“ഞങ്ങൾക്ക് ഈ ശുശ്രൂഷ ഉള്ളതിനാൽ ഞങ്ങൾ തളർന്നു പിൻമാറുന്നില്ല”
റോണൾഡ് ടെയ്ലർ പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തറുപത്തിമൂന്നിലെ വേനൽക്കാലം. ഞാൻ എന്റെ ജീവനുവേണ്ടി മല്ലിടുകയാണ്. കടൽത്തീരത്തൂടെ വെള്ളംതട്ടി നടക്കുന്നേരം ഞാൻ ഒരു മണൽച്ചുഴിയിൽ കാലെടുത്തുവച്ചു. ഉടൻതന്നെ നിലയില്ലാത്ത വെള്ളത്തിലേക്കു വലിച്ചുതാഴ്ത്തപ്പെട്ടു. നീന്തലറിയാത്ത ഞാൻ തീരത്തുനിന്ന് ഏതാനും മീററർ അകലെയായി വെള്ളത്തിലാണ്ടുപോവുകയാണ്. ഞാൻ മൂന്നുപ്രാവശ്യം മുങ്ങിപ്പൊങ്ങി. ഇഷ്ടംപോലെ കടൽവെള്ളവും അകത്താക്കി. അപ്പോൾ ഒരു സുഹൃത്ത് എന്റെ അവസ്ഥ കണ്ട് എന്നെ തീരത്തേക്കു വലിച്ചുകയററി. തക്കസമയത്തു ലഭിച്ച കൃത്രിമശ്വാസോച്ഛ്വാസത്തിന്റെ ഫലമായി ഞാൻ അതിജീവിച്ചു.
കാര്യാദികൾ നിരാശാജനകമെന്നു തോന്നുമ്പോഴും ഒരിക്കലും തളർന്നു പിൻമാറരുതാത്തതിന്റെ പ്രാധാന്യത്തെക്കുറിച്ച് എനിക്കു വിലമതിപ്പുണ്ടായ പ്രഥമാവസരമായിരുന്നില്ല അത്. ചെറുപ്പം മുതലേ എനിക്ക് എന്റെ ആത്മീയ ജീവനുവേണ്ടി പോരാടേണ്ടി വന്നിട്ടുണ്ട്.
രണ്ടാംലോകമഹായുദ്ധത്തിന്റെ ഇരുളടഞ്ഞ നാളുകളിലാണു ഞാൻ ആദ്യമായി ക്രിസ്തീയ സത്യവുമായി പരിചിതനായത്. ബോംബുകളുടെ ശര വർഷത്തിൽനിന്നു രക്ഷപെടേണ്ടതിനു ലണ്ടനിൽനിന്നു സ്ഥലമൊഴിപ്പിച്ച ആയിരക്കണക്കിനു കുട്ടികളിലൊരാളായിരുന്നു ഞാൻ. അന്നെനിക്ക് വെറും 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻമൂലം യുദ്ധത്തിന് അത്രയധികം അർഥമൊന്നും ഞാൻ കൽപ്പിച്ചിരുന്നില്ല; അത് ഏതാണ്ടൊരു സാഹസംപോലെ ആയിരുന്നു.
തെക്കുപടിഞ്ഞാറ് ഇംഗ്ലണ്ടിലെ വെസ്ററൺ-സൂപ്പർ-മേറിലുള്ള പ്രായംചെന്ന ഒരു ദമ്പതികൾ എന്റെ സംരക്ഷണമേറെറടുത്തു. ഞാൻ ആ ദമ്പതികളുടെ വീട്ടിലെത്തി അധികമാകുന്നതിനുമുമ്പ് ചില പയനിയർ ശുശ്രൂഷകർ ഞങ്ങളെ സന്ദർശിക്കാൻ തുടങ്ങി. അതു ഹാർഗ്രേവ് കുടുംബമായിരുന്നു; അവർ നാലുപേരും—റെജ്, മാബ്സ്, പാമല, വലെറീ—പ്രത്യേക പയനിയർമാർ ആയിരുന്നു. എന്റെ വളർത്തു മാതാപിതാക്കൾ സത്യം സ്വീകരിച്ചു, ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം പഠിച്ചു കഴിഞ്ഞപ്പോൾ ഞാനും യഹോവയെ സേവിക്കാൻ തീരുമാനിച്ചു. വെറും ആറ് ആഴ്ചക്കു ശേഷം പ്രസംഗവേലയിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു.
വയൽസേവനത്തിനു പോയ ആദ്യ ദിവസം ഇപ്പോഴും ഞാൻ ഓർക്കുന്നു. യാതൊരു തയ്യാറെടുപ്പുമില്ലാഞ്ഞ എനിക്ക് ഏതാനും ചെറുപുസ്തകം തന്നിട്ട് പറഞ്ഞു: “നീ തെരുവിന്റെ ആ ഭാഗത്തു പ്രവർത്തിക്കുക.” പ്രസംഗവേലയിലെ എന്റെ ആദ്യത്തെ അനുഭവം അതായിരുന്നു. അന്നൊക്കെ ഞങ്ങൾ ശക്തമായ പ്രഭാഷണം ഉൾക്കൊള്ളുന്ന ഗ്രാമഫോൺ റെക്കോർഡുകൾ ഉപയോഗിച്ചുകൊണ്ടു മിക്കപ്പോഴും പ്രസംഗവേലയിൽ ഏർപ്പെടുമായിരുന്നു. വീടുതോറും ഗ്രാമഫോൺ കൊണ്ടുനടക്കുകയും റെക്കോർഡു ചെയ്ത പ്രസംഗങ്ങൾ കേൾപ്പിക്കുകയും ചെയ്യുന്നതായിരുന്നു എനിക്ക് ഏററവുമധികം സന്തോഷം പകർന്ന നിമിഷങ്ങൾ. ആ വിധത്തിൽ ഉപയോഗിക്കപ്പെടുകയെന്നത് ഏററവും വലിയ പദവിയായി ഞാൻ കരുതി.
