എത്യോപ്യയിൽ നടന്ന“ദിവ്യ ബോധന” കൺവെൻഷൻ—പ്രത്യേക സന്തോഷത്തിന്റെ സമയം
അത് നിരോധനം നീക്കിയ ശേഷം എത്യോപ്യയിൽ നടന്ന ആദ്യത്തെ ഡിസ്ട്രിക്ററ് കൺവെൻഷൻ ആയിരുന്നില്ല. എങ്കിൽപ്പോലും അതിനു തീർച്ചയായും പ്രത്യേകതയുണ്ടായിരുന്നു. 1991 നവംബർ 11-നു നിയമാനുസൃതമായി അംഗീകാരം ലഭിച്ചതിനുശേഷം യഹോവയുടെ സാക്ഷികൾ ആഡിസ് അബാബയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന, രാജ്യത്തിലെ ഏററവും വലിയ സ്റേറഡിയമായ സിററി സ്റേറഡിയത്തിൽ കൂടിവരുന്നത് ഇതു മൂന്നാം തവണയാണ്. ഈ കളിക്കളം ഞായറാഴ്ച ലഭ്യമല്ലാതിരുന്നതും ആവശ്യാനുസരണം സൗകര്യപ്രദമായ വേറൊരു സ്ഥലം കണ്ടെത്താൻ കഴിയാതെപോയതും പ്രോഗ്രാം മൂന്നു ദിവസങ്ങളിലായി കുത്തിനിറക്കാൻ ഇടയാക്കി. അതായത് 1994 ജനുവരി 13-15 വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ.
ഈ മൂന്നു ദിവസവും നീലാകാശത്തിൻകീഴിൽ പ്രശാന്തമായ കാലാവസ്ഥ നിലനിന്നു. മാത്രമല്ല, “ദിവ്യ ബോധന”ത്തിന്റെ മുഴു ആത്മീയ ഉണർവും ഉൻമേഷം ചൊരിയുകയും ചെയ്തു. ചുററും പുഷ്പാലംകൃതമായ പ്ലാററ്ഫോമിൽ കൺവെൻഷന്റെ വിഷയം അംഹറിക് ലിപികളിൽ തെളിഞ്ഞുനിന്നു.
എന്നാൽ എന്താണു കൺവെൻഷനെ പ്രത്യേകതയുള്ളതാക്കിത്തീർത്തത്? സമൃദ്ധമായ കാര്യപരിപാടികൾക്കൊപ്പം സകലരുടെയും ചിന്തകളും മനോഗതങ്ങളും കേന്ദ്രീകരിച്ചതു നമ്മുടെ സ്നേഹനിർഭരമായ അന്താരാഷ്ട്ര സഹോദരവർഗത്തിൻമേലും രാജ്യവർധനവിലൂടെ ദൈവം തന്റെ ജനങ്ങളിൽ വർഷിക്കുന്ന അനുഗ്രഹ പ്രകടനങ്ങളിലുമായിരുന്നു. 16 രാജ്യങ്ങളിൽനിന്നായി ഏകദേശം 270 വിദേശ പ്രതിനിധികൾ വന്നുചേർന്നു. അതിൽ ജിബൂട്ടിയും യെമനുംപോലും ഉൾപ്പെടുന്നു. പകുതിയിലധികവും യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ ശീതകാലാവസ്ഥാ ദേശങ്ങളിൽനിന്നുള്ളവരായിരുന്നു. സന്ദർശകരിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായ ലോയ്ഡ് ബാരിയും ദാനീയേൽ സിഡ്ലിക്കും ഉൾപ്പെട്ടിരുന്നു.
