ബലഹീനത, ദുഷ്ടത, അനുതാപം എന്നിവ നിർണയിക്കൽ
പാപം—ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങൾക്കൊപ്പം എത്താൻ കഴിയാതെ പോകൽ—ക്രിസ്ത്യാനികൾ വെറുക്കുന്ന ഒന്നാണ്. (എബ്രായർ 1:9) ദുഃഖകരമെന്നു പറയട്ടെ, നാമെല്ലാം പലപ്പോഴും പാപം ചെയ്യുന്നു. അവകാശപ്പെടുത്തിയ ബലഹീനതയും അപൂർണതയുമായി നാമെല്ലാം മല്ലടിക്കുന്നു. എങ്കിലും, മിക്ക സന്ദർഭങ്ങളിലും നമ്മുടെ പാപം യഹോവയോട് ഏററുപറയുകയും അവ ആവർത്തിക്കാതിരിക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്കു ശുദ്ധമായ മനസ്സാക്ഷിയോടെ അവനെ സമീപിക്കാനാവും. (റോമർ 7:21-24; 1 യോഹന്നാൻ 1:8, 9; 2:1, 2) നമ്മുടെ ബലഹീനത കണക്കിടാതെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ നമ്മുടെ വിശുദ്ധ സേവനം കൈക്കൊള്ളുന്നതിനാൽ നാം അവനു നന്ദി പറയുന്നു.
ജഡിക ബലഹീനത നിമിത്തം ആരെങ്കിലും ഗുരുതരമായ പാപം ചെയ്യുന്നുവെങ്കിൽ യാക്കോബ് 5:14-16-ൽ രൂപരേഖ നൽകിയിരിക്കുന്ന പിൻവരുന്ന ക്രമീകരണത്തിനു ചേർച്ചയിൽ അയാൾക്കു പെട്ടെന്നുതന്നെ ഇടയസന്ദർശനം ആവശ്യമാണ്: “നിങ്ങളിൽ [ആത്മീയ അർഥത്തിൽ] ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പൻമാരെ വരുത്തട്ടെ. . . . അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏററുപറഞ്ഞു ഒരുവന്നുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ.”
തൻമൂലം, ഒരു സമർപ്പിത ക്രിസ്ത്യാനി ഒരു ഗുരുതരമായ പാപം ചെയ്യുമ്പോൾ യഹോവയോടു പാപം ഏററുപറയുന്നതിനെക്കാൾ അധികം ആവശ്യമാണ്. അതു സഭയുടെ ശുദ്ധിക്ക് അല്ലെങ്കിൽ സമാധാനത്തിന് ഭീഷണിയായതുകൊണ്ടു മൂപ്പൻമാർ ചില നടപടികൾ സ്വീകരിക്കണം. (മത്തായി 18:15-17; 1 കൊരിന്ത്യർ 5:9-11; 6:9, 10) മൂപ്പൻമാർ ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്: ആ വ്യക്തി അനുതാപിയാണോ? പാപത്തിലേക്കു നയിച്ചതെന്താണ്? അത് ഒററപ്പെട്ട ഒരു ദുർബല നിമിഷത്തിന്റെ ഫലമായിരുന്നോ? നിരന്തരം പാപം ചെയ്യുകയായിരുന്നോ? അത്തരം നിർണയം എല്ലായ്പോഴും ലളിതമോ വ്യക്തമോ അല്ല, ഗണ്യമായ വിവേചന ആവശ്യമാണ്.
പാപം ദുഷ്പ്രവൃത്തിയുടെയോ ദുഷ്ടമായ നടത്തയുടെയോ ഒരു ഗതി പിന്തുടരുന്നതിന്റെ ഫലമാണെങ്കിലോ? അപ്പോൾ മൂപ്പൻമാരുടെ ഉത്തരവാദിത്വം വ്യക്തമാണ്. കൊരിന്ത്യ സഭയിലെ ഗുരുതരമായ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതിനു നിർദേശിക്കവേ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” (1 കൊരിന്ത്യർ 5:13) ദുഷ്ടൻമാർക്കു ക്രിസ്തീയ സഭയിൽ യാതൊരു സ്ഥാനവുമില്ല.