ഞാൻ സ്കൂളിൽ ധാരാളം സാക്ഷ്യം നൽകി. ബൈബിൾ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സെററു പുസ്തകങ്ങൾ ഹെഡ്മാസ്റററിനു സമർപ്പിക്കുന്നത് ഞാൻ ഓർക്കുന്നു. 13-ാമത്തെ വയസ്സിൽ ബാത്തിനു സമീപം നടന്ന ഒരു സമ്മേളനത്തിൽ ഞാൻ സ്നാപനമേററു. 1941-ൽ ലെസ്റററിൽ ഡ മോൻഡ്ഫോർട്ട് ഹാളിൽ നടന്ന മറെറാരു യുദ്ധകാല കൺവെൻഷനാണ് ഞാൻ ഒരിക്കലും മറക്കുകയില്ലാത്ത ഒന്ന്. വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന റതർഫോർഡ് സഹോദരന്റെ വ്യക്തിപരമായ സന്ദേശം അടങ്ങിയ ചിൽഡ്രൻ എന്ന പുസ്തകത്തിന്റെ എന്റെ പ്രതി വാങ്ങുവാൻ ഞാൻ പ്ലാററ്ഫാറത്തിലേക്കു കയറിച്ചെന്നു. സന്നിഹിതരായിരുന്ന സകല ചെറുപ്പക്കാർക്കുംവേണ്ടി നൽകിയ ഉദ്ദീപകമായ പ്രസംഗം യഹോവയെ എന്നേക്കും സേവിക്കുന്നതിനുള്ള എന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി.
അങ്ങനെ ഞാൻ എന്റെ വളർത്തു മാതാപിതാക്കളോടൊപ്പം സന്തുഷ്ടമായ രണ്ടുവർഷം വിശ്വാസത്തിൽ വളർന്നുകൊണ്ടു ചെലവിട്ടു. എന്നാൽ 14-ാം വയസ്സിൽ ലണ്ടനിലേക്കു തിരികെപ്പോയി ജീവസന്ധാരണത്തിനായി വേലചെയ്യേണ്ടി വന്നു. കുടുംബാംഗങ്ങളുമായി വീണ്ടും കൂടിച്ചേർന്നെങ്കിലും വീട്ടിൽ ആരും എന്റെ വിശ്വാസം പങ്കിടാതിരുന്നതിനാൽ ആത്മീയമായി എനിക്കു സ്വന്തം കാലിൽ നിൽക്കേണ്ടതുണ്ടായിരുന്നു. എനിക്കുവേണ്ട സഹായം യഹോവ ഉടൻതന്നെ പ്രദാനംചെയ്തു. ലണ്ടനിൽ എത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ പ്രാദേശിക രാജ്യഹാളിലേക്ക് എന്നെ കൊണ്ടുപോകാൻ എന്റെ പിതാവിന്റെ അനുവാദം വാങ്ങാൻ ഒരു സഹോദരൻ വീട്ടിലെത്തി. ആ സഹോദരൻ യഹോവയുടെ സാക്ഷികളുടെ ഇപ്പോഴത്തെ ഭരണസംഘത്തിലെ ഒരംഗമായ ജോൺ ബാർ ആയിരുന്നു. കൗമാരത്തിലെ ആ ദുർഘട വർഷങ്ങളിൽ അദ്ദേഹം എന്റെ ആത്മീയ “പിതാക്കൻമാരിൽ” ഒരുവനായിത്തീർന്നു.—മത്തായി 19:29.
ലണ്ടൻ ബെഥേൽ ഭവനത്തോടു ചേർന്നുള്ള ക്രേവൻ ടെറസ്സിൽ കൂടിവന്ന പാഡിങ്ററൻ സഭയിൽ ഞാൻ ഹാജരാകാൻ തുടങ്ങി. ഞാൻ ആത്മീയ അർഥത്തിൽ അനാഥൻ ആയിരുന്നതിനാൽ എന്റെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കുവാൻ പ്രായംചെന്ന ഒരു സഹോദരനായ “പപ്പാ” ഹംഫ്രേയ്സിനെ നിയോഗിക്കുകയുണ്ടായി. ആ സഭയിൽ സേവനമനുഷ്ഠിച്ചിരുന്ന അനേകം അഭിഷിക്ത സഹോദരീസഹോദരൻമാരോടൊപ്പം സഹവസിക്കാൻ കഴിഞ്ഞതു തീർച്ചയായും ഒരു വലിയ അനുഗ്രഹമായിരുന്നു. ഭൗമിക പ്രതീക്ഷയുണ്ടായിരുന്നവർ—യോനാദാബുകാർ എന്നു വിളിച്ചിരുന്നവർ—വളരെ കുറവായിരുന്നു. വാസ്തവത്തിൽ, ഞാൻ പങ്കെടുത്ത സഭാപുസ്തകാധ്യയനക്കൂട്ടത്തിൽ “യോനാദാബ്” ആയി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രായത്തിൽപ്പെട്ടവരുമായി എനിക്ക് അധികം സഹവാസം ഉണ്ടായിരുന്നില്ലെങ്കിലും പക്വതയുള്ള സഹോദരങ്ങളോടൊപ്പമുള്ള വിലയേറിയ ആ കൂട്ടായ്മ എന്നെ പ്രയോജനപ്രദമായ അനേകം പാഠങ്ങൾ പഠിപ്പിച്ചു. ഒരുപക്ഷേ അതിൽ ഏററവും പ്രധാനപ്പെട്ട ഒന്ന് യഹോവയുടെ സേവനം ഒരിക്കലും ഉപേക്ഷിക്കരുത് എന്നതായിരുന്നു.
