായില്ല.—യോഹന്നാൻ 11:25, 26.
13 തന്റെ വിശ്വസ്ത അപ്പോസ്തലൻമാർ ജഡത്തിൽ തുടർന്നു ജീവിക്കുകയും ഒരിക്കലും മരിക്കാതിരിക്കുകയും ചെയ്യുമെന്നു യേശു അർഥമാക്കിയില്ല. നേരേമറിച്ച്, തന്റെ ശിഷ്യൻമാർ മരിക്കുമെന്ന് അവൻ പിന്നീട് സൂചിപ്പിച്ചു. (യോഹന്നാൻ 21:16-23) വാസ്തവം പറഞ്ഞാൽ, പൊ.യു. 33-ൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത് അവർ രാജാക്കൻമാരും പുരോഹിതൻമാരുമായുള്ള തങ്ങളുടെ സ്വർഗീയ അവകാശം കരസ്ഥമാക്കുന്നതിനുമുമ്പ് മരിക്കേണ്ടതുണ്ടെന്ന് അർഥമാക്കി. (വെളിപ്പാടു 20:4, 6) അങ്ങനെ, കാലം കടന്നുപോയതോടെ ഒന്നാം നൂററാണ്ടിലെ എല്ലാ ക്രിസ്ത്യാനികളും മരിച്ചു. എന്നിരുന്നാലും, ഒരു ഉദ്ദേശ്യത്തോടെയാണ് യേശു അതു പറഞ്ഞത്. ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള അവന്റെ വാക്കുകൾ നിവൃത്തിയേറും.
14, 15. (എ) ചിലർ ‘ഒരുനാളും മരിക്കയില്ല’ എന്ന യേശുവിന്റെ വാക്കുകൾ എങ്ങനെ നിവൃത്തിയേറും? (ബി) ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും, എന്നാൽ നീതിമാൻമാർക്ക് എന്തു പ്രത്യാശയാണുള്ളത്?
14 വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികൾ ഒരിക്കലും നിത്യമരണം അനുഭവിക്കുകയില്ല എന്നതാണ് ഒരു സംഗതി. (വെളിപ്പാടു 20:6) കൂടാതെ, യേശുവിന്റെ വാക്കുകൾ ദൈവം മനുഷ്യകാര്യങ്ങളിൽ ഇടപെടുകയും അവൻ നോഹയുടെ കാലത്തു ചെയ്തപോലെ ഭൂമിയിൽനിന്നു ദുഷ്ടതയെ തുടച്ചുനീക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സമയത്തെയും സൂചിപ്പിക്കുന്നു. ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നവരായി ആ കാലത്തു കണ്ടെത്തപ്പെടുന്ന വിശ്വസ്തരായ വ്യക്തികൾ മരിക്കേണ്ടി വരില്ല. പകരം, അവർക്ക് നോഹയെയും അവന്റെ കുടുംബത്തെയുംപോലെ ഒരു ലോകത്തിന്റെ നാശത്തെ അതിജീവിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. അത്തരമൊരു പ്രത്യാശ സുശക്തമാണ്, അതു ബൈബിളുപദേശങ്ങളിൽ അധിഷ്ഠിതവും ദൃഷ്ടാന്തങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നതുമാണ്. (താരതമ്യം ചെയ്യുക: എബ്രായർ 6:19; 2 പത്രൊസ് 2:4-9.) നീതികെട്ട മനുഷ്യസമൂഹമടങ്ങിയ ഇപ്പോഴത്തെ ലോകം ഒരു നാശത്തിൽ അവസാനിക്കാൻ പോകുകയാണെന്നു ബൈബിൾ പ്രവചനനിവൃത്തി പ്രകടമാക്കുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനു മാററംവരുത്താനാവില്ല കാരണം, ലോകം ഗുണീകരിക്കാനാവാത്തവിധം അത്രകണ്ടു ദുഷ്ടമാണ്. നോഹയുടെ നാളിലെ ലോകത്തെക്കുറിച്ചു ദൈവം പറഞ്ഞതു നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും സത്യമാണ്. മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷത്തിന്റെയും ഹൃദയത്തിൽ ദുഷ്ടത നിറഞ്ഞിരിക്കുകയാണ്. അവരുടെ ചിന്തകൾ എല്ലായ്പോഴും ചീത്തമാത്രമാണ്.—ഉല്പത്തി 6:5.