ബലഹീനത, ദുഷ്ടത, അനുതാപം എന്നിവ തൂക്കിനോക്കൽ
ഒരുവൻ അനുതാപിയാണോ എന്ന് മൂപ്പൻമാർക്ക് എങ്ങനെ അറിയാൻ കഴിയും?a ഇത് ഒരു ലളിതമായ ചോദ്യമല്ല. ഉദാഹരണത്തിന്, ദാവീദ് രാജാവിനെക്കുറിച്ചു ചിന്തിക്കുക. അവൻ വ്യഭിചാരവും പിന്നീട് ഫലത്തിൽ കൊലപാതകവും നടത്തി. എങ്കിലും യഹോവ അവനെ ജീവിക്കാൻ അനുവദിച്ചു. (2 ശമൂവേൽ 11:2-24; 12:1-14) ഇനി അനന്യാസിനെയും സഫീരയെയും കുറിച്ചു ചിന്തിക്കുക. അവർ നുണ പറഞ്ഞുകൊണ്ട് അപ്പോസ്തലൻമാരെ വഞ്ചിക്കാൻ ശ്രമിക്കുകയും യഥാർഥത്തിൽ ആയിരുന്നതിനെക്കാൾ കൂടുതൽ ഉദാരമനസ്ഥിതിയുള്ളവരാണെന്നു കപടപൂർവം നടിക്കുകയും ചെയ്തു. അതു ഗുരുതരമായിരുന്നോ? അതേ. കൊലപാതകവും വ്യഭിചാരവുംപോലെ അധമമായിരുന്നോ? അല്ലതന്നെ! എന്നിട്ടും അനന്യാസിനും സഫീരയ്ക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു.—പ്രവൃത്തികൾ 5:1-11.
ഈ വ്യത്യസ്ത ന്യായവിധികൾക്കു കാരണമെന്ത്? ദാവീദ് കൊടിയ പാപത്തിനിരയായതു ജഡിക ബലഹീനത നിമിത്തമാണ്. ചെയ്ത സംഗതി സംബന്ധിച്ചു ചോദ്യംചെയ്തപ്പോൾ അവൻ അനുതപിക്കുകയും—കുടുംബപ്രശ്നങ്ങളോടുള്ള ബന്ധത്തിൽ അവനു കർശന ശിക്ഷ നൽകിയെങ്കിലും—യഹോവ അവനോടു പൊറുക്കുകയും ചെയ്തു. അനന്യാസും സഫീരയും ക്രിസ്തീയ സഭയെ കപടപൂർവം നുണപറഞ്ഞുകൊണ്ടു വഞ്ചിക്കാൻ ശ്രമിക്കുകയും അങ്ങനെ ‘പരിശുദ്ധാത്മാവിനോടും ദൈവത്തോടും വ്യാജം കാണി’ക്കുകയും ചെയ്തുവെന്നതാണ് അവർ ചെയ്ത പാപം. അത് ദുഷ്ട ഹൃദയത്തിന്റെ തെളിവു നൽകി. തൻമൂലം അവർ കൂടുതൽ കർശനമായി ന്യായംവിധിക്കപ്പെട്ടു.
രണ്ടു സംഭവങ്ങളിലും യഹോവ ന്യായംവിധിച്ചു. അവനു ഹൃദയങ്ങളെ ശോധനചെയ്യാൻ കഴിയുമെന്നതിനാൽ അവന്റെ ന്യായവിധി ശരിയായിരുന്നു. (സദൃശവാക്യങ്ങൾ 17:3) മനുഷ്യ മൂപ്പൻമാർക്ക് അതു ചെയ്യാനാവില്ല. അതുകൊണ്ട്, ഗുരുതരമായ ഒരു പാപം ദുഷ്ടതയെക്കാളധികം ബലഹീനതയുടെ തെളിവാണോ എന്നു മൂപ്പൻമാർക്ക് എങ്ങനെ നിർണയിക്കാനാവും?