അന്നൊക്കെ ഞങ്ങൾ മുഴു വാരാന്തവും പ്രസംഗ പ്രവർത്തനത്തിനുവേണ്ടി സമർപ്പിക്കുക പതിവായിരുന്നു. “സൗണ്ട് കാർ” എന്റെ ഉത്തരവാദിത്വത്തിൻ കീഴിലായിരുന്നു. അത് വാസ്തവത്തിൽ, ഉച്ചഭാഷിണി ഉപകരണങ്ങളും ഒരു കാർ ബാറററിയും ഉൾക്കൊള്ളാൻ പോന്നവിധം രൂപഭംഗിവരുത്തിയ മൂന്നു ചക്രമുള്ള ഒരു സൈക്കിളായിരുന്നു. ശനിയാഴ്ചതോറും ഞാൻ വ്യത്യസ്ത തെരുവുകളിലേക്കു സൈക്കിളോടിച്ചു പോകുമായിരുന്നു. അവിടെ ഞങ്ങൾ ഗ്രാമഫോണിലൂടെ ഏതാനും സംഗീത റെക്കോർഡുകൾ കേൾപ്പിച്ചശേഷം റതർഫോർഡ് സഹോദരന്റെ പ്രസംഗങ്ങളിലൊന്ന് കേൾപ്പിക്കുമായിരുന്നു. മാസികാബാഗുകളുമായി തെരുവുവേല ചെയ്യുന്നതിനും ശനിയാഴ്ച ദിവസം ഉപയോഗിക്കുമായിരുന്നു. ഞായറാഴ്ച ദിവസം ചെറുപുസ്തകങ്ങളും ബയൻറിട്ട പുസ്തകങ്ങളും സമർപ്പിച്ചുകൊണ്ട് വീടുതോറുമുള്ള വേലയ്ക്കായി മാററിവെച്ചിരുന്നു.
പ്രായമേറിയ തീക്ഷ്ണതയുള്ള സഹോദരങ്ങളോടൊപ്പമുള്ള സഹവാസം പയനിയറിങ് ചെയ്യുന്നതിനുള്ള ആഗ്രഹം എന്നിൽ തൊട്ടുണർത്തി. ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ പയനിയറിങ്ങിനെപ്പററിയുള്ള പ്രസംഗങ്ങൾക്കു ശ്രദ്ധകൊടുത്തപ്പോൾ ആ ആഗ്രഹം ശക്തമാക്കപ്പെട്ടു. 1947-ൽ ലണ്ടനിലെ ഏൾസ് കോർട്ടിൽ നടന്ന കൺവെൻഷൻ എന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. രണ്ടുമാസത്തിനുശേഷം ഞാൻ പയനിയർ സേവനത്തിൽ പേർചാർത്തി. അന്നുമുതൽ ഇന്നുവരെ “പയനിയർ ആത്മാവ്” നിലനിർത്താൻ കഠിനശ്രമം ചെലുത്തിയിരിക്കുന്നു. ഞാൻ നടത്തിക്കൊണ്ടിരുന്ന പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങളിൽനിന്നു കണ്ടെത്തിയ സന്തോഷം ഇതാണു ശരിയായ തീരുമാനം എന്നതിന് ഉറപ്പേകി.
സ്പെയിൻകാരി ഭാര്യയും സ്പെയിനിലെ നിയമനവും
1957-ൽ പാഡിങ്ററൺ സഭയിൽ പയനിയറിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾതന്നെ റാഫേല എന്നു പേരുള്ള സുമുഖിയായ ഒരു സ്പെയിൻകാരി സഹോദരിയെ ഞാൻ കണ്ടുമുട്ടി. ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ ലക്ഷ്യം ഒരുമിച്ചു പയനിയറിങ് ചെയ്യുക എന്നതായിരുന്നു, എങ്കിലും ആദ്യം ഞങ്ങൾ റാഫേലയുടെ മാതാപിതാക്കളെ എനിക്കു കാണേണ്ടതിന് മാഡ്രിഡിലേക്കു പോയി. എന്റെ ജീവിതത്തെ തിരുത്തിക്കുറിച്ച ഒരു സന്ദർശനമായിരുന്നു അത്. ഞങ്ങൾ മാഡ്രിഡിൽ ആയിരുന്നപ്പോൾ സ്പെയിനിൽ സേവനമനുഷ്ഠിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ പരിചിന്തിക്കുമോ എന്ന് സ്പെയിനിലെ ബ്രാഞ്ച് മേൽവിചാരകനായിരുന്ന റേ ഡൂസിൻബറെ സഹോദരൻ എന്നോടു ചോദിച്ചു. അനുഭവപരിചയമുള്ള സഹോദരങ്ങളുടെ ആവശ്യം അത്യധികമായിരുന്നു അവിടെ.
അത്തരമൊരു ക്ഷണം ഞങ്ങൾക്ക് എങ്ങനെ നിരസിക്കാനാവുമായിരുന്നു? അങ്ങനെ, 1958-ൽ സ്പെയിനിൽ ഞങ്ങൾ ഒരുമിച്ച് മുഴുസമയസേവനം തുടങ്ങി. ആ സമയം രാജ്യം ഫ്രാങ്കോയുടെ ഭരണത്തിൻകീഴിലായിരുന്നു, നമ്മുടെ പ്രവർത്തനം നിയമപരമായി അംഗീകരിച്ചിരുന്നുമില്ല. അത് പ്രസംഗവേല വളരെ ദുഷ്കരമാക്കിത്തീർത്തു. കൂടാതെ, ആദ്യ രണ്ടു വർഷം സ്പാനിഷ് ഭാഷയുമായി എനിക്കു മല്ലിടേണ്ടതുണ്ടായിരുന്നു. സഭയിലെ സഹോദരങ്ങളുമായി ആശയവിനിയമം നടത്താൻ കഴിയാത്തതിലുള്ള തീവ്രമായ ഇച്ഛാഭംഗം നിമിത്തം ഒന്നിലധികം പ്രാവശ്യം ഞാൻ കരഞ്ഞെന്നുവരികിലും തളർന്നു പിൻമാറാതിരിക്കുന്നതിനുള്ള മറെറാരു അവസരമായിരുന്നു അത്.
