അഭയാർഥികളെങ്കിലും ദൈവത്തെ സേവിക്കുന്നതിൽ സന്തുഷ്ടർ
യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, കെടുതികൾ, പ്രക്ഷുബ്ധത. ചിലയാളുകളെ സംബന്ധിച്ചിടത്തോളം ഇവ വെറും വാർത്താതലക്കെട്ടുകൾ മാത്രമാണ്. മററ് അനേകരെ സംബന്ധിച്ചിടത്തോളം അവ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ്. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായ ക്രിസ്തീയ സംഘടനയുടെ ഭാഗമായതുകൊണ്ട് എവിടെയെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയോ കെടുതി സംഭവിക്കുകയോ ചെയ്യുമ്പോൾ അവരുടെ അന്താരാഷ്ട്ര സഹോദരവർഗത്തിൽ ഒരു ഭാഗം ഇതിനാൽ കഷ്ടം സഹിക്കേണ്ടിവരുമെന്ന് അവർക്കു നന്നായി അറിയാം. തങ്ങളുടെ ജീവൻ രക്ഷിക്കാനായി ആളുകൾ പലായനം ചെയ്യേണ്ടിവരുന്ന സന്ദർഭത്തിൽ നമ്മുടെ സഹോദരങ്ങളും അപ്രകാരം ചെയ്യേണ്ടതായി വന്നേക്കാം.
അനേകം ആഫ്രിക്കൻ രാജ്യങ്ങളിലെ സഹോദരങ്ങൾക്ക് വർഷങ്ങളായി അത്തരം അനുഭവങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. അവരിലനേകർക്കും കയ്യിലൊതുങ്ങുന്നതും വാരിക്കെട്ടി വേറെവിടെങ്കിലും അഭയം തേടേണ്ടിവന്നിട്ടുണ്ട്. ചുരുക്കം ചിലർക്ക് ഏതെങ്കിലുമൊക്കെ വാഹന സൗകര്യം ലഭ്യമായിരുന്നിട്ടുണ്ട്. ഒരുപക്ഷേ അത് ഒരു സൈക്കിൾ ആയിരുന്നിരിക്കാം. എന്നുവരികിലും, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് ഭൂരിപക്ഷത്തിനും—ദിവസങ്ങളോ ആഴ്ചകളോ പോലും—നടന്നു നടന്നു വശംകെടേണ്ടി വന്നിട്ടുണ്ട്.
അത്തരം ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലുള്ള മ്പോക്കി എന്ന ഒരു ചെറിയ പട്ടണം. വർഷങ്ങളായി ആയിരക്കണക്കിനു പുരുഷൻമാരും സ്ത്രീകളും ചെറുപ്പക്കാരും പ്രായംചെന്നവരും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. അവർക്കിടയിൽ നമ്മുടെ അനേകം ക്രിസ്തീയ സഹോദരീ സഹോദരൻമാരും താത്പര്യക്കാരായ ആളുകളും ഉണ്ടായിരുന്നു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബങ്കുവിൽ സ്ഥിതിചെയ്യുന്ന വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിലെ സഹക്രിസ്ത്യാനികൾ ഈ അഭയാർഥികളെ കണ്ടുമുട്ടി അവർക്കു സഹായം നൽകുന്നതിനു വളരെ തത്പരരായിരുന്നു. പണം, ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയുമായി അഞ്ചുപ്രാവശ്യം ഒരു പ്രതിനിധിയെ അയയ്ക്കുകയുണ്ടായി. അവ ഏതാണ്ട് 1,130 കിലോമീററർ അകലെയുള്ള ബങ്കുവിലെ സഹോദരങ്ങൾ ഔദാര്യപൂർവം പ്രദാനംചെയ്തതാണ്. ഇങ്ങനെ ഔദാര്യപൂർവം സഹായം ചെയ്തവർക്കു സാമ്പത്തികമായി ഒന്നുംതന്നെയില്ലായിരുന്നെങ്കിലും തങ്ങളാലാവതു ചെയ്യുന്നതിൽ അവർ സന്തുഷ്ടരായിരുന്നു.