വാസ്തവത്തിൽ, എല്ലാ പാപവും ദുഷ്ടമാണ് എന്നാൽ എല്ലാ പാപികളും ദുഷ്ടരല്ല. ഒരേ വിധത്തിലുള്ള പാപങ്ങൾ ഒരുവനിൽ ബലഹീനതയായും മറെറാരുവനിൽ ദുഷ്ടതയായും കണ്ടെന്നുവരാം. പാപം ചെയ്യുന്നതിൽ പാപിയുടെ പക്ഷത്തുനിന്ന് ഒരളവിൽ ബലഹീനതയും ദുഷ്ടതയും ഉൾപ്പെടുന്നുവെന്നതാണു വാസ്തവം. പാപി തന്റെ ചെയ്തിയെ എങ്ങനെ വീക്ഷിക്കുന്നുവെന്നും അതു സംബന്ധിച്ച് അയാൾ എന്തു നടപടി സ്വീകരിക്കാൻ പോകുന്നുവെന്നതുമാണു നിർണായകമായ ഒരു ഘടകം. അയാൾ അനുതാപത്തിന്റെ ആത്മാവു പ്രകടമാക്കുന്നുണ്ടോ? ഇതു ഗ്രഹിച്ചറിയുന്നതിനു മൂപ്പൻമാർക്കു വിവേചന ആവശ്യമാണ്. അവർക്ക് ആ വിവേചന എങ്ങനെ നേടിയെടുക്കാനാവും? “ഞാൻ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂർവ്വം [“നിരന്തരം,” NW] ചിന്തിക്കുക; എല്ലാക്കാര്യങ്ങളും മനസ്സിലാക്കാൻവേണ്ട കഴിവു കർത്താവു നിനക്കു തരും” എന്ന് അപ്പോസ്തലനായ പൗലോസ് വാഗ്ദാനം ചെയ്തു. (2 തിമോത്തേയോസ് 2:7, പി.ഒ.സി. ബൈബിൾ) മൂപ്പൻമാർ എളിമയോടെ പൗലോസിന്റെയും മററു ബൈബിൾ എഴുത്തുകാരുടെയും നിശ്വസ്ത വചനങ്ങൾ “നിരന്തരം ചിന്തിക്കു”ന്നുവെങ്കിൽ സഭയിൽ പാപം ചെയ്യുന്നവരെ ഉചിതമായി വീക്ഷിക്കുന്നതിനാവശ്യമായ വിവേചന അവർക്കു ലഭിക്കും. അപ്പോൾ അവരുടെ തീരുമാനങ്ങൾ സ്വന്ത ആലോചനയല്ല മറിച്ച് യഹോവയുടെ ആലോചന പ്രതിഫലിപ്പിക്കും.—സദൃശവാക്യങ്ങൾ 11:2; മത്തായി 18:18.
ഇത് എങ്ങനെയാണു സാധിക്കുന്നത്? ദുഷ്ടരെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണമെന്തെന്നു പരിശോധിക്കുന്നതും ആ വിശദീകരണം നടപടി എടുക്കേണ്ട വ്യക്തിക്കു ബാധകമാണോ എന്നു കാണുന്നതുമാണ് ഒരു മാർഗം.
ഉത്തരവാദിത്വം ഏറെറടുക്കലും അനുതപിക്കലും
ദുഷ്ടതയുടെ ഒരു ഗതി തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യർ ആദാമും ഹവ്വായും ആയിരുന്നു. പൂർണരും യഹോവയുടെ നിയമം സംബന്ധിച്ചു പൂർണ അറിവുമുള്ള വ്യക്തികളായിരുന്നിട്ടും അവർ ദിവ്യ പരമാധികാരത്തിനെതിരെ മത്സരിച്ചു. അവർ ചെയ്തതിനെക്കുറിച്ചു യഹോവ ചോദ്യം ചെയ്തപ്പോഴത്തെ അവരുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു—ആദാം ഹവ്വായെ പഴിചാരി, ഹവ്വാ സർപ്പത്തെയും പഴിചാരി! (ഉല്പത്തി 3:12, 13) ദാവീദിന്റെ ആഴമായ താഴ്മയുമായി ഇതു തുലനം ചെയ്യുക. താൻ ചെയ്ത കൊടിയ പാപത്തെ അഭിമുഖീകരിച്ചപ്പോൾ അവൻ ഉത്തരവാദിത്വം ഏറെറടുക്കുകയും, “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു ക്ഷമക്കായി യാചിക്കുകയും ചെയ്തു.—2 ശമൂവേൽ 12:13; സങ്കീർത്തനം 51:4, 9, 10.