എത്യോപ്യക്കാരുടെ പരമ്പരാഗതമായ അതിഥിസത്കാരവും സന്ദർശകരായ സഹോദരങ്ങളോട് അവർക്കുണ്ടായിരുന്ന ആത്മാർഥ സ്നേഹവും ഭാഷാ പ്രതിബന്ധങ്ങളെ തരണംചെയ്തു. അഭിവാദനങ്ങൾ വെറും കൈകൊടുക്കലിൽ ഒതുങ്ങിയില്ല മറിച്ച്, ആറു തവണവരെ നീണ്ടുനിന്ന ആശ്ലേഷണങ്ങളും ചുംബനങ്ങളും വഴിയാണു അതു കൈമാറിയത്! സന്ദർശകരിൽ അനേകരും എത്യോപ്യയിലെ രാജ്യവേലയെക്കുറിച്ചു വായിച്ചിരുന്നു. തങ്ങളുടെ എത്യോപ്യക്കാരായ സഹോദരങ്ങൾ തടവുശിക്ഷകളാലും മററുവിധത്തിലുള്ള പീഡനങ്ങളാലും ശോധന ചെയ്യപ്പെട്ട നിർമലതാപാലകരാണെന്നും അവർ അറിഞ്ഞിരുന്നു.a എന്നാൽ അനേക യുവജനങ്ങളെ സന്തോഷഭരിതരായും മര്യാദയുള്ളവരായും കണ്ട് സന്ദർശകരായ പ്രതിനിധികൾ അത്ഭുതംകൂറി. കാരണം, മിക്ക നാടുകളിലും ഇന്ന് അതു കുറഞ്ഞുവരികയാണ്. എത്യോപ്യക്കാരായ ധാരാളം സഹോദരിമാർ, വിദഗ്ധമായി ചിത്രത്തുന്നൽ ചെയ്തുപിടിപ്പിച്ച പരമ്പരാഗതമായ വെള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. അത് ഒരു ഉത്സവ പ്രതീതി ഉളവാക്കി.
ശനിയാഴ്ച നടന്ന സ്നാപനം കോൾമയിർ കൊള്ളിച്ചു. 10 മുതൽ 80 വരെ വയസ്സുള്ള സമർപ്പിതരായ 530 പേരുടെ ഒരു നിര സ്റേറഡിയത്തിന്റെ പകുതിവരെ നീണ്ടുപോയി. രാജ്യത്തെ 7 സാക്ഷികൾക്ക് ഒരാൾ എന്നതിലും കവിഞ്ഞ ഈ നിരക്ക് ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെയുള്ള യഹോവയുടെ ജനങ്ങളിലുള്ള അവന്റെ അനുഗ്രഹത്തിന്റെ എന്തോരു മികച്ച തെളിവ്! അനേകരും ഈ കാഴ്ചകണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ചു. ഇററലിക്കാരായ 40 പ്രതിനിധികളുടെ സുന്ദരമായ ഗീതാലാപം ഇതിനു മാററുകൂട്ടി. അനേകരും യെശയ്യാവു 60:5-ലെ പ്രാവചനിക വാക്കുകൾ അനുസ്മരിച്ചു: “അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.”
ആഹ്ലാദത്തിനുള്ള പ്രത്യേക കാരണങ്ങൾ
എത്യോപ്യയിലെ രാജ്യവേലയുടെ ചെറിയ തുടക്കം വെള്ളിയാഴ്ച നടന്ന അഭിമുഖങ്ങളിലൂടെ പുനർവിചിന്തനം ചെയ്തുകൊണ്ട് യഹോവയുടെ അനുഗ്രഹം വീണ്ടും എടുത്തുകാട്ടുകയുണ്ടായി. 1950-കളിലും 1970-കളിലും അവിടെ സേവനമനുഷ്ഠിച്ച മിഷനറിമാരെ അണിനിരത്തിയാണ് ഇവ നടത്തിയത്. റാ കാസ്സൻ, ജോൺ കാംഫസ്, ഹേവുഡ് വാർഡ് എന്നിവർ, 1950 സെപ്ററംബർ 14-ന് ആഡിസ് അബാബയിൽ കാലുകുത്തിയതുമുതൽ തുടക്കമിട്ട തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേലയെക്കുറിച്ചു വിവരിച്ചത് 8,000-ത്തിലധികംപേർ കേൾക്കുകയുണ്ടായി. അവർ പൊതു വിദ്യാഭ്യാസത്തിൽ സജീവരായിരിക്കണമെന്ന് ആ കാലത്തെ രാജകീയ ഗവൺമെൻറ് അവർക്കു കല്പന നൽകിയിരുന്നു. തൻമൂലം അവർ പട്ടണമധ്യേ ഒരു വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു, മുതിർന്നവരെ വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻവേണ്ടി. എന്നാൽ, ഈ മിഷനറിമാർ തങ്ങളുടെ ഒഴിവുസമയങ്ങൾ ദിവ്യബോധനത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകാൻ വിനിയോഗിച്ചു. 250 അക്ഷരങ്ങളുള്ള വിഷമംപിടിച്ച അംഹറിക് ഭാഷ പഠിച്ചെടുക്കുന്നതിന് അവർക്കു കഠിനശ്രമം ചെയ്യേണ്ടതുണ്ടായിരുന്നു. ആദ്യത്തെ ബൈബിളധ്യയനം നടത്തുന്നതിന് അവർക്ക് അരവർഷം കാത്തിരിക്കേണ്ടിവന്നു. ഏതാണ്ടു 43 വർഷത്തിനുശേഷവും ഈ മുൻകാല സ്കൂൾ അധ്യാപകർ തങ്ങളെ തിരിച്ചറിയുന്ന ആളുകളെ തെരുവിൽ കണ്ടുമുട്ടി. എന്നാൽ ആത്മീയ മക്കളെന്നും പേരക്കിടാങ്ങളെന്നും പറഞ്ഞുകൊണ്ടു കൺവെൻഷൻ സ്ഥലത്തുവെച്ചു സ്വയം പരിചയപ്പെടുത്തിയ, വിശ്വാസത്തിൽ ബലിഷ്ഠരായ, തങ്ങളുടെ ഡസൻകണക്കിനു പഴയ ബൈബിൾ വിദ്യാർഥികളുമായി വീണ്ടും ഒന്നുചേരാൻ കഴിഞ്ഞതിൽ അവർ ആഹ്ലാദഭരിതരായി.—1 തെസ്സലൊനീക്യർ 2:19, 20.
മുൻ മിഷനറിമാരുമായി നടത്തിയ അഭിമുഖങ്ങൾക്കു മാത്രമല്ല ബ്രിട്ടൻ, കാനഡ, ജർമനി, ഇസ്രായേൽ, ഇററലി, കെനിയ, നെതർലൻഡ്സ്, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നും വിദേശ പ്രതിനിധികൾ കൊണ്ടുവന്ന റിപ്പോർട്ടുകൾക്കും അഭിവാദനങ്ങൾക്കും ആനന്ദഭരിതരായിരുന്ന, സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ശ്രോതാക്കൾ നീണ്ട കരഘോഷം മുഴക്കി. ദൈവജനത്തിന്റെ ലോകവ്യാപകമായ സ്നേഹപുരസ്സരമായ സാഹോദര്യത്തെ ഇതും അടിവരയിട്ടുകാണിച്ചു. ഭരണസംഘത്തിൽപ്പെട്ട അഭിഷിക്ത സഹോദരങ്ങൾ നൽകിയ മുഖ്യ പ്രസംഗവും ഹൃദയസ്പർശിയായ അവരുടെ പ്രാർഥനകളും സദസ്സിനെ ആഴമായി സ്പർശിച്ചു. സ്രഷ്ടാവിനെ ഓർമിക്കുന്ന യുവജനങ്ങളെക്കുറിച്ചുള്ള നാടകത്തിലെ കഥാപാത്രങ്ങളുടെ സ്ഥാനത്തു സ്റേറഡിയത്തിലിരുന്ന യുവജനങ്ങൾ തങ്ങളെത്തന്നെ ഭാവനയിൽക്കണ്ടു. വളരെ സ്വാഭാവികവും ഊർജസ്വലവുമായ രീതിയിൽ നാടകം അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷിലുള്ള പുതിയ റിലീസുകൾക്കുപുറമേ അംഹറിക് ഭാഷയിലുള്ള മൂന്നു പുതിയ റിലീസുകളും വളരെ ആവേശം ജനിപ്പിക്കുകയുണ്ടായി.b