മ്പോക്കിയിൽ എത്തിച്ചേരുന്നു
വേറെ എന്തെല്ലാം ചെയ്യണമെന്നും ഈ അഭയാർഥികളെ ആത്മീയമായി എങ്ങനെ സഹായിക്കണമെന്നും ബ്രാഞ്ച് ഓഫീസിലെ സഹോദരങ്ങൾ അറിയാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാനും ഭാര്യയും ഫോർ-വീൽ-ഡ്രൈവ് ലാൻഡ് ക്രൂയിസറിൽ യാത്ര തിരിച്ചു. ഒരു പ്രത്യേക പയനിയറായ സാൻഫോറ്യനും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളെ അനുഗമിച്ചു. സാൻഫോറ്യനു വഴി നന്നായറിയാമായിരുന്നു. കൂടാതെ, മ്പോക്കിയിലെ അഭയാർഥികളുടെ ഭാഷയായ സാൻഡെ അദ്ദേഹത്തിനു വശമുണ്ടായിരുന്നു. നീണ്ട നാലു ദിവസത്തെ യാത്രക്കു ശേഷമാണു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്.
ഒടുവിലത്തെ 400 കിലോമീററർ ഞങ്ങളുടെ യാത്ര നാട്ടിൻപുറത്തെ മനോഹരമായ നിമ്നോന്നത പ്രദേശത്തുകൂടെയും ബേയോബാബ് മരങ്ങളുടെ ഇടയിലൂടെയും ആയിരുന്നു. അവിടവിടെയായി ചില ഗ്രാമങ്ങളെയും ഞങ്ങൾ പിന്നിട്ടു. ഈ വഴിയിൽ എന്റെ ഭാര്യ കൃത്യം 50 പാലങ്ങൾ എണ്ണുകയുണ്ടായി. അതിൽ പലതും വളരെ മോശമായ സ്ഥിതിയിലായിരുന്നു. ചിലതിലൂടെ കടന്നുപോകാൻകൂടി വയ്യായിരുന്നു. തടിക്കഷണങ്ങളും ചെതുക്കുപിടിച്ച തടിയും ഉപയോഗിച്ചുകൊണ്ട് ഞങ്ങൾ ചില പാലങ്ങളുടെ കേടുപാടുകൾ തീർത്തു. ഫോർ-വീൽ-ഡ്രൈവിന്റെ സ്വിച്ചിട്ടിട്ട് പ്രാർഥിച്ചശേഷം വളരെ ശ്രദ്ധയോടെ വണ്ടിയെടുത്തു. അടുത്തെങ്ങാനും ഒരു ചെറിയ ഗ്രാമമുണ്ടെങ്കിൽ അവിടന്ന് ചെറുപ്പക്കാർ സഹായം നൽകാൻ ഓടി എത്തുകയായി. ഒരു ചെറിയ കൂലി കൊടുക്കണമെന്നേയുള്ളൂ. പാലത്തിന്റെ മരക്കഷണങ്ങളും പലകകളും സമീപത്തു തഴച്ചുവളരുന്ന പുല്ലുകൾക്കിടയിൽനിന്നും കുററിക്കാടുകളിൽനിന്നും അവർ എല്ലായ്പോഴും കണ്ടെത്തുമായിരുന്നുവെന്നത് ഞങ്ങളെ അതിശയിപ്പിച്ചു. അവ പാലത്തിൽനിന്നും എടുത്തുമാററി ആവശ്യമുള്ള ഉപഭോക്താക്കൾക്കുവേണ്ടി വെച്ചിരുന്നതാണോ എന്നു ചിന്തിക്കാൻ അത് ഇടയാക്കി.