ഗുരുതരമായ പാപം കൈകാര്യം ചെയ്യുമ്പോൾ, പ്രത്യേകിച്ചും പ്രായപൂർത്തിയായവരുടെ കാര്യത്തിൽ, മൂപ്പൻമാർ ഈ രണ്ടു ദൃഷ്ടാന്തങ്ങളും പരിചിന്തിക്കുന്നതു നന്നായിരിക്കും. പാപി—തന്റെ പാപത്തെക്കുറിച്ചു ബോധവാനായ ദാവീദിനെപ്പോലെ—കുററം പൂർണമായി സമ്മതിക്കുകയും സഹായത്തിനും ക്ഷമക്കുംവേണ്ടി അനുതാപത്തോടെ യഹോവയിലേക്കു നോക്കുകയും ചെയ്യുന്നുണ്ടോ, അതോ അയാൾ ഒരുപക്ഷേ മറെറാരാളെ പഴിചാരിക്കൊണ്ടു തന്റെ ചെയ്തിയെ ലഘൂകരിക്കാൻ ശ്രമിക്കുകയാണോ? പാപത്തിലേക്കു നയിക്കാനിടയാക്കിയതെന്താണെന്നു പാപം ചെയ്യുന്ന വ്യക്തി വിശദീകരിക്കാൻ ആഗ്രഹിച്ചേക്കാമെന്നതു ശരിതന്നെ. അയാളെ എങ്ങനെ സഹായിക്കാമെന്നു തീരുമാനിക്കുന്നതിനു മൂപ്പൻമാർ പരിചിന്തിക്കേണ്ടതായിട്ടുള്ള കഴിഞ്ഞതോ നിലവിലുള്ളതോ ആയ സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാം. (താരതമ്യം ചെയ്യുക: ഹോശേയ 4:14) എന്നാൽ പാപം ചെയ്തതു താൻ ആണെന്നും യഹോവയുടെ മുമ്പിൽ താൻ ആണ് ഉത്തരവാദിയെന്നും അയാൾ സമ്മതിക്കേണ്ടതുണ്ട്. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നത് ഓർക്കുക.—സങ്കീർത്തനം 34:18.
വഷളായ കാര്യങ്ങൾ അഭ്യസിക്കൽ
സങ്കീർത്തന പുസ്തകത്തിൽ ദുഷ്ടൻമാരെക്കുറിച്ച് അനേകം പരാമർശനങ്ങളുണ്ട്. ഒരു വ്യക്തി അടിസ്ഥാനപരമായി ദുഷ്ടനാണോ ബലഹീനനാണോ എന്നു തീരുമാനിക്കുന്നതിന് അത്തരം തിരുവെഴുത്തുകൾക്കു മൂപ്പൻമാരെ കൂടുതലായി സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ പിൻവരുന്ന നിശ്വസ്ത പ്രാർഥന പരിചിന്തിക്കുക: “ദുഷ്ടൻമാരോടും അകൃത്യം ചെയ്യുന്നവരോടും (“അഭ്യസിക്കുന്നവരോടും,” NW) കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.” (സങ്കീർത്തനം 28:3) ദുഷ്ടൻമാരെ “അകൃത്യം ചെയ്യുന്നവ”ർക്കു സമാന്തരമായി സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ജഡത്തിന്റെ ബലഹീനത നിമിത്തം പാപം ചെയ്യുന്ന ഒരുവൻ അതേക്കുറിച്ചു ബോധവാനാകുന്ന ഉടനെ അതു നിർത്താൻ ഇടയുണ്ട്. എങ്കിലും, ഒരുവൻ വഷളായ കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമായിത്തീരാൻപോന്ന വിധം ‘അഭ്യസിക്കുക’യാണെങ്കിൽ അത് ഒരു ദുഷ്ട ഹൃദയത്തിന്റെ തെളിവായിരുന്നേക്കാം.