15 ദിവ്യ ഇടപെടൽ കൂടാതെ നൂററാണ്ടുകളോളം ഭൂമിയെ ഭരിക്കാൻ യഹോവ മനുഷ്യനെ അനുവദിച്ചിരിക്കുന്നു. എന്നാൽ അവരുടെ സമയം മിക്കവാറും തീർന്നിരിക്കുന്നു. ബൈബിൾ പറയുന്നതുപോലെ, പെട്ടെന്നുതന്നെ യഹോവ ഭൂമിയിലെ സകല ദുഷ്ടൻമാരെയും ഉൻമൂലനം ചെയ്യും. (സങ്കീർത്തനം 145:20; സദൃശവാക്യങ്ങൾ 2:21, 22) എന്നിരുന്നാലും, അവൻ നീതിമാൻമാരെ ദുഷ്ടൻമാരോടുകൂടെ നശിപ്പിക്കുകയില്ല. ദൈവം ഒരിക്കലും അങ്ങനെയുള്ള ഒരു സംഗതി ചെയ്തിട്ടില്ല! (താരതമ്യം ചെയ്യുക: ഉല്പത്തി 18:22, 23, 26.) ദൈവഭയത്തോടെ അവനെ വിശ്വസ്തമായി സേവിക്കാൻ കഠിനയത്നം ചെയ്യുന്നവരെ അവൻ എന്തിനു നശിപ്പിക്കണം? മഹോപദ്രവം തുടങ്ങുമ്പോൾ യഹോവയുടെ വിശ്വസ്ത ആരാധകരായി ജീവിക്കുന്നവർ അവന്റെ ദൃഷ്ടിയിൽ പ്രീതി കണ്ടെത്തുന്നതും നശിപ്പിക്കപ്പെടാതിരിക്കുന്നതും ന്യായയുക്തം മാത്രമാണ്, നോഹയുടെ കാലത്തെ ദുഷ്ടലോകത്തെ ജലപ്രളയത്തിൽ നശിപ്പിച്ചുകളഞ്ഞപ്പോൾ അവനും അവന്റെ കുടുംബവും നശിപ്പിക്കപ്പെടാതിരുന്നപോലെതന്നെ. (ഉല്പത്തി 7:23) അവർക്കു ദിവ്യസംരക്ഷണം ഉണ്ടായിരിക്കുകയും ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുകയും ചെയ്യും.
16. പുതിയ ലോകത്തിൽ അത്ഭുതകരമായ എന്തു കാര്യങ്ങൾ സംഭവിക്കും, അതിജീവകർക്ക് അത് എന്തർഥമാക്കും?
16 പിന്നീട് എന്തു സംഭവിക്കും? പുതിയ ലോകത്തിൽ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനം മുഴുവനായി ബാധകമാക്കുമ്പോൾ സൗഖ്യമാക്കൽ അനുഗ്രഹം മനുഷ്യവർഗത്തിൻമേൽ വടിഞ്ഞൊഴുകും. “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി”യെപ്പററി ബൈബിൾ പറയുന്നു. “നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു. വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” (വെളിപ്പാടു 22:1, 2221) ആദാമ്യ പാപത്തെ കീഴടക്കുന്നത് ആ “രോഗശാന്തി”യിൽ ഉൾപ്പെടുന്നുവെന്നതാണു മഹാത്ഭുതം! “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കുകയും . . . ചെയ്യും.” (യെശയ്യാവു 25:8) അങ്ങനെ, മഹോപദ്രവത്തെ അതിജീവിച്ചു പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്നവർ ഒരിക്കലും മരണത്തെ അഭിമുഖീകരിക്കേണ്ടി വരില്ല!
ഒരു ഉറച്ച പ്രത്യാശ
17. ചിലർ അർമഗെദോനെ അതിജീവിക്കുമെന്നും “ഒരുനാളും മരിക്കയില്ല”യെന്നുമുള്ള പ്രത്യാശ എത്ര ഉറപ്പുള്ളതാണ്?