മൂന്നു പ്രാവശ്യം ഞങ്ങൾ ആ ചെറുപ്പക്കാരുടെ സഹായം നിരസിച്ചു. കാരണം കുറുകെ കടക്കാനാവാത്തവിധം പാലം അത്യധികം അപകടകരമായിരുന്നു. അതുകൊണ്ട് ഞങ്ങൾ റോഡുവിട്ട് നദിയിലേക്കിറങ്ങി, പാറപ്പുറത്തുകൂടെ, വണ്ടിയോടിച്ച് വീണ്ടും റോഡിലേക്കു കയറി. വരണ്ട കാലാവസ്ഥയായിരുന്നതു നന്നായി. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഹെലിക്കോപ്റററിനെ അഭയം പ്രാപിക്കുകയല്ലാതെ യാത്രചെയ്യാൻ ഞങ്ങൾക്കു വേറൊരു നിർവാഹവുമില്ലായിരുന്നേനെ!
മ്പോക്കി എങ്ങനെയുള്ള സ്ഥലമാണ്? അനന്തമായ “പീസ്ററ്”-ലൂടെ നീങ്ങവേ ഒട്ടുമിക്കപ്പോഴും ഞങ്ങളുടെ മനസ്സിനെ മഥിച്ച ചിന്ത അതായിരുന്നു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മണലോ പാറയോ ചരലോ നിറഞ്ഞ, ആയിരക്കണക്കിനു കുഴികളുള്ള വഴിക്ക് അല്ലെങ്കിൽ പാതയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു ഫ്രഞ്ച് പദമാണ് അത്.
നാലാം ദിവസം ഉച്ചതിരിഞ്ഞ് കപ്പളങ്ങളാലും മരച്ചീനി തോട്ടങ്ങളാലും ചുററപ്പെട്ട ഏതാനും പുൽക്കുടിലുകളെ സാൻഫോറ്യൻ ചൂണ്ടിക്കാട്ടി. “വായ്ലാ! ഇവിടെയാണ് മ്പോക്കി തുടങ്ങുന്നത്” എന്ന് അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു. ഞങ്ങൾ കണ്ട സംഗതി ഞങ്ങളെ അതിശയിപ്പിച്ചു. “ഇതാണോ മ്പോക്കി? ക്യാമ്പെവിടെ?” ഞങ്ങൾ ചോദിച്ചു. കാരണം, ഞങ്ങൾ കണ്ടത് ക്യാമ്പായിരുന്നില്ല, അങ്ങിങ്ങായിക്കിടക്കുന്ന വീടുകൾ ആയിരുന്നു. ചെറുതെങ്കിലും പുല്ലുമേഞ്ഞ വൃത്തിയുള്ള കുടിലുകളായിരുന്നു അവ. വേറെയും മരങ്ങളും കുററിച്ചെടികളും എല്ലായിടത്തുമുണ്ടായിരുന്നു. ആളുകൾ തങ്ങളുടെ വീടുകളോടു ചേർന്ന് കൃഷി ചെയ്തിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചപോലത്തെ ക്യാമ്പായിരുന്നില്ല മ്പോക്കി; ഏതാണ്ടു 35 കിലോമീററർ നീളമുള്ള ഒരു വലിയ ഗ്രാമമായിരുന്നു അത്.
സഹോദരങ്ങളെ കണ്ടുമുട്ടുന്നു
ഞങ്ങൾ വരുന്ന കാര്യം മ്പോക്കിയിലെ സഹോദരങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങളുടെ യാത്ര അഞ്ചു ദിവസമെടുക്കുമെന്നാണ് അവർ കണക്കുകൂട്ടിയിരുന്നത്. ഞങ്ങളുടെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവർ പാഞ്ഞെത്തി. ഞങ്ങളെ സ്വാഗതം ചെയ്യുന്നതിനുവേണ്ടി പുരുഷൻമാരും സ്ത്രീകളും കുട്ടികളും തങ്ങളുടെ കുടിലുകളിൽനിന്നും വളപ്പുകളിൽനിന്നും കൃഷിയിടങ്ങളിൽനിന്നും തിരക്കിട്ടു പുറത്തുവന്നു. എല്ലാവരും പുഞ്ചിരിതൂകുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹസ്തദാനമാണെങ്കിലോ, പലതവണ. കുഞ്ഞുങ്ങളെ ഞങ്ങളുടെനേർക്കു നീട്ടിക്കൊണ്ട് അമ്മമാർ അഭിവാദനം ചെയ്തു. എല്ലാവരും നമസ്കാരം പറയാൻ തിരക്കിട്ടു. അവർ ഞങ്ങൾക്ക് ഹൃദയംഗമമായ സ്വാഗതമരുളി.