മേൽവിചാരകൻമാരുടെ വളരെയധികം ആവശ്യമുണ്ടായിരുന്നതിനാൽ സ്പാനിഷ് ഭാഷ സംസാരിക്കാനറിഞ്ഞുകൂടാഞ്ഞിട്ടും ഒരുമാസത്തിനകം ഞാൻ ഒരു ചെറിയ ഗ്രൂപ്പിനെ നയിക്കുകയായിരുന്നു. നമ്മുടെ വേലയുടെ രഹസ്യത്തിലുള്ള പ്രവർത്തനസ്വഭാവം നിമിത്തം ഞങ്ങൾ 15 മുതൽ 20 വരെ പ്രസാധകരുള്ള ചെറിയ കൂട്ടങ്ങളായി സംഘടിതരായി. അത് ഏതാണ്ടൊരു ചെറിയ സഭപോലെ പ്രവർത്തിക്കുമായിരുന്നു. എല്ലായ്പോഴുമൊന്നും സദസ്യരുടെ ഉത്തരം എനിക്കു മനസ്സിലാകാഞ്ഞതിനാൽ ആദ്യമൊക്കെ യോഗം നടത്തുക എന്നത് അഗ്നിപരീക്ഷപോലെ ആയിരുന്നു. എന്നുവരികിലും, എന്റെ ഭാര്യ പിറകിൽ ഇരിക്കുകയും എനിക്ക് ആശയക്കുഴപ്പം സംഭവിച്ചതായി അവൾ ശ്രദ്ധിക്കുമ്പോൾ ഉത്തരം ശരിയാണെന്ന് ഉറപ്പുവരുത്താൻ വിവേചനാപൂർവം ആംഗ്യം കാട്ടുകയും ചെയ്യുമായിരുന്നു.
ഭാഷ പഠിക്കുന്നതിനുള്ള സ്വതസിദ്ധമായ വാസനയൊന്നും എനിക്കില്ല. കൂടാതെ, ഇംഗ്ലണ്ടിലേക്കു തിരികെപ്പോയാലോ എന്ന് ഒന്നിലധികം പ്രാവശ്യം എനിക്കു തോന്നിയിട്ടുമുണ്ട്. കാരണം അവിടെ എനിക്ക് എല്ലാക്കാര്യങ്ങളും വളരെ സുകരമായി ചെയ്യാൻ കഴിയുമല്ലോ. എന്നുവരികിലും, സ്പാനിഷ്കാരായ നമ്മുടെ പ്രിയ സഹോദരീസഹോദരൻമാരുടെ തുടക്കംമുതലുള്ള സ്നേഹവും സുഹൃദ്ബന്ധവും ഭാഷയുടെ കാര്യത്തിലുണ്ടായ ഇച്ഛാഭംഗം അപ്രസക്തമാക്കി. കൂടാതെ, ഇതെല്ലാം തക്കവിലയുള്ളതാണെന്നു തോന്നത്തക്കവിധം പ്രത്യേക പദവികൾ നൽകിക്കൊണ്ടു യഹോവ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. 1958-ൽ ന്യൂയോർക്കിൽ നടന്ന സാർവദേശീയ കൺവെൻഷന് സ്പെയിനിൽനിന്നുള്ള ഒരു പ്രതിനിധിയായി പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെടുകയുണ്ടായി. പിന്നീട് 1962-ൽ മൊറോക്കോയിലെ ററാൻജിയറിൽ സംഘടിപ്പിച്ച രാജ്യശുശ്രൂഷാസ്കൂളിൽനിന്നു ഞാൻ വിലതീരാത്ത പരിശീലനം നേടി.
ഭാഷക്കു പുറമേ ഞാൻ അഭിമുഖീകരിച്ച മറെറാരു പ്രശ്നം പൊലീസിന്റെ പിടിയിലകപ്പെടുമെന്നുള്ള നിരന്തര ചിന്തയായിരുന്നു. പൊലീസിന്റെ കയ്യിലകപ്പെടുകയെന്നാൽ രാജ്യഭ്രഷ്ടനാവുക എന്നാണെന്ന് വിദേശിയായ എനിക്കറിയാമായിരുന്നു. അപകടസാധ്യത ലഘൂകരിക്കുന്നതിനുവേണ്ടി ഞങ്ങൾ ജോഡിയായി വേലചെയ്തു. ഒരാൾ സാക്ഷീകരിച്ചുകൊണ്ടിരിക്കുമ്പോൾ മറെറയാൾ എന്തെങ്കിലും അപകട സൂചനയുണ്ടോ എന്നു ശ്രദ്ധിക്കും. ഒരു അപ്പാർട്ടുമെൻറ് കെട്ടിടത്തിൽ, മിക്കപ്പോഴും മുകളിലത്തെ നിലയിലുള്ള ഒന്നോ രണ്ടോ വീടുകൾ സന്ദർശിച്ചശേഷം, അവിടെനിന്നു രണ്ടോ മൂന്നോ ബ്ലോക്കുകൾ കഴിഞ്ഞുള്ള രണ്ടോ മൂന്നോ വീടുകൾ ഞങ്ങൾ സന്ദർശിക്കുമായിരുന്നു. ബൈബിൾ വളരെ വ്യാപകമായി ഞങ്ങൾ ഉപയോഗിച്ചു. താത്പര്യക്കാർക്കു സമർപ്പിക്കുന്നതിനുവേണ്ടി ഞങ്ങൾ ഏതാനും ചെറുപുസ്തകങ്ങളും ഞങ്ങളുടെ ഓവർക്കോട്ടിന്റെ പോക്കററിൽ കുത്തിത്തിരുകുമായിരുന്നു.