ഇടവേളകളിലും മററു ചില സന്ദർഭങ്ങളിലും വിശിഷ്ടരായ അനേകം വ്യക്തികളുമായി പരിചയപ്പെടുന്നതിനു പററിയ അവസരങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, ഏററവും മുൻനിരയിൽ, കൈകൊണ്ടു നെയ്തെടുത്ത ചൂരൽക്കസേരയിലായിരുന്നു എത്യോപ്യയിലെ ഏററവും പ്രായംചെന്ന പ്രസാധകനായ തൂളു മെക്കൂറിയ ഇരുന്നത്. കഴിഞ്ഞവർഷം പടുവാർധക്യത്തിൽ, 113-ാം വയസ്സിൽ അദ്ദേഹം യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേററു. 80 വയസ്സുള്ള ഭാര്യ അദ്ദേഹത്തിന്റെ മാതൃക പിൻപററി ഈ കൺവെൻഷനിൽവെച്ചു സ്നാപനമേററ് തന്റെ ആത്മീയ സഹോദരികൂടി ആയിത്തീരുന്നതു കാണുന്നതിനുള്ള സന്തോഷവും അദ്ദേഹത്തിനുണ്ടായി. പരിപാടിയിലുടനീളം അദ്ദേഹത്തിന്റെ സാന്നിധ്യം ചെറുപ്പക്കാർക്ക് ഒരു പ്രചോദനമായിരുന്നു. അതിലൊരാളായിരുന്നു 16 വയസ്സുള്ള യോഹാനസ് ഗോറംസ്. ഈ പ്രസാധകൻ സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ നിരന്തരപയനിയറായി സേവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു വർഷം കഴിഞ്ഞു. അവനും അവനെക്കാൾ പ്രായംകുറഞ്ഞ, സ്കൂൾ പ്രായത്തിലുള്ള പയനിയർമാരും സമയം വിലയ്ക്കു വാങ്ങാൻ പഠിച്ചിരിക്കുന്നു. അതിരാവിലെ സ്കൂളിലേക്കു പോകുന്നവഴിയും, ഇടവേളകളിലും സ്കൂൾ കഴിഞ്ഞുള്ള സമയങ്ങളിലും അവർ സാക്ഷ്യംകൊടുക്കുന്നു.
നിർമലതയുടെ എത്ര നല്ല ദൃഷ്ടാന്തങ്ങൾ!
മുൻകാല ഗവൺമെൻറുകളുടെ കീഴിലായിരുന്നപ്പോൾ തടവും പീഡനവും അനുഭവിച്ച നൂറുകണക്കിനുപേർ സദസ്യരിൽ ഉണ്ടായിരുന്നു. മാൻഡഫ്രോ യിഫ്റു അത്തരം അഞ്ചു വർഷം ചെലവഴിച്ചയാളാണ്. എന്നാൽ അദ്ദേഹം ഇന്ന് ആഡിസ് അബാബയിൽ പുതുതായി സ്ഥാപിച്ച ഓഫീസിൽ വേലചെയ്യുന്നതിൽ സന്തോഷിക്കുന്നു. അതാണ് പരിഭാഷ, അച്ചടി, ഷിപ്പിങ്, എന്നിവ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം സേവിക്കുന്ന വേറൊരു ചെറുപ്പക്കാരന്റെ പേരാണ് സെക്കറിയാസ് എഷത്തു. ക്രിസ്തീയ നിഷ്പക്ഷത മുറുകെപ്പിടിച്ചതുകാരണം എട്ടുവർഷം മുമ്പ് തന്റെ പിതാവ് മൂന്നു വർഷക്കാല തടവിനിടയിൽ കൊലചെയ്യപ്പെട്ടിട്ടും അവൻ തന്റെ നിർമലതയിൽനിന്നു വ്യതിചലിച്ചില്ല. അഞ്ചുമക്കളിൽ ഒരാളായ സെക്കറിയാസിനു പത്തു വയസ്സുള്ളപ്പോഴാണു പിതാവ് ജയിലിൽ അടയ്ക്കപ്പെട്ടത്. കൗമാരാന്ത്യത്തിലെത്തിയ, ഇപ്പോഴും സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മസ്വാററ് ജർമയും സഹോദരി യോലനും പിതാവിനെ ഫോട്ടോകളിലൂടെ മാത്രമേ ഓർമിക്കുന്നുള്ളൂ, കാരണം നിഷ്പക്ഷത നിമിത്തം അദ്ദേഹം കൊലചെയ്യപ്പെട്ടപ്പോൾ അവർ തീരെ കുഞ്ഞായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തത അവർക്കു പ്രചോദനമേകി. പിതാവ് മരണകാലത്തു ചെയ്തിരുന്നപോലെ അവരും നിരന്തര പയനിയർമാരായി സേവനമനുഷ്ഠിക്കുന്നു.