ഭാഷാ സംബന്ധമായ അതിർവരമ്പുകൾ ഉണ്ടായിരുന്നതിനാൽ എനിക്കും ഭാര്യയ്ക്കും അപ്പോൾ കൂടുതലൊന്നും പറയാനില്ലായിരുന്നു. ഞങ്ങൾ കുറച്ചു ഫ്രഞ്ചും കുറച്ചു സാങ്കോയും കുറച്ച് ഇംഗ്ലീഷും അറബിയും ചേർത്തു സംസാരിക്കാൻ ശ്രമിച്ചു. നമ്മുടെ സഹോദരങ്ങളിൽ അധികവും സാൻഡെ ഭാഷയിലാണു സംസാരിക്കുകയും വായിക്കുകയും എഴുതുകയും ചെയ്യുന്നത്. ഞങ്ങളുടെ സന്ദർശനത്തോടു ബന്ധപ്പെട്ട പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ സാൻഫോറ്യൻ തർജമ ചെയ്തു.
ഞങ്ങൾ ഏതാനും കിലോമീററർ മുമ്പോട്ടു യാത്ര തുടർന്ന് രാജ്യഹാളിൽ എത്തിച്ചേർന്നു. മ്പോക്കിയിൽ അഭയാർഥികളുടെ ഇടയിൽ ഏതെങ്കിലും മതത്തോടുള്ള ബന്ധത്തിൽ നിർമിച്ച ആദ്യത്തെ “പള്ളി”യായിരുന്നു അത്. അവിടെയും സഹോദരങ്ങളും അവരുടെ കുട്ടികളും താത്പര്യക്കാരായ ആളുകളും ഹസ്തദാനം ചെയ്യുന്നതിനു മുമ്പോട്ടുവന്നു. അയൽപക്കക്കാരായ അനേകം കുട്ടികൾപോലും ഞങ്ങൾക്കു ഹസ്തദാനം നൽകുന്നതിനു സഹോദരങ്ങളോടൊപ്പം വന്നു.
നമ്മുടെ സഹോദരങ്ങൾ അവരുടെ സന്ദർശകരായ ഞങ്ങൾക്കുവേണ്ടി രണ്ടു ചെറിയ വീടുകൾ ഒരുക്കിയിരുന്നു. അവ വളരെ വെടിപ്പും വൃത്തിയും ഉള്ളവയായിരുന്നു. ശുദ്ധജലം നിറച്ച ബക്കററുകൾ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾക്കുവേണ്ടതായ ഭക്ഷണവും കുടിവെള്ളവും ഞങ്ങൾ ഒപ്പം കരുതിയിരുന്നു. കാരണം ഞങ്ങൾ ഏററവും പരിതാപകരമായ അവസ്ഥയാണു പ്രതീക്ഷിച്ചിരുന്നത്. തന്നെയുമല്ല നമ്മുടെ സഹോദരങ്ങളെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നും കരുതി. വണ്ടിയിൽനിന്നു സാധനങ്ങൾ ഇറക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരി പെൺകുട്ടി ഞങ്ങളോടു ചോദിച്ചു: കോഴിയിറച്ചി ഏതു വിധത്തിൽ പാകപ്പെടുത്തുന്നതാണ് കൂടുതൽ ഇഷ്ടം, പൊരിക്കുന്നതാണോ സോസിൽ വേവിക്കുന്നതാണോ? അതു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കോഴിയോടൊപ്പം എന്തു തിന്നാനാണ് അവർ ഉദ്ദേശിച്ചത് എന്നു ഞങ്ങൾ ആരാഞ്ഞു. ഉത്തരമോ? മരച്ചീനി. മസാലകൾ ചേർത്ത സോസിൽ പാകപ്പെടുത്തിയ കോഴിയിറച്ചി