മാഡ്രിഡിൽ ഒരു വർഷം ചെലവിട്ടശേഷം, വടക്കുപടിഞ്ഞാറൻ സ്പെയിനിലുള്ള ഒരു വലിയ പട്ടണമായ വിഗോയിലേക്കു ഞങ്ങൾക്കു നിയമനം ലഭിക്കുകയുണ്ടായി. അവിടെ ഒരൊററ സാക്ഷിപോലും ഉണ്ടായിരുന്നില്ല. വിനോദസഞ്ചാരികളായിട്ടാണു ഞങ്ങൾ അവിടം സന്ദർശിക്കുന്നതെന്ന തോന്നൽ നൽകാൻ ആദ്യമാസം സാക്ഷ്യവേലയിൽ അധികവും ഭാര്യ ചെയ്യാൻ സൊസൈററി ശുപാർശചെയ്തു. ശ്രദ്ധയാകർഷിക്കാതെയുള്ള സമീപനം സ്വീകരിച്ചിട്ടും ഞങ്ങളുടെ പ്രസംഗവേല ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ഒരുമാസത്തിനകം കത്തോലിക്കാ പുരോഹിതൻമാർ റേഡിയോയിലൂടെ ഞങ്ങളെ ആക്ഷേപിക്കാൻ തുടങ്ങി. ഒരു വിവാഹിത ദമ്പതികൾ വീടുതോറും സന്ദർശിച്ച് ബൈബിളിനെപ്പററി—അന്നൊക്കെ ബൈബിൾ നിയമവിരുദ്ധമായ ഗ്രന്ഥമായിരുന്നു—സംസാരിക്കുന്നുവെന്ന് അവർ തങ്ങളുടെ ഇടവകക്കാർക്ക് മുന്നറിയിപ്പു നൽകി. ഒരു വിദേശിയും സംസാരത്തിലധികവും നടത്തുന്ന സ്പെയിൻകാരിയായ ഭാര്യയുമടങ്ങിയതാണ് “പിടിക്കപ്പെടേണ്ട ദമ്പതികൾ!”
അപകടകാരികളായ ഈ ദമ്പതികളോടു വെറുതെ സംസാരിക്കുന്നതുപോലും പാപമാണെന്നും ഉടൻതന്നെ അതേപ്പററി ഒരു പുരോഹിതനോട് ഏററുപറഞ്ഞു കുമ്പസാരിച്ചാലേ ആ പാപം പൊറുക്കപ്പെടുകയുള്ളൂവെന്നും പുരോഹിതൻമാർ കൽപ്പന പുറപ്പെടുവിച്ചു. പ്രതീക്ഷിച്ചപോലെതന്നെ, ഒരു സ്ത്രീയോടൊപ്പം ഞങ്ങൾ നടത്തിയ ആസ്വാദ്യമായ സംഭാഷണത്തിനുശേഷം, തനിക്ക് ഇത് ഏററുപറഞ്ഞു കുമ്പസാരിക്കണമെന്ന് അവർ ഞങ്ങളോടു ക്ഷമാപണ സ്വരത്തിൽ പറഞ്ഞു. ഞങ്ങൾക്ക് അതിശയം തോന്നിയില്ല. ഞങ്ങൾ അവരുടെ വീട്ടിൽനിന്നിറങ്ങിയപ്പോൾ അവർ തിരക്കിട്ട് പള്ളിയിലേക്ക് ഓടുന്നതു ഞങ്ങൾ കണ്ടു.
ബഹിഷ്കരണം
വിഗോയിലെത്തി വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ പൊലീസ് ചാടിവീണു. ഞങ്ങളെ അറസ്ററു ചെയ്ത പൊലീസുകാരൻ ദയാലുവായിരുന്ന കാരണം പൊലീസ് സ്റേറഷനിലേക്കുള്ള യാത്രയിൽ ഞങ്ങൾക്കു കൈവിലങ്ങു വെച്ചില്ല. സ്റേറഷനിൽ ഞങ്ങൾ പരിചയമുള്ള ഒരു മുഖം കണ്ടു. അതു സമീപകാലത്തു ഞങ്ങൾ സാക്ഷ്യം നൽകിയ ഒരു ടൈപ്പിസ്ററിന്റെയായിരുന്നു. കുററവാളികളെപ്പോലെ ഞങ്ങളോടു പെരുമാറുന്നതു കണ്ടപ്പോൾ അവൾക്ക് ആകപ്പാടെ ഒരു വിഷമംതോന്നി. ഞങ്ങളെ ഒററിക്കൊടുത്തില്ലെന്ന് ഉറപ്പുനൽകാൻ അവൾ ബദ്ധപ്പെടുകയുണ്ടായി. എന്നുവരികിലും, “സ്പെയിനിന്റെ ആത്മീയ ഐക്യം” അപകടപ്പെടുത്തുന്നവർ എന്നു ഞങ്ങളെ മുദ്രകുത്തുകയും ആറുമാസം കഴിഞ്ഞ് ഞങ്ങളെ രാജ്യഭ്രഷ്ടരാക്കുകയും ചെയ്തു.