17 അത്ഭുതകരമായ ഈ പ്രത്യാശയിൽ നമുക്കു പൂർണവിശ്വാസമുണ്ടായിരിക്കാൻ കഴിയുമോ? തീർച്ചയായും! ആളുകൾ ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്ന ഒരു സമയമുണ്ടാകുമെന്നു യേശു മാർത്തയോടു പറഞ്ഞു. (യോഹന്നാൻ 11:26) കൂടാതെ, യേശു യോഹന്നാനു നൽകിയ വെളിപാടിന്റെ 7-ാം അധ്യായത്തിൽ ഒരു മഹാപുരുഷാരം മഹോപദ്രവത്തെ അതിജീവിച്ചു പുറത്തുവരുമെന്നു വെളിപ്പെടുത്തപ്പെട്ടു. യേശുക്രിസ്തുവിനെയും നോഹയുടെ നാളിലെ പ്രളയത്തെക്കുറിച്ചുള്ള ചരിത്ര വിവരണത്തെയും നമുക്കു വിശ്വസിക്കാൻ കഴിയുമോ? അക്കാര്യത്തിൽ തർക്കമില്ല! കൂടാതെ, ദൈവം തന്റെ ദാസൻമാരെ ന്യായവിധി ഘട്ടങ്ങളിലും ജനതകളുടെ പതനങ്ങളിലും ജീവനോടെ സംരക്ഷിച്ചതിന്റെ വേറെ വിവരണങ്ങളും ബൈബിളിലുണ്ട്. ഈ അന്ത്യകാലത്ത് അവനിൽനിന്ന് അതിൽ കുറഞ്ഞ എന്തെങ്കിലും പ്രതീക്ഷിക്കണമോ? സ്രഷ്ടാവിന് അസാധ്യമായ എന്തെങ്കിലുമുണ്ടോ?—താരതമ്യം ചെയ്യുക: മത്തായി 19:26.
18. യഹോവയുടെ നീതിയുള്ള പുതിയ ലോകത്തിൽ ജീവൻ ലഭിക്കുമെന്നതു സംബന്ധിച്ചു നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
18 യഹോവയെ ഇപ്പോൾ വിശ്വസ്തതയോടെ സേവിക്കുന്നതിനാൽ നമുക്ക് അവന്റെ പുതിയ ലോകത്തിലെ നിത്യജീവന്റെ ഉറപ്പു ലഭിക്കുന്നു. അറിയപ്പെടാത്ത ദശലക്ഷങ്ങൾക്ക്, ആ ലോകത്തിലെ ജീവിതം പുനരുത്ഥാനത്താലായിരിക്കും കൈവരുന്നത്. എന്നിരുന്നാലും, നമ്മുടെ നാളിൽ യഹോവയുടെ ജനത്തിൽപ്പെട്ട ദശലക്ഷങ്ങൾക്ക്—അതെ, യാതൊരു മനുഷ്യനും എണ്ണാനോ പരിധി കൽപ്പിക്കാനോ കഴിയാത്ത ഒരു മഹാപുരുഷാരത്തിന്—മഹോപദ്രവത്തിലൂടെ ജീവനോടെ രക്ഷിക്കപ്പെടുന്നുവെന്ന അനുപമമായ പദവി ഉണ്ടായിരിക്കും. അവർ ഒരിക്കലും മരിക്കേണ്ടിവരില്ല.
ദയവായി വിശദീകരിക്കുക
◻ അർമഗെദോനെ അതിജീവിക്കുന്നതു നോഹയുടെ നാളിൽ എങ്ങനെയാണു മുൻനിഴലാക്കിയത്?
◻ യഹോവയുടെ ന്യായവിധി നടപ്പാക്കാൻ യേശു വന്നെത്തുമ്പോൾ തുടർന്നു നിലകൊള്ളുന്നതിന് നാം എന്തു ചെയ്യണം?
◻ അർമഗെദോൻ അതിജീവകർ ‘ഒരുനാളും മരിക്കേണ്ട’ ആവശ്യമില്ല എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
[ചിത്രത്തിന്റെ കടപ്പാട്]
ക്രിസ്ത്യാനികൾ യെരുശലേമിന്റെ കഷ്ടത്തിൽനിന്നു രക്ഷപെട്ടു