മതിയെന്ന് ഞങ്ങൾ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പൊരിയുന്ന വിശപ്പ് ആ രാത്രിയിൽ കെട്ടടങ്ങി. എന്നാൽ അവർ തുടർന്നും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ഞങ്ങളെ ഊട്ടിക്കൊണ്ടിരുന്നു. അഭയാർഥികൾ തങ്ങളുടെ ഇല്ലായ്മയിലും ഞങ്ങളെ തീററിപ്പോററുന്നതു ഞങ്ങൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
സന്തോഷമുള്ള ഒരു ചെറിയ സഭ
ഞങ്ങൾ ഇത്തരം ഒററപ്പെട്ട ഒരു പ്രദേശത്തായിരുന്നെങ്കിലും നമ്മുടെ സഹോദരങ്ങളിൽ 21 പേരുടെ മധ്യേ ആയിരുന്നു. ഇവിടെ വരുന്നതിനുമുമ്പു സ്നാപനമേററിരുന്ന രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മററുള്ളവർ താത്പര്യക്കാരായിരുന്നു. അവർ അധ്യയനം തുടരുകയും രണ്ടു വർഷത്തിനകം സ്നാപനമേൽക്കുകയും ചെയ്തു. ഞങ്ങളുടെ സന്ദർശന സമയത്ത് നാലുപേർകൂടി സമീപത്തുള്ള നദിയിൽ സ്നാപനമേററു.
ഫോസ്ററീനോ ഒരു മുന്തിയ ദൃഷ്ടാന്തമാണ്. മ്പോക്കിയിൽ വരുന്നതിനുമുമ്പ് അദ്ദേഹം അടിസ്ഥാന ബൈബിൾ സത്യങ്ങൾ ഒരു സുഹൃത്തിൽനിന്നു മനസ്സിലാക്കി. താൻ പഠിക്കുന്ന സംഗതിയിൽ ഫോസ്ററീനോക്ക് മതിപ്പുളവായി. ഉടനെതന്നെ അദ്ദേഹവും സുഹൃത്തും മററുള്ളവരോടു പ്രസംഗിക്കാൻ തുടങ്ങി. എന്നാൽ അവർ ജയിലിലടയ്ക്കപ്പെട്ടു. അവരുടെ മതങ്ങൾകൊണ്ട് “ജനങ്ങളെ ആവേശം കൊള്ളിക്കുന്നു” എന്നതായിരുന്നു കാരണം. ജയിലിൽവെച്ച് ഫോസ്ററീനോയുടെ സുഹൃത്ത് ഭയംകൊണ്ടു പിൻവാങ്ങി. തൻമൂലം അയാൾ വിട്ടയക്കപ്പെട്ടു. രണ്ടു മാസത്തിനുശേഷം ഫോസ്ററീനോ വിചാരണ ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നതു സ്പഷ്ടമായിരുന്നു. അതുകൊണ്ട് അദ്ദേഹം വിട്ടയക്കപ്പെട്ടു. ഫോസ്ററീനോയുടെ സ്ഥലത്തേക്കു യുദ്ധം വ്യാപിച്ചപ്പോൾ അദ്ദേഹം മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് ഓടിപ്പോയി. അവിടെവെച്ച് സഹോദരങ്ങളെ കണ്ടുമുട്ടുകയും തന്റെ ബൈബിളധ്യയനം പുനരാരംഭിക്കുകയും ചെയ്തു. 1991 ജൂലൈയിൽ അദ്ദേഹം സ്നാപനമേററു, 1992-ൽ ഒരു നിരന്തര പയനിയർ എന്നനിലയിൽ മുഴുസമയ ശുശ്രൂഷ ഏറെറടുത്തു.