അതൊരു തിരിച്ചടിയായിരുന്നു, എങ്കിലും തളർന്നു പിൻമാറാനുള്ള യാതൊരു ഉദ്ദേശ്യവും ഞങ്ങൾക്കില്ലായിരുന്നു. ഐബേരിയൻ പെനിൻസുലയിൽ അപ്പോഴും ധാരാളം വേല ചെയ്തുതീർക്കാനുണ്ടായിരുന്നു. ററാൻജിയറിൽ മൂന്നുമാസം ചെലവഴിച്ചശേഷം ഞങ്ങൾക്കു പ്രവർത്തിക്കാത്ത മറെറാരു പ്രദേശമായിരുന്ന ജിബ്രാൾട്ടറിലേക്കു നിയമനം നൽകി. അപ്പോസ്തലനായ പൗലോസ് പറഞ്ഞമാതിരി നാം നമ്മുടെ ശുശ്രൂഷ വിലയേറിയതായി കരുതുന്നുവെങ്കിൽ നാം തുടർന്നു പ്രവർത്തിക്കുകയും അതിനു തക്ക പ്രതിഫലം ലഭിക്കുകയും ചെയ്യും. (2 കൊരിന്ത്യർ 4:1, 7, 8) ഞങ്ങളുടെ കാര്യത്തിൽ ഇതു സത്യമെന്നു തെളിഞ്ഞു. ജിബ്രാൾട്ടറിൽ ഞങ്ങൾ സന്ദർശിച്ച ആദ്യത്തെ വീട്ടിലെ മുഴുകുടുംബത്തോടുമൊപ്പം ഞങ്ങൾ ബൈബിളധ്യയനം നടത്താൻ തുടങ്ങി. താമസിയാതെ ഞങ്ങളിരുവരും 17 അധ്യയനങ്ങൾ വീതം നടത്താൻ തുടങ്ങി. ഞങ്ങൾ അധ്യയനം നടത്തിയ അനേകരും സാക്ഷികളായിത്തീർന്നു. രണ്ടു വർഷത്തിനകം 25 പ്രസാധകരുള്ള ഒരു സഭ അവിടെ സ്ഥാപിതമായി.
എന്നാൽ വിഗോയിലെപ്പോലെ വൈദികർ ഞങ്ങൾക്കെതിരെ പ്രചരണം നടത്താൻ തുടങ്ങി. ജിബ്രാൾട്ടറിലെ ഒരു ആംഗ്ലിക്കൻ ബിഷപ്പ് ഞങ്ങൾ “അനഭികാമ്യ”രാണെന്നു പൊലീസ് മേധാവിക്കു മുന്നറിയിപ്പു നൽകി. അയാളുടെ കൂടിയാലോചന ക്രമേണ ഫലം ചെയ്തു. 1962-ൽ ഞങ്ങൾ ജിബ്രാൾട്ടറിൽനിന്നു പുറത്താക്കപ്പെട്ടു. അടുത്തതായി ഞങ്ങൾ എവിടെ പോകും? സ്പെയിനിൽ അപ്പോഴും ആവശ്യം അധികമായിരുന്നു. അതുകൊണ്ട്, ഞങ്ങളുടെ പഴയ പൊലീസ് റെക്കോർഡ് ഇതിനോടകം ഫയലിനടിയിലായെന്ന പ്രതീക്ഷയിൽ അങ്ങോട്ടുതന്നെ തിരികെപ്പോയി.
ചൂടുള്ള നഗരമായിരുന്ന സവില്ലായായിരുന്നു ഞങ്ങളുടെ പുതിയ ഭവനം. അവിടെവച്ച് റേ, പാററ് കിർക്കപ്പ് എന്നു പേരുള്ള വേറെ പയനിയർ ദമ്പതികളോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള സന്തോഷം ഞങ്ങൾക്കു ലഭിച്ചു. സവില്ലാ അഞ്ചുലക്ഷം നിവാസികളുള്ള ഒരു പട്ടണമായിരുന്നെങ്കിലും പ്രസാധകരായി 21 പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ധാരാളം വേലചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ 15 സഭകളിലായി 1,500 പ്രസാധകരുണ്ട്. ഒരു വർഷത്തിനുശേഷം ഞങ്ങൾക്ക് ആനന്ദകരമായ ഒരു അത്ഭുതം ഉണ്ടായി; ബാർസിലോണ ഭാഗത്തു സഞ്ചാരവേലയിൽ സേവിക്കാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു.
നമ്മുടെ വേല നിയമപരമായി അംഗീകരിക്കാതിരുന്നിടത്തെ സർക്കിട്ട് വേല കുറച്ചു ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. ഓരോ ആഴ്ചയും ഞങ്ങൾ ചെറിയ ഗ്രൂപ്പുകൾ സന്ദർശിക്കും, ഭൂരിഭാഗം ഗ്രൂപ്പുകളിലും പ്രാപ്തരായ ചുരുക്കം ചില സഹോദരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്കു നൽകാൻ കഴിയുന്ന എല്ലാവിധ പരിശീലനവും പിന്തുണയും കഠിനാധ്വാനികളായ ഈ സഹോദരങ്ങൾക്ക് ആവശ്യമായിരുന്നു. ഞങ്ങൾക്ക് ആ നിയമനം പ്രിയങ്കരമായിരുന്നു! സാക്ഷികൾ വളരെ ചുരുക്കമുള്ള—ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ—ഭാഗങ്ങളിൽ പല വർഷം ചെലവഴിച്ചുകഴിഞ്ഞ ഞങ്ങൾ വ്യത്യസ്ത സഹോദരീസഹോദരൻമാരെ സന്ദർശിക്കുന്നതിൽ ആനന്ദിതരായി. കൂടാതെ, ബാർസിലോണയിലെ പ്രസംഗവേല സുകരമായിരുന്നു, അനേകരും ബൈബിൾ പഠിക്കാൻ ആഗ്രഹിച്ചു.
വിഷാദത്തോടു പൊരുതൽ
വെറും ആറുമാസത്തിനകം എന്റെ ജീവിതത്തിനു നാടകീയമായ മാററം സംഭവിച്ചു. കടൽത്തീരത്തെ ഞങ്ങളുടെ ആദ്യത്തെ അവധിസമയത്ത് എനിക്കു സംഭവിച്ച നേരത്തെ വിവരിച്ച അപകടം ദുരന്തത്തിന്റെ വക്കുവരെയെത്തി. മുങ്ങിപ്പോയെന്നു കരുതിയ ഞെട്ടലിൽനിന്നു ശാരീരികമായി ഞാൻ പെട്ടെന്നു സുഖംപ്രാപിച്ചു. എങ്കിലും ആ സംഭവം എന്റെ നാഡീവ്യൂഹത്തിനു മങ്ങാത്ത ക്ഷതമേൽപ്പിച്ചു.