നിർമലതാപാലകനായ മറെറാരു വ്യക്തിയാണ് താമിരാത്ത് യാഡററ്. അദ്ദേഹം ഇപ്പോൾ പ്രത്യേക പയനിയറെന്നനിലയിൽ റിഫ്ററ് വാലിയിലെ ഒരു മനോഹരമായ പ്രദേശത്തു സേവനമനുഷ്ഠിക്കുന്നു. ക്രിസ്തീയ നിഷ്പക്ഷത നിമിത്തം അദ്ദേഹം ഏഴു വ്യത്യസ്ത ജയിലുകളിലായി മൂന്നു വർഷം ചെലവഴിച്ചു. ചിലപ്പോഴെല്ലാം ചങ്ങലയിൽ ബന്ധനസ്ഥനായി, കഠിനമർദനം ഏൽക്കേണ്ടിവന്നു. എങ്കിലും, ജയിലിൽവെച്ച് അദ്ദേഹം ഒരു ഡസനിലധികം ആളുകളെ ദൈവരാജ്യത്തിനുവേണ്ടി നിലകൊള്ളാൻ സഹായിച്ചു.
ഇപ്പോൾ ഒരു സർക്കിട്ട് മേൽവിചാരകനായി സേവനമനുഷ്ഠിക്കുന്ന റെറസ്ഫു ററമൽസോ ഒരു പ്രത്യേക പയനിയർ ആയിരിക്കുമ്പോൾ 17 പ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു. അടിയുടെ പാടുകൾ ഇപ്പോഴുമുണ്ടെങ്കിലും തന്റെ നേരത്തത്തെ നിയമനസ്ഥലത്തു സഭകളുള്ളത് അദ്ദേഹത്തെ കോൾമയിർ കൊള്ളിക്കുന്നു. അക്കാക്കീ സഭയിലെ ഡസൻകണക്കിനു സഹോദരീസഹോദരൻമാർ ജയിൽവാസവും ക്രൂരതയും അനുഭവിക്കേണ്ടിവന്നു. എന്നുവരികിലും സഭയിലെ പ്രസാധകരുടെ എണ്ണം നൂറിലധികമായി ഉയർന്നിരിക്കുന്നു. അവർ എത്യോപ്യയിൽ ആദ്യത്തെ രാജ്യഹാൾ നിർമിച്ചിരിക്കുന്നു. തലസ്ഥാന നഗരിയിൽനിന്നു 300 കിലോമീററർ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഡാസാ പട്ടണത്തിൽനിന്ന് അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ്പ് വരുകയുണ്ടായി. അവർ മരണത്തെ അഭിമുഖീകരിച്ചവരാണ്. തന്നെയുമല്ല, കഠിനയാതനയനുഭവിച്ച് സ്ഥലത്തെ ഒരു സഹോദരൻ മരിക്കുന്നത് അവർ കണ്ടതുമാണ്. ആറു വർഷത്തെ ജയിൽവാസം തനിക്കു സഹിക്കാൻ കഴിഞ്ഞതു താൻ ഏതെങ്കിലും രീതിയിൽ പ്രത്യേകതയുള്ളവനായിരുന്നതുകൊണ്ടല്ല മറിച്ച്, യഹോവയിൽ ആശ്രയിക്കാൻ പഠിച്ചതുകൊണ്ടാണ് എന്ന് അവരിൽ ഒരു മൂപ്പനായ മസെറെഷ കാസ വിശദീകരിച്ചു.—റോമർ 8:35-39; താരതമ്യം ചെയ്യുക: പ്രവൃത്തികൾ 8:1.