ദുഷ്ടതയുടെ മറെറാരു സ്വഭാവവിശേഷം ദാവീദ് ആ വാക്യത്തിൽ സൂചിപ്പിച്ചു. അനന്യാസിനെയും സഫീരയെയുംപോലെ ദുഷ്ടനായ വ്യക്തി വായ്കൊണ്ടു നല്ല കാര്യങ്ങൾ സംസാരിക്കുന്നു എന്നാൽ അയാളുടെ ഹൃദയത്തിൽ വഷളായ കാര്യങ്ങളാണ്. അയാളൊരു കപടഭക്തൻ ആയിരുന്നേക്കാം—യേശുവിന്റെ നാളിൽ, ‘പുറമെ നീതിമാൻമാർ എന്നു മനുഷ്യർക്കു തോന്നുകയും അകമെ കപടഭക്തിയും അധർമവും നിറഞ്ഞ’വർ ആയിരിക്കുകയും ചെയ്ത പരീശൻമാരെപ്പോലെ. (മത്തായി 23:28; ലൂക്കൊസ് 11:39) യഹോവ കാപട്യം വെറുക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) നീതിന്യായക്കമ്മിററിയോടു സംസാരിക്കുമ്പോൾപോലും ഒരുവൻ ഗുരുതരമായ അപരാധങ്ങൾ കപടപൂർവം നിരസിക്കുകയോ പൂർണമായി കുററസമ്മതം നടത്താതെ മററുള്ളവർ അതിനോടകം അറിഞ്ഞുകഴിഞ്ഞ കാര്യങ്ങൾ മാത്രം മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയോ ആണെങ്കിൽ അത് ഒരു ദുഷ്ട ഹൃദയത്തിന്റെ വ്യക്തമായ തെളിവായിരിക്കും.
യഹോവയോടുള്ള അഹങ്കാരപൂർവകമായ അവഗണന
ഒരു ദുഷ്ട വ്യക്തിയെ തരംതിരിച്ചു കാണിക്കുന്ന മററു സംഗതികൾ സങ്കീർത്തനം 10-ൽ രൂപരേഖ ചെയ്തിരിക്കുന്നു. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; . . . ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.” (സങ്കീർത്തനം 10:2, 3) അഹങ്കാരിയും യഹോവയോട് അനാദരവു കാട്ടുന്നവനുമായ ഒരു സമർപ്പിത ക്രിസ്ത്യാനിയെ നാം എങ്ങനെയാണു വീക്ഷിക്കേണ്ടത്? തീർച്ചയായും, ഇവ ദുഷ്ട മാനസികഭാവങ്ങളാണ്. ബലഹീനത നിമിത്തം പാപം ചെയ്യുന്ന ഒരു വ്യക്തി തന്റെ പാപം തിരിച്ചറിയുകയോ അത് അയാളുടെ ശ്രദ്ധയിൽപ്പെടാൻ ഇടയാവുകയോ ചെയ്യുമ്പോൾ അനുതപിക്കുകയും തന്റെ ജീവിതരീതിക്കു മാററം വരുത്താൻ കഠിനശ്രമം ചെലുത്തുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 7:10, 11) അതിനു വിപരീതമായി ഒരുവൻ യഹോവയോടുള്ള അടിസ്ഥാനപരമായ അനാദരവു മൂലം പാപം ചെയ്യുന്നുവെങ്കിൽ പാപപങ്കിലമായ ജീവിതരീതിയിലേക്കു വീണ്ടും വീണ്ടും തിരികെ പോകുന്നതിൽനിന്ന് അയാളെ എന്തു തടയാനാണ്? സൗമ്യതയുടെ ആത്മാവോടെ ബുദ്ധ്യുപദേശം നൽകിയിട്ടും അയാൾ അഹങ്കാരിയായിരിക്കുന്നുവെങ്കിൽ ആത്മാർഥതയോടും സത്യത്തോടുംകൂടെ അനുതപിക്കുന്നതിന് ആവശ്യമായ താഴ്മ അയാൾക്കെങ്ങനെ ഉണ്ടാകാനാണ്?