സർക്കിട്ട് വേലയിൽ തുടരാൻ കുറച്ചുനാൾ ഞാൻ നന്നേ പാടുപെട്ടു. എന്നാൽ ഒടുവിൽ വൈദ്യചികിത്സയ്ക്കുവേണ്ടി ഇംഗ്ലണ്ടിലേക്കു തിരികെപ്പോകേണ്ടിവന്നു. രണ്ടു വർഷത്തിനുശേഷം സ്പെയിനിലേക്കു തിരികെപോകാൻതക്കവണ്ണം ഞാൻ സുഖംപ്രാപിച്ചു. വീണ്ടുമൊരിക്കൽക്കൂടി സർക്കിട്ട് വേല ഏറെറടുക്കുകയും ചെയ്തു. എന്നുവരികിലും, അത് ഒരു ഹ്രസ്വകാലമേ നിലനിന്നുള്ളൂ. ഭാര്യയുടെ മാതാപിതാക്കൾ ഗുരുതരമായി രോഗബാധിതരായി, അവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഞങ്ങൾ മുഴുസമയ സേവനം വിട്ടുപോന്നു.
1968-ൽ നാഡീവ്യൂഹത്തിനു പൂർണമായ ക്ഷതമേററപ്പോൾ ജീവിതം കൂടുതൽ ദുഷ്കരമായി. ഞാൻ ഒരിക്കലും സുഖംപ്രാപിക്കുകയില്ലെന്നു റാഫേലയും ഞാനും ഓർത്ത നിമിഷങ്ങളുണ്ടായിരുന്നു. ഞാൻ വീണ്ടും മുങ്ങിത്താഴുന്നതുപോലെ തോന്നി, എന്നാൽ ഒരു വ്യത്യസ്ത വിധത്തിലാണെന്നുമാത്രം! നിഷേധാത്മക ചിന്തകളാൽ ആകുലചിത്തനായതിനുപുറമേ, വിഷാദം എന്റെ ബലം മുഴുവനും ചോർത്തിയെടുത്തു. അമിത തളർച്ച എന്നെ പലവട്ടം പിടികൂടി. ഏതാണ്ടു നിരന്തരം വിശ്രമിക്കാൻ അതെന്നെ നിർബന്ധിതനാക്കി. അന്നൊക്കെ ഇത്തരം പ്രശ്നത്തെക്കുറിച്ചു സഹോദരങ്ങളെല്ലാമൊന്നും മനസ്സിലാക്കിയിരുന്നില്ല; എന്നാൽ യഹോവ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. വിഷാദമഗ്നർക്ക് വളരെയേറെ സഹാനുഭൂതിയും സഹായവും പ്രദാനം ചെയ്ത വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ലേഖനങ്ങൾ വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം സംതൃപ്തിദായകമായിരുന്നു.
പ്രയാസകരമായ ഈ സമയത്തെല്ലാം ഭാര്യ നിരന്തര പ്രോത്സാഹനത്തിന്റെ ഉറവായി നിലകൊണ്ടു. പ്രശ്നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കുന്നതു വിവാഹ ബന്ധത്തെ വാസ്തവത്തിൽ ശക്തമാക്കുന്നു. റാഫേലയുടെ മാതാപിതാക്കൾ മരിച്ചു. 12 വർഷത്തിനുശേഷം മുഴുസമയ സേവനത്തിൽ വീണ്ടും ഏർപ്പെടാമെന്നു ഞങ്ങൾക്കു തോന്നിയ അളവിൽ എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. 1981-ൽ സർക്കിട്ട് വേലക്കായി ഞങ്ങൾ വീണ്ടും ക്ഷണിക്കപ്പെടുകയുണ്ടായി. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിശയകരവും ആനന്ദപ്രദവുമായിരുന്നു.
സഞ്ചാര ശുശ്രൂഷയിൽ ഞങ്ങൾക്കു കഴിഞ്ഞതവണ ഉണ്ടായിരുന്ന അനുഭവത്തിൽനിന്നു വ്യത്യസ്തമായി ദിവ്യാധിപത്യപരമായ വളരെയേറെ മാററങ്ങൾ സ്പെയിനിൽ സംഭവിച്ചു. പ്രസംഗവേല ഇപ്പോൾ നിർബാധം നടത്താം, തൻമൂലം എനിക്ക് എന്നെത്തന്നെ പുതുക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നുവരികിലും, വീണ്ടുമൊരിക്കൽ ഒരു സർക്കിട്ട് മേൽവിചാരകൻ ആയി സേവിക്കുക എന്നത് ഒരു വലിയ പദവിയായിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലും ഞങ്ങൾ പയനിയറിങ് ചെയ്തത് പ്രശ്നങ്ങളുള്ള പയനിയർ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളെ പ്രാപ്തരാക്കി. പയനിയർ അണികളിൽ ചേരുന്നതിനു മററുള്ളവരെ സഹായിക്കാൻ ഞങ്ങൾക്കു മിക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
മാഡ്രിഡിലെയും ബാർസിലോണയിലെയും 11 വർഷത്തെ സഞ്ചാരവേലക്കുശേഷം ഞങ്ങളുടെ ക്ഷയിച്ചുകൊണ്ടിരുന്ന ആരോഗ്യം വീണ്ടും നിയമനങ്ങൾക്കു മാററം വരുത്തേണ്ടത് അത്യാവശ്യമാക്കിത്തീർത്തു. പ്രത്യേക പയനിയർമാർ എന്നനിലയിൽ സലമാൻകാ പട്ടണത്തിലേക്കു ഞങ്ങൾക്കു നിയമനം ലഭിച്ചു. അവിടെ ഒരു മൂപ്പനെന്ന നിലയിൽ ഞാൻ പ്രയോജനപ്രദമാകുമായിരുന്നു. ചെന്നപാടെ സലമാൻകയിലുള്ള സഹോദരങ്ങൾ ഞങ്ങൾക്കു ഹൃദ്യമായ സ്വാഗതമരുളി. ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സഹിഷ്ണുത പരിശോധിക്കുന്ന മറെറാരു പ്രതിസന്ധി തലപൊക്കി.