ഈ അടുത്തയിടെപോലും മററുചിലർ പരിശോധനയിൻകീഴിൽ തങ്ങളുടെ വിശ്വസ്തത പ്രകടിപ്പിച്ചു. സമീപത്തുള്ള ഒരു രാജ്യത്തുനിന്ന് ഒരു വലിയ കൂട്ടം സാക്ഷികൾ വന്നു. നിഷ്പക്ഷത നിമിത്തം അവിടെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം, യാത്രാ രേഖകൾ, വിവാഹ സർട്ടിഫിക്കററുകൾ, ആശുപത്രി ചികിത്സ, തൊഴിലുകൾ തുടങ്ങിയവ നിഷേധിക്കപ്പെട്ടു. ചെങ്കടലിലെ ഒരു എറിട്രിയൻ തുറമുഖമായ മസാവയിൽ യുദ്ധം നടന്നുകൊണ്ടിരുന്നപ്പോൾ കുട്ടികളുൾപ്പെടെ 39 പേരടങ്ങുന്ന ഒരു മുഴു സഭയും നാലു മാസത്തോളം മരുഭൂമിയിലുള്ള ഒരു പാലത്തിനു കീഴിൽ അഭയം തേടി. തങ്ങളുടെ ഭവനങ്ങളുടെമേൽ മുൻ ഗവൺമെൻറ് വർഷിക്കുന്ന ബോംബുകളിൽനിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. ചൂടും ബുദ്ധിമുട്ടും നിറഞ്ഞ ഈ ചുററുപാടിൽപ്പോലും അവർ ദിനവാക്യ ചർച്ചയും മീററിംഗുകളും നടത്തി. അത് അവർക്ക് വളരെ ബലം നൽകി. തന്നെയുമല്ല യഹോവയോടും അന്യോന്യവും അടുത്ത ബന്ധം ആസ്വദിക്കുന്നതിനും അവർക്കു കഴിഞ്ഞു. നൈൽനദിയുടെ ഉത്ഭവസ്ഥാനത്തിനു സമീപം സേവനമനുഷ്ഠിക്കുന്ന രണ്ടു പ്രത്യേക പയനിയർ സഹോദരിമാർ ജനക്കൂട്ടത്തിന്റെ ഭീഷണിയും ഉപദ്രവവും സഹിക്കേണ്ടിവന്നു. ഓർത്തഡോക്സ് സഭ ഇളക്കിവിട്ടതായിരുന്നു ഇത്. എന്നാൽ അവർ സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചതിനാൽ ഈ കൺവെൻഷനിൽ തങ്ങളുടെ അനേകം ബൈബിൾ വിദ്യാർഥികൾ ജലസ്നാപനത്താൽ സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നത് അവർക്കു കാണാൻ കഴിഞ്ഞു.
സൊമാലിയയിൽനിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന വരണ്ട ഒഗാതൻ പ്രദേശത്ത് ഏകാന്ത വിചാരണയുടെ കാലയളവിൽ തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരൻ അതേപ്പററി അനുസ്മരിച്ചു. പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടും താത്പര്യക്കാരുമൊത്തു യോഗങ്ങൾ നടത്തിക്കൊണ്ടും അദ്ദേഹം ആത്മീയമായി ഉണർന്നിരുന്നു. അതിൽ ദിവ്യ ബോധനത്തിൽനിന്നു പ്രയോജനം നേടുകയും ഇപ്പോൾ മററുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർമാരും ഉൾപ്പെട്ടിരുന്നു. നിർമലതാ പാലനത്തിന്റെ മറെറാരു ദൃഷ്ടാന്തമാണ് ആഡിസ് അബാബയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു പ്രത്യേക പയനിയർ. 1992-ൽ ഓർത്തഡോക്സ് പുരോഹിതൻമാർ ഇളക്കിവിട്ട ജനക്കൂട്ടം അദ്ദേഹത്തെ അടിച്ച് അവശനാക്കി ചാകാനായി ഉപേക്ഷിച്ചിട്ടുപോയി. സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹം സുഖംപ്രാപിക്കുകയും അതേ പ്രദേശത്തുതന്നെ സേവിക്കുകയും ചെയ്യുന്നു. ആ മുഖത്തു പ്രകടമാകുന്ന മന്ദസ്മിതത്തിൽ വിദ്വേഷത്തിന്റെ ലാഞ്ചനപോലുമില്ല. പരിശോധനകൾക്കു വിധേയരായ മറെറല്ലാവരുടെയും പുതിയവരുടെയും കാര്യത്തിലെന്നപോലെ അദ്ദേഹത്തിനും “ദിവ്യ ബോധന” കൺവെൻഷൻ ഒരു ആനന്ദകരമായ ഉത്സവമായിരുന്നു.
കൺവെൻഷൻ സംഘാടനം വളരെ നന്നായി പ്രവർത്തിച്ചു. ഇതിൽ ഏർപ്പെട്ടിരുന്ന സ്വമേധയാ സേവകർക്ക് അനേക വർഷത്തെ അനുഭവ പരിചയം ഉണ്ടെന്ന തോന്നൽ ഇതു സന്ദർശകരിൽ ഉളവാക്കി. വാസ്തവത്തിൽ, കഴിഞ്ഞ രണ്ടു വർഷംകൊണ്ട് അവർ ദ്രുതഗതിയിൽ പുരോഗമിച്ചതായിരുന്നു. ത്രിദിന കൺവെൻഷൻ പെട്ടെന്ന് അവസാനിച്ചപോലെതോന്നി. ഞായറാഴ്ചത്തെ അത്യുച്ച ഹാജർ 9,556 ആയിരുന്നു. ദേശീയ ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ എന്നിവ അനുകൂലമായി റിപ്പോർട്ടു ചെയ്യുകയുണ്ടായി. യഹോവ തന്റെ ജനത്തെ ആത്മീയമായി സമ്പന്നരാക്കുകയാണെന്നു സകലർക്കും കാണാൻ കഴിഞ്ഞു. “ദിവ്യ ബോധന”ത്തിൽനിന്നു പ്രയോജനം നേടാൻ തുടങ്ങിയ ആയിരങ്ങൾ സദസ്യരിൽ ഉൾപ്പെട്ടിരുന്നു. അഞ്ചുകോടി ജനങ്ങളുള്ള ഈ രാജ്യത്ത് യഹോവയുടെ സാക്ഷികൾക്കായി ഒരു വലിയ വയൽ തുറന്നിരിക്കുന്നു. ദിവ്യ ബോധനത്തിൽനിന്നു പ്രയോജനം നേടാൻ ആത്മാർഥരായ ആളുകളെ സഹായിക്കാൻവേണ്ടി ഈ വ്യവസ്ഥിതിയിൽ അവശേഷിച്ചിരിക്കുന്ന സമയം ഉപയോഗിക്കുന്നതിനുള്ള സകലരുടെയും തീരുമാനത്തെ ഈ കൺവെൻഷൻ ബലപ്പെടുത്തി.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന 1992-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം [ഇംഗ്ലീഷ്] കാണുക.
b നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു.
[23-ാം പേജിലെ ചിത്രം]
ആഡിസ് അബാബ, 1994 ജനുവരി 13-15
[24-ാം പേജിലെ ചിത്രം]
ആഡിസ് അബാബയിൽ ഒരുകൂട്ടം പയനിയർമാർ (വലത്ത്); ജയിലിലടയ്ക്കപ്പെട്ട നിർമലതാപാലകർ (താഴെ), 113 വയസ്സുള്ള സാക്ഷിയും ഭാര്യയും