മ്പോക്കിയിലെ സന്തുഷ്ടവും സൗഹൃദവുമുള്ള ചെറിയ സഭയിൽ ഇപ്പോൾ ഒരു പ്രത്യേക പയനിയറും 21 പ്രസാധകരും ഉണ്ട്. ഇംഗ്ലീഷ് വശമുള്ള രണ്ടു സഹോദരങ്ങൾ മൂപ്പൻമാരായി സേവിക്കുന്നതോടൊപ്പം ബങ്കുവിലുള്ള ബ്രാഞ്ച് ഓഫീസുമായി നല്ല സമ്പർക്കം പുലർത്തുന്നതിനും സാധിക്കുന്നു. നമ്മുടെ അഭയാർഥി സഹോദരങ്ങൾ വളരെ ഭീകരമായ, പരിതാപ അവസ്ഥയിൽ ആയിരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ സംഗതിയുടെ കിടപ്പ് അങ്ങനെയായിരുന്നില്ല. ഭൗതികമായി ദരിദ്രരെങ്കിലും ആരും പരാതിപറയുകയോ കുണ്ഠിതപ്പെടുകയോ പിറുപിറുക്കുകയോ ചെയ്തില്ല. അവിടെ എത്തിച്ചേർന്ന ഉടൻതന്നെ സഹോദരങ്ങൾ തങ്ങളുടെ കുടിലുകളും വീടുകളും നിർമിച്ചു. അവർ ഭക്ഷ്യവസ്തുക്കൾ നട്ടുവളർത്താനും കോഴിയെ വളർത്താനും തുടങ്ങി. അവർക്ക് മുമ്പുണ്ടായിരുന്നിടത്തോളം ഇപ്പോൾ ഇല്ല. എന്നാൽ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കൂടാതെ അവർ തങ്ങളുടെ സഹക്രിസ്ത്യാനികളോടൊപ്പമാണ്.
മ്പോക്കിയിൽ ഏതാണ്ട് 17,000-ത്തിനും 20,000-ത്തിനും ഇടയ്ക്ക് അഭയാർഥികൾ ഉണ്ട്. ഓരോ മാസവും കൂടുതൽപേർ വന്നുകൊണ്ടുമിരിക്കുന്നു. തൻമൂലം നമ്മുടെ സഹോദരങ്ങൾക്ക് തങ്ങളുടെ ശുശ്രൂഷക്കുവേണ്ടി വലിയ ഒരു വയൽ തന്നെയുണ്ട്. ഞങ്ങൾ അവരോടൊപ്പം പ്രസംഗവേലയിൽ പങ്കെടുത്തു. അതു വാസ്തവത്തിൽ വളരെ രസകരമായിരുന്നു. അവർ മിക്കപ്പോഴും സാൻഡെ ഭാഷയിലുള്ള ബൈബിളാണ് ഉപയോഗിക്കുന്നത്. ഈ പരിഭാഷയിൽ ദൈവത്തിന്റെ നാമം എബ്രായ തിരുവെഴുത്തുകളിൽ അടങ്ങിയിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും പല സ്ഥലങ്ങളിൽ അത് ഉപയോഗിച്ചിട്ടുണ്ട്. ഈ ജനങ്ങൾക്ക്, ദൈവം വെറും “മ്പോലി” (“ദൈവം” എന്നതിന് സാൻഡെയിൽ ഉപയോഗിക്കുന്നത്) അല്ല മറിച്ച്, “യെകോവ” ആണ്. ദൈവത്തിന്റെ വ്യക്തിഗത നാമം അവർ അങ്ങനെയാണ് ഉച്ചരിക്കുന്നത്. “മ്പോലി യെകോവ” എന്നത് ഒരു സാധാരണ പ്രയോഗമാണ്. ആഫ്രിക്കൻ ഭാഷകളിലുള്ള അനേകം പ്രൊട്ടസ്ററൻറ് തർജമകൾ ഈ കൃത്യമായ പ്രയോഗം പിൻപററുന്നില്ല. മറിച്ച് “യഹോവ” എന്നതിനുപകരം “ന്സാപാ,” “ന്സാമ്പെ” എന്നോ മററ് ആഫ്രിക്കൻ പേരുകളോ ദൈവത്തിനു നൽകുന്നു.