വിശദീകരിക്കാനാവാത്തവിധം റാഫേലക്കു തളർച്ച ബാധിച്ചു, അവൾക്കു വൻകുടലിൽ കാൻസറാണെന്നു പരിശോധനകൾ തെളിയിച്ചു. അപ്പോൾ ഞാനായിരുന്നു ബലമാർജിച്ചുകൊണ്ട് കഴിവിന്റെ പരമാവധി പിന്തുണ ഭാര്യക്കു നൽകേണ്ടിയിരുന്നത്. ഞങ്ങളുടെ ആദ്യത്തെ പ്രതികരണം അവിശ്വാസവും അതേത്തുടർന്നു ഭീതിയുമായിരുന്നു. റാഫേല ഇതിനെ അതിജീവിക്കുമോ? ഇത്തരം നിമിഷങ്ങളിൽ യഹോവയിലുള്ള പൂർണ ആശ്രയമാണു ഞങ്ങളെ തുടരാൻ അനുവദിക്കുന്നത്. റാഫേല വിജയപ്രദമായ ഒരു ഓപ്പറേഷനു വിധേയയായി എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. കാൻസർ വീണ്ടും ഉണ്ടാകല്ലേ എന്നാണു ഞങ്ങളുടെ പ്രാർഥന.
ഞങ്ങൾ സ്പെയിനിൽ ചെലവഴിച്ച 36 വർഷത്തിനിടയിൽ ജീവിതത്തിൽ ഏററിറക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ആത്മീയ വർധനവിന്റെ ഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് ഹൃദയോഷ്മളമായിരുന്നു. 1958-ലെ 800 പ്രസാധകരുടെ ചെറിയ കൂട്ടം ഇന്ന് 1,00,000-ത്തിലധികം പ്രസാധകരുടെ ഒരു സൈന്യമായി വർധിച്ചതു ഞങ്ങൾ കണ്ടിരിക്കുന്നു. സത്യം സ്വീകരിക്കുന്നതിനും ആത്മീയമായി പക്വത നേടുന്നതിനും മററുള്ളവരെ സഹായിക്കൽ, ഭാര്യാഭർത്താക്കൻമാർ എന്നനിലയിൽ ഒരുമിച്ചു പ്രവർത്തിക്കൽ, ഞങ്ങളുടെ ജീവിതം ഏററവും മെച്ചമായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു എന്ന തോന്നൽ, എന്നിങ്ങനെ ഞങ്ങൾക്കുണ്ടായ അനേകം സന്തോഷങ്ങളിൽ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മൂടിപ്പോയിരിക്കുന്നു.
“ഞങ്ങളോടു കാണിച്ച കരുണ നിമിത്തം ഞങ്ങൾക്ക് ഈ ശുശ്രൂഷ ഉള്ളതിനാൽ ഞങ്ങൾ തളർന്നു പിൻമാറുന്നില്ല” എന്ന് കൊരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ പൗലോസ് പറയുന്നു. (2 കൊരിന്ത്യർ 4:1, NW) പിന്തിരിഞ്ഞുനോക്കുമ്പോൾ, തളർന്നു പിൻമാറാനുള്ള അനേക ഘടകങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ കരുപ്പിടിക്കൽ കാലങ്ങളിൽ എന്നിൽ താത്പര്യമെടുത്ത വിശ്വസ്ത അഭിഷിക്ത സഹോദരൻമാരുടെ ദൃഷ്ടാന്തം ഒരു നല്ല അടിസ്ഥാനം പ്രദാനംചെയ്തു. ഒരേ ആത്മീയ ലക്ഷ്യം പങ്കിടുന്ന ഒരു പങ്കാളിയുണ്ടായിരിക്കുന്നത് അത്ഭുതകരമായ ഒരു സഹായമാണ്; ഞാൻ വിഷാദമഗ്നനാകുമ്പോൾ റാഫേല എന്നെ താങ്ങിനിർത്തും, റാഫേലക്കുവേണ്ടി അതുതന്നെ ഞാനും ചെയ്തിരിക്കുന്നു. നർമബോധവും വലിയ ഒരു മുതൽക്കൂട്ടാണ്. സഹോദരങ്ങളോടൊപ്പം ചിരിക്കാൻ കഴിയുന്നത്—തമ്മിൽത്തമ്മിൽ ചിരിക്കുന്നതും—എങ്ങനെയൊക്കെയോ പ്രശ്നങ്ങളുടെ വീര്യം കെടുത്തുന്നതായി തോന്നിക്കുന്നു.
എല്ലാററിനുമുപരി, പരിശോധനകളുടെമധ്യേ സഹിഷ്ണുത പ്രകടമാക്കാൻ യഹോവയിൽനിന്നുള്ള ശക്തി ആവശ്യമാണ്. ഞാൻ എപ്പോഴും പൗലോസിന്റെ ഈ വാക്കുകൾ ഓർക്കാറുണ്ട്: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” യഹോവ നമ്മുടെ പക്ഷത്തുള്ളപ്പോൾ ഒരിക്കലും നാം തളർന്നു പിൻമാറേണ്ടതില്ല.—ഫിലിപ്പിയർ 4:13.
[23-ാം പേജിലെ ചിത്രം]
റോണൾഡ് ടെയ്ലറും റാഫേൽ ടെയ്ലറും 1958-ൽ
[24, 25 പേജിലെ ചിത്രങ്ങൾ]
സ്പെയിനിൽ നിരോധനത്തിൻ മധ്യേ യോഗം കൂടുന്നു (1969)