അതേ സങ്കീർത്തനത്തിൽ കുറച്ചു ഭാഗം കഴിഞ്ഞുള്ള ദാവീദിന്റെ പിൻവരുന്ന വാക്കുകൾ പരിചിന്തിക്കുക: “ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?” (സങ്കീർത്തനം 10:13) ക്രിസ്തീയ സഭയുടെ പശ്ചാത്തലത്തിൽ ദുഷ്ട മനുഷ്യനു ശരിയും തെററും തമ്മിലുള്ള വ്യത്യാസം അറിയാമെങ്കിലും ശിക്ഷിക്കപ്പെടാതെ രക്ഷപെടാമെന്ന് അയാൾക്കു തോന്നുന്നെങ്കിൽ തെററു ചെയ്യുന്നതിന് അയാൾ മടിക്കുന്നില്ല. കുററം തുറന്നുകാട്ടപ്പെടുമെന്നുള്ള ഭയമില്ലാത്തിടത്തോളം കാലം അയാൾ പാപപങ്കിലമായ പ്രവണതകളിൽ മുഴു സ്വാതന്ത്ര്യത്തോടെ ഏർപ്പെടുന്നു. ദാവീദിൽനിന്നു വ്യത്യസ്തമായി, അയാളുടെ പാപങ്ങൾ വെളിച്ചത്തുവരുന്നെങ്കിൽ ശിക്ഷണം ഒഴിവാക്കുന്നതിന് അയാൾ പദ്ധതി ആവിഷ്കരിക്കും. അത്തരമൊരു മനുഷ്യൻ യഹോവയോട് അത്യധികം അനാദരവു കാട്ടുകയാണ്. “അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. . . . അവൻ . . . ദോഷത്തെ വെറുക്കുന്നതുമില്ല.”—സങ്കീർത്തനം 36:1, 4.
മററുള്ളവരെ ദ്രോഹിക്കൽ
സാധാരണഗതിയിൽ, ഒരു പാപത്തിന്റെ ഫലം ഒന്നിലധികം ആളുകൾ അനുഭവിക്കേണ്ടിവരുന്നു. ദൃഷ്ടാന്തത്തിന്, ഒരു വ്യഭിചാരി ദൈവത്തിനെതിരെ പാപം ചെയ്യുന്നു; അയാൾ തന്റെ ഭാര്യയെയും കുട്ടികളെയും ചതിക്കുന്നു; വ്യഭിചാരത്തിലേർപ്പെട്ട സ്ത്രീ വിവാഹിതയാണെങ്കിൽ അയാൾ അവളുടെ കുടുംബത്തെ ചതിക്കുന്നു; കൂടാതെ, അയാൾ സഭയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നു. ഇതെല്ലാം അയാൾ എങ്ങനെയാണു വീക്ഷിക്കുന്നത്? ഹൃദയംഗമമായ ദുഃഖത്തോടൊപ്പം അയാൾ യഥാർഥ അനുതാപം പ്രകടമാക്കുന്നുണ്ടോ? അതോ അയാൾ സങ്കീർത്തനം 94-ൽ പിൻവരുന്ന വിധം വിവരിച്ചിരിക്കുന്ന ആത്മാവു പ്രകടമാക്കുകയാണോ: “നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു. യഹോവേ, അവൻ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥൻമാരെ അവർ ഹിംസിക്കുന്നു. യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.”—സങ്കീർത്തനം 94:4-7.
സഭയിൽ കൈകാര്യം ചെയ്യുന്ന പാപങ്ങളിൽ കൊല്ലും കൊലയും ഉൾപ്പെടുകയില്ല. എങ്കിലും ഇവിടെ പ്രകടമാക്കിയിരിക്കുന്ന ആത്മാവ്—വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടി മററുള്ളവരെ ചതിക്കുക എന്ന ആത്മാവ്—മൂപ്പൻമാർ ദുഷ്പ്രവൃത്തിയെക്കുറിച്ച് അന്വേഷണം നടത്തുമ്പോൾ വ്യക്തമായേക്കാം. അതും ദുഷ്ടമമനുഷ്യന്റെ അടയാളമായ അഹങ്കാരമാണ്. (സദൃശവാക്യങ്ങൾ 21:4) അത് തന്റെ സഹോദരനുവേണ്ടി സ്വയം ത്യജിക്കാൻ മനസ്സൊരുക്കമുള്ള ഒരു സത്യക്രിസ്ത്യാനിയുടെ മനോഭാവത്തിനു നേർ വിപരീതമായ ഒന്നാണ്.—യോഹന്നാൻ 15:12, 13.
ദൈവിക തത്ത്വങ്ങൾ ബാധകമാക്കൽ
നിയമങ്ങൾ സ്ഥാപിക്കാനല്ല ഈ മാർഗനിർദേശങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും, യഥാർഥത്തിൽ ദുഷ്ടമെന്നു യഹോവ വീക്ഷിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അവ ഒരു ധാരണ നൽകുന്നു. ചെയ്ത തെററിന് ഉത്തരവാദിത്വം വഹിക്കാനുള്ള വിസമ്മതം പ്രകടമാണോ? ഇതേ സംഗതി സംബന്ധിച്ചു നേരത്തെ കൊടുത്ത ബുദ്ധ്യുപദേശം പാപം ചെയ്തയാൾ പാടേ അവഗണിച്ചു കളഞ്ഞോ? ഗുരുതരമായ ദുഷ്പ്രവൃത്തി പതിവായി ചെയ്യുന്നുണ്ടോ? ദുഷ്പ്രവൃത്തിക്കാരൻ യഹോവയുടെ നിയമത്തോടു തികഞ്ഞ അവഗണന കാണിക്കുന്നുണ്ടോ? ഒരുപക്ഷേ മററുള്ളവരെ ദുഷിപ്പിച്ചുകൊണ്ടുപോലും തന്റെ തെററുകൾ മറച്ചുവയ്ക്കാൻ അയാൾ കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ടോ? (യൂദാ 4) തെററുകൾ വെളിച്ചത്തുവരുമ്പോൾ അത് അത്തരം ശ്രമങ്ങളെ തീവ്രമാക്കുക മാത്രമാണോ ചെയ്യുന്നത്? മററുള്ളവരോടും യഹോവയുടെ നാമത്തോടും ചെയ്ത ദോഷത്തിനുനേരെ ദുഷ്പ്രവൃത്തിക്കാരൻ തികഞ്ഞ അവഗണനയാണോ കാണിക്കുന്നത്? അയാളുടെ മനോഭാവം സംബന്ധിച്ചെന്ത്? സദയം തിരുവെഴുത്തു ബുദ്ധ്യുപദേശം നൽകിയശേഷവും അയാൾ അഹങ്കാരി അഥവാ അഹംഭാവിയാണോ? തെററ് ആവർത്തിക്കാതിരിക്കുന്നതിനുള്ള ഹൃദയംഗമമായ ആഗ്രഹത്തിന്റെ അഭാവം അയാൾക്കുണ്ടോ? അനുതാപത്തിന്റെ അഭാവം ശക്തമായി സൂചിപ്പിക്കുന്ന അത്തരം കാര്യങ്ങൾ മൂപ്പൻമാർ ഗ്രഹിച്ചറിയുന്നെങ്കിൽ ചെയ്തിരിക്കുന്ന അപരാധങ്ങൾ ജഡത്തിന്റെ ബലഹീനതക്കു പകരം ദുഷ്ടതക്കു തെളിവു നൽകുന്നുവെന്ന് അവർ തീരുമാനിച്ചേക്കാം.
ദുഷ്ട പ്രവണതകൾ ഉള്ളതായി തോന്നിക്കുന്ന ഒരു വ്യക്തിയുമായി ഇടപഴകുമ്പോൾപോലും നീതി പിന്തുടരാൻ അയാളെ പ്രബോധിപ്പിക്കുന്നതിൽനിന്നു മൂപ്പൻമാർ വിരമിക്കുന്നില്ല. (എബ്രായർ 3:12) ദുഷ്ടവ്യക്തികൾ അനുതപിക്കുകയും മാററം വരുത്തുകയും ചെയ്തെന്നുവരാം. അങ്ങനെയല്ലായിരുന്നെങ്കിൽ, “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും” എന്ന് യഹോവ എന്തിനാണ് ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചത്? (യെശയ്യാവു 55:7) ഒരുപക്ഷേ, ഒരു നീതിന്യായ വിചാരണ നടക്കുമ്പോൾ അനുതാപത്തോടെയുള്ള പെരുമാററത്തിൽനിന്നും മനോഭാവത്തിൽനിന്നും അയാളുടെ ഹൃദയനിലയിൽ ഗണ്യമായ മാററം പ്രതിഫലിച്ചിരിക്കുന്നുവെന്നു മൂപ്പൻമാർ ഗ്രഹിച്ചറിയും.
ഒരു വ്യക്തിയെ പുറത്താക്കുമ്പോൾപോലും അനുതപിക്കാനും യഹോവയുടെ അംഗീകാരം വീണ്ടും നേടിയെടുക്കാനും മൂപ്പൻമാർ ഇടയൻമാരെന്ന നിലയിൽ അയാളെ പ്രേരിപ്പിക്കും. കൊരിന്തിലെ “ദുഷ്ടനെ” ഓർക്കുക. സ്പഷ്ടമായും അയാൾ പിന്നീടു തന്റെ വഴികളിൽ മാററം വരുത്തുകയും അയാളെ പുനഃസ്ഥിതീകരിക്കുന്നതിനു പൗലോസ് ശുപാർശചെയ്യുകയും ചെയ്തു. (2 കൊരിന്ത്യർ 2:7, 8) മനശ്ശെ രാജാവിന്റെ കാര്യവും പരിചിന്തിക്കുക. അദ്ദേഹം വാസ്തവത്തിൽ മഹാ ദുഷ്ടനായിരുന്നു. എങ്കിലും ഒടുവിൽ അനുതപിച്ചപ്പോൾ യഹോവ അദ്ദേഹത്തിന്റെ അനുതാപം കൈക്കൊണ്ടു.—2 രാജാക്കൻമാർ 21:10-16; 2 ദിനവൃത്താന്തം 33:9, 13, 19.
ക്ഷമിക്കപ്പെടുകയില്ലാത്ത ഒരു പാപമുണ്ട് എന്നതു ശരിതന്നെ—പരിശുദ്ധാത്മാവിനെതിരെയുള്ള പാപം. (എബ്രായർ 10:26, 27) ആരാണ് ആ പാപം ചെയ്തതെന്നു യഹോവക്കു മാത്രമേ തീരുമാനിക്കാനാവൂ. മനുഷ്യർക്ക് അപ്രകാരം ചെയ്യുന്നതിനുള്ള യാതൊരു അധികാരവുമില്ല. സഭയെ ശുദ്ധമായി സൂക്ഷിക്കുകയും അനുതപിച്ച പാപികളെ യഥാസ്ഥാനത്താക്കുകയുമാണു മൂപ്പൻമാരുടെ ഉത്തരവാദിത്വം. അവർ അത് വിവേചനയോടും താഴ്മയോടുംകൂടെ ചെയ്യുന്നുവെങ്കിൽ, അവരുടെ തീരുമാനങ്ങളിൽ യഹോവയുടെ ജ്ഞാനം പ്രതിഫലിക്കാൻ അനുവദിക്കുന്നുവെങ്കിൽ, അവരുടെ ഇടയവേലയിലെ ഈ വശത്തെ യഹോവ അനുഗ്രഹിക്കും.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരത്തിന് കാണുക: 1981, സെപ്ററംബർ 1-ലെ ദ വാച്ച്ടവറിന്റെ 24-6 പേജുകൾ; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, 772-4 പേജുകൾ.
[29-ാം പേജിലെ ചിത്രം]
അനന്യാസും സഫീരയും കപടപൂർവം പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചു, അങ്ങനെ ഹൃദയത്തിലെ ദുഷ്ടത വെളിപ്പെടുത്തി