യേശുവിന്റെ പ്രവചനത്തിനു ചേർച്ചയിൽ രാജ്യസന്ദേശം ലോകവ്യാപകമായി പ്രസംഗിക്കപ്പെടുകയാണ്, മ്പോക്കിയിൽപോലും. (മത്തായി 24:14) അവർക്ക് ആവശ്യമുള്ള എല്ലാ ഭാഷകളിലും ബൈബിളുകൾ, പുസ്തകങ്ങൾ, മാസികകൾ, ചെറുപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ സഭയിൽ ഇപ്പോൾ ആവശ്യാനുസരണം ലഭ്യമാണ്. ഭാവിയിൽ ഒരുപക്ഷേ കൂടുതൽ പ്രസിദ്ധീകരണങ്ങൾ സാൻഡി ഭാഷയിൽ ലഭ്യമായെന്നു വരാം.
ശാശ്വത ഭവനത്തിനുവേണ്ടി കാത്തിരിക്കുന്നു
ആദ്യദിവസം വൈകുന്നേരം ഞങ്ങൾ സൊസൈററിയുടെ “കിഴക്കൻ യൂറോപ്പിലെ സന്തുഷ്ടരായ കൺവെൻഷൻ പ്രതിനിധികൾ യഹോവയെ സ്തുതിക്കുന്നു” എന്ന സൈഡ്ള് പ്രോഗ്രാം പ്രദർശിപ്പിച്ചു. അടുത്ത ദിവസം രാത്രിയിൽ “അന്ത്യകാലത്ത് അനേകരെയും നീതിയിലേക്കു കൂട്ടിവരുത്തുന്നു” എന്ന പ്രോഗ്രാം പ്രദർശിപ്പിച്ചു. രാജ്യഹാളിനോടു ചേർന്ന് തുറസ്സായ സ്ഥലത്ത് നിലാവെളിച്ചത്തിലായിരുന്നു പ്രദർശനം. എന്തു നല്ല അന്തരീക്ഷം! ഈ സൈഡ്ള് പ്രദർശനങ്ങൾ കാണാൻ നൂറുകണക്കിന് ആളുകൾ വന്നെത്തി. ജനങ്ങളുടെ മുമ്പാകെ പ്രത്യേകമായ ഒരു സംഗതി അവതരിപ്പിക്കുന്നതിൽ സഹോദരങ്ങൾക്കു സന്തോഷവും അഭിമാനവും തോന്നി.
തിങ്കളാഴ്ചയായി. ഞങ്ങൾ മടക്ക യാത്രക്കുള്ള തയ്യാറെടുപ്പു നടത്തി. അതേ വഴിയിലൂടെ അതേ 50 പാലങ്ങൾ കടന്ന് നാലു ദിവസം നീണ്ടുനിൽക്കുന്ന യാത്ര. ഞങ്ങളുടെ യാത്രയിൽ കഴിക്കുന്നതിനുള്ള ഭക്ഷണം ഞങ്ങൾക്കുവേണ്ടി തയ്യാറാക്കുമെന്ന് ഒരു സഹോദരി നിർബന്ധം പിടിച്ചു. വെളുത്തുള്ളിപുരട്ടി പൊരിച്ച രണ്ടു കോഴികൾ. രാവിലത്തെ യാത്രാവേളയിൽ അതിന്റെ കൊതിപ്പിക്കുന്ന മണം ലാൻഡ് ക്രൂയിസറിൽ നിറഞ്ഞുനിന്നു. ഉച്ചക്ക് ഒരു വിജനപ്രദേശത്ത് വണ്ടി നിർത്തി. മ്പോക്കിയിലുള്ള സഹോദരങ്ങളെ മനസ്സിൽ വിചാരിച്ചുകൊണ്ടു ഞങ്ങൾ പൊരിച്ച കോഴി ആസ്വദിച്ചു. അഭയാർഥികളെങ്കിലും അവർ യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുന്നു. ദൈവത്തിന്റെ വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയഭൂമിയിൽ ഒരു ശാശ്വത പരിഹാരവും പ്രതീക്ഷിച്ചുകൊണ്ടുതന്നെ. (2 പത്രൊസ് 3:13)—സംഭാവന ചെയ